ADVERTISEMENT

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ ...കേരളീയ മനസ്സുകളിൽ ഹരിത സാക്ഷരതയുടെ വിത്തുപാകിയ അതിജീവന ഗാനത്തിന് 30 വയസ്സ്. പരിസ്ഥിതി സ്നേഹികൾ ഏറ്റവും കൂടുതൽ കേട്ടതും പാടിയതും പകർത്തിയതുമായ ഈ ഭാഷാഗാനം ഇന്നും ജൈത്രയാത്ര തുടരുന്നു. പകർപ്പവകാശമോ പേരോ ഇല്ലാതെ തട്ടിക്കൂട്ടിയ ഈ ഗാനം അഴിച്ചുവിട്ടത് ആരാണെന്നറിയാതെ ലോകം പകച്ചുനിന്നു. പാട്ടിന്റെ പേരിൽ ഒരു നേട്ടവും കൊയ്യാത്ത രചയിതാവ് മനസ്സു തുറക്കുമ്പോൾ അനാവൃതമാകുന്നത് ഇഞ്ചക്കാട് ബാലചന്ദ്രൻ എന്ന കവിയുടെ ജീവിതം.

പരിസ്ഥിതിയുടെയും മനുഷ്യസ്നേഹത്തിന്റെയും മർമരം തൊട്ടുതലോടുന്ന നൂറു കണക്കിനു കവിതകൾ രചിച്ച്, സഹൃദയർക്കു സമ്മാനിക്കുന്ന കവി സർക്കാർ ജോലിയിൽ നിന്നു വിരമിച്ചിട്ടു 12 വർഷം. പാട്ടിനെ ആരാധകർ വാനോളം പുകഴ്ത്തുമ്പോഴും ഇതിലൊന്നും അമിതാഹ്ലാദം പ്രകടിപ്പിക്കാതെ ശാസ്താംകോട്ട കായൽ തീരത്തെ കൊല്ലം ശൂരനാട് തെക്ക് പഞ്ചായത്തിലെ വളഞ്ഞാമ്പുറത്ത് വീടിന്റെ വരാന്തയിൽ ഇരുന്നു നന്മപൂക്കും ലോകസൃഷ്ടി തുടരുകയാണ് ഇഞ്ചക്കാട്.
ഇതിനിടെ നാലു മാസം മുൻപു വന്നുപോയ പക്ഷാഘാതത്തെയും അതിജീവിച്ചു.

∙ പാട്ട് പിറന്നത് കായൽപ്പരപ്പിൽ

കരുനാഗപ്പള്ളി ആലപ്പാട് പഞ്ചായത്തിലെ മാലിന്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കായംകുളം കായലിലൂടെ ബോധവൽക്കരണ പ്രയാണം സംഘടിപ്പിക്കാൻ യുവകലാസാഹിതി തീരുമാനമെടുക്കുന്നത് 1992 ഏപ്രിലിൽ. അന്ന് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു ഇഞ്ചക്കാട്. ഒപ്പം സുഹൃത്തും ഉദ്യോഗസ്ഥനുമായ പി. ആർ. കർമചന്ദ്രനും ചേർന്നു.

ഇരുവരും സംഘടനയുടെ സംസ്ഥാന ഭാരവാഹികൾ. വള്ളിക്കാവ് മോഹൻ ദാസായിരുന്നു ക്യാപ്റ്റൻ. അഴീക്കൽ മുതൽ പണ്ടാരത്തുരുത്തു വരെ 17 കിമീ പരിസ്ഥിതി ജലയാത്ര. ഒഎൻവി ഉൾപ്പെടെ കവികളും പരിസ്ഥിതി പ്രവർത്തകരും കലാകാരന്മാരും പങ്കെടുക്കുന്ന ജാഥയിൽ പാടാൻ ഒരു ഗാനം ചിട്ടപ്പെടുത്താനുള്ള ചുമതല ഏൽപിച്ച കവി ഇതു മറന്നുപോയി. സംഘാടകർ വിഷമത്തിലായി. കെപിഎസി ഗാനങ്ങൾ പാടി കായലിലൂടെ നീങ്ങാമെന്നു തീരുമാനിച്ചു.

∙ പാട്ടിനായി ഇടപെടൽ

ഒപ്പമുണ്ടായിരുന്ന എഴുത്തുകാരനും നാടകകൃത്തുമായ ഇടക്കുളങ്ങര ഗോപൻ ഒരു പാട്ട് പെട്ടെന്ന് എഴുതാൻ ഇഞ്ചക്കാടിനെ പ്രേരിപ്പിച്ചു. അങ്ങനെ ആദ്യ വരി പിറന്നു: ഇനി വരുന്നൊരു തലമുറയ്ക്ക്.... അപ്പോൾ തന്നെ 12 വരി പൂർത്തിയാക്കി ഗോപനും ബാലചന്ദ്രനും ചേർന്നു പാടി. യാത്രയിൽ ഉടനീളം ഈ ഗാനം കായലിനെ പുളകമണിയിച്ചു. എല്ലാവരും മറന്ന ഈ ഗാനം പിന്നീട് ഓർമയിലേക്ക് എത്തുന്നതു രണ്ടു വർഷം കഴി‍ഞ്ഞ് തിരുവല്ല ഡൈനാമിക് ആക്‌ഷൻ എഴുത്തുകാർക്കായി നടത്തിയ ക്യാംപിലാണ്. ഇങ്ങനെയൊരു ഗാനമുണ്ടെന്ന് ഇഞ്ചക്കാട് ഓർത്തെടുത്തു പാടി. സംഘാടകർ കുറച്ചു കൂടി എഴുതാൻ പ്രേരിപ്പിച്ചു. ഏകദേശം 40 വരികളിലേക്കു ഗാനം വളർന്നു.

പാങ്ങോട് രാധാകൃഷ്ണൻ ചിട്ടപ്പെടുത്തി ജോൺസൺ എന്നയാൾ പാടിയ ഗാനം ആ വർഷത്തെ ഡൈനാമിക് കാസെറ്റിലും പുസ്തകത്തിലും ഇടംപിടിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത്, വയനാട്ടിലെ കനവ് തുടങ്ങിയവർ ഇത് ഏറ്റെടുത്തതോടെ സ്കൂളുകളിലേക്ക് ഈ ഗാനം എത്തി. ആദിവാസി നിൽപുസമര സ്ഥലത്തു രശ്മി സതീഷ് ഈ പാട്ട് അവതരിപ്പിച്ചു. പുതുതായി വാങ്ങിയ ക്യാമറയിൽ ആദ്യ ദൃശ്യമായി ബിജിത്ചന്ദ്രൻ എന്നയാൾ ഇതു പകർത്തി. ഫ്രഞ്ച് ഉൾപ്പെടെ പല ഭാഷകളിലേക്കു മൊഴിമാറ്റം.

∙ സിനിമയിലും ഗാനം

അമ്മ അറിയാൻ എന്ന സിനിമയുടെ നിർമാണ ഘട്ടത്തിൽ ഒഡേസയുമായി ബന്ധപ്പെട്ടതു മുതൽ സംവിധായകൻ ജോൺ ഏബ്രഹാമുമായി അടുപ്പം. ആദ്യ സിനിമാഗാനം ‘അശ്വാരൂഡ’നിലെ (സംഗീതം– ജാസി ഗിഫ്റ്റ്) ‘അഴകാലില മഞ്ഞച്ചരടിലെ പൂത്താലി ’ഹിറ്റ് ആയി. ‘ശുദ്ധരിൽ ശുദ്ധൻ’ എന്ന സിനിമയ്ക്കും പാട്ടെഴുതി. കുട്ടികൾക്കായി ഒട്ടേറെ കവിതകളും ഗാനങ്ങളും രചിച്ചു.

കഥ പറയും മുത്തച്ഛൻ എന്ന പേരിൽ കുട്ടികളുടെ സിനിമയും ‘നരോപനിഷത്ത്’ എന്ന സിനിമയും കഥയും പാട്ടുകളുമെഴുതി സംവിധാനം ചെയ്തു. ‘നൂറ്റി ഇരുപതാം ജന്മദിനം ’എന്ന സിനിമയുടെ ജോലികളിലാണിപ്പോൾ. ശൂരനാട് തെക്ക് വളഞ്ഞാമ്പുറത്ത് പാച്ചന്റെയും കുഞ്ഞമ്മയുടെയും മകനായി ജനിച്ച പി.കെ. ബാലചന്ദ്രന്റെ (68) ബാല്യം കടലുമായി ചേർന്നു കിടക്കുന്നു. ഗവേഷകനായ ഡോ. കുഞ്ചുപിള്ളയിൽ നിന്ന് ഈ പ്രദേശത്തെ മണലിലുള്ള അണുവികിരണത്തെപ്പറ്റിയും ചെറുപ്പത്തിലേ ധാരണ കിട്ടി. നനവുകിനിയും മനസ്സുണരാൻ കാരണമതാണ്. ഭാര്യ മീന. മക്കൾ: വിമൽരാജ്, വിനീത, വിനീത്.

താളം തെറ്റിയ കാലാവസ്ഥ മൂലം ശോഷിക്കുന്ന ശാസ്താംകോട്ട കായലിലേക്ക് ഇഞ്ചക്കാട് വീണ്ടും പാട്ടിന്റെ പടവിറക്കുന്നു. വരികളിൽ നിന്നു മനസ്സുകളിലേക്കു പടർന്നു കയറുകയാണ് ആ ജീവിതം. ‘എല്ലാം വിൽക്കണ ചങ്ങാതീ, ലാഭം കൊയ്യും ചങ്ങാതീ, ഇക്കാണും സൂര്യവെളിച്ചത്തിനെന്തുവിലവാങ്ങും, ഇങ്ങൊഴുകും ഇളംകാറ്റിനെന്തുവില നേടും’....പിന്നെയും പിന്നെയും പാട്ടുകൾ പിറക്കുകയായി.

ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ (2)
മലിനമായ ജലാശയം അതി
മലിനമായൊരു ഭൂമിയും
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ (2)

തണലുകിട്ടാൻ
തപസ്സിലാണിന്നിവിടെയെല്ലാ
മലകളും.
ദാഹനീരിനു നാവുനീട്ടി
വരണ്ടുപുഴകൾ സർവവും
കാറ്റുപോലു വീർപ്പടക്കി
കാത്തുനിൽക്കും നാളുകൾ

ഇവിടെയെന്നെൻ പിറവിയെന്ന
വിത്തുകൾ തൻ മന്ത്രണം
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ (2)

ഇലകൾ മൂടിയ മർമ്മരം
കിളികൾ പാടിയ പാട്ടുകൾ
ഒക്കെയങ്ങ് നിലച്ചു കേൾപ്പത്
പൃഥ്വി തന്നുടെ നിലവിളി
നിറങ്ങൾ മായും ഭൂതലം
വസന്തമിന്നു വരാത്തിടം
നാളെ നമ്മുടെ ഭൂമിയോ
മഞ്ഞു മൂടിയ പാഴ്നിലം
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ (2)

സ്വാർഥ ചിന്തകളുള്ളിലേറ്റി
സുഖകളെല്ലാം കവരുവോർ
ചുട്ടെരിച്ചു കളഞ്ഞുവോ
ഭൂമി തന്നുടെ നന്മകൾ
നനവുകിനിയും മനസ്സുണർന്നാൽ
മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം
തുയിലുണർത്തുക കൂട്ടരേ

പെരിയഡാമുകൾ രമ്യഹർമ്യം
അണുനിലയം യുദ്ധവും
ഇനി നമുക്കീ മണ്ണിൽ
വേണ്ടെന്നൊരു മനസ്സായ് ചൊല്ലിടാം
വികസനം അതു മർത്യമനസ്സിൻ
അതിരിൽ നിന്നു തുടങ്ങിടാം
വികസനം അതു നന്മപൂക്കും
ലോകസൃഷ്ടിക്കായിടാം
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ (2)

Content Highlights: World Environment Day, Injakkad Balachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com