ADVERTISEMENT

മുതിർന്നവരെ മാതൃകയാക്കാനും അവരുടെ ചുവടുകളെ പിൻപറ്റാനുമാണു ശിശുക്കളെ നാം ഉപദേശിക്കുന്നത്. എന്നാൽ അതിനു വിപരീതമായി, യേശുക്രിസ്തു ഉപദേശിക്കുന്നു: ‘നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയി വരുന്നില്ല എങ്കിൽ സ്വർഗരാജ്യത്തിൽ കടക്കയില്ല.’ (മത്താ. 18:3). ശിശുക്കളെ എപ്പോഴും വാൽസല്യപൂർവം വീക്ഷിക്കുകയും സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്ത യേശു, ശിശുക്കളെ നമുക്കു റോൾ മോഡൽ ആക്കിയിരിക്കുകയാണ്. ശൈശവത്തിന്റെ ഉദാത്തമായ സ്വഭാവവിശേങ്ങളായി അഞ്ചു കാര്യങ്ങൾ അക്കമിട്ടു പറയുന്നു:

1. നിഷ്കളങ്കത: ശിശുക്കളുടെ ഹൃദയനിർമലത ആരെയും ആകർഷിക്കുന്നതാണ്. കളങ്കമില്ലാത്ത അവരുടെ പുഞ്ചിരി, സംസാരം, പെരുമാറ്റം ഇവയെല്ലാം ഏതു കഠിനഹൃദയനെയും ആർദ്രചിത്തനാക്കും. അവരുടെ ഓരോ ചലനവും നൈർമല്യത്തിന്റെ ദൃശ്യമാണ്.

എന്നാൽ പ്രായമാകുന്തോറും കാപട്യവും വഞ്ചനയും ദുഷ്ചെയ്തികളുമായി സ്വഭാവത്തിൽ മാറ്റം വരുന്നു.

നമ്മളെ അശുദ്ധമാക്കുന്നതു ഹൃദയത്തിൽ നിന്നുയരുന്ന ചിന്തകളും നിരൂപണങ്ങളുമാണ്. മനുഷ്യനിൽനിന്നു പുറപ്പെടുന്നതാണ് അവനെ അശുദ്ധനാക്കുന്നത്. ഹൃദയത്തിൽ നിന്നുയരുന്നതിന്റെ ഒരു ലിസ്റ്റ് യേശു നൽകുന്നു – ദുഷ്ചിന്ത, വ്യഭിചാരം, കൊലപാതകം, മോഷണം, അത്യാഗ്രഹം, അഹങ്കാരം. ‘ദൈവമേ വെടിപ്പുള്ള ഹൃദയം എന്നിൽ സൃഷ്ടിക്കണമേ’ എന്നായിരുന്നു ദാവീദ് രാജാവിന്റെ പ്രാർഥന.

2. വിശ്വാസം: മുതിർന്നവർ പറയുന്നതു ചോദ്യം ചെയ്യാതെ ശിശുക്കൾ വിശ്വസിക്കുന്നു. യുക്തിക്കോ, വിവേചനത്തിനോ ഒന്നും അവിടെ പ്രസക്തിയില്ല. അന്ധമായ വിശ്വാസം എന്നു നമുക്കതിനെ വിശേഷിപ്പിക്കാം.

പക്ഷേ, മുതിർന്നവരിൽ വരേണ്ട വിശ്വാസം, ദൈവിക സത്യങ്ങളിലും അവിടുത്തെ വെളിപാടിലും ഉള്ള അചഞ്ചലമായ വിശ്വാസം. വിശ്വാസം എന്നതിന് ഒരു നിർവചനം ബൈബിളിലുണ്ട്: ‘വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും, കാണാത്ത കാര്യങ്ങളുടെ നിശ്ചയവുമാകുന്നു.’ (എബ്രാ. 11:1).

തിന്മയോടുള്ള പോരാട്ടത്തിൽ വിശ്വാസം നമുക്കു ശക്തമായ ഒരായുധമാണ്. ‘പരിച’ എന്നാണ് ഒരാൾ അതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അതു പ്രതിരോധത്തിന്റെ ആയുധമാണ്. ‘ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ, എന്നെ സ്നേഹിച്ചു തന്നെത്താൻ ഏൽപിച്ചുകൊടുത്ത ദൈവപുത്രനിലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നത്.’ പൗലോസ് അപ്പോസ്തോലന്റെ സാക്ഷ്യമാണ്.

3. ആശ്രയബോധം: ഒരു ശിശു എന്തിനും മറ്റുള്ളവരുടെ സഹായം അപേക്ഷിക്കും. പിച്ചവച്ചു നടക്കുന്ന സമയത്തു തന്നെ അതിന്റെ കരങ്ങൾ മാതാവിന്റെയോ പിതാവിന്റെയോ മറ്റേതെങ്കിലും മുതിർന്ന ആളിന്റെയോ കൈകളിൽ പിടിച്ചിരിക്കും.

ഇവിടെ ഓർക്കുവാനുള്ളതു സ്വർഗീയ പിതാവിന്റെ സംരക്ഷണയിലുള്ള ആശ്രയ ബോധമാണ്. ജ്ഞാനിയായ ശലോമോൻ ഉപദേശിക്കുന്നു: ‘പൂർണഹൃദയത്തോടെ കർത്താവിൽ ആശ്രയിക്ക; സ്വന്തം വിവേകത്തിൽ ഊന്നരുത്.’ സ്വന്തം ബുദ്ധിയും വിവേചനശക്തിയും ഉപയോഗപ്പെടുത്തേണ്ടാ എന്ന ആശയമല്ല. ആത്യന്തികമായി ദൈവത്തിലുള്ള ആശ്രയം എന്നേ അർഥമുള്ളൂ. ദാവീദ് പ്രാർഥിക്കുന്നു: ‘സകല പ്രപഞ്ചത്തിനും ആശ്രയമായിരിക്കുന്ന ദൈവമേ’ എന്നു വിളിച്ചാണ്. മറ്റൊരു ഭക്തൻ സാക്ഷ്യപ്പെടുത്തുന്നു: അവനിൽ ആശ്രയിച്ചിട്ട് അവങ്കലുള്ള വിശ്വാസത്താൽ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ട്.

4.  ജിജ്ഞാസ: അന്വേഷണബുദ്ധി ശിശുക്കളിൽ മുന്നിട്ടു നിൽക്കുന്നു. അതെന്താണ്? അതെന്തിനാണ്? ഇങ്ങനെ തുടരെത്തുടരെ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടിരിക്കും.

ശാസ്ത്രത്തിന്റെ വികസനം, അന്വേഷണ ബുദ്ധിയിൽ നിന്നാണ്. വിജ്ഞാന വികാസം അന്വേഷണബുദ്ധിയിൽ കൂടിയാണ്.

പലർ‌ക്കും ജിജ്ഞാസയുള്ളത് അന്യരുടെ കുറവുകളും വീഴ്ചകളും കണ്ടെത്താനാണ്. നിഷേധാത്മകമായ ഒരു ശ്രമമാണ് നടത്തുക.

സോക്രട്ടീസിനെപ്പറ്റി വായിച്ചതോർക്കുന്നു. മരണത്തിനു വിധിക്കപ്പെട്ടു ജയിലിൽ കിടക്കുമ്പോൾ, ഒരു സഹതടവുകാരൻ മനോഹരമായ ഒരു ഗാനം ആലപിക്കുന്നതു കേട്ടു. സോക്രട്ടീസ് അയാളോട് ആ പാട്ടു പഠിപ്പിക്കാമോ എന്നു ചോദിച്ചു. ആ തടവുകാരന് ആശ്ചര്യമായി. മരണത്തിനു ദിവസങ്ങൾ എണ്ണിക്കഴിയുമ്പോൾ ഗാനം പഠിക്കാനുള്ള ആഗ്രഹം! അതിനുള്ള മറുപടി: I will be happy if I could learn one thing more before I die. ഞാൻ മരിക്കുന്നതിനു മുൻപ് ഒരു കാര്യം കൂടി പഠിക്കാൻ കഴിഞ്ഞാൽ ഞാൻ ഏറ്റവും സന്തുഷ്ടനായി.

5. ക്ഷമിക്കുന്നതിനും അനുരഞ്ജനപ്പെടുന്നതിനുമുള്ള കഴിവ്: ഒരു ശിശു അതിന്റെ കൂട്ടുകാരനുമായി വഴക്കിടും; ഉന്തും, തള്ളും, പിച്ചും, മാന്തും ഒക്കെ നടക്കും. പക്ഷേ, പിറ്റേ ദിവസം അവർ വീണ്ടും ചങ്ങാതികളാണ്. വൈരാഗ്യവും വിദ്വേഷവും വച്ചുകൊണ്ടിരിക്കില്ല. വേഗം അനുരഞ്ജനപ്പെടും.

മുതിർന്നവർ അനുഭവമാക്കേണ്ട വലിയ പാഠമാണ്. ചിലർ പറയും ഞാൻ ക്ഷമിക്കാം. പക്ഷേ, മറക്കുകയില്ല! ക്ഷമയുടെ ഉത്തമദൃഷ്ടാന്തം യിസ്രയേലിന്റെ ഗോത്രപിതാവായ ജോസഫിൽ കാണാം. സ്വന്തം സഹോദരന്മാർ വളരെ ദ്രോഹം ചെയ്ത് അവസാനം അടിമയായി വിദേശികൾക്കു വിൽക്കുക പോലും ചെയ്തു. പിന്നീട് അദ്ദേഹം ഈജിപ്തിലെ പ്രധാന സചിവനായിത്തീർന്നു, ദ്രോഹം ചെയ്ത സഹോദരങ്ങൾ ക്ഷാമം നിമിത്തം ഭക്ഷണത്തിനായി അദ്ദേഹത്തെ സമീപിച്ചപ്പോൾ പറഞ്ഞു: ‘നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ ഇന്നുള്ളതു പോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിന്, അതിനെ ഗുണമാക്കിത്തീർത്തു. ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ, ‍ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും.’ 

 അവിടെ നൈസർഗികമായ ക്ഷമയും അനുരഞ്ജനവും ദർശിക്കാം.

 

Content Highlights: Innathe chintha vishayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com