ADVERTISEMENT

വലുതാകുമ്പോൾ നിനക്കാരാകണം?
ജഹാംഗീർപുരി‌ സി ബ്ലോക്കിലെ ഇടുങ്ങിയ ഗലികളിലൊന്നിൽ കണ്ടുമുട്ടുമ്പോൾ കബീറിന്റെ കയ്യിലും കാലിലും അഴുക്കുമൂടിയിരുന്നു. കയ്യുറയില്ലാതെ, വള്ളിച്ചെരിപ്പിട്ട് ചാക്കുപിടിച്ചു രാവിലെ ഏതോ ദൂരം പോയി തളർന്നു വന്നിരിപ്പായതാണ്. കബീറിന്റെ പ്രായത്തിലുള്ള കുട്ടികൾ നമ്മുടെ നാട്ടിലുമുണ്ട്. അവർ സ്കൂളെന്ന സുരക്ഷിതത്വത്തിലിരുന്ന് ഭാവിയെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കുന്നുണ്ടാകും. കബീറിന് അതു കഴിയുന്നില്ല. വലുതാകുമ്പോൾ ആരാകണമെന്ന ചോദ്യം കേട്ടിട്ടും ഏറെ നേരം അവൻ മിണ്ടാതെ ദൂരേക്കു നോക്കിയിരുന്നു. ആരോടും മിണ്ടാൻ ഇഷ്ടമില്ലാത്തതുപോലെ.

കബീർ മാത്രമല്ല, അവനെപ്പോലെ ബോലയും ശുഭ്മാനും ഗോപാലും സഹിലുമെല്ലാം ഇവിടെയുണ്ട്. ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഏതോ അഴുക്കുചാലിൽപെട്ടുപോയതു പോലെ നൂറുനൂറു കുഞ്ഞുജീവിതങ്ങൾ.

വടക്കൻ ഡൽഹിയിലെ ജഹാംഗീർപുരിയെന്ന പുനരധിവാസ കോളനിയെക്കുറിച്ചു ഈ അടുത്തു കേട്ടിരിക്കും. ഒന്നായി കഴിഞ്ഞിരുന്ന മനുഷ്യർ വിശ്വാസത്തിന്റെ പേരിൽ പരസ്പരം മാറിനിന്ന മണ്ണ്. പ്രതികാര സ്വഭാവത്തോടെ ഒരുവിഭാഗം ആളുകളെ ലക്ഷ്യമിട്ട് അധികൃതർ ബുൾഡോസർ പ്രയോഗം നടത്തിയെന്ന് ആക്ഷേപം ഉയർന്നതും ഈ ജഹാംഗീർപുരിയെക്കുറിച്ചാണ്. സ്കൂൾ വിദ്യാഭ്യാസം മുളയിലേ അറ്റ് മാലിന്യം പെറുക്കാൻ നഗരത്തിന്റെ പല കോണിലേക്കു വലിച്ചെറിയപ്പെട്ട അനേകം പിഞ്ചുജീവിതങ്ങളും കൈകൊണ്ടു കണ്ണഞ്ചിപ്പിക്കുന്ന പലതരം വളകളുണ്ടാകുന്ന കുട്ടികളും ഇവിടെയുണ്ട്. അവരെ ചൂഷണം ചെയ്തു ജീവിക്കുന്നവരുമുണ്ട്. സംഘർഷഭരിതമായി മാറിയ ജഹാംഗീർപുരി കോളനിയിലെ കുട്ടികളുടെ ജീവിതം തേടിയാൽ നാമെത്തുക ഇന്നോളം കേട്ടിട്ടില്ലാത്ത സങ്കടങ്ങളിലേക്കാണ്.

ബേട്ടി ബചാവോ ബേട്ടി പഠാവോ

ഡൽഹി നഗരഹൃദയത്തിലെ ജന്തർ മന്തർ റോഡിലാണു കേരള ഹൗസ്. അവിടെനിന്നു ഹരിയാനയിലെ സോനിപ്പത്ത് ഭാഗം ലക്ഷ്യമാക്കി പോകുമ്പോൾ വടക്കൻ ഡൽഹിയിലെ ജഹാംഗീർപുരിയിലെത്താം. ഡൽഹിയിലെ ഏറ്റവും മികച്ച യാത്രാസൗകര്യങ്ങളിലൊന്നായ മെട്രോയാണു ജഹാംഗീർപുരി യാത്രയ്ക്കും മെച്ചം. ജഹാംഗീർപുരി മെട്രോ സ്റ്റേഷനിലെ ചുമരിൽ വർണശബളമായൊരു ചിത്രമുണ്ട്. കേന്ദ്ര സർക്കാരിന്റെ പരസ്യമാണ്: ബേട്ടി ബചാവോ ബേട്ടി പഠാവോ (മകളെ സംരക്ഷിക്കൂ, മകളെ പഠിപ്പിക്കൂ). ഈ സ്വപ്നസുന്ദരമായ ആഹ്വാനം കണ്ടു ജഹാംഗീർപുരിയിലേക്കു ചെന്നാൽ കാണുന്ന കാഴ്ച പക്ഷേ അത്രമേൽ സുന്ദരമല്ലെന്നു കബീറിന്റെയും ശുഭ്മാന്റെയും ജീവിതം ബോധ്യപ്പെടുത്തും.

പള്ളിയോടു ചേർന്ന മധുരം

കഴിഞ്ഞ 19നുണ്ടായ ബുൾഡോസർ പ്രയോഗത്തിൽ ജഹാംഗീർപുരി സി ബ്ലോക്കിലെ മുസ്‍ലിം പള്ളിയുടെ അരമതിൽ ഉൾപ്പെടെ തകർന്നിരുന്നു. മുന്നിലെ വഴിയിലൂടെ അവിടേക്ക് ഇപ്പോഴും പോകാനാകില്ല. പൊലീസിന്റെ ശക്തമായ കാവലുണ്ട്. ‌കുറച്ചപ്പുറത്തെ ഗലികൾ കയറിവന്നാൽ പള്ളിയോടു തോൾചേർന്നിരിക്കുന്നൊരു കൊച്ചുവീട് കാണാം. അവിടെ നിറയെ കുട്ടികളാണ്. വീട്ടുടമ മുഹമ്മദ് ഉബൈദുല്ലയുടെ ആരുമല്ല ആ കുട്ടികൾ. ഗലിയിലെ പല വീടുകളിൽ നിന്നു പ്രഭാത ഭക്ഷണം കഴിക്കാനെത്തിയവരാണ് അവർ. കുഞ്ഞൻപൂരികൾ ചൂടോടെ പ്ലേറ്റിലേക്കെത്തും. പത്തുപന്ത്രണ്ടെണ്ണം ഒരു പ്ലേറ്റിലുണ്ടാകും. ചെറിയൊരു സബ്ജി. പിന്നെ നെയ്മണമുള്ള കൊതിയൂറുന്ന ഹൽവ. സ്വന്തം വീടുപോലെ ഇവിടെ വന്നു കഴിച്ചുപോകുന്ന കുട്ടികൾ നൽകുന്ന ചില്ലറത്തുട്ടുകളും സമീപത്തെ മറ്റുകടകളിലേക്കു ഹോൾസെയിലായി നൽകുന്ന പൂരിയും ഹൽവയും നൽകുന്നതുമാണ് ഉബൈദിന്റെ വരുമാനം. കഴിക്കാൻ തന്ന ഒരുപ്ലേറ്റ് പൂരിക്കു പുറമേ, ‘കേരളീയർക്കു ഞങ്ങളുടെ മൊഹബത്ത്’ എന്നു കൂടി പറഞ്ഞു.

സി ബ്ലോക്കിൽ സേമിയ വിൽക്കുന്ന ഷെഹ്സാദ്

ഉബൈദിന്റെ കഥ, ഈ നാടിന്റെയും

ബിഹാറിൽ നിന്ന് എഴുപതുകളുടെ പകുതിയോടെ മുഹമ്മദ് ഉബൈദുല്ല ഡൽഹിയിലെത്തുമ്പോൾ ലക്ഷ്യം ഒരു ചെറിയ തൊഴിലായിരുന്നു. അല്ലലില്ലാതെ കഴിഞ്ഞുപോകാവുന്ന വരുമാനം കിട്ടുന്ന പല ജോലികൾ ഈ നഗരം വച്ചുനീട്ടി. വലിയ മോഹങ്ങൾ അന്നുമില്ലാതിരുന്നതു കൊണ്ട് ഉബൈദ് നിരാശപ്പെട്ടില്ല. ആദ്യം ചെന്നു പറ്റിയതു യമുനയുടെ തീരത്തായിരുന്നു. യമുനാനദിക്കരയിൽ നീണ്ടുകിടക്കുന്ന യമുന പുഷ്‌ടയിലെ ചേരികളിൽ കുടിലുകെട്ടിയായിരുന്നു താമസം. ബിഹാറിൽ നിന്നു മാത്രമല്ല, യുപി ഉൾപ്പെടെ പൂർവാഞ്ചൽ മേഖലയിൽ നിന്നു വൻതോതിലുള്ള കുടിയേറ്റം ഡൽഹിയിലേക്ക് അക്കാലത്തു നടന്നിരുന്നു. പിൽക്കാലത്തു ജഹംഗീർമേഖലയിൽ എത്തിപ്പെട്ടവരിൽ നല്ലൊരു ശതമാനം ആളുകൾ ബംഗാളിൽ നിന്നുമായിരുന്നുവെന്നു ചരിത്രരേഖകളിലുണ്ട്. വിശേഷിച്ചും സി ബ്ലോക്കിലുള്ളവർ.

സ്വാതന്ത്ര്യാനന്തരം ബംഗാളിൽ ഉണ്ടായ കൊടിയ ഭക്ഷ്യക്ഷാമത്തെ തുടർന്നായിരുന്നു അവരുടെ പലായനം. മിഡ്നാപുർ, ഹാൽദിയ, മാൽഡ, ഹൗറ തുടങ്ങിയ ഇടങ്ങളിൽ നിന്നു തൊഴിൽതേടിയെത്തിയവർ. അവരും യമുനാനദിക്കരയിലും ഡൽഹിയുടെ പല കോണുകളിലുമായി താമസിച്ചു.

മുഖഛായ മാറുന്നു, ജീവിതവും

ഇവരുടെ പുനരധിവാസത്തിന്റെ കഥയ്ക്കു പുതിയ ഭാരതത്തിന്റെ കഥയുമായി കൂടി ബന്ധമുണ്ട്. അത് ഇന്ദിരാ ഗാന്ധി ഇന്ത്യ ഭരിച്ച കാലത്താണ്. യമുനാ നദിയുടെ കരയിൽ കുടിലുകൾ കെട്ടി താമസിച്ചിരുന്നവരെ അവിടെ നിന്നു മാറ്റിപ്പാർപ്പിക്കാൻ ഡൽഹി വികസന അതോറ്റിറ്റിക്ക് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി നിർദേശം നൽകിയിരുന്നതായി പിന്നീട് ഡിഡിഎ കമ്മിഷണറായ എ.കെ. ജെയിൻ സ്ഥിരീകരിച്ചിട്ടുണ്ട്. യമുന കരകവിഞ്ഞതുൾപ്പെടെ ദുരിതങ്ങളിൽ നിന്നുള്ള ആ കരകയറ്റത്തിൽ പലരും സന്തോഷിച്ചു.

അങ്ങനെ അനുവദിക്കപ്പെട്ട പുനരധിവാസ കേന്ദ്രങ്ങളിൽ ഒന്നാണ് ജഹാംഗീർപുരിയിലേത്. അങ്ങനെ ഇവിടേക്കെത്തിയവർ തന്നെ 1978–ലെ ഡൽഹി പ്രളയകാലത്തു സ്ഥലം വിറ്റു. 200 രൂപയ്ക്കായിരുന്നു ആ വിൽപനയെന്നു സി ബ്ലോക്കിലെ കുശാൽചൗക്കിൽ ബിരിയാണിക്കട നടത്തുന്ന യൂനുസ് ഓർക്കുന്നു. ഇന്ദിര ഗാന്ധി ഇവിടം നേരിട്ടു സന്ദർശിച്ചതിനു ശേഷമാണ് ഇവിടെ ഹൗസിങ് ബ്ലോക്കുകൾ ഉയർന്നത്.

സങ്കടത്തോടെ പടിയിറക്കം

ഇന്ദിര സർക്കാരിന്റെ കാലത്തു തന്നെ ഡൽഹിയിലെ ചേരികളിൽ കഴിഞ്ഞിരുന്നവർക്കു കുടിയൊഴിയലിന്റെ മറ്റൊരു ദുര്യോഗവും വേദന നിറഞ്ഞ ഓർമകളുമുണ്ടായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കെ ഇന്ദിര ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി നഗരസൗന്ദര്യവൽക്കരണത്തിന്റെ പേരിൽ നടത്തിയ ചേരി നിർമാർജന യജ്ഞമായിരുന്നു പ്രശ്നം. തുർക്മാൻ ഗേറ്റ് ഭാഗത്തുൾപ്പെടെ പൊലീസ് വെടിവയ്പും അതിക്രമവും ഉണ്ടായി. ആളുകൾക്കു കാര്യം പിടികിട്ടും മുൻപു ബുൾഡോസറുകൾ പാഞ്ഞു. വീടുകളും കടകളും നിലംപൊത്തി. ഓൾഡ് ഡൽഹി ഭാഗത്തെ ചേരികളിൽ നിന്നു നൂറുകണക്കിനു കുടുംബങ്ങൾക്കു വിട്ടൊഴിയേണ്ടി വന്നു. ഡൽഹിയിലെ കണ്ണായ സ്ഥലങ്ങളിൽ്പ്പെടുന്ന മിന്റോ റോഡ്, തോംസൺ റോഡ്, മന്ദിർ മാർഗ്, ഗോൾമാർക്കറ്റ്, ചാണക്യപുരി എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ താമസക്കാർ ജഹാംഗീർപുരി ഉൾപ്പെടെ മേഖലകളിലേക്ക് എത്തിപ്പെട്ടു.

ജഹാംഗിർപുരിയിൽ മാലിന്യം പെറുക്കുന്ന കുട്ടി.

ഇവിടുത്തെ ജീവിതം

പല ബ്ലോക്കുകളിലായി ഒരു ലക്ഷത്തിൽപരം ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടമാണ് ഇപ്പോൾ ജഹാംഗീർപുരി. നല്ലൊരു ശതമാനം ഡൽഹിയുടെ പലഭാഗങ്ങളിലായി ആക്രി പെറുക്കി ജീവിക്കുന്നവർ. കുറച്ചുപേർ റിക്ഷ വലിക്കുന്നു. കുറെയധികം പേർ വിവിധ ഫാക്ടറികളിൽ ജോലി ചെയ്യുന്നു. വളരെ കുറച്ചുപേർക്കു ചെറുകച്ചവടങ്ങളുണ്ട്. ഒറ്റമുറി കടകളും ഉന്തുവണ്ടി കടകളും ജഹാംഗീർപുരിയുടെ വഴിവക്കിലെങ്ങും കാണാം. മത്സ്യവും പച്ചക്കറിയും മൊത്തവിൽപനക്കാരിൽ നിന്നെടുത്തുള്ള ചെറുകച്ചവടമാണ് മറ്റൊന്ന്.

കൈവള തന്ന ജീവിതം

ഡൽഹിയുടെ പളപളപ്പുള്ള കേന്ദ്രങ്ങളിലേക്ക് എത്തുന്ന ഫാൻസി വളകൾക്കു പിന്നിൽ ജഹാംഗീർപുരിയുടെ കയ്യുണ്ടെന്ന് അറിയുന്നവർ വളരെ കുറച്ച്. ബിഹാറിൽ നിന്നെത്തിയവർ തുടങ്ങിവച്ചതാണു കൈവള നിർമാണം. കണ്ണഞ്ചിപ്പിക്കുന്ന പലതരം ഡിസൈനുകളിൽ തീർക്കുന്ന വളകൾക്കു പിന്നിൽ വൻ അധ്വാനമുണ്ട്. വളനിർമാണം കൊണ്ട് ഉപജീവനം കഴിക്കുന്ന നൂറുകണക്കിനു കുടുംബങ്ങൾ ഇവിടെയുണ്ട്. രണ്ടുമുറി വീടുകളിൽ ഒന്നു കിടക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുമ്പോൾ മറ്റൊന്നു വളനിർമാണത്തിനായി മാറ്റിവച്ചാണ് ഇവർ വരുമാനം കണ്ടെത്തുന്നത്. ഇതിനെ വൻ വ്യവസായമാക്കി മാറ്റുന്ന ചിലരെക്കുറിച്ചും കേട്ടു. അവർ നടത്തുന്ന ചൂഷണത്തിന്റെ കഥ ഞെട്ടിക്കുന്നതാണ്.

‘വള’യിൽപെട്ട കുരുന്നുകൾ

ജഹാംഗീർപുരിയിൽ വളകളുടെ നിർമാണവും വ്യാപാരവും ചിലർക്കു ജീവനോപാധിയാണെങ്കിൽ മറ്റു ചിലർക്കു കുരുന്നുകളെ ചൂഷണം ചെയ്ത് കൊള്ള ലാഭം ഉണ്ടാക്കാനുള്ള വഴിയാണ്. ഇവിടത്തെ കൈവള നിർമാണ ഫാക്ടറികളിൽ നിന്നുള്ള കഥകൾ ഞെട്ടിക്കുന്നതാണ്. ബിഹാറിലെയും ജാർഖണ്ഡിലെയും ദരിദ്രകുടുംബങ്ങളിൽ നിന്നു മനുഷ്യക്കടത്തുവഴി നൂറുകണക്കിനു കുട്ടികളെ ഇവിടെ എത്തിക്കുന്ന സംഘങ്ങളുണ്ട്.

രാവിലെ 9നു തുടങ്ങുന്ന ജോലി രാത്രി പന്ത്രണ്ടായാലും പലപ്പോഴും തീരില്ല. 25 വളകൾ വീതമുള്ള സെറ്റുകൾ ഓരോ ദിവസവും തീർത്തിരിക്കണമെന്നതാണു നിർദേശം. ഇടയ്ക്കു കുടിക്കാൻ വെള്ളം കിട്ടിയാലായി. ചെറിയ പിഴവുകൾക്കു പോലും മുഖമടച്ചുള്ള അടി. മാസംതോറും 3000–4000 രൂപ മാത്രമാണു ശമ്പളം. സ്കൂളും ഭാവിയുമില്ല. ഈ കുഞ്ഞുങ്ങൾ എവിടെയുണ്ടെന്നു പോലും ബന്ധുക്കൾക്ക് അറിയാത്ത സ്ഥിതി. അച്ഛനോ അമ്മയോ ഒക്കെ നഷ്ടപ്പെട്ട് ദാരിദ്ര്യത്തിൽ മുങ്ങിക്കഴിയുന്നവരാണു മിക്കവരും.– ഈ ദുരിത കഥ പങ്കുവച്ചത് ഏതാനും മാസങ്ങൾക്കു മുൻപ് ഇത്തരത്തിൽ കുടുങ്ങിയ ഇരുപത്തഞ്ചോളം കുട്ടികളെ രക്ഷിച്ചെടുക്കാൻ ശിശുക്ഷേമ സമിതിയെ സഹായിച്ച പ്രയാസ് ബാലഭവനിലെ മുകേഷ് കുമാറാണ്.

ഭൂമിയുടെ അവകാശികൾ

ബംഗ്ലദേശികളുടെയും റോഹിൻഗ്യകളുടെയും കുടിയേറ്റസ്ഥലമെന്ന അധിക്ഷേപത്തിന്റെ നടുവിലിരുന്നു വിലപിക്കുന്ന അമ്മമാരുണ്ട് ജഹാംഗീർപുരിയിലിപ്പോൾ. അത്തരം നുഴഞ്ഞുകയറ്റക്കാർ ഇവിടെ ഉണ്ടോ ഇല്ലയോ എന്നൊന്നും ഇവർക്കറിയില്ല. ഒന്നറിയാം, അന്നംതേടി വന്ന മണ്ണാണ്. മക്കളും അവരുടെ മക്കളുമായി ഇവിടെ ജീവിക്കുന്നവരാണ്. ഞങ്ങളാരും ഭീകരരല്ല. മരണവും ഇവിടെ തന്നെയാകണമെന്ന മോഹം മനസ്സിലുണ്ട്. പലതരത്തിലുള്ള പ്രകോപനങ്ങൾ കാലങ്ങളായി ഇവിടെ ഉണ്ടാകുന്നു. അവയെല്ലാം ഒറ്റപ്പെട്ടതാണ്.

അതൊന്നും ഞങ്ങളുടെ പ്രശ്നമല്ലെന്നു പറയുന്നതു സി ബ്ലോക്കിൽ സ്വീറ്റ് ഷോപ്പ് നടത്തുന്ന ജഗദീഷാണ്. വേർതിരിവുകളില്ലാത്തൊരു മണ്ണാണു വേണ്ടത്. 1978–ൽ പണിത മോസ്ക്കും അതിനോടു ചേർന്ന് 1984–ൽ പണികഴിപ്പിച്ച കാളീക്ഷേത്രവും ഞങ്ങൾക്ക് ഒരു പോലെയാണെന്നു ചിലർ പറഞ്ഞു. ആ മണ്ണിലേക്കു വിദ്വേഷത്തിന്റെ ബുൾഡോസറുകൾ എത്തരുതെന്നു മാത്രമാണ് അവരുടെ പ്രാർഥന. കാരണം, സാമ്പത്തികമായ പരാധീനതകളോ ഇടുങ്ങിയ ഇടവഴികളോ അല്ല ജഹാംഗീർപുരിയുടെ സങ്കടം; വിദ്വേഷമാണ്. ചിലരുടെ താൽപര്യങ്ങൾ വാളോങ്ങി വന്നാൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞെന്നു വരില്ല.പൂരിയുണ്ടാക്കി തന്നു വയറും മനസ്സും നിറച്ച മുഹമ്മദ് ഉബൈദുല്ലയുടെ ഭാര്യയോടു ചോദിച്ചു: നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമെന്താണ്? കൊച്ചുമകളെ മുന്നിലേക്കു നീക്കി നിർത്തി അവർ പറഞ്ഞു. ഇവളെയെങ്കിലും നന്നായി പഠിപ്പിക്കണം. വലിയൊരാളാക്കണം. അങ്കണവാടികളും സ്കൂളുകളും ഉൾപ്പെടെ സൗകര്യങ്ങളുണ്ട്. സ്വസ്ഥവും സ്വതന്ത്രവുമായൊരു ജീവിതം ഉണ്ടെങ്കിൽ അവൾക്കു പഠിച്ചുയരാം. കബീറിനും ബോലയ്ക്കും ശുഭ്മാനും ഗോപാലിനും സഹിലിനുമൊക്കെ ഇതു പഠിക്കാനുള്ള പ്രായമാണെന്ന് അവരെ ചൂഷണം ചെയ്യുന്നവർ തിരിച്ചറിയുന്നൊരു കാലമാണു ജഹാംഗീർപുരിയുടെ സ്വപ്നം.

പണ്ട് പണ്ട്, ജഹാംഗീർപുരിക്ക് തീപിടിച്ചപ്പോൾ

തുണ്ടുസ്ഥലങ്ങളിൽ അടരുകളായി താമസിക്കുകയാണ് ഇവിടെ കുടുംബങ്ങൾ. പ്രധാന പൊതുവഴിക്ക് ഇരുവശവും വലിയ ഹൗസിങ് ബ്ലോക്കുകൾ. ഓരോ വീട്ടിലും രണ്ടും മൂന്നും കുടുംബങ്ങൾ. തലയ്ക്കു മുകളിലേക്കു ചാഞ്ഞിറങ്ങുന്ന വൈദ്യുതി കമ്പികൾ. ഈ അസൗകര്യങ്ങൾ എന്നും ജഹാംഗീർപുരിയിലുണ്ട്. സ്ഥിതി ഇതിലും ദുഷ്കരമായിരുന്ന 1988–ലെ ജൂൺ മാസത്തിൽ ജഹാംഗീർപുരിയെ തകർത്തുകളഞ്ഞൊരു സംഭവമുണ്ടായി –വൻതീപിടിത്തം. നൂറുകണക്കിനു കുടുംബങ്ങളുടെ ജീവിതം കീഴ്മേൽമറിഞ്ഞു. അന്നുവരെയുണ്ടായിരുന്ന സമ്പാദ്യവും താമസസ്ഥലവും ചാരമായി. ഒട്ടേറെപ്പേർ മരിച്ചു.

ഇവിടേക്കു ഡൽഹി ക്രൈം ഡിസിപി എന്ന നിലയിൽ ഔദ്യോഗിക ജോലിക്കെത്തിയതായിരുന്നു പിന്നീട് അരുണാചൽ പ്രദേശ് ഡിജിപിയായ അമോദ് കെ. നാഥ് എന്ന ഐപിഎസ് ഓഫിസർ. തീ കെടുത്തി കടന്നുപോകാമായിരുന്ന അമോദ് അന്നു ജഹാംഗീർപുരിയിൽ അനാഥരാക്കപ്പെട്ട 25 കുട്ടികളെ ഹൃദയത്തോടു ചേർത്തുപിടിച്ചു. അവർക്കായി ഒരു താൽക്കാലിക കെട്ടിടമൊരുക്കി താമസവും പഠനസൗകര്യവും ഉൾപ്പെടെ ഒരുക്കി നൽകി. ഡൽഹി പൊലീസിന്റെയും മറ്റു പലരുടെയും പിന്തുണയിൽ അതൊരു പ്രസ്ഥാനമായി വളർന്നു.

പ്രയാസ് എന്നു പേരിട്ട സംഘടനയ്ക്ക് ഇപ്പോൾ 10 സംസ്ഥാനങ്ങളിലായി ഒട്ടേറെ കേന്ദ്രങ്ങളുണ്ട്. ആയിരക്കണക്കിനു കുട്ടികൾക്കു പരിചരണ കേന്ദ്രമായും ഒട്ടനവധി ചെറുപ്പക്കാർക്കു തൊഴിൽ പരിശീലന കേന്ദ്രമായും മാറിയ പ്രയാസിന്റെ തുടക്കം ജഹാംഗീർപുരിയുടെ കണ്ണുനീരിൽ നിന്നായിരുന്നു. ജഹാംഗീർപുരിയിലെ പല ബ്ലോക്കുകളിൽ ഉള്ളവർക്കായി ഇവിടെ ഇപ്പോൾ 2 കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. അതിൽ ഇരുന്നൂറോളം കുട്ടികളും 150ൽ അധികം ചെറുപ്പക്കാർക്ക് ഇലക്ട്രിക്, കരകൗശലം, ബ്യൂട്ടിഷ്യൻ തുടങ്ങി പലതരം തൊഴിൽ പരിശീലനവും നൽകുന്നു.

Content Highlight: Jahangirpuri, Jahangirpuri violence, Jahangirpuri Demolition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com