ADVERTISEMENT

കുരുത്തോലയും ലില്ലിച്ചെടിയും കടന്നുവരാത്ത ഓശാനയും ഈസ്റ്ററും ഇല്ല. ലാളിത്യത്തിലേക്കാണ് അവയുടെ തലയാട്ടൽ. ക്ഷണികമാണെങ്കിലും ഓരോ ലില്ലിയും പുനർജനിയുടെ പ്രതീക്ഷ വിരിയിക്കുന്നു. അലങ്കരിച്ച ദേവദാരു പോലെയാണു ബൈബിൾ. അനേകം ശിഖരങ്ങൾ‌ പടർന്നു പന്തലിക്കുന്ന ചിന്തകൾ. ബൈബിളിന്റെ ഉദ്യാനഭൂമികയിൽ ഇത്രയധികം മരുസസ്യങ്ങൾ ഇതൾ വിരിയുന്നുണ്ടോ എന്ന ചോദ്യത്തിനു സസ്യശാസ്ത്രത്തിന്റെ സുഗന്ധം പരത്തുന്ന വ്യാഖ്യാനവും നൂറോളം വാട്ടർ കളർ ചിത്രങ്ങളും ഒരുങ്ങുന്നു.ബൈബിളിലെ 100 സസ്യങ്ങളെ കണ്ടെത്തി അവതരിപ്പിക്കുന്നത് കോഴഞ്ചേരി പാറപ്പാട്ട് ഡോ. ആനി ജെ.മാത്യു . ശാസ്ത്രീയ നാമം, ഇംഗ്ലിഷ്–മലയാളം പേരുകൾ, വിശദീകരണം, കാണപ്പെടുന്ന മേഖല, പരാമർശിക്കപ്പെടുന്ന ബൈബിൾ ഭാഗം എന്നിവ കൂടാതെ ചിത്രങ്ങളും ഉൾപ്പെടുന്നതാണ് ഒരു ഫ്രെയിം. 

ബ്രിട്ടിഷ് മ്യൂസിയത്തിലെ ഹെർബേറിയത്തിൽ ബൊട്ടാണിസ്റ്റുകൾ വരച്ച ചിത്രങ്ങൾ കണ്ടതാണു പ്രചോദനമായത്.  വേദപുസ്തകം സസ്യശാസ്ത്രത്തിലൂടെ എന്ന പേരിൽ ബൈബിൾ ബയോളജി ചിത്രപ്രദർശനമാണ് ആനിയുടെ മനസ്സിൽ.  

പെസഹായുടെ പ്രതീകം ഈന്തപ്പന, ഒലിവില

ബൈബിളിലെ സർവവ്യാപിയായ മരം ഒലിവാണ് (സൈത്ത്).  ആയിരം– രണ്ടായിരം വർഷം വരെ ആയുസ്സ്. പരിശുദ്ധാത്മ പ്രതീകമാണ് ഒലിവെണ്ണ. മൂറോൻ നിർമാണത്തിലും ഉപയോഗിക്കുന്നു. ഈന്തപ്പനയാണ് മറ്റൊരു താരം. യേശുവിനെ വരവേൽക്കാൻ വെട്ടിയിട്ട ഇലകൾ ഈ രണ്ടു വഴിയോര വൃക്ഷങ്ങളുടേതായിരുന്നു.

പെസഹാ വ്യാഴാഴ്ച കഴിക്കുന്ന കയ്പുചീരയെപ്പറ്റി സംഖ്യാപുസ്തകത്തിലാണ് ആദ്യ സൂചന. മേരി യേശുവിന്റെ കാൽക്കൽ പുരട്ടുന്ന വിലയേറിയ  സ്വച്ഛജടാമാംസി തൈലം Spikenard എന്ന ചെടിയിൽ നിന്നുള്ളതാണ്. ഗിലയാദിലെ പേരുകേട്ട സുഗന്ധതൈലവും ഇതോടൊപ്പം നിറഞ്ഞു കവിയുന്നു. സങ്കീർത്തനം– 45 ലെ സുഗന്ധലവംഗം (Cinnamon) ഒരു തരം കറുവപ്പട്ടയാണ്. 

കണ്ടിവെണ്ണ (ഗാൾ അഥവാ പോപ്പി) എന്ന ചെടിയുടെ കായയിൽ നിന്നുള്ള സത്ത് വീഞ്ഞിൽ കലർത്തിയാണ് കുരിശിൽ കിടക്കുമ്പോൾ യേശുവിനു കുടിക്കാൻ നൽകിയത്.

Zizyphus spinachristi L ഒരു മുൾച്ചെടിയുടെ ശാസ്ത്രനാമമാണ്. ഏറ്റവും ശപിക്കപ്പെട്ട മുൾച്ചെടി. യേശുവിന്റെ തലയിൽ വച്ച കിരീടം ഈ മുൾച്ചെടിയിൽ നിന്നാണെന്നു കരുതപ്പെടുന്നു. (Christ thorn plant).

annie-2
ഡോ. ആനി വരച്ച ചിത്രം.

കല്ലറയിൽ യേശുവിന്റെ ശരീരത്തിൽ പുരട്ടാനായി മൂറിനും (Myrrh)  അകിലിനും പുറമെ കറ്റാർവാഴയുടെ സത്താണ് ഉപയോഗിച്ചതെന്ന് യോഹന്നാന്റെ സുവിശേഷം. മൂറ് രോഗ– വേദനസംഹാരിയുമാണ്.  വിദ്വാന്മാർ യേശുവിനു കാഴ്ചവച്ചതും ഇതിൽ നിന്നുള്ള സുഗന്ധവ്യഞ്ജനമാകാം.  

ഖദിരമരം കൊണ്ട് വിശുദ്ധപേടകം

യഹൂദർ ഏറ്റവും വിശുദ്ധമായി കരുതുന്ന ദൈവത്തിന്റെ പെട്ടകം പണിയാൻ ഖദിരമരമാണ് ഉപയോഗിച്ചതെന്ന് പുറപ്പാട് പുസ്തകം. അക്കേഷ്യ ആണ് ഈ ചെടി എന്ന് ഡോ. ആനി കണ്ടെത്തുന്നു. അഹറോന്റെ വടി നിർമിക്കാൻ ഉപയോഗിച്ചിരുന്നത് ബദാം കമ്പായിരുന്നു എന്നു സംഖ്യാ പുസ്തകം.

യോവേൽ പ്രവചനത്തിലെ ആപ്പിൾ ശരിക്കും മധുരനാരങ്ങാ ആകാനാണ് വഴി. കാരണം ആപ്പിൾ ഇസ്രയേയിൽ അടുത്ത കാലത്തു മാത്രമാണ് കൃഷി ചെയ്തു തുടങ്ങിയത്.

ഏശയ്യാ 44 ൽ പറയുന്നത് ഒരു അശോകം നട്ടുപിടിപ്പിക്കുകയും മഴ അതിനെ വളർത്തുകയും ചെയ്യുമെന്നാണ്. ഇല സമ്മാനമായി നൽകിയിരുന്നതിനാൽ Bay Laurel എന്നും അശോകത്തെ വിളിക്കും. ഉൽപ്പത്തിയിൽ പറയുന്ന ഗിലയാദിലെ പശ ശരിക്കും സുഗന്ധ ദ്രവ്യമാണ്. Balm of Gilead എന്നും അറിയപ്പെടുന്നു.

ചതുപ്പു സ്ഥലത്തു വളരുന്ന പോട്ടപ്പുല്ലിനെപ്പറ്റി (Bull rush / Reed) പരിസ്ഥിതിശാസ്ത്രജ്ഞന്റെ ഉൾക്കാഴ്ചയോടെ ജോബ് ചോദിക്കുന്നു: വെള്ളമില്ലാതെ പോട്ടപ്പുല്ല് വളരുമോ ? ഏലിയാവിനു മരുഭൂമിയിൽ തണലേകിയ ചൂരച്ചെടി കാഴ്ചയിൽ ചൂലു പോലെയായതിനാൽ അറിയപ്പെടുന്നത് ബ്രൂം ട്രീ എന്നാണ്. 

ഇത്തിളിൽ പടർന്ന മോശ എന്ന അഗ്നി

സീനായി മലയിൽ ദൈവം മോശയ്ക്കു പ്രത്യക്ഷപ്പെടുന്നത് കത്തുന്ന മുൾപ്പടർപ്പിലൂടെയാണ്. ഒരുതരം ഇത്തിളാണ് ഈ ചെടിയെന്നും ഇതിൽ ചുവന്ന പഴം ഉണ്ടാകാറുണ്ടെന്നും ഡോ. ആനി പറയുന്നു. പുറപ്പാട് പുസ്തകത്തിലാണ് ഈ ഭാഗം.

യോനായ്ക്കു തണൽ ഒരുക്കുന്ന ആവണക്ക് (castor), ശിക്ഷയുടെ പ്രതീകമായ ചൂരൽ (cane), വിശുദ്ധതൈലം തയാറാക്കുന്നതിന് ഉപയോഗിക്കുന്ന വഴനത്തൊലി (Cassia) തുടങ്ങി ജീവൽപ്രതീകങ്ങളായ ചെടികൾ ഓരോ അധ്യായങ്ങളിലും തല ഉയർത്തുന്നു. 

ദേവദാരു പൂത്തു എൻമനസ്സിൻ താഴ്‌വരയിൽ

മധ്യപൂർവേഷ്യയിൽ മരുഭൂമിയല്ലാത്തെ ഒരേ ഒരു രാജ്യം– ദേവദാരുസമൃദ്ധമായ ലെബനൻ. നിറഞ്ഞു നിന്ന് ബൈബിളിനെ അലങ്കരിക്കുന്ന ഈ വൃക്ഷം (Cedar of Lebanon) കൊണ്ടാണ് ദാവീദിന്റെ അരമന നിർമിച്ചിരിക്കുന്നതെന്ന് ദിനവൃത്താന്തത്തിൽ പറയുന്നു. 

annie1
ഡോ. ആനി വരച്ച ചിത്രം.

സോളമൻ ജറുസലം ദേവാലയം നിർമിച്ചതും ഈ തടികൊണ്ട്. സംഖ്യാപുസ്തകത്തിൽ വെള്ളരിക്കയെപ്പറ്റി പറയുന്നു. നൈൽ നദിയുടെ തീരത്ത് സമൃദ്ധമായി വിളയുന്ന ഈ വെള്ളരി അടിമ ജീവിത കാലത്ത് ഇസ്രയേലുകാരുടെ ഭക്ഷണമായിരുന്നു.

ഉൽപ്പത്തി പുസ്തകത്തിൽ പറയുന്ന ദൂദായി പഴം വന്ധ്യതതയ്ക്ക് ഔഷധമാണ്. പുറപ്പാട് പുസ്തകത്തിലെ ഗുൽഗുലു ഒരുതരം പശയാണ്.

മനുഷ്യായുസ്സിന്റെ ക്ഷണികത വിവരിച്ച് സഭാപ്രസംഗികൻ നൽകുന്ന ഉപദേശങ്ങളിൽ പ്രായാധിക്യത്തിൽ രോചനക്കുരു ഫലിക്കാതെ വരുമെന്നു പറയുന്നത് Caper bush ചെടിയുടെ കായയെപ്പറ്റിയാണ്. ക്ഷീണമകറ്റാനുള്ള ഈ കായ കഴിച്ചാലും ഫലമില്ലാത്ത വിധം ശരീരം ദുർബലമാകുന്ന ആ അന്ത്യസമയെത്തെപ്പറ്റിയാണ് ഈ സൂചനയെന്ന് ഡോ. ആനിയുടെ സസ്യഭാഷ്യം.

 രാജാക്കന്മാരുടെ പുസ്തകത്തിൽ പറയുന്ന Star of Bethlahem എന്ന Doves dung  ചെടിയുടെ ഭക്ഷ്യയോഗ്യമായ കായ പ്രാക്കാഷ്ടം എന്നാണ് അറിയപ്പെടുന്നത്. ഇതുപോലും കിട്ടാനില്ലാത്ത ക്ഷാമകാലത്തെപ്പറ്റിയാണ് ബൈബിൾ പരാമർശം

നികുതിയായി തുളസി, ചതകുപ്പ

ഔഷധമായി ഉപയോഗിക്കുന്ന ചതകുപ്പ (Dill) നികുതി അടയ്ക്കാനും ഉപയോഗിച്ചിരുന്നു എന്നാണ് മത്തായിയുടെ സുവിശേഷത്തിൽ പറയുന്നത്. ലൂക്കോയുടെ സുവിശേഷത്തിൽ പല ഭാഗങ്ങളിലും പതാരം (ദശാംശം) നൽകാൻ ചീരയും തുളസിയും പുതിനയും (Mint) അരൂതയും (Rue) ഉപയോഗിക്കുന്നതായി പരാമർശമുണ്ട്.

നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്ഥത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചു കളയുകയും ചെയ്യുന്നു എന്നാണ് വാക്യം.  

ഔഷധ ഗുണമുള്ള കരിഞ്ചീരകം മെതിക്കുന്നതിനെപ്പറ്റി ഏശയ്യ പ്രവചനത്തിൽ പറയുന്നു. 

പ്രണയാർദ്രം ശാരോനിലെ പൂക്കൾ

അവർ ആനക്കൊമ്പും കരിമരവും കപ്പം കൊണ്ടുവന്നു എന്ന് എസക്കിയേൽ പ്രവചനത്തിൽ പറയുന്നതിലെ കരിമരം നമ്മുടെ ഈട്ടി (Ebony) പോലെയുള്ള കട്ടിത്തടിയാണ്.ശാരോനിലെ പനീറും കുങ്കുമവും മൈലാഞ്ചിയും (ഹെന്ന) ഉത്തമഗീതത്തിന്റെ പ്രണയാർദ്രതയ്ക്ക് ചാരുതയേകുന്നു.അത്തിയും കുന്തിരിക്കവും മുന്തിരിയും ഒലിവും ഗോതമ്പും നാരകവും കടുകുമെല്ലാം ബൈബിളിൽ പല ഭാഗങ്ങളിലായി ചിതറി കിടക്കുന്നു. ഇതിനു കൂട്ടായി കാട്ടുമുന്തിരിയും കാട്ടൊലിവും കാട്ടത്തിയും.

ഗോഫർ മരം 20 തരം; അതിലൊന്ന് ഗവിയിലും

നോഹ പെട്ടകം നിർമിച്ചത് ഉൾപ്പെടെ 20 ഗോഫർ ഇനങ്ങൾ ഈ ഗവേഷക കണ്ടെടുക്കുന്നു. ഇതിൽ ഒരിനമാകാം നമ്മുടെ ഗവി വനമേഖലയിൽ കാണപ്പെടുന്നത്.

നൈൽ നദീതീരത്ത് വ്യാപകമായ ഞാങ്ങണ (ഓടൽ) എന്ന ചെടിയിൽ നിന്നാണ് (Papyrus) പിൽക്കാലത്ത് കടലാസ് ഉൽപ്പാദിപ്പിക്കുന്നത്. കുഞ്ഞായ മോശയെ നദിയിൽ ഒഴുക്കുന്നതിനു മുൻപായി ഇതിനിടയിലാണ് കിടത്തിയത്.

പൈൻ മരത്തിൽ നിന്നാണ് ടർപന്റൈൻ എന്ന തൈലം വാറ്റുന്നത്. സരള, പൈൻ, പുന്ന എന്നിവയെ ഏശയ്യപ്രവചനത്തിൽ ഒരുമിച്ച് അവതരിപ്പിക്കുന്നു.സംഖ്യാപുസ്കത്തിൽ ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നീ 3 തരത്തെപ്പറ്റിയും മത്തങ്ങ, വെള്ളരി എന്നിവയെയും പരാമർശിക്കുന്നു. ‌മാതളം (pomegranate) പാലസ്തീൻ ദേശത്തെ പൗരാണിക ഫലമാണ്.  ശലോമോന്റെ കിരീടത്തിന് ഇതിന്റെ ആകൃതിയാണ്.ഈറയും ഓടയും (Reed) ഇസ്രയേൽ–ഈജിപ്ത് ദേശങ്ങളിൽ വ്യാപകമായതിനാൽ ബൈബിളിലും നിറഞ്ഞു നിൽക്കുന്നു.

ആ നഞ്ചല്ല ഈ നഞ്ച്

ഇസ്രയേലുകാരെ നഞ്ചുവെള്ളം കുടിപ്പിക്കുമെന്ന് ജെറമിയയുടെ പുസ്തകത്തിൽ പറയുന്നു. നഞ്ച് ഹെംലോക് എന്നൊരു വിഷച്ചെടിയിൽ നിന്നെടുക്കുന്നതാണ്. നമ്മുടെ നാട്ടിലെ നഞ്ച് രാസവിഷമാണെന്നും ഡോ. ആനി വെളിപ്പെടുത്തുന്നു.പറ്റിപ്പിടിച്ച് വളരുന്ന ഈസോപ്പ് ചെടി (Hyssop) ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്നുവെന്നു രാജാക്കന്മാരുടെ പുസ്തകത്തിൽ പറയുന്നു. ഈസോപ്പ് പല ഇനമുണ്ട്. 

നീതിമാന്റെ പനയും പിന്നെ ലില്ലികളും

നീതിമാൻ പന പോലെ തഴയ്ക്കും എന്നു 92–ാം സങ്കീർത്തനം പറയുന്നത് ശരിക്കും ഈന്തപ്പന ഉദ്ദേശിച്ചാണ്. ഇസ്രയേൽ സംസ്കാരത്തെ ഇത്രയധികം സ്വാധീനിച്ച ചെടിയില്ലെന്നു ഡോ. ആനി ലഘുവിവരണത്തിലൂടെ സമർഥിക്കുന്നു. ലില്ലി എന്നു ബൈബിളിൽ പറയുന്നതെല്ലാം വിവിധതരം താമരകളാണ്. കാണ്ടാമൃഗം വിശ്രമിക്കാനെത്തുന്നതു നീർമരുതിന്റെ (Lotus tree) തണലിലാണെന്നു ഇയ്യോബിന്റെ പുസ്തകം.

ശാപവിഷം പേറി ചാവുകടൽ ചെടി

ചാവുകടലിനോടു ചേർന്ന വന്ധ്യമായ ഭൂപ്രദേശത്തും ചില ചെടികളുണ്ട്. ഇതിൽ പ്രധാനമാണ് സോദോം വള്ളി. കാണാൻ ഭംഗിയുണ്ടെങ്കിലും ദൈവം ശപിച്ച ദേശത്തു വളരുന്നതിനാൽ വിഷമാണ്.ഏലത്തെപ്പറ്റി പരാമർശമുള്ളത് വെളിപാട് പുസ്തകത്തിൽ.രാജാക്കന്മാരുടെ പുസ്തകത്തിലാണ് കുമ്മട്ടിക്കായ (Wild gourd). അധികമായാൽ അപകടകരമാണെങ്കിലും രുചിക്ക് അൽപ്പമായി ഉപയോഗിക്കാമെന്നു ഡോ. ആനിയുടെ അഭിപ്രായം.കയ്പ്പേറിയ കാര്യങ്ങളെപ്പറ്റി പറയാൻ ബൈബിൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കാഞ്ഞിരത്തെയാണ്. (Worm wood). 

മുള്ളാണെങ്കിലും വരയ്ക്കാനെന്തു ഭംഗി

ദൂരെ ദേശത്തെ വയമ്പിനെപ്പറ്റി ജെറമിയ പ്രവചനത്തിൽ പറയുന്നു. ഇഞ്ചിപോലെയാണ് ഉപയോഗിക്കുന്നത്. ഞെരിഞ്ഞിലും പറക്കാരയും കളയും മുള്ളുചെടികളും പലതരമുണ്ട്. 

നന്നായി വരയ്ക്കാനാവുന്നത് ഇവയെന്ന് ഡോ ആനിയിലെ ചിത്രകാരിയുടെ സാക്ഷ്യം.ഏശയ്യാ പ്രവചനത്തിൽ ആൽ കടന്നു വരുന്നത് അന്യദേശ സൂചനയുടെ ഭാഗമാണ്. ആൽച്ചുവട്ടിലെ ബലിയാണ് പരാമർശം.

സക്കായിയുടെ സൈക്കമോർ നീ എത്ര ധന്യ!

വെട്ടുക്കിളിയും കാട്ടുതേനും സ്നാപക യോഹന്നാന്റെ ആഹാരം  എന്നു മത്തായിയുടെ സുവിശേഷം. ഈ വെട്ടുക്കിളി ഒരു ജീവിയാണെന്നാണ് പലരുടെയും ധാരണ. എന്നാ‍ൽ മെഡിറ്ററേനിയനിൽ കാണപ്പെടുന്ന ഒരുതരം വിത്താണ് ഇത്. ജോൺസ് ട്രീ, ലോക്കസ്റ്റ് ട്രീ എന്നെല്ലാം വിളിപ്പേര്. ശാസത്രനാമം: Ceratonia siliqua L.

അയ്യായിരം പേരെ പോഷിപ്പിച്ച ബാലന്റെ അഞ്ച് അപ്പം ബാർലി അഥവാ യവമാണ്; ഇസ്രയേലിലെ സാധാരണക്കാരുടെ ധാന്യം. സക്കായി കയറിയതോടെ താരമായി മാറിയ കാട്ടത്തിയും ഈ സമാഹാരത്തിൽ ഇടംപിടിച്ചു. സൈക്കമോർ (Fig) ആണ് ധന്യമായ ഈ ചെടി. 

കിങ് ജെയിംസ് – ബൈബിൾ സൊസൈറ്റി വേദപുസ്തങ്ങൾക്കു പുറമെ വില്യം ബാർക്ലേയുടെ വ്യാഖ്യാനവും വിക്കിപീഡിയയുമാണ് ഗവേഷണത്തിന് വെള്ളവും വളവുമായതെന്ന് ആനി പറയുന്നു.  

കോഴഞ്ചേരി സെന്റ് തോമസ് കോളജ് ബോട്ടണി മേധാവിയായി വിരമിച്ച ഡോ. ആനി ലോക്ഡൗൺ കാലം ഈ രീതിയിൽ പ്രയോജനപ്പെടുത്താനായതിന്റെ സന്തോഷത്തിലാണ്.  ഭർത്താവ് തിരുവല്ല മാർത്തോമ്മാ കോളജ് മുൻ പ്രഫ. പി. ജി. ഫിലിപ്പ് ഗവേഷണവഴിയിൽ ഏറെ സഹായിച്ചു.  ആനിയുടെ പിതാവ് ആലുവ യുസി കോളജ് ബോട്ടണി പ്രഫസറും പ്രിൻസിപ്പലുമായിരുന്ന പ്രഫ. സി. ജോയിസ് മാത്യു ലണ്ടൻ സർവകലാശാലയിൽ നിന്നാണ് പിഎച്ച്ഡി നേടിയത്.

English Summary: Dr. Annie J Mathew presents 100 plants related to the bible

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com