ADVERTISEMENT

‘കുറി’ക്കു കൊള്ളുന്ന കണക്കെഴുത്തുകാരനായിരുന്നു സി.എൽ.ജോസ്. പിന്നീട്, കുറിക്കു കൊള്ളുന്ന നൂറിലേറെ നാടകങ്ങളുടെ സൂത്രധാരനായി. അദ്ദേഹത്തിന്റെ നവതിയാണു നാളെ.

ഉളിയും ചുറ്റികയുമായി ആശാരി രംഗപ്രവേശം ചെയ്യുന്നു. സി.എൽ ജോസ് അയാളെ തന്റെ എഴുത്തു മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി.

ആദ്യ ഡയലോഗ്: ‘ എനിക്കൊരു എഴുത്തുമേശ പണിയണം’ അയാൾ തലയാട്ടി. ഞാനെത്ര പണിതിരിക്കുന്നു എന്ന ഭാവം.

രണ്ടാം ഡയലോഗ്: ‘ മേശയ്ക്ക് ഏതാണ്ട് ഒരാൾ ഉയരം വേണം’

അയാൾ ഞെട്ടുന്നു. ങേ, ഒരാൾ ഉയരമുള്ള എഴുത്തുമേശയോ.!

അതെ. വേണം. നിശബ്ദത.

ആശാരി ഉളിയും ചുറ്റികയുമെടുക്കുന്നു. – ഇങ്ങനൊരു മേശ എന്തിന് –എന്ന ചിന്തയ്ക്കു ചിന്തേരിടുന്നു...

പണി നടക്കട്ടെ എന്നു പറഞ്ഞ്, ‘കുറിക്കു കൊള്ളുന്ന’ കണക്കെഴുത്തുകാരനായ സി.എൽ ജോസ് ക്ഷേമവിലാസം കുറിക്കമ്പനിയിൽ കണക്കെഴുത്തിനായി ജോലിക്കു പോകുന്നു. ജോലി കഴിഞ്ഞു വൈകിട്ടെത്തുമ്പോൾ എഴുത്തുമേശ തയാർ.

അന്നു രാത്രി ജോസ് നാടകം എഴുതാനിരുന്നു. എഴുതുമ്പോൾ അഭിനേതാവുമാണു ജോസ്. എഴുതിയെഴുതി വൈകാരികമായ രംഗത്തിലേക്കു കടന്നു. അച്ഛൻ മകനെ വീട്ടിൽ നിന്നിറക്കി വിടുന്നു. ഒപ്പം സാധുവായ മകന്റെ ഭാര്യയും ഇറങ്ങുന്നു. പോകുന്നതിനു മുൻപ് തിരിച്ചു നിന്നു മകന്റെ ‘ കുറിക്കു കൊള്ളുന്ന’ ഡയലോഗ്.. അത് ഉള്ളിൽ രൂപപ്പെടുകയാണ്. സി.എൽ ജോസിന് ഇരിക്കപ്പൊറുതിയില്ല. കസേരയിൽ നിന്നു ചാടിയെണീറ്റു. മുറിയിലൂടെ തലങ്ങും വിലങ്ങും നടന്നു. ഡയലോഗുകൾ പറഞ്ഞു മിനുക്കി.

നിന്നു കൊണ്ടുതന്നെ വികാരം ചോരാതെ, ഒരാൾപ്പൊക്കമുള്ള ആ എഴുത്തുമേശയിൽ കടലാസ് വച്ച് ഡയലോഗ് എഴുതിച്ചേർത്തു.

പിന്നെ മേശയുടെ ‘തോളിൽ’ ഒന്നു തട്ടി. കൊള്ളാം, മേശ കൊള്ളാം.

അഭിനയിച്ചും വികാരം ഉൾക്കൊണ്ടും നാടകമെഴുതുമ്പോൾ നിന്നും നടന്നും എഴുതാനായി ഒരാൾപ്പൊക്കത്തിൽ നിർമിച്ച ആ മേശ ഈ 90–ാം വയസ്സിലുമുണ്ട് സി.എൽ ജോസിന്റെ എഴുത്തുമുറിയിൽ ആ ‘ഒരാൾ ഉയരക്കാരൻ’ മേശ.

രണ്ടു വേഷത്തിൽ മഹാമാരി

1932. സിഎൽ ജോസ് അമ്മയുടെ ഉദരത്തിലാണന്ന്. അമ്മയ്ക്ക് അന്നത്തെ ആഗോള പകർച്ചവ്യാധി പിടിപെട്ടു. വസൂരി. ഉള്ളിലുള്ള ശിശു ചാപിള്ളയാകുമെന്ന് ഏതാണ്ടുറപ്പിച്ചു. അമ്മയുടെ ജീവനെങ്കിലും രക്ഷിക്കണമെന്നായി വീട്ടുകാർ. അങ്കമാലിയിലെ അമ്മവീട്ടിൽ അമ്മയെ താമസിപ്പിച്ചു ബന്ധുക്കൾ മാറിത്താമസിച്ചു. കഞ്ഞി കൊണ്ടുപോയിക്കൊടുക്കാൻ മാത്രമൊരു ജോലിക്കാരി.

ഏപ്രിൽ 4 – വസൂരി തോറ്റു. ജോസ് പിറന്നു. അമ്മയും കുഞ്ഞും രക്ഷപ്പെട്ടു. സി.എൽ ജോസ് 2022 ഏപ്രിൽ നാലിനു 90–ാം പിറന്നാൾ ആഘോഷിക്കുന്നതു മറ്റൊരു മഹാമാരിക്കാലത്ത്. –കോവിഡ്. ജോസിനും കുടുംബത്തിനും കോവിഡ് പിടിപെട്ടു. പക്ഷേ, ഗുരുതര സാഹചര്യങ്ങൾ മറികടന്നു.

90 വർഷത്തെ ഇടവേളയിൽ മഹാമാരിയുടെ 2 വേഷങ്ങൾ. ജീവിതനാടകം.

ഫ്ലാഷ് ബാക്ക്∙ മടിശീല

cl-jose-2
സി.എൽ.ജോസ് എഴുത്തു മേശയ്ക്കരികിൽ.

ചക്കാലക്കൽ ലോനപ്പൻ ഉറങ്ങും മുൻപ് മക്കളെ വിളിച്ചിരുത്തി.

‘ഞാൻ ജോലി ചെയ്യുന്നത് മാസം 10 രൂപ ശമ്പളത്തിനാണ്. ഒരു രൂപ ഈ വീട്ടുവാടക. ബാക്കി ഒൻപതു രൂപയ്ക്ക് വീട്ടുചെലവ്, നിങ്ങളുടെ പഠനം... ഈ പണി പോയാൽ നമ്മുടെ കുടുംബം വഴിയാധാരമാകും. മടിശീലയിൽ ആകെയുള്ള സമ്പത്ത് സത്ഗുണം, സത്യസന്ധത, ദൈവഭക്തി.’

ലോനപ്പൻ ഡയലോഗ് തുടർന്നു. എന്റെ കടയിലെ മുതലാളി ഇന്നലെ എന്നോടൊരു കാര്യം പറഞ്ഞു.

‘ലോനപ്പാ, എനിക്കെതിരെ ഒരു കേസുള്ളതറിയാമല്ലോ. വിശ്വസിക്കുന്നൊരാൾ സാക്ഷി പറഞ്ഞാലേ ഞാൻ രക്ഷപ്പെടൂ. താൻ എനിക്കുവേണ്ടി ഒരു കള്ളസാക്ഷി പറയണം’

സാക്ഷി പറഞ്ഞില്ലെങ്കിൽ ജോലി പോകും. കുടുംബം പട്ടിണിയാകും.

ചിറകുമുളയ്ക്കാത്ത കുഞ്ഞുങ്ങളുടെ കഥ കേൾക്കാനുള്ള കൗതുകത്തിനുമേൽ നാടകത്തിലെന്നതു പോലെ ഒരു സസ്പെൻസ് കർട്ടനിട്ടു. ലോനപ്പൻ കഥ നിർത്തി.

കുട്ടികൾ ഉറങ്ങാൻ കിടന്നു; ലോനപ്പൻ ഉറക്കം വരാതെയും...

ഉറങ്ങാതെ ഒരാൾകൂടിയുണ്ടായിരുന്നു ആ ‌വീട്ടിൽ. മൂത്തമകൻ ജോസ്. സി.എൽ ജോസ്. മൂന്നാം ക്ലാസുകാരൻ. അപ്പൻ നാളെ മുതലാളിയോട് എന്തു ‘ഡയലോഗ് ’ പറയും എന്ന ചിന്തയിൽ.

ഉറക്കമില്ലാത്ത രാത്രിയുടെ ക്ലൈമാക്സിൽ രാവിലെ അപ്പൻ മുതലാളിയോടു പറഞ്ഞു.

‘ ഞാൻ സാക്ഷി പറയില്ല. കാരണം ആ സംഭവം ഞാൻ കണ്ടിട്ടില്ല’

ചക്കാലക്കൽ ലോനപ്പൻ ജോസെന്ന സി.എൽ ജോസിന്റെ മടിശീലയിൽ മാത്രമല്ല, തിരശീലയിലും കള്ളമില്ലാത്തതിനു വേറെ കാരണം അന്വേഷിക്കണ്ടല്ലോ.!

കൊലപാതകവും പീഡനവും ആത്ഹമത്യയും ഇല്ലാത്ത 36 സമ്പൂർണ നാടകങ്ങളും 75 ഏകാങ്കങ്ങളുമുണ്ട് ആ മടിശീലയിൽ.

കഥയുടെ ‘കുറി’പ്പ്

ക്ഷേമവിലാസം കുറിക്കമ്പനിയിൽ ജോലി ചെയ്യുന്ന കാലം. കമ്പനി പൂട്ടി ഇറങ്ങാൻ തയാറെടുക്കുമ്പോൾ ഒരു യുവതി കയ്യിലൊരു പാസ് ബുക്കുമായെത്തി..

‘ ഇന്നു തന്നെ കുറിയിൽ നിന്നൊരു ലോൺ അനുവദിച്ചു തരണം സാർ’

നേരം വൈകി. ഇപ്പോൾ എങ്ങനെ ലോൺ അനുവദിച്ചു പണം നൽകാനാകുമെന്നു ചോദിച്ച ജോസിനോട് അവർ അവരുടെ ജീവിതം പറഞ്ഞു:

അച്ഛൻ കിടപ്പുരോഗി.

അമ്മയ്ക്കു കൂലിപ്പണി.

ടിടിസി പാസായ എനിക്കു നാളെ പണവുമായി ചെന്നാൽ ജോലി തരാമെന്ന് ഒരു സ്കൂൾ മാനേജർ പറഞ്ഞു. എനിക്കിനു പണം തന്നേ തീരൂ..

അവരുടെ മിഴിയിൽ കണ്ണീർ തിരശീലയിട്ടു..

എത്രയും പെട്ടെന്നു തുക ശരിയാക്കി നൽകി വീട്ടിലേക്കു മടങ്ങുമ്പോൾ ജോസിന്റെ ഉള്ളിൽ ഒരു തിരശീല ഉയർന്നു. അടുത്ത നാടകം ഉറപ്പിച്ചു: പേര്: തീപിടിച്ച ആത്മാവ്.

അധ്യാപകനിയമനത്തിനു കോഴ വാങ്ങുന്നതിനെതിരെയുള്ള പ്രതിഷേധമായിരുന്നു ആ നാടകം.

അന്നു കുറിക്കമ്പനിയിലെത്തിയ യുവതിയായി തൃശൂർ എൽസി അഭിനയിച്ചു. ആങ്ങളയായി പിന്നീട് വലിയ നടനായി മാറിയ സി.ഐ. പോളും.

കുറിക്കമ്പനിയിൽ കയ്യിൽ പാസ്ബുക്കുമായി എത്തുന്ന ഇടപാടുകാരൊക്കെ വച്ചുനീട്ടുന്നതു ജീവിതകഥകളാണ്. നാടകത്തെ വെല്ലുന്ന ജിവിതങ്ങൾ.

വേഷം

ജുബ്ബ, തോൾ സഞ്ചി, വെട്ടിയൊതുക്കാത്ത മുടി...

നാടകത്തിലായാലും ജീവിതത്തിലായാലും നാടകമെഴുത്തുകാരന്റെയും സംവിധായകന്റെയും വേഷം അതാണ്.

സി.എൽ. ജോസിനെ ഒരിക്കലും ആ വേഷത്തിൽ കാണാനാവില്ല.

ക്ലീൻഷേവ് ചെയ്ത മുഖം. അലക്കിത്തേച്ച വെള്ള മുണ്ടും വെള്ള ഷർട്ടും.. അടി‘മുടി’ വ‌ൃത്തിയും വെടിപ്പും.

മദ്യത്തിന്റെ മണമോ ബീഡിയുടെ പുകവലയമോ ജോസിനുണ്ടായില്ല.

അതിനു കാരണം ഒന്നേ പറയാനുള്ളു

‘ഞാനൊരു ഗൃഹനാഥനാണ്’.

30–ാം വയസ്സിൽ പിതാവ് മരിച്ചു. താഴെ എട്ടു സഹോദരങ്ങൾ.

പെങ്ങളെ കെട്ടിച്ചയച്ചതിന്റെ കടംവീട്ടാൻ പണമില്ലാതിരിക്കുമ്പോഴാണു സി.എൽ. ജോസിന്റെ നാടകം പാഠപുസ്തകമാകുന്നത്. റോയൽറ്റി കൊണ്ടു വീടാത്ത കടങ്ങളില്ല. നാടകത്തിൽ നിന്നു കിട്ടിയ ഒരണയും പാഴാക്കിയതുമില്ല.. എന്നാൽ പണത്തിനു വേണ്ടി മൂല്യം കൈവിട്ട് ചായ്ച്ചും ചെരിച്ചും എഴുതിയതുമില്ല.

എന്നിട്ടും കേരളത്തിൽ ‘സ്റ്റേജ് ഇഫക്ട് ’ ഉള്ള നാടകങ്ങളെഴുതുന്നവരിൽ പ്രഫഷനൽ നാടകത്തിൽ തോപ്പിൽ ഭാസിയും അമച്വർ നാടകത്തിൽ സി.എൽ ജോസും കഴിഞ്ഞേ മറ്റാരുമുള്ളൂ എന്നു പറഞ്ഞത് പി.കേശവദേവ് ആണ്.

യുവറോണർ, എങ്ങനെയാണ് ജീവിതം?

ആദർശധീരനായ ജഡ്ജിക്ക് സ്വന്തം വീട്ടിൽ നീതി നിഷേധിക്കപ്പെടുന്ന കഥ ഇതിവൃത്തമാക്കി മണൽക്കാട് എന്ന നാടകമെഴുതാനിരുന്നു സി.എൽ ജോസ്.

ജഡ്ജിയുടെ ജീവിതമെങ്ങനെയാണെന്നറിയാൻ പരിചയമുള്ള വക്കീലന്മാരോടൊക്കെ ചോദിച്ചിട്ടും തൃ‌പ്തിയായില്ല.

സി.എൽ. ജോസ് കുറിക്കമ്പനിയിലെ ഫോണിൽ നിന്നു കോടതിയിലേക്കു വിളിച്ചു. ജഡ്ജിയെ ഒന്നു ലൈനിൽ കിട്ടണം.

ഫോണിൽ അപ്പുറത്തു ജില്ലാ ജ‍ഡ്ജി ഇ.കെ. മൊയ്തുവിന്റെ ശബ്ദം.

സർ, ഞാൻ നാടകകൃത്ത് സി.എൽ ജോസാണ്. എനിക്കു ജ‍ഡ്ജിയുടെ ജീവിതമെങ്ങനെയെന്ന് അറിയണം.

അൽപനേരം അപ്പുറത്തു നിശബ്ദത.

വൈകിട്ടു ക്വാർട്ടേഴ്സിൽ വരൂ – ജഡ്ജി നിർദേശിച്ചു.

ജോസ് ജഡ്ജിയുടെ മുന്നിൽ ഹാജർ.

15 മിനിറ്റ് സമയം അനുവദിച്ചെങ്കിലും ഒരു മണിക്കൂർ ജഡ്ജി ജീവിതം പറഞ്ഞു. അതു നാടകമായി.

നാടകം തൃശൂരിൽ പൊതുവേദിയിൽ അവതരിപ്പിച്ചപ്പോൾ മുൻനിരയിൽ അതാ ഇരിക്കുന്നു ജഡ്ജിയും ഭാര്യയും!

നാടകജീവിതം

1956ൽ എഴുതിയ ‘മാനം തെളിഞ്ഞു’ ആണ് ആദ്യ നാടകം. 36 സമ്പൂർണ നാടകങ്ങൾ, ഒരു ബാലനാടകം, 75 ഏകാങ്കങ്ങൾ, ആത്മകഥ (ഓർമകൾക്ക് ഉറക്കമില്ല), നാടകാനുഭവം, ഫലിത സമാഹാരങ്ങൾ അങ്ങനെ പുസ്തകങ്ങളും എഴുതി.

സി.എൽ. ജോസിന്റെ അരമണിക്കൂർ നാടകങ്ങൾ, തിരഞ്ഞെടുത്ത ഏകാങ്കങ്ങൾ , നാടകരചന എന്ത്, എന്തിന് തുടങ്ങിയ ഗ്രന്ഥങ്ങളും എഴുതി. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ‍്, കെസിബിസി അവാർഡ്, കേരള സഭാതാരം അവാർഡ്, സിസ്റ്റർ മേരി ബനീഞ്ഞ അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, ജേസി ഫൗണ്ടേഷൻ അവാർഡ്, സംഗീതനാടക അക്കാദമി ‘കലാരത്ന’ ഫെലോഷിപ്, സർക്കാരിന്റെ എസ്എൽപുരം നാടക പുരസ്കാരം ഇവയടക്കം ഇരുപതിലേറെ അവാർഡുകൾ. കത്തോലിക്കാ സഭയുടെ പരമോന്നത അൽമായ ബഹുമതിയായ ഷെവലിയർ പദവി 2008ൽ ലഭിച്ചു. 2019ലെ പുത്തേഴത്ത് രാമൻ മേനോൻ അവാർഡ്, കഴിഞ്ഞ വർഷത്തെ അബുദാബി ശക്തി അവാർഡ് ഉൾപ്പെടെ 27 പുരസ്കാരങ്ങൾ.

അറിയാത്ത വീഥികൾ, അഗ്നിനക്ഷത്രം, ഭൂമിയിലെ മാലാഖ എന്നീ സിനിമകളും എഴുതി.

നാടകങ്ങളിൽ പലതും ആകാശവാണി 14 ഭാഷകളിൽ മൊഴിമാറ്റി അവതരിപ്പിച്ചു. ആകാശവാണിയുടെ അഖിലകേരള റേഡിയോ നാടകവാരത്തിൽ 15 വർഷം തുടർച്ചയായി ജോസിന്റെ നാടകം തിരഞ്ഞെടുക്കപ്പെട്ടു. ആകാശവാണി ഹൈ ഗ്രേഡ് ആർട്ടിസ്റ്റാണ്.

കേന്ദ്ര സംഗീത നാടക അക്കാദമി അംഗം, കേരള സംഗീത നാടക അക്കാദമി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.

വിവാഹജീവിതം ഭാര്യ ലിസിക്കൊപ്പം 63–ാം വർഷത്തിലേക്ക്. ഭാര്യ ലിസിയുടെ പേര് വിവാഹം കഴിഞ്ഞ് ആദ്യമെഴുതിയ നാടകത്തിലെ നായികയ്ക്കു ചാർത്തിക്കൊടുത്ത് ഭാര്യയെ ഞെട്ടിച്ചു. മക്കൾ: ഷേളി, തങ്കച്ചൻ, ഡെയ്സൺ.

ക്ലൈമാക്സ്∙ ആ‘പത്ത’ല്ല, ജീവിതം

പത്ത് പാസായിക്കഴിഞ്ഞപ്പോൾ കോളജിൽ പഠിക്കാൻ മോഹിച്ച ജോസിനു പക്ഷേ അതിനു കഴിഞ്ഞില്ല. താഴെയുള്ള എട്ടുമക്കളെ നോക്കാൻ നീ ജോലിക്കു പോയിത്തുടങ്ങണമെന്ന അപ്പന്റെ ഡയലോഗിൽ പഠനമോഹത്തിനു കർട്ടൻ വീണു.

കൊച്ചിൻ റിസർവ് ബാങ്ക് എന്നുപേരുള്ള കുറിക്കമ്പനിയിൽ കണക്കെഴുത്തുകാരനായി ജോലി നേടി. ആദ്യദിവസം ജോലിക്കു തൃശൂർ സെന്റ് തോമസ് കോളജിനു മുന്നിലൂടെ നടക്കുമ്പോൾ കോളജിന്റെ രണ്ടാം നിലയിൽ നിന്നൊരു വിളി. തന്റെ കൂടെ പഠിച്ചു തന്നക്കാൾ കുറവു മാർക്ക് നേടിയവർ കോളജിൽ നിന്നു വിളിക്കുകയാണ്. നീറുന്ന മനസ്സോടെ ജോസ് റോഡിൽ നോക്കി ആഞ്ഞുചവിട്ടി നടന്നു.

വർഷങ്ങൾ കഴിഞ്ഞ് അതുപോലൊരു ദിവസം ജോസ് കോളജിനു മുൻപിലെ റോഡിലൂടെ നടന്നു പോകുന്നു. കോളജിൽ നിന്നു കേൾക്കുന്നു തന്റെ പേര്.

സി.എൽ. ജോസ് എഴുതിയ ജ്വലനം എന്ന നാടകം അവിടെ പഠിപ്പിക്കുകയാണ്. പഠിക്കാൻ കഴിയാത്ത കോളജിൽ തന്റെ നാടകം പഠിപ്പിക്കുന്നു. അമിത സന്തോഷമൊന്നും തോന്നിയില്ല. ഇതിനെക്കാൾ വൈകാരികമായ ജീവിത മുഹൂർത്തങ്ങൾ എഴുതിത്തള്ളിയ ആൾക്ക് ഇതൊരു ട്വിസ്റ്റേ ആയിരിക്കില്ലല്ലോ..

മണൽക്കാട്, ജ്വലനം, യുഗതൃഷ്ണ എന്നീ നാടകങ്ങളാണ് കേരള, കാലിക്കറ്റ്, എംജി സർവകലാശാലകൾ ഡിഗ്രി പാഠപുസ്തകമാക്കിയത്. നാടകരചന എന്ത്, എങ്ങനെ എന്ന പഠനഗ്രന്ഥം കേരള, കാലിക്കറ്റ് സർവകലാശാലകളിൽ മലയാളം എംഎയ്ക്ക് പാഠപുസ്തകമായി..

കറുത്തവെളിച്ചം, ഈ രക്തത്തിൽ തീയുണ്ട്, കരിഞ്ഞ മണ്ണ്, കന്നിക്കനി, വെളിച്ചം പിണങ്ങുന്നു, കൊടുങ്കാറ്റുറങ്ങുന്ന വീട്. ഏറെ വ്യത്യസ്തമാണു സിഎൽ ജോസിന്റെ നാടകങ്ങളുടെ പേരുകൾ.

ആന്റി ക്ലൈമാക്സ് ∙ അച്ഛനു ജോലി പോയോ?

സിഎൽ ജോസിന്റെ ജീവിതകഥയിൽ ‘കള്ളസാക്ഷി പറയില്ലെന്ന’ നിലപാടെടുത്ത അപ്പൻ ലോനപ്പന് എന്തു സംഭവിച്ചു. ജോലി പോയോ?

മുതലാളിക്കു വേണ്ടിയായാലും കള്ളസാക്ഷി പറയില്ലെന്നു തറപ്പിച്ചു പറഞ്ഞ ലോനപ്പനെ മുതലാളി ഒന്നിരുത്തി നോക്കി. ഒന്നു മൂളി. എന്നിട്ടു നടന്നു പോയി.

ലോനപ്പനു ജോലി പോയി.

പക്ഷേ, അത് സത്യത്തിനായുള്ള ആ യുദ്ധത്തിലല്ല, കുറച്ചുനാളുകൾക്കു ശേഷം രണ്ടാം ലോകയുദ്ധം വന്നപ്പോൾ!

English Summary: CL Jose Life Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com