ADVERTISEMENT

ഒരു സിനിമയുടെ പൂജയും തുടർന്നുള്ള ജോലികളും, അത് ഗാനങ്ങളുടെ റിക്കോർഡിങ് ആയാലും ഷൂട്ടിങ് ആയാലും, ഒരു ദിവസത്തെ ചടങ്ങിൽ മാത്രം ഒതുക്കാൻ പാടില്ലെന്ന വിശ്വാസം തെന്നിന്ത്യൻ സിനിമാവേദിയിൽ പ്രബലമാണ്. കുറഞ്ഞതു രണ്ടു ദിവസമെങ്കിലും തുടർച്ചയായി ജോലികൾ നടന്നിരിക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ ഇടയ്ക്കുവച്ചു നിർമാണം നിലച്ചുപോകും എന്നാണു വിശ്വാസം. അതുകൊണ്ട് വിശ്വേട്ടൻ രണ്ടു ദിവസത്തേക്കാണ് എവിഎമ്മിലെ ആർആർ തിയറ്റർ റിക്കോർഡിങ്ങിനു ബുക്ക് ചെയ്തത്. ആദ്യത്തെ ദിവസം രാവിലെ പൂജയും പിന്നെ രണ്ടു പാട്ടുകളുടെ റിക്കോർഡിങ്ങും നടന്നു. ഇനിയുള്ള പാട്ടുകൾ പാടേണ്ടത് യേശുദാസാണ്. അദ്ദേഹം സിംഗപ്പൂരിൽ നിന്നു രണ്ടോ മൂന്നോ ദിവസം കഴിഞ്ഞേ വരൂ. അപ്പോൾ രണ്ടാമത്തെ ദിവസം എന്തു ചെയ്യും ?

ഞാൻ വിശ്വേട്ടനോടു പറഞ്ഞു ‘ബ്രഹ്മാനന്ദൻ എന്നൊരു പാട്ടുകാരനൊണ്ട്. ഒരു പാട്ട് അയാൾക്കു കൊടുക്കണം. നല്ല ശബ്ദമാണ്.’ വിശ്വേട്ടൻ അത്ഭുതത്തോടെ ചോദിച്ചു. ‘ബ്രഹ്മാനന്ദമോ...?’ അങ്ങനെയൊരാളെപ്പറ്റി കേൾവിപ്പെട്ടതേയില്ലൈ’. ‘ബ്രഹ്മാനന്ദം അല്ല ചേട്ടാ. ബ്രഹ്മാനന്ദൻ. ദക്ഷിണാമൂർത്തി സ്വാമിയുടെയും അർജുനൻ മാസ്റ്ററുടെയുമൊക്കെ പാട്ടുകൾ പാടിയിട്ടൊണ്ട്‌. കെ.രാഘവൻ മാസ്റ്റർ ആണ് ആദ്യമായി പാടിച്ചത്.’ അൽപനേരം ആലോചിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു. ‘ഏതായാലും നാളെയും നമ്മൾ സ്റ്റുഡിയോയിൽ വന്നേ പറ്റൂ. അയാളോടും വരാൻ പറയൂ. എനക്ക് വോയിസ് എപ്പടീന്നു പാക്കണം.’ അടുത്ത ദിവസം രാവിലെ ബ്രഹ്മാനന്ദൻ സ്റ്റുഡിയോയിൽ വന്നു. വിശ്വേട്ടൻ ബ്രഹ്മാനന്ദനെക്കൊണ്ടു രണ്ടുമൂന്നു പാട്ടുകൾ പാടിച്ചുനോക്കി. പിന്നെ രഹസ്യമായി എന്നോടു പറഞ്ഞു. ‘ ഇയാൾക്ക് മേൽസ്ഥായിയിലുള്ള പാട്ടുകൾ പാടാൻ കഷ്ടമായിരിക്കും. വോയിസ് കൊള്ളാം. ആനാൽ റേഞ്ച് കമ്മി. പഞ്ചമം വരെ നല്ല മെലഡി വോയിസ്. നിഷാദത്തിനു മേലെ പോയാൽ പ്രശ്നമാകും. ഇയാൾക്കു പാട്ടു കൊടുത്തേ പറ്റൂ എന്നാണെങ്കിൽ നമുക്ക് ‘ചിരിക്കുമ്പോൾ നീയൊരു സൂര്യകാന്തി...’ എന്ന പാട്ട് കൊടുക്കാം. അതും ഇയാളുടെ ശബ്ദത്തിനു പറ്റിയ രീതിയിൽ എനിക്കു മാറ്റിച്ചെയ്യേണ്ടിവരും’.

sreekumaran-thampi

വിശ്വേട്ടൻ ഹാർമോണിയവുമായി ഇരുന്നു, അസിസ്റ്റന്റ് കൃഷ്ണമൂർത്തിയും ശങ്കറും (ശങ്കർ–ഗണേഷ്) അടുത്തുവന്നു. നേരത്തേ എന്നെ കേൾപ്പിച്ച ‘ചിരിക്കുമ്പോൾ നീയൊരു സൂര്യകാന്തി’ എന്ന പാട്ടിന്റെ ഈണത്തിൽ ചെറിയ മാറ്റംവരുത്തി ഒന്നുകൂടി എന്നെ പാടിക്കേൾപ്പിച്ചു. ഞാൻ ബ്രഹ്മാനന്ദനു പാട്ടിലെ വരികൾ പറഞ്ഞുകൊടുത്തു. വിശ്വേട്ടൻ ബ്രഹ്മാനന്ദനെ പാട്ടു പഠിപ്പിച്ചു. പഠിക്കാൻ ആവുന്നത്ര സമയവും കൊടുത്തു. ഉച്ചയൂണും ഒരു മണിക്കൂർ നേരത്തെ റമ്മി കളിയും കഴിഞ്ഞാണു പാട്ട് റിക്കോർഡ് ചെയ്തത്. രാത്രി ഒൻപതു മണിവരെയാണു കോൾഷീറ്റ്. ഇനിയും ധാരാളം സമയമുണ്ട്. വിശ്വേട്ടൻ പറഞ്ഞു, ‘യേശുദാസിനു വേണ്ടിയാണു നീയീ വിട്ടുവീഴ്ച ചെയ്യുന്നത്, നാൻ ഒന്നു പണ്റേൻ. പാട്ടെല്ലാം നാൻ പാടിപോടട്ടുമാ...? നീ പേടിക്കേണ്ട. ഞാൻ ട്രാക്ക് പാടാമെന്നാ പറഞ്ഞത്. ഉൻ നൻപനുക്കാകെ. അവൻ വന്നാലും പാട്ടു പഠിക്കാൻ എന്റെ മുൻപിലിരിക്കാൻ ചിലപ്പോൾ മടി കാണും. ഞാൻ ട്രാക്ക് പാടിയാൽ അവന് അതു കേട്ടു പാടിയാൽ മതിയല്ലോ.’ ആ വലിയ മനുഷ്യന്റെ വിട്ടുവീഴ്ചാമനോഭാവത്തിനു മുൻപിൽ ഞാൻ വളരെ ചെറുതായി.

ആ ദിവസവും അതിനടുത്ത ദിവസവും കൊണ്ട് വിശ്വേട്ടൻ ബാക്കിയുള്ള പാട്ടുകളെല്ലാം പാടി. വിശ്വേട്ടൻ പാടിയ ‘ഹൃദയവാഹിനീ ഒഴുകുന്നു നീ’ എന്ന ഗാനം കേട്ടപ്പോൾ ഞാൻ പറഞ്ഞു.‘ വിശ്വേട്ടാ, ഈ പാട്ടിൽ ഞാൻ വിശ്വേട്ടന്റെ ശബ്ദംതന്നെ ഉപയോഗിക്കും. വിശ്വേട്ടൻ പാടിയതു വളരെ നന്നായിട്ടുണ്ട്.’ ഞാൻ വളരെ നിർബന്ധിച്ചപ്പോഴാണ് അദ്ദേഹം സമ്മതിച്ചത്. അതുകഴിഞ്ഞ് ‘പ്രഭാതമല്ലോ നീ, ത്രിസന്ധ്യയല്ലോ ഞാൻ ...’ എന്ന പാട്ടും വിശ്വേട്ടൻ പാടിയതുതന്നെ മതിയെന്നു ഞാൻ തീരുമാനിച്ചു. ‌‌

രണ്ടു ദിവസത്തിനു ശേഷം യേശുദാസ് വന്നു. ഞാൻ റിക്കോർഡിങ്‌ തിയറ്റർ ബുക്ക് ചെയ്തിട്ട് യേശുദാസിനെ കൂട്ടിക്കൊണ്ടുവരാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. യേശുദാസ് വികാരാധീനനായി പറഞ്ഞു. ‘അമ്മച്ചി പറഞ്ഞതു കൊണ്ടു മാത്രമാ ഞാൻ പാടുന്നത്, അല്ലാതെ എന്റെ പൂർണമനസ്സോടെയല്ല.’ പാട്ട് റിക്കോർഡ് ചെയ്യാൻ സ്റ്റുഡിയോയിലേക്കു പോകുന്നതിനു മുൻപ് യേശുദാസ് തന്റെ പിതാവ് അഗസ്റ്റിൻ ജോസഫിന്റെ ഫോട്ടോയുടെ മുൻപിൽ നിന്നു തൊഴുതു പ്രാർഥിക്കുന്ന പതിവുണ്ട്. എന്റെ ചിത്രത്തിലെ പാട്ടുകൾ പാടാൻ ഇറങ്ങുന്നതിനു മുൻപ് അതുപോലും വളരെ വേഗത്തിലായിരുന്നു. എന്റെ ഡ്രൈവറാണു കാറോടിക്കുന്നത്, ഞാനും യേശുദാസും പിൻ സീറ്റിലിരിക്കുന്നു. ഞാൻ ജീവിതത്തിൽ തോറ്റുപോയത് ഡ്രൈവിങ് എന്ന കലയിലാണ്. പഠിച്ച് മൂന്നു മാസത്തിനുള്ളിൽ മൂന്ന് അപകടങ്ങൾ നടന്നു. മൂന്നാമത്തെ അപകടത്തിൽനിന്നു കഷ്ടിച്ചാണു രക്ഷപ്പെട്ടത്, ഒരിക്കൽ യേശുദാസിനെ ഞാൻ സ്റ്റുഡിയോയിൽ നിന്ന് അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുവിട്ടു. ഞാൻ തിരിച്ചു വീട്ടിൽ വരുന്നതിനു മുൻപ് രണ്ടു തവണ യേശുദാസ് എന്റെ വീട്ടിലേക്കു വിളിച്ചു. ഞാൻ വീട്ടിലെത്തിയപ്പോൾ യേശുദാസ് വിളിച്ചിരുന്നെന്ന് എന്റെ ഭാര്യ പറഞ്ഞു. ഞാൻ തിരിച്ചുവിളിച്ചപ്പോൾ യേശുദാസ് പറഞ്ഞതിങ്ങനെയാണ്,‘ തമ്പി വീട്ടിലെത്തിയോ എന്നറിയാനാ വിളിച്ചത്. ഞാൻ കഷ്ടിച്ചു രക്ഷപ്പെട്ടു’. അതായിരുന്നു യേശുദാസിന് എന്റെ ഡ്രൈവിങ്ങിനെക്കുറിച്ചുള്ള അഭിപ്രായം. ദോഷം പറയരുതല്ലോ. യേശുദാസ് നന്നായി ഡ്രൈവ് ചെയ്യും.

sreekumaran-thampi-interview

ഞങ്ങൾ സ്റ്റുഡിയോയിൽ എത്തുന്നതിനു മുൻപ് യേശുദാസിന്റെ മനസ്സിൽ എം.എസ്.വിശ്വനാഥനെക്കുറിച്ചുള്ള തെറ്റിധാരണകൾ മാറ്റാനാണു ഞാൻ പരമാവധി ശ്രമിച്ചത്. യേശുദാസിനു പ്രയാസം കൂടാതെ പാടാൻ വിശ്വേട്ടൻ ട്രാക്ക് പാടിയിട്ടുണ്ടെന്നും ഞാൻ പറഞ്ഞു. ഞങ്ങൾ സ്റ്റുഡിയോയിലെത്തി. എസ്.ജാനകി പാടിയ ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ ... ’ എന്ന ഗാനം യേശുദാസും പാടുന്നുണ്ട്. ജാനകിയമ്മ പാടിയ ആ പാട്ട് പ്ലേ ചെയ്‌താൽ ട്യൂൺ പഠിക്കാം. യേശുദാസ് സാധാരണയായി പാടുന്നത് ശ്രുതി ഒന്നിലാണ്. എസ്.ജാനകി മിക്കപ്പോഴും പാടുന്നതു പോലെ ആ പാട്ട് ശ്രുതി രണ്ടിലാണു പാടിയിരിക്കുന്നത്. ഏതായാലും വിശ്വേട്ടന്റെ അസ്സിസ്റ്റന്റിന്റെയും എന്റെയും സാന്നിധ്യത്തിൽ യേശുദാസ് ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ ’ പാടി. എന്റെ മാനസികാവസ്ഥയും അന്നു വളരെ സങ്കീർണമായിരുന്നു. അതുകൊണ്ടാവാം എന്റെ സാന്നിധ്യത്തിൽ പാടിയിട്ടും യേശുദാസിനു പറ്റിയ ഒരു തെറ്റ് എനിക്കു തിരുത്താൻ സാധിച്ചില്ല. ആ പാട്ടിലെ ‘രാഗപരാഗം ഉലർത്തുമാ തേൻ ചൊടിപ്പൂവിലെൻ നാദം മെഴുകി’ എന്ന വരിയിൽ മെഴുകി എന്ന വാക്ക് യേശുദാസ് എഴുതി എന്നാണു പാടിയിരിക്കുന്നത്. ഭാഗ്യവശാൽ ആ ഭാഗത്ത് എഴുതി എന്നു പ്രയോഗിച്ചാലും തെറ്റൊന്നുമില്ല. ഈ ഒരു പാട്ട് പാടിക്കഴിഞ്ഞപ്പോൾ എന്നെയും യേശുദാസിനെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സാക്ഷാൽ എം.എസ്.വിശ്വനാഥൻ തീയറ്ററിലേക്ക് കടന്നുവന്നു. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ അവർ രണ്ടുപേരും പെരുമാറി. അടുത്ത ദിവസം വിശ്വേട്ടൻ പാടിയിട്ടിരിക്കുന്ന ട്രാക്ക് കേട്ട് ‘പുഷ്‌പാഭരണം വസന്തദേവന്റെ തിരുവാഭരണം’ എന്ന പാട്ടും ‘സ്വർഗമെന്ന കാനനത്തിൽ സ്വർണമുഖീനദിക്കരയിൽ, സ്വപ്നമയീ വാഴുന്നു ഞാൻ സുഖമറിയാതെ’ എന്ന പാട്ടും യേശുദാസ് പാടി. എനിക്ക് സമാധാനമായി. ഗാനങ്ങൾക്കു പുറമേ ഞാനും പി.ഭാസ്കരൻ മാസ്റ്ററും എഴുതിയ ഏതാനും കാവ്യശകലങ്ങളും ചന്ദ്രകാന്തത്തിലുണ്ടായിരുന്നു.

മറ്റൊരു ദിവസം ഞാനും വിശ്വേട്ടനും യേശുദാസും ഒരുമിച്ചിരുന്ന് അവയും ചിട്ടപ്പെടുത്തി റിക്കോർഡ് ചെയ്തു. റിക്കോർഡിങ് കഴിഞ്ഞ് യേശുദാസ് പോകുന്നതിനു മുൻപ് വിശ്വേട്ടൻ എന്നോടു പറഞ്ഞു. ‘ദിവ്യദർശനത്തിൽ ഇനി രണ്ടു പാട്ട് കൂടി റിക്കോർഡ് പണ്ണവേണ്ടിയിരുക്കു, അതിവൻ പാടട്ടും.’ അങ്ങനെ അടുത്ത ദിവസങ്ങളിൽ ദിവ്യദർശനം എന്ന സിനിമയിലെ രണ്ടു പാട്ടുകൾ യേശുദാസ് പാടി. ‘ആകാശരൂപിണീ അന്നപൂർണേശ്വരി അഭയം തവ പദകമലം ’ എന്ന ഗാനവും ‘അമ്പലവിളക്കുകൾ അണഞ്ഞു, അംബര ദീപവും പൊലിഞ്ഞു...’ എന്ന ഗാനവും. ‘സ്വർണഗോപുര നർത്തകീ ശിൽപം, കണ്ണിനു സായൂജ്യം നിൻ രൂപം’ എന്ന ഗാനവും ‘കർപ്പൂരദീപത്തിൻ കാന്തിയിൽ കണ്ടു ഞാൻ നിന്നെയാ സന്ധ്യയിൽ’ എന്ന ഗാനവും ജയചന്ദ്രൻ നേരത്തേ പാടിക്കഴിഞ്ഞിരുന്നു. ‘ഉദിച്ചാൽ അസ്തമിക്കും, മണ്ണിൽ ജനിച്ചാൽ അന്തരിക്കും’ എന്ന ഗാനം എം.എസ്.വിശ്വനാഥൻ തന്നെ പാടി. മധുവും ജയഭാരതിയുമാണു ദിവ്യ ദർശനത്തിൽ പ്രധാന കഥാപാത്രങ്ങളായത്.

ദിവ്യദർശനത്തിന്റെ ഷൂട്ടിങ് നേരത്തേ തുടങ്ങിയതിനാൽ ആ ചിത്രം 1973ൽ തന്നെ തീയറ്ററുകളിലെത്തി. അതുകൊണ്ട് പിണക്കത്തിനു ശേഷം യേശുദാസും എം.എസ്.വിശ്വനാഥനും ഒരുമിച്ചതു ഞാൻ സംവിധാനം ചെയ്ത ചന്ദ്രകാന്തത്തിലൂടെയാണെന്നു പലർക്കും അറിയില്ല. ചന്ദ്രകാന്തം 1974 മാർച്ച് ഒന്നിനാണു തീയറ്ററുകളിൽ എത്തിയത്. യേശുദാസും എം.എസ്.വിശ്വനാഥനും വീണ്ടും ഒരുമിച്ചതുകൊണ്ട് യഥാർഥത്തിൽ പ്രയോജനമുണ്ടായത് യേശുദാസിനു തന്നെയാണ്. എം.എസ്.വിശ്വനാഥൻ അതിനുശേഷം അനേകം മലയാളചിത്രങ്ങൾക്കു സംഗീതം നൽകി. ഞാൻ മാത്രമല്ല, എന്റെ പിന്നാലെ വന്ന പുതിയ ഗാനരചയിതാക്കളും അദ്ദേഹത്തിനുവേണ്ടി പാട്ടുകൾ എഴുതി. ആ പാട്ടുകളിൽ അധികവും യേശുദാസാണു പാടിയത്. എം.എസ്.വിശ്വനാഥന്റെ അനേകം തമിഴ് ഗാനങ്ങളും യേശുദാസ് തുടർന്നുപാടി. അങ്ങനെ ഞാൻ എഴുതിയ ‘സ്വർഗനന്ദിനീ ’ എന്ന പാട്ടിന്റെ റിക്കോർഡിങ് വേളയിലുണ്ടായ പിണക്കം ഞാൻ തന്നെ എഴുതിയ ആ നിമിഷത്തിന്റെ നിർവൃതിയിൽ ’ എന്ന പാട്ടിന്റെ റിക്കോർഡിങ് വേളയിൽ ഇല്ലാതാക്കാൻ എനിക്കു സാധിച്ചു. വിശ്വേട്ടനും യേശുദാസും പിന്നീട് വ്യക്തിപരമായി കൂടുതൽ അടുത്തു എന്നതും സത്യം. ഇതെന്റെ മാത്രം വിജയമോ സാമർഥ്യമോ ആണെന്നു ഞാൻ അവകാശപ്പെടുന്നില്ല. എന്നെ മകനെപ്പോലെ സ്നേഹിച്ച യേശുദാസിന്റെ അമ്മച്ചിയുടെ മനസ്സിലെ നന്മ സ്വന്തം മകന് അനുഗ്രഹമായിത്തീർന്നു എന്നതാണു യാഥാർഥ്യം...!

എന്റെ കലാലയജീവിതകാലത്തു തന്നെ പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളിൽ നിന്നു ഞാൻ അകന്നു നിന്നു. സിനിമയിൽ വന്നതിനു ശേഷവും സ്വയം പരിശീലിച്ചു സ്വന്തമാക്കിയ അച്ചടക്കം ഞാൻ നിലനിർത്തി. തെറ്റുകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നവർ എന്ന് എനിക്കു സംശയമുള്ള സുഹൃത്തുക്കളെ കഴിയുന്നത്ര അകറ്റി നിർത്തി. ചങ്ങാതിമാരുടെ എണ്ണം വളരെ കുറച്ചു. ഞാൻ കൂടുതൽ സമയം ചെലവഴിച്ചിരുന്നത് എന്നെക്കാൾ പ്രായം കൂടിയ വാസുസാർ (ടി.ഇ. വാസുദേവൻ ) ദക്ഷിണാമൂർത്തിസ്വാമി, പി.ഭാസ്കരൻമാസ്റ്റർ, പരസ്യചിത്രകാരൻ എസ്.എ. നായർ, സിനിമാ പോസ്റ്റർ അച്ചടിക്കുന്ന പ്രസിന്റെ ഉടമയായ സി.സോമശേഖർ തുടങ്ങിയവരോടൊപ്പമാണ്. ഭാസ്കരൻ മാസ്റ്റർ മദ്യപിക്കും. പക്ഷേ ഒരിക്കലും മദ്യപാനസദസ്സിലേക്ക് അദ്ദേഹം എന്നെ ക്ഷണിച്ചിട്ടില്ല . അങ്ങനെയുള്ള അവസരങ്ങളിൽ തമ്പി പൊയ്ക്കോളൂ എന്നാണു പറയുക.

ഏതു ബന്ധത്തിനും ലക്ഷ്മണ രേഖ പോലെ ഒരു അതിർത്തി ആവശ്യമാണെന്നു ഞാൻ തീരുമാനിച്ചു. ഇതെല്ലാം തുടക്കത്തിൽതന്നെ സിനിമയിൽ എനിക്കു നേടിത്തന്നതു ശത്രുക്കളെയാണ്. എന്റെ ഹൃദയം പറയുന്നതുതന്നെ എന്റെ നാവും പറയണം എന്ന ചിന്ത സ്ഥിതി കൂടുതൽ വഷളാക്കി. അതുകൊണ്ട് സ്വന്തമായി സിനിമാനിർമാണം തുടങ്ങിയപ്പോൾ എന്റെ സംഘത്തിൽ തന്നെ ശതുക്കളുണ്ട് എന്ന സത്യം തിരിച്ചറിയാൻ എനിക്കു കഴിഞ്ഞില്ല. സ്വന്തമായി അച്ചടക്കം പാലിക്കുന്നവരോടു സിനിമാരംഗത്തു പ്രവർത്തിക്കുന്ന ഭൂരിപക്ഷം ആളുകൾക്കും ആദ്യം തോന്നുന്ന വികാരം പുച്ഛമാണ്. ആദ്യകാലങ്ങളിൽ ഹാസ്യനടനായും പിന്നീട് മികച്ച സ്വഭാവനടനായും മലയാള സിനിമയിൽ അഭിനയിച്ച എസ്.പി.പിള്ള 1940കളിൽ മലയാളനാടകവേദിയിൽ ബഫൂൺ ആയി പ്രത്യക്ഷപ്പെട്ട കലാകാരനാണ്. നാടകത്തിൽ കർട്ടൻ വീഴുന്ന ഇടവേളകളിൽ വേദിയിൽ പ്രത്യക്ഷപ്പെട്ടു തമാശകൾ പറയുകയും മോണോ ആക്ട് പോലെ ചിലതു കാണിക്കുകയും ചെയ്യുന്ന കലാകാരനാണു ബഫൂൺ. യഥാർഥത്തിൽ ഇന്നത്തെ മിമിക്രി എന്ന കലയ്ക്കു കേരളത്തിൽ തുടക്കം കുറിച്ച കലാകാരനാണ് എസ്.പി.പിള്ള എന്നു പറയാം. പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത എസ്.പി.പിള്ള സിനിമയെക്കുറിച്ചു പറഞ്ഞ ഒരു നിർവചനമുണ്ട്. നമ്മുടെ ബുദ്ധിരാക്ഷസന്മാർ പോലും പറഞ്ഞിട്ടില്ലാത്ത ഒരു വലിയ സത്യം.! ‘നല്ല വെളിച്ചത്തിൽ പിടിച്ചു കുറ്റാക്കുറ്റിരുട്ടിൽ കാണിക്കുന്ന സാധനമാണു സിനിമ.’ അനുഭവസമ്പന്നനായ ഒരു വലിയ കലാകാരന്റെ അർഥഗർഭമായ കണ്ടെത്തൽ..!

ചന്ദ്രകാന്തത്തിന്റെ ഷൂട്ടിങ് തീയതി നിശ്ചയിച്ചു. അതിന്റെ തലേന്നാൾ തന്നെ എന്റെ ഗുരുനാഥനായ സുബ്രഹ്മണ്യം മുതലാളി മദ്രാസിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തി. എംജിആറിന്റെ സ്വന്തം സ്റ്റുഡിയോ ആയ മദ്രാസ് അഡയാറിലുള്ള സത്യാ സ്റ്റുഡിയോയിൽ പ്രശസ്ത കലാസംവിധായകനായ എസ്. കൊന്നനാട്ട് തയാറാക്കിയ മനോഹരമായ വീടിന്റെ സെറ്റിൽ ആണു ചന്ദ്രകാന്തത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഞാൻ സ്വയം കണ്ടെത്തിയ എന്റെ അച്ചടക്കവും എൻജിനീയർ എന്ന നിലയിൽ കാണിക്കുന്ന കൃത്യനിഷ്ഠയും സൂക്ഷ്മതയും സിനിമയുമായി പൊരുത്തപ്പെടുകയില്ലെന്നു തുടക്കത്തിൽത്തന്നെ ഞാൻ മനസ്സിലാക്കി.

ആദ്യമായി ഷൂട്ടിങ്ങിനായി സത്യാ സ്റ്റുഡിയോയിലേക്കു പോകുന്നതിനു മുമ്പ് ടി.നഗറിൽ രാജമന്നാർ സ്ട്രീറ്റിലുള്ള സുബ്രഹ്മണ്യം മുതലാളിയുടെ വീട്ടിൽ പോയി ഞാൻ ആ പാദങ്ങളിൽ നമസ്കരിക്കുകയും ദക്ഷിണ കൊടുക്കുകയും ചെയ്തു. കുളിയും പൂജയും കഴിഞ്ഞു നെറ്റിയിലും കൈകളിലും മാറത്തും ഭസ്മം വാരിപ്പൂശി എനിക്കു വേണ്ടി കാത്തിരുന്ന അദ്ദേഹം എന്റെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചു, എന്റെ കയ്യിൽനിന്നു ദക്ഷിണ വാങ്ങിയിട്ട് അദ്ദേഹം എന്റെ കൈയിൽ വച്ചുതന്നതു മുരുക പ്രസാദമായ ഭസ്മം ആയിരുന്നു. അതിനുള്ളിൽ ഒരു പവന്റെ സ്വർണനാണയവും.! അങ്ങനെ ആദ്യമായി എന്നെ പരിചയപ്പെട്ടപ്പോൾ പോലും എന്നെ ഒരു സാധാരണ ലോഡ്ജിൽ താമസിപ്പിക്കാതെ പ്രേംനസീറിനോടൊപ്പം താമസിപ്പിക്കുകയും പിന്നീട് ഗാനരചയിതാവായി എന്നെ സിനിമയിൽ അവതരിപ്പിക്കുകയും ചെയ്ത ആ മഹാഗുരുവിന്റെ അനുഗ്രഹം വാങ്ങിയതിനു ശേഷമാണു ഞാൻ എന്റെ ആദ്യ ചിത്രത്തിലെ ആദ്യത്തെ ഷോട്ട് എടുത്തത്.

മുരുകന്റെ ചിത്രത്തിനു മുമ്പിൽ എന്റെ കഥാനായികയായ രജനി (ജയഭാരതി) നിലവിളക്കു കൊളുത്തുന്ന ഷോട്ട് ആണ് ആദ്യം എടുത്തത്. അതിനു ശേഷം വേഷം മാറ്റാനായി ജയഭാരതി മേക്കപ്പ് റൂമിലേക്കു പോയി. ‘പുത്തരിയിൽ കല്ലു കടിച്ചു’ എന്നു പറയുന്നതു പോലെ അടുത്ത മണിക്കൂറിൽത്തന്നെ എനിക്കു ജയഭാരതിയുമായി ഇടയേണ്ടി വന്നു. ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ’ എന്ന ഗാനത്തിന്റെ തുടക്കം ആണ് എടുക്കേണ്ടത്. പാട്ടിന്റെ ശേഷം ഭാഗങ്ങൾ ചിത്രീകരിക്കുന്നത് ഔട്ട്ഡോറിലാണ്. അതു മറ്റൊരു ദിവസമായിരിക്കും ഷൂട്ട് ചെയ്യുക. പാട്ടിന്റെ തുടക്കത്തിൽ രജനി എന്ന കഥാപാത്രം ധരിക്കേണ്ട വസ്ത്രം ഞാനും ചിത്രത്തിന്റെ കോസ്റ്റ്യൂമറും ചേർന്നു തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ആ വസ്ത്രം ഇഷ്ടപ്പെട്ടില്ലെന്നും തനിക്ക് ഇഷ്ടമുള്ള വേഷമേ ധരിക്കൂ എന്നും പറഞ്ഞു ജയഭാരതി മേക്കപ്പ് റൂമിൽനിന്നു കരയാൻ തുടങ്ങി. നസീർ സാർ ഉപദേശിച്ചിട്ടും അനുസരിക്കാതെ ജയഭാരതി പ്രതിഷേധം തുടർന്നു. യഥാർഥത്തിൽ ഈ കഥാപാത്രമായി ഞാൻ ആദ്യം ആലോചിച്ചതു വിജയശ്രീയെ ആയിരുന്നു. സാധാരണയായി ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ആ നടിയെ നന്നായി വസ്ത്രം ധരിപ്പിച്ചു ശാലീനതയുള്ള ഒരു കഥാപാത്രമായി അവതരിപ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം. സ്ഥിരം വേഷങ്ങളിൽ നിന്നും കൃത്രിമ ചലനങ്ങളിൽ നിന്നും ഒരു മോചനം ആ നടിക്കു നൽകാൻ ഞാൻ ആഗ്രഹിച്ചു.

നായികയായി ജയഭാരതിയെ ശുപാർശ ചെയ്തതു നസീർസാർ ആണ്. സംവിധായകൻ ശശികുമാർ സാറിന്റെ ചിത്രങ്ങളിൽ നസീർസാറും വിജയശ്രീയും ഒരുമിച്ച് അഭിനയിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. അങ്ങനെയുള്ള അധികം പടങ്ങളിലും ഞാനും അർജുനനും ചേർന്നൊരുക്കിയ പാട്ടുകളാണ്. എന്തുകൊണ്ടോ അവർക്കിടയിൽ അകൽച്ച തുടങ്ങിയ അവസരത്തിലാണു ഞാൻ എന്റെ ചന്ദ്രകാന്തം ആരംഭിച്ചത്. ഈ സത്യം ജയഭാരതിക്കും അറിയാം. ഉള്ളിൽ അതിന്റെ പ്രതിഷേധവുമുണ്ടായിരിക്കാം. ഏതായാലും സമയം ഏറെയായിട്ടും നായിക ക്യാമറയ്ക്കു മുമ്പിലെത്തിയില്ല. ഞാൻ മേക്കപ്പ് റൂമിൽ പോയി ജയഭാരതിയോടു പറഞ്ഞു.‘ഞാൻ തീരുമാനിച്ച വേഷം ധരിച്ച് സെറ്റിൽ ഉടനെ വരണം. ഇല്ലെങ്കിൽ ഭാരതിക്കു നേരേ സ്വന്തം വീട്ടിലേക്കു പോകാം. നാളെ ഇതേ സെറ്റിൽ ഈ കഥാപാത്രമായി വിജയശ്രീ അഭിനയിക്കും.’ അത്രയും പറഞ്ഞു ഞാൻ വീണ്ടും സെറ്റിലേക്കു പോയി. നസീർ സാർ ഭാരതിയോടു സംസാരിച്ചിരിക്കണം. എന്തായാലും അധികം വൈകാതെ ഞാൻ നിശ്ചയിച്ച വേഷം ധരിച്ച് ഭാരതി ക്യാമറയ്ക്കു മുന്നിലെത്തി. പിന്നീടു ചിത്രത്തിന്റെ ഷൂട്ടിങ് തീരും വരെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.

ചന്ദ്രകാന്തം കവികളായ രണ്ടു സഹോദരന്മാരുടെ കഥയാണ്. ജ്യേഷ്ഠൻ കവിതയും ഗാനങ്ങളും വിറ്റു ധനവാനായ പ്രശസ്തൻ. അനുജൻ തന്റെ കവിതകളിൽ സ്വയം അഭിരമിക്കുകയും അവ മറ്റുള്ളവരെ കാണിക്കാതിരിക്കുകയും ചെയ്യുന്ന അറിയപ്പെടാത്ത കവി. അതുകൊണ്ടു ജ്യേഷ്ഠന്റെ കവിതകൾ ബ്ലാക്ക് ആൻഡ് വൈറ്റിലും അനുജന്റെ ഭാവന കളറിലുമാണ് ഞാൻ ചിത്രീകരിച്ചത്. അതുകൊണ്ട് എഡിറ്റർ എം.എസ്. മണിക്ക് ഓരോ പ്രിന്റും എഡിറ്റ് ചെയ്യേണ്ടി വന്നു., അദ്ദേഹം എന്നെ അഭിനന്ദിച്ചുകൊണ്ട് സന്തോഷത്തോടെ തന്റെ കർമം ചെയ്തു. ഛായാഗ്രാഹകൻ വിപിൻദാസിന്റെ താൽപര്യപ്രകാരമാണ് മദ്രാസിൽ ആരംഭിച്ച ബോംബെ ഫിലിം സെന്ററിന്റെ ലബോറട്ടറിയിൽ കളർ ഫിലിം പ്രോസസ് ചെയ്തതും പ്രിന്റ് എടുത്തതും. നിർഭാഗ്യവശാൽ അവർ പിന്നീട് മദ്രാസിലെ ബ്രാഞ്ച് നിർത്തി. സിനിമകളുടെ നെഗറ്റീവുകൾ മദ്രാസ് ബ്രാഞ്ചിൽനിന്നു ബോംബെയിലേക്ക് മാറ്റുന്നതിനിടയിൽ ചന്ദ്രകാന്തത്തിന്റെ കളർ നെഗറ്റീവ് കാണാതായി. അതുകൊണ്ട് ഇപ്പോൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള ചന്ദ്രകാന്തം പ്രിന്റിൽ ഇടയ്ക്കു വരേണ്ട വർണദൃശ്യങ്ങൾ കാണുകയില്ല. അതുകൊണ്ട് ചില കാവ്യശകലങ്ങളും ഇല്ല.

Sreekumaran-Thampi-1

എന്റെ പങ്കാളിയായി വന്ന ബേബി എന്ന കുര്യപ്പൻ പരമ്പരാഗതമായി തൃശൂരിൽ ബിസിനസ് നടത്തിവരുന്ന കുടുംബത്തിലെ അംഗമാണ്. അതുകൊണ്ട് അദ്ദേഹം പറഞ്ഞ എം.ജെ. കുര്യനെയാണു ഞാൻ ചിത്രത്തിന്റെ പ്രൊഡക്‌ഷൻ എക്സിക്യൂട്ടിവ് ആക്കിയത്. ബുദ്ധിമാനായ ബേബി തുടക്കത്തിലൊന്നും പണം മുടക്കിയില്ല. ഷൂട്ടിങ് തീരുന്ന സമയത്ത് അദ്ദേഹം മുപ്പതിനായിരം രൂപയുമായി വന്നു. സത്യത്തിൽ പടത്തിന്റെ ജോലികൾ തീരാറായ ആ സമയത്ത് എനിക്ക് ഒരു പങ്കാളിയുടെ ആവശ്യം ഉണ്ടായിരുന്നില്ല. എങ്കിലും വാക്കു പാലിക്കാൻ വേണ്ടി ഞാൻ ആ തുക സ്വീകരിച്ച് അദ്ദേഹത്തെ ചന്ദ്രകാന്തത്തിന്റെ പങ്കാളിയാക്കി.
ഒരു നിർമാതാവ് എന്ന നിലയിൽ ഞാൻ ചെയ്ത പ്രധാന കാര്യം. താരങ്ങൾക്കും സാങ്കേതികവിദഗ്ധർക്കും തൊഴിലാളികൾക്കും ഷൂട്ടിങ് സ്ഥലത്ത് ഒരേ ഭക്ഷണം നൽകി എന്നതാണ്. കുര്യൻ എന്നോടു പറഞ്ഞു. ’പ്രൊഡക്ഷൻ കോസ്റ്റ് കൂടും.’ ‘എത്ര കൂടും.’ ‘പതിനായിരം രൂപയെങ്കിലും കൂടും’. ‘സാരമില്ല. അത് ഞാൻ സഹിച്ചു.’

അന്നു പലയിടങ്ങളിലും താരങ്ങൾക്കു മുന്തിയ ഭക്ഷണവും തൊഴിലാളികൾക്കു കുറഞ്ഞ ഭക്ഷണവുമാണു നൽകിവന്നിരുന്നത്. ഞാൻ തിരക്കഥയും പാട്ടുകളും എഴുതുന്ന ചിത്രങ്ങളുടെ നിർമാതാക്കൾ എന്നെ കുറ്റപ്പെടുത്തി. ‘തമ്പി ഇങ്ങനെ സോഷ്യലിസം കൊണ്ടുവന്നു നിർമാതാക്കളുടെ വയറ്റത്തടിക്കരുത്.’ ഞാൻ അവരെ എതിർക്കാൻ പോയില്ല. ഈ മാറ്റത്തിൽ എന്നെ ആദ്യം അഭിനന്ദിച്ചത് പ്രേംനസീർ ആണ്. അധികം വൈകാതെ മറ്റു നിർമാതാക്കൾക്കും ഭക്ഷണത്തിന്റെ കാര്യത്തിൽ ചെറിയ തോതിലെങ്കിലും മാറ്റം വരുത്തേണ്ടി വന്നു. ചന്ദ്രകാന്തം സാമ്പത്തികമായി വിജയിച്ചില്ല. വിതരണക്കാരായ ഹസീന ഫിലിംസിന് അവർ അഡ്വാൻസായി തന്ന തുകയും അതിന് അവർക്കു കിട്ടേണ്ട കമ്മീഷനും കിട്ടി. എനിക്കും ബേബിക്കും നഷ്ടമുണ്ടായി. കഥ, തിരക്കഥ, സംഭാക്ഷണം, ഗാനരചന, സംവിധാനം എന്നിവയ്ക്ക് എനിക്കു കിട്ടേണ്ട പ്രതിഫലവും നഷ്ടം. വിതരണക്കാർക്ക് അവരുടെ പണവും അതിന്റെ പലിശയിൽ ഇരട്ടിയോളം കമ്മീഷനായും കിട്ടിയതുകൊണ്ട് ഒരു പടം കൂടി തുടങ്ങിയാൽ പിന്തുണ നൽകാമെന്ന് അവർ പറഞ്ഞു.

ചന്ദ്രകാന്തത്തിന് ആ വർഷത്തെ രണ്ടു സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച സംഗീത സംവിധായകനുള്ള അവാർഡ് എം.എസ്.വിശ്വനാഥനും മികച്ച ഗായികയ്ക്കുള്ള അവാർഡ് ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ’ എന്ന ഗാനം പാടിയ എസ്. ജാനകിക്കും കിട്ടി. ചിത്രത്തിലെ എല്ലാ ഗാനങ്ങളും മികച്ചതാണെന്നു നിരൂപകരും ശ്രോതാക്കളും സമ്മതിച്ചിട്ടും മികച്ച ഗാനരചയിതാവിനുള്ള അവാർഡ് എനിക്കു നൽകിയില്ല. കഥ, തിരക്കഥ, സംഭാഷണം, ഗാനരചന,സംവിധാനം എന്നീ ജോലികൾ ഒറ്റയ്ക്ക് നിർവഹിച്ച ക്രിമിനൽ കുറ്റത്തിന് എന്നെ ശിക്ഷിക്കാൻ, കേരളാ ഗവൺമെന്റിനു കീഴിലുള്ള പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് നിശ്ചയിച്ച അവാർഡ് കമ്മിറ്റിക്കും അവരെ കണ്ടെത്തിയ രാഷ്ട്രീയകൂട്ടായ്മയ്ക്കും അധികാരമില്ലാത്തതിനാൽ എന്നെ വെറുതേ വിട്ടു.

(തുടരും)

Content Highlight: Sreekumaran Thampi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com