ADVERTISEMENT

മലയാളിയുടെ കുട്ടിജീവിതത്തിൽ 50 വർഷമായി ബാലരമയുണ്ട്, കഥപറഞ്ഞും കളിപറഞ്ഞും പഠിപ്പിച്ചും രസിപ്പിച്ചും. അരനൂറ്റാണ്ടിന്റെ ബാലരമക്കാലം ഇവിടെ വായിക്കാം... 

കോട്ടയത്ത് ബാലരമയുടെ ഓഫിസിലേക്കുള്ള ഗേറ്റ് കടന്നാൽ ഒരു മൺകുടം കാണാം. പുൽത്തകിടിക്ക് അലങ്കാരമായി വച്ചിരിക്കുകയാണ് ആ കുടം. 

മാർച്ച് മാസത്തിലെ ഒരു രാത്രി. ചെറിയ മഴ പെയ്തു. ഇടിമിന്നലുണ്ടായി. വിളക്കുകളെല്ലാം അണഞ്ഞു. 

അപ്പോൾ മൺകുടത്തിൽ നേരിയ മഞ്ഞവെളിച്ചം പ്രത്യക്ഷപ്പെട്ടു! 

കണ്ണുകളിൽ മഞ്ഞവെളിച്ചമുള്ള ഒരു ജീവി കുടത്തിൽ‍നിന്ന് പുറത്തിറങ്ങി... 

ബാലരമയിലെ കഥാപാത്രങ്ങളെല്ലാം ഒത്തുചേരുന്ന ‘ഓൾ ദ ബെസ്റ്റ്’ ചിത്രകഥാപരമ്പരയിലെ ‘പാതാളത്തിലെ രഹസ്യം’ എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. ഭൂമിക്കടിയിലെ വിചിത്രലോകത്തേക്കുള്ള വഴികളിലൊന്നാണു ബാലരമ ഓഫിസിലെ ആ കുടം എന്നാണു കഥ. 

‘പാതാളത്തിലെ രഹസ്യം’ പുറത്തിറങ്ങിയ കാലത്ത് ഒരു കുട്ടി അച്ഛനൊപ്പം ബാലരമയുടെ ഓഫിസിലെത്തി. അവധിക്കാലമത്സരത്തിലെ സമ്മാനം കൈപ്പറ്റാൻ വന്നതാണവർ. 

കഥയിലെ കുടം നേരിട്ടുകണ്ട കുട്ടി അതിലേക്ക് ഒന്നെത്തിനോക്കി. 

മറ്റൊരു ലോകത്തേക്കു വഴി കാണുന്നുണ്ടോ? 

അച്ഛൻ ചിരിച്ചു: ‘അതൊക്കെ കഥയല്ലേ, മോളേ.’ 

കുട്ടിയോട് അങ്ങനെ പറഞ്ഞെങ്കിലും നാൽപതുകാരനായ ആ അച്ഛനും ഒന്നുപാളി നോക്കി. 

കുടത്തിലൂടെ താഴേക്കു വഴിയുണ്ടോ? 

balarama-9

ബാലരമ ബാലരമയായ കഥ

‘നമ്മുടെ യുവജനങ്ങൾക്കും കുട്ടികൾക്കും വേണ്ടി പ്രസിദ്ധപ്പെടുത്തുന്ന ‘ബാലരമ’യുടെ ആദ്യലക്കം കൈരളിക്കു സമർപ്പിക്കുവാൻ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്...’ 

ബാലരമയുടെ ആദ്യലക്കത്തിലെ പത്രാധിപക്കുറിപ്പ് ഇങ്ങനെയായിരുന്നു തുടങ്ങിയത്. കുട്ടികൾക്കു മുൻപേ പരിഗണിച്ചതു യുവജനങ്ങളെയായിരുന്നു എന്നർഥം! 

കളിചിരിയെക്കാൾ കാര്യഗൗരവമായിരുന്നു ആദ്യകാലത്തെ ബാലരമയുടെ ഭാവം. ഫാന്റസിയെക്കാൾ നിത്യജീവിതത്തിനായിരുന്നു പ്രാതിനിധ്യം. ജി.യും വൈലോപ്പിള്ളിയും പി.ഭാസ്കരനും ഉറൂബും കുഞ്ഞിരാമൻനായരും സുകുമാർ അഴീക്കോടുമൊക്കെ അന്നു ബാലരമയിൽ എഴുതിയിരുന്നു. 

തുടക്കത്തിൽ പാലാ കെ.എം. മാത്യു ആയിരുന്നു ബാലരമയുടെ പത്രാധിപർ. പിന്നീട് കടവനാട് കുട്ടിക്കൃഷ്ണൻ വന്നു. എൺപതുകളുടെ ആദ്യം എൻ.എം. മോഹനൻ പത്രാധിപച്ചുമതല ഏറ്റെടുത്തു. 2012 ജൂൺ മുതൽ എ.വി. ഹരിശങ്കർ. 

ആദ്യകാലത്ത് നേർരേഖയിൽ കുതിച്ചുപാഞ്ഞുകൊണ്ടിരുന്ന ബാലരമ വൈകാതെ ഉയരത്തിലേക്കു പറക്കാനും തുടങ്ങി. യുവാക്കളല്ല, കുട്ടികൾതന്നെയായി പ്രധാനവായനക്കാർ. വിപണിയിൽ എതിരാളികൾ പിന്നിലായി. 

മധുരം പുരട്ടിയ മാന്ത്രികത

“...ഇത് ഒട്ടിക്കാൻ പശ വേണ്ടേവേണ്ട. നെയിംസ്ലിപ്പിനു പിന്നിലെ കടലാസ് ഇളക്കി മാറ്റി പുസ്തകത്തിൽ അമർത്തി ‘ഒട്ടിപ്പോ’ എന്നു പറഞ്ഞാൽ മാത്രം മതി!” 

സ്റ്റിക്കർ നെയിംസ്ലിപ്പുകൾ ‌അവതരിപ്പിച്ചപ്പോൾ ബാലരമയിൽ വന്ന നിർദേശമാണിത്. ബാലരമയുടെ ശൈലി അതാണ്; ഏതുകാര്യവും രസികത്തത്തിന്റെ മധുരം പുരട്ടി പറയുക. 

മാസത്തിലൊന്ന് ഇറങ്ങിയിരുന്ന ബാലരമ, മായാവി ചിത്രകഥ ആരംഭിച്ച് മൂന്നു മാസത്തിനകം ദ്വൈവാരികയായി. വായന ഇരട്ടിയായി! മായാവിയുടെ മാന്ത്രികവിദ്യയാണ് ആ ഇരട്ടിക്കൽ എന്ന കാര്യത്തിൽ അന്ന് കൊച്ചുവായനക്കാർക്കു സംശയംപോലുമില്ലായിരുന്നു! 

മായാവിക്കഥയിലെ തെറ്റ് 

balarama-7

ആദ്യത്തെ മായാവിക്കഥയിൽ ഒരു തെറ്റുണ്ടായിരുന്നു! 

മായാവിയെ കുപ്പിയിലാക്കാൻ ഡാകിനിയും കുട്ടൂസനുമൊക്കെ ആദ്യം ചെയ്യുന്ന പരിപാടി മാന്ത്രികവടി കൈക്കലാക്കുക എന്നതാണ്. വടിപോയാൽ മായാവി അടിമയാകും. 

എന്നാൽ ആദ്യത്തെ മായാവിക്കഥയിൽ കുപ്പിക്കുള്ളിലിരിക്കുന്ന മായാവിയുടെ കൈയിൽ വടിയും കാണാം! 

1984 ഓഗസ്റ്റ് ലക്കത്തിലാണ് ആദ്യത്തെ മായാവി ചിത്രകഥ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയിലെ ആദ്യത്തെ 3ഡി സിനിമ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ ഇറങ്ങിയതും അതേ സമയത്തുതന്നെ. രണ്ടും വൻവിജയമായി. 

മലയാളത്തിലെ ചിത്രകഥകളുടെ ചരിത്രം മാറ്റാൻ കഴിവുള്ള മാന്ത്രികവടിയായിരുന്നു മായാവിയുടെ കൈയിൽ എന്നു കാലം തെളിയിച്ചു. 

സൂത്രനും ഷേരുവും കൂട്ടുകാരും‌ 

balarama-12

സൂത്രനോ ഷേരുവോ ഇല്ലാത്ത സൂത്രൻ ചിത്രകഥയുണ്ട്! 2007 ലാണ് ആ കഥ വന്നത്. 

ആകാശത്താണ് ആ കഥ നടക്കുന്നത്. കഥാപാത്രങ്ങളെല്ലാം മരിച്ചുപോയ ജീവികൾ. മേഘത്തിലൂടെ ചാടിച്ചാടി നടക്കുന്ന ആ പ്രേതജീവികൾ ഭൂമിയിലെ സൂത്രനെയും ഷേരുവിനെയും പറ്റി പറയുന്നുണ്ടെന്നു മാത്രം.. 

നായകന്മാർ ഇല്ലാതിരുന്നിട്ടും ആ കഥ സൂപ്പർഹിറ്റായി. അത്രയ്ക്കായിരുന്നു സൂത്രന്റെയും ഷേരുവിന്റെയും ജനപ്രീതി. 

മഹാസൂത്രക്കാരനായ സൂത്രനും മരമണ്ടനായ ഷേരുവും എങ്ങനെ കൂട്ടായി? പലരും ചോദിക്കാറുണ്ട്. 

ഉത്തരം ഇതാണ്: സാധാരണക്കാരുടെ തലയിൽ വരാത്ത വേറിട്ട ചിന്തകളാണ് ബുദ്ധിമാനെ ബുദ്ധിമാനാക്കുന്നത്. മണ്ടനെ മണ്ടനാക്കുന്നതോ? അതും വേറിട്ട ചിന്തകൾതന്നെ. 

1984 ൽ ഏഴെട്ടു കഥകളിലൂടെ എത്തിനോക്കിയെങ്കിലും 2001 ജൂലൈ മുതലാണ് സൂത്രൻ ബാലരമയിൽ സ്ഥിരതാമസക്കാരനായത്. ഇന്ന് സൂത്രന്റെ സ്ഥിരം വായനക്കാരായ ആരാധകരിൽ എൺപത് കഴിഞ്ഞവർപോലുമുണ്ട്. 

ആസ്വാദനത്തിന്റെ അരനൂറ്റാണ്ട് 

‘ഡിസ്നി ലാൻഡ് ഒരിക്കലും പൂർത്തിയാവില്ല. ഭൂമിയിൽ ഭാവന ശേഷിക്കുന്നിടത്തോളം കാലം അതു വളർന്നുകൊണ്ടിരിക്കും’ എന്നു പറഞ്ഞത് വാൾട്ട് ഡിസ്നിയാണ്. 

അനങ്ങുന്ന ചിത്രങ്ങളും അനന്തമായ ഭാവനയുമായി ഡിസ്നി അനിമേഷൻ കാർട്ടൂണുകൾ കുട്ടികളെ പാട്ടിലാക്കിത്തുടങ്ങിയത് ഒരു നൂറ്റാണ്ടു മുൻപാണ്. കേരളത്തിലെ കുട്ടികൾക്ക് അതെല്ലാം ആസ്വദിക്കാൻ അവസരം കിട്ടിയതു പല പതിറ്റാണ്ടുകൾക്കു ശേഷമാണെന്നു മാത്രം. അതിരില്ലാത്ത ഭാവനയുടെ ആകാശപ്പാതയിൽ പറക്കാൻ അപ്പോഴേക്കും മലയാളിക്കുട്ടികൾ പഠിച്ചുകഴിഞ്ഞിരുന്നു- അതിനു ചിറകു തുന്നിക്കൊടുത്തത് ബാലരമയായിരുന്നു! 

ബാലരമയുടെ താളുകൾ മറിക്കുമ്പോൾ കേൾക്കുന്നത് ആ ചിറകടിയൊച്ചയാണ്! 

വാൾട്ട് ഡിസ്നി കമ്പനി നൂറു വയസ്സിന്റെ തൊട്ടരികിലെത്തി നിൽക്കുമ്പോൾ മലയാളികളെ അതിലേറെ സ്വാധീനിച്ച ബാലരമയ്ക്ക് അൻപതു വയസ്സു തികഞ്ഞിരിക്കുന്നു. 

ബാലരമ എന്ന ശീലം 

കുട്ടിക്കാലത്തിനെ ബാലരമ പട്ടുടുപ്പിച്ച കഥകൾ പങ്കുവയ്ക്കുന്ന വായനക്കാർ ലക്ഷക്കണക്കിനുണ്ട്. പഠനകാലത്തിന്റെ പരുക്കൻ വഴികളിൽ ബാലരമ കഥകളുടെ പൂക്കൾ വിതറി. ചിത്രകഥകളുടെ ചതുരങ്ങൾ കഥയിലേക്കും കലയിലേക്കും തുറന്നിട്ട ജനലുകളായി. കിളിക്കും കുറുക്കനും കരടിക്കും കട്ടുറുമ്പിനുമെല്ലാം ചിരിയും കരച്ചിലും പറച്ചിലുമുണ്ടെന്ന പ്രകൃതിബോധം ബാലരമ പകർന്നു. നന്മയ്ക്കാണ് അവസാനവിജയമെന്ന് ആവർത്തിച്ചു... 

ചരിത്രം കാണിക്കുന്ന ടൈം മെഷീനായി. ശാസ്ത്രം വിശദമാക്കുന്ന മൈക്രോസ്കോപ്പായി. മഹാസമുദ്രങ്ങളിലൂടെ കളിക്കപ്പലോടിച്ചു. ബാലരമ ആദ്യം വായിക്കാൻ കുട്ടികൾ വഴക്കുണ്ടാക്കി. പത്രവിതരണക്കാരനെ അവർ കണ്ണിമ ചിമ്മാതെ കാത്തിരുന്നു. പാഠപുസ്തകത്തിൽ മയിൽപ്പീലിക്കു പകരം അവർ ബാലരമ ഒളിപ്പിച്ചു. ക്ലാസിൽ കുനിഞ്ഞിരുന്നു ചിത്രകഥ വായിച്ചു. കണക്കു ചെയ്യാൻ പറ്റാതെ വരുമ്പോൾ ‘ഓംഹ്രീം കുട്ടിച്ചാത്താ...’ എന്നു പതുക്കെ വിളിച്ചുനോക്കി. ആദ്യം വായിച്ചവർ പദപ്രശ്നം പൂരിപ്പിച്ചതു കണ്ട് അവരോടു പിണങ്ങി. മണ്ടത്തരം കാണിക്കുന്നവർക്കു ഷേരുവെന്നു പേരുകൊടുത്തു. അബദ്ധത്തിൽ ജയിക്കുന്നവരെ ശിക്കാരി ശംഭുവെന്നു വിളിച്ചു. അതിബുദ്ധിമാന്മാർ അക്കുവും ഇക്കുവുമായി. നുണപറഞ്ഞാൽ മുഞ്ചാസനായി. സൈക്കിളിൽ കയറി ജമ്പനെപ്പോലെ ‘യീയീഹാ’ എന്നു കൂവി... 

വൈകിപ്പോയ ലുട്ടാപ്പി 

“മായാവിക്കു പുതിയൊരു എതിരാളി: ലുട്ടാപ്പി എന്ന ദുഷ്ടനായ കുട്ടിച്ചെകുത്താൻ!” 

1985 ജൂണിലാണ് ബാലരമയിൽ ആ പരസ്യം വന്നത്. അതിനടുത്ത ലക്കത്തിൽ ഡാകിനി ലുട്ടാപ്പിയെ തേടിപ്പോകുന്ന കഥ വന്നു. പരസ്യത്തിൽ ഇടം കിട്ടാതിരുന്ന ഒരാൾകൂടി ആ കഥയിലൂടെ അരങ്ങത്തെത്തി ലുട്ടാപ്പിയുടെ ‘യജമാനനായ’ കുട്ടൂസൻ! 

മായാവി തുടങ്ങി ഏതാണ്ട് ഒരു വർഷം കഴിഞ്ഞാണു ലുട്ടാപ്പിയും കുട്ടൂസനും രംഗപ്രവേശം ചെയ്യുന്നത്. എന്നാൽ, ‘ദുഷ്ടനായ കുട്ടിച്ചാത്തൻ’ എന്ന പരസ്യവാചകം ലുട്ടാപ്പിയുടെ വിശേഷണങ്ങളിൽനിന്ന് അതിവേഗം ഊർന്നുവീണു. തറുതലയും തമാശയും പറയുന്ന, മണ്ടത്തരങ്ങൾ പറ്റുന്ന, അടിമയെപ്പോലെ പണിയെടുക്കുന്ന ലുട്ടാപ്പിക്ക് സഹതാപതരംഗത്തിന്റെ വോട്ടുകൾ കിട്ടി. പലപ്പോഴും മായാവിയെക്കാൾ താരമൂല്യവും! 

ശിക്കാരി ശംഭു, കാലിയ, ശുപ്പാണ്ടി...

balarama-1

‘തൊപ്പി ഊരണം. ശിക്കാരി ശംഭുവിന്റെ കണ്ണു കാണണം...’ ഒരുകാലത്തു ബാലരമയിലേക്കു വായനക്കാർ പതിവായി കത്തെഴുതി ആവശ്യപ്പെടുമായിരുന്നു. 

വാസ്തവത്തിൽ തൊപ്പി ഊരിത്തെറിക്കുന്ന രംഗം പല കഥകളിലും വന്നിട്ടുണ്ട്. അതിലൊന്നും ശിക്കാരിയുടെ മുഖം കാണില്ലെന്നു മാത്രം! 

ബാലരമ വായനക്കാർ മലയാളിയെപ്പോലെ സ്നേഹിച്ച ‘ഇതരസംസ്ഥാനക്കാരനാണ്’ ശിക്കാരി ശംഭു. 1985 ജനുവരിയിലാണ് ശംഭു എന്ന പേടിത്തൊണ്ടൻ വേട്ടക്കാരനും കാലിയ എന്ന കാക്കയും ബാലരമയിൽ എത്തിയത്. മന്ത്രിയുടെ തന്ത്രങ്ങളും മരമണ്ടൻ ശുപ്പാണ്ടിയുമെല്ലാം പിന്നാലെ വന്നു. 

ഛോട്ടാ ഭീം, ശക്തിമാൻ, ഇൻസ്പെക്ടർ ഗരുഡ്, ഇൻസ്പെക്ടർ ആസാദ് തുടങ്ങിയ ഇന്ത്യൻ ഹീറോസും ബാലരമയിൽ പല കാലങ്ങളിലായി വന്നു. 

മായാവിക്കു മുൻപ് മലയാളത്തിലെ സൂപ്പർ താരമായിരുന്ന കപീഷിന്റെ കഥകൾ മലയാളത്തിൽ ഏറ്റവും കൂടുതൽ കാലം വന്നത് ബാലരമയിലാണ്. 

ഡിസ്നിയമ്മാവൻ

balarama-10

വാൾട്ട് ഡിസ്നിയെ ‘ഡിസ്നിയമ്മാവൻ’ എന്നു വിളിച്ചാണു ബാലരമ അവതരിപ്പിച്ചത്. അകലത്തുള്ളവരെ അരികത്തിരുത്തുന്ന സൂത്രവിദ്യ ആ വിളിയിലുണ്ടായിരുന്നു. 

1985 ഓഗസ്റ്റിൽ വാൾട്ട് ഡിസ്നി ചിത്രകഥകൾ ബാലരമയിൽ തുടങ്ങിയതോടെ തുറന്നത് മറ്റൊരു ലോകജാലകമായിരുന്നു.‘ടോഡും കോപ്പറും’ ആയിരുന്നു ആദ്യകഥ. ജംഗിൾബുക്കും സ്നോവൈറ്റും പിനോക്യോയും ഉറങ്ങുന്ന സുന്ദരിയുമെല്ലാം പിന്നാലെ വന്നു. 

മാർവൽ-അവഞ്ചേഴ്സ് കഥാപാത്രങ്ങൾ, മിക്കി മൗസ്, ഡൊണാൾഡ് ഡക്ക്, സ്പൈഡർമാൻ, ബാറ്റ്മാൻ, ഫാന്റം, മാൻഡ്രേക്, ഡോറ, ഡെന്നിസ് ദ് മെനസ്, ‘പപ്പൂസ്’ എന്നു മലയാളികൾ വിളിക്കുന്ന ഹെൻറി തുടങ്ങി ഒട്ടനവധി ലോകോത്തര കഥാപാത്രങ്ങൾ ബാലരമയിലൂടെ വായനക്കാരിലെത്തി. ഇപ്പോൾ പ്രസിദ്ധകരിച്ചുകൊണ്ടിരിക്കുന്ന ജെറോനിമോ സ്റ്റിൽട്ടണിലെത്തി നിൽക്കുന്നു ലോകതാരങ്ങളുടെ ആ നീണ്ട പട്ടിക. 

രൂപമില്ലാത്ത കാട്ടുമുത്തപ്പൻ, പേരില്ലാത്ത അജഗജൻ 

balarama-11

‘...കുറുക്കനൊന്നു വിളിച്ചാൽ മുഖവും 

കൂർത്തു പറന്നുവരുന്നവനേ, 

പുലികൾ വിളിച്ചാൽ ദേഹം മുഴുവൻ 

പുള്ളികളിട്ടു വരുന്നവനേ...’ 

സൂത്രന്റെ കാട്ടിലെ ദൈവമായ കാട്ടുമുത്തപ്പന്റെ പ്രാർഥനയിലെ ചില വരികളാണിത്. വിളിച്ചാൽ വിളിക്കുന്നവന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടും. അതാണ് മുത്തപ്പന്റെ ഒരു രീതി. 

എന്നാൽ സൂത്രൻ കഥയിൽ ആദ്യമായി പ്രത്യക്ഷപ്പെടുമ്പോൾ കാട്ടുമുത്തപ്പന് ആ രീതി അറിയില്ലായിരുന്നു എന്നുവേണം കരുതാൻ! 

2007ൽ ഇറങ്ങിയ സൂത്രൻ സ്പെഷ്യൽ അവധിക്കാലപുസ്തകത്തിലെ പ്രത്യേകകഥയിലാണു കാട്ടുമുത്തപ്പൻ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഒരു ഭീകരജീവിയുടെ ഛായയായിരുന്നു അതിൽ മുത്തപ്പന്! . 

പ്രാസമൊപ്പിച്ചു മാത്രം സംസാരിക്കുന്ന അജഗജൻ ആടിന് ആദ്യത്തെ നാലഞ്ചു കഥകളിൽ പേരില്ലായിരുന്നു! 

മറ്റൊരു സൂപ്പർഹിറ്റ് കഥാപാത്രമായ കരിനാക്കൻ വവ്വാലിനും ആദ്യത്തെ കഥകളിൽ പേരു കാണില്ല. 

balarama-4

സത്യത്തിൽ കരിനാക്കന്റെ പേര് മറ്റെന്തോ ആണ്. കൈയിലിരിപ്പുകൊണ്ടു ചാർത്തിക്കിട്ടിയ വിശേഷണം മാത്രമാണ് ‘കരിനാക്കൻ!’ 

അടർന്നുവീഴുന്ന അതിർത്തികൾ

ചിത്രകഥയിൽ ‘അഭിനയിക്കേണ്ടവർ’ അമ്പരന്നു. പല വാക്കുകളും ചിത്രത്തിന്റെ പല രംഗങ്ങളും എലി കരണ്ടിരിക്കുന്നു! എലിയെ ഓടിക്കാൻ കഥാപാത്രങ്ങൾ ചിത്രകഥയുടെ ഫ്രെയിമിൽ ഒരു തുളയുണ്ടാക്കി. എന്നാൽ അതുവഴി കൂടുതൽ എലികൾ അകത്തെത്തി! അവരും തുടങ്ങി ചിത്രകഥത്തീറ്റ! 

അവതരണത്തിലെ ഇത്തരം കലാപങ്ങൾ മലയാളചിത്രകഥയിൽ അവതരിപ്പിച്ചത് ബാലരമയാണ്; 2015 ലെ ഓണപ്പതിപ്പിൽ തുടങ്ങിയ ഡിഷ്കു എന്ന ചിത്രകഥയിലൂടെ. ചിത്രകഥയുടെ ഫ്രെയിമുകൾ പണിയാൻ ആളു വരുന്നതും കഥയുടെ പേജ് മുഴുവനോടെ മറിഞ്ഞു വെളിയിലേക്കു വീഴുന്നതുമെല്ലാം മലയാളികൾക്ക് കണ്ടു. 

കഥാപാത്രകാലം 

balarama-8

അക്കുവും ഇക്കുവും, ഡുണ്ടുമോൻ, മുഞ്ചാസൻ, കലൂപി, മിസ്റ്റർ ഇന്ത്യ, ജമ്പനും തുമ്പനും, ‘പുലിവാലി’ലെ നീലൻ പുലി, കുപ്പിഭൂതം, കായംകുളം കൊച്ചുണ്ണി, രാജാ തുഗ്ലൻ, മണ്ടൻ സുബ്രു, മിസ്റ്റർ ബോർ, ഷെർലക് ഫോക്സ്..... ബാലരമയുടെ അമ്പത് വർഷം നൂറുകണക്കിനു കഥാപാത്രങ്ങളുടെ കൂടി ചരിത്രമാണ്. 

പാത കാണിച്ച് മുന്നിൽ 

ഐഫൽ ഗോപുരം മോഷ്ടിക്കാൻ കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയും പാരീസിലെത്തി... 

2014 മേയ് മാസത്തിൽ ഇറങ്ങിയ 3ഡി സ്പെഷൽ ബാലരമയിലാണ് ഈ ചിത്രകഥ വന്നത്. ഇന്ത്യയിലാദ്യമായി ഒരു ബാലപ്രസിദ്ധീകരണം 3ഡിയിൽ അച്ചടിച്ചതു ബാലരമയാണ്. പിന്നീടു വന്ന ഇൻവിസിബിൾ ബാലരമയും ആനിമേഷൻ ബാലരമയും മോർഫിങ് ബാലരമയുമെല്ലാം ഒന്നു തെളിയിച്ചു: മുന്നേറ്റത്തിന് അതിരുകളില്ല! 

മലയാളത്തിലെ ബാലമാസികകളുടെ ചരിത്രത്തിലെ ഇത്തരം വലിയ മാറ്റങ്ങളിലെല്ലാം ബാലരമ പതാകവഹിച്ചു മുന്നിൽ പറന്നു. 

അക്ഷരത്തിൽനിന്ന് കുട്ടികൾ അകന്നുവെന്ന വിലാപം ശക്തമായപ്പോഴെല്ലാം ആശയങ്ങളിലൂടെ ബാലരമ അവരെ പിടിച്ചു നിർത്തി. കളിക്കുടുക്ക, ബാലരമ ഡൈജസ്റ്റ്, മാജിക് പോട്ട്, ടെൽമീവൈ തുടങ്ങി ബാലരമ കുടുംബത്തിലെ ഓരോ പ്രസിദ്ധീകരണവും അതതു രംഗത്തെ മാതൃകകളായി. 

ബെസ്റ്റ് ഒഫ് ബാലരമ 

balarama-3

ഡോൺ ബ്രാഡ്മാൻ, സച്ചിൻ തെൻഡുൽക്കർ, ഷെയ്ൻ വോൺ, ബ്രയാൻ ലാറ, വിവ് റിച്ചാർഡ്സ്, വസീം അക്രം... 

ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരെ ഉൾപ്പെടുത്തി ‘ഓൾടൈം ബെസ്റ്റ് ഇലവൻ’ തിരഞ്ഞെടുത്താൽ ഇവരെല്ലാം ടീമിലുണ്ടാകും. സുവർണജൂബിലി ആഘോഷിക്കുന്ന ബാലരമയും അത്തരമൊരു ‘ഓൾ ടൈം’ പുസ്തകം പുറത്തിറക്കുന്നു ‘ബാലരമ@50 സുവർണജൂബിലി സപ്ലിമെന്റ്’. വിഷുക്കാലത്ത് ഈ പുസ്തകം വായനക്കാരുടെ കൈകളിലെത്തും. അൻപതു വർഷത്തെ കുട്ടികളാണ് ആ പുസ്തകത്തിനായി കാത്തിരിക്കുന്നത് ‘ചെറുപ്പവും വലുപ്പവും’ ഒരുപോലെ കളത്തിലിറങ്ങുന്ന ‘കുട്ടിയും കോലും’ കളിപോലെ! 

ഇക്കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ അമ്പത് ബാലരമയെങ്കിലും വായിച്ചവർക്ക് ഒരു രഹസ്യമറിയാം: 

ബാലരമ ഓഫിസിനു മുന്നിലെ അലങ്കാരക്കുടത്തിൽനിന്ന് വിസ്മയലോകത്തേക്ക് ഒരു വഴി തുറന്നുകിടപ്പുണ്ട്..! 

English Summary: Balarama 50 Years Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com