ADVERTISEMENT

സാധാരണയായി ഭൂരിപക്ഷം ജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു കലാസൃഷ്ടി വലിയ കലാനിരൂപകരായി അറിയപ്പെടുന്ന ബുദ്ധിജീവികൾക്ക് ഇഷ്ടമാകാറില്ല. ഇഷ്ടമായാൽത്തന്നെ അതു തുറന്നു സമ്മതിക്കാൻ അവർ തയാറാവുകയില്ല. ജനകീയം എന്ന ലേബൽ സമ്മാനിച്ചു കൂടുതൽ ജനങ്ങളാൽ അംഗീകരിക്കപ്പെടുന്ന സൃഷ്ടികളെ മാറ്റിനിർത്തുക എന്നതാണ് അവരുടെ പതിവ്. ചട്ടമ്പിക്കല്യാണി എന്ന സിനിമ ഏറ്റവും വലിയ ഹിറ്റ് ആയതുകൊണ്ട് അതു വലിയ കലാസൃഷ്ടിയാണെന്നു ഞാനും പറയുകയില്ല. എന്നാൽ ഭേദപ്പെട്ടതെന്നു മലയാളത്തിലെ അറിയപ്പെടുന്ന വിമർശകർ അംഗീകരിച്ച രണ്ടു ചിത്രങ്ങൾ നിർമിച്ച് നഷ്ടം സഹിച്ച എനിക്ക് ഒരു സിനിമാനിർമാതാവ് എന്ന നിലയിൽ യാത്ര തുടരാൻ കഴിഞ്ഞതു ഞാൻ ചട്ടമ്പിക്കല്യാണി നിർമിച്ചതുകൊണ്ടാണ്.

എന്റെ മോഹങ്ങൾ സഫലമാകണം. അതിനാവശ്യമായ പണവും ഞാൻതന്നെയുണ്ടാക്കണം. മനസ്സിൽ കൊണ്ടുനടക്കുന്ന സ്ത്രീപക്ഷസിനിമയായ ‘മോഹിനിയാട്ടം’ നിർമിക്കാൻ ഞാൻ തീരുമാനിച്ചു. നായകനില്ലാത്ത ആദ്യത്തെ മലയാളസിനിമ.! ആ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടാലോ? അങ്ങനെ സംഭവിച്ചാലും എനിക്കു ചലച്ചിത്രനിർമാണം തുടരണം. അതുകൊണ്ട് ആ സിനിമയോടൊപ്പംതന്നെ ശശികുമാറിന്റെ സംവിധാനത്തിൽ പ്രേംനസീറിനെ നായകനാക്കി തുറുപ്പുഗുലാൻ എന്ന ആക്‌ഷൻ സിനിമയും തുടങ്ങണം. രണ്ടു സിനിമകളുടെയും സ്ക്രിപ്റ്റ് തയാറാക്കി. പാട്ടുകൾ എഴുതി. മോഹിനിയാട്ടം എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനാകണം എന്നു ഞാൻ ദേവരാജൻ മാസ്റ്ററോടു പറഞ്ഞപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു.

‘തമ്പി ആത്മാർഥമായി തന്നെയാണോ എന്നെ ക്ഷണിക്കുന്നത്? അതോ ഇതൊരു മധുരമായ പ്രതികാരമോ...? ’ ദേവരാജൻ മാസ്റ്റർ ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു. ‘ഇതെന്റെ സ്വപ്നചിത്രമാണ്. ഇതിലെ പാട്ടുകളുടെ ഈണവും പശ്ചാത്തലസംഗീതവും ദേവരാജൻമാസ്റ്ററുടേതായിരിക്കണമെന്ന് എനിക്കു നിർബന്ധമുണ്ട്. നമ്മൾ പിണങ്ങിയിരുന്ന കാലത്തും മാസ്റ്ററുടെ സംഗീതത്തോട് എനിക്ക് ആരാധനയായിരുന്നു. ഇഷ്ടമാകാഞ്ഞതു മാസ്റ്ററുടെ ചില വാക്കുകളാണ്. അതിന്റെ പേരിൽ മാസ്റ്ററെ കുറ്റപ്പെടുത്താൻ എനിക്ക് അവകാശമില്ല. പിണങ്ങുന്ന സമയങ്ങളിൽ പലരോടും ഞാനും മോശമായ വാക്കുകൾ പ്രയോഗിച്ചിട്ടുണ്ട്.’

തുറുപ്പുഗുലാൻ എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനായി ഞാൻ ദക്ഷിണാമൂർത്തിസ്വാമിയെ നിശ്ചയിച്ചു. അദ്ദേഹത്തിന്റെ മൂത്ത മകൾ വിജയയുടെ വിവാഹം തീരുമാനിച്ച സമയമായിരുന്നു അത്‌. സ്വാമി ഒരിക്കലും സമ്പന്നനായിരുന്നില്ല. എന്നാൽ ഈശ്വരഭക്തിയുടെ കാര്യത്തിൽ അദ്ദേഹത്തെക്കാൾ സമ്പന്നനായ ഒരാളെ ഞാൻ കണ്ടിട്ടുമില്ല. ഏതു വിഷമസമയത്തും സ്വാമി പറയുന്ന ഒരു വാചകമുണ്ട് ‘എല്ലാം വൈക്കത്തപ്പൻ നോക്കും.’ അതു മകളുടെ വിവാഹക്കാര്യത്തിലും സത്യമായി. അന്നു കേരള സർക്കാർ ആരംഭിച്ച മിൽമ എന്ന കമ്പനിയിൽ ഒരു ചെറിയ ഉദ്യോഗസ്ഥനായിരുന്നു വിജയയുടെ വരൻ ആനന്ദ്. അദ്ദേഹം വളർന്ന് കേരള സർക്കാരിനു കീഴിലുള്ള ഡെയറി ഡവലപ്മെന്റ് ഡിപ്പാർട്മെന്റിന്റെ ഡയറക്ടറായി. ഒരു സിനിമാനിർമാതാവ് (സംവിധായകനും) ഓർമിക്കപ്പെടുന്നത് അയാളുടെ ഏറ്റവും ഒടുവിലത്തെ സിനിമയിലൂടെയാണ്. ഞാൻ നിർമിച്ച ഒടുവിലത്തെ സിനിമ ചട്ടമ്പിക്കല്യാണിയാണ്.

അതുകൊണ്ട് ഞാനിപ്പോൾ വിജയിച്ച നിർമാതാവാണ്. വിതരണക്കാരുടെയും തിയറ്ററുടമകളുടെയും കണ്ണിൽ ഏറ്റവും കൂടുതൽ കലക്‌ഷൻ നേടുന്ന സിനിമയാണു നല്ല സിനിമ. അതുകൊണ്ട് എന്റെ പുതിയ സിനിമയ്ക്ക് ഒരു ഡിസ്‌ട്രിബ്യൂട്ടറെ കിട്ടാൻ യാതൊരു ബുദ്ധമുട്ടുമില്ല. വിജയിക്കുന്നവനെ എല്ലാവർക്കും വേണം. തോൽക്കുന്നവനെ ആർക്കു വേണം ? പ്രത്യേകിച്ചും സിനിമയുടെ ലോകത്ത്?. ഒരു സാഹിത്യസമ്മേളനത്തിൽ പങ്കെടുക്കാൻ എറണാകുളത്ത് വന്നപ്പോൾ ഞാൻ ഭാരത് ടൂറിസ്റ്റ് ഹോമിലാണ് താമസിച്ചത്. രാവിലെ പുറത്തുപോകാനായി ഒരുങ്ങിയിറങ്ങുമ്പോൾ തൊട്ടടുത്ത മുറിയിൽ താമസിക്കുന്നയാൾ വരാന്തയിൽ നിൽക്കുന്നു. അദ്ദേഹം എന്നെ കണ്ടു ചിരിച്ചു. ഞാനും ചിരിച്ചു ‘ശ്രീകുമാരൻ തമ്പിയല്ലേ.? ’ അദ്ദേഹം ചോദിച്ചു. ‘അതെ’. ‘അടുത്ത പടം തുടങ്ങിയോ ’ . ‘ഇല്ല. ഉടനെ തുടങ്ങും. ഒന്നല്ല ,രണ്ടു പടം’ ഞാൻ പറഞ്ഞു. ‘എന്റെ പേര് ജോർജ് മാത്യു. എന്റെ കമ്പനിയാണ് സെൻട്രൽ പിക്ചേഴ്സ്, കോട്ടയം. വിരോധമില്ലെങ്കിൽ രണ്ടു പടത്തിന്റെയും ഡിസ്‌ട്രിബ്യൂഷൻ ഞാനെടുക്കാം. ’ അദ്ദേഹം പറഞ്ഞു.

കോട്ടയത്തുള്ള സെൻട്രൽ പിക്ചേഴ്സ് അറിയപ്പെടുന്ന കമ്പനിയാണ്. വിമലാഫിലിംസിനു ചിത്രങ്ങൾ നൽകിയിരുന്ന മഞ്ഞിലാസ് ഇപ്പോൾ അവരുടെ പടം വിതരണത്തിന് നൽകിയിട്ടുള്ളത് സെൻട്രൽ പിക്ച്ചഴ്‌സിനാണ്. ‘ഷൂട്ടിങ് തുടങ്ങുമ്പോൾ ഞാൻ കോട്ടയത്തു വന്നു വിശദമായി സംസാരിക്കാം. ’ ഞാൻ പറഞ്ഞു. അടുത്ത ആഴ്ച തന്നെ ഞാൻ കോട്ടയത്തു പോയി. അക്കാലത്ത് കോട്ടയം പട്ടണത്തിൽ മികച്ച ഹോട്ടലുകൾ കുറവായിരുന്നു. ഞാൻ ഹോട്ടൽ അഞ്ജലിയിലാണു താമസിച്ചത്. ജോർജ് മാത്യു എന്റെ മുറിയിൽ വന്നു. ഞങ്ങൾ തമ്മിൽ ബിസിനസ് സംസാരിച്ചു. ആദ്യത്തെ ചിത്രത്തിൽ നായകനില്ലെന്നും മറ്റും ഞാൻ വിശദമാക്കിയപ്പോൾ ജോർജ്കുട്ടി എന്ന പേരിൽ അറിയപ്പെടുന്ന ജോർജ് മാത്യു പറഞ്ഞു. ‘എനിക്കു കഥയും മറ്റും കേൾക്കേണ്ട. ഒരു പടം എടുക്കുമ്പോൾ ഞാൻ ആദ്യം നോക്കുന്നതു പ്രൊഡ്യൂസർ ആരാണെന്നാണ്. ശ്രീകുമാരൻ തമ്പിയുടെ പടം ഞാൻ ഡിഡ്ട്രിബ്യൂട്ട് ചെയ്യുന്നു. അത്രമാത്രം.’ അദ്ദേഹത്തിന്റെ സമീപനം എനിക്കിഷ്ടമായി. ഞാൻ യാത്ര പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. ‘ഇങ്ങനെ യാത്ര പറയേണ്ട. രണ്ടു പടങ്ങളുടേയും എഗ്രിമെന്റ് സൈൻ ചെയ്ത് അഡ്വാൻസിന്റെ ചെക്കും മേടിച്ചിട്ടു പോയാൽ മതി.’

അന്ന് സെൻട്രൽ പിക്ചേഴ്സ് ഉടമയായ ജോർജ് മാത്യുവിന് കോട്ടയത്ത് ആനന്ദ് എന്ന തിയറ്റർ സ്വന്തമായി ഉണ്ടായിരുന്നു. അഭിലാഷ് എന്ന അടുത്ത തിയറ്ററിനു തറക്കല്ലിടുന്ന കാലം. അങ്ങനെ മോഹിനിയാട്ടം, തുറുപ്പുഗുലാൻ എന്നീ ചിത്രങ്ങളുടെ വിതരണം സെൻട്രൽ പിക്ചേഴ്സ് ഏറ്റെടുത്തു. ഞാൻ മോഹിനിയാട്ടത്തിന്റെ ജോലികൾ തുടങ്ങി. മോഹിനിയാട്ടം എന്ന എന്റെ കഥയിൽ മൂന്നു പ്രധാന സ്ത്രീകഥാപാത്രങ്ങളും നാല് പുരുഷകഥാപാത്രങ്ങളുമാണുള്ളത് . മൂന്നു പുരുഷന്മാരാൽ മൂന്നു വ്യത്യസ്ത സാഹചര്യങ്ങളിൽ പീഡിപ്പിക്കപ്പെട്ട മൂന്നു സ്ത്രീകൾ ജീവിതത്തെ എങ്ങനെ നേരിട്ടു എന്നതാണു കഥയുടെ ജീവൻ. നാലാമത്തെ പുരുഷകഥാപാത്രം നന്മയുള്ള പുരുഷനാണ്. പക്ഷേ അയാൾ ഭ്രാന്തനാണ്. അതുകൊണ്ട് അയാളുടെ നന്മ മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നില്ല. രണ്ടാം പകുതിയിൽ വരുന്ന ഒരു പുരുഷകഥാപാത്രം കൗമാരത്തോടു വിട പറഞ്ഞ് യൗവ്വനത്തിലേക്കു കടക്കാനിരിക്കുന്ന ഒരു പതിനെട്ടുകാരനാണ്. അവനും ആ പ്രായത്തിൽതന്നെ അവൻ പിന്നാലെ നടന്നു പ്രണയത്തിൽ വീഴ്ത്തിയ കൗമാരക്കാരിയെ വഞ്ചിക്കാൻ ശ്രമിക്കുന്നു.

ചട്ടമ്പിക്കല്യാണിയിൽ ജഗതി ശ്രീകുമാറിനെ കൊമീഡിയനായി അവതരിപ്പിച്ച ഞാൻ മോഹിനിയാട്ടത്തിൽ സുധീർകുമാർ എന്ന യുവനടന് അവസരം നൽകി. അയാൾ ഇന്നു മണിയൻപിള്ള രാജു എന്ന പേരിൽ അറിയപ്പെടുന്നു. ലക്ഷ്മി ആണു ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മോഹിനിയായി അഭിനയിച്ചത്. വിധുബാലയും കനകദുർഗയും ആയിരുന്നു മറ്റു രണ്ടു നടികൾ. സ്ത്രീ മോഹിനിയാണ്. അവളുടെ ജീവിതമാണ് ഞാൻ മോഹിനിയാട്ടം എന്ന പേരിൽ പറയാൻ ശ്രമിച്ചത്. പുരുഷന്റെ മുന്നിൽ അവൾ എപ്പോഴും ആടിക്കൊണ്ടിരിക്കുന്നു. കുട്ടിക്കാലത്ത് അച്ഛന്റെ മുൻപിൽ, കൗമാരത്തിൽ സഹോദരന്മാരുടെ മുമ്പിൽ, യൗവനത്തിൽ കാമുകന്റെ, അല്ലെങ്കിൽ ഭർത്താവിന്റെ മുൻപിൽ, മധ്യവയസ്സിൽ മക്കളുടെ മുൻപിൽ. വാർധക്യത്തിൽ കൊച്ചുമക്കളുടെ മുൻപിൽ, അവൾ ആടുന്നു. ഋതുഭേദങ്ങളിലൂടെ അവൾ ആ ആട്ടം തുടർന്നുകൊണ്ടേയിരിക്കുന്നു. ഇന്നത്തെ പെൺതലമുറ കുറെക്കൂടി ശക്തരായി മാറിയിട്ടുണ്ടാവാം.

എന്നാൽ സ്ത്രീപീഡനം ഇന്നും ഇന്ത്യയെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നം തന്നെയാണ്. ഞാൻ ഈ വിഷയം സിനിമയാക്കിയത് നാലരപ്പതിറ്റാണ്ടിനു മുമ്പാണ് (1975 –76). കെ.പി.ഉമ്മർ, എം.ജി. സോമൻ, തൃശൂർ രാജൻ എന്നീ മൂന്നു നടന്മാരാണു പ്രതിനായക വേഷങ്ങളിൽ വന്നത്. മനോരോഗിയായ ഭാഗവതർ കൃഷ്ണകുമാർ എന്ന ദുഃഖകഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ ഹാസ്യനടനായ അടൂർഭാസിയോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം എന്നെ വിലക്കി. ‘വേണ്ട തമ്പീ വേണ്ട. ഞാൻ കരഞ്ഞാൽ കാണികൾ ചിരിക്കും തമ്പിയുടെ പടം പൊട്ടും’ അപ്പോൾ ഞാൻ പറഞ്ഞു. ‘ചേട്ടാ, മലയാളികളായ പ്രേക്ഷകർ ആദ്യമൊന്നു ചിരിച്ചാലും കഥാപാത്രത്തെ മനസ്സിലാക്കി കഴിഞ്ഞാൽ അവസരത്തിനൊത്ത് ഉയരുന്നവരാണ്.’ ഞാനെഴുതിയ രണ്ടു ഗാനങ്ങളും, അഷ്ടപദിയിലെ രാധിക കൃഷ്ണാ രാധി- എന്ന പദവും മോഹിനിയാട്ടത്തിൽ ഉണ്ടായിരുന്നു. ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ അവ മൂന്നും ഒന്നാംതരം പാട്ടുകളായി.

ഞാൻ എഴുതിയ ‘സ്വന്തമെന്ന പദത്തിനെന്തർഥം ബന്ധമെന്ന പദത്തിനെന്തർഥം..? എന്ന ഗാനം യേശുദാസും ‘ആറന്മുളഭാഗവാന്റെ പൊന്നു കെട്ടിയ ചുണ്ടൻവള്ളം ആലോലമണിത്തിരയിൽ നടനമാടി ’ എന്ന ഗാനം ജയചന്ദ്രനും പാടി. ‘രാധിക കൃഷ്ണാ രാധിക തവ വിരഹേ കേശവാ ’ എന്ന അഷ്ടപദിഗീതത്തിലൂടെ ഞാൻ മണ്ണൂർ രാജകുമാരനുണ്ണി എന്ന ഗായകനെ സിനിമയിൽ കൊണ്ടുവന്നു. സ്വന്തമെന്ന പദത്തിനെന്തർഥം എന്ന പാട്ട് പാടി അഭിനയിച്ചത് അടൂർ ഭാസിയാണ് എന്ന അത്ഭുതവും ആ ചിത്രം കണ്ടിട്ടില്ലാത്തവർ മനസിലാക്കേണ്ടതാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങും എഡിറ്റിങ്ങും കഴിഞ്ഞു. പടം കണ്ടിട്ട് പശ്ചാത്തലസംഗീതം കംപോസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ദേവരാജൻ മാസ്റ്റർ പറഞ്ഞു ‘അടുത്ത കാലത്ത് ഇത്രയും നല്ല ഒരു പടത്തിനു ഞാൻ മ്യൂസിക് ചെയ്തിട്ടില്ല.’ അതുകേട്ടപ്പോൾ എന്റെ ആത്മവിശ്വാസം വർധിച്ചു. വളരെ അപൂർവമായി മാത്രമേ അഭിനന്ദന സ്വരങ്ങൾ ദേവരാജൻ മാസ്റ്ററുടെ നാവിൽ നിന്ന് ഉതിരാറുള്ളൂ. കാലം എഴുപതുകളുടെ രണ്ടാം പകുതിയാണല്ലോ.

അന്നു മലയാള സിനിമകൾ സെൻസർ ചെയ്തിരുന്നതു മദ്രാസിലാണ്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലം. പത്രങ്ങൾക്കു പോലും സെൻസർഷിപ് ഏർപ്പെടുത്തി. മദ്രാസിലെ ശാസ്ത്രിഭവനിലുള്ള സെൻസർ ഓഫിസിൽ ഞാൻ മോഹിനിയാട്ടം എന്ന എന്റെ പുതിയ സിനിമ സെൻസർ ചെയ്യാൻ അപേക്ഷ നൽകി. അപേക്ഷയോടൊപ്പം ചിത്രത്തിന്റെ കഥാസാരം, കഥാപാത്രങ്ങളുടെയും അവ അവതരിപ്പിക്കുന്ന അഭിനേതാക്കളുടെയും സാങ്കേതികപ്രവർത്തകരുടെയും പേരുവിവരം, എന്നിവ സമർപ്പിക്കണം. മദ്രാസിൽ താമസിക്കുന്ന മലയാളികളാണു സെൻസർബോർഡിന്റെ റീജനൽ കമ്മിറ്റിയിൽ ഉള്ളത്.

സിനിമയുടെ സെൻസറിങ് സമയത്ത് ചിത്രത്തിന്റെ നിർമാതാവ് ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററിൽ ഉണ്ടായിരിക്കണം. ഞാൻ ഭരണസമിതിയിൽ അംഗമായ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രിവ്യൂ തിയറ്ററിലാണ് സെൻസറിങ്ങിനുള്ള പ്രദർശനം നടക്കുന്നത്. പ്രദർശന സമയം കഴിഞ്ഞാലുടൻ സെൻസർ ഓഫിസറും ബോർഡ് അംഗങ്ങളും തമ്മിൽ ചിത്രത്തെക്കുറിച്ചു സംസാരിക്കും. പിന്നീട് നിർമാതാവിനെ അകത്തേക്കു വിളിപ്പിക്കും. ചിത്രത്തിൽ നിന്ന് ഒഴിവാക്കേണ്ട ഷോട്ടുകളുണ്ടെങ്കിൽ അവയെപ്പറ്റി സാംസാരിക്കും. ഞാൻ അകത്തു ചെന്നപ്പോൾ എല്ലാവരും അഭിനന്ദനം സ്ഫുരിക്കുന്ന മുഖങ്ങളോടെയാണ് എന്നെ സ്വീകരിച്ചത്. ആരും ഒന്നും പറഞ്ഞില്ല. സെൻസർ ഓഫിസർ പറഞ്ഞു, "Come to my office tomorrow morning ."

എനിക്കു സന്തോഷമായി. നീക്കം ചെയ്യപ്പെടേണ്ട ഷോട്ടുകളുണ്ടെങ്കിൽ അവർ പറയുമായിരുന്നു. എന്റെ സിനിമ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നു വ്യക്തം. നാളെ രാവിലെ സെൻസർ ഓഫിസിൽ ചെല്ലുമ്പോൾ ചിത്രത്തിന് ഒരു ക്ലീൻ സർട്ടിഫിക്കറ്റ് തന്നെ ഇഷ്യൂ ചെയ്യും. ഞാൻ വിവരം രാജിയോടു പറഞ്ഞു. എന്റെ കുഞ്ഞുങ്ങൾ ആ സമയത്ത് തന്നെ സിനിമാഷൂട്ടിങ് അവരുടെ കളിയിലെ ഒരു പ്രധാന ഇനമാക്കി മാറ്റിയിരുന്നു. കളിക്കിടയിൽ സ്റ്റാർട്ട് , ആക്‌ഷൻ, കട്ട് എന്നൊക്കെ അവരുടേതായ ശൈലിയിൽ പറയുന്നതു കേൾക്കാം. ഒടുവിൽ ചേച്ചിയുടെ ആക്രോശവും അനുജന്റെ കരച്ചിലും കേൾക്കാം.

കവിതയ്ക്കും കണ്ണനുമിടയിൽ ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളു. ചേച്ചി അൽപം മുൻകോപിയും അനുജൻ അങ്ങേയറ്റം ശാന്തനുമാണ്. രണ്ടുമക്കളെയും കെട്ടിപ്പിടിച്ച് ഉമ്മവച്ച് സന്തോഷം പങ്കുവച്ച് ഞാൻ അവരോടു പറഞ്ഞു. ‘നമ്മുടെ സിനിമ എല്ലാവരും കാണാൻ പോകുന്നു. ’ രണ്ടുപേരും കയ്യടിച്ചു. കണ്ണൻ അതിൽ അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ ബാല്യകാലം കാണിക്കുന്ന ഭാഗത്ത് ഒരേയൊരു സീനിൽ കവിതയും വരുന്നുണ്ട്. എന്റെ മകൾ മൂവി ക്യാമറയുടെ മുൻപിൽവന്നിട്ടുള്ളത്‌ ആകെ ഈ ഒരു സമയത്ത് മാത്രമാണ്. കവിത ആ പ്രായത്തിൽത്തന്നെ നന്നായി ചിത്രം വരയ്ക്കുമായിരുന്നു. അതുകൊണ്ടാണ് ആ രംഗത്ത് അവളെ കാണിച്ചത്. ലക്ഷ്മിയുടെ പിതാവായ ചിത്രകാരന്റെ ഭാഗം പ്രശസ്ത ചലച്ചിത്രസംവിധായകനായ പി.എൻ.മേനോൻ അഭിനയിച്ചു.

സെൻസർ തീയതി കിട്ടിയപ്പോൾത്തന്നെ അതു കഴിഞ്ഞു വരുന്ന വെള്ളിയാഴ്ച മോഹിനിയാട്ടം കേരളത്തിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചു. സെൻട്രൽ പിക്ചേഴ്സ് പ്രധാന പത്രങ്ങളിൽ സിനിമയുടെ ആദ്യ പരസ്യവും കൊടുത്തു കഴിഞ്ഞു. അടുത്ത ദിവസം സെൻസർ ഓഫിസറെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. പ്രശസ്തരായ കാർട്ടൂണിസ്റ്റ് ആർ.കെ.ലക്ഷ്മൺ, എഴുത്തുകാരനായ ആർ.കെ.നാരായൺ എന്നിവരുടെ അനുജനായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ സെൻസർ ഓഫിസർ. അദ്ദേഹം പറഞ്ഞു. ‘നിങ്ങളുടെ പടം ഏതു കോണ്ടിനന്റൽ ഫിലിമിനോടും താരതമ്യം ചെയ്യാൻ തക്ക നിലവാരമുള്ളതാണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരു സ്ത്രീയൊഴികെ മറ്റുള്ള അംഗങ്ങൾക്കും ഇഷ്ടപ്പെട്ടു.

ഒരു ലേഡി മാത്രം ഈ ചിത്രം സ്ത്രീകളെ അപമാനിക്കുന്നതാണ്. പടത്തിനു സർട്ടിഫിക്കറ്റ് കൊടുക്കാൻ പാടില്ല എന്ന് എഴുതിവച്ചു. എനിക്കു ദുഖമുണ്ട്. പക്ഷേ മിസ്റ്റർ തമ്പി നിങ്ങൾ വിഷമിക്കണ്ട. ഉടൻ തന്നെ ഞാൻ ഒരു റിവൈസിങ് കമ്മിറ്റിയെ നിയമിക്കും. സിനിമയെക്കുറിച്ച് നല്ല അറിവുള്ളവരെ മാത്രം കമ്മിറ്റിയിൽ ഉൾപ്പെടുത്തും. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ തീർച്ചയായും ഞാൻ സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യും. ’ എന്റെ ചിത്രത്തിനെതിരായി നിന്ന ആ വനിതാ അംഗത്തിന്റെ പേരും അദ്ദേഹം പറഞ്ഞു, വിദ്വാൻ സി.എൽ. മീനാക്ഷിയമ്മ, പ്രശസ്ത എഴുത്തുകാരനും ഭാഷാപണ്ഡിതനും മദ്രാസ് സർവകലാശാലയിൽ മലയാളഭാഷാവിഭാഗത്തിന്റെ തലവനുമായ ഡോ. എസ്.കെ.നായരുടെ ഭാര്യ. അപ്പോൾ എന്റെ മുൻപിൽചിത്രങ്ങൾ തെളിഞ്ഞുവന്നു. അതു മഹാപണ്ഡിതനായി കരുതപ്പെടുന്ന ഒരു വ്യക്തിയുടെ പകപോക്കൽ ആയിരുന്നു.

ഞാനും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും മാത്രമടങ്ങുന്ന ഞങ്ങളുടെ കൊച്ചുകുടുംബത്തിൽ ആരും ആ രാത്രിയിൽ ഉറങ്ങിയില്ല. സിനിമയെക്കുറിച്ചു നല്ല ബോധമുള്ള റീജനൽ സെൻസർ ഓഫിസർ അടുത്തയാഴ്ച തന്നെ പ്രശസ്ത തെലുങ്ക് സംവിധായകൻ പദ്മഭൂഷൺ ബി.എൻ.റെഡ്ഢിയെ ചെയർമാനാക്കി റിവൈസിങ് കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി ചിത്രം കണ്ടു. പടം കണ്ടിറങ്ങിയ  ബി.എൻ.റെഡ്‌ഡി എന്നെ അഭിനന്ദിച്ചു. ‘വളരെ നല്ല സിനിമ. തിങ്കളാഴ്ച തന്നെ നിങ്ങൾക്ക് ഓഫിസിൽ പോയി ഒരു ക്ലീൻ സർട്ടിഫിക്കറ്റ് കലക്‌ട് ചെയ്യാം’ അദ്ദേഹം പറഞ്ഞു. അന്നു വെള്ളിയാഴ്ചയായിരുന്നു.

നിറഞ്ഞ അഭിമാനത്തോടെ ഞാൻ തിങ്കളാഴ്ച രാവിലെ സെൻസർ ഓഫിസിലെത്തി. മ്ലാനവദനനായിരിക്കുന്ന ഓഫിസർ. അദ്ദേഹം പറഞ്ഞു. രാവിലെ ഡൽഹിയിൽ നിന്നു ടെലിഗ്രാം വന്നു. നിങ്ങൾ റിവൈസിങ് കമ്മിറ്റിയെ സ്വാധീനിച്ചു എന്നു പറഞ്ഞ് ആരോ കേന്ദ്രത്തിലേക്കു സന്ദേശങ്ങൾ അയച്ചിരിക്കുന്നു. ഒന്നല്ല, ഒട്ടേറെ സന്ദേശങ്ങൾ. ചിത്രം തൽക്കാലം ബാൻ ചെയ്തിരിക്കുകയാണ്. ഇനി എനിക്കൊന്നും ചെയ്യാനാവില്ല. എമർജൻസി കാലമാണ്. നിങ്ങൾ ഡൽഹിയിൽ പോയി കേന്ദ്ര വാർത്താവിതരണ വകുപ്പുമായി ബന്ധപ്പെടണം. ’ എന്റെ കണ്ണിൽ ഇരുട്ട് കയറി. ബോധം നഷ്ടപ്പെടുന്നതു പോലെ തോന്നി. ഓഫിസർ എനിക്കു കുടിക്കാൻ വെള്ളം കൊണ്ടുവരാൻ അറ്റൻഡറോട് പറഞ്ഞു. അദ്ദേഹം എഴുന്നേറ്റുവന്ന് എന്റെ തോളിൽ സ്പർശിച്ചു. ‘ മിസ്റ്റർ തമ്പീ. നിങ്ങൾ വളരെ ചെറുപ്പമാണ്. തളരരുത്.ഈ സിനിമയ്ക്കു തീർച്ചയായും പുരസ്കാരങ്ങൾ കിട്ടും ഒരു വലിയ ഭാവി നിങ്ങളെ കാത്തു കിടക്കുന്നു. ധൈര്യമായിരിക്കൂ’.

(തുടരും)

English Summary: Karuppum Veluppum Mayavarnangalum

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com