അറിഞ്ഞുകൊണ്ടു ചെയ്യുന്ന സാഹസങ്ങൾ

Sreekumaran-Thampi-23
SHARE

എനിക്ക് ഇഷ്ടപ്പെട്ട ഒരു നോവലിസ്റ്റാണു കെ.സുരേന്ദ്രൻ. അദ്ദേഹത്തിന്റെ പ്രധാന കൃതികളെല്ലാംതന്നെ ഒരർഥത്തിൽ മനുഷ്യമനസ്സിന്റെ ആഴങ്ങൾ കാട്ടിത്തരുന്ന ദൂരദർശിനികളാണ്. സ്ത്രീപുരുഷ ബന്ധങ്ങളിലെ ഓളങ്ങളും ചുഴികളും ഇത്രയും മനോഹരമായി ആവിഷ്‌കരിച്ചിട്ടുള്ള നോവലിസ്റ്റുകൾ കുറവാണ്. അതുകൊണ്ടുതന്നെ ആ നോവലുകൾ സിനിമയിലേക്കു പകർത്തുക ദുഷ്കരമാണ്. മനസ്സാണ് അവിടെ പ്രധാന കഥാപാത്രം. അദ്ദേഹത്തിന്റെ താളം, മായ, കാട്ടുകുരങ്ങ്, ദേവി, ഭിക്ഷാംദേഹി ,സീമ, മരണം ദുർബലം തുടങ്ങിയ നോവലുകൾ വായിച്ചിട്ടുള്ളവർക്ക് ഇത് മനസ്സിലാകുമെന്നാണ് എന്റെ വിശ്വാസം. കാട്ടുകുരങ്ങ് എന്ന കൃതി പി.ഭാസ്കരൻ ചലച്ചിത്രമാക്കി. പിന്നീട് ദേവി എന്ന നോവൽ മഞ്ഞിലാസിനു വേണ്ടി കെ.എസ്.സേതുമാധവൻ ചലച്ചിത്രമാക്കി.

രാമുകാര്യാട്ടിന്റെ സംവിധാനത്തിൽ മായ എന്ന നോവൽ പ്രശസ്ത നിർമാതാവായ ടി.ഇ. വാസുദേവൻ സിനിമയാക്കി. ഈ ചിത്രത്തിലെ ഗാനങ്ങൾ എഴുതാൻ എനിക്കു ഭാഗ്യമുണ്ടായി .സന്ധ്യയ്ക്കെന്തിനു സിന്ദൂരം, ചന്ദ്രികയ്ക്കെന്തിനു വൈഡൂര്യം കാട്ടാറിനെന്തിനു പാദസരം, എൻ കണ്മണിക്കെന്തിനാഭരണം... എന്ന ഗാനവും, ചെന്തെങ്ങു കുലച്ച പോലെ ചമ്പകം പൂത്ത പോലെ ചെമ്മാനം തുടുത്ത പോലൊരു പെണ്ണ് പെണ്ണവൾ ചിരിച്ചുപോയാൽ വെളുത്ത വാവ് കണ്മണി പിണങ്ങിയെന്നാൽ കറുത്ത വാവ് - എന്ന ഗാനവും വലംപിരി ശംഖിൽ തീർഥവുമായി വന്നു, ദ്വാദശിപ്പുലരി വാരണ വീടുവാൻ വരിനെല്ലുമായി വന്നു വണ്ണാത്തിക്കുരുവി...എന്ന ഗാനവും ധനുമാസത്തിൽ തിരുവാതിര തിരുനൊയമ്പിൻ നാളാണല്ലോ തിരുവൈക്കം കോവിലിൽ എഴുന്നള്ളത്ത് തിരുവേഗപ്പുറയിലും എഴുന്നള്ളത്ത് എന്ന ഗാനവും ഞാൻ മായ എന്ന സിനിമയ്ക്കു വേണ്ടി എഴുതിയതാണ്. ഗാനങ്ങളുടെ സ്ഥാനത്ത് പ്രശസ്തകവികളുടെ കവിതകൾ മാത്രം ഉപയോഗിച്ച അഭയം എന്ന സിനിമയിലും ഞാനെഴുതിയ ഒരു പ്രാർഥന ഉൾപ്പെടുത്താൻ താൽപര്യം കാണിച്ച സംവിധായകനാണു രാമുകാര്യാട്ട്. എങ്കിലും അദ്ദേഹം സംവിധാനം നിർവഹിച്ച ഒരു സിനിമയിലെ മുഴുവൻ പാട്ടുകളും എഴുതാൻ എനിക്ക് അവസരം ലഭിച്ചത് മായയിലാണ്.

ഞാൻ സിനിമാ നിർമാണം തുടർന്നപ്പോൾ കെ.സുരേന്ദ്രന്റ ഒരു നോവൽ സിനിമയാക്കണമെന്ന മോഹം മനസ്സിലുദിച്ചു. അതിനായി ഭിക്ഷാംദേഹി എന്ന നോവൽ തിരഞ്ഞെടുക്കുകയും ചെയ്തു. ഇരുപത്തിയാറാം വയസ്സിൽതന്നെ മദ്രാസിൽ സ്ഥിരതാമസം തുടങ്ങിയ എനിക്ക് അക്കാലത്ത് കേരളത്തിൽ പ്രശസ്തിയിലേക്ക് ഉയർന്നുകൊണ്ടിരുന്ന പല എഴുത്തുകാരുമായും അടുത്ത ബന്ധം പുലർത്താൻ കഴിഞ്ഞിരുന്നില്ല. കേരളത്തിൽ നടക്കുന്ന കവിസമ്മേളനങ്ങളിലും മറ്റും പങ്കെടുക്കാൻ സാധ്യതയുമില്ലായിരുന്നു. എങ്കിലും ഒരു തിരുവനന്തപുരം യാത്രയിൽ ഞാൻ കെ.സുരേന്ദ്രൻസാറിന്റെ വീട്ടിൽ പോയി സംസാരിക്കുകയും ഭിക്ഷാംദേഹി സിനിമയാക്കാനുള്ള അവകാശം അദ്ദേഹം ആവശ്യപ്പെട്ട തുക കൊടുത്തു വിലയ്ക്കു വാങ്ങുകയും ചെയ്തു. എന്നാൽ ആ കഥ സിനിമയാക്കിയാൽ ചിത്രം സാമ്പത്തികവിജയം നേടാൻ പ്രയാസമായിരിക്കും എന്നും എനിക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. ഒരു കമേഴ്‌സ്യൽ സിനിമയെടുത്തു വിജയിക്കുമ്പോൾ അടുത്തതായി എന്റെ മനസ്സിനിണങ്ങുന്ന ഒരു വ്യത്യസ്ത സിനിമയെടുക്കുക, ആ ചിത്രത്തിൽ സാമ്പത്തികനഷ്ടം വരുമ്പോൾ വീണ്ടും ഒരു കമേഴ്‌സ്യൽ സിനിമയെടുക്കുക - ഇതായിരുന്നു ഒരു സംവിധായകനിർമാതാവ് എന്ന നിലയിൽ ഞാൻ ചെയ്തിരുന്നത്. അപ്പോൾ നിർമിച്ചുകൊണ്ടിരുന്ന തുറുപ്പുഗുലാൻ എന്ന ചിത്രം പുറത്തുവന്നു. അതു പരാജയമായില്ലെങ്കിലും വേണ്ടത്ര വിജയം നേടുകയില്ലെന്ന്‌ ഉറപ്പു വന്നപ്പോൾ ഞാൻ ഭിക്ഷാംദേഹിയുടെ നിർമാണം മാറ്റിവച്ചു. ശശികുമാറിന്റെ സംവിധാനത്തിൽത്തന്നെ ഒരേ സമയം രണ്ടു ചിത്രങ്ങൾ നിർമിക്കാൻ തീരുമാനിച്ചു.

അക്ഷയപാത്രം, ജയിക്കാനായ് ജനിച്ചവൻ എന്നീ രണ്ടു ചിത്രങ്ങൾ ഒരേ സമയം തുടങ്ങിയതു പല നിർമാതാക്കളെയും അസൂയാലുക്കളാക്കി. രണ്ടു സിനിമകളിലും പ്രേംനസീർ നായകൻ. അക്ഷയപാത്രത്തിൽ ലക്ഷ്മി നായിക. പ്രേംനസീറുമായുള്ള അഭിപ്രായ വ്യത്യാസം മാറ്റിവച്ച് ഷീല വീണ്ടും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ തുടങ്ങിയ സമയം. ഷീലയെ ഞാൻ ജയിക്കാനായ് ജനിച്ചവൻ എന്ന ചിത്രത്തിൽ നായികയാക്കി. കെട്ടിടനിർമാണക്കമ്പനി നിർത്തിവച്ചെങ്കിലും എനിക്കു പണം കടം തരാൻ സിന്ധി ഫിനാൻസിയേഴ്സ് തയാറായിരുന്നു. കൃത്യസമയത്ത് മുതലും പലിശയും തിരിച്ചുകൊടുക്കുന്ന നിർമാതാവ് എന്ന നിലയിൽ അവർക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു എന്നതു തന്നെ കാരണം. കോൺട്രാക്ട് ജോലികൾ മതിയാക്കിയെങ്കിലും അടുത്ത സുഹൃത്തുക്കൾക്കു വേണ്ടി ഞാൻ കെട്ടിടങ്ങൾ ഡിസൈൻ ചെയ്തുനൽകുമായിരുന്നു. ഒരു നല്ല കെട്ടിടം നല്ല കവിത പോലെയും നല്ല സിനിമ പോലെയുമുള്ള ഒരു കലാസൃഷ്ടിയാണെന്നു ഞാൻ വിശ്വസിക്കുന്നു. രണ്ടു സിനിമകൾ ഒരേ സമയം നിർമിക്കാനൊരുങ്ങുന്ന എന്റെ സാഹസത്തെ തുടക്കത്തിൽ തന്നെ നസീർ സാർ എതിർത്തു. ഒരു പടം തീർത്തിട്ട് അടുത്ത പടം എടുത്താൽ പോരേ എന്നദ്ദേഹം ചോദിച്ചു. അപ്പോൾ ഞാൻ തൊടുത്ത എതിർചോദ്യത്തിൽ അവിവേകത്തിന്റെ ഗന്ധമുണ്ടായിരുന്നു. രണ്ടു പടങ്ങൾക്കും ഞാൻ നസീർസാറിന് അഡ്വാൻസ് തരുന്നില്ലേ എന്നായിരുന്നു എന്റെ ചോദ്യം.

എന്റെ സ്വഭാവം നന്നായി പഠിച്ചിരുന്നതുകൊണ്ട് നസീർസാർ ആ ചോദ്യം കേട്ട് ചിരിക്കുകയാണു ചെയ്തത്. ഈ പ്രായത്തിൽ തിരിഞ്ഞു നോക്കുമ്പോൾ എനിക്കു ലജ്ജയും കുറ്റബോധവും തോന്നുന്നുണ്ട്. ഒരു വല്യേട്ടനെപ്പോലെ എന്റെ കയ്യിൽപ്പിടിച്ച് മുന്നോട്ടു കൊണ്ടുപോകാൻ നസീർസാർ തുടക്കം മുതലേ ശ്രമിച്ചു. എന്നാൽ അനുസരണയില്ലാത്ത അനുജൻ ആ പിടിവിട്ടു കുതറിമാറി തന്നിഷ്ടം നോക്കി സഞ്ചരിച്ചു. അതിന്റെ ഫലവും ഞാൻ അനുഭവിച്ചു. തെന്നിന്ത്യൻ സിനിമയിൽ ഓർവോ കളർ പരീക്ഷിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഈസ്റ്റ്മാൻ (കൊടാക്) കളറിനെക്കാൾ ഓർവോ കളർ ഫിലിമിനു ചെലവു കുറയും. പി.ഭാസ്കരൻമാസ്റ്റർ സംവിധാനം ചെയ്ത കള്ളിച്ചെല്ലമ്മ എന്ന ചിത്രം ഓർവോ കളറിലാണു നിർമിച്ചത്. ജയിക്കാനായ് ജനിച്ചവൻ എന്ന ചിത്രം ഓർവോകളറിൽ നിർമിക്കാൻ ഞാൻ തീരുമാനിച്ചു. അപ്പോഴും നസീർസാർ പറഞ്ഞു. കളർ വേണ്ട തമ്പീ. ബ്ലാക്ക് ആൻഡ് വൈറ്റ് മതി. കരാട്ടെ സംഘട്ടനങ്ങൾ ഉള്ള ഒരു സിനിമയായിരുന്നു എന്റെ മനസ്സിൽ. സ്റ്റണ്ട് ഡയറക്ടറായ ബി. ത്യാഗരാജൻ കരാട്ടെയും കുങ്ഫുവും അറിയാവുന്ന ഒരു ചൈനീസ് പെൺതാരത്തെ കണ്ടുപിടിച്ചു. അവരെയും ചിത്രത്തിൽ ഒരു കഥാപാത്രമാക്കി.

അവാർഡ് സിനിമകളിലൂടെ പ്രശസ്തനായ അശോക് കുമാറിനെയാണു ഞാൻ ഛായാഗ്രഹണം ഏൽപിച്ചത്. ശശികുമാറിനെപ്പോലുള്ള ഒരു സംവിധായകനോടൊപ്പം ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ അദ്ദേഹം ആദ്യമായി പ്രവർത്തിക്കുകയായിരുന്നു. സ്ക്രിപ്റ്റ് പൂർത്തിയായപ്പോൾ ശശികുമാർസാർ ചോദിച്ചു. ‘കോസ്റ്റ് വളരെ കൂടുമല്ലോ. ഇത്രയുമൊക്കെ വേണോ...? ’ നടീനടന്മാരെയൊക്കെ തീരുമാനിച്ചു. ഒരു ദിവസം നസീർസാർ പറഞ്ഞു. ‘തമ്പീ. ജയൻ എന്ന നടനെ അറിയാമല്ലോ. അയാൾക്കും ഒരു വേഷം കൊടുത്താൽ നന്നായിരിക്കും. ഓഡിയൻസിന് അയാളെ ഇഷ്ടമാണ്.’ ജയന്റെ ഫോൺനമ്പറും നസീർസാർ തന്നു. ഞാൻ ഫോൺ ചെയ്തപ്പോൾ തികഞ്ഞ വിനയത്തോടെയാണു ജയൻ സംസാരിച്ചത്. എത്ര രൂപയാണു നിങ്ങൾ വാങ്ങുന്ന പ്രതിഫലം ? എന്നു ചോദിച്ചപ്പോൾ ‘ അയ്യോ..അങ്ങയെപ്പോലെയുള്ളവരോടൊന്നും ഞാൻ പ്രതിഫലം ചോദിക്കില്ല. ആ പടത്തിൽ ചാൻസ് കിട്ടുന്നത് തന്നെ എന്റെ ഭാഗ്യം ’ എന്നായിരുന്നു ജയന്റെ മറുപടി. അങ്ങനെ ജയിക്കാനായ് ജനിച്ചവൻ എന്ന ചിത്രത്തിലെ പ്രധാന വില്ലൻ വേഷം ജയനു നൽകി. ഒരു തെരുവ് സർക്കസുകാരന്റെ വേഷമായിരുന്നു പ്രേംനസീറിന്. എം.ജി.സോമൻ ഉപനായകനായി. ആ കഥാപാത്രം ഒരു വളക്കച്ചവടക്കാരനാണ്.

സോമന്റെ നായികയായി ഉണ്ണിമേരിയെയാണു സംവിധായകൻ നിർദേശിച്ചത്. എന്നാൽ അപ്പോഴേക്കും മല്ലികയും ജഗതിയും ഞങ്ങളുടെ വീട്ടിൽ പതിവായി വരുന്ന ദമ്പതികളായി മാറിക്കഴിഞ്ഞിരുന്നു. തന്റെ അസംതൃപ്തജീവിതത്തെപ്പറ്റി മല്ലിക എന്റെ ഭാര്യയോടു പറയും. ഒരിക്കലും സിനിമാ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെട്ടിട്ടില്ലാത്ത രാജി ഒരു ദിവസം എന്നോടു പറഞ്ഞു.‘ ചേട്ടാ.ഈ പടത്തിൽ നസീർസാറിന്റെ അനിയത്തിയുടെ വേഷം മല്ലികയ്ക്കു കൊടുക്കണം.’ അപ്പോൾ ഞാൻ പറഞ്ഞു. ‘ആ വേഷം ഉണ്ണിമേരിക്കു കൊടുക്കാൻ ശശികുമാർ സാർ തീരുമാനിച്ചുകഴിഞ്ഞു’. ആ കഥാപാത്രമായി നല്ല സെക്സ് അപ്പീൽ ഉള്ള നടി അഭിനയിച്ചാലേ നന്നാകൂ’ അതിനു രാജി പറഞ്ഞ മറുപടിയിതാണ്.

‘പണമുണ്ടാക്കാൻ വേണ്ടി മാത്രമല്ലല്ലോ നമ്മൾ പടമെടുക്കുന്നത്. ചട്ടമ്പിക്കല്യാണിയിലൂടെ ചേട്ടൻ അമ്പിളിയെ രക്ഷപ്പെടുത്തിയില്ലേ? അതുപോലെ മല്ലികയ്ക്കും ഒരു നല്ല വേഷം കൊടുക്കാം.ആ കുടുംബം രക്ഷപ്പെടട്ടെ’. അങ്ങനെ ശശികുമാർസാറിന്റെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് ഉണ്ണിമേരിക്കു നൽകാനിരുന്ന വേഷം ഞാൻ മല്ലികയ്ക്കു നൽകി. സോമനും മല്ലികയും ചേർന്നഭിനയിച്ച ‘ ചാലക്കമ്പോളത്തിൽ വച്ച് നിന്നെ കണ്ടപ്പോൾ നാലണയ്ക്കു വളയും വാങ്ങി നീ നടന്നപ്പോൾ, നാലായിരം പവനുരുകും നിന്റെ മേനിയിൽ, ഒരു നല്ല കസവു നേരിയതാവാൻ ഞാൻ കൊതിച്ചുപോയ്‌’ എന്ന പാട്ട് എഡിറ്റ് ചെയ്തു മൂവിയോളയിൽ എന്നെ കാണിച്ചിട്ടു ശശികുമാർ സാർ പറഞ്ഞു. ‘ സാർ, നെഞ്ചത്ത് കൈ വച്ചുപറയണം. ഈ വേഷം ഉണ്ണിമേരി ചെയ്തിരുന്നെങ്കിലോ? ഈ പാട്ടു കാണാൻ മാത്രമായി ചെറുപ്പക്കാർ തിയറ്ററിൽ ഇരച്ചുകയറിയേനെ. തമ്പിസാറ് മറ്റുള്ളവരെ സഹായിക്കരുതെന്നു ഞാൻ പറയില്ല. പക്ഷേ അതിനുവേണ്ടി സ്വയം നശിക്കരുത്’. സ്വന്തം സ്റ്റുഡിയോ ഇല്ലാതെ, സ്വന്തമായി ഒരു വലിയ വിതരണക്കമ്പനിയില്ലാതെ പ്രേംനസീർ, ഷീല, ലക്ഷ്മി, അടൂർ ഭാസി തുടങ്ങിയ പ്രധാന നടീനടന്മാരെ ഉൾപ്പെടുത്തി ഒരേ സമയം രണ്ടു വലിയ സിനിമകൾ എടുക്കുക എന്നത് ഒരു മലയാളചലച്ചിത്ര നിർമാതാവിനെ സംബന്ധിച്ച് തീർച്ചയായും വലിയ സാഹസം തന്നെയാണ്. ജയിക്കാനായ് ജനിച്ചവനു വേണ്ടി മദ്രാസിലെ വാസു സ്റ്റുഡിയോയിലെ വലിയ ഗ്രൗണ്ടിൽ ഒരു ക്ഷേത്രത്തിന്റെയും ഉത്സവക്കടകളുടെയും സെറ്റ് ഇട്ടിരിക്കുന്നത് കണ്ട നവോദയ അപ്പച്ചൻ അത്ഭുതത്തോടെ ചോദിച്ചു.

‘ ഈ സെറ്റിനൊക്കെ വലിയ ചെലവായിക്കാണുമല്ലോ’ ഞാൻ അതിന് ഉത്തരമായി ഒന്ന് ചിരിച്ചതേയുള്ളു. ‘രണ്ടു സിനിമ ഒരുമിച്ചെടുക്കുന്നോ?’ ‘അതെ’ .‘ആട്ടെ. തമ്പിക്ക് എത്ര വയസ്സായി ? ‘മുപ്പത്തിയേഴ്’ അദ്ദേഹം മൂക്കത്തു വിരൽവച്ച് എന്നെ ഉറ്റുനോക്കി.‘ ഞങ്ങളെക്കൊണ്ടു പോലും സാധിച്ചിട്ടില്ല.’ അപ്പോൾ അപ്പച്ചൻ എന്ന എം.സി. പുന്നൂസ് ഉദയയിൽ നിന്നു മാറി നവോദയാ എന്ന സ്വന്തം നിർമാണക്കമ്പനി തുടങ്ങുന്ന സമയമായിരുന്നു. പ്രേംനസീറിനെ കാണാനാണ് അദ്ദേഹം എന്റെ സെറ്റിൽ വന്നത് ജയിക്കാനായ് ജനിച്ചവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തീരാറായപ്പോൾ നിർമാതാവും സംവിധായകനുമായ പി.എ.ബക്കർ. എന്നോടു പറഞ്ഞു. ‘എന്റെ കൂടെ താമസിക്കുന്ന ഒരു ചെറുപ്പക്കാരനുണ്ട്. ഫിലിംചേംബറിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിച്ചയാളാ. തമ്പിസാർ അയാൾക്ക്‌ ഈ പടത്തിൽ ഒരു സീനെങ്കിലും കൊടുക്കണം.അയാൾ വല്ലാത്ത ബുദ്ധിമുട്ടിലാണ്.’

‘വാസുസ്റ്റുഡിയോയിലാണു ഷൂട്ടിങ്. ബക്കറിന്റെ കത്തുമായി കറുത്തുമെലിഞ്ഞ ഒരു ചെറുപ്പക്കാരൻ സ്റ്റുഡിയോയിൽ വന്നു. ശശികുമാർസാറിന്റെ കാഴ്ചപ്പാടിൽ ഏതു നടനും സാമാന്യം സുന്ദരനായിരിക്കണം. നിറം വെളുപ്പായിരിക്കണം. പ്രേംനസീർ കഴിഞ്ഞാൽ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള നടൻ വെളുത്ത് സുന്ദരനായ വിൻസന്റ് ആയിരുന്നു.അദ്ദേഹത്തിന്റെ ആദ്യ നോട്ടത്തിൽത്തന്നെ ആഗതൻ തള്ളപ്പെട്ടു. ഞാൻ ഇടപെട്ടു.‘ സാർ. ഞാൻ ബക്കറിനു വാക്കുകൊടുത്തു പോയതാ. ഒരു സീനിലെങ്കിലും അയാളെ ഉൾപ്പെടുത്തിയേ പറ്റൂ.’ ‘ഏതു സീനിൽ? പറ’ പെട്ടെന്ന് ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉള്ള ഒരു ക്ഷേത്രഘോഷയാത്രയുടെ കാര്യം എനിക്ക് ഓർമവന്നു. ആ പാട്ട് പാടുന്ന ഗായകൻ ഈ ചെറുപ്പക്കാരൻ ആയിക്കോട്ടെ’ ‘ ക്ലൈമാക്സിലെ പാട്ട് നശിപ്പിക്കണമെന്നു പ്രൊഡ്യൂസർക്കു നിർബന്ധമാണെങ്കിൽ അങ്ങനെ ചെയ്യാം.’ ദേഷ്യത്തിലാണു ശശികുമാർസാർ അങ്ങനെ പറഞ്ഞത്.

ചിത്രത്തിന്റെ ക്ലൈമാക്സിൽ വരുന്ന ആലവട്ടം വെൺചാമരം ആടി വായോ അമ്മൻകുടം വെള്ളിക്കുടം ആടി വായോ പള്ളിവാളിൻ പൊന്നൊളിയിൽ പാടിവായോ പമ്പമേളം കേട്ടു പാദം തേടിവായോ... എന്ന സംഘഗാനം പാടുന്ന ഗായകനായി ആ യുവാവ് അഭിനയിച്ചു. മറ്റൊരു സംവിധായകൻ എന്റെ പടം ചെയ്യുമ്പോൾ ഷൂട്ടിങ്ങിലും എഡിറ്റിങ്ങിലും ഞാൻ ഇടപെടാറില്ല. അതു മര്യാദയല്ല. ഗായകനു സൗന്ദര്യം കുറവാണെന്ന കാരണത്താൽ സംവിധായകനും എഡിറ്ററും പാടുന്ന നടനു വേണ്ടത്ര പ്രാധാന്യം നൽകിയില്ല എന്നെനിക്കു തോന്നി. ആ യുവനടനാണു പിൽക്കാലത്തു മലയാളസിനിമയിൽ അദ്‌ഭുതങ്ങൾ സൃഷ്ടിച്ച തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസൻ. അക്കാലത്ത് ശ്രീനിവാസന് എഴുതാൻ കഴിയുമെന്നോ അദ്ദേഹം നന്നായി ഹാസ്യം കൈകാര്യം ചെയ്യുമെന്നോ ആർക്കും അറിവുണ്ടായിരുന്നില്ല.

ജയിക്കാനായി ജനിച്ചവൻ എന്ന ചിത്രത്തിലും സെൻസർ പ്രശ്നമുണ്ടായി. ചിത്രത്തിൽ വയലൻസ് കൂടുതലാണ്. പടത്തിനു സെൻസർ സർട്ടിഫിക്കറ്റ് കൊടുക്കരുത് എന്നു കാണിക്കുന്ന ധാരാളം കള്ളയെഴുത്തുകൾ കേന്ദ്രത്തിലേക്കു പോയി. മോഹിനിയാട്ടം എന്ന ചിത്രത്തിന്റെ ശത്രു ഡോ. എസ്.കെ.നായർ ആയിരുന്നെങ്കിൽ ഈ ചിത്രത്തിന്റെ ശത്രു എറണാകുളത്തുള്ള അസൂയയുടെ പ്രതീകമായ ഒരു വിതരണക്കാരൻ ആയിരുന്നു. അയാൾ വിതരണത്തിനെടുത്ത ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയും എന്റെ സിനിമയും ഒരേ ദിവസം തിയറ്ററുകളിലെത്തും എന്ന സ്ഥിതി വന്നപ്പോൾ എന്റെ സിനിമയുടെ റിലീസ് താമസിപ്പിക്കുക എന്നതായിരുന്നു പുറമേ പാവമെന്നു തോന്നിക്കുന്ന ആ വ്യക്തിയുടെ ഏക ലക്ഷ്യം. ജയിക്കാനായ് ജനിച്ചവൻ എന്ന സിനിമയുടെ ക്ലൈമാക്സിൽ പ്രേംനസീറും ജയനും തമ്മിലുള്ള സംഘട്ടനത്തിന്റെ ഒരു ഭാഗം പുഷ്പക് വിമാനത്തിലാണു ചിത്രീകരിച്ചത്.

ഹെലികോപ്റ്ററിനെക്കാൾ അപകടസാധ്യത കുറവാണ് പുഷ്പക് എന്ന ചെറിയ വിമാനത്തിൽ എന്ന്‌ അറിവുള്ളവർ പറഞ്ഞതു കൊണ്ടാണ് ഹെലികോപ്റ്റർ ഒഴിവാക്കി ഞാൻ രണ്ടു സീറ്റുകൾ മാത്രമുള്ള പുഷ്പക് വിമാനം വാടകയ്ക്കെടുത്തത്. പ്രേംനസീറും ജയനും തമ്മിലുള്ള സംഘട്ടനമാണ്. അപകടസാധ്യത ഒഴിവാക്കേണ്ടത് നിർമാതാവിന്റെ ധർമമാണ്. ശശികുമാർ സാറിന് അദ്ദേഹം സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിന്റെ ക്ലൈമാക്സ് എടുക്കേണ്ടിയിരുന്നതുകൊണ്ട് ഞാനും സ്റ്റണ്ട് ഡയറക്ടർ ത്യാഗരാജനും ചേർന്നാണ് ഈ സംഘട്ടനം ചിത്രീകരിച്ചത്. തമിഴ്നാട്ടിലെ വെല്ലൂർ എന്ന സ്ഥലത്തുള്ള മിലിട്ടറി എയർപ്പോർട്ടിലായിരുന്നു ഷൂട്ടിങ്. ഇങ്ങനെയൊരു ആകാശസംഘട്ടനം ആദ്യമായി ചിത്രീകരിച്ച മലയാളസിനിമ ജയിക്കാനായ്‌ ജനിച്ചവനാണ്. രണ്ടുവർഷം കഴിഞ്ഞാണു കോളിളക്കത്തിലെ ഹെലികോപ്റ്റർ രംഗം ഷൂട്ട് ചെയ്തതും തുടർന്ന് ജയൻ അന്തരിച്ചതും. ഷൂട്ടിങ്ങിനായി ഞാൻ വാങ്ങിയ ഒരു ഫോഡ് കാറും ഒരു അംബാസഡർ കാറുമാണ് ക്ലൈമാക്സിലെ കാർ ചേസിങ്ങിൽ ഉപയോഗിച്ചത്. രണ്ടു കാറുകളും റയിൽവേ ഗേറ്റ് ജംപ് ചെയ്യുന്ന ഷോട്ട് ഉണ്ട്. ഒരു കാർ ജയൻ ഓടിക്കുന്നു. പ്രേംനസീർ മറ്റൊരു കാറിൽ പിന്തുടരുന്നു. ഗേറ്റ് ചാടുന്ന സമയത്തു നടന്മാരെ മാറ്റി അവരുടെ സ്ഥാനത്ത് ഡ്യൂപ്പുകളെ ഇരുത്തും. വളരെയധികം റിസ്ക് ഉള്ള ആക്‌ഷനാണ് കാർ ജംപിങ്. അതുകൊണ്ട് അതു ചെയ്യുന്ന സ്റ്റണ്ട് നടന്മാർക്ക് വളരെ വലിയ പ്രതിഫലം കൊടുക്കണം.

വളരെയധികം ചെലവ് ചെയ്തു നിർമിച്ച ചിത്രം സെൻസറിൽ കുടുങ്ങിയതോടെ എന്റെ മനസ്സ് വീണ്ടും തകർന്നു. വാഹിനി സ്റ്റുഡിയോ ഉടമയും പ്രശസ്ത നിർമാതാവുമായ ബി.നഗറെഡ്ഢിയെ ചെയർമാനാക്കി സെൻസർബോർഡ് റിവൈസിങ് കമ്മിറ്റിയെ നിയമിച്ചു അദ്ദേഹം എനിക്ക് അനുകൂലമായ തീരുമാനമെടുത്തു. അപ്പോഴും അടിയന്തരാവസ്ഥ നിലനിന്നിരുന്നു. സിനിമയിലെ ഒരു സംഘട്ടനരംഗവും ഒന്നര മിനിറ്റിൽ കൂടാൻ പാടില്ല എന്ന നിയമം വന്നു. ലക്ഷങ്ങൾ മുടക്കി ഷൂട്ട് ചെയ്ത സംഘട്ടന രംഗങ്ങൾ എല്ലാം വെട്ടിമാറ്റേണ്ടി വന്നു. ഈ സത്യങ്ങളൊന്നുമറിയാത്ത സാധാരണ പ്രേക്ഷകർ ‘അയ്യോ. ഫൈറ്റ് തുടങ്ങിയപ്പോൾത്തന്നെ തീർന്നുപോയല്ലോ’ എന്നു പരാതിപ്പെട്ടു. അതു ചിത്രത്തിന്റെ കലക്‌ഷനെ ബാധിക്കുകയും ചെയ്തു. അർജുനൻ മാസ്റ്റർ ഈണം നൽകിയ വളരെ നല്ല ഗാനങ്ങൾ ഈ ചിത്രത്തിലുണ്ടായിരുന്നു. ‘അരയാൽ മണ്ഡപം കുളിച്ചുതൊഴുതു നിൽക്കും ഇടവപ്പാതിപുലർവേളയിൽ മഴയത്തുമണയാത്ത മന്മഥദീപമായ് മമ സഖി നീ കോവിൽ നടയിൽ നിന്നു’ എന്ന ഗാനവും ‘കാവടിച്ചിന്തു പാടി, ഒരു കാറ്റല തുള്ളി വന്നു നീളമുളം ചില്ലിക്കാട്ടിൽ, വർണ കാവടിത്തണ്ടുകൾ തേടി നിന്റെ പീലിക്കണ്ണിൽ മയിൽപ്പീലികൾ തേടി എന്ന ഗാനവുമൊക്കെ ഈ ചിത്രത്തിൽ ഉള്ളതാണ്.

‘അള്ളാവിൻ തിരുസഭയിൽ കണക്കു കാണിക്കുവാൻ എല്ലാരും പോകണം ഇന്നോ നാളെയോ അണിചിത്രമണിമേട കണ്ടു നീ മയങ്ങല്ലേ ആലംഉടയോനെ മറന്നിടൊല്ലേ എന്നാരംഭിക്കുന്ന ഖവാലി ഗാനവും ഈ ചിത്രത്തിലുണ്ടായിരുന്നു. ഞാൻതന്നെ കണ്ടെത്തിയ യുവഗായകരായ ജോളി ഏബ്രഹാമും മണ്ണൂർ രാജകുമാരനുണ്ണിയും ചേർന്നാണ് ഈ ഖവാലി പാടിയത്. വളരെ വലിയ ഹിറ്റ് ആകാൻ സാധ്യതയുണ്ടായിരുന്ന ജയിക്കാനായ്‌ ജനിച്ചവൻ സെൻസറിന്റെ ഇടപെടൽ നിമിത്തം കലക്‌ഷനിൽ ഒന്നാം സ്ഥാനത്ത് എത്തിയില്ല. എന്നാൽ എനിക്കു നഷ്ടം വന്നതുമില്ല. എന്തായാലും കെ.സുരേന്ദ്രന്റെ ഭിക്ഷാംദേഹി സിനിമയാക്കാൻ ഞാൻ തീരുമാനിച്ചു. എല്ലാ മനുഷ്യമനസ്സുകളും ഭിക്ഷാംദേഹികളാണ് എന്ന ആശയമാണ് തന്റെ നോവലിലൂടെ കെ.സുരേന്ദ്രൻ ആവിഷ്കരിച്ചിട്ടുള്ളത്. ഞാൻ അതിനു ഒരു പുതിയ വ്യാഖ്യാനം നൽകി. ഏതു മനുഷ്യമനസ്സും ഏതോ ഒരു സ്വപ്നത്തിന്റെ പിന്നാലെ അലയുകയാണ്. തനിക്കുതന്നെ വ്യക്തമാകാത്ത ഒരു സ്വപ്നം. ജയൻ എന്ന നടന് ഒരു വലിയ സ്വപ്നം ഉണ്ടായിരുന്നു. നന്മ ചെയ്യുന്ന നായകനായി അഭിനയിക്കണം.

ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരം എന്ന ചിത്രത്തിൽ ജയൻ നായകനായി അഭിനയിച്ചു. പക്ഷേ അതൊരു ദുഷ്ടന്റെ വേഷമായിരുന്നു. ജയൻ ഒരു ദിവസം എന്നോട് പറഞ്ഞു. ‘ദുഷ്ടകഥാപാത്രമായി അഭിനയിച്ചു മടുത്തു, എന്റെ അമ്മ പോലും ചോദിക്കുന്നു’ നീയെന്തിനാ ഇങ്ങനെ എല്ലാവരെയും ദ്രോഹിക്കുന്നതെന്ന്. എത്ര നന്നായി അഭിനയിച്ചാലും വില്ലന് ഒടുവിൽ നായകന്റെ ചവിട്ടു കൊള്ളേണ്ടിവരും. തമ്പിച്ചേട്ടന് എന്നെ സഹായിക്കാൻ പറ്റും. കാരണം ചേട്ടൻ ഒരേ സമയം എഴുത്തുകാരനും സംവിധായകനും നിർമാതാവുമാണ്. അങ്ങനെ അധികം ആളുകൾ സിനിമയിൽ ഇല്ല.‘എന്നെക്കാൾ പ്രായക്കൂടുതലുണ്ടെങ്കിലും ജയൻ എന്നെ ചേട്ടാ എന്നാണു സംബോധന ചെയ്തിരുന്നത്. യഥാർഥത്തിൽ ജയൻ എന്ന കൃഷ്ണൻ നായർ 1939ലും ഞാൻ 1940ലുമാണു ജനിച്ചത്. ‘ഞാൻ പേര് വിളിച്ചാൽ അതു ബഹുമാനക്കുറവാകും. സാർ എന്നു വിളിച്ചാൽ എന്റെ മനസ്സിലുള്ള സ്നേഹം പ്രകടിപ്പിക്കാൻ പറ്റില്ല. അതുകൊണ്ട് എന്നെക്കാൾ പ്രായം കുറവാണെന്നറിഞ്ഞുകൊണ്ടുതന്നെ ഞാൻ ചേട്ടാ എന്നു വിളിക്കുന്നു.’ ഇതായിരുന്നു ജയന്റെ വാക്കുകൾ.

ഞാൻ അതിനെ എതിർത്തില്ല. പിന്നീടു ഞങ്ങൾ സ്വന്തം കൂടപ്പിറപ്പുകളെപ്പോലെയായി എന്നതും സത്യം. സിനിമയിൽ അവസരം കുറവായതുകൊണ്ട് സംവിധാനം പഠിക്കണമെന്നു മല്ലിക ആഗ്രഹിച്ചു. ‘തമ്പിച്ചേട്ടന്റെ സഹായിയായാൽ ആളുകൾ അപവാദം പറയില്ല. അതുകൊണ്ട് അടുത്ത പടം മുതൽ എന്നെ സഹായിയാക്കാൻ തമ്പിച്ചേട്ടനോട് പറയണം.’ എന്നു മല്ലിക രാജിയോട് പറഞ്ഞു. അങ്ങനെ ‘ഏതോ ഒരു സ്വപ്നം ’എന്ന സിനിമയിൽ ഭർത്താവായ ജഗതി ശ്രീകുമാറിന്റെ പിന്തുണയോടെ മല്ലിക സംവിധാനസഹായിയായി. ഭിക്ഷാംദേഹി എന്ന നോവലിനെ ആധാരമാക്കി ഞാൻ നിർമിച്ച സിനിമയ്ക്കു നോവലിസ്റ്റിന്റെ അനുമതിയോടെ ‘ഏതോ ഒരു സ്വപ്നം ’ എന്നു ഞാൻ പേരു നൽകി. ആ സിനിമയുടെ ഷൂട്ടിങ് തീരുമ്പോഴേക്കും എനിക്കു വേണ്ടപ്പെട്ട മൂന്നു വ്യക്തികളുടെ സ്വപ്‌നങ്ങൾ തമ്മിൽ സംഘർഷത്തിൽ ഏർപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്നു. ഒരു വലിയ പ്രശ്നത്തിന് ഉത്തരം കണ്ടെത്താനും എനിക്ക് മുൻകൈ എടുക്കേണ്ടി വന്നു. (തുടരും)

Content Highlight: Sreekumaran Thampi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS