ADVERTISEMENT

വൈക്കം മുഹമ്മദ് ബഷീറിനെ വായിച്ചു വായിച്ച് ഡിഗ്രിക്കാലമായപ്പോഴേക്കും ഞാൻ അദ്ദേഹത്തിന്റെ ആരാധകനായിക്കഴിഞ്ഞിരുന്നു.

1983–84 വർഷം കോഴിക്കോട് ഫാറൂഖ് കോളജിൽ ബിഎഡിന് അഡ്മിഷൻ ലഭിച്ചപ്പോഴാണ് ആ സൗഭാഗ്യം കൈവന്നത്. കോഴിക്കോട് ബേപ്പൂരിലെ വൈലാലിൽ വീട്ടിൽ മാംഗോസ്റ്റിൻ മരച്ചുവട്ടിൽ ചാരുകസേരയിലിരിക്കുന്ന ആരാധനാമൂർത്തിയെ നേരിട്ടുകാണാമല്ലോ എന്ന സന്തോഷമായിരുന്നു.

കോളജിൽ ചേർന്ന അന്നു വൈകുന്നേരം തന്നെ നേരേ പോയതു ബേപ്പൂരിലേക്കാണ്. മെയിൻറോഡിലെ ഒരിടവഴിക്കു സമീപം ഓട്ടോ നിർത്തിയിട്ട് ഈ വഴിപോയാൽ മതിയെന്നു പറഞ്ഞ് ഓട്ടോക്കാരൻ തിരിച്ചുപോയി. വിശ്വാസം വരാഞ്ഞിട്ട് ഇടവഴിയിലെ വെള്ളത്തിലൂടെ നഗ്നപാദനായി തലച്ചുമടുമായി വന്ന ഒരാളോടുകൂടി ചോദിച്ചു. ‘ഇതുതന്നെ വഴി, വേറെ വഴിയില്ല. ഇതുവഴി പോയി അപ്പുറത്ത് കൽപടവു കയറിയാൽ വൈലാലിൽ എത്തും–’ അയാളും പറഞ്ഞു. അങ്ങോട്ടു നടന്നു.

മാംഗോസ്റ്റിൻ മരച്ചുവട്ടിൽ ചാരുകസേരയിൽ ഷർട്ടിടാതെ മുണ്ടുടുത്തിരുന്നു പുകവലിക്കുന്ന സുൽത്താൻ. ചാരുകസേരയ്ക്കു മുന്നിൽ അർധവൃത്താകൃതിയിൽ വിന്യസിച്ചിരിക്കുന്ന കമ്പിക്കസേരകൾ.  എന്റെ കാലിൽ നോക്കിയിട്ടുപറഞ്ഞു. ഷൂസെല്ലാം നനഞ്ഞുകുതിർന്നല്ലോ ഊരിവയ്ക്ക്. പിന്നീട് എന്നെ വിശദമായി പരിചയപ്പെട്ടു. വായിച്ച കൃതികളുടെ ആസ്വാദനത്തിനൊന്നും അദ്ദേഹം ചെവിയോർത്തില്ല. മറ്റു കാര്യങ്ങൾ നർമമധുരമായി പറഞ്ഞുകൊണ്ടിരുന്നു ഒരു മണിക്കൂറോളം പോയതറിഞ്ഞില്ല. പിന്നീട് പതവണ അദ്ദേഹത്തെ കാണാൻ അവിടെ പോയിട്ടുണ്ട്. നാട്ടിലെ സുഹൃത്തുക്കളോടൊക്കെ കോഴിക്കോടൻ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ ഞാൻ ‘ബഷീറിനെ കണ്ടു’ എന്നാണു വീമ്പു പറഞ്ഞിരുന്നത്. പല സുഹൃത്തുക്കളും ഇതൊക്കെ എന്റെ ബഡായിയായിക്കരുതിയെങ്കിലും ബഷീറിന്റെ ആരാധകനായ എന്റെ ഒരു സുഹൃത്ത് എന്നെ വിശ്വസിച്ച് ഒരു രാത്രിയിൽ കരുനാഗപ്പള്ളിയിൽനിന്നു കോഴിക്കോട്ടേക്കു ട്രെയിൻ കയറി. അവനെ ബഷീറിനെ കാണിക്കേണ്ടത് എന്റെ അഭിമാനപ്രശ്നമായി മാറി.  പോയപ്പോൾ ബഷീർ അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങൾ കാത്തിരുന്നു. കാലടി ശബ്ദം കേട്ട് ഞങ്ങൾ തിരിഞ്ഞുനോക്കി. മുണ്ടിന്റെ തുമ്പ് ഇ‌ടതുകക്ഷത്തിലൊതുക്കിപ്പിടിച്ച് ജൂബയിട്ട് കയ്യിൽ ഒരു സഞ്ചിയുമായി വിയർത്ത് ബഷീർ. ചാരുകസേരയിൽ വന്നിരുന്ന് ബഷീർ എന്നോടായി ചോദിച്ചു. ആരാണീ പുതിയ കക്ഷി? ഇതു  നിസാർ. കരുനാഗപ്പള്ളിയിൽനിന്ന് അങ്ങയെ കാണാനായിട്ടു വന്നതാണ്. ഞാൻ പരിചയപ്പെടുത്തി. മൂന്നു ഗ്ലാസുകളിൽ ‘സുലൈമാനി’ എത്തി. ഞാൻ ഗ്ലാസ് വാങ്ങി കസേരയിലിരുന്ന് പകുതി കുടിച്ചുകഴിഞ്ഞു. പെട്ടെന്ന് ഭാരക്കൂടുതൽ കൊണ്ട് കസേരയുടെ പിൻകാലുകൾ മണ്ണിൽ താഴാൻ തുടങ്ങി. കസേര പിന്നിലേക്കു മറിയാൻ തുടങ്ങി. കയ്യിലിരുന്ന ഗ്ലാസ് പിന്നിലേക്കിട്ട് എണീക്കാൻ നോക്കി, പറ്റുന്നില്ല. കാലുകൾ നിലത്തുനിന്നു പൊങ്ങി ഞാനൊരു ത്രിശങ്കുവിലായി.അപ്പോഴതാ മെലിഞ്ഞതെങ്കിലും ബലിഷ്ഠമായ രണ്ടു കൈകൾ എന്റെ കൺമുന്നിലൂടെ വന്ന് എന്റെ വലതുകൈയിൽ പിടിച്ചു ശക്തിയായി മുന്നോട്ടു വലിച്ചു. കസേര പിന്നിലേക്കു മറിഞ്ഞെങ്കിലും വലിയുടെ ശക്തിയിൽ മുന്നിലേക്കാഞ്ഞു കാലുകുത്തി ഞാൻ രക്ഷപ്പെട്ടു.

എന്റെ ഭാരം പിടിച്ചുയർത്തിയ ക്ഷീണത്തിൽ ആസ്മ മൂർച്ഛിച്ച് അർധനഗ്നനായി ചാരുകസേരയിലിരുന്നു കിതയ്ക്കുന്ന രൂപം ഇന്നും എന്റെ മനസ്സിലുണ്ട്. കയ്യിൽ പിടിച്ച് നന്ദി പറഞ്ഞപ്പോൾ കിട്ടി അതിരസികൻ മറുപടി! ‘എടോ തടിയാ ഞാനീ കിതപ്പും സഹിച്ച് നിന്റെ കൈപിടിച്ചുയർത്തിയതു നിന്റെ തലപൊളിയാതിരിക്കാനല്ല. എന്റെ കുപ്പി ഗ്ലാസ് പൊട്ടാതിരിക്കാനാ, തന്റെ നന്ദിയൊന്നും വേണ്ട.’  ‘എനിക്കൊരു ദുശീലമുണ്ട് ആനയെക്കണ്ടാൽ വാലിൽ പിടിച്ച് ചുഴറ്റി ദൂരേക്കെറിയും’ എന്ന് ബഡായി പറഞ്ഞ സുൽത്താന്റെ കൈകൾ എനിക്കു കരുത്തുറ്റ പൊൻകരങ്ങളായി.

Content Highlights: Vaikom Muhammed basheer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com