ADVERTISEMENT

ഒരുപക്ഷേ എന്റെ ഭൂരിപക്ഷം ബന്ധുക്കളും മുഴുവൻ ശത്രുക്കളും ഒരേ സ്വരത്തിൽ പറയുന്നതുപോലെ ഞാൻ ചെയ്യുന്നത് സാഹസം തന്നെയായിരിക്കാം. മറ്റുള്ളവർക്കു വീടുകൾ ഡിസൈൻ ചെയ്തു കെട്ടിക്കൊടുക്കുന്ന ഞാൻ സ്വന്തമായി ഒരു വീട് വയ്ക്കുന്നതിനെക്കുറിച്ചു ചിന്തിച്ചില്ല. പക്ഷേ സ്വന്തമായി ഒരു സിനിമ നിർമിക്കാൻ പോകുന്നു. വിവേകക്കുറവു തന്നെ കാരണം. കൺസ്ട്രക്ഷൻ കമ്പനി തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ എന്റെ സൈറ്റിലെ പ്രധാന ജോലിക്കാരനായ കണ്ണൻ മേസ്തിരി പറഞ്ഞു. ‘ സാർ, ഉങ്കളുക്കാകെ ഒരു വീട് ഇപ്പവേ സ്റ്റാർട്ട് പണ്ണലാം. കൂട്ടത്തിലെ പണ്ണിനാൽ ജാസ്തി ശെലവില്ലാമെ വേല മുടിഞ്ചിടും’ മേസ്തിരിയുടെ കണക്കുകൂട്ടലിലെ കാപട്യം എനിക്കു മനസ്സിലായി. അങ്ങനെ പൂർത്തിയാകുന്ന ഒരു വീട്ടിലല്ല എന്റെ കുഞ്ഞുങ്ങൾ വളരേണ്ടത്. ഞാൻ അയാളെ നിരുത്സാഹപ്പെടുത്തി. അപ്പോൾ അയാൾ തുടർന്നു. ‘നീങ്കെ എൻജിനീയർ. നാൻ വെറും മേസൻ. ആനാൽ നാൻ വയസ്സിൽ പെരിയവൻ. അതിനാലെ ശൊൽറേൻ. ഇന്ത വഴിയേ പോനാൽ ഉങ്കളാലെ സമ്പാദിക്ക മുടിയാത് ’. കണ്ണൻ മേസ്തിരി ശരിക്കും ഒരു പ്രവാചകനായിരുന്നു.

രണ്ടു സിനിമകൾക്കു പാട്ടെഴുതിയതിനു ശേഷം ഇരുപത്താറാം വയസ്സിൽ കേരളാ സർക്കാരിനു കീഴിലുള്ള അസിസ്റ്റന്റ് ടൗൺപ്ലാനർ ഉദ്യോഗം മുൻപിൻനോട്ടമില്ലാതെ രാജിവച്ചപ്പോഴും എന്റെ ബന്ധുക്കൾ പറഞ്ഞു. ‘ബോധമില്ലാത്തവൻ, ധിക്കാരി, നിഷേധി. ആരും കൊതിക്കുന്ന ഒരു നല്ല ജോലി വലിച്ചെറിഞ്ഞിട്ടു വന്നിരിക്കുന്നു. മരണം വരെ പെൻഷൻ കിട്ടുമായിരുന്ന നല്ല അന്തസ്സുള്ള ജോലി. മര്യാദയ്ക്ക് ആ ജോലി നോക്കിയിരുന്നെങ്കിൽ ചീഫ് ടൗൺപ്ലാനർ ആയി റിട്ടയർ ചെയ്തേനെ.’ അവരുടെ കാഴ്ചപ്പാട് ശരിയാണ്. പക്ഷേ എന്റെ മനസ്സിന്റെ എക്സ്റേ എടുത്ത് അവരെ കാണിക്കാൻ വഴിയില്ലല്ലോ. ‘സ്‌കാനിങ്’ എന്ന എന്റെ കവിതയിൽ പറയുന്നതുപോലെ ‘മനസ്സ് സ്കാൻ ചെയ്യുന്ന യന്ത്രമുണ്ടാവുകിൽ മനുഷ്യബന്ധങ്ങൾ തൻ കഥയെന്താകും ? ’ ഏതായാലും ഞാൻ എന്റെ ചന്ദ്രകാന്തം എന്ന സിനിമയുമായി മുമ്പോട്ടു പോകാൻ തന്നെ തീരുമാനിച്ചു. മലയാളത്തിൽ അന്നു പ്രചാരത്തിലുണ്ടായിരുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും വളരെ പ്രാധാന്യത്തോടെ അതിന്റെ വാർത്തകൾ നൽകി. ജനയുഗം പ്രസിദ്ധീകരണമായിരുന്ന സിനിരമ വാരികയിൽ പത്രാധിപരായ കാമ്പിശേരി കരുണാകരൻ എന്റെ ഒരു അഭിമുഖവും വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അതിൽ ചന്ദ്രകാന്തത്തിന്റെ കഥയുടെ ഏകദേശരൂപവും കൊടുത്തിരുന്നു. ഇതിനിടയിൽ എന്റെ സിനിമയിലെ നടീനടന്മാരുടെയും സാങ്കേതികവിദഗ്ധരുടെയും വിശദമായ ലിസ്റ്റ് കണ്ട് അക്കാലത്തെ പ്രധാന വിതരണക്കാരായ വിമലാ ഫിലിംസിന്റെ പ്രധാന പങ്കാളിയായ മാത്യു വീണ്ടും എന്നെ ഫോണിൽ വിളിച്ച് ചിത്രം അവർ വിതരണത്തിനെടുക്കാമെന്നു പറഞ്ഞു.

എനിക്കു കടപ്പാടുള്ളത് എന്നെ പലവിധത്തിലും സഹായിച്ചിട്ടുള്ള ബാൽത്തസാറിനോടാണ്. അദ്ദേഹത്തിന് താൽപര്യമില്ല എന്നു പറഞ്ഞാൽ മാത്രമേ ഞാൻ മറ്റൊരാൾക്ക് എന്റെ പടം കൊടുക്കൂ എന്നായിരുന്നു എന്റെ മറുപടി. അതേ സമയം തന്റെ സ്വന്തം ചിത്രമായ ‘ആചിത്രശലഭം പറന്നോട്ടെ’ പരാജയപ്പെട്ട അവസ്ഥയിൽ വിതരണക്കമ്പനി മുന്നോട്ടു കൊണ്ടുപോകാൻ പ്രേംനസീർ നായകനായ സിനിമ കൂടിയേ കഴിയൂ എന്ന അവസ്ഥയിലായിരുന്നു ബാൽത്തസാർ. അന്ന് തീയറ്ററുടമകളുടെ ആരാധ്യനായ നടൻ പ്രേംനസീർ തന്നെയായിരുന്നു. 

Sreekumaran-thampi
ശ്രീകുമാരൻ തമ്പി

എ സെന്റർ എന്നറിയപ്പെടുന്ന റിലീസ് കേന്ദ്രങ്ങളിൽ ശരാശരി വിജയം നേടുന്ന നസീർ ചിത്രങ്ങൾ പോലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും (ബി, സി കേന്ദ്രങ്ങൾ ) വമ്പിച്ച കലക്ഷൻ നേടുമായിരുന്നു. അതുകൊണ്ട് അക്കാലത്തു പ്രേംനസീറിന്റെ പഴയ ആക്‌ഷൻ ചിത്രങ്ങളുടെ പുതിയ പ്രിന്റുകൾ എടുത്തു വീണ്ടും പ്രദർശിപ്പിക്കുന്ന പതിവുണ്ടായിരുന്നു. ഇങ്ങനെ പഴയ നസീർ ചിത്രങ്ങളുടെ വിതരണാവകാശം ചെറിയ വിലകൊടുത്ത് വാങ്ങി ബി, സി കേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ചു വലിയ ധനവാന്മാരും തീയറ്ററുടമകളുമൊക്കെയായ വ്യക്തികൾ ഇന്നും കേരളത്തിൽ ജീവിച്ചിരിക്കുന്നുണ്ട്. ‘ തമ്പിയുടെ പടം എനിക്കു വേണം. മറ്റേതു ഡിസ്ട്രിബ്യുട്ടറും തരുന്നതിനെക്കാൾ പതിനായിരം രൂപ കൂടുതൽ അഡ്വാൻസായി ഞാൻ തരും.’ ബാൽത്തസാർ എന്നോട് പറഞ്ഞു. ചിത്രത്തിന്റെ പൂജയും റിക്കോർഡിങ്ങും എവിഎം സ്റ്റുഡിയോയിൽ നടത്താൻ തീരുമാനിച്ചു. കുറച്ചു പേരെയെങ്കിലും ക്ഷണിക്കണം. ക്ഷണപത്രികയിൽ വിതരണം :ഹസീനാ ഫിലിംസ് എന്നു കൂടി ഉൾപ്പെടുത്തണമെന്നു ബാൽത്തസാർ പറഞ്ഞു. ഞാൻ സമ്മതിച്ചു. 

ഒരു പുതിയ സംവിധായകന്റെ സിനിമയ്ക്കു ഷൂട്ട് തുടങ്ങുന്നതിനു മുൻപു തന്നെ വിതരണക്കാരെ കിട്ടുകയെന്നതു നിസ്സാരകാര്യമല്ല. സത്യത്തിൽ അനേകം ഗാനങ്ങളും തിരക്കഥകളും എഴുതിക്കഴിഞ്ഞിരുന്ന എന്നെ ആരുംതന്നെ പുതിയ സംവിധായകനായി കണക്കാക്കിയില്ല എന്നതത്രേ പരമാർഥം. 1973 ഒക്ടോബർ മാസത്തിലെ വിജയദശമിദിനത്തിൽ എവിഎം സ്റ്റുഡിയോയിലെ ആർആർ തീയറ്ററിൽ എന്റെ ആദ്യചിത്രമായ ചന്ദ്രകാന്തത്തിന്റെ പൂജയും ഗാനങ്ങളുടെ റിക്കോർഡിങ്ങും നടത്താൻ തീരുമാനിച്ചു. അതനുസരിച്ചു ക്ഷണപത്രികയും അച്ചടിപ്പിച്ചു. പരസ്യചിത്രകാരനായ എസ്.എ. നായർ അതിമനോഹരമായ ഒരു ക്ഷണപത്രിക തയാറാക്കിത്തന്നു. ഞാൻ ഡിസൈൻ ചെയ്തു കെട്ടിയ മദ്രാസ് ലിത്തോ പ്രസിന്റെ ഉടമസ്ഥനായ സി.സോമശേഖർ അച്ചടിയുടെ മേൽനോട്ടം വഹിച്ചു. എട്ടു പാട്ടുകൾ ഞാനെഴുതി. തിരക്കിനിടയിലും വിശ്വേട്ടൻ അവ വളരെ ഭംഗിയായി ചിട്ടപ്പെടുത്തിത്തന്നു. ഓരോ പാട്ടിനും ഈണമിട്ടതിനു ശേഷം വിശ്വേട്ടൻ ചോദിക്കും. ‘ഉനക്കു പിടിച്ചാച്ചാ. ഇല്ലേ ന്നാ ഇന്നൊരു ട്യൂൺ പോടുവോം.’ പിന്നെ മലയാളത്തിൽ പറയും. ‘കവിഞ്ജർ തമ്പിയോടല്ല, ഡയറക്ടർ തമ്പിയോടാണു ചോദ്യം.’ എട്ടു പാട്ടുകളും ജനങ്ങൾ ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പായി. അപ്പോഴാണ് എന്റെയുള്ളിൽ നിന്നു ഞെട്ടിക്കുന്ന ആ ചോദ്യം ഉയർന്നത്. ആരാണ് ഈ പാട്ടുകൾ പാടാൻ പോകുന്നത് ? എം.എസ്.വിശ്വനാഥന്റെ സംഗീതത്തിൽ ഇനി യേശുദാസ് പാടുകയില്ല എന്ന വാർത്ത മലയാള സിനിമാരംഗത്തു പ്രചരിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് കെ.എസ്.സേതുമാധവന്റെ സ്വന്തം ചിത്രമായ ‘പണിതീരാത്ത വീട്’ എന്ന സിനിമയിൽ യേശുദാസ് പാടാഞ്ഞത്. ആ ചിത്രത്തിലെ ഏറ്റവും മികച്ച ഗാനമായ ‘സുപ്രഭാതം, സുപ്രഭാതം ’ എന്ന മോഹനരാഗത്തിലുള്ള ഗാനം ജയചന്ദ്രനാണു പാടിയത്. ഞാൻ പാട്ടുകളെഴുതിയ ‘മന്ത്രകോടി’ എന്ന സിനിമയിലും പ്രേംനസീറിനു പാടാനുള്ള എല്ലാ പാട്ടുകളും ജയചന്ദ്രനാണു പാടിയത്. 

‘അറബിക്കടലിളകിവരുന്നു, ആകാശപ്പൊന്നു വരുന്നു ’ എന്ന പാട്ടും ‘കിലുക്കത്തെ കിലുങ്ങുന്ന കിലുക്കാംപെട്ടി നിൻ കിങ്ങിണിയരമണിയെവിടെ’ എന്ന പാട്ടും ‘മലരമ്പനെഴുതിയ മലയാളകവിതേ ’ എന്ന പാട്ടുമൊക്കെ ജയചന്ദ്രനാണു പാടിയത്, അവയെല്ലാം ഹിറ്റുകളാവുകയും ചെയ്തു. ജയചന്ദ്രൻ മികച്ച പാട്ടുകാരൻ തന്നെയാണ്. പക്ഷേ ഞാൻ സംവിധാനം ചെയ്യുന്ന, നിർമിക്കുന്ന ആദ്യചിത്രത്തിൽ യേശുദാസിന്റെ ശബ്ദമേ ഇല്ലാതിരിക്കുക..! അതെപ്പറ്റി എനിക്കു ചിന്തിക്കാനേ സാധ്യമല്ല. ഞങ്ങൾ തമ്മിൽ പിണങ്ങും, ചിലപ്പോൾ കുറച്ചു കാലം തമ്മിൽക്കണ്ടാൽ മിണ്ടാതിരിക്കും. എന്റെ വരികൾ വേണ്ടെന്ന് അദ്ദേഹമോ യേശുദാസിന്റെ ശബ്ദം വേണ്ടെന്ന് ഞാനോ ഇന്നേവരെ ഒരിടത്തും പറഞ്ഞിട്ടില്ല. യേശുദാസിന്റെ അമ്മച്ചിക്ക് എന്നോടു വലിയ സ്നേഹമാണ്. യഥാർഥത്തിൽ ഞാനും യേശുദാസും കൂടുതൽ അടുത്തിടപഴകിയിരുന്ന അക്കാലത്ത് യേശുദാസിന്റെ അമ്മച്ചി എനിക്കു മറ്റൊരമ്മ തന്നെയായിരുന്നു. നാടകരംഗത്ത് ഒരേ കാലഘട്ടത്തിൽ പാടിയഭിനയിച്ചിരുന്ന നായകനടന്മാരാണ് അഗസ്റ്റിൻ ജോസഫും വൈക്കം എം.പി.മണിയും (ശരിയായ പേര് വൈക്കം മാനാശ്ശേരിൽ ശങ്കരനാരായണ കുറുപ്പ്) ഉദയയുടെ രണ്ടാമത്തെ സിനിമയായ നല്ല തങ്കയിൽ അവർ രണ്ടുപേരും ഒരുമിച്ചഭിനയിച്ചു. നല്ലതങ്കയുടെ (മിസ്. കുമാരി) സഹോദരനായി അഗസ്റ്റിൻ ജോസഫും നല്ലതങ്കയുടെ ഭർത്താവായി വൈക്കം മണിയും. വൈക്കം മണിയുടെ മകളുടെ ഭർത്താവായ എന്നെ മകനെപ്പോലെ കരുതാനുള്ള ഹൃദയവിശാലത യേശുദാസിന്റെ അമ്മയ്ക്കുണ്ടായിരുന്നു. 

യേശുദാസിന് അമ്മച്ചിയുടെ ഛായയാണു കൂടുതൽ. ഞാനും എന്റെ അമ്മയെപ്പോലെയാണ്. അമ്മയുടെ ഛായയുള്ള ആൺമക്കൾ ജീവിതത്തിൽ ഉയരങ്ങളിലെത്തും എന്നൊരു വിശ്വാസമുണ്ട്; അതിനു ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെങ്കിലും. ഈ പശ്ചാത്തലത്തിൽ ഞാൻ നിർമിച്ച് സംവിധാനം ചെയ്യുന്ന ആദ്യസിനിമയിൽ യേശുദാസിന്റെ ഒരു പാട്ടെങ്കിലും ഇല്ലെങ്കിൽ കാലം എനിക്കു മാപ്പു തരുമോ? അർജുനൻ മാസ്റ്ററും കെ.പി.കൊട്ടാരക്കരയും പിണങ്ങിയത് എന്റെ അസാന്നിധ്യത്തിൽ പാട്ടിന്റെ കമ്പോസിങ് നടന്നപ്പോഴാണ്. വിശ്വേട്ടനും യേശുദാസും തമ്മിൽ പിണങ്ങിയത് എന്റെ അസാന്നിധ്യത്തിൽ ഞാനെഴുതിയ പാട്ടിന്റെ റിക്കോർഡിങ് നടന്നപ്പോഴും. ഞാനും വിശ്വേട്ടനും ഒരുമിച്ച ആദ്യ ചിത്രമായ ‘ ലങ്കാദഹന’ത്തിലെ മിക്കവാറും എല്ലാ പാട്ടുകളുടെയും റിക്കോർഡിങ് കഴിഞ്ഞു. കല്യാണി രാഗത്തിൽ ചിട്ടസ്വരങ്ങൾ അടങ്ങിയ സ്വർഗ നന്ദിനീ സ്വപ്‌നവിഹാരിണീ ഇഷ്ടദേവതേ സരസ്വതീ എന്ന പാട്ടിന്റെ റിക്കോർഡിങ്ങാണ് ഏറ്റവും ഒടുവിൽ നടന്നത്. ഞാൻ അന്നും റിക്കോർഡിങ്ങിനു പോയിരുന്നു. യേശുദാസിനു പാട്ടിലെ വരികൾ പറഞ്ഞുകൊടുത്തതിനു ശേഷം വിശ്വേട്ടന്റെ അനുവാദം വാങ്ങി ഞാൻ എന്റെ വർക്ക് സൈറ്റിലേക്കു പോയി. റൂഫ് കോൺക്രീറ്റിങ് നടക്കുന്ന ദിവസമായിരുന്നു. സ്ലാബിന്റെ കമ്പികൾ കെട്ടിയിരിക്കുന്നതു ശരിയായ വിധത്തിലാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷമേ കോൺക്രീറ്റിങ് തുടങ്ങുകയുള്ളു. യേശുദാസിനോടും പറഞ്ഞിട്ടാണു ഞാൻ പോയത്. ഞാൻ വരാൻ അൽപം വൈകും എന്നു വിശ്വേട്ടനോടു പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു. ‘നിദാനമാകെ പോയ് വാ. നാൻ പാത്തുക്കിറേൻ’ (സാവധാനം പോയിട്ട് വാ. ഞാൻ നോക്കിക്കൊള്ളാം) സംവിധായകൻ ശശികുമാർസാറും കെ.പി.കൊട്ടാരക്കരയും അനുവാദം തന്നു. കെ.പി.ചേട്ടൻ പറഞ്ഞു. ‘തമ്പി ഓടിപ്പിടിച്ചൊന്നും വരണ്ട. യേശുദാസിനു വരികൾ പറഞ്ഞുകൊടുത്തില്ലേ. ഇന്നിനി ഇങ്ങോട്ടു വന്നില്ലെങ്കിലും കുഴപ്പമില്ല, വർക്ക് സൈറ്റിൽ നിന്നു തമ്പി വീട്ടിലേക്കു പൊയ്ക്കോ. ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ ഞങ്ങൾ എല്ലാവരുമുണ്ടല്ലോ.’ സൈറ്റിലെ ജോലികൾ തീർന്നപ്പോൾ സമയം രാത്രിയായി. അപ്പോഴേക്കും റിക്കോർഡിങ് കഴിഞ്ഞിരിക്കും ഞാൻ വീട്ടിലേക്കുപോയി. 

അടുത്ത ദിവസം കെ.പി.ചേട്ടൻ പറഞ്ഞു. ‘ഇന്നലെ തമ്പി പോയിക്കഴിഞ്ഞ് ഒരു ചെറിയ പ്രശ്നമുണ്ടായി. ദാസും വിച്ചുവും തമ്മിൽ. ‘ശരിക്കും വിച്ചുവിന്റെ ഭാഗത്തു നിന്നുള്ള കുഴപ്പമല്ല. വിച്ചുവിന്റെ അസിസ്റ്റന്റ് ഗോവർദ്ധനുമായാണ് യേശുദാസ് പിണങ്ങിയത്. അപ്പോൾ വിച്ചു അസിസ്റ്റന്റിനെ സപ്പോർട്ട് ചെയ്തത് യേശുദാസിന് ഇഷ്ടപ്പെട്ടില്ല. പാട്ടു പാടിക്കഴിഞ്ഞ് ഒന്നും പറയാതെ ദാസ് ഇറങ്ങിപ്പോയി. ഏതായാലും നമ്മുടെ പാട്ടുകൾ എല്ലാം എടുത്തുകഴിഞ്ഞു. അതുകൊണ്ടു നമ്മൾ രക്ഷപ്പെട്ടു.’ ഇത്രയുമാണു കെ.പി.ചേട്ടൻ പറഞ്ഞത്. എം.എസ്.വിശ്വനാഥൻ യേശുദാസിനു തമിഴിൽ നല്ല പാട്ടുകൾ നൽകിയ സംഗീത സംവിധായകനാണ്. 

വളരെ സ്നേഹത്തോടെയാണ് അദ്ദേഹം യേശുദാസിനോട് പെരുമാറുന്നത്. ‘ലങ്കാദഹന’ത്തിലും ഈശ്വരനൊരിക്കൽ വിരുന്നിനു പോയി എന്ന ഗാനവും സ്വർഗ്ഗനന്ദിനീ എന്ന ക്ലാസിക്കൽ ഗാനവും , സൂര്യനെന്നൊരു നക്ഷത്രം, നക്ഷത്ര രാജ്യത്തെ നർത്തന ശാലയിൽ എന്നീ പാട്ടുകളുമടക്കം ആകെ നാല് ഗാനങ്ങൾ യേശുദാസിനാണു കൊടുത്തത്. അവർ തമ്മിൽ ഒരിക്കലും പിണങ്ങാൻ പാടില്ലായിരുന്നു. ആ സമയത്തു ഞാനുണ്ടായിരുന്നെങ്കിൽ തീർച്ചയായും ഈ അഭിപ്രായവ്യത്യാസം തുടക്കത്തിൽത്തന്നെ ഒഴിവാക്കാൻ എനിക്കു കഴിയുമായിരുന്നു. അതിനു ശേഷം എം.എസ്.വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ച മലയാള സിനിമകളിലൊന്നും യേശുദാസ് പാടിയില്ല.

 എന്തായാലും എനിക്കു രണ്ടുപേരും കൂടിയേ കഴിയൂ. ഞാൻ ഇങ്ങനെ മാനസികസംഘട്ടനത്തിൽ കഴിയുമ്പോൾ വിശ്വേട്ടനും ഞാനും ‘ദിവ്യദർശനം ’ എന്ന സിനിമയ്ക്കുവേണ്ടി പാട്ടുകൾ ഒരുക്കുന്നുണ്ടായിരുന്നു. ശശികുമാർ ആണു ദിവ്യദർശനത്തിന്റെ സംവിധായകൻ. അദ്ദേഹം യേശുദാസിന്റെ ശബ്ദം തന്റെ ചിത്രത്തിൽ കൂടിയേ കഴിയൂ എന്നു നിർബന്ധമുള്ളയാളാണ്. ദിവ്യദർശന"ത്തിന്റെ ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞാണ് ആദ്യത്തെ രണ്ടു പാട്ടുകൾ റിക്കോർഡ് ചെയ്തത്. ‘സ്വർണഗോപുര നർത്തകീശിൽ‌പം കണ്ണിനു സായൂജ്യം നിൻ രൂപം’ എന്ന ഗാനവും ‘കർപ്പൂരദീപത്തിൻ കാന്തിയിൽ കണ്ടു ഞാൻ നിന്നെയാ സന്ധ്യയിൽ’ എന്ന യുഗ്മഗാനവുമാണ് ആദ്യം എടുത്തത്. വിശ്വേട്ടൻ സിന്ധുഭൈരവിരാഗത്തിൽ ചെയ്ത ആദ്യഗാനം ജയചന്ദ്രൻ ആണു പാടിയത്. രണ്ടാമത്തെ പാട്ട് ജയചന്ദ്രനും ബി.വസന്തവും ചേർന്നു പാടി. അപ്പോൾ ശശികുമാർ സാർ വിശ്വേട്ടനോട് ഈ പടത്തിൽ യേശുദാസ് പാടുന്നില്ലേ എന്നു ചോദിച്ചു. അപ്പോൾ വിശ്വേട്ടൻ പറഞ്ഞ മറുപടിയിതാണ്.‘ അവനുക്ക് എന്മേൽ കോപം .എൻ പാട്ടേ പാടമാട്ടേൻ എന്നു പറയുന്നു. അവന് എന്നെ വേണ്ടെങ്കിൽ എനിക്ക് അവനെയും വേണ്ട.’ ഈ കാലാവസ്ഥയിലാണ് ഞാൻ എന്റെ സ്വന്തം സിനിമയുടെ പൂജയും റിക്കോർഡിങ്ങും നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഞാൻ ഒരു ദിവസം അതിരാവിലെ മദ്രാസിൽ സാന്തോം ഹൈ റോഡിലുള്ള വിശ്വേട്ടന്റെ വീട്ടിലെത്തി. കുളികഴിഞ്ഞ് നെറ്റി മുഴുവൻ ഭസ്മവും കുങ്കുമവും വാരി പൂശി പോകാൻ തയാറെടുക്കുകയാണു വിശ്വേട്ടൻ. ഏതെങ്കിലും സിനിമയുടെ പാട്ടുകളുടെ കംപോസിങ്ങിനാണ് അതിരാവിലെയുള്ള യാത്ര.

അദ്ദേഹം വീട്ടിലെ ഭക്ഷണമേ കഴിക്കൂ. പാചകക്കാരൻത്തന്നെ കാറിൽ ജോലിസ്ഥലത്തു ഭക്ഷണവുമായിവന്നു വിളമ്പിക്കൊടുക്കും. അത് ഏതെങ്കിലും കമ്പനിയുടെ ഓഫിസാകാം അല്ലെങ്കിൽ റിക്കോർഡിങ് സ്റ്റുഡിയോ ആകാം. ആറര മണിക്കു തന്നെ കണ്ണദാസനോ വാലിയോ പുതുമൈപിത്തനോ പാട്ടെഴുതാൻ വരും. ഒന്നോ രണ്ടോ പാട്ടുകളുടെ കമ്പോസിങ് കഴിഞ്ഞാലുടൻ അവിടെ നിന്നു സ്റ്റുഡിയോയിലേക്കു പുറപ്പെടും. റിക്കോർഡിങ് കോൾഷീറ്റ് തുടങ്ങുന്നതു മിക്കവാറും ഒമ്പതു മണിക്കായിരിക്കും. 

കൃത്യം എട്ടേമുക്കാലിന് അദ്ദേഹം റിക്കോർഡിങ് തീയേറ്ററിൽ എത്തിയിരിക്കും രാവിലെ ആറു മണിക്ക് എന്നെ കണ്ടപ്പോൾ വിശ്വേട്ടന്റെ ഭാര്യ ജാനകിച്ചേച്ചി അദ്‌ഭുതപ്പെട്ടു. പെട്ടെന്ന് എനിക്കു ചൂടുകാപ്പി തന്നു ഇഡ്ഡലി കഴിച്ചിട്ടേ പോകാവൂ എന്നു പറഞ്ഞിട്ടു ചേച്ചി അകത്തേക്കു പോയി. വിശ്വേട്ടൻ അതിബുദ്ധിമാനാണ്. എന്നെ കണ്ടപ്പോൾത്തന്നെ അദ്ദേഹത്തിന്റെ മുഖം സീരിയസ് ആയി. എന്തെങ്കിലും അത്യാവശ്യമില്ലാതെ ഞാൻ വീട്ടിൽ പോവില്ലെന്ന് അദ്ദേഹത്തിനറിയാം. ‘എന്ന വിഷയം ? കാലയിലെ ഇങ്കെ ഉനക്കു എന്ന വേലൈ ? ’. ‘എനിക്ക് അത്യാവശ്യമായി വിശ്വേട്ടനോട് ഒരുകാര്യം സംസാരിക്കണം ’ ഞാൻ പറഞ്ഞു ‘എന്ത് കാര്യം. ? ’ ‘യേശുദാസിന്റെ കാര്യം.’ പെട്ടെന്ന് വിശ്വേട്ടന്റെ മുഖഭാവം മാറി. ‘എന്റെ പാട്ട് ഇനി പാടില്ലെന്ന് അവൻ പറഞ്ഞു. അതുകൊണ്ട് ഞാൻ അവനെ വിളിക്കുന്നില്ല. വയസ്സില് പെരിയവൻ നാൻ താനേ...? ’ നല്ല ദേഷ്യത്തിലാണ് വിശ്വേട്ടൻ. ‘എന്റെ ആദ്യസിനിമയുടെ പൂജയാ നടക്കാൻ പോകുന്നെ. എനിക്ക് എന്റെ പടത്തിൽ വിശ്വേട്ടനെ വേണം. യേശുദാസിനെയും വേണം.’ ഞാൻ ക്ഷമാപണസ്വരത്തിലാണ്‌ അങ്ങനെ പറഞ്ഞത്. വിശേട്ടൻ കുറച്ചുനേരം ആലോചിച്ചുകൊണ്ടു നടന്നു. പിന്നെ പറഞ്ഞു. ‘ഞാനായിട്ട് അവനെ വിളിക്കില്ല. നീയവനെ റിക്കോർഡിങ് തീയേറ്ററിലെ മൈക്കിന് മുമ്പിൽ കൊണ്ടുവന്നു നിർത്ത്. ഞാൻ പാടിക്കാം. നീയെനക്കു ഉടൻപിറന്ത തമ്പി മാതിരി. അതിനാൽ താൻ ഇന്ത കോംപ്രമൈസ്. ’ അങ്ങനെ പറഞ്ഞ് അദ്ദേഹം അമ്മാ എന്നു വിളിച്ചു. വിശ്വേട്ടന്റെ അമ്മ പുറത്തുവന്നു ആ മുഖം കണ്ടതിനു ശേഷമേ വിശ്വേട്ടൻ ജോലിക്കു പോകാൻ കാറിൽ കയറുകയുള്ളു. (അമ്മയുടെ മരണശേഷം ആ സ്ഥാനം ഭാര്യക്കു നൽകി. ഭാര്യയുടെ പേര് വിളിക്കും. അവർ പുറത്തുവന്ന് അവരുടെ മുഖത്ത് നോക്കിയതിനു ശേഷമേ അദ്ദേഹം കാറിൽ കയറൂ).

ഞാൻ പരിചയപ്പെടുമ്പോൾ ഒരു കറുത്ത ഫിയറ്റ് കാറാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്, ഏറ്റവും വിലകൂടിയ കാർ വാങ്ങാവുന്ന സാമ്പത്തികസ്ഥിതിയുള്ളപ്പോഴും അദ്ദേഹം ആ പഴയ കാറിൽത്തന്നെ യാത്ര ചെയ്തു. ഡ്രൈവറും പഴയ ആൾതന്നെ. യേശുദാസിനെ റിക്കോർഡിങ് റൂമിലെ മൈക്കിനു മുൻപിൽ ഞാൻ കൊണ്ടുവന്നു നിർത്തിക്കൊടുത്താൽ വിശ്വേട്ടൻ അദ്ദേഹം തന്റെ പാട്ടു പാടാൻ അനുവദിക്കും. അതായത് എം.എസ്.വിശ്വനാഥനോ അദ്ദേഹത്തിന്റെ സഹായികളോ പാട്ടു പാടാൻ യേശുദാസിനെ ‌ക്ഷണിക്കുകയില്ല എന്നു സാരം. അങ്ങനെ ക്ഷണിക്കുമ്പോൾ എനിക്ക് എം.എസ്.വിശ്വനാഥന്റെ പാട്ടു പാടാൻ താത്പര്യമില്ല എന്ന് യേശുദാസ് പറഞ്ഞാൽ അത് അദ്ദേഹത്തിന് അപമാനമാകും. വിശ്വേട്ടന് സ്വന്തം ഓർക്കസ്ട്ര ആണുള്ളത്. അദ്ദേഹത്തിനുവേണ്ടി സംഗീതോപകരണങ്ങൾ വായിക്കുന്ന വാദകരും ഇപ്പോൾ യേശുദാസിനോടു നീരസത്തിലാണ്. അതു തികച്ചും സ്വാഭാവികമാണല്ലോ. ഏതായാലും വിശ്വേട്ടൻ എന്റെ അഭ്യർഥന സ്വീകരിച്ചു. ഇനി യേശുദാസിനെക്കൊണ്ടു സമ്മതിപ്പിക്കണം. ഞാൻ അടുത്ത ദിവസംതന്നെ യേശുദാസിന്റെ വീട്ടിൽ പോയി. അപ്പോൾ യേശുദാസിന്റെ അമ്മച്ചിയും മദ്രാസിലെ വീട്ടിലുണ്ട്. എനിക്കു സമാധാനമായി. 

എന്നെക്കണ്ടപ്പോൾ യേശുദാസിനും ചെറിയ സംശയം തോന്നിയിരിക്കണം. അദ്ദേഹം തിടുക്കത്തിൽ വേഷം മാറ്റി ‘എനിക്ക് റിക്കോർഡിങ് ഉണ്ട് തമ്പി, എനിക്ക് സംസാരിക്കാൻ സമയമില്ല. ’ എന്നു പറഞ്ഞ് യേശുദാസ് ഒഴിഞ്ഞുമാറായിപ്പോൾ ഞാൻ പറഞ്ഞു. ‘എനിക്ക് സംസാരിച്ചേ പറ്റൂ. ഞാൻ വിശ്വേട്ടനെ കണ്ടു, എന്റെ പടത്തിൽ യേശുവിനെക്കൊണ്ട് പാടിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.’ ‘എനിക്ക് പാടാൻ താൽപര്യമില്ല.’ യേശു ദേഷ്യത്തിൽ പറഞ്ഞു. ‘തമ്പിക്ക് എന്നോട് ആത്മാർത്ഥതയുണ്ടെങ്കിൽ എന്നെ അപമാനിച്ചയാളെ തമ്പി മ്യൂസിക് ഡയറക്ടർ ആക്കരുത് ...’ എന്റെ അമ്മ പറയുന്ന ഒരു പഴമൊഴിയുണ്ട് ‘തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും ’ അതാണ് ഇപ്പോൾ എന്റെ അവസ്ഥ. എം.എസ്.വിശ്വനാഥൻ അയഞ്ഞു; പക്ഷേ യേശുദാസ് മാറുന്നില്ല. യേശുദാസിന്റെ അമ്മച്ചി എല്ലാം കാണുന്നുണ്ടായിരുന്നു. അവർ പറഞ്ഞു. 

‘തമ്പി അവിടെയിരിക്ക്. ചായ കുടിച്ചിട്ട് പോയാ മതി’ യേശുദാസ് റിക്കോർഡിങ്ങിനു പോയി. അമ്മച്ചി എനിക്കു ചായ തന്നു. സെറ്റിയിൽ എന്റെയടുത്തിരുന്നു. ഞാൻ കാര്യം വിശദമായി അമ്മച്ചിയോടു പറഞ്ഞു. ‘എന്റെ ആദ്യ സിനിമയിൽ യേശു പാടാതിരുന്നാൽ...ആ സ്ഥിതി അമ്മച്ചിയൊന്നാലോചിച്ചു നോക്ക് ’. എന്റെ കയ്യിൽപ്പിടിച്ച് ദൃഢസ്വരത്തിൽ അമ്മച്ചി പറഞ്ഞു. ‘തമ്പി വെഷമിക്കാതെ. ഞാനാണു ദാസപ്പനെ പെറ്റതെങ്കിൽ അവൻ തമ്പിയുടെ സിനിമയിൽ പാടിയിരിക്കും. സമാധാനമായിരിക്ക്.’

 ചുവരിൽ ഇരിക്കുന്ന മഹാനടനായ അഗസ്റ്റിൻ ജോസഫിന്റെ ഫോട്ടോയിൽ നോക്കി, അമ്മച്ചിയുടെ മുഖത്തും നോക്കി, ഞാൻ പടിയിറങ്ങി. ഞാൻ കാറിൽ കയറുന്നതു നോക്കി അമ്മച്ചി വാതിൽക്കൽത്തന്നെ നിന്നു.

(തുടരും)

English Summary: Karuppum Veluppum Mayavarnangalum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com