ADVERTISEMENT

ജയ്ഹിന്ദ് എന്ന മുദ്രാവാക്യം ആദ്യം വിളിച്ച ചെമ്പകരാമൻപിള്ളയുടെ കൂട്ടുകാരൻ മാത്രമായിരുന്നില്ല ടി. പത്മനാഭപിള്ള. ഇന്ത്യയിലെ ആദ്യത്തെ ചിലന്തി ശാസ്ത്രജ്ഞൻ എന്നുകൂടി വിശേഷണമുള്ള ഈ പോരാളിയുടെ ജീവത്യാഗത്തിന്റെ കഥയാണിത്. ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയൊരു വീരഗാഥ.

സ്വാതന്ത്ര്യ സമരത്തിലെ ഇതിഹാസ കഥാപാത്രമായ ചെമ്പകരാമൻ പിള്ളയുടെ കൂട്ടുകാരൻ എന്ന വിശേഷണത്തിൽ ടി. പത്മനാഭപിള്ളയെ ചരിത്രം കുരുക്കിയിട്ടു. പക്ഷേ, അതായിരുന്നില്ല കഥ. 

1890 മാർച്ച് 21നു തൈവനായകം പിള്ളയുടെയും പാർവതിയുടെയും മകനായി തിരുവനന്തപുരത്തു ജനിച്ച പത്മനാഭൻ ചെമ്പകരാമനോടൊപ്പം ഗാന്ധാരി അമ്മൻ കോവിലിനടുത്തുള്ള തമിഴ് സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസം നേടി. തുടർന്ന് അന്നത്തെ മഹാരാജാസ് ഹൈസ്കൂളിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) ഇരുവരും ചേർന്നു. അവിടെ പത്മനാഭന് ഏറ്റവും ഇഷ്ടപ്പെട്ട അധ്യാപകൻ ചരിത്രവും സാഹിത്യവും പഠിപ്പിച്ച ചെറിയാൻസാർ ആയിരുന്നു. അദ്ദേഹം വഴി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെപ്പറ്റി കൂടുതലറിഞ്ഞു.

രാജ്യത്തിന്റെ വിമോചനത്തിനായുള്ള സമരത്തിൽ ചേരാൻ താൽപര്യം തോന്നിയ പത്മനാഭനും ചെമ്പകരാമനും വീടിനടുത്തുണ്ടായിരുന്ന പെട്ടിക്കടയിൽ നിത്യസന്ദർശകരായി. ലാലാ ലജ്പത് റായ്, ബാൽ ഗംഗാധർ തിലക് തുടങ്ങിയവരുടെ ചിത്രങ്ങൾ കയ്യിലുണ്ടായിരുന്ന ചില്ലറത്തുട്ടുകൾകൊണ്ടു രണ്ടുപേരും വാങ്ങിക്കൂട്ടി. വീടിന്റെ ചുവരുകൾക്ക് അലങ്കാരമെന്നപോലെ ഫോട്ടോകൾ പത്മനാഭൻ ഒട്ടിച്ചുവച്ചു. ആവേശപൂർവം സ്വാതന്ത്ര്യചിന്തകളിൽ വ്യാപൃതനാകുമ്പോഴും പത്മനാഭൻ പഠനകാര്യത്തിൽ സമർഥനായിരുന്നു.

ടി. പത്മനാഭപിള്ളയും ഭാര്യ രാജമ്മാളും.
ടി. പത്മനാഭപിള്ളയും ഭാര്യ രാജമ്മാളും.

1905. കഴ്സൺ പ്രഭു ബംഗാൾ വിഭജനത്തിന് ഉത്തരവിട്ട സമയം. തുടർന്നുണ്ടായ സ്വദേശി പ്രക്ഷോഭത്തിനിടയിൽ ബ്രിട്ടിഷ് സർക്കാർ ബാൽ ഗംഗാധർ തിലക് ഉൾപ്പെടെയുള്ള നേതാക്കന്മാരെ അറസ്റ്റ് ചെയ്തു. ഈ വാർത്ത അറിഞ്ഞ പത്മനാഭനും ചെമ്പകരാമനും അസ്വസ്ഥരായി. ബ്രിട്ടിഷുകാരോടുള്ള അമർഷം അടക്കാനാവാതെ ഇരുവരും സ്കൂളിൽ പത്തോളം കുട്ടികളെ സംഘടിപ്പിച്ച് ഒരു പ്രതിഷേധ പ്രകടനം നടത്തി. ഈ അവസരത്തിലാണു ചെമ്പകരാമൻ ഇന്ത്യയുടെ ഹൃദയത്തുടിപ്പായി മാറിയ ജയ്ഹിന്ദ് എന്ന മുദ്രാവാക്യം ആദ്യമായി വിളിക്കുന്നത്. കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്നു മനസ്സിലാക്കിയ അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് കുട്ടികളെ മർദനത്തിന് ഇരയാക്കുകയും താക്കീതു നൽകി വിട്ടയയ്ക്കുകയും ചെയ്തു. ആ ദിവസം പത്മനാഭൻ അനുഭവിച്ച വേദന മുന്നോട്ടുള്ള സമരോജ്ജ്വലമായ ജീവിതത്തിനു തിരികൊളുത്തി.

ഒരുദിവസം സ്കൂളിൽനിന്നു മടങ്ങുമ്പോൾ പ്രാകൃത വേഷം ധരിച്ച ഒരു സായിപ്പിനെ അവർ പരിചയപ്പെട്ടു. വഴിയിൽ കണ്ട ഒരു പാറ്റയെ കുപ്പിക്കകത്താക്കിയിരുന്നു അദ്ദേഹം. പേര് ഡബ്ല്യു.ഡബ്ല്യു. സ്ട്രിക്‌ലൻഡ്. ജന്തുക്കളെപ്പറ്റി പഠിക്കാൻ തിരുവനന്തപുരത്ത് എത്തിയതാണെന്ന് അദ്ദേഹം കുട്ടികളോടു പറഞ്ഞു. ക്രമേണ കുട്ടികൾ സ്ട്രിക്‌ലൻഡുമായി സൗഹൃദത്തിലായി. ആദ്യമൊക്കെ ഒരു ഇംഗ്ലിഷുകാരനെ വിശ്വസിക്കാൻ പേടി ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകൾ അവരെ ആകർഷിച്ചു. ദിവസങ്ങൾ പോകവേ പത്മനാഭനും ചെമ്പകരാമനും സ്ട്രിക്‌ലൻഡിന്റെ വീട്ടിലെ പതിവു സന്ദർശകരായി. ആദ്ദേഹത്തിന്റെ ലാബാണ് പത്മനാഭനെ ഏറെ ആകർഷിച്ചത്. ചെറുതും വലുതുമായ കുപ്പികളിൽ ചിലന്തികളും പാറ്റകളും ഓടി നടക്കുന്നതു പത്മനാഭനു കൗതുകകരമായ കാഴ്ചയായിരുന്നു. ആദ്യമായി ഒരു മൈക്രോസ്കോപ് കാണാനും അടുത്തറിയാനും പത്മനാഭനു സാധിച്ചതും ഈ ലാബിൽ വച്ചാണ്.

ഒരു ദിവസം സ്കൂൾ വിട്ടുവരുമ്പോൾ തവിട്ടുനിറമുള്ള ഒരു ചിലന്തിയെ പത്മനാഭൻ കാണാനിടയായി. അതിനെ പിടിച്ചു വീട്ടിൽ കൊണ്ടുവന്നു കൈവശമുണ്ടായിരുന്ന ഭൂതക്കണ്ണാടി ഉപയോഗിച്ചു സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കി. പച്ചക്കണ്ണാടിക്കാലുകളുള്ള ആ ചിലന്തിയുടെ കണ്ണുകളുടെ നിറംമാറുന്ന അദ്ഭുതമാണ് പത്മനാഭൻ കണ്ടത്. ഈ പ്രതിഭാസം പത്മനാഭനെ വിസ്മയിപ്പിച്ചു. തുടർന്നു സ്ട്രിക്‌ലാൻഡിന്റെ നിർദേശപ്രകാരം, ‘നേച്ചർ’ എന്ന പ്രസിദ്ധമായ മാസികയിലേക്കു തന്റെ കണ്ടുപിടിത്തങ്ങളെക്കുറിച്ച് പത്മനാഭൻ കത്തയച്ചു. ആ ഒരൊറ്റ കത്തിലൂടെ പത്മനാഭപിള്ള എന്ന പതിനെട്ടുകാരൻ ഇന്ത്യയുടെ ആദ്യത്തെ ചിലന്തി ശാസ്ത്രജ്ഞനായി മാറി. എന്നാൽ ഇക്കാര്യം ഇന്ത്യയുടെ ശാസ്ത്രചരിത്രത്തിലെങ്ങും രേഖപ്പെടുത്തിയിട്ടില്ല.

chembaka
ചെമ്പകരാമൻപിള്ള

ഏറെത്താമസിയാതെ സ്ട്രിക്‌ല‌ൻഡ് തന്റെ യഥാർഥ വ്യക്തിത്വം വെളിപ്പെടുത്തി. താൻ വെറുമൊരു ചിലന്തി ഗവേഷകനല്ല, ബ്രിട്ടിഷുകാരുടെ രഹസ്യങ്ങൾ ചോർത്തിക്കൊടുക്കുന്ന ഒരു ജർമൻ ചാരനാണെന്ന സത്യം അദ്ദേഹം തന്റെ ശിഷ്യൻമാരോടു സൂചിപ്പിച്ചു. ഉടൻ അദ്ദേഹത്തിനു യൂറോപ്പിലേക്കു തിരിച്ചു പോകണമെന്നും കൂടെപ്പോരാൻ ആഗ്രഹം ഉണ്ടെങ്കിൽ അവരെ ഒപ്പം കൊണ്ടുപോകാൻ തയാറാണെന്നും സ്ട്രിക്‌ല‍ൻഡ് അറിയിച്ചു. വരികയാണെങ്കിൽ ഉന്നതപഠനവും ഇന്ത്യയുടെ വിമോചനത്തിനുവേണ്ടിയുള്ള സമരത്തിൽ പങ്കെടുക്കാനുള്ള അവസരവും നൽകാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ചെമ്പകരാമൻ പോകാൻ ആദ്യംതന്നെ തയാറായെങ്കിലും പത്മനാഭനു പെട്ടെന്നൊരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല.

സായ്പിനെയും ഉറ്റസുഹൃത്തു ചെമ്പകരാമനെയും യാത്രയാക്കാൻ പത്മനാഭൻ കൊല്ലത്തെത്തി. പത്മനാഭന്റെ സന്ദേഹം മനസ്സിലാക്കിയ സ്ട്രിക്‌ലൻഡ് അവനെ പാട്ടിലാക്കാൻ ഒരു മൈക്രോസ്കോപ് വാഗ്ദാനം ചെയ്തു. ആ സമ്മാന വാഗ്ദാനത്തിൽ പത്മനാഭൻ അവരൊടൊപ്പം കൊളംബോ വരെ യാത്ര ചെയ്തു. എന്നാൽ, ഒരു തീരുമാനമെടുക്കാൻ കഴിയാതെ പത്മനാഭൻ നാട്ടിലേക്കു മടങ്ങി.

‌വീട്ടിൽ തിരിച്ചെത്തിയ പത്മനാഭന്റെ മനസ്സ് വീണ്ടും അസ്വസ്ഥമായി. അങ്ങനെയിരിക്കെ പത്മനാഭനെത്തേടി ഒരു കത്ത് എത്തി. യൂറോപ്പിലേക്കുള്ള സ്ട്രിക്‌ലൻഡിന്റെ ക്ഷണം, മ്യൂണിക് യൂണിവേഴ്സിറ്റിയിൽ പഠിക്കാനുള്ള അവസരവും. അതോടെ പത്മനാഭൻ യാത്ര തീരുമാനിച്ചു.

പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള പത്മനാഭന്റെ താൽപര്യം മനസ്സിലാക്കിയ സ്ട്രിക്‌ലൻഡ് പത്മനാഭനെ സർവകലാശാലയിൽ ബിഎസ്‌സി ഫോറസ്ട്രിക്കു ചേർത്തു. തുടർന്നുള്ള അഞ്ചുവർഷം വിദഗ്ധരായ അധ്യാപകരുടെ ശിക്ഷണത്തിൽ കാടുകളെയും മീനുകളെയും ചെടികളെയും പറ്റിയായിരുന്ന പഠനം.

പഠനത്തിന്റെ തിരക്കിനിടയിലും പത്മനാഭനിലെ സ്വാതന്ത്ര്യദാഹി ഉണർന്നിരുന്നു. സ്വിറ്റ്സർലൻഡിൽ ചെമ്പകരാമൻ സ്ഥാപിച്ച ഇന്ത്യൻ കമ്മിറ്റിയിലും ബർലിൻ കമ്മിറ്റിയിലും ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റിയിലും അംഗത്വം നേടുകയും പ്രവർത്തനങ്ങളിൽ ഉത്സാഹപൂർവം പങ്കെടുക്കുകയും ചെയ്തു. ഇന്ത്യാചരിത്രം ഇന്നും സ്മരിക്കുന്ന ആദരണീയരായ ഭൂപേന്ദ്ര നാഥ് ദത്ത, വീരേന്ദ്രനാഥ് ചട്ടോപാധ്യായ (സരോജിനി നായിഡുവിന്റെ സഹോദരൻ) എന്നിവരുമായി അടുത്തിടപഴകാനും ഒപ്പം പ്രവർത്തിക്കാനും കഴിഞ്ഞു. 

തൊഴിലാളികളുടെയും യുദ്ധത്തടവുകാരുടെയും വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെയും ഇടയിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ചേരേണ്ട ആവശ്യകത പ്രചരിപ്പിച്ചു. ബർലിൻ കമ്മിറ്റി അതിന്റെ അജൻഡ പ്രചരിപ്പിക്കുക എന്ന ദൗത്യവും പത്മനാഭനു നൽകി. ദൗത്യ നിർ‍വഹണത്തിന്റെ ഭാഗമായി ഒട്ടേറെപ്പേരെ സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിലെത്തിക്കാൻ പത്മനാഭനു സാധിച്ചു.

ഇതേസമയം തിരുവനന്തപുരത്തു ബ്രിട്ടിഷ് അധികാരികൾ പത്മനാഭനെ വിപ്ലവകാരിയായി മുദ്രകുത്തുകയും സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയും ‌ചെയ്തു. അദ്ദേഹം വീട്ടിലേക്ക് അയച്ച കത്തുകളെല്ലാം പൊലീസുകാർ പിടിച്ചെടുത്തു. കുടുംബത്തിന്റെ നീക്കങ്ങളെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലായി. 

വൈകാതെ രണ്ടാം ലോകയുദ്ധം ആരംഭിച്ചു. ജർമനിയെ കീഴടക്കാൻ ബ്രിട്ടൻ‌ അവസരം പാർത്തിരിക്കുകയായിരുന്നു. യൂറോപ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുകൂട്ടം ഇന്ത്യൻ വിപ്ലവകാരികളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഇന്ത്യൻ ക്രിമിനൽ ഇന്റലിജൻസ് ഡയറക്ടർ ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തന്റെ പ്രവേശനവും വൈകാതെ നിരോധിച്ചാലോ എന്ന സംശയത്തിൽ പത്മനാഭൻ നാട്ടിലേക്കു മടങ്ങി. തിരുവനന്തപുരത്തെ വീട്ടിൽ പൊലീസ് അന്വേഷിച്ച് എത്തിയെങ്കിലും തക്കതായ കാരണം ഇല്ലാത്തതിനാൽ പത്മനാഭനെ അറസ്റ്റ് ചെയ്തില്ല.

തന്റെ പദ്ധതികൾ രഹസ്യമായി നടപ്പാക്കാൻവേണ്ടി പത്മനാഭൻ മറ്റൊരു ബാഹ്യവ്യക്തിത്വം സ്വീകരിക്കാൻ തീരുമാനിച്ചു. തന്റെ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും മുൻനിർത്തി മ്യൂസിയം വകുപ്പിൽ ‘ശാസ്ത്രസഹായി’ എന്ന തസ്തികയിലേക്ക് അപേക്ഷിച്ചു. 

സർക്കാർ ഒരു ‘തീപ്പൊരിയായി’ മുദ്രകുത്തിയിട്ടും പത്മനാഭന്റെ യോഗ്യതയും കഴിവുംകൊണ്ടു ജോലി ലഭിച്ചു. തിരുവിതാംകൂറിലെ സസ്യജാലങ്ങളുടെയും ജന്തുജാലങ്ങളുടെയും സ്ഥിതിവിവരക്കണക്കു ശേഖരിക്കാൻ നിയോഗിക്കപ്പെട്ട പത്മനാഭനു മാസശമ്പളം 75 രൂപയായിരുന്നു.

തിരക്കേറിയ ജോലിക്കിടയിലും പത്മനാഭൻ തിരുവനന്തപുരത്തു രഹസ്യ യോഗങ്ങൾ വിളിക്കുകയും ബ്രിട്ടിഷുകാരെ തുരത്താനുള്ള മാർഗങ്ങൾ ചർച്ചചെയ്യുകയും ചെയ്തു.

വർഷം 1915.  കുറച്ചു മാസങ്ങൾക്കുശേഷം പത്മനാഭൻ ഒരു വർഷത്തെ ലീവ് എടുത്തു യൂറോപ്പിലേക്കു വീണ്ടും യാത്രയായി. ഈ സമയം ഇൻഡിപെൻഡൻസ് കമ്മിറ്റി അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഒരു താൽക്കാലിക സർക്കാർ രൂപീകരിച്ചു. പുതുതായി രൂപമെടുത്ത സർക്കാരിന്റെ നയങ്ങൾ പ്രചരിപ്പിക്കുക, കമ്മിറ്റിയുടെ അംഗസംഖ്യ വർധിപ്പിക്കുക എന്നീ ഉത്തരവാദിത്തങ്ങൾ പത്മനാഭനു ലഭിച്ചു.

ആറുമാസം കഴിഞ്ഞു നാട്ടിലെത്തിയ പത്മനാഭനെ വീട്ടുകാർ രാജമ്മാൾ എന്ന പെൺകുട്ടിയെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. കൊട്ടാരം വൈദ്യൻ ശങ്കരമൂർത്തി പിള്ളയുടെ മകളായിരുന്നു രാജമ്മാൾ. ശങ്കരൻ എന്ന ആൺകുട്ടിയും സരോജിനി എന്ന പെൺകുട്ടിയും പത്മനാഭനും രാജമ്മാളിനും പിറന്നു.

ഭാര്യവീട്ടിൽ താമസമാക്കിയ ഇദ്ദേഹം കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾക്കൊപ്പം ബ്രിട്ടിഷ് വിരുദ്ധ ചർച്ചകൾക്കും സമയം കണ്ടെത്തി. പാതിരാത്രി കഴിഞ്ഞിട്ടും തീരാത്ത ഈ സമ്മേളനങ്ങൾ പത്മനാഭനെ അമ്മായിഅച്ഛൻ ശങ്കരമൂർത്തിയുടെ സംശയമുൾമുനയിൽ നിർത്താൻ കാരണമായി. മരുമകന്റെ രഹസ്യ നീക്കങ്ങളെപ്പറ്റി മനസ്സിലാക്കിയ ശങ്കരമൂർത്തി പത്മനാഭനെ ശാസിച്ചുവെങ്കിലും തന്റെ പ്രവൃത്തികളിൽനിന്നു വ്യതിചലിക്കാൻ അദ്ദേഹം തയാറായിരുന്നില്ല.

പഠനം പൂർത്തിയാക്കാനായി സ്വിറ്റ്സർലൻഡിൽ പോകാനുള്ള അവസരം പത്മനാഭനെ തേടിയെത്തി. കുടുംബവുമായി വിട്ടുപിരിയാൻ അതിയായ വിഷമമുണ്ടായിരുന്നുവെങ്കിലും പത്മനാഭൻ ദൃഢനിശ്ചയത്തോടെ യാത്രപറഞ്ഞു. സ്വിറ്റ്സർലൻഡിൽ എത്തിയ അദ്ദേഹം പഠനത്തോടൊപ്പം പഴയ സമരനേതാക്കളുമായി ബന്ധം പുതുക്കുകയും ഇന്ത്യൻ സ്വാതന്ത്ര്യം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്തു.  ഈ സമയം തീവ്രവാദികളായി നാമകരണം ചെയ്ത വ്യക്തികളെ രഹസ്യമായി വധിക്കുവാൻ ബ്രിട്ടിഷുകാർ തീരുമാനിച്ചു. അതിലൊരാൾ പത്മനാഭൻ ആയിരുന്നു. ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളിലേക്കു കടക്കുകയാണെന്നുള്ള യാഥാർഥ്യം പത്മനാഭൻ തിരിച്ചറിഞ്ഞില്ല. പഠനം പൂർത്തിയാക്കിയ അദ്ദേഹത്തിന് ഇന്ത്യയിലേക്കുള്ള യാത്രയിൽ ഒരാൾ തന്നെ പിന്തുടരുന്നതായി സംശയം തോന്നി. ജീവൻ അപകടത്തിലാണെന്നു മനസ്സിലാക്കിയ പത്മനാഭൻ മലേഷ്യയിലെ പെനാങ്ങിൽ കപ്പലിറങ്ങി. അവിടെനിന്നു ബോൺ എന്ന കപ്പലിൽ യാത്ര തുടർന്നു.

രാത്രി കപ്പലിന്റെ ഡെക്കിൽനിന്നു മുറിയിലേക്കു നടക്കാൻ ഒരുങ്ങവേ പിന്നിൽ ഒരു അനക്കം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ അരണ്ടവെളിച്ചത്തിൽ ഒരു രൂപം ഓടിയടുക്കുന്നതു കണ്ടു. കുതറി മാറാൻ ശ്രമിക്കും മുൻപ് അക്രമി പത്മനാഭനെ കഴുത്തിനു പിടിച്ചു കപ്പലിന്റെ റെയിലിങ്ങിനു മുകളിലൂടെ പ്രക്ഷുബ്ദമായ കടലിലേക്കു തള്ളിയിട്ടു.

ദിവസങ്ങൾക്കുശേഷം രാജമ്മാളിനെ തേടി ഒരു ടെലിഗ്രാം എത്തി. പത്മനാഭനെ കപ്പലിൽനിന്നു കാണാതായി. സംശയാസ്പദമായ നിലയിൽ അദ്ദേഹത്തിന്റെ കോട്ടും തുകൽപെട്ടിയും കൊളംബോതീരമടിഞ്ഞു.

രാജമ്മാൾ വിവരം ഉടൻ കത്തുമാർഗം സ്ട്രിക്‌ലൻഡിനെ അറിയിച്ചു സ്ട്രിക്‌ലൻഡ് നടത്തിയ അന്വേഷണത്തിനൊടുവിൽ പത്മനാഭന്റേതു ബ്രിട്ടിഷുകാർ നടത്തിയ ആസൂത്രിത കൊലപാതകമാണെന്നു തെളിഞ്ഞു. വിവരമറിഞ്ഞു രാജമ്മാൾ മനോവേദനയാൽ പുളഞ്ഞു. എന്നാൽ, ശങ്കരമൂർത്തി കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ തന്റെ പക്കലുണ്ടായിരുന്ന മരുമകന്റെ രേഖകളെല്ലാം അഗ്നിക്കിരയാക്കി. ഇതോടെ പത്മനാഭന്റെ ജീവിതവുമായി ബന്ധപ്പെട്ട നിർണായകമായ തെളിവുകൾ ഇല്ലാതായി. പത്മനാഭന്റെ കൊച്ചുമകൻ ഡോ. പത്മരാജൻ ഇപ്പോൾ ചെന്നൈയിലുണ്ട്. മദ്രാസ് മെഡിക്കൽ കോളജിലെ ന്യൂറോ വിദഗ്ധനായി വിരമിച്ച അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുന്നു. കേരളത്തിലും യൂറോപ്പിലും നിന്നുമുള്ള പത്മനാഭപിള്ളയുടെ ജീവിതചരിത്രരേഖകൾ ശേഖരിച്ചതു ഡോ. പത്മരാജനാണ്. അദ്ദേഹത്തിന്റെ കൈവശമുള്ള അമൂല്യരേഖകളുടെ സഹായത്തോടു കൂടി തയാറാക്കിയതാണ് ഈ ലേഖനം . തന്റെ മുത്തച്ഛന്റെ സ്മരണയ്ക്കായി ഒരു പ്രതിമ സ്ഥാപിക്കാൻ ഡോ. പത്മരാജൻ ശ്രമിച്ചിരുന്നുവെങ്കിലും അതു സാധ്യമായില്ല. ഇത്രയുംകാലം കഴിഞ്ഞിട്ടും ഈ വീരപോരാളിയുടെ ജീവസമർപ്പണം നമ്മുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല.

ടി. പത്മനാഭപിള്ളയ്ക്കു മുൻപേ യൂറോപ്പിലെത്തിയ ചെമ്പകരാമൻ പിള്ള ജർമൻ പിന്തുണ സ്വീകരിച്ചു ബ്രിട്ടനെതിരെ നിരന്തരം പോരാടുകയും 1914 സെപ്റ്റംബറിലെ മദ്രാസ് ആക്രമണത്തിലൂടെ പ്രസിദ്ധിയിലേക്ക് ഉയരുകയും ചെയ്തു. എസ്എംഎസ് എംഡൻ എന്ന യുദ്ധക്കപ്പലിൽ മദ്രാസ് തീരത്തെത്തി തുറമുഖ പ്രദേശങ്ങളിൽ ബോംബ് വർഷിക്കുകയായിരുന്നു. ആ ആക്രമണത്തിന്റെ സൂത്രധാരനെന്ന കീർത്തി ചെമ്പകരാമൻപിള്ളയ്ക്കാണ്.

1934 മേയ് 28ന് ബർലിനിലായിരുന്നു അദ്ദേഹത്തിന്റെ മരണം. അദ്ദേഹത്തെ അൽപാൽപമായി വിഷബാധയേൽപിച്ചു കൊലപ്പെടുത്തുകയായിരുന്നുവത്രെ. 1935 അദ്ദേഹത്തിന്റെ പത്നി ലക്ഷ്മി ബായി ചിതാഭസ്മം കന്യാകുമാരിയിൽ കൊണ്ടുവന്നു നിമജ്ജനം ചെയ്തു. 

English Summary: Story about T Padmanabha pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com