ADVERTISEMENT

ഏകദേശം ഇരുപതു വർഷം മുൻപ് ദിവസങ്ങൾ മാത്രം പ്രായമായ ഒരു കുഞ്ഞിനെ ‘റെറ്റിനോബ്‌ളാസ്റ്റോമ’ എന്ന കണ്ണിലെ കാൻസറിനു റേഡിയേഷൻ ചികിത്സ ചെയ്യാൻ കൊണ്ടുവന്നു. നവജാത ശിശുവായതിനാൽ പേരിട്ടിട്ടില്ല. ബേബി ഓഫ് ലളിത, ഞാൻ പേര് വിളിച്ചു. അമ്മ വെള്ളത്തുണിയിൽ പൊതിഞ്ഞു ചേരക്കൈകൾ ചുരുട്ടിപ്പിടിച്ച് ഉറങ്ങുന്ന കുഞ്ഞുമായി കയറിവന്നു. ഒരു കണ്ണ് രോഗം ബാധിച്ചു തുറിച്ചു പുറത്തേക്കു ചാടിയിരിക്കുന്നു. ഒന്നുമറിയാതെ ഉറങ്ങുന്ന കുഞ്ഞിന്റെ കണ്ണിനുചുറ്റും വരച്ചിരിക്കുന്ന വയലറ്റ് ചതുരത്തിനകത്താണു റേഡിയേഷൻ ചികിത്സ കൊടുക്കേണ്ടത്. ഈ ചതുരത്തിനകത്തു മാത്രമേ റേഡിയേഷൻ വീഴാവൂ. ചികിത്സയ്ക്കിടയിലെങ്ങാനും കുഞ്ഞുണർന്നു തലയനക്കി കരഞ്ഞാൽ റേഡിയേഷൻ മറ്റു ഭാഗങ്ങളിലേക്കു വീഴും. മാത്രമല്ല ചികിത്സാ സമയത്ത് കുഞ്ഞിന്റെ കൂടെ ആർക്കും നിൽക്കാനും കഴിയില്ല. ഇപ്പോഴത്തെപ്പോലെ റേഡിയേഷനു കുട്ടികളെ അനസ്തേഷ്യ കൊടുത്ത് മയക്കികിടത്തുന്ന രീതി അന്നില്ലായിരുന്നു. കുഞ്ഞിനെ റേഡിയേഷൻ ടേബിളിൽ കിടത്തി ബെൽറ്റിട്ട് മുറുക്കിക്കെട്ടി.

തലയനങ്ങാതിരിക്കാൻ തലയും കെട്ടിവച്ചു. വരച്ചിരിക്കുന്ന ഭാഗത്തു തന്നെ റേഡിയേഷൻ ചികിത്സ ലഭിക്കുമെന്നുറപ്പു വരുത്തിയ ശേഷം പുറത്തു വന്ന് സ്ക്രീനിലൂടെ കുഞ്ഞ് അനങ്ങുന്നുണ്ടോ എന്നു നോക്കിക്കൊണ്ടാണു റേഡിയേഷൻ കൊടുക്കുന്നത്. ഇടയ്ക്ക് കാലൊന്നനങ്ങിയാൽപോലും കണ്ണിൽത്തന്നെ റേഡിയേഷൻ കിട്ടുന്നു എന്നുറപ്പുവരുത്തിയാണു ചികിത്സ തുടരുന്നത്. ഇടയ്ക്കു കുഞ്ഞുണർന്നു കരയും. കുഞ്ഞിന്റെ അമ്മ ഓടി അകത്തു ചെന്ന് ഉറക്കി വീണ്ടും ചികിത്സ തുടങ്ങും. ലോകത്തിലെ മഹാത്ഭുതങ്ങൾ കാണാനുള്ള കണ്ണിലൂടെ അണുകിരണങ്ങൾ കടത്തിവിട്ട് കാൻസറിനെ നശിപ്പിക്കുന്നതിനിടയിൽ കുഞ്ഞിന്റെ അമ്മയുടെ സന്ദേഹങ്ങൾ ചോദ്യമായി എനിക്കു മുന്നിൽ വീഴും. റേഡിയേഷൻ കൊടുക്കുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? കുഴപ്പം ഉണ്ടാകാതിരിക്കാനാണു റേഡിയേഷൻ കൊടുക്കുന്നത്, ഞാൻ പറഞ്ഞു. കാഴ്ച പോകുമോ? കണ്ണു പോയാലും ആൾ ജീവിച്ചിരിക്കുകയല്ലേ വേണ്ടത്. ചില ചോദ്യങ്ങൾക്ക് ഉത്തരം മൗനമായിരിക്കും. ചിലപ്പോൾ തർക്കുത്തരങ്ങളായിരിക്കും. ഉള്ളിൽ മാനുഷികമായ ചിന്തകളുടെ അതിപ്രസരത്തിൽ സംഘർഷങ്ങളുണ്ടാവും. ദുഃഖവും കണ്ണീരുമായതൊക്കെ മറഞ്ഞുപോകും. ഇത്തരം നിമിഷങ്ങളിൽ ജീവിതത്തെക്കുറിച്ച് ഓർത്തു പോകാറുണ്ട്. ഒന്നുമറിയാതെ നിരപരാധിയായി ഭൂമിയിലേക്കിറങ്ങി വന്നപ്പോൾത്തന്നെ

കാഴ്ചകാണേണ്ട കണ്ണിൽ ക്യാൻസർ ! റേഡിയേഷൻ അവന്റെ കണ്ണുകളിലൂടെ കടന്നു പോകുമ്പോൾ അതു സഫലമാകണേ എന്നു കരഞ്ഞു കൊണ്ടുള്ള അമ്മയുടെ പ്രാർഥനയും കരച്ചിലും. മറ്റാരെയുമറിയിക്കാതെ കണ്ണുനീർ തുടച്ചു കരച്ചിൽ മറയ്ക്കുന്നതു കണ്ടപ്പോൾ നെഞ്ചെരിഞ്ഞുപോയി. ഒരമ്മയുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിനൊടുവിൽ ഇങ്ങനെയൊക്കെ വന്നുഭവിക്കുമ്പോഴുള്ള വേദന എത്ര ആഴത്തിലുള്ളതായിരിക്കും! ജീവിതത്തിൽ ഒരു പിഴവും ചെയ്യാത്ത എന്റെ കുഞ്ഞിനെന്താണ് ഈ അസുഖം വന്നത്? എന്റെ കുഴപ്പമാണോ? അതോ അവന്റെ അച്ഛന്റെ കുഴപ്പമാണോ ? അവന്റെ ഭാവി എന്തായിരിക്കും? അന്തമില്ലാത്ത ചോദ്യങ്ങൾ ആ അമ്മയെ അലട്ടിക്കൊണ്ടേയിരുന്നു. ഞാൻ അവരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചു ചോദിച്ചു. അവന്റെ അച്ഛൻ ബോംബെ അണുശക്തി നിലയത്തിലെ തൊഴിലാളിയാണ്. വർഷങ്ങളായി അവർ അണുശക്തി നിലയത്തിനടുത്താണ് താമസിച്ചിരുന്നത്.

ലളിതയുടെ കുട്ടി മുപ്പത് ദിവസത്തെ റേഡിയേഷൻ കഴിഞ്ഞു പോയി. പലപ്പോഴും വെറുതേയിരിക്കുമ്പോൾ ആ കുഞ്ഞിനെ ഓർമവരും. അവന്റെ ചിണുങ്ങിക്കരച്ചിലും അമ്മയുടെ ദുഃഖവും എന്റെ ഹൃദയത്തിലെവിടെയോ നീറി വേദനിക്കുന്നുണ്ടായിരുന്നു. വർഷങ്ങൾക്കുശേഷം ഒരിക്കൽ കവിതയുമായി അലഞ്ഞുതിരിയുന്ന കാലത്തു ഞാൻ എറണാകുളം ബസ്റ്റാൻഡിലേക്കു നടന്നുപോകുമ്പോൾ വഴിയരികിൽ നിന്ന് ഒരു സ്ത്രീയുടെ വിളി. ഞാൻ തിരിഞ്ഞു നോക്കി. അവർ ഒരു കുഞ്ഞിനെയെടുത്തുകൊണ്ട് എന്റെ അടുത്തേക്കു വന്നു.

സാർ ഇവനെ ഓർമയുണ്ടോ? സാർ മുപ്പതു ദിവസം റേഡിയേഷൻ കൊടുത്തത് ഇവന്റെ കണ്ണിലാണ്, രോഗം മാറി സാർ. അതിസുന്ദരനായ കുഞ്ഞ്. ഞാൻ അവന്റെ കണ്ണിലേക്കു നോക്കി. കണ്ണ് തൊലി മൂടി അടഞ്ഞിരുന്നെങ്കിലും അതൊരു അപാകതയായി ആ മുഖത്തു തോന്നിയില്ല. അത്രയ്ക്കു സൗന്ദര്യവും ആരോഗ്യവും അവനുണ്ടായിരുന്നു. ഞാനവനെ വാരിയെടുത്ത് അവന്റെ കണ്ണിലൊരു മുത്തം കൊടുത്തു. അവന്റെ ഇളം കൈകൾ എന്റെ കണ്ണുകളെ തലോടി. അവൻ മന്ദഹസിച്ചു കൊണ്ട് ഒറ്റക്കണ്ണാൽ എന്റെ മുഖത്തു നോക്കിക്കൊണ്ടേയിരുന്നു. എന്റെ കണ്ണുകൾക്ക് കൂടുതൽ കാഴ്ച കിട്ടിയതു പോലെ. ഞാൻ കണ്ണുകളെക്കുറിച്ച് കൂടുതൽ ബോധവാനായി. ഇവന് നല്ലായുസ്സ് കൊടുത്ത് നല്ലനിലയിലെത്തിക്കണേ എന്നു പ്രാർഥിച്ചു. ഞാൻ യാത്രതുടർന്നു. ഇപ്പോൾ അവന് ഇരുപത്തിയഞ്ച് വയസ്സായിക്കാണും.എവിടെയാണെന്നറിയില്ല. ഇത്രയും കാലമായതിനാൽ ഹോസ്പിറ്റൽ രേഖകളിൽ നിന്ന് അവന്റെ വിവരങ്ങൾ നഷ്ടമായി. ഒറ്റക്കണ്ണുമായുള്ള ജീവിതത്തിൽ അവനെന്തു സംഭവിച്ചുകാണും? പഠിച്ചു നല്ല നിലയിലെത്തിയോ?

റെറ്റിനോ ബ്ലാസ്റ്റോമ എന്ന കണ്ണിലെ കാൻസർ ആയതിനാൽ ചികിത്സ കൊണ്ട് പൂർണമായും അസുഖം ഭേദമായി. പക്ഷേ രോഗം ബാധിച്ച ഒരു കണ്ണ് ഇല്ല എന്നതാണ് അവനെ തിരിച്ചറിയാനുള്ള മാർഗം. എറണാകുളം ജില്ലയിലെ കിഴക്കുഭാഗത്ത് കോതമംഗലത്തോ പെരുമ്പാവൂരിലോ മൂവാറ്റുപുഴയിലോ പരിസരപ്രദേശങ്ങങ്ങളിലോ ആണു താമസം. അമ്മയുടെ പേര് ലളിത എന്നാണെന്ന ഓർമ മാത്രം. അവൻ ഒരിക്കൽ എന്നെ വിളിക്കുമായിരിക്കും. അവനെ അറിയാമെങ്കിൽ എന്റെ നമ്പറിൽ ഒന്നു വിളിക്കണേ... 9895374588

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com