ADVERTISEMENT

ഭൂതകാലവും വർത്തമാനകാലവും ഇടകലർന്നൊഴുകുന്ന മനുഷ്യമനസ്സിന്റെ അദ്ഭുതലോകമാണ് ‘ഭിക്ഷാംദേഹി’ എന്ന നോവലിലൂടെ കെ.സുരേന്ദ്രൻ നമുക്കു കാട്ടിത്തരുന്നത്. പ്രധാന കഥാപാത്രമായ കൗസല്യയുടെ മകൾ ധിക്കാരത്തോടെ തന്റെ പ്രണയത്തെപ്പറ്റി അമ്മയോടു പറയുന്നു. പെട്ടെന്ന് കൗസല്യ ചിന്തയിൽനിന്നു ഞെട്ടിയുണരുന്നു. അപ്പോൾ അവൾ തന്റെ ഓഫിസിൽ ഫയൽ നോക്കികൊണ്ടിരിക്കയാണ്. അവൾക്കു പരിസരബോധമുണ്ടാകുന്നു. പക്ഷേ, മനസ്സ് വീണ്ടും ഓർമകളിലേക്കു കുതിക്കുന്നു. ഇങ്ങനെ വർത്തമാനകാലം വീണ്ടും ഭൂതകാലം പിന്നെയും വർത്തമാനകാലം എന്ന മട്ടിലാണ‌ു പലയിടങ്ങളിലും കഥ നീങ്ങുന്നത്. നോവലിസ്റ്റ് വിഭാവനം ചെയ്ത ശൈലിയിൽത്തന്നെ സിനിമയും ഒരുക്കാൻ ഞാൻ തീരുമാനിച്ചു. ആ രീതി പിന്തുടർന്നാൽ സാധാരണ പ്രേക്ഷകർക്ക് കഥ വ്യക്തമായില്ലെന്നു വരാം എന്ന അഭിപ്രായം ചിത്രത്തിന്റെ ഛായാഗ്രാഹകനായ ഹേമചന്ദ്രനും മറ്റും പറഞ്ഞു. എനിക്കും ആ കാര്യം അറിയാമായിരുന്നു. എന്തായാലും മനസ്സ് പറയുന്ന വഴിയേ പോകാം എന്നു ഞാൻ തീരുമാനിച്ചു. വരുന്നതു വരട്ടെ. ഏതോ ഒരു സ്വപ്നം എന്ന പേരിൽ അങ്ങനെ ഞാൻ ഭിക്ഷാംദേഹി എന്ന നോവലിന്റെ ചലച്ചിത്രരൂപം സൃഷ്ടിക്കാൻ തുടങ്ങി.

വർഷം 1978. അടൂർ ഗോപാലകൃഷ്ണന്റെയും കുളത്തൂർ ഭാസ്കരൻ നായരുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്തെ ആക്കുളം എന്ന സ്ഥലത്ത് സ്ഥാപിതമായ ചിത്രലേഖ സ്റ്റുഡിയോ നിലനിൽക്കുന്ന കാലം. എടുക്കുന്ന സിനിമകൾ വ്യത്യസ്തങ്ങളാണെങ്കിലും അടൂരും ഞാനും പരിചയപ്പെട്ട കാലം മുതൽക്കേ അടുത്ത സുഹൃത്തുക്കളാണ്. കുളത്തൂർ ഭാസ്കരൻ നായർക്കും എന്നെ ഇഷ്ടമായിരുന്നു. അതുകൊണ്ട് എന്റെ പല സിനിമകളുടെയും ഷൂട്ടിങ്ങിനു ചിത്രലേഖയുടെ ക്യാമറയും ലൈറ്റ്‌സുമാണ് ഞാൻ ഉപയോഗിച്ചിരുന്നത്. ഏതോ ഒരു സ്വപ്നത്തിന്റെ ലൊക്കേഷനായി ഞാൻ തിരഞ്ഞെടുത്തത് ആക്കുളം കായലിന്റെ തീരവും ചിത്രലേഖ സ്റ്റുഡിയോയും മെരിലാൻഡ് സ്റ്റുഡിയോയുടെ പരിസരപ്രദേശങ്ങളും പൂജപ്പുരയിലുള്ള ഒരു വീടുമാണ്.

സത്ക്കഥാപാത്രമായി അഭിനയിക്കാൻ ആഗ്രഹിക്കുന്ന ജയന് പ്രേമനൈരാശ്യം നിമിത്തം സന്യാസം സ്വീകരിച്ച വി.വി. സ്വാമി എന്ന കഥാപാത്രമാണു ഞാൻ നൽകിയത്. അതോടുകൂടി അതുവരെ ദുഷ്ടകഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചിരുന്ന ജയന് നന്മകൾ ചെയ്യുന്ന നായകനായും അഭിനയിക്കാൻ കഴിയുമെന്ന് നിർമാതാക്കൾക്കും സംവിധായകർക്കും പ്രേക്ഷകർക്കും മനസ്സിലായി. മറ്റൊരു നായകകഥാപാത്രമായ ദിവാകരൻ നായരുടെ വേഷം സുകുമാരനും കൊടുത്തു. ഷീല, മല്ലിക, കനകദുർഗ, ശ്രീലത തുടങ്ങിയവർ പ്രധാന സ്ത്രീകഥാപാത്രങ്ങളായി. ജഗതി ശ്രീകുമാറും മല്ലികയും ഭാര്യാഭർത്താക്കന്മാരിട്ടാണ് അഭിനയിച്ചത്. എന്റെ ഭാര്യയുടെ നിർബന്ധപ്രകാരം ഞാൻ മല്ലികയെ ഈ ചിത്രത്തിൽ സംവിധാനസഹായിയുമാക്കി. കള്ളിച്ചെല്ലമ്മ, യക്ഷിപ്പറമ്പ്, അമ്മു തുടങ്ങിയ വിഖ്യാത നോവലുകൾ എഴുതിയ ജി. വിവേകാനന്ദന്റെ ശുപാർശ മാനിച്ച് കൈലാസ്നാഥ് എന്ന യുവാവിനു ചിത്രത്തിൽ ഒരു വേഷം നൽകി. മല്ലിക, ശാന്തൻ എന്നിവരോടൊപ്പം അയാളെ എന്റെ സഹായിയുമാക്കി.

ശ്രീകുമാരൻ തമ്പി (ഫയൽ ചിത്രം)
ശ്രീകുമാരൻ തമ്പി (ഫയൽ ചിത്രം)

‘ഏതോ ഒരു സ്വപ്ന’ത്തോടൊപ്പം തന്നെ ഞാൻ ‘മാളിക പണിയുന്നവർ’ എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങളും തുടങ്ങി. അതിലും സുകുമാരനായിരുന്നു നായകൻ. ഏതോ ഒരു സ്വപ്നത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞു മാളിക പണിയുന്നവർ എന്ന പടത്തിന്റെ ആദ്യ ഷെഡ്യൂൾ എന്നിങ്ങനെയാണ് ഷൂട്ടിങ് നീങ്ങിയത്. റോജാരമണിയായിരുന്നു നായിക. നെല്ലിക്കോട് ഭാസ്കരൻ, അടൂർ ഭവാനി ,വൈ.ജി.മഹേന്ദ്രൻ തുടങ്ങിയവർ ഈ ചിത്രത്തിലുണ്ടായിരുന്നു. തമിഴിലെ കൊമീഡിയനായ മഹേന്ദ്രനെ ഞാൻ എന്റെ ചിത്രത്തിൽ വില്ലനാക്കി. മഹേന്ദ്രന്റെയും രജനീകാന്തിന്റെയും ഭാര്യമാർ സഹോദരിമാരാണ്. അക്കാലത്ത് അയാൾ തമിഴിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന ഹാസ്യനടനായിരുന്നു. മാളിക പണിയുന്നവർ എന്ന ചിത്രത്തിലും മല്ലിക എന്റെ സഹായിയായി. എപ്പോഴും തമ്മിൽത്തല്ലുന്ന ദമ്പതികളായിട്ടാണ് ജഗതിയും മല്ലികയും ‘ഏതോ ഒരു സ്വപ്‍ന’ ത്തിൽ അഭിനയിച്ചത്. സുകുമാരനും ഷീലയും പിണങ്ങി നിൽക്കുന്ന ദമ്പതികളാണ്. ഭർത്താവിന്റെ പരസ്ത്രീ ബന്ധമാണു പിണക്കത്തിനു കാരണം. പ്രായപൂർത്തിയായ ഒരു മകൾ ഉള്ളതുകൊണ്ടുമാത്രമാണ് അവർ ബന്ധം നിയമപരമായി വേർപെടുത്താത്തത്. ചുരുക്കിപ്പറഞ്ഞാൽ ദാമ്പത്യശൈഥില്യം സിനിമയിലെ പ്രധാന വിഷയമാണ്.

‘ഏതോ ഒരു സ്വപ്നം’ ഷൂട്ടിങ് ആരംഭിച്ചു. ദുഷ്ടകഥാപാത്രമായി ആക്‌ഷൻ രംഗങ്ങളിൽ കായബലത്തിനു മുൻതൂക്കം നൽകി അഭിനയിച്ചുകൊണ്ടിരുന്ന ജയൻ ഇവിടെ ശാന്തസ്വരൂപനായി മാറണം. അവസരത്തിനൊത്തുയർന്ന ജയൻ പറയും. ‘സുകുമാരന്റെ പോർഷൻ ആദ്യമെടുത്ത് അയാളെ അയച്ചോളൂ. എനിക്കു യാതൊരു തിടുക്കവുമില്ല’ അങ്ങനെ പറഞ്ഞു പരീക്ഷയ്ക്കു പഠിക്കുന്ന ഒരു കുട്ടിയുടെ മട്ടിൽ ജയൻ സ്ക്രിപ്റ്റ് വീണ്ടും വീണ്ടും വായിച്ചുകൊണ്ടിരിക്കും. അതേ സമയം സുകുമാരൻ ഷൂട്ടിങ് എത്രയും വേഗം തീർത്തു പോകാനുള്ള തിടുക്കത്തിലുമാണ്. ഒരു ദിവസം വൈകിട്ട് അഞ്ചു മണിയോടുകൂടി ഞാൻ അന്നു പ്ലാൻ ചെയ്തിരുന്ന സുകുമാരന്റെ രംഗങ്ങൾ എടുത്തു തീർത്തു. പൊയ്ക്കോട്ടേ എന്നു സുകുമാരൻ ചോദിച്ചു. ഞാൻ സമ്മതിച്ചു. പ്രൊഡക്‌ഷൻ മാനേജരോടു സുകുമാരനു ഹോട്ടലിലേക്കു പോകാൻ കാർ റെഡിയാക്കാൻ പറഞ്ഞു ഞാൻ ഷൂട്ടിങ് തുടർന്നു. പെട്ടെന്നു മല്ലിക വന്നു ശിരസ്സിൽ കൈ വച്ചുകൊണ്ട് എന്നോടു പറഞ്ഞു. ‘ചേട്ടാ, സുകുമാരൻ പോകുന്ന കാറിൽ ഞാനും പൊയ്ക്കോട്ടേ? എനിക്ക് ഭയങ്കര തലവേദന.’ മല്ലിക പൊയ്ക്കോ എന്നു പറഞ്ഞു വീണ്ടും ഞാൻ എന്റെ ജോലിയിൽ മുഴുകി. അപ്പോൾ ക്യാമറാമാൻ ഹേമചന്ദ്രൻ എന്നോട് ചോദിച്ചു. ‘സാർ, നായകനു നേരത്തേ പോകാം. പക്ഷേ പായ്ക്കപ്പ് പറയുന്നതു വരെ ലൊക്കേഷനിൽ നിൽക്കേണ്ടയാളല്ലേ അസിസ്റ്റന്റ് ഡയറക്ടർ?’ ‘സാരമില്ല, വേറെ രണ്ടുപേരുണ്ടല്ലോ. മല്ലികയ്ക്കു തലവേദനയായതുകൊണ്ടല്ലേ പോയത്? ’– ഞാൻ മറുപടി പറഞ്ഞു. പക്ഷേ പിന്നെയും തുടർച്ചയായ ദിവസങ്ങളിൽ സുകുമാരൻ പോകുന്ന കാറിൽ എന്റെ അനുവാദം വാങ്ങിയും വാങ്ങാതെയും മല്ലിക പോകാൻ തുടങ്ങിയപ്പോൾ സെറ്റിലുള്ള ലൈറ്റ്മെന്നും പ്രൊഡക്‌ഷൻ അസിസ്റ്റൻസും പരസ്പരം നോക്കി അർഥഗർഭമായി ചിരിക്കാനാരംഭിച്ചു. അപ്പോൾ എവിടെയോ കുഴപ്പമുണ്ടെന്നു ഞാൻ മനസ്സിലാക്കി. ഞാൻ അമ്പിളി എന്നു വിളിക്കുന്ന ജഗതി ശ്രീകുമാർ എല്ലാം കണ്ടിട്ടും കാണാത്ത മട്ടിൽ ഞങ്ങൾക്കിടയിലുണ്ട് എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയ വസ്തുത.

etho-oru-swapnam-
ഏതോ ഒരു സ്വപ്നം എന്ന ചിത്രത്തിലെ രംഗം

അടുത്തദിവസം ഷൂട്ടിങ് മെരിലാൻഡിൽ ആയിരുന്നു. ഞാൻ മല്ലികയോടു പറഞ്ഞു. ‘എനിക്ക് മല്ലികയോടു സംസാരിക്കണം.’ മല്ലികയുടെ മുഖം ചുവന്നു. ‘മല്ലികയ്ക്കു സുകുമാരനുമായി അടുപ്പമുണ്ടെന്നു നമ്മുടെ ഷൂട്ടിങ് ടീമിലെ എല്ലാവർക്കും അറിയാം. അതു മനസ്സിലാക്കാൻ താമസിച്ച ഒരേയൊരു മണ്ടൻ ഞാനാണ്. സത്യം പറയണം മല്ലികയും സുകുമാരനും തമ്മിൽ പ്രണയത്തിലാണോ...?’ ‘മല്ലിക മറ്റൊരാളിന്റെ ഭാര്യയാണ്, അവനും എനിക്കു വേണ്ടപ്പെട്ടവനാ. ആ കാര്യം മറക്കരുത്.’ മല്ലിക പൊട്ടിക്കരഞ്ഞുകൊണ്ട്‌ എന്റെ കാൽക്കൽ നമസ്കരിച്ചു. അതുകഴിഞ്ഞ് തേങ്ങലോടെ പറഞ്ഞു.

‘ ഇപ്പോഴുള്ള വിവാഹബന്ധം തുടർന്നാൽ എനിക്ക് ആത്മഹത്യ ചെയ്യേണ്ടി വരും. സുകുമാരന് എന്നോടിഷ്ടമുണ്ട്. ഇപ്പോഴത്തെ ബന്ധം ഞാൻ വേർപെടുത്തിയാൽ സുകു എന്നെ വിവാഹം കഴിക്കാമെന്നു സമ്മതിച്ചിട്ടുണ്ട്.’ അതൊരു പുതിയ അറിവായിരുന്നു. മല്ലിക സത്യം തുറന്നു പറഞ്ഞതിനുശേഷം ഞാൻ അമ്പിളിയോടു സംസാരിച്ചു. ആദ്യം ഒന്നുമറിയാത്ത നിഷ്ക്കളങ്കനെപ്പോലെയാണ് അമ്പിളി പെരുമാറിയത്. ഞാൻ അമ്പിളിയോടു പറഞ്ഞു. ‘ അമ്പിളീ, മല്ലിക എല്ലാ കാര്യങ്ങളും എന്നോടു തുറന്നുപറഞ്ഞു. നീ ഡിവോഴ്‌സിന് സമ്മതിച്ചാൽ സുകുമാരൻ മല്ലികയെ വിവാഹം കഴിക്കും’. ‘ മല്ലികയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതിനെപ്പറ്റി എനിക്കു ചിന്തിക്കാൻ പോലും സാധ്യമല്ല’ എന്നായിരുന്നു അമ്പിളിയുടെ മറുപടി. അങ്ങനെ പറഞ്ഞു പോകാനായി അയാൾ എഴുന്നേറ്റു. ഞാൻ ചോദിച്ചു. ‘നിന്റെ ഭാര്യ നിന്നെ വേണ്ടെന്നു പറയുന്നു, മറ്റൊരാളെ വിവാഹം കഴിക്കാൻ അവൾ തയാറായി നിൽക്കുന്നു. അപ്പോഴും ഈ ബന്ധത്തിൽ തൂങ്ങിപ്പിടിച്ചു നിൽക്കുന്നത് പുരുഷത്വമാണോ...? നീ ആലോചിക്കൂ’ അമ്പിളി ഈ സത്യം അറിഞ്ഞിട്ടും നിർവികാരനെപ്പോലെ പെരുമാറുന്നത് എന്നെ അദ്ഭുതപ്പെടുത്തി.

അടുത്ത സംഭാഷണം സുകുമാരനുമായിട്ടായിരുന്നു. ‘സുകുമാരൻ എന്നോടു സത്യം പറയണം. നമ്മൾ രണ്ടുപേരും പഠിപ്പുള്ളവരാണ്. അതുകൊണ്ട് എന്തും പരസ്പരം തുറന്നു പറയാം. മല്ലിക ചില കാര്യങ്ങൾ എന്നോടു പറഞ്ഞു. അതു സത്യമാണോ എന്നറിയണം.’ യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഉറച്ച ശബ്ദത്തിൽ സുകുമാരൻ പറഞ്ഞു. ‘മല്ലിക പറഞ്ഞതു സത്യമാണ് സാർ. ഞാൻ മല്ലികയുമായി പ്രണയത്തിലാണ്.’ സത്യസന്ധനായ ഒരു തന്റേടിയുടെ സ്വഭാവഗരിമ സുകുമാരന്റെ മുഖത്തു പ്രകാശിച്ചു. ഞാൻ വീണ്ടും ചോദിച്ചു. ‘അമ്പിളി മല്ലികയുമായുള്ള ബന്ധം വേർപെടുത്തിയാൽ സുകുമാരൻ മല്ലികയെ വിവാഹം കഴിക്കുമോ...? ’ ‘തീർച്ചയായും’ സുകുമാരന്റെ ശബ്ദം ഉറച്ചതായിരുന്നു. ഞാൻ വീണ്ടും അമ്പിളിയോടു സംസാരിച്ചു. ‘ ഈ കാര്യം എന്റെ അച്ഛനോടു സംസാരിക്കണം’ അമ്പിളി പറഞ്ഞു. ‘ സിനിമയിൽ നായകനും നായികയുമാകാൻ മദ്രാസിലേക്കു രണ്ടുപേരും ഓടിപ്പോയത് നിന്റെ അച്ഛന്റെ അനുവാദം വാങ്ങിയിട്ടായിരുന്നോ...?’ ഞാൻ ചോദിച്ചു. എങ്കിലും ഞാൻ അമ്പിളിയോടൊപ്പം ജഗതി എൻ.കെ. ആചാരിയെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. ആ സന്ദർശനത്തിന്റെ ഫലം ഒട്ടും മാന്യതയുള്ളതായിരുന്നില്ല എന്നു മാത്രം പറയട്ടെ. എന്നും മല്ലികയെ സഹായിക്കണം എന്നു മാത്രം പറഞ്ഞിട്ടുള്ള എന്റെ ഭാര്യ ഈ വിഷയത്തിലും മല്ലികയോടൊപ്പമായിരുന്നു.

ജീവിതം എന്ന മഹാത്ഭുതത്തെക്കുറിച്ചോർത്ത് ഞാൻ നിസ്സഹായനായി നിന്നു. പലപ്പോഴും നമ്മൾ പുറമേ കാണുന്നതല്ല യാഥാർഥ്യം. ഉള്ളിലെന്താണു നടക്കുന്നതെന്ന് പെട്ടെന്നു കണ്ടുപിടിക്കാൻ സാധ്യമല്ല. ‘ചിരികൊണ്ടു പൊതിയും മൗനദുഃഖങ്ങൾ ചിലരുടെ സമ്പാദ്യം എന്നും, അകലെ കാണുമ്പോൾ സുന്ദരമാം മന്ദിരം അകപ്പെട്ട ഹൃദയങ്ങൾക്കതു താൻ കാരാഗൃഹം, എന്നുമൊക്കെ പിന്നീട് എനിക്ക് എഴുതാൻ കഴിഞ്ഞത് ഇതുപോലെയുള്ള അനേകം അനുഭവങ്ങളുടെ വെളിച്ചത്തിലായിരിക്കാം.

ജഗതി ശ്രീകുമാറും മല്ലികയും ഒരുമിച്ചും തനിച്ചും എന്റെ വീട്ടിൽ വരുമ്പോഴെല്ലാം ഇല്ലായ്മയിലും ആഹ്ലാദത്തോടെ ജീവിതം നയിക്കുന്ന ദമ്പതികൾ എന്നോർത്തു ഞാൻ മനസ്സുകൊണ്ട് അവരെ പലപ്പോഴും അഭിനന്ദിച്ചിട്ടുണ്ട്. എന്നാൽ എന്റെ ധാരണ തെറ്റായിരുന്നു. ഒരു സ്ത്രീയുടെ മനസ്സ് മറ്റൊരു സ്ത്രീക്കു മാത്രമേ സത്യസന്ധതയോടെ വായിക്കാൻ കഴിയൂ. രാജിയുടെ മുൻപിൽ മല്ലിക എപ്പോഴും മനസ്സ് തുറക്കുമായിരുന്നു. ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. മല്ലിക ഒരിക്കലും സംതൃപ്തയായിരുന്നില്ല. അമ്പിളിയോട് മല്ലികയ്‌ക്കുണ്ടായ അടുപ്പത്തെ പ്രണയം എന്നൊന്നും പറയാൻ പാടില്ല. പതിനെട്ടാം വയസ്സിൽ നടന്ന അബദ്ധം, വെറും എടുത്തുചാട്ടം. സിനിമയോടുള്ള അടങ്ങാത്ത ആവേശം. സിനിമാലോകത്തു വന്ന് അവിടെ നടക്കുന്നതെന്താണ് എന്നു നേരിട്ടു മനസ്സിലാക്കുമ്പോൾ എങ്ങെനെയെങ്കിലും രക്ഷപ്പെടണമെന്നു തോന്നും. പക്ഷേ ജനിച്ച സമയം മുതൽ പൊന്നുപോലെ വളർത്തിയ രക്ഷകർത്താക്കളുടെയടുത്തേക്ക് എങ്ങനെ മടങ്ങിപ്പോകും.? പോയാൽ അവർ സ്വീകരിക്കുമോ?

കൈനിക്കര സഹോദരന്മാർ എന്നറിയപ്പെടുന്ന കൈനിക്കരകുമാരപിള്ള, കൈനിക്കര പത്മനാഭപിള്ള എന്നിവരുടെ അനുജനായ കൈനിക്കര മാധവൻ പിള്ളയുടെ മൂന്നു പെൺമക്കളിൽ ഏറ്റവും ഇളയവളാണു മല്ലിക. ഈ സഹോദരിമാരുടെ ഒരേയൊരു സഹോദരനായ ഡോ. എം.വി. പിള്ള ദീർഘകാലമായി അമേരിക്കയിൽ താമസിക്കുന്ന ലോകപ്രശസ്തനായ കാൻസർ സ്പെഷലിസ്റ്റ്സ് ആണ്. എന്റെ ജന്മദേശമായ ഹരിപ്പാടാണു മല്ലികയുടെ അമ്മയുടെയും ജന്മസ്ഥലം. നാട്ടിലെ പ്രമാണിയായിരുന്ന കോട്ടയ്ക്കകത്ത് വേലുപ്പിള്ളയുടെ മകൾ. മണി എന്നു വിളിപ്പേരുള്ള ഡോ. എം.വി.പിള്ള ഞാൻ ഹരിപ്പാട്ട് ബോയ്സ് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ അവിടെ താഴത്തെ ക്ലാസിൽ പഠിച്ചിട്ടുണ്ട്. ഡോ. എം.വി.പിള്ള സംഗീതത്തിലും സാഹിത്യത്തിലും അഭിരുചിയുള്ള നല്ല സഹൃദയനുമാണ്. പല വിഷയങ്ങളെക്കുറിച്ചും അദ്ദേഹം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഞാൻ അമ്പിളിയോടു പറഞ്ഞു, ‘ ഈ ബന്ധം കൊണ്ട് നിങ്ങൾക്കു രണ്ടുപേർക്കും ഒരു ഗുണവുമുണ്ടായിട്ടില്ല. ദോഷമേയുള്ളു. അമ്പിളി അച്ഛനമ്മമാരുമായി ആലോചിച്ച് മറ്റൊരു വിവാഹം കഴിക്കണം. ഇതാണ് എന്റെ അഭിപ്രായം.’ ജഗതി ശ്രീകുമാർ മല്ലികയുമായുള്ള വിവാഹബന്ധം വേർപെടുത്താൻ തയാറായി.

ഞാൻ സുകുമാരനുമായി സംസാരിച്ചു. എന്നോടൊപ്പം മല്ലികയുടെ കുടുംബവീട്ടിലേക്കു വരാമെന്നു സുകുമാരൻ സമ്മതിച്ചു. ഞങ്ങൾ ഒരുമിച്ചാണ് പോയത്. മകൾ തികഞ്ഞ മാന്യതയോടെ തെറ്റു തിരുത്തി സ്വന്തം വീട്ടിലേക്കു മടങ്ങി വന്നതിൽ മല്ലികയുടെ അച്ഛനും അമ്മയും സന്തോഷിച്ചു. ഞാനും സുകുമാരനും മല്ലികയുടെ വീട്ടിൽ നിന്ന്‌ അത്താഴം കഴിച്ചു. വിവാഹം നടത്താനുള്ള തീയതി ഏകദേശം തീരുമാനിച്ചു. മല്ലികയുടെ സഹോദരൻ ഡോ. എം.വി.പിള്ളയുടെ ഭാര്യയുടെ വഴുതക്കാട്ടുള്ള വീട്ടിൽ സബ്‌റജിസ്ട്രാറെ വരുത്തി അവിടെ വച്ച്‌ വിവാഹം നടത്താൻ തീരുമാനമായി. ഡോക്ടറുടെ ഭാര്യാപിതാവ് അതിനു നേതൃത്വം നൽകി. അതിരാവിലെ കുളി കഴിഞ്ഞ് ഞാൻ സുകുമാരൻ താമസിക്കുന്ന ഹോട്ടലിൽ പോയി. സുകുമാരൻ കുളിച്ചു വേഷം മാറി തയാറായി നിന്നിരുന്നു. ഞങ്ങൾ ഒരുമിച്ച് പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ പോയി. അവിടെ നിന്ന് നേരെ വിവാഹം നടക്കുന്ന വീട്ടിലെത്തി, സബ് റജിസ്ട്രാർ എത്തിയിരുന്നു. സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹം റജിസ്റ്റർ ചെയ്തു. മൂന്നു പേരാണ് സാക്ഷികളായി ഒപ്പിട്ടത്. ഞാനും എന്റെ ഭാര്യ രാജിയും സുധീർകുമാർ എന്ന നടനും. അതിനു മുൻപുതന്നെ മല്ലികയുടെ ശുപാർശയനുസരിച്ച് ആ യുവനടന് ‘മോഹിനിയാട്ടം’ എന്ന എന്റെ ചിത്രത്തിൽ ഒരു സീനിൽ അഭിനയിക്കാൻ ഞാൻ അവസരം നൽകിയിരുന്നു. ഇന്നദ്ദേഹം പ്രശസ്തനായ നടനും നിർമാതാവുമാണ്. പുതിയ പേര് മണിയൻപിള്ള രാജു.
ദാമ്പത്യശൈഥില്യത്തിന്റെ കഥ പറയുന്ന ഏതോ ഒരു സ്വപ്നത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ആരംഭിച്ച മറ്റൊരു പ്രണയവും പിൽക്കാലത്ത് വിവാഹത്തിലെത്തി. ചിത്രത്തിന്റെ ഛായാഗ്രാഹകനായ ഹേമചന്ദ്രൻ അതിലെ ഉപനായികയായി അഭിനയിച്ച നടി കനകദുർഗയെ വിവാഹം കഴിച്ചു. ജഗതി ശ്രീകുമാർ എന്ന ഞങ്ങളുടെ അമ്പിളിയും വേറെ വിവാഹം കഴിച്ചു. അവർക്കു രണ്ടു മക്കൾ ജനിച്ചു.

ഒരുകാലത്ത് ഞാൻ എന്റെ ചട്ടമ്പിക്കല്യാണിയിലൂടെ കൊമീഡിയനായി കൊണ്ടുവന്ന ജഗതി ശ്രീകുമാർ തന്റെ പ്രതിഭയും പ്രയത്നവും കൊണ്ടു മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പമെത്തി. നന്മയും ആണത്തവുമുള്ള സുകുമാരൻ മല്ലികയ്‌ക്കു നല്ലൊരു ജീവിതം കൊടുത്തു. അവർക്കു മിടുമിടുക്കന്മാരായ രണ്ട് ആൺമക്കൾ ഉണ്ടായി. അവർ മലായാളസിനിമയിലെ രണ്ട് ഉജ്വലനക്ഷത്രങ്ങളായി വളർന്നു.

ഏതോ ഒരു സ്വപ്നവും മാളിക പണിയുന്നവരും എന്റെ മികച്ച സിനിമകൾ തന്നെയാണ്. എന്നാൽ അവ രണ്ടും ബോക്സ് ഓഫിസിൽ ദയനീയമായി പരാജയപ്പെട്ടു. തുറന്നുപറഞ്ഞാൽ ചിത്രത്തിന് വേണ്ടി അച്ചടിച്ച പോസ്റ്ററുകൾക്കു വേണ്ടി ചെലവാക്കിയ തുക പോലും തിരിച്ചുകിട്ടിയില്ല. അപ്പോഴും ഞാൻ പരാജയം സമ്മതിച്ചു പിന്മാറിയില്ല സിംഹാസനം എന്ന സിനിമയെടുത്തു. മധു നായകൻ, ലക്ഷ്മിയും നന്ദിതാ ബോസും നായികമാർ. സിംഹാസനം പ്രധാന കേന്ദ്രങ്ങളിൽ 50 ദിവസം ഓടി. ഒരു നിർമാതാവ് എന്ന നിലയിൽ സുകുമാരനുമായുള്ള അടുത്ത ബന്ധം പ്രയോജനപ്പെടുത്തി ലാഭമുണ്ടാക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചില്ല. അവരുടെ വിവാഹത്തിന് ശേഷം ഇടിമുഴക്കം എന്ന എന്റെ ഒരു ചിത്രത്തിൽ മാത്രമേ സുകുമാരൻ അഭിനയിച്ചിട്ടുള്ളു. പക്ഷേ ഞാൻ തുടർന്നു നിർമിച്ച മിക്കവാറും എല്ലാ സിനിമകളിലും (വിളിച്ചു വിളികേട്ടു, യുവജനോത്സവം എന്നീ രണ്ടു ചിത്രങ്ങൾ ഒഴികെ ) ജഗതി ശ്രീകുമാർ അഭിനയിച്ചു. ബന്ധുക്കൾ ശത്രുക്കൾ എന്ന എന്റെ സിനിമയിലെ സാക്ഷി എന്ന കഥാപാത്രത്തിന്റെ രൂപഭാവങ്ങൾ മറക്കാൻ കഴിയുമോ?

(തുടരും)

∙∙∙

ഹരിഹരന്റെ വിയോജനക്കുറിപ്പ്

ജൂൺ 5-ലെ 'ഞായറാഴ്ചയിൽ ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയിൽ ഞാൻ സംവിധാനം ചെയ്ത ‘ശരപഞ്ജരം’ എന്ന ചിത്രത്തിലെ ദുഷ്ടകഥാപാത്രമായി അഭിനയിച്ചതിനാൽ ജയൻ എന്ന നടനു വളരെ ദുഷ്പേര് ഉണ്ടായെന്നും ജയന്റെ അമ്മ പോലും അത്തരം കഥാപാത്രങ്ങളെ സ്വീകരിച്ചതിനെ അപലപിച്ചുവെന്നും എഴുതിക്കണ്ടു.

hariharan ഹരിഹരൻ
ഹരിഹരൻ

ഇത്തരം കഥാപാത്രങ്ങൾ എത്ര നന്നായി അഭിനയിച്ചാലും നായകന്റെ ചവിട്ടു കൊളേളണ്ടി വരുമെന്നും (‘ശരപഞ്ജര’ത്തിൽ വില്ലൻ നായകനെയാണ് വെടിവച്ചു വീഴ്ത്തി ചവിട്ടി കൊക്കയിലെറിയുന്നത്!) അതിനാൽ തമ്പിച്ചേട്ടൻ തന്നെ ഒന്നു സഹായിക്കണമെന്ന് അപേക്ഷിച്ചതായും പറയുന്നു.

ജയൻ സിനിമാനടൻ ആയി അറിയപ്പെടുന്നത് ഞാൻ സംവിധാനം ചെയ്ത സുപ്രിയയുടെ ‘പഞ്ചമി’ എന്ന ചിത്രത്തിലൂടെയാണെന്നും പിന്നീട് ‘ജയൻ തരംഗം’ മലയാള സിനിമാരംഗത്ത് ഉത്ഭവിക്കുന്നത് ശരപഞ്ജരം എന്ന ചിത്രത്തിലൂടെയാണെന്നുമുള്ള സത്യാവസ്ഥ എല്ലാവർക്കുമറിയാം. ശരപഞ്ജരത്തിന്റെ റിലീസിനു ശേഷം ജയനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

അക്കാലത്ത് ജയൻ മദിരാശിയിലെ നുങ്കംപാക്കത്തുള്ള പാംഗ്രോവ് ഹോട്ടലിലായിരുന്നു താമസം. ‘ശരപഞ്ജരം’ റിലീസായതോടെ കേരളത്തിലെ മിക്ക നിർമാതാക്കളും സംവിധായകരും ജയനെ തേടി മദിരാശിയിലെത്തി. പല നിർമാതാക്കൾക്കും സംവിധായകർക്കും വേണ്ടി എനിക്കു ജയനോടു ശുപാർശ ചെയ്യേണ്ടി വന്നിട്ടുണ്ട്.

‘ശരപഞ്ജര’ത്തിൽ അഭിനയിച്ചതിന്റെ ‘പാപമോചന’ത്തിനു വേണ്ടി ജയൻ ശ്രീകുമാരൻ തമ്പിയെ സമീപിച്ചെന്നും തന്റെ ‘ഏതോ ഒരു സ്വപ്നം’ എന്ന ചിത്രത്തിലെ സന്യാസിയുടെ വേഷത്തിലൂടെ ജയനെ രക്ഷപ്പെടുത്തിയെന്നുമൊക്കെ അവകാശപ്പെടുന്നു. ‘ഏതോ ഒരു സ്വപ്നം’ പുറത്തിറങ്ങിയത് ‘ശരപഞ്ജര’ത്തിനു മുൻപാണെന്നു കൂടി ഓർക്കണം– 1978 നവംബറിൽ. എന്റെ ‘ശരപഞ്ജരം’ റിലീസ് ചെയ്തതാവട്ടെ 1979 മാർച്ചിലും.

ഹരിഹരൻ
ചലച്ചിത്ര സംവിധായകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com