മനസ്സിന്റെ ഭൂമിശാസ്ത്രം

sreekumaran-thampi
SHARE

സിനിമ നിർമിക്കാൻ തീരുമാനിച്ചുകഴിഞ്ഞു ഞാൻ മൈസൂറിൽ പ്രേംനസീറിനെ കണ്ടകാര്യവും, പടമെടുക്കരുത് എന്നദ്ദേഹം എന്നെ ഉപദേശിച്ച കാര്യവും  ഒരു അധ്യായത്തിൽ വിവരിച്ചല്ലോ. എന്തായാലും  നിർമാതാവാകാൻ തീരുമാനിച്ചു എന്നു തീർത്തു പറഞ്ഞപ്പോൾ ഇരട്ടവേഷമായതുകൊണ്ട് തമ്പി എനിക്ക് പ്രതിഫലമായി മുപ്പതിനായിരം രൂപ തരണം എന്ന്‌ അദ്ദേഹം ദൃഢസ്വരത്തിൽ പറഞ്ഞതും നസീർസാറിന്റെ ഭാവമാറ്റം എന്നെ അത്ഭുതപ്പെടുത്തിയതും ഞാൻ പറഞ്ഞുകഴിഞ്ഞു. ചിത്രം പൂർത്തിയായിക്കഴിഞ്ഞു ബാക്കി നൽകാനുള്ള 10,000 രൂപയുമായി   നസീർസാറിന്റെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ വീട് കൊട്ടാര സദൃശമൊന്നുമായിരുന്നില്ല. സ്വീകരണമുറി പോലും അത്ര വലുതല്ല. താഴെയുള്ള ബെഡ്‌റൂമിലാണ് അദ്ദേഹത്തിന്റെ ഓഫിസും. ഓഫിസ് എന്നു പറഞ്ഞാൽ ബെഡ്റൂമിന്റെ ഒരു മൂലയിൽ കിടക്കുന്ന ഒരു കസേരയും മേശയും അഭിമുഖമായി മറ്റൊരു കസേരയും മാത്രം. മേശപ്പുറത്ത് പോസ്റ്റിൽ വരുന്ന പ്രധാന മലയാള പത്രങ്ങൾ ചിതറിക്കിടക്കും. മറുപടിയയച്ചതും അയയ്ക്കാത്തതുമായ കത്തുകളും കൂടിക്കിടക്കും. കൂടുതൽ അടുപ്പമുള്ളവരെ ഹാളിൽ പ്രവേശിക്കുമ്പോൾത്തന്നെ ബെഡ്റൂമിലേക്കു കൊണ്ടുപോകും. അന്നു ഞാൻ കോളിങ് ബെൽ അടിച്ചപ്പോൾ നസീർസാറിന്റെ ഭാര്യയാണു വാതിൽ തുറന്നത്. തമ്പിയാണ് എന്നവർ വിളിച്ചു പറഞ്ഞപ്പോൾ അകത്തുവരാൻ പറ എന്നു മറുപടികിട്ടി. ബെഡ്റൂമിന്റെ മൂലയിലുള്ള പ്രധാനകസേരയിലിരുന്ന് അദ്ദേഹം കോൾഷീറ്റ് ഡയറി നോക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തിന് അഭിമുഖമായിക്കിടന്ന കസേരയിൽ ഇരുന്നു. 

നൂറുരൂപയുടെ ഒരുകെട്ട് മേശപ്പുറത്തുവച്ച് ഞാൻ പറഞ്ഞു. ‘സാർ ഇതാ ബാക്കി പതിനായിരം’ എന്റെ മുഖത്തേക്കും നോട്ടുകെട്ടിലേക്കും മാറിമാറി നോക്കി അദ്ദേഹം വിശദമായൊന്നു ചിരിച്ചു, പിന്നീട് ഇങ്ങനെ പറഞ്ഞു. ‘തമ്പിയുടെയടുത്തു നിന്നു ഞാൻ കൂടുതൽ പണം മേടിക്കുമെന്നു കരുതുന്നുണ്ടോ ? അതാണോ നമ്മൾ തമ്മിലുള്ള ബന്ധം? ഞാൻ അന്നു കൂടുതൽ പണം തരണം എന്നു പറയാൻ കാരണമുണ്ട്. തമ്പി വലിയ അഭിമാനിയാണ്. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവവുമാണ്. ഇരുപത്തി അയ്യായിരമാണ് ആ സമയത്തു ഞാൻ വാങ്ങിയിരുന്ന തുക. വാസുസാറിനെയും കൊട്ടാരക്കരയെയും പോലെ കൂടുതൽ അടുപ്പമുള്ളവരിൽ നിന്നു ഞാൻ ഇരുപതിനായിരമേ വാങ്ങാറുള്ളു. ഈ കാര്യം തമ്പിക്കും അറിയാം. ഞാൻ മുപ്പതിനായിരം ആവശ്യപ്പെടുമ്പോൾ തമ്പി ദേഷ്യത്തിൽ പടമെടുക്കേണ്ട എന്നു തീരുമാനിക്കും എന്നു ഞാൻ കരുതി. കഥ കേട്ടപ്പോൾ തന്നെ ഇതൊരു ക്ലാസ് പടമായിരിക്കും എന്നെനിക്കു മനസ്സിലായി. തമ്പി വളരെ ചെറുപ്പമാ. ഈ രീതിയിൽ രണ്ടു പടമെടുത്താൽ തമ്പി നടത്തുന്ന നിർമാണക്കമ്പനിയുടെ വർക്കിങ് ക്യാപിറ്റൽ പോലും ഇല്ലാതാകും. തമ്പി ഈ പടത്തിന് ഇരുപതിനായിരം രൂപ തന്നാ മതി. ഈ പതിനായിരം തമ്പി തിരിച്ചെടുത്തോ. പിന്നെ പടം വളരെ നന്നായിട്ടുണ്ട്. മെയിൻ സെന്ററുകളിൽ ഓടും. താഴോട്ടുപോവുമ്പോൾ കലക്‌ഷൻ കുറയും. ഒരു സത്യം പറയാം. ചന്ദ്രകാന്തം കണ്ടാൽ അത് ഒരു ഡയറക്ടറുടെ ആദ്യത്തെ വർക്ക് ആണെന്ന് ആരും പറയൂല്ല.  ഇതാണ് പ്രേംനസീർ എന്ന നടന്റെ വ്യക്തിത്വം. അനുഭവമുള്ളവർക്കു മാത്രമേ ആ മഹത്വം മനസ്സിലാകൂ. ചന്ദ്രകാന്തത്തിലെ ഗാനരചനയ്ക്കു പോലും എനിക്കു സംസ്ഥാനപുരസ്കാരം ലഭിച്ചില്ലെന്നു കേട്ടപ്പോൾ നസീർസാറിനു ശരിക്കും വിഷമം തോന്നി.   ‘എന്തിനാ തമ്പീ അവാർഡ്?  മലയാളികൾ മുഴുവൻ ഈ പാട്ടുകൾ ഏറ്റുപാടും. ഞാനും തമ്പിയുമൊക്കെ മരിച്ചു കഴിഞ്ഞും ചന്ദ്രകാന്തത്തിലെ പാട്ടുകൾ നിലനിൽക്കും.’ അദ്ദേഹം എന്നെ സമാധാനിപ്പിച്ചു. 

ജീവിതത്തിൽ ഏതു ഘട്ടത്തിലും വിജയം നേടണമെങ്കിൽ നമ്മൾ തോൽക്കാൻ പഠിക്കണം. തോൽ‌വിയിൽ തളർന്നുപോകുന്നവനു വിജയം സ്വപ്നം കാണാൻ അർഹതയില്ല. ചന്ദ്രകാന്തം സാമ്പത്തികമായി പരാജയപ്പെട്ടപ്പോൾ ചലച്ചിത്രനിർമാണത്തിൽ നിന്നു ഞാൻ പിന്മാറിയിരുന്നെങ്കിൽ വിജയത്തിന്റെ സൗന്ദര്യം ആഘോഷിക്കാൻ എനിക്കു  കഴിയുമായിരുന്നില്ല. അവിവേകം കാട്ടി കാശ് കളഞ്ഞവൻ എന്നുപറഞ്ഞ് എന്നെ പഴിക്കുന്ന ബന്ധുക്കളുടെയും, ചിത്രത്തിൽ ഞാൻ മുടക്കിയ പണം നഷ്ടപ്പെട്ടതിൽ നിഗൂഢമായി ആഹ്ലാദിക്കുന്ന ശത്രുക്കളുടെയും മുമ്പിൽ ഞാൻ വെറും നോക്കുകുത്തിയാകുമായിരുന്നു. അയാൾക്ക് പാട്ടുകൾ മാത്രമെഴുതി അടങ്ങിയൊതുങ്ങിയിരുന്നാൽ പോരായിരുന്നോ? അതിനിടയിൽ സംവിധായകനാകാൻ പൂതി. അത്യാഗ്രഹം. ഏതായാലും അവന്റെ അഹങ്കാരത്തിനു ഫലം കിട്ടി. എന്ന് പിറുപിറുത്ത അസൂയക്കാരുടെ മുമ്പിലൂടെ ഞാൻ തലയുയർത്തിപിടിച്ചു നടന്നു. സഹതാപത്തിന്റെ മുഖാവരണമിട്ട് ബന്ധുക്കളായി ഭാവിച്ചു കൂടെ നടക്കുന്ന ശത്രുക്കൾ ചോദിച്ചു. ‘നല്ല ഒന്നാംതരം പടം. സൂപ്പർഹിറ്റ് പാട്ടുകൾ. പക്ഷേ പൊട്ടിപ്പോയല്ലോ. കഷ്ടമായിപ്പോയി.. ഇനിയെന്തു ചെയ്യും തമ്പി.?’  അവരുടെ മുമ്പിൽ ഒട്ടും നിരാശനാകാതെ ഞാൻ പറഞ്ഞു ‘അടുത്ത പടം ഉടനെ തുടങ്ങും ’. ‘ അയ്യോ, അതു വലിയ റിസ്ക് അല്ലേ? ’. അവരോടു ഞാൻ തിരിച്ചു ചോദിച്ചു. ‘ജീവിതംതന്നെ ഒരു വലിയ റിസ്ക് അല്ലേ? ആ വലിയ റിസ്കിനിടയിൽ ഇതൊരു ചെറിയ റിസ്ക്. അത്രമാത്രം!’ 

sreekumaran-thampi-interview
ശ്രീകുമാരൻ തമ്പി

മുപ്പതിനായിരം മുടക്കി ചന്ദ്രകാന്തത്തിൽ സഹനിർമാതാവായ സുഹൃത്ത് ബേബിയോട് ഞാൻ പറഞ്ഞു.  ‘ചിത്രം ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു. വിതരണക്കാരുമായി  നിർമാതാവ് എന്ന നിലയിൽ ഇനി നിങ്ങൾ ബന്ധപ്പെടുക. എന്റെ കൂടെ നിന്നു വീണ്ടും നിങ്ങൾ നഷ്ടം സഹിക്കണ്ട. ഞാൻ എടുത്തു ചാടുന്നവനാണ്‌. ചിലപ്പോൾ കാലൊടിയും. ബേബി കൂടെച്ചാടി ബേബിയുടെ കാൽ ഒടിക്കരുത്. ഇനി ഞാൻ തനിച്ചേ പടമെടുക്കൂ.’ 

നാടകനടനും ചങ്ങനാശേരി ഗീഥാ ആർട്സിന്റെ ഉടമസ്ഥനുമായ  ചാച്ചപ്പനുവേണ്ടി അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ ഒരു നാടകമെഴുതി. കാക്കത്തമ്പുരാട്ടി എന്ന എന്റെ നോവൽ ജനയുഗം ഓണം വിശേഷാൽ പ്രതിയിൽ പൂർണനോവലായി പ്രസിദ്ധീകരിച്ച കാലം. കുട്ടനാട് എന്ന എന്റെ നോവൽ ജനയുഗം വാരികയിൽ തുടർക്കഥയായി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. ഈ രണ്ടു നോവലുകളുടെ വായനക്കാരൻ എന്ന നിലയിലാണ് ചാച്ചപ്പൻ എന്നെത്തേടിവന്നത്. ഞാൻ അച്ചുതണ്ട് എന്നപേരിൽ ഒരു നാടകം എഴുതി. ചാച്ചപ്പൻ അദ്ദേഹത്തിന്റെ സമിതിയിലെ ഒരു നടനെയും കൂട്ടി നാടകം വായിക്കാൻ എന്റെ മൂത്തസഹോദരൻ നടത്തുന്ന തമ്പീസ് കോളജിൽ വന്നു. ഞാൻ നാടകം വായിച്ചു കേൾപ്പിച്ചു.  ‘ഒന്നാംതരം.  ഉഗ്രൻ നാടകം. പക്ഷേ ഒരു പ്രശ്‍നം; സ്ത്രീകഥാപാത്രങ്ങളുടെ എണ്ണം കൂടി. ഇപ്പോൾ നടികളെ കിട്ടാൻ വലിയ പ്രയാസമാണ്. കൊള്ളാവുന്ന നടികൾ അഡ്വാൻസ് ചോദിക്കും. അതുപോലെ സമിതിയിൽ എന്നും സപ്പോർട്ടായി എന്റെ കൂടെ നിൽക്കുന്ന രണ്ടു നടന്മാർക്ക് ഈ നാടകത്തിൽ റോളില്ല. രണ്ടു സ്ത്രീകഥാപാത്രങ്ങളെ കുറയ്ക്കണം. രണ്ടു പുരുഷകഥാപാത്രങ്ങളെ കൂടി ഉൾപ്പെടുത്തി ഒന്നു മാറ്റിയെഴുതിയാൽ മതി.’ ‘അതു നടക്കുന്ന കാര്യമല്ല. നാടകം ഇതേ രീതിയിൽ അവതരിപ്പിക്കാൻ തയാറാണെങ്കിൽ മാത്രം എടുക്കുക. ഇല്ലെങ്കിൽ നിങ്ങൾ പറയുന്നതുപോലെ മാറ്റിയെഴുതുന്ന സ്ഥിരം നാടകമെഴുത്തുകാരിൽ ഒരാളെ കണ്ടെത്തുക’ ഞാൻ പറഞ്ഞു. അൽപം വിഷമത്തോടെ ചാച്ചപ്പൻ മടങ്ങി. അച്ചുതണ്ട് എന്ന നാടകം ഞാൻ കുങ്കുമം വാരികയിൽ ഖണ്ഡശഃപ്രസിദ്ധീകരിച്ചു, എസ്പിസിഎസ് ( നാഷനൽ ബുക്സ്റ്റാൾ ) അതു പുസ്തകമാക്കി. എന്റെ രണ്ടാമത്തെ സിനിമയായി അച്ചുതണ്ട് എടുക്കാൻ ഞാൻ തീരുമാനിച്ചു. ചന്ദ്രകാന്തത്തിൽ പ്രേംനസീർ നായകനായി. അടുത്ത ചിത്രത്തിൽ മധു ഉണ്ടായിരിക്കണം എന്നത് എന്റെ ആഗ്രഹമായിരുന്നു.

മധുച്ചേട്ടൻ തിരുവനന്തപുരത്ത് സ്ഥാപിച്ച ഉമാ സ്റ്റുഡിയോ  ആദ്യം മദ്രാസിൽ തുടങ്ങാനായിരുന്നു പദ്ധതി. എവിഎം സ്റ്റുഡിയോയിൽ നിന്നു കഷ്ടിച്ച് അര കിലോമീറ്റർ അകലെയായി അദ്ദേഹം ആവശ്യമായ സ്ഥലം വാങ്ങി. ഞാൻ സ്റ്റുഡിയോയുടെ പ്ലാനും എസ്റ്റിമേറ്റും തയാറാക്കി ജോലികൾ തുടങ്ങിയിരുന്നു. സ്റ്റുഡിയോ ഓഫിസിന്റെ കെട്ടിടം ഏതാണ്ടു പൂർത്തിയായി. അതുവരെ സ്വഭാവനടൻ ടി.എസ്.മുത്തയ്യയുടെ വീട്ടിലെ ഒരു മുറിയിൽ പേയിങ് ഗസ്റ്റിനെപ്പോലെ കഴിഞ്ഞിരുന്ന നസീർസാർ നുങ്കമ്പാക്കത്തുള്ള മഹാലിംഗപുരത്ത് സ്വന്തം വീട് കെട്ടുകയായിരുന്നു, എന്ന‌െക്കാൾ വളരെ സീനിയർ ആയ കെ.ജി.മേനോൻ എന്ന എൻജിനീയർ ആണ് നസീർസാറിന്റെ വീടു കെട്ടിയത്. എന്നാൽ രണ്ടാമതൊന്ന്‌ ആലോചിക്കാതെ തന്റെ ഫിലിംസ്റ്റുഡിയോ സാക്ഷാൽക്കരിക്കാൻ മധുച്ചേട്ടൻ എന്നോടു പറഞ്ഞു. മൂന്നു സഹോദരന്മാടെയും അവരുടെ ഏകസഹോദരിയുടെയും കഥപറയുന്ന ‘അച്ചുതണ്ടിൽ’ മൂത്ത സഹോദരൻ ആയി മധു, രണ്ടാമനായി വിൻസന്റ്, മൂന്നാമനായി രാഘവൻ, അവരുടെ അനുജത്തിയായി ചെമ്പരത്തി ശോഭന (റോജാരമണി) എന്നിങ്ങനെ താരനിർണയം നടന്നു.  

ചന്ദ്രകാന്തം പരാജയപ്പെട്ടതുകൊണ്ട് രണ്ടാമത്തെ ചിത്രത്തിന്റെ നിർമാണച്ചെലവ് കഴയുന്നത്ര കുറയ്ക്കണമെന്നു ഞാൻ തീരുമാനിച്ചു. അതനുസരിച്ചു ഞാൻ ഒരു ബജറ്റ് തയാറാക്കി. ഈ ചിത്രവും സാമ്പത്തികമായി പരാജയപ്പെട്ടാലും പിടിച്ചു നിൽക്കണം. 

അച്ചുതണ്ട് എന്ന നാടകം സിനിമയാകുമ്പോൾ ആ ചിത്രത്തിന്റെ പേര് ‘ഭൂഗോളം തിരിയുന്നു’  എന്നായിരിക്കും. ഞാൻ തയാറാക്കിയ ബജറ്റ് അനുസരിച്ച് അഭിനേതാക്കൾക്കു മൊത്തം കൊടുക്കാവുന്ന തുക കണക്കാക്കി ഒരു തുക ഞാൻ മധുച്ചേട്ടനോട് പറഞ്ഞു. മധുച്ചേട്ടന്റെ പ്രതിഫലം എത്രയായിരിക്കും എന്നു ഞാൻ അങ്ങോട്ടു പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടമായില്ല. 

അടുത്ത ദിവസം രാവിലെ മധുച്ചേട്ടന്റെ സഹായിയായി കൂടെയുണ്ടായിരുന്ന കെ.പി.പിള്ളയുടെ കയ്യിൽ എനിക്കൊരു കത്ത് കൊടുത്തയച്ചു. കത്തിൽ അദ്ദേഹം ഇങ്ങനെയെഴുതി. ‘വീട് കെട്ടുമ്പോൾ അതിന് എത്ര തുകയാകുമെന്നു നിശ്ചയിക്കുന്നത് തമ്പി. ഞാൻ അഭിനയിക്കുമ്പോൾ എന്റെ പ്രതിഫലം തീരുമാനിക്കുന്നതും തമ്പി. ഇത് പഴയ നായർ ജന്മിമാരുടെ സ്വഭാവമാണ്. നമ്മൾ പുതിയ നായന്മാരല്ലേ? തമ്പിയുടെ സിനിമയിൽ പ്രതിഫലം വാങ്ങാതെ അഭിനയിക്കാനാണ് എനിക്കിഷ്ടം. തമ്പിയുടെ മുഖത്ത് നോക്കി ഇങ്ങനെ സംസാരിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ് ഒരു പതിനേഴുകാരി പെണ്ണിനെപ്പോലെ ഞാൻ ഈ പ്രേമലേഖനം എഴുതുന്നത്.’ ആ കത്ത് വായിച്ചുകഴിഞ്ഞപ്പോൾ എനിക്കു തോന്നി. ഞാൻ ചെയ്യുന്നത് ശരിയല്ല. അച്ചുതണ്ട് എന്ന നാടകത്തിനു ഭൂഗോളം തിരിയുന്നു എന്ന പേരിൽ സ്ക്രിപ്റ്റ് എഴുതിക്കഴിഞ്ഞപ്പോൾ എനിക്കു മനസ്സിലായി, സിനിമ പൂർത്തിയായിക്കഴിയുമ്പോൾ മൂന്നാമത്തെ അനുജനായി അഭിനയിക്കുന്ന രാഘവനായിരിക്കും സിനിമയിലെ നായകൻ. കഥാപാത്രത്തിന്റെ പ്രത്യേകത കൊണ്ട് രണ്ടാമത്തെ സഹോദരനായി വരുന്ന വിൻസന്റും ശ്രദ്ധിക്കപ്പെടും ചന്ദ്രകാന്തത്തിൽ നസീർസാർ വളരെ പ്രാധാന്യമുള്ള രണ്ടു വേഷങ്ങളിലാണ് അഭിനയിച്ചത്. മധുച്ചേട്ടനും ഞാൻ നൽകേണ്ടത് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെയാണ്. 

മധുച്ചേട്ടനുവേണ്ടി മാറ്റിവച്ച വേഷം ഞാൻ അന്നു തുടക്കക്കാരൻ മാത്രമായിരുന്ന ജനാർദനനു നൽകി. പിന്നീട് നാല് വർഷങ്ങൾക്കു ശേഷം എന്റെ സിംഹാസനം എന്ന ചിത്രത്തിൽ മധുച്ചേട്ടൻ അച്ഛനും മകനുമായി അഭിനയിച്ചു. സാന്ദർഭികമായി ഒരു വിവരം പറഞ്ഞുകൊള്ളട്ടെ. ഞാൻ സംവിധാനം ചെയ്ത പത്തു ചിത്രങ്ങളിൽ മധുവാണ് നായകൻ. നമുക്ക് ഞാൻ രണ്ടാമതായി നിർമിച്ച ഭൂഗോളം തിരിയുന്നു എന്ന ചിത്രത്തിലേക്ക് മടങ്ങാം. തെക്കൻ തിരുവിതാംകൂറിലെ ആറ്റൂർ (തിരുവട്ടാർ) എന്ന ഗ്രാമത്തിൽ ഒരു ഷെഡ്യൂളിൽ ചിത്രത്തിന്റെ എഴുപത്തഞ്ചു ശതമാനം ഷൂട്ടിങ് പൂർത്തിയാക്കി. ആറ്റൂർ സ്വദേശിയായ സതീഷ് എന്ന യുവാവ് എന്റെ കൂടെ സംവിധാനസഹായിയായി ഉണ്ടായിരുന്നു, സതീഷിന്റെ പിതാവാണ് ചിത്രീകരണത്തിനുള്ള പഴയ നാലുകെട്ടും മറ്റും തന്റെ സ്വാധീനമുപയോഗിച്ച് ഏർപ്പെടുത്തിത്തന്നത്. രാഘവൻ, വിൻസന്റ് ജനാർദനൻ, റോജാരമണി, കെപിഎസി. ലളിത, സുകുമാരി, ആലുമ്മൂടൻ, ടി.ആർ.ഓമന, റാണിചന്ദ്ര, ശങ്കരാടി, ബഹദൂർ, കുതിരവട്ടം പപ്പു, മോഹൻ (കുഞ്ചൻ അന്ന് മോഹൻ ആയിരുന്നു) സരസ്വതി തുടങ്ങിയവരോടൊപ്പം ഗായത്രി എന്ന സിനിമയിലിലൂടെ രംഗത്തുവന്ന എം.ജി. സോമനും ഒരു വേഷം നൽകി. ഭൂഗോളം തിരിയുന്നു എന്ന ചിത്രത്തിലും ഞാൻ ചില പുതുമകൾ കൊണ്ടുവന്നു.

ടൈറ്റിൽ മ്യൂസിക് ഉണ്ടായിരുന്നില്ല. തകർന്ന നാലുകെട്ടിന്റെ ദ്രവിച്ച ഉത്തരങ്ങളിലൂടെയും കഴുക്കോലുകളിലൂടെയും സഞ്ചരിക്കുന്ന ക്യാമറ ( പാനിങ് ഷോട്ടുകൾ) പശ്ചാത്തലത്തിൽ വിവിധ കഥാപാത്രങ്ങൾ പറയുന്ന സംഭാഷണശകലങ്ങളും സ്ത്രീകളുടെ തേങ്ങലുകളും മാത്രം. ദക്ഷിണാമൂർത്തി സ്വാമിയായിരുന്നു സംഗീതസംവിധായകൻ. പശ്ചാത്തലസംഗീതം നൽകിയത് ആർ.കെ.ശേഖറും. മദ്രാസ് ഫിലിം ചേംബർ തീയറ്ററിൽ  നടന്ന പ്രീമിയർ ഷോ കണ്ട എല്ലാ സുഹൃത്തുക്കളും ഇതരഭാഷകളിലെ നിർമാതാക്കളും എന്നെ അഭിനന്ദിച്ചു. ചിത്രം കണ്ടവർ പറഞ്ഞ മികച്ച അഭിപ്രായം കേട്ട് തമിഴ് സിനിമയുടെ മുഖഛായ തന്നെ മാറ്റിയ കെ.ബാലചന്ദർ എന്നെ ഫോണിൽ വിളിച്ച് പടം കാണണമെന്ന് പറഞ്ഞു. എവിഎം സ്റ്റുഡിയോയിൽ അദ്ദേഹത്തിനും സഹപ്രവർത്തകർക്കും വേണ്ടി മാത്രം ഒരു പ്രത്യേക പ്രദർശനം നടത്തി. പടം കണ്ടതിനു ശേഷം അദ്ദേഹം എന്നെ അഭിനന്ദിച്ചു.‘ഭൂഗോളം തിരിയുന്നു’ എന്ന ചിത്രം അദ്ദേഹം തമിഴിൽ നിർമിക്കുമെന്നും എന്നോടു പറഞ്ഞു. 

ഹസീനാ ഫിലിംസ് തന്നെയാണ് ഭൂഗോളം തിരിയുന്നു എന്ന ചിത്രവും വിതരണം ചെയ്തത്. ചിത്രം തുടങ്ങുന്നതിനു മുൻപ് തന്നെ ബാൽത്തസാർ ഒരു വ്യവസ്ഥ മൂന്നോട്ടു വച്ചു. ഈ സിനിമയ്ക്കും പ്രതീക്ഷിക്കുന്ന കലക്‌ഷൻ കിട്ടുന്നില്ലെങ്കിൽ ഞാൻ തരുന്ന അഡ്വാൻസ് പണത്തിന്‌ തമ്പി സിനിമയുടെ എല്ലാ അവകാശങ്ങളും എനിക്ക് എഴുതിത്തരണം. തമ്പി മുടക്കുന്ന പണവും തമ്പിയുടെ അധ്വാനത്തിനുള്ള പ്രതിഫലവും നഷ്ടമാകും. ഈ വ്യവസ്ഥ  സമ്മതമാണെങ്കിൽ മാത്രം ഡിസ്ട്രിബ്യൂഷൻ എഗ്രിമെന്റ് സൈൻ ചെയ്‌താൽ മതി. ഞാൻ സമ്മതിച്ചു. എറണാകുളത്ത്  ഷേണായീസ് തീയറ്ററിലാണ് എന്റെ ചിത്രം വരുന്നത്, അതേ തീയറ്റർ ഗ്രൂപ്പിൽപ്പെട്ട പദ്മാ തീയറ്ററിൽ അതേ ദിവസം തന്നെ എന്റെ സ്നേഹിതൻ ഹരിഹരൻ സംവിധാനം ചെയ്ത ‘കോളജ് ഗേൾ’ എന്ന കോമഡി ആക്‌ഷൻ സിനിമയും റിലീസ് ചെയ്യുന്നു. ഡോ. ബാലകൃഷ്ണനാണ് കോളജ് ഗേളിന്റെ നിർമാതാവ്. 

ചന്ദ്രകാന്തം റീലിസിനു ഞാനും രാജിയും കുഞ്ഞുങ്ങളും ഒരുമിച്ചാണ് കേരളത്തിൽ വന്നത്. റിലീസിന്റെ തലേന്നാൾ രാത്രിയിൽ, ഞങ്ങൾ നാലുപേരും ട്രെയിനിലെ ഫസ്റ്റ്ക്ലാസ് കമ്പാർട്ട്മെന്റിൽ ഉറങ്ങിക്കിടക്കുമ്പോൾ കള്ളന്മാരുടെ ഒരു സംഘം ഞങ്ങളുടെ മദ്രാസിലെ വാടകവീട് കുത്തിത്തുറന്ന് അവിടെയുണ്ടായിരുന്ന എല്ലാ വിലപിടിച്ച സാധനങ്ങളും കവർന്നു. ഈ അനുഭവം ഓർമയുള്ളതുകൊണ്ട് ഈ പ്രാവശ്യം ഞാൻ മാത്രമേ ചിത്രത്തിന്റെ റിലീസിൽ പങ്കെടുക്കാൻ കേരളത്തിലേക്ക് വന്നുള്ളൂ. എസ്.എ. നായർ ഡിസൈൻ ചെയ്ത എന്റെ ചിത്രത്തിന്റെ സിക്സ്ഷീറ്റ് പോസ്റ്റർ പുതുമയുള്ളതായിരുന്നു. മൂന്നു സഹോദരന്മാരുടെ നെഗറ്റീവുകൾക്കു നടുവിൽ ഏകസഹോദരിയുടെ പോസിറ്റീവ്. പോസ്റ്റർ തയാറാക്കുമ്പോൾ എസ്.എ.ചേട്ടൻ എന്നോട് ചോദിച്ചു. ‘തമ്പി പറഞ്ഞുതന്നതുകൊണ്ട് എനിക്ക് ഇതിന്റെ അർഥം മനസ്സിലായി. പക്ഷേ ഇടിപ്പടം കണ്ടു കയ്യടിക്കുന്ന ഭൂരിപക്ഷത്തിന് ഈ പോസ്റ്റർ ഇഷ്ടപ്പെടുമോ....?’ ഞാൻ അതിന് മറുപടി പറഞ്ഞില്ല. ഷേണായീസ് തീയറ്ററിൽ മാറ്റിനി തുടങ്ങാൻ പോകുന്നു. ഞാൻ തീയറ്ററിന് വെളിയിൽ ആകാംക്ഷയോടെ നിൽക്കുന്നു. ടിക്കറ്റ് വാങ്ങാനുള്ള ക്യൂവിൽ വളരെ കുറച്ച് ആളുകളേയുള്ളു.അധികവും പ്രായമായവരാണ്. അക്കാലത്ത് ദൂരദർശൻ, ടെലിവിഷൻ ചാനൽ, തുടങ്ങിയ അത്ഭുതങ്ങൾ സംഭവിച്ചിട്ടില്ല. എന്റെ ഫോട്ടോകൾ പോലും അപൂർവമായേ പത്രങ്ങളിൽ വന്നിട്ടുള്ളൂ. അതുപോലും സിനിമാമാസിക പോലെയുള്ള അപൂർവം ചില പ്രസിദ്ധീകരണങ്ങളിൽ മാത്രം. അതുകൊണ്ട് ചിത്രത്തിന്റെ എഴുത്തുകാരനും സംവിധായകനും നിർമാതാവുമാണ് അഭയാർഥിയുടെ മനസ്സുമായി തീയറ്ററിന് വെളിയിൽ നിൽക്കുന്നതെന്ന് ആരും മനസ്സിലാക്കിയില്ല

എന്നോട് അനുകമ്പയുള്ള തീയേറ്ററിലെ ഒരു ഉദ്യോഗസ്ഥൻ ഞാൻ ഒറ്റയ്ക്ക് തീയറ്ററിന്റെ പുറത്തു നിൽക്കുന്നതു കണ്ട്‌ എന്റെയടുത്തേക്കു വന്നു. അദ്ദേഹം മടിച്ചുമടിച്ചു ചില സത്യങ്ങൾ പറഞ്ഞു. 

‘സാർ, നമ്മുടെ പടത്തിന്റെ പോസ്റ്റർ ഒട്ടും നന്നായില്ല. പടത്തിന്റെ പേരും ഒട്ടും പോരാ. ഇത്തരം പടങ്ങൾ അടൂർ ഗോപാലകൃഷ്ണനെ പോലെ  പുണെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു വന്നവർ എടുക്കണം. പത്രക്കാരെങ്കിലും നല്ല അഭിപ്രായം പറയും. അവർക്കുവേണ്ടി സംസാരിക്കാൻ ലോബികളുണ്ട്. സാർ എത്രനല്ല പടമെടുത്താലും അവാർഡ് കിട്ടാൻ പോണില്ല. അവാർഡുകളൊക്കെ ഒരു ഗ്രൂപ്പിനുവേണ്ടി മാറ്റി വച്ചിരിക്കുവാ. ഞങ്ങടെ പദ്മാതീയറ്ററിലും ഇന്നു പുതിയ പടം റിലീസ് ചെയ്യുവാ. കോളജ് ഗേൾ. പോസ്റ്റർ കണ്ടാലറിയാം പടം തട്ടുപൊളിപ്പനാണെന്ന്. ഉച്ചയ്ക്ക് ഒരുമണിമുതൽ തീയറ്ററിനുമുമ്പിൽ ആൾക്കൂട്ടമായി. കൂടുതലും കോളജ് പിള്ളേരാ. അതാ പേരിന്റെ ഗുണം മാറ്റിനി ഫുൾ ആകും. കുറേപേർ ടിക്കറ്റ് കിട്ടാതെ മടങ്ങും. അതോടെ പടമങ്ങു കേറും. ഇവിടെ മാറ്റിനി പോലും ഫുൾ ആകുമെന്ന് തോന്നുന്നില്ല. ചന്ദ്രകാന്തം ഒന്നുമില്ലെങ്കിൽ നസീറിന്റെ പടമാരുന്നു. സാറെന്താ ഈ പടത്തിൽ നസീറിനെ ഇടാഞ്ഞത്.?’ ടിക്കറ്റ് കൗണ്ടറിലേക്ക് ഒന്നുകൂടി നോക്കിയിട്ട് അയാൾ തുടർന്നു, ‘സാറിന്റെ ചന്ദ്രകാന്തം ഇവിടെ ഇരുപത്തഞ്ചു ദിവസം ഓടി. ഈ പടം ഇക്കണക്കിന് രണ്ടാഴ്ചപോലും ഓടുന്ന ലക്ഷണമില്ല’ ഒരു സംഘം ചെറുപ്പക്കാർ വന്നു വലിയ ബോർഡിൽ ഒട്ടിച്ചിരിക്കുന്ന പുതുമയുള്ള പോസ്റ്റർ നോക്കുന്നു. അവരെല്ലാവരും കോളജ് വിദ്യാർഥികൾ ആകാനാണ് സാധ്യത. അവരിലൊരാൾ പോസ്റ്റർ നോക്കിയിട്ട്  പറയുന്നു. ‘ഭൂഗോളം തിരിയുന്നു. അളിയാ ഇതു ഭൂമിശാസ്ത്രമാ. സംഭവം ബോറായിരിക്കും. നമുക്ക് പദ്മയിൽ പോയി കോളജ് ഗേൾ കാണാം. ഒന്നുമില്ലെങ്കിൽ കുറെ നല്ല പെണ്ണുങ്ങളെയെങ്കിലും കാണാം. പേരുതന്നെ കോളജ്ഗേൾ എന്നല്ലേ?’ അങ്ങനെ നിർദയമായി സംസാരിച്ചിട്ട് ആ യുവാക്കളുടെ സംഘം പദ്മാ തീയറ്ററിലേക്ക് നടന്നു. ഞാൻ നിരാശയോടെ എന്റെ ചിത്രത്തിന്റെ പോസ്റ്ററിലേക്കു നോക്കി. ആ പോസ്റ്ററിൽ എന്റെ മുഖത്തിന്റെ നെഗറ്റീവ് തെളിയുന്നതായി എനിക്കു തോന്നി.

(തുടരും) 

English Summary: Karuppum veluppum Mayavarnangalum

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA