ADVERTISEMENT

നൂറു വർഷം മുൻപേ മലയാളക്കരയുടെ സംഗീതനാടക അരങ്ങിൽ മലയാള ഭാഷയെ ഉയർത്തിപ്പിടിക്കുകയും അതിനെ ജനപ്രിയതയിലേക്കു കൈപിടിച്ചു കയറ്റുകയും ചെയ്ത സംഗീതനാടകാചാര്യൻ വി.എസ്. ആൻഡ്രൂസിന് അനുയോജ്യമായ സ്മാരകം പോലുമില്ലാത്തതിൽ ലജ്ജിക്കുകയാണ് സാംസ്കാരിക കേരളം. 5ന് അദ്ദേഹത്തിന്റെ 150–ാം ജന്മദിനത്തിലും മലയാള സംഗീതനാടകലോകത്തിന്റെ ഉപജ്ഞാതാവിനു കേരളം തിരിച്ചു നൽകിയതെന്ത് എന്നു ചോദ്യത്തിന് ഇനിയും ഉത്തരമില്ല.

1891 വരെ തമിഴ് സംഗീത നാടകങ്ങൾ മാത്രം മുഴങ്ങിക്കേട്ട കേരളത്തിലെ അരങ്ങുകളിൽ ആദ്യമായി മലയാളഗാനങ്ങൾ ഉയർന്നതിനു പിന്നിൽ വി.എസ്. ആൻഡ്രൂസ് എന്ന ചെല്ലാനത്തുകാരൻ വഹിച്ച പങ്ക് ചരിത്ര രേഖകളിൽ തെളിഞ്ഞു നിൽക്കുന്നതാണ്. സെബാസ്‌റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, ഓച്ചിറ വേലുക്കുട്ടി, ആർട്ടിസ്‌റ്റ് പി.ജെ. ചെറിയാൻ, വൈക്കം മണി, എസ്.ജെ. ദേവ്, അഗസ്‌റ്റിൻ ജോസഫ്, പാപ്പുക്കുട്ടി ഭാഗവതർ, ആഞ്ചലോസ് ഭാഗവതർ തുടങ്ങിയവരെ പ്രശസ്തരാക്കിയവർക്കു പിന്നിലും വി.എസ് ആൻഡ്രൂസ് എന്ന വ്യക്തിപ്രഭാവമുണ്ട്. ക്രൈസ്‌തവർക്കു നാടകം കാണുന്നതിനുപോലും വിലക്കുണ്ടായിരുന്ന കാലത്ത് നാടകത്തെ നെഞ്ചോട് ചേർത്തു വളർത്തിയ ആളാണ് ആൻഡ്രൂസ്. യാഥാസ്‌ഥിതിക വ്യവസ്‌ഥിതിയെ വിമർശിക്കുന്ന ഇസ്‌താക്കി ചരിതം അരങ്ങിലെത്തിയപ്പോൾ അദ്ദേഹത്തിനു വധഭീഷണി പോലും നേരിടേണ്ടിവന്നു. ഇതിനെയെല്ലാം അതിജീവിച്ച് എഴുത്തും അഭിനയവുമായി മുന്നേ നടന്നു ആൻഡ്രൂസ്.

അരങ്ങിൽ മുഴങ്ങിയ മലയാളം

‘ജ്‌ഞാനമോഹിനി’എന്ന തമിഴ് സംഗീതനാടകം ഫോർട്ട്‌കൊച്ചിയിലെ അമരാവതിയിൽ അവതരിപ്പിച്ചപ്പോൾ മലയാള മനോരമയുടെ സ്‌ഥാപക പത്രാധിപർ കണ്ടത്തിൽ വർഗീസ് മാപ്പിളയാണ് മലയാളത്തിൽ നാടകം എഴുതണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുന്നത്. ഇതോടെ 1891ൽ മലയാളത്തിലെ ആദ്യ സംഗീതനാടകമായ ‘ഇസ്‌താക്കി ചരിതം’ പിറവിയെടുക്കുകയായിരുന്നു.

ജോർജ് വി. ആൻഡ്രൂസും മകൾ ഡോ. ഷീന ജോർജും ഫോർട്ട് കൊച്ചിയിലെ വീട്ടിൽ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙മനോരമ

1872 മേയ് 5ന് ചെല്ലാനം വാഴക്കൂട്ടത്തിൽ വീട്ടിൽ സാംജോണിന്റെയും ജോണമ്മയുടെയും മകനായാണ് ആൻഡ്രൂസിന്റെ ജനനം. മികച്ച വിദ്യാഭ്യാസം നേടിയ അദ്ദേഹം, സംഗീതവും പഠിച്ചു. പത്തൊൻപതാമത്തെ വയസ്സിലാണ് ആദ്യ നാടകം എഴുതിയത്. പുരാണ കഥകളെ മാത്രം ആസ്പദമാക്കിയുള്ളതായിരുന്നില്ല ആൻഡ്രൂസിന്റെ നാടകങ്ങളത്രയും. സാമൂഹിക സംഭവങ്ങളും വിമർശനവുമെല്ലാം അദ്ദേഹത്തിന്റെ നാടകങ്ങളിൽ കഥാപാത്രങ്ങളായി. അദ്ദേഹം നല്ലൊരു അഭിനേതാവു കൂടിയിയായിരുന്നു. അക്കാലത്ത് പലരെയും എഴുത്തും വായനയും അഭിനയവും പഠിപ്പിച്ചാണ് അദ്ദേഹം തട്ടിൽ കയറ്റിയത്.

വേദങ്ങളും ഉപനിഷത്തുകളും നേരത്തേ സ്വായത്തമാക്കിയിട്ടുള്ള അദ്ദേഹം ഹിന്ദു കഥകളെ ആസ്പദമാക്കി ഹിന്ദുരാജ്യം, പാദുകപട്ടാഭിഷേകം, രാമാരണ്യയാത്ര, തുടങ്ങിയ നാടകങ്ങൾ രചിച്ചു. ക്രിസ്‌തുവും ബൈബിൾ കഥാപാത്രങ്ങളും ആദ്യമായി നാടക വേദിയിലെത്തുന്നത് ആൻഡ്രൂസിന്റെ നാടകങ്ങളിലൂടെയാണ്. വിശ്വാസ വിജയം, ഭക്‌തിധീരൻ, പറുദീസാ നഷ്‌ടം, എസ്‌തേർ വിജയം, വേദ വിഹാരം, മിശിഹാചരിത്ര സമ്പൂർണം തുടങ്ങിയ നാടകങ്ങൾ വർഷങ്ങളോളം കേരളത്തിനകത്തും പുറത്തും അരങ്ങേറി. അക്‌ബർ മഹാൻ, മുട്ടാളപ്പട്ടാളം തുടങ്ങി നിരവധി നാടകങ്ങൾ അദ്ദേഹം രചിച്ചു. 30 വർഷം തുടർച്ചയായി കളിച്ച അദ്ദേഹത്തിന്റെ നാടകമാണ് മിശിഹാ ചരിത്രം. അന്നു നാടകം കണ്ട് ഭക്തിയോടെ മിശിഹായെ വണങ്ങി നിന്ന വിശ്വാസികളുടെയും പുരോഹിതരുടെയും സദസ്സ് ഇന്നും ആൻഡ്രൂസിന്റെ മകൻ ജോർജ് വി. ആൻഡ്രൂസിന്റെ കൺമുന്നിലുണ്ട്.

ഓർമകളിൽ ഇന്നും തെളിവോടെ

ആൻഡ്രൂസിന്റെ നാല് ആൺമക്കളിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നത് ജോർജ് മാത്രമാണ്. മൂത്തമകനും കവിയുമായിരുന്ന ചെറിയാൻ ആൻഡ്രൂസ് സാഹിത്യ ലോകത്ത് പ്രശസ്തനായപ്പോൾ അനുജൻമാരെല്ലാം അക്കാദമിക് രംഗങ്ങളിലാണു തിളങ്ങിയത്. ബിസിനസുകാരനായ ജോൺ ആൻഡ്രൂസും കോഴിക്കോട് ദേവഗിരി കോളജിലെ ചരിത്രവിഭാഗം അധ്യാപകനുമായിരുന്ന ജിമ്മി ആൻഡ്രൂസുമാണു മറ്റു മക്കൾ. കോഴിക്കോട് ഫറൂഖ് കോളജിൽ നിന്ന് ഇംഗ്ലിഷ് വിഭാഗം മേധാവിയായി വിരമിച്ച ജോർജ് ഇപ്പോൾ മകൾക്കൊപ്പം ഫോർട്ടുകൊച്ചിയിലെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ്. എങ്കിലും അപ്പച്ചന്റെ നാടക ലോകങ്ങൾ 95–ാം വയസ്സിലും ജോർജ് ആൻഡ്രൂസിന്റെ ഓർമകളിൽ സജീവം.

വല്ലപ്പോഴും വീട്ടിൽ വന്നു പോകുന്ന അതിഥിയായിരുന്നു അപ്പച്ചനെന്ന് ജോർജ് ഓർക്കുന്നു. അപ്പച്ചൻ വന്നാൽ വീട്ടിൽ അതിഥികളുടെ ബഹളമാണ്. അപ്പച്ചന്റെ അഭാവം അറിയാതെ മക്കളെ നോക്കിയത് അമ്മച്ചി പ്രസ്റ്റീനാമ്മയായിരുന്നു. ഭർത്താവ് നാടകവുമായി ഇറങ്ങിയപ്പോൾ ചെല്ലാനം തുരുത്തേൽ കുടുംബാംഗമായ പ്രസ്റ്റീന അലക്സാണ്ടർ ഭംഗിയായി കുടുംബം നോക്കി. വരുമാനമൊന്നും കാര്യമായി ഇല്ലാതിരുന്ന കാലത്ത് ചകിരി പിരിച്ചും മറ്റും കിട്ടുന്ന തുക മാറ്റിവച്ച് അവർ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി.
അപ്പച്ചൻ സ്വന്തമായി എഴുതി പഠിപ്പിച്ചു തന്ന പ്രർഥനാ ഗീതങ്ങൾ ഇന്നും ജോർജിന്റെ നാവിലുണ്ട്. ചെല്ലാനം –പാണ്ടിക്കുടി റോഡിനു വേണ്ടിയും പൈപ്പുവെള്ളത്തിനു വേണ്ടിയും കടൽ ഭിത്തി പണിയുന്നതിനും വേണ്ടി അപ്പച്ചൻ എഴുതി, ഉറക്കെ വിളിച്ചു പഠിച്ച മുദ്രാവാക്യങ്ങൾ ശക്തി ചോരാതെ ഇന്നും ജോർജ് മനസ്സിൽ കൊണ്ടു നടക്കുന്നു.

ചെല്ലാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും മുൻപന്തിയിൽ ആൻഡ്രൂസ് ഉണ്ടായിരുന്നു. ഇന്നത്തെ ചെല്ലാനം സെന്റ് ജോർജ് എൽപി സ്കൂൾ, ചെല്ലാനം കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ സ്ഥാപിക്കുന്നതിനു മുൻകൈ എടുത്തതും അദ്ദേഹമാണ്. ‘വെറും ചിരി’, ‘സമത്വ‌വാദി’, ‘സരസ സേവിനി’ എന്നീ പ്രസിദ്ധീകരണങ്ങളും ആൻഡ്രൂസിന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങി.

ക്രിസ്ത്യാനികൾക്കു പ്രവേശനമില്ലാതിരുന്ന കാലത്തു മഹാരാജാസ് കോളജിൽ ആദ്യമായി മലയാളം നാടകം അവതരിപ്പിച്ചതും ആൻഡ്രൂസാണ്. ‘മുട്ടാളപ്പട്ടാളം’ എന്ന ഹാസ്യസംഗീതനാടകം അന്ന് അരങ്ങത്ത് അവതരിപ്പിച്ചതാകട്ടെ കോളജിലെ വിദ്യാർഥികളും. ഇതിന്റെ ആൻഡ്രൂസ് എഴുതിയ കയ്യെഴുത്തുപ്രതി ഇപ്പോഴും വി.എസ്. ആൻഡ്രൂസ് ഫൗണ്ടേഷന്റെ ശേഖരത്തിലുണ്ട്. 1968 ഓഗസ്റ്റ് 27ന് 96-ാമത്തെ വയസ്സിൽ കോഴിക്കോട്ടായിരുന്നു അദ്ദേഹത്തിന്റെ മരണം.

ഇനിയും അകലരുത് അംഗീകാരം

കലാകേരളത്തിനു മഹത്തായ സംഭാവനകൾ നൽകിയ ആ കലാകാരന് ഇന്നുവരെ അർഹമായ പരിഗണനയോ ആദരവോ ലഭിച്ചിട്ടില്ലെന്നതാണു സത്യം. നല്ലൊരു സ്മാരകമോ അദ്ദേഹത്തിന്റെ പേരിൽ പുരസ്കാരമോ ഇതുവരെ സർക്കാർ നൽകിയിട്ടില്ല എന്ന ദുഃഖം കുടുംബത്തിനുമുണ്ട്. ലളിതകലാ അക്കാദമി അദ്ദേഹത്തിന്റെ ചിത്രം അക്കാദമി ഹാളിൽ സ്ഥാപിച്ചതും അദ്ദേഹത്തെക്കുറിച്ചു പുസ്തകം പ്രസിദ്ധീകരിച്ചതുമാണ് ആകെ ലഭിച്ച അംഗീകാരം. ആൻഡ്രൂസിന്റെ പേരിൽ ചെല്ലാനത്ത് സ്മൃതി മണ്ഡപം സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണു ചെല്ലാനത്തെ പൗരക്കൂട്ടായ്മ. ഇതിനു വേണ്ടിയുള്ള സഹായങ്ങൾ നൽകാമെന്ന് ആൻഡ്രൂസിന്റെ കുടുംബാംഗങ്ങളും പറയുന്നു.

വി.എസ് ആൻഡ്രൂസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എല്ലാവർഷവും നൽകിയിരുന്ന ‘സുവർണ സാഹിതി’ പുരസ്‌കാരം ഫൗണ്ടേഷൻ സ്ഥാപക ഡയറക്ടറും സാഹിത്യകാരനുമായ ചെറിയാൻ ആൻഡ്രൂസിന്റെ മരണത്തോടെയാണു മുടങ്ങിയത്. 6 വർഷമായി മുടങ്ങിക്കിടക്കുന്ന ഈ പുരസ്കാര സമർപ്പണം പുനഃസ്ഥാപിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ടെന്ന് ആൻഡ്രൂസിന്റെ മകൻ ജോർജിന്റെ മകളും ആലപ്പുഴ സെന്റ് ജോസഫ്സ് കോളജ് മുൻ പ്രിൻസിപ്പലുമായ ഷീന ജോർജ് പറഞ്ഞു. ‘അപ്പാപ്പന്റെ പ്രവർത്തനങ്ങൾ വരും തലമുറയും അറിയണം. അതിനായി സർക്കാർ തലത്തിൽ സ്മാരകം ഉണ്ടാകണമെന്നാണ് ആഗ്രഹം’– ഷീന പറഞ്ഞു. സെന്റ് ആൽബർട്സ് കോളജിലെ കെമിസ്ട്രി വിഭാഗം മേധാവിയായിരുന്ന ജെറാൾഡ് ആന്റണിയാണ് ഷീനയുടെ ഭർത്താവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com