ADVERTISEMENT

30 വർഷം മുൻപ് വീട്ടിലെ അംഗമായിരുന്ന രവി എന്ന ആനയെ തിരഞ്ഞ് കണ്ടെത്തിയ കുടുംബം. അവരുടെ വികാര നിർഭരമായ സമാഗമത്തിന്റെ സ്നേഹനിമിഷങ്ങൾ... 

കൊച്ചേ, രവിക്കുട്ടാ എന്ന വിളിയിൽ അവനൊന്നു ഞെട്ടി. ചെവികൾ വീശി, തലയൊന്നനക്കി. തുമ്പിക്കൈകൊണ്ടു വർഷങ്ങളുടെ അകലം വകഞ്ഞുമാറ്റി കണ്ണുനീർ പൊഴിച്ചു. 

അതുകണ്ടതും ഡോ. കുഞ്ഞമ്മ വിതുമ്പിപ്പോയി. അവനു നമ്മളെ മനസ്സിലായിക്കാണുമോ... ഡോക്ടർ സംശയം മറിച്ചുവച്ചില്ല. മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ അവന്റെ കണ്ണുകൾ നിറഞ്ഞതെന്തിന്? പേരുവിളിച്ച് അടുത്തെത്തിയ ഉടൻ കുമ്പിട്ടതെന്തിന്? അവനു നമ്മളെ മറക്കാനാകില്ല, ഡോ.കുഞ്ഞമ്മയുടെ ഇളയ സഹോദരൻ ആന്റണി ജോർജ് മറുപടി പറഞ്ഞു. വീട്ടിലൊരു ആനയുണ്ടായിരുന്നത് അത്ര ആനക്കാര്യമല്ലെങ്കിലും ഈ കൂടിക്കാഴ്ചയ്ക്കും അവർക്കിടയിലെ ബന്ധത്തിനും ഒരാനയോളം വലുപ്പമുള്ള കഥയുണ്ട്. 

അസാധാരണമായിരുന്നു ആ കൂടിക്കാഴ്ച. നടുമുറ്റവും ഉയരം കുറഞ്ഞ മച്ചുകളുമുള്ള, 110 വർഷം പഴക്കമുള്ള ആ നാലുകെട്ടിന്റെ പൂമുഖത്തു മരച്ചില്ലകൾ ചെവിയാട്ടി നിൽക്കുകയായിരുന്നു അപ്പോൾ. മണൽ വിരിച്ച മുറ്റത്ത് ഓർമത്തുള്ളികൾ പോലെ ഇലകൾ പൊഴിഞ്ഞു വീണു. രവിക്കുട്ടാ എന്ന വിളിയിലെ വാത്സല്യം നഷ്ടമാകുമോയെന്നു ശങ്കിച്ച് ഇളംകാറ്റ് ഒരു നിമിഷം മടിച്ചു നിന്നു. 

അങ്ങനെ, 30 വർഷങ്ങൾക്കു ശേഷം ഡോ.കുഞ്ഞമ്മ തന്റെ രവിക്കുട്ടനെ കണ്ടുമുട്ടി. കു​ഞ്ഞമ്മയ്ക്ക് ഇന്ന് പ്രായം 67; രവിക്കുട്ടന് 57. കണ്ടുമുട്ടലിന്റെ പാരമ്യത്തിൽ കുഞ്ഞമ്മ ഒരിക്കൽകൂടി തന്റെ ബാല്യത്തിലൂടെ കടന്നുപോയി. 

രവിക്കുട്ടൻ വന്ന കഥ 

തടിക്കച്ചവടത്തിനും ഉത്സവങ്ങൾക്ക് എഴുന്നെള്ളിക്കാനുമായി ഒത്ത ഒരു ആനയെ വാങ്ങാനായിരുന്നു ഡോ.കുഞ്ഞമ്മ ജോർജിന്റെ പിതാവ് പാലാ പ്രവിത്താനം ഞള്ളിയിൽ (എടേട്ട്) ഇ.ടി. ജോർജും (വക്കച്ചൻ) മുതിർന്ന സഹോദരൻ എ.ജെ. ജോയിയും അമ്മയുടെ സഹോദരനും കൂടി കോടനാട് ആനക്കൂട്ടിലെത്തിയത്. അവിടെ വച്ചാണ് അമ്മയുടെ ചുറ്റും പാലുകുടിച്ച് തുള്ളിച്ചാടി നടക്കുന്ന രവീന്ദ്രൻ എന്ന ആനയെ അവർക്ക് കണ്ടിഷ്ടമാകുന്നത്. ആദ്യകാഴ്ചയിലെ കൗതുകവും ഇഷ്ടവും പിന്നീടവനെ അവിടെ നിർത്തിപ്പോരാൻ അവരെ അനുവദിച്ചില്ല. അങ്ങനെ കോടനാട് രവീന്ദ്രൻ അവരുടെ രവിക്കുട്ടനായി. ഞള്ളിയിൽ വക്കച്ചന്റെ ആന എന്ന പേരിൽ അവൻ നാട്ടിൽ പരിചിതനായി. മറ്റൊരാൾ നടയ്ക്കിരുത്താനായി അവനുവേണ്ടി വിലപേശിയതിനാൽ അന്നത്തെ ഏറ്റവും ഉയർന്ന വിലയ്ക്കാണു കുട്ടിക്കൊമ്പനെ വാങ്ങിയത്. 

ravi2
ഇ.ടി ജോർജും രവിയും (പഴയ ചിത്രം)

കുഞ്ഞനാന വീട്ടിലെത്തിയ 1966 ഫെബ്രുവരിയിലെ ആ ദിവസം ഡോ. കുഞ്ഞമ്മയുടെ ഓർമയിൽ ഇന്നുമുണ്ട്. 

‘അന്നു സ്കൂളിൽ നിന്നു വരുമ്പോൾ വീടിനു ചുറ്റും വലിയൊരു ജനക്കൂട്ടം തന്നെയുണ്ടായിരുന്നു. വലിയൊരു പോത്തിന്റെ വലുപ്പം മാത്രമുള്ള ഒന്നര വയസ്സുകാരൻ കുഞ്ഞനാന എല്ലാവർക്കും കൗതുകമായി. വളരെപ്പെട്ടെന്നു തന്നെ അവൻ ആ നാടിന്റെ ഓമനയായി മാറി. ഞങ്ങളുടെ പറമ്പിനെത്തന്നെ രണ്ടായി മുറിച്ച് ഒരു പുഴ ഒഴുകുന്നുണ്ടായിരുന്നു. അത്യാവശ്യം വെള്ളമുള്ള ആ പുഴയിലിറക്കി ആനക്കുട്ടനെ കുളിപ്പിക്കുമ്പോൾ നാട്ടിലെ കുട്ടികളെല്ലാം ചകിരിയും സോപ്പുമായി അവനെ ഉരച്ചു കഴുകാനെത്തി. അവനൊപ്പം കുളിക്കുന്നതും കളിക്കുന്നതും സ്ഥിരം വിനോദമായി. നീരാട്ട് കഴി‍ഞ്ഞ രവി കരകയറി ഓടും. അപ്പോൾ അമ്മച്ചിയുടെ വക ഒരുരുളച്ചോറ് അവന്റെ അവകാശമായിരുന്നു.’ ഡോക്ടർ ഓർമകൾ പങ്കുവച്ചു. 

സുഖചികിത്സ, സുഖ ജീവിതം 

കുട്ടിക്കൊമ്പനു ദിവസവും പാലും പഴവും ശർക്കരയും ഉൾപ്പെടെയുള്ള ഭക്ഷണം ധാരാളമായി നൽകുമായിരുന്നു. കിണ്ടിയിൽ നിന്നു വായിലേക്കു പാലൊഴിച്ചു നൽകുന്നതും സുഖചികിത്സയ്ക്കായി അങ്ങാടിമരുന്ന് സൂത്രത്തിത്തിൽ ചോറിൽ കുഴച്ചു നൽകിയതുമൊക്കെ ഇന്നും ഇവരുടെ മുന്നിലുണ്ട്. 

കൊമ്പിന് വണ്ണവും നിറവും തിളക്കവും വരാൻ സ്ഥിരമായി ഉയർന്ന അളവിൽ ഈന്തപ്പഴവും ആഹാരത്തിന്റെ ഭാഗമാക്കി. 

വീട്ടിൽ വിശേഷ ദിവസങ്ങളിലെല്ലാം മാലപ്പടക്കവും വലിയ ഒച്ചയുള്ള പടക്കങ്ങളും വാങ്ങി പൊട്ടിച്ചു വെടിയും പുകയും പടക്കവും എല്ലാം നേരിടാൻ ചാച്ചൻ അവനു പരിശീലനം നൽകി. അക്കാലത്തു ചെറിയ ശബ്ദങ്ങളെപ്പോലും പേടിയുള്ള അവനെ അടുത്തു നിന്നു സമാധാനിപ്പിക്കാൻ ചാച്ചൻ പ്രത്യേകം ശ്രദ്ധിച്ചു- ആന്റു എന്ന ആന്റണി ജോർജ് പറഞ്ഞു. 

ഏഴു വയസ്സു മുതൽ കൂപ്പിൽ തടി വലിപ്പിക്കാൻ കൊണ്ടുപോകുമായിരുന്നു. അവിടെയും കൊച്ചിനു പറ്റുന്ന ചെറിയ തടികൾ നൽകാൻ ചാച്ചൻ സ്ഥിരം ഇടപെടലുകൾ നടത്തി. പിന്നെയും കുറെ നാളുകൾക്കു ശേഷമാണു പുറത്തു തടി വലിക്കാൻ വിട്ടുതുടങ്ങിയത്. അപ്പോഴും ആദ്യം ചാച്ചൻ നേരിൽച്ചെന്നു തടികൾ കണ്ട് ഉറപ്പു വരുത്തുമായിരുന്നു. 

മുലപ്പാൽ നൽകി പോറ്റിയ അടുപ്പം 

ഇ.ടി. ജോർജിനു മക്കൾ 11 അല്ല 12 ആണെന്നു എല്ലാവരും പറയുമായിരുന്നു. മക്കളിൽ പത്താമനായ ആന്റണി ജോർജിനെക്കാൾ അഞ്ച് വയസ്സു മൂത്തതായിരുന്നു രവി. ഞങ്ങളെ കൊഞ്ചിക്കേണ്ട സമയത്തും ചാച്ചൻ അവനെയാണു കൂടുതൽ സ്നേഹിച്ചതെന്ന് ആന്റണി പരിഭവം പറഞ്ഞു. ആന്റണിയുടെ ഭാര്യ കുഞ്ഞുമോൾ മൂന്നാമത്തെ മകനെ പ്രസവിച്ച് കിടക്കുമ്പോഴാണ് രവിക്കുട്ടന് എരണ്ടക്കെട്ട് അസുഖം വരുന്നത്. ഗ്ലൂക്കോസ് കൊണ്ടു മാത്രം ജീവൻ പിടിച്ചു നിർത്തിയ നാളുകൾ. അന്ന് ആ അസുഖം വന്നതിൽ അതിജീവിച്ച ആനകൾ അപൂർവം. കൊച്ചിനെ രക്ഷപ്പെടുത്താൻ പലവഴി തേടി അലഞ്ഞ ചാച്ചൻ ഒരു പച്ചമരുന്നിനെക്കുറിച്ചു കേട്ടറിഞ്ഞു. ആ പച്ചമരുന്നു മുലപ്പാലിൽ ചാലിച്ച് ആനയുടെ നെറുകയിലിടണം. ഒരു നിമിഷം പോലും ആലോചിക്കാതെ ചാച്ചൻ ചെറിയൊരു കുപ്പിയുമായി കുഞ്ഞുമോളുടെ അടുത്തെത്തി. ‘കൊച്ചിന്റെ അസുഖം മാറാൻ ഇച്ചിരി പാൽ വേണം’. ഉത്സവത്തിനു പോയി ഉറക്കമിളച്ചു വരുമ്പോൾ വീടിന്റെ മുറ്റത്തെ മണൽക്കൂമ്പാരത്തിൽ ഇവനും ചാച്ചനും കൂടി കിടക്കും. ചാച്ചന്റെ കൈ തുമ്പിക്കൈ കൊണ്ടു കെട്ടിപ്പിടിച്ചേ അവൻ കിടക്കൂ. ‍ചാച്ചൻ അനങ്ങില്ല. കുഞ്ഞമ്മ ഡോക്ടർ പറഞ്ഞു. 

ഓർമശക്തി 

ഞങ്ങളുടെ മൂത്ത സഹോദരന്റെ മകൾ ചെറുപ്പത്തിൽത്തന്നെ മരിച്ചു പോയിരുന്നു. വീടു മുഴുവൻ സങ്കടത്തിൽ മുങ്ങിപ്പോയ ദിവസം. മരിച്ചതിന്റെ അന്നും ഇവനായി ആനത്തറയിൽ ചോറ് വച്ചിട്ടുണ്ടായിരുന്നു. എന്നാൽ അവനതു തൊട്ടില്ല. അവൻ വാതിൽക്കൽ വരെ വന്നു കുറച്ചു നേരം കുനിഞ്ഞു കിടന്ന ശേഷം തിരികെപ്പോയി. ആനയക്ക് ഇത്തരത്തിലുള്ള വികാരങ്ങളുണ്ടെന്ന് കുടുംബം തിരിച്ചറിഞ്ഞത് അന്നായിരുന്നു. പിന്നീട് മെഡിസിനു പഠിക്കുന്ന സമയത്ത് ഹോസ്റ്റലിൽ നിന്നു തിരിച്ചുവരുന്ന വഴി കവലയിൽ വച്ച് അവനെന്നെ കണ്ടു. പെട്ടെന്നുതന്നെ അവിടുന്ന് എന്റെയടുത്തു വന്നു സാരിയിലൊക്കെ ഉരുമ്മി നിന്നു. കുഞ്ഞമ്മ ആനച്ചന്തമുള്ള ഓർമകൾ പങ്കിട്ടു. 

ചാച്ചന്റെ മരണം 

രവിക്കുട്ടനെ ആകെ തകർത്തുകളഞ്ഞ സംഭവമാണു ചാച്ചന്റെ മരണം. 1993ലാണു ചാച്ചൻ മരിക്കുന്നത്. കുറച്ചു നാളായി കിടപ്പിലായിരുന്ന ചാച്ചൻ, രവിയെ ഒന്നു കാണണം എന്ന് മരിക്കുന്നതിന്റെ തലേന്നുതന്നെ കുഞ്ഞമ്മയോടു പറഞ്ഞിരുന്നു. എന്നാൽ അസുഖം കൂടി പിറ്റേന്നു രാവിലെ ചാച്ചൻ ഞങ്ങളെ വിട്ടുപോയി. കോടി പുതപ്പിച്ച ചാച്ചനെയാണ് അന്നു രവി കാണുന്നത്. ചേട്ടന്റെ കുഞ്ഞ് മരിച്ചപ്പോഴുള്ള അവന്റെ വിഷമം കണ്ടിട്ടുള്ളതിനാൽ ഇതിനോട് അവൻ എങ്ങനെ പ്രതികരിക്കും എന്നു ഞങ്ങൾക്കും പേടിയുണ്ടായിരുന്നു. കുറെ നേരം അനങ്ങാതെ നിന്ന രവി പതിയെ മുന്നോട്ടുവന്നു മുറ്റത്തു കുമ്പിട്ടു കിടന്ന് ഉറക്കെ ചിന്നം വിളിച്ചുകൊണ്ടിരുന്നു. അലറിക്കരഞ്ഞ ആനയെ ഏറെ പാടുപെട്ടാണ് അന്നു തളച്ചത്. പിന്നീട് മൂന്നു ദിവസത്തോളം രവി ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ല. 

രവിക്കുട്ടനെ നഷ്ടപ്പെട്ട സമയം 

ചാച്ചന്റെ മരണം മാനസികമായി രവിക്കുട്ടനെ ഒരുപാടു തകർത്തു. അവൻ ഒരുതരം വിഷാദരോഗത്തിലേക്കു വഴുതിവീണു.  ഭക്ഷണം രുചിച്ചുപോലും നോക്കാതായതോടെ ‍ഡ്രിപ്പിടേണ്ടി വന്നു. ചാച്ചന്റെ അഭാവത്തിൽ ജോയിച്ചേട്ടൻ പൂർണമായും സംരക്ഷണം ഏറ്റെടുത്തങ്കിലും അവൻ ഒട്ടും സഹകരിക്കാതെയായി. ക്രമേണ വിവിധ രോഗങ്ങളും പിടിപെട്ടു. 1995 കാലഘട്ടത്തിൻ 6–7 ലക്ഷം രൂപ മുടക്കി പരിചരിച്ചു. എന്നാൽ ചാച്ചന്റെ ഓർമകളിൽ വിഷാദത്തിലായ രവിയെ വീട്ടിൽ നിന്നു മാറ്റി നിർത്തിയാൽ വ്യത്യാസമുണ്ടാകും എന്നു കരുതി കുടുംബം അവനെ വേദനയോടെ വിൽക്കാൻ തയാറായി. 

1996ൽ 30 വർഷത്തെ സഹവാസം അവസാനിപ്പിച്ചു തോട്ടിയും ചങ്ങലയും മറ്റൊരാൾക്കു കൈമാറിയപ്പോൾ കുഞ്ഞമ്മയും സഹോദരങ്ങളും വിങ്ങിപ്പൊട്ടി. 

പുതിയ വീട്ടിലെ ആനവിശേഷങ്ങൾ അറിയാൻ ആദ്യകാലങ്ങളിൽ കുടുംബം സ്ഥിരമായി അവിടെ എത്തുമായിരുന്നു. എന്നാൽ പതിറ്റാണ്ടുകൾ പിന്നിട്ടതോടെ ആ കണ്ണി അകന്നു. മറ്റൊരു കുട്ടിക്കൊമ്പനെ ജോയി വാങ്ങിയെങ്കിലും രവിക്കു പകരമാകാൻ അവനു കഴിയില്ലെന്നു മനസ്സിലായതോടെ വിറ്റു. 

കണ്ടെത്തൽ 

കാലചക്രം വീണ്ടും ഉരുണ്ടു. രവിക്കുട്ടൻ കുളമാക്കിൽ ജയകൃഷ്ണനായി പേരുമാറി. ഡോ. കുഞ്ഞമ്മ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് അനസ്തീസിയ വിഭാഗം മേധാവിയായി വിരമിച്ച് തൊടുപുഴ അൽ–അസ്ഹർ ആശുപത്രിയിൽ ചുമതലയേറ്റു. കഴിഞ്ഞ ഓഗസ്റ്റ് 12ന് ലോക ഗജദിനത്തിലാണു കാൽ നൂറ്റാണ്ടിനു മുൻപുള്ള രവിയോർമകൾ അവർ സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുന്നത്. 

രവിയെ അന്വേഷിച്ചുകൊണ്ടുള്ള അവരുടെ പോസ്റ്റ് കവി റോസ്മേരിയും എഴുത്തുകാരി ശാരദക്കുട്ടിയും ഏറ്റെടുത്തു. ജോയിയുടെ മകൻ ജോഷി മാത്യുവിനെ അതിനായി ചുമതലപ്പെടുത്തി. നാളുകളുടെ അന്വേഷണത്തിനൊടുവിൽ എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും സിപിഐ ആലപ്പുഴ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ ജി. കൃഷ്ണ പ്രസാദിന്റെ ആലപ്പുഴയിലെ വീട്ടിൽ കുളമാക്കിൽ ജയകൃഷ്ണനായി അവനുണ്ടെന്ന വിവരം കിട്ടി. 

കൊല്ലത്തും വർക്കലയിലും ഉടമസ്ഥർ മാറി ഒടുവിൽ 15 വർഷം മുന്നേയാണ് കൃഷ്ണപ്രസാദിന്റെ പക്കലെത്തിയത്. ചെറുപ്പത്തിലേ അമങ്ങിപ്പോയ വാലും മുറിച്ചു വിട്ട നിലയിലുള്ള ഇടത്തേ ചെവിയും രവിക്കുട്ടനെ തിരിച്ചറിയാൻ വഴിയായി. 

ആലപ്പുഴയിലേക്ക് രവിക്കുട്ടനെ കാണാൻ 

കോവിഡും മറ്റു പ്രതിസന്ധികളും കൂടിക്കാഴ്ച ദീർഘിപ്പിച്ചു. കഴിഞ്ഞ ദിവസം ഡോ. കുഞ്ഞമ്മ ജോർജും, ഭർത്താവ് പുത്തൻപുരയിൽ പി.ജെ. ജോസഫും ആന്റണി ജോർജും ഭാര്യ കുഞ്ഞുമോൾ ആന്റണിയും സഹോദരന്റെ മക്കളായ മാത്തുക്കുട്ടി ജോർജും ജോഷി മാത്യുവും ചേർന്ന് കുളമാക്കിൽ ജയകൃഷ്ണനെന്ന രവിക്കുട്ടനെ കാണാനെത്തി. 57 വയസ്സു പിന്നിട്ട രവിക്കുട്ടൻ വാർധക്യത്തിന്റെ അവശതകളിൽ വിശ്രമജീവിതം നയിക്കുകയാണ്. പഴവും ശർക്കരയും നൽകി ‘കൊച്ചേ കഴിക്കെടാ’ എന്ന സ്നേഹലാളനയിൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു. അവനൊപ്പം ഏറെ നേരം ചെലവിട്ടു ഡോ. കുഞ്ഞമ്മയും കുടുംബവും തിരിച്ചുപോകാനിറങ്ങിയപ്പോൾ തുമ്പിക്കൈ ഉയർത്തി അവൻ ഉറക്കെ ചിന്നം വിളിച്ചുകൊണ്ടേയിരുന്നു. 

English Summary: Elephant story, Sunday special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com