ADVERTISEMENT

ജനിച്ചു വീണ ചേരിയിൽ ജീവിതം അവസാനിപ്പിക്കില്ല ഞാൻ’. സ്കൂളിൽ പഠിക്കുന്ന കാലത്താണു സരിത മാലി ഈ പ്രതിജ്ഞ മനസ്സിൽ കുറിക്കുന്നത്. മുംബൈയിലെ തെരുവുകളിൽ അച്ഛൻ റാം സുറത് മാലിക്കൊപ്പം പൂക്കൾ വിറ്റു നടന്നിരുന്ന പെൺകുട്ടിയായിരുന്നു അന്നവൾ. പൂക്കൾ വിൽക്കാൻ വാഹനങ്ങൾക്കരികിലേക്കുള്ള ഓട്ടങ്ങൾക്കിടയിലൊരിക്കൽ മകളുടെ കൈപിടിച്ച് അച്ഛൻ പറഞ്ഞു: ‘ഇവിടെ നിന്നു രക്ഷപ്പെടണമെങ്കിൽ നീ പഠിക്കണം!’

വിദ്യാഭ്യാസമാണ് ഏക രക്ഷാമാർഗമെന്ന തിരിച്ചറിവിൽ സരിത പഠിച്ചു. ജീവിതം കൂട്ടിമുട്ടിക്കാൻ തെരുവിൽ പൂക്കൾ വിറ്റു നടന്നപ്പോഴും അവൾ പുസ്തകം താഴെവച്ചില്ല. വിശപ്പടക്കാൻ മുംബൈയിലെ തിരക്കേറിയ കവലകളിൽ പൂ വിറ്റിരുന്ന സരിത, വരുന്ന സെപ്റ്റംബറിൽ ജീവിതത്തിൽ ആദ്യമായി വിമാനത്തിൽ കയറും; യുഎസിലേക്കു പറക്കാൻ.

പ്രശസ്തമായ കലിഫോർണിയ സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യാൻ. മെറിറ്റിൽ ഏറ്റവും മുന്നിലെത്തുന്ന വിദ്യാർഥികൾക്കുള്ള ‘ചാൻസലർ ഫെലോഷിപ്’ നേടി ഉന്നത പഠനത്തിനായി അവൾ സർവകലാശാലയിലേക്കു തലയുയർത്തി കടന്നുചെല്ലും. പൂവിൽ നിന്നു പുസ്തകത്തിലേക്കും മുംബൈ തെരുവിൽ നിന്നു കലിഫോർണിയയിലേക്കും വളർന്ന പെൺകുട്ടിയുടെ കഥയാണിത്. നിശ്ചയദാർഢ്യത്തിന്റെ പൂമാല കോർത്ത സരിത മാലി എന്ന ഇരുപത്തിയെട്ടുകാരി ജീവിതം തിരിച്ചുപിടിച്ച കഥ.

∙ പൂക്കൾ കോർത്ത ജീവിതം

മുംബൈ ഘാട്കോപറിലെ ചേരിയിൽ റാം –സരോജ് ദമ്പതികളുടെ രണ്ടാമത്തെ മകളാണു സരിത. മുകളിൽ ഒരു ചേച്ചിയും താഴെ രണ്ട് അനിയൻമാരും ചേർന്ന കുടുംബത്തിനൊപ്പം വിടാതെയുണ്ടായിരുന്നു ദാരിദ്ര്യം. യുപിയിലെ ജോൻപുർ സ്വദേശിയായ റാം, അവിടെ നിന്നു ജീവിതമാർഗം തേടി മുംബൈയിലെത്തിയതാണ്. ‘മാലി’ സമുദായത്തിൽപ്പെട്ടവർ പൂക്കൾ വിൽക്കേണ്ടവരാണെന്ന സമൂഹത്തിന്റെ അലിഖിത നിയമം പാലിച്ച് അദ്ദേഹവും ആ പാതയിലേക്കിറങ്ങി. ദിവസേന വൈകിട്ട് പരേൽ, ദാദർ എന്നിവിടങ്ങളിലെ പൂച്ചന്തകളിൽ നിന്നു പൂക്കളുമായി ലോക്കൽ ട്രെയിനിൽ അച്ഛനെത്തുന്ന കാഴ്ച സരിതയുടെ മനസ്സിൽ മായാതെയുണ്ട്.

‘അമ്മയും ചേച്ചിയും രാത്രി 8 മുതൽ 12 വരെ പൂമാലകൾ കോർക്കും. പിറ്റേന്നു രാവിലെ ആറിന് അച്ഛനൊപ്പം ഞാനും ഇളയ സഹോദരങ്ങളും തെരുവിലേക്കിറങ്ങും. ട്രാഫിക് സിഗ്‌നലുകളിൽ നിർത്തുന്ന വാഹനങ്ങൾക്കരികിലേക്കു ഞങ്ങൾ പൂക്കളും പൂമാലകളുമായി ഓടും. കേണപേക്ഷിച്ചാലാണ് ഒരു മാല വിറ്റുപോവുക. വാഹനത്തിന്റെ ചില്ലു താഴ്ത്താതെ ചിലർ ആട്ടിപ്പായിക്കും; ചിലർ നോക്കുക പോലുമില്ല. ചില്ലിൽ മുഖം ചേർത്ത് വിരൽകൊണ്ട് ഞങ്ങൾ തട്ടും. സിഗ്‍നൽ പച്ചയാകുമ്പോൾ അവർ പോകും. പിന്നെ വീണ്ടും ചുവപ്പാകാനുള്ള കാത്തിരിപ്പ്. ഉച്ചയ്ക്ക് 12 വരെയാണു കച്ചവടം. ഉത്സവകാലമാണെങ്കിൽ ദിവസം പരമാവധി 300 രൂപ കിട്ടും’.

സരിത മാലി ചിത്രം: രാഹുൽ. ആർ പട്ടം ∙ മനോരമ

∙ അച്ഛൻ നൽകിയ പാഠം

ദാരിദ്ര്യത്തിന്റെ നടുവിലും മക്കളുടെ പഠനം റാം മുടക്കിയില്ല. രക്ഷപ്പെടണമെങ്കിൽ പഠിക്കണമെന്ന് അദ്ദേഹം അവരെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു. അതിനൊരു കാരണമുണ്ട്; യുപിയിലെ തന്റെ ജൻമസ്ഥലത്ത് ഉയർന്ന ജാതിയിൽപ്പെട്ടവർ സ്കൂളിൽ പോയി പഠിക്കുകയും വലിയ ജോലികൾ നേടുകയും ചെയ്യുന്നത് റാം കണ്ടിട്ടുണ്ട്. താഴ്ന്ന ജാതിക്കാർ പഠിക്കേണ്ടെന്നും ഓരോ ജാതിക്കാരും അവരവരുടെ പരമ്പരാഗത ജോലികൾ ചെയ്താൽ മതിയെന്നും കൽപിച്ചിരുന്ന സമൂഹത്തിൽ വളർന്ന റാം പക്ഷേ, ഒരുകാര്യം മനസ്സിലുറപ്പിച്ചിരുന്നു – തന്റെ മക്കൾ പൂവിൽപനക്കാരായി മുംബൈ തെരുവിൽ ജീവിതം തീ‍ർക്കേണ്ടവരല്ല.

വീടിനു സമീപമുള്ള മുനിസിപ്പൽ സ്കൂളിലാണു സരിത പഠിച്ചത്. ‘പഠനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് അച്ഛന് നിർബന്ധമായിരുന്നു. ദാരിദ്ര്യത്തിന്റെയും കുറ്റകൃത്യങ്ങളുടെയും ലോകമായിരുന്നു ഞങ്ങളുടെ ചേരി. അജ്ഞാത മൃതദേഹങ്ങൾ വന്നടിഞ്ഞിരുന്ന സ്ഥലം. രാത്രി എട്ടിനു ശേഷം വീടിനു പുറത്തിറങ്ങാൻ ഞങ്ങൾക്കു പേടിയായിരുന്നു. ജാതീയമായ അധിക്ഷേപങ്ങളും വിടാതെ പിന്തുടർന്നു. വീടിനു പുറത്തു നിരന്തരം വിവേചനം നേരിട്ടു. ഇരുണ്ട നിറമുള്ള എനിക്ക് ഉച്ചത്തിൽ സംസാരിക്കാനോ ചിരിക്കാനോ അവകാശമില്ലെന്നു പറഞ്ഞവർ പോലുമുണ്ട്. മകൾക്കു സൗന്ദര്യമില്ലെങ്കിൽ ഭീമമായ സ്ത്രീധനം നൽകേണ്ടി വരുമല്ലോ എന്ന് അച്ഛനോട് പറഞ്ഞവരുണ്ട്. അപ്പോഴെല്ലാം അച്ഛൻ എന്നെ ചേർത്തുപിടിച്ചു; കയ്യിലേക്കു പുസ്തകങ്ങൾ വച്ചുതന്നു. ആ ചേരിയിൽ നിന്നു രക്ഷപെടാൻ ഞാൻ പഠനം മുറുക്കെപ്പിടിച്ചു’.

∙ ചേരിയിൽ നിന്ന് ‌ജെഎൻയുവിലേക്ക്

ഘാട്കോപറിലെ കെജെ സോമയ്യ കോളജിൽ നിന്ന് 2014ൽ ബിരുദം പൂർത്തിയാക്കി ഇറങ്ങുമ്പോൾ സരിതയുടെ കഴുത്തിൽ ഒരു നേട്ടം മിന്നിത്തിളങ്ങി – ഏറ്റവും കൂടുതൽ മാർക്ക് നേടിയതിന്റെ സ്വർണ മെഡൽ. ഡിഗ്രിക്കു ശേഷം എന്തെന്ന ചോദ്യത്തിന് ഏതാനും വർഷങ്ങൾ മുൻപ് തന്നെ സരിത ഉത്തരം കണ്ടെത്തിയിരുന്നു – ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) ബിരുദാനന്തര ബിരുദം.

ബന്ധുവായ സഹോദരനിൽ നിന്ന് 2011ലാണു ജെഎൻയു എന്ന പേര് സരിത ആദ്യമായി കേൾക്കുന്നത്. ‘ജെഎൻയുവിൽ പോകുന്നവരൊക്കെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെയാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ എന്റെ മനസ്സിൽ തറച്ചു. ജെഎൻയു ലക്ഷ്യമാക്കിയുള്ള പരിശ്രമമായിരുന്നു പിന്നീട്. ഹിന്ദി ഭാഷാ കോഴ്സിൽ ബിരുദാനന്തര ബിരുദത്തിനായി അപേക്ഷിച്ചു. സംവരണത്തിലെ അവസാന സീറ്റ് എനിക്കു ലഭിച്ചു. 2014ൽ, ജീവിതത്തിലാദ്യമായി ഞാൻ മുംബൈയ്ക്കു പുറത്തേക്കു സഞ്ചരിച്ചു.

ജെഎൻയു എന്നാൽ എന്താണെന്നു പോലും അച്ഛനറിയില്ലായിരുന്നു. നീ പഠിക്കണം, പൊയ്ക്കോ എന്നു പറഞ്ഞ് കയ്യിലുണ്ടായിരുന്ന പണം നുള്ളിപ്പെറുക്കി എനിക്കു തന്നു. സഹോദരനൊപ്പം ട്രെയിനിലാണു ഡൽഹിക്കു വന്നത്. മുംബൈയിലെ േചരിക്കു പുറത്തൊരു ലോകം ഞാൻ അന്നു വരെ കണ്ടിരുന്നില്ല. ജെഎൻയു എന്ന വലിയ ലോകത്തേക്കു ചങ്കിടിപ്പോടെയാണു കാലെടുത്തുവച്ചത്. സമൂഹത്തിലെ വിവേചനവും ചേരിതിരിവുകളും അവിടെയുമുണ്ടാകുമോ എന്നു ഭയപ്പെട്ടു. പക്ഷേ, ജെഎൻയു എന്നെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. പഠനത്തിന്റെയും പോരാട്ടത്തിന്റെയും പാത എനിക്കു മുന്നിൽ തുറന്നു. ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ജെഎൻയു പ്രവേശനം’.

∙ ജെഎൻയുവിൽ നിന്ന് കലിഫോർണിയയിലേക്ക്

2016ൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ സരിത, ജെഎൻയുവിൽതന്നെ പിഎച്ച്ഡിക്ക് അപേക്ഷിച്ചു. പ്രവേശന പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാം റാങ്കോടെ പാസായി. പിഎച്ച്ഡിക്കു ചേരുന്നുവെന്നു പറഞ്ഞപ്പോൾ, അതെന്താണെന്ന് അച്ഛനു മനസ്സിലായില്ല. പക്ഷേ, അദ്ദേഹം ഉറച്ച ശബ്ദത്തിൽ മറുപടി നൽകി – നീ പഠിക്കുക.

‘യുഎസിൽ തുടർപഠനം നടത്തണമെന്ന് 2021 മാർച്ച് വരെ ഞാൻ സ്വപ്നത്തിൽ പോലും ആഗ്രഹിച്ചിരുന്നില്ല. ജെഎൻയുവിൽ സഹപാഠിയായ അശുതോഷ് കുമാർ ആണ് യുഎസിലെ സർവകലാശാലകളെക്കുറിച്ച് എന്നോടു പറയുന്നത്. പിന്നാലെ ഞാൻ അവയെക്കുറിച്ച് ഇന്റർനെറ്റിൽ തിരച്ചിലാരംഭിച്ചു. ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട ഗവേഷണ കോഴ്സുകൾ ലഭ്യമാക്കുന്ന വാഷിങ്ടൻ, കലിഫോർണിയ സർവകലാശാലകളിലേക്ക് അപേക്ഷിച്ചു. അഭിമുഖം വിജയിച്ചു രണ്ടിടത്തും പ്രവേശനം ലഭിച്ചു.

എന്റെ അതുവരെയുള്ള പഠന മികവ് കണക്കിലെടുത്ത് കലിഫോർണിയ സർവകലാശാലയിൽ നിന്നു പിന്നാലെ ഒരു സന്ദേശമെത്തി – 7 വർഷ കോഴ്സിന് എനിക്കു ‘ചാൻസലർ ഫെലോഷിപ്പ് ’ നൽകാൻ അവർ തീരുമാനിച്ചിരിക്കുന്നു. തുടർ പഠനത്തിന് അവിടം തിരഞ്ഞെടുക്കാൻ തീരുമാനിച്ചു’. ചേരിയിൽ ജനിച്ച് ചാൻസലർ ഫെലോഷിപ്പോടെ കലിഫോർണിയ സർവകലാശാല വരെയെത്തിയ സരിതയുടെ വിജയകഥ മുംബൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.

Sarita-Mali-parents
സരിതയുടെ മാതാപിതാക്കളായ സരോജ്, റാം

∙ തെരുവിൽ നിന്ന് പറന്നുയർന്നവൾ

യുഎസിലെ കോളജിൽ പ്രവേശനം ലഭിച്ചുവെന്ന വിവരം ഫോണിലൂടെയാണ് അച്ഛനെ അറിയിച്ചത്. ‘കലിഫോർണിയ’ എന്നു പറഞ്ഞു പഠിക്കാൻ അച്ഛൻ ദിവസങ്ങളെടുത്തു. പഠിച്ചപ്പോൾ ആവേശത്തോടെ അതുറക്കെയുറക്കെ പറഞ്ഞു. മകൾ കടൽകടന്ന് പറക്കുന്നതിന്റെ ആഹ്ലാദത്തിനിടയിലും നേരിയ ആശങ്ക അദ്ദേഹത്തിന്റെ ഉള്ളുനീറിച്ചു – ഇത്രയും ദൂരേക്കു പോയാൽ, ഇനിയെന്നു കാണും മകളെ? ഇനി തെരുവിൽ പൂക്കൾ വിൽക്കേണ്ട; അച്ഛൻ വിശ്രമിക്കൂ. നിങ്ങളെ നോക്കാൻ ഞാനുണ്ടെന്ന് സരിത ആത്മവിശ്വാസത്തോടെ മറുപടി നൽകി.

മാലയിലേക്ക് പൂക്കൾ കോർത്തിണക്കും പോലെ മകളിലേക്ക് വിദ്യാഭ്യാസത്തിന്റെ കണ്ണികൾ ചേർത്തുവച്ച അച്ഛന് അവൾ നൽകിയ ഉറപ്പ്. അച്ഛൻ പകർന്ന ജീവിതപാഠങ്ങളാണു ചേരിയിൽ നിന്നു പറന്നുയരാൻ അവൾക്കു ചിറകുകൾ നൽകിയത്. സെപ്റ്റംബറിൽ ജീവിതത്തിലാദ്യമായി സരിത വിമാനത്തിൽ കയറും. മുംബൈ തെരുവിലെ പൂ വിൽപനക്കാരിയിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്കു പറക്കാൻ!

English Summary: Sarita Mali: Daughter of flower seller secured PhD seat at University of California

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com