ADVERTISEMENT

1960 നവംബർ ഒരു നട്ടുച്ച. വെട്ടിക്കവല ഗവ. ഹൈസ്കൂൾ, എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന കാലം. പതിവുപോലെ ഒരുമണിക്ക് ഉച്ചഭക്ഷണത്തിനായി സ്കൂൾ വിട്ടു. അന്നും രണ്ടുമണി ബെല്ലടിച്ചപ്പോൾ ഗ്രൗണ്ടിൽനിന്നും കടവരാന്തകളിൽനിന്നും അയൽക്കാരുടെ പറങ്കിമാവിൽനിന്നുമൊക്കെ കുട്ടികൾ ഓടിക്കിതച്ച് ക്ലാസുകളിലെത്തി.

ഡ്രോയിങ്മാസ്റ്റർ ജോസഫ് സാറായിരുന്നു ഞങ്ങളുടെ ക്ലാസ് ടീച്ചർ. ഞങ്ങൾ പുകസാർ എന്ന ഓമനപ്പേരിൽ വിളിക്കുന്ന സാർ.

സ്കൂളിന്റെ എതിർവശം റോഡിനപ്പുറം നിറയെ മാടക്കടകളാണ്. ചില അധ്യാപകരും ചുരുക്കം വിദ്യാർഥികളും ആരും അറിയാതെ ബീഡി, മുറുക്കാൻ, സിഗരറ്റ് എന്നിവ ഉപയോഗിക്കുന്നത് ഈ കടകളിൽനിന്നാണ്.

ഞങ്ങളുടെ പുകസാർ ഓരോ പീരീഡ് കഴിയുമ്പോഴും സമീപത്തുള്ള കടയിൽനിന്ന് ഒരു സിഗരറ്റ് വാങ്ങി പെട്ടെന്നുവലിച്ച് പുക വിട്ടുകൊണ്ടാണ് ക്ലാസിലേക്കു വരാറുള്ളത്.

ആ സമയം നാലുകിലോമീറ്ററിലധികം ദൂരത്തുനിന്നു നടന്നും വിയർപ്പിൽ കുളിച്ചും പരവശനായി ഒരു മനുഷ്യൻ സാറിന്റെ മുമ്പിൽ തൊഴുകയ്യോടെ വന്നുനിന്നു.

അദ്ദേഹം മേൽമുണ്ടുകൊണ്ട് വിയർപ്പും കണ്ണുനീരും ഒപ്പിക്കൊണ്ട് തന്റെ സങ്കടം സാറിനെ അറിയിച്ചു.

 ഈ ക്ലാസിൽ പഠിക്കുന്ന എന്റെ മകൻ ഡാനി കടയിൽനിന്ന് ഒരു ബീഡി എടുത്തു വലിക്കുന്നതു ഞാൻ കണ്ടു.

ചെറിയ ഒരു മുറുക്കാൻ കട നടത്തി ഉപജീവനം കഴിക്കുകയും മക്കളെ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു സാധു മനുഷ്യൻ.

സാർ ബെഞ്ചിലേക്കു നോക്കി.

അപ്പോഴേക്കും ഡാനി ഒന്നുമറിയാതെ ശരവേഗത്തിൽ ക്ലാസിനുള്ളിലേക്ക് ഓടിക്കയറിവന്നു.

സാറിന്റെ ആക്രോശം

‘നീ ബീഡി വലിച്ചോ?’

‘ഒരു അബദ്ധം പറ്റിപ്പോയി സാർ’

എന്നാലും ചെയ്ത കുറ്റത്തിന് ശിക്ഷയുണ്ട്. സാർ മേശവലിപ്പ് തുറന്ന് ചെറുവിരൽ കനമുള്ള ചൂരൽവടിയെടുത്തു.

‘കൈ നീട്ടടാ’

രണ്ടു കൈവെള്ളയിലും അഞ്ചു വീതം അടി നൽകി.അടിയേറ്റ് രണ്ടു കൈകളും പൊട്ടിയെങ്കിലും ആ പിതാവിന്റെ ഹൃദയം അതിനെക്കാൾ നുറുങ്ങിയിരുന്നു.

അദ്ദേഹം ഒന്നും പറയാതെ മേൽമുണ്ടുകൊണ്ട് കണ്ണുതുടച്ചു കൊണ്ട് വേഗം പുറത്തേക്കുപോയി.

വിയർപ്പും കണ്ണുനീരും ഒഴുക്കി അവൻ ബെഞ്ചിന്റെ അരികിൽ തലതാഴ്ത്തി നിന്നു. അടുത്ത ദിവസം ക്ലാസ് തുടങ്ങുമ്പോൾ ജോസഫ് സാർ പതിവിലധികം ഉന്മേഷത്തോടും സന്തോഷത്തോടുമാണ് ക്ലാസിലെത്തിയത്.എല്ലാവരും എഴുന്നേറ്റുനിന്ന് ഗുഡ്മോണിങ് പറഞ്ഞ് സാറിനെ വരവേറ്റു.സാർ പറഞ്ഞു തുടങ്ങി: ഞാനിന്നൊരു സന്തോഷവാർത്തയുമായാണ് എത്തിയിരിക്കുന്നത്. ഞാൻ ദിവസം 10–15 സിഗരറ്റ് വലിക്കുന്ന ദുഃസ്വഭാവക്കാരനായിരുന്നു. ആ ദുഃശീലത്തിൽനിന്നു ഞാൻ പിന്മാറിയിരിക്കുന്നു. ഡാനിയുടെ പിതാവാണ് ഇതിൽ ഗുരുനാഥൻ. ഡാനി ചെന്ന് പിതാവിനോട് ഈ നല്ലകാര്യം പറയണം.പക്ഷേ, അതുകേൾക്കാൻ ഡാനി ക്ലാസിലില്ലായിരുന്നു. അസ്വസ്ഥനായി വീട്ടിലെത്തിയ പിതാവും ചില തീരുമാനങ്ങളെടുത്തിരുന്നു.അദ്ദേഹം കടയുടെ പിറകുവശത്ത് ഒരു കുഴിയെടുത്ത് കടയിലുണ്ടായിരുന്ന ബീഡിയും സിഗരറ്റും മുറുക്കാനുമൊക്കെ കുഴിയിലിട്ടു മൂടി. ഞാൻമൂലം ആരും ഒരു ദുഃശീലത്തിന് അടിമയാകാതിരിക്കട്ടെ എന്നതായിരുന്നു ഉദ്ദേശ്യം. എന്നിട്ട് അതൊരു പലചരക്കുകടയായി രൂപം മാറ്റി.

അവനിനി സ്കൂളിലേക്കില്ലെന്നു തീർത്തുപറഞ്ഞപ്പോൾ കടയുടെ ഉത്തരവാദിത്തം മകനെയേൽപ്പിച്ച് അയാൾ വീട്ടുകാര്യവും കൃഷിയുമൊക്കെയായി തിരിഞ്ഞു.

സ്കൂളിലേക്കില്ല എന്ന തീരുമാനം ഉറച്ചതായിരുന്നെങ്കിലും അവന്റെ മനസ്സുനിറയെ സ്കൂളും പുസ്തകങ്ങളും പഠിത്തവുമായിരുന്നു.

ഇടവേള മുഴുവൻ പാഠപുസ്തകങ്ങൾ പലതവണ വായിച്ച് പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കിവച്ചു. ഇടയ്ക്ക് കടയിൽവരുന്ന സ്നേഹിതരോടും അധ്യാപകരോടും സംശയനിവാരണം വരുത്തിയും അനുജന്റെയും മറ്റുള്ളവരുടെയുമൊക്കെ നോട്ടുബുക്കുകൾ വാങ്ങി പഠിച്ചും ഒരു വർഷംകൊണ്ടുതന്നെ എട്ടും ഒമ്പതും ക്ലാസുകളിലെ മുഴുവൻ പാഠങ്ങളും പഠിച്ച് അടുത്തുള്ള സ്കൂളിൽപോയി വാർഷിക പരീക്ഷ എഴുതി നല്ല മാർക്കോടെ വിജയം കൈവരിച്ചു.

മൂന്നു വർഷത്തിനുശേഷം പഴയ വിദ്യാലയത്തിലെ സഹപാഠികളൊക്കെ പത്താം ക്ലാസ് കഴിഞ്ഞുപോവുകയും ഒട്ടുമിക്ക അധ്യാപകരും സ്ഥലം മാറിപ്പോകുകയും ചെയ്തിരുന്ന സമയം എസ്എസ്എൽസി.ക്ക് ക്ലാസിൽ ചേർന്നു പഠിക്കാൻ അവൻ സ്കൂളിൽ എത്തി.

എസ്എസ്എൽസി ഫലം വന്നപ്പോൾ ആ സ്കൂളിലെ മുൻവർഷ വിദ്യാർഥികളെക്കാൾ കൂടുതൽ മാർക്കോടും ഫസ്റ്റ് ക്ലാസോടുംകൂടി അവൻ വിജയിച്ചു.

ഡിഗ്രിയെടുത്ത് ഒരധ്യാപകനാകണമെന്നുള്ള ആഗ്രഹത്തോടെ പഠിച്ചിരുന്ന അവൻ റിസൽറ്റിനായി കാത്തിരിക്കാതെ പ്രീഡിഗ്രിക്കുള്ള പുസ്തകങ്ങളും പഠിച്ചുതീർത്തിരുന്നു. 

ഫസ്റ്റ് ക്ലാസും അതിനു മുകളിലുള്ളവർക്കും പി ആൻഡ് ടി വകുപ്പിൽ നേരിട്ടു നിയമനം നൽകാനുള്ള പരസ്യം മലയാള മനോരമയിൽ വന്നു. അപേക്ഷിച്ച ഡാനി മത്സര പരീക്ഷയിലും കൂടിക്കാഴ്ചയിലും ഒന്നാമതെത്തിയപ്പോൾ ഒഡീഷയിലെത്തി ജോലിയിൽ പ്രവേശിച്ചു. 

18–ാമത്തെ വയസ്സിൽ ഒൗദ്യോഗിക ജീവിതമാരംഭിച്ച ഡാനി അന്നും ഇന്നും ഓർക്കുന്നു, ‘ഞാൻ ഒരു ബീഡി വലിച്ചത് എന്റെ പിതാവ് കണ്ടില്ലെന്നോ, സാരമില്ലെന്നോ വിചാരിച്ചിരുന്നെങ്കിൽ അഥവാ ഞാൻ ചെയ്ത തെറ്റിനു തക്കശിക്ഷ ലഭിക്കാതിരുന്നെങ്കിൽ ഇന്ന് എന്റെ അവസ്ഥ?’

 

English Summary: Marakkillorikkalum special story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com