ADVERTISEMENT

വീടിന്റെ തൊട്ടടുത്ത് തിയറ്ററുള്ളതുകൊണ്ട് അവിടെ വരുന്ന തമിഴ് -ഹിന്ദി സിനിമകളിലെ പാട്ടുകൾ ഞാൻ കാണാതെ പഠിക്കുമായിരുന്നു. കൊച്ചുകൊച്ചു കവിതകൾ എഴുതിത്തുടങ്ങിയ കാലമായിരുന്നു അത്. കാണാതെ പഠിച്ച ഹിന്ദിപ്പാട്ടുകളുടെയും തമിഴ് പാട്ടുകളുടെയും ഈണങ്ങളിൽ മലയാളത്തിൽ വരികൾ എഴുതി സ്വയം പാടി ആസ്വദിക്കുന്നത് എന്റെ പതിവായി. ഞാൻ ഒറ്റയ്ക്കിരുന്നു പാടുന്നത് അമ്മയുടെ കണ്ണിൽപ്പെട്ടിരുന്നു. ആദ്യമൊന്നും അമ്മയ്ക്കു കാര്യം മനസ്സിലായില്ല. ‘എന്തോന്നാടാ ഒറ്റയ്ക്കിരുന്നു പിറുപിറുക്കുന്നെ ...പുസ്തകമെടുത്തു നാലക്ഷരം പഠിക്കാൻ നോക്ക്.’ എന്നു പറഞ്ഞ് അമ്മ വീണ്ടും തന്റെ ജോലി തുടരും. അപ്പോൾ ഞാൻ ഇൻഡോറിൽ നിന്ന്‌ ഔട്ട് ഡോറിലേക്കു മാറും. ഇങ്ങനെ പാടുന്ന വരികൾ ഒരിക്കലും എവിടെയും എഴുതി വയ്ക്കുന്ന പതിവില്ല. പുതിയ വരികൾ പാടുമ്പോൾ പഴയ വരികൾ മറക്കും. ഇങ്ങനെയൊരു പശ്ചാത്തലം ഞാൻ തന്നെ സൃഷ്ടിച്ചതുകൊണ്ട് ഇന്നും ഞാൻ ഓരോ പാട്ടും പാടിക്കൊണ്ടാണ് എഴുതുന്നത്. ഓരോ പാട്ടിനും എന്റേതായ ഓരോ ഈണമുണ്ട്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ചലച്ചിത്ര സംവിധായകരിൽ ഒരാളായ ബിമൽറോയ് നിർമിച്ച് അദ്ദേഹം തന്നെ സംവിധാനം ചെയ്ത ദോ ബീഗാ സെമീൻ എന്ന സിനിമ പുറത്തു വന്നത് 1953ലാണ്. എനിക്കന്ന് 13 വയസ്സ്. ബോംബെയിലും മറ്റും പ്രദർശിപ്പിച്ച് മാസങ്ങൾക്കു ശേഷമാണ് അതു കേരളത്തിൽ വന്നത്. ഇന്ന് ആ സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് അഭിമാനിക്കാൻ ഏറെ വകയുണ്ട്. ആ സിനിമയുടെ കഥയെഴുതിയത് സലിൽചൗധരിയാണ്. ചിത്രത്തിന്റെ സംഗീതസംവിധായകനും അദ്ദേഹം തന്നെ. പിൽക്കാലത്ത് പ്രശസ്ത ഫിലിം എഡിറ്ററും സംവിധായകനുമായി വളർന്ന ഋഷീകേശ് മുഖർജി ആ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. കാനു ഘോഷ് അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടർ. ദോ ബീഗാ സെമീനിലെ ‘ധർത്തി കഹേ, പുകാർ കേ, ബീജ് ബിഛാലേ പ്യാർ കേ മൗസം ബീത്താ ജായേ...’ എന്ന പാട്ടിന്റെ ഈണത്തിലും തുടർന്നു വന്ന മറ്റൊരു ബിമൽറോയ് ചിത്രമായ ‘മധുമതിയിലെ ദിൽ തടപ് തടപ് കെ കഹ് രഹാ ഹേ ആഭി ജാ തൂ ഹംസേ ആംഖ് ന ചുര, തുഝേ കസം ഹൈ ആഭി ജാ’, ‘ആജാരേ.....പരദേശി ... മേ തോ കബ് സെ ഘടീ ഇസ് പാർയേ അംഖിയാം ഥക് ഗയി പംഥ് നിഹാർ’ തുടങ്ങിയ പാട്ടുകളുടെ ഈണങ്ങളിലും ഞാൻ മലയാളത്തിൽ എന്തൊക്കെയോ എഴുതി. ആ നാളുകളിൽ സലിൽചൗധരിയെ നേരിട്ട് കാണുന്നതുപോലും നടക്കാൻ സാധ്യതയില്ലാത്ത വിദൂര സ്വപ്നമായിരുന്നു. ഗാനരചയിതാവായി സിനിമയിൽ പ്രവേശിച്ചു മൂന്നു വർഷം കഴിഞ്ഞപ്പോൾ സലിൽ ചൗധരിയുടെ പ്രധാന സഹായിയായ കാനുഘോഷ് പാടിത്തന്ന ഈണങ്ങൾക്കനുസരിച്ച് പാട്ടുകൾ എഴുതാൻ എനിക്കു ഭാഗ്യമുണ്ടായി. സുദിൻമേനോൻ സംവിധാനം ചെയ്ത നാഴികക്കല്ല് ആയിരുന്നു സിനിമ. നാഴികക്കല്ലിന്റെ സംഭാഷണവും ഞാനാണ് എഴുതിയത്.

‘നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്ന ജാലം ’ എന്ന ഗാനവും ‘ചെമ്പവിഴച്ചുണ്ടിൽ ചെത്തിപ്പഴക്കവിളിൽ ചുംബനമുന്തിരിപ്പൂവുണ്ടോ’ എന്ന ഗാനവും ‘ഏതോ രാവിൽ ജീവന്റെ തംബുരു പാടി’ എന്ന ഗാനവും ‘ ചന്ദനത്തൊട്ടിൽ ഇല്ല ചാമരത്തൊട്ടിൽ ഇല്ല ചെന്താമര കണ്ണനുണ്ണി വാ..വാ..വോ..’ എന്ന താരാട്ടും അങ്ങനെ രൂപം കൊണ്ടു.

1972ൽ എന്റെ ഗുരുനാഥനായ പി.സുബ്രഹ്മണ്യം മുതലാളി കാട് എന്ന സിനിമ ഹിന്ദിയടക്കം അഞ്ചു ഭാഷകളിൽ നിർമിച്ചു. വേദ്പാൽവർമ പാടിത്തന്ന ഈണത്തിൽ ഞാൻ എഴുതിയ ‘ഏഴിലംപാല പൂത്തു പൂമരങ്ങൾ കുട പിടിച്ചു വെള്ളിമലയിൽ, വേളിമലയിൽ...’ എന്ന ഗാനമടക്കം ഏഴു പാട്ടുകളുള്ള ആ ചിത്രത്തിന്റെ എഡിറ്റർ ഋഷീകേശ് മുഖർജി ആയിരുന്നു, സംവിധായകനിർമാതാവായ പി.സുബ്രഹ്മണ്യത്തിന്റെ മദ്രാസിലെ ടി-നഗറിലുള്ള വീട്ടിൽ നടന്ന കഥാചർച്ചയിലും ഗാനചർച്ചയിലും ഋഷികേശ് മുഖർജിയോടൊപ്പം പങ്കെടുക്കാൻ എനിക്കു സാധിച്ചു. ആ ബന്ധം അദ്ദേഹം കേന്ദ്രഫിലിം സെൻസർ ബോർഡിന്റെ ചെയർമാൻ ആയ കാലം വരെയും നിലനിന്നു. എന്റെ കത്തുകൾക്ക് അദ്ദേഹം കൃത്യമായി മറുപടി അയയ്ക്കുമായിരുന്നു. ഒരു സിനിമയുടെ ക്ലൈമാക്‌സും ദുഃഖപര്യവസായിയാകരുത് എന്ന് അദ്ദേഹം എന്നെ ഉപദേശിച്ചത് എനിക്കിന്നും ഓർമയുണ്ട്. സംവിധായകൻ പോസിറ്റീവ് ആയി ചിന്തിക്കണമെന്നും സിനിമ കണ്ടിട്ട് തിയറ്ററിൽ നിന്ന്‌ ആളുകൾ മടങ്ങുന്നത് പ്രത്യാശയോടുകൂടിയാകണമെന്നും അദ്ദേഹം പറഞ്ഞു. ആദ്യകാലത്ത് താനും നെഗറ്റീവ് ആയി ചിന്തിച്ചിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

ശ്രീകുമാരൻ തമ്പി (ഫയൽ ചിത്രം)
ശ്രീകുമാരൻ തമ്പി

കാനു ഘോഷിനോടൊപ്പം നാഴികക്കല്ല് എന്ന ചിത്രത്തിൽ പ്രവർത്തിച്ചതിനു ശേഷം ആറു കൊല്ലം കഴിഞ്ഞാണ് സലിൽചൗധരിയുമായി ചേർന്നു പാട്ടുകളൊരുക്കാൻ എനിക്ക് അവസരം കിട്ടിയത്. വിഷുക്കണി ആയിരുന്നു ഞങ്ങൾ ഒരുമിച്ച ആദ്യചിത്രം. തമിഴ്നാട്ടുകാരനായ ആർ.എം. സുന്ദരം ആയിരുന്നു വിഷുക്കണിയുടെ നിർമാതാവ്. മദനോത്സവം എന്ന സിനിമ നിർമിച്ചതും ആർ.എം.സുന്ദരമാണ്. തെലുങ്കിൽ ഹിറ്റ് ആകുന്ന സിനിമകൾ മലയാളത്തിലേക്കും തമിഴിലേക്കും ഡബ് ചെയ്തു വിതരണക്കാർക്കു വിൽക്കുന്ന ഒരു ചെറിയ നിർമാതാവായിരിക്കുമ്പോൾ തന്നെ ആർ.എം.സുന്ദരത്തെ എനിക്കറിയാമായിരുന്നു. വിഷുക്കണി എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതാൻ ആർ.എം.സുന്ദരം എനിക്ക് അഡ്വാൻസ് തന്നു. ശശികുമാറാണു സംവിധായകൻ. മദനോത്സവത്തിന് ഒഎൻവിയാണു പാട്ടുകൾ എഴുതിയത്. സംവിധായകൻ എൻ .ശങ്കരൻനായരാണ് പാട്ടുകൾ ഒഎൻവി തന്നെ എഴുതണമെന്നു തീരുമാനിച്ചത്. റിക്കോർഡിങ് കഴിഞ്ഞപ്പോൾത്തന്നെ മദനോത്സവത്തിലെ ഗാനങ്ങൾ എല്ലാം ഹിറ്റ് ആകുമെന്ന് അതുമായി ബന്ധപ്പെട്ടവർക്ക് ഉറപ്പുണ്ടായിരുന്നു. സലിൽ ചൗധരിക്ക് ഒഎൻവിയെയും വയലാറിനെയും മുൻപുതന്നെ അടുത്തറിയാം. അവർ മൂന്നുപേരും കമ്യൂണിസ്റ്റുകാരാണ്. സോവിയറ്റ് യൂണിയന്റെ സുവർണകാലത്ത് സജീവമായിരുന്ന ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷനിൽ (ഇപ്റ്റ) അവർ അംഗങ്ങളാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയും പാർട്ടി രണ്ടായതിനു ശേഷം റഷ്യയോടൊപ്പം നിന്ന സിപിഐ വിഭാഗവും റഷ്യയും തമ്മിലുള്ള സാംസ്കാരിക വിനിമയങ്ങളിൽ ഇപ്റ്റ നിർണായകമായ പങ്കുവഹിച്ചിരുന്നു. ഇപ്റ്റയുടെ സമ്മേളനസ്ഥലങ്ങളിൽ അവർ വളരെ മുൻപുതന്നെ പരിചയക്കാരായി. എന്നാൽ ഞാൻ ഏകനാണ്. അതുകൊണ്ടു തന്നെ സലിൽ ചൗധരിക്ക് എന്റെ പേരു പറഞ്ഞപ്പോൾ ഒട്ടും പരിചയം തോന്നിയില്ല. ചെമ്മീൻ, രാസലീല, നീലപ്പൊന്മാൻ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം വയലാറുമായി സഹകരിച്ചു. വയലാർ അന്തരിച്ചതിനു ശേഷം ഒഎൻവിയാണ് സലിൽചൗധരിയോടൊപ്പം പ്രവർത്തിച്ചത്. വിഷുക്കണിക്കു വേണ്ടി ഗാനങ്ങൾ എഴുതുന്നത് ഞാനാണെന്നറിഞ്ഞപ്പോൾ ‘മിസ്റ്റർ തമ്പിയെ എനിക്കു പരിചയമില്ല. ഈ ചിത്രത്തിനും ഒഎൻവി തന്നെ മതി.’ എന്നാണു സലിൽചൗധരി പറഞ്ഞത്. ഞാനും അദ്ദേഹവുമായി നേരിട്ടു സംസാരിച്ചിട്ടില്ല. ഞാൻ അദ്ദേഹത്തെ അകലെ നിന്നു കണ്ടിട്ടേയുള്ളു. 

ആർ.എം. സുന്ദരം മലയാളത്തിലേക്കു ഡബ്ബ് ചെയ്ത പടങ്ങൾക്ക് ചെറിയ പ്രതിഫലം വാങ്ങി ഞാൻ പാട്ടുകൾ എഴുതിക്കൊടുത്തിട്ടുണ്ട്. വിഷുക്കണിയുടെ സ്ക്രിപ്റ്റും ഞാൻ എഴുതുന്നു. ഈ കാരണങ്ങളാൽ എന്നെ മാറ്റിനിർത്താനാവില്ലെന്നു നിർമാതാവായ സുന്ദരം തീർത്തുപറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ ശശികുമാർസാറും അതിനോടു യോജിച്ചു. അങ്ങനെ മനസ്സില്ലാമനസ്സോടെയാണു സലിൽ ചൗധരി എന്നോടൊപ്പം പ്രവർത്തിക്കാമെന്നു സമ്മതിച്ചത്. കംപോസിങ്ങിനായി ഞാൻ അദ്ദേഹത്തിന്റെ ഹോട്ടൽ മുറിയിലേക്കു കടന്നു ചെന്ന മുഹൂർത്തം എനിക്കൊരിക്കലും മറക്കാനാവില്ല. ചിത്രമേളയ്ക്കു പാട്ടെഴുതിക്കഴിഞ്ഞ് ട്യൂൺ കേൾക്കാൻ ആഗ്രഹിച്ച് ദേവരാജൻ മാസ്റ്ററുടെ മുറിയിൽ ചെന്നപ്പോൾ എനിക്കു ലഭിച്ച അവഗണന തന്നെയാണു സലിൽ ചൗധരിയിൽ നിന്ന് ആദ്യം ലഭിച്ചത്. ഞാൻ അദ്ദേഹത്തിന്റെ മുറിയുടെ മുൻപിൽ ചെന്ന് കോളിങ് ബെല്ലിന്റെ സ്വിച്ച് അമർത്തി. സലിൽദാ എന്ന് എല്ലാവരും സ്നേഹപൂർവം വിളിക്കുന്ന മഹാനായ ആ സംഗീതജ്ഞൻ വന്നു കതകു തുറന്നു. ഞാൻ കൂപ്പുകൈയോടെ സ്വയം പരിചയപ്പെടുത്തി. എന്റെ പേര് പറഞ്ഞു. അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിലുള്ള അഭിമാനവും ആഹ്ലാദവുമൊക്കെ നിറച്ച ഒരു പുഞ്ചിരി സമ്മാനിച്ചു. എന്നാൽ അദ്ദേഹം ഒരു മന്ദഹാസം തിരിച്ചു തന്നില്ല. അനിഷ്ടഭാവത്തിൽ എന്നെ നോക്കി. ഒട്ടും ആത്മാർഥതയില്ലാതെ ഇരിക്കാൻ ആംഗ്യം കാട്ടി. തിരക്കഥാകൃത്ത് എന്ന നിലയിൽ ചിത്രത്തിൽ പാട്ടുകൾ വരുന്ന സന്ദർഭങ്ങൾ കുറിച്ച കടലാസ് നിർമാതാവ് വഴി ഞാൻ അദ്ദേഹത്തിന്റെ കൈകളിൽ എത്തിച്ചിരുന്നു. അദ്ദേഹം ആ കടലാസെടുത്ത് മുൻപിൽ വച്ച് അതിൽ കണ്ണോടിച്ചുകൊണ്ടു പറഞ്ഞു. ‘ ആദ്യം നമുക്ക് ആ ലല്ലബി നോക്കാം. നിങ്ങളെ എനിക്കറിയില്ല. നിങ്ങളുടെ കപ്പാസിറ്റിയുടെ അളവും അറിയില്ല. ഞാൻ തരുന്നതു വളരെ പ്രയാസമുള്ള ഒരു ട്യൂൺ ആണ്. പല്ലവി അൽപം വലുതാണ്. ട്രൈ ചെയ്തു നോക്കൂ. എഴുതാൻ പറ്റുന്നില്ലെങ്കിൽ ഞാൻ കുറെക്കൂടി സിംപിൾ ആയ ഒരു ട്യൂൺ തരാം’. എനിക്ക് കാലിന്റെ തള്ളവിരലിൽ നിന്ന് ഒരു വിറയൽ അനുഭവപ്പെട്ടു. ഇങ്ങനെ അപമാനിതനായി എന്തിനീ ജോലി ചെയ്യണം?. അദ്ദേഹം തനിക്ക് ഇഷ്ടമുള്ള ഒഎൻവിയെക്കൊണ്ട് പാട്ടുകൾ എഴുതിക്കട്ടെ. എനിക്ക് ദക്ഷിണാമൂർത്തിയോ അർജുനനോ എം.എസ്. വിശ്വനാഥനോ മതി... പെട്ടെന്ന് ഞാൻ സ്വയം നിയന്ത്രിച്ചു. ദോ ബീഗാ സമീൻ, മധുമതി, ചെമ്മീൻ തുടങ്ങിയ സിനിമകളിലെ പാട്ടുകൾ ഓർമയിലെത്തി. എപ്പോഴും ഓർക്കാറുള്ള സ്വാമി വിവേകാനന്ദന്റെ വാക്കുകൾ മെല്ലെ എന്റെ ബോധത്തെ തലോടി. അവഹേളനങ്ങളിലൂടെ മാത്രമേ നിനക്ക് അഭിനന്ദനങ്ങളുടെ സോപാനത്തിൽ എത്താൻ കഴിയൂ. അദ്ദേഹം ഹാർമോണിയത്തിൽ വിരലുകളോടിച്ച് ട്യൂൺ പാടാൻ തുടങ്ങി. ‘തന തനനാനാ...തന തനനാന ...’ അപ്പോൾ ഞാൻ പറഞ്ഞു,‘ ഓരോ വരിയായി പാടി താങ്കൾ ബുദ്ധിമുട്ടേണ്ടതില്ല. പാട്ടിന്റെ മുഴുവൻ ട്യൂൺ പാടുക, ഞാൻ അത് എന്റെ ടേപ് റിക്കോർഡറിൽ എടുക്കാം. പിന്നെ അതു കേട്ടെഴുതിക്കൊള്ളാം.’ കാസറ്റ് കാലമാണ്. ഞാൻ ഒരു ചെറിയ ടേപ് റിക്കോർഡറും കാസറ്റും കയ്യിൽ കരുതിയിരുന്നു. അദ്ദേഹം താരാട്ടു പാട്ടിന്റെ പല്ലവിയും അനുപല്ലവിയും ചരണങ്ങളും തനതനനാനാ .. രീതിയിൽ പാടി. ഞാനത് കാസറ്റിന്റെ എ-സൈഡിൽ റിക്കോർഡ് ചെയ്തു. അദ്ദേഹത്തിന്റെ അനുവാദത്തോടെ അടുത്ത മുറിയിൽ പോയിരുന്ന് ആദ്യം ട്യൂൺ പഠിച്ചു. പത്തു പതിനഞ്ചു മിനിറ്റുകൊണ്ട് പല്ലവി എഴുതിത്തീർത്തു. പിന്നെ കാസറ്റ് റീവൈൻഡ് ചെയ്ത് ബി സൈഡിൽ അദ്ദേഹത്തിന്റെ ഈണം കേട്ട് എഴുതിയ വരികൾ ഞാൻ പാടി റിക്കോർഡ് ചെയ്‌തു. സലിൽ ദായുടെയടുത്തു ചെന്ന് പല്ലവി എഴുതിക്കഴിഞ്ഞു എന്നു പറഞ്ഞു. ‘ വരികൾ പറഞ്ഞു തരൂ. ഞാൻ എഴുതിയെടുക്കാം. ട്യൂൺ ശരിയാകുന്നുണ്ടോ എന്നു നോക്കണമല്ലോ.’പല്ലവി ഞാൻ പാടിയിട്ടുണ്ട്. കേട്ടുനോക്കൂ. " എന്നു പറഞ്ഞു ഞാൻ ടേപ്പ് റിക്കോർഡർ ഓൺ ചെയ്‌തു. ആ വരികൾ ഇതാണ്.

‘മലർക്കൊടി പോലെ വർണത്തുടി പോലെ, മയങ്ങൂ നീയെൻ മടി മേലെ അമ്പിളീ നിന്നെ പുൽകി അംബരം പൂകീ ഞാൻ മേഘമായ് നിറസന്ധ്യയായ് ഞാനാരോമലേ വിടർന്നെന്നിൽ നീയൊരു പൊൻതാരമായ് ഉണരൂ കനവു കണ്ടുണരാനായ് ഉഷസ്സണയുമ്പോൾ ...’

അദ്ദേഹം ഞാൻ പാടിയ പല്ലവി രണ്ടു പ്രാവശ്യം കേട്ടു. അതുവരെ അദ്ദേഹത്തിന്റെ മുഖത്തു പടർന്നു കത്തിയിരുന്ന നീരസം മെല്ലെ മായാൻ തുടങ്ങി. കണ്ണടച്ച് അൽപനേരം ആലോചിച്ചിരുന്നതിനു ശേഷം അദ്ദേഹം പറഞ്ഞു. ‘ വരികളും ഈണവും കൃത്യം. പക്ഷേ എനിക്ക് ഈ വരികളുടെ അർഥം കൂടി പറഞ്ഞുതരണം ’ എനിക്ക് അറിയാവുന്ന ഹിന്ദിയും ഇംഗ്ലിഷും കലർത്തി ഞാൻ ഓരോ വാക്കിന്റെയും അർഥം പറഞ്ഞുകൊടുത്തു. അതുവരെ അടച്ചുവച്ചിരുന്ന ചിരിയുടെ പെട്ടി അദ്ദേഹം തുറന്നു. ഏറെനേരം നീണ്ടുനിന്ന ഒരു മന്ദസ്മിതം പുറത്തു വന്നു ‘ശരി. ചരണങ്ങൾ കൂടിയെഴുതൂ’ ഞാൻ അടുത്ത മുറിയിൽ പോയി വീണ്ടും ട്യൂൺ കേട്ട് പാട്ടിന്റെ ബാക്കി ഭാഗം കൂടി എഴുതിത്തീർത്തു. അതും കാസറ്റിൽ പാടി അദ്ദേഹത്തിന്റെ മുൻപിൽ വച്ചു. വീണ്ടും ഹിന്ദി -ഇംഗ്ലിഷ് മണിപ്രവാളത്തിൽ അർഥം വിശദീകരിച്ചു. പിന്നീട് സലിൽദാ ഒട്ടും ആലോചിച്ചില്ല എനിക്കു കൈ തന്നു. എഴുന്നേറ്റ് എന്നെ കെട്ടിപ്പിടിച്ചു. 

‘ഞാൻ കണ്ട ഏറ്റവും വേഗമുള്ള എഴുത്തുകാരൻ. ആരോ എന്നെ വല്ലാതെ തെറ്റിദ്ധരിപ്പിച്ചു. സോറി. നമുക്ക് ഇനിയും ധാരാളം പാട്ടുകൾ ചെയ്യണം’ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷം.! ഇതു ഞാൻ പറയുന്ന പൊങ്ങച്ചമല്ല. യേശുദാസിനോടൊപ്പം അന്നു പഴ്‌സനൽ അസിസ്റ്റന്റിനെപ്പോലെ പ്രവർത്തിച്ചിരുന്ന വയലിനിസ്റ്റ് കുഞ്ഞുണ്ണിയോടും സലിൽദാ ഇതേ അഭിപ്രായം പറയുകയുണ്ടായി. കുഞ്ഞുണ്ണി ഈ വിഷയം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് വയലിനിസ്റ്റ് കുഞ്ഞുണ്ണി ദീർഘകാലം ഇളയരാജായുടെ ഓർകസ്ട്രയുടെ ഭാഗമായി മാറി. ഓണവും ചിങ്ങക്കൊയ്ത്തും വിഷയമാകുന്ന അടുത്ത പാട്ടും അദ്ദേഹം പാടിയ താനന...താനന...തന്നാ നാനാനാ കേട്ടു ഞാൻ വളരെ പെട്ടെന്നെഴുതി ‘പൂവിളി പൂവിളി പൊന്നോണമായി നീ വരൂ നീ വരൂ പൊന്നോണത്തുമ്പി ഈ പൂവിളിയിൽ മോഹം പൊന്നിൻ മുത്തായ്‌ മാറ്റും പൂവയലിൽ നീ വരൂ ഭാഗം വാങ്ങാൻ. അങ്ങനെ രണ്ടു സിറ്റിങ്ങുകളിൽ ഞങ്ങൾ വിഷുക്കണിയിലെ ആറു പാട്ടുകളും തീർത്തു. ആറാമത്തെ പാട്ട് എഴുതുന്നതിനു മുൻപ് സലിൽദാ പറഞ്ഞു. ‘എന്റെ കയ്യിൽ ഒരു ട്രിക്കി ട്യൂൺ ഉണ്ട്. തമ്പിക്ക് അത് എഴുതാൻ കഴിയും. പല്ലവിയിൽ ആദ്യത്തെ രണ്ടു വരികളിലും ഓരോ വാക്കിലും രണ്ട് അക്ഷരങ്ങളേ ഉണ്ടാകാൻ പാടുള്ളു.’ അതിനു മറുപടിയായി ഞാൻ പറഞ്ഞു. രണ്ടക്ഷരങ്ങൾ വീതമുള്ള വാക്കുകൾകൊണ്ട് പല്ലവി എഴുതാം .ഒരു വാക്കിൽ മൂന്ന് അക്ഷരങ്ങൾ വന്നാൽ അടുത്ത വാക്കിൽ ഒരു അക്ഷരമേ ഉണ്ടാകൂ. അപ്പോൾ അഡ്ജസ്റ്റ് ചെയ്തു പാടാൻ കഴിയും. നായികയെ കൂട്ടുകാരി സ്നേഹപൂർവം കളിയാക്കുന്ന പാട്ടാണത് എന്നും ഓർക്കുക.

അങ്ങനെയാണ് വാണിജയറാം പാടിയ ‘കണ്ണിൽ പൂവ് ചുണ്ടിൽ പാല് തേന് കാറ്റിൽ തൂവും കസ്തൂരി നിൻ വാക്ക്‌ എന്ന ഗാനത്തിന്റെ പല്ലവി പിറന്നത്’. മലർക്കൊടി പോലെ... എന്ന താരാട്ട് യേശുദാസും എസ്. ജാനകിയും പാടിയിട്ടുണ്ട്. പി.സുശീല പാടിയ രാപ്പാടി പാടുന്ന രാഗങ്ങളിൽ നിലാവാടുന്ന യാമങ്ങളിൽ നിന്നരികിൽ ഒരു നിഴലായ് ഞാൻ വന്നൊരു ഗദ്ഗദമായ് എന്ന ഗാനവും ജയചന്ദ്രൻ പാടിയ ‘പൊന്നുഷസ്സിൻ ഉപവനങ്ങൾ പൂവിടും പുലരീഭൂപാളം കേൾക്കും അവളും പൊൻവെയിലും വെളിച്ചം തരും... തരും...’ എന്ന ഗാനവും മരമടി മത്സരത്തിൽ കർഷകർ പാടുന്ന ഹേയ് ... മുന്നോട്ടു മുന്നോട്ടു കാളേ മുന്നിൽ തെയ്യാട്ടം തുള്ളെടാ കാളേ മാരി പെയ്ത മണ്ണ് മഞ്ഞ് പെയ്ത മണ്ണ് മാനം കാത്ത മണ്ണ് മാടം പോറ്റും മണ്ണ് ഈ മണ്ണുഴുതു നമ്മൾ നെന്മണികൾ തൂവും നാളെ നമ്മൾ പൊന്നു കൊയ്തിടും എന്ന സംഘഗാനവും വിഷുക്കണിയിൽ ഉണ്ടായിരുന്നു. യേശുദാസും സംഘവുമാണ് ഇതു പാടിയത് ‘ഏതോ ഒരു സ്വപ്നം’ എന്ന ചിത്രം തുടങ്ങുമ്പോൾ ഞാൻ സലിൽദായെ ഫോണിൽ വിളിച്ചു. ‘ഞാൻ സ്വന്തമായി നിർമിക്കുന്ന പുതിയ പടത്തിനു സലിൽദാ മ്യൂസിക് ഡയറക്ടർ ആവണം. ഇതു ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പടമാണ്. സലിൽദായ്ക്ക് ഞാൻ എന്തു പ്രതിഫലം തരണം. ? ’ സലിൽദായുടെ മറുപടി എന്നെ അദ്‌ഭുതപ്പെടുത്തി. ‘തമ്പി ഇപ്പോൾ എനിക്ക് സ്വന്തം അനുജനെപ്പോലെയാണ്. അനുജന്റെ സിനിമയ്ക്ക് ജ്യേഷ്ഠൻ മ്യൂസിക് ചെയ്യുന്നു. ഇവിടെ പ്രതിഫലത്തിന്റെ പ്രശ്നമേയില്ല.’ ‘അങ്ങനെ പറയരുത്. ഒരു തുക വാങ്ങിയേ പറ്റൂ.’ ആ സിനിമയുടെ ബജറ്റ് അനുസരിച്ച് മ്യൂസിക് ഡയറക്ടർക്ക് എത്ര കൊടുക്കാൻ സാധിക്കും എന്നു നോക്കൂ. തമ്പി എത്ര ചെറിയ തുക തന്നാലും ഞാൻ എണ്ണിനോക്കാതെ സ്വീകരിക്കും.’ എന്നെക്കാൾ കൂടുതൽ പ്രായോഗിക ബുദ്ധിയുള്ള സലിൽദാ ഒരു നിർദേശം കൂടി എന്റെ മുന്നിൽ വച്ചു. ‘റിക്കോർഡിങ് മദ്രാസിൽ വച്ചാൽ തമ്പിക്ക് ഒരുപാടു പണം ചെലവാകും. ഞാനും എന്റെ ഭാര്യയും മദ്രാസിൽ വരുന്നതിന് അങ്ങോട്ടും ഇങ്ങോട്ടും നാല് പ്ലെയിൻ ടിക്കറ്റ്. അവിടെ ഒരു ഫൈവ്സ്റ്റാർ ഹോട്ടലിൽ എന്റെ താമസം. എനിക്ക് യാത്രചെയ്യാൻ കാർ... അതുകൊണ്ട് ഒരു കാര്യം ചെയ്യൂ. എഴുത്തുകാരനും സംവിധായകനും നിർമാതാവും എല്ലാം തമ്പി തന്നെയല്ലേ. തമ്പി ബോംബെയിലേക്കു വരൂ. ഇവിടെ വെസ്റ്റേൺ ഔട്ട് ഡോർ എന്നൊരു സ്റ്റുഡിയോ ഉണ്ട്. അവിടെ കോൾഷീറ്റ് ചാർജ് കുറവാണ്. ഇപ്പോൾ ഹിന്ദിയിൽ പാടുന്നതുകൊണ്ട് യേശുദാസ് ബോംബയിൽ കൂടെക്കൂടെ വരും. യേശുദാസുമായി ആലോചിച്ച് തിയതി നിശ്ചയിക്കാം. അങ്ങനെ ഞാൻ ബോംബെയിലേക്കു പോയി. തന്റെ ഫിയറ്റ് കാറുമായി സലിൽദാ എയർപോർട്ടിൽ വന്നു. എനിക്കു വേണ്ടി അദ്ദേഹം ഹോട്ടൽ അംബാസഡറിൽ ഒരു മുറി ബുക്ക് ചെയ്തിരുന്നു. ഹോട്ടൽ മുറിയിൽ വന്നു മാനേജരെ വിളിച്ച് എന്നെ വേണ്ട വിധത്തിൽ ശ്രദ്ധിക്കണമെന്നു പറഞ്ഞിട്ട് വീട്ടിലേക്കു പുറപ്പെടും മുൻപ് സലിൽദാ പറഞ്ഞു. ‘രാവിലെ എട്ടരയ്ക്കു റെഡിയായിരിക്കണം. ഞാൻ കാറുമായി വരും. ബ്രേക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം എന്റെ വീട്ടിൽ. നമ്മൾ എന്റെ വീട്ടിലിരുന്നു പാട്ടുകൾ ചെയ്യും. അതിനും തമ്പി വേറെ പണം ചെലവാക്കേണ്ട’.

പറഞ്ഞതുപോലെ അടുത്ത പ്രഭാതത്തിൽ സലിൽദാ സ്വന്തമായി ഡ്രൈവ് ചെയ്ത് അദ്ദേഹത്തിന്റെ ഫ്ലാറ്റിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. സലിൽദായുടെ ഭാര്യയും ഗായികയുമായ സബിതാചൗധരി വിളമ്പിത്തന്ന ഭക്ഷണം കഴിച്ച്, രണ്ടു ദിവസം കൊണ്ട് സലിൽദാ തന്ന ട്യൂൺ അനുസരിച്ച് ഞാൻ നാലു പാട്ടുകൾ എഴുതി. ആ പാട്ടുകളെല്ലാം മലയാളികൾക്ക് മനഃപാഠമാണ്. ഒന്ന്- ശ്രീപദം വിടർന്ന സരസീരുഹത്തിൽ- ജനനീ അടിയൻ തൂകുമീ ഹൃദയരാഗം പൊൻപരാഗമായ് അണിയൂ അണിയൂ ദേവി.

രണ്ട്- പൂമാനം പൂത്തുലഞ്ഞേ പൂവള്ളിക്കുടിലിലെന്റെ കരളുണർന്നോ കിളീ, തെളിഞ്ഞു പുഴയും വയലും പൊന്നോണം കാത്തനെഞ്ചും

മൂന്ന്- ഒരു മുഖം മാത്രം കണ്ണിൽ, ഒരു സ്വരം മാത്രം കാതിൽ ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ. നാല്– പൂ നിറഞ്ഞാൽ പൂമുടിയിൽ മധുമധുരം നീ കനിഞ്ഞാൽ ഓർമകളിൽ അതിമധുരം സലിൽദാ പറഞ്ഞതുപോലെ വെസ്റ്റേൺ ഔട്ട് ഡോർ എന്ന സ്റ്റുഡിയോയിൽ പാട്ടുകൾ റിക്കോർഡ് ചെയ്‌തു. പാട്ടുകൾക്കും പശ്ചാത്തലസംഗീതത്തിനും ഹരിപ്രസാദ് ചൗരസ്യയാണ് പുല്ലാങ്കുഴൽ വായിച്ചത്. പണ്ഡിറ്റ് ശിവകുമാർ ശർമ റീറിക്കോർഡിങ്ങിൽ സരോദ് വായിച്ചു. ബോംബെയിൽ റെക്കോർഡിങ് നടത്തിയതുകൊണ്ടാണ് ഇതു സാധിച്ചത്. രണ്ടു വർഷം കഴിഞ്ഞ് സുബ്രഹ്‍മണ്യം കുമാർ നിർമിച്ച് ഞാൻ സംവിധാനം ചെയ്ത പുതിയ വെളിച്ചം എന്ന ചിത്രത്തിലും സലിൽദാ സംഗീതസംവിധായകനായി. ജയൻ നായകനും ശ്രീവിദ്യ നായികയുമായ പുതിയ വെളിച്ചത്തിലും സലിൽദായുടെ സംഗീതം ഉജ്വലമായിരുന്നു. മാധവിക്കുട്ടിയുടെ (കമലാദാസ്) ഒരു കഥയെ ആസ്പദമാക്കി അവളും നഗരവും എന്ന പേരിൽ ഒരു സിനിമ പൂർണമായും ബോംബയിൽ ഷൂട്ട് ചെയ്യാൻ ഞാൻ പദ്ധതിയിട്ടിരുന്നു. കഥയുടെ ഒരു പ്രാഥമിക രൂപം അവർ എഴുതിത്തരികയും ചെയ്തു. അതിന്റെ സംഗീതസംവിധായകനും സലിൽദാ ആയിരുന്നു. ആ സമയത്ത് സലിൽദായുടെ ആദ്യഭാര്യയിലെ പുത്രിയുടെ വിവാഹം തീരുമാനിച്ചു. സലിൽദാ ആ വിവരം അറിയിക്കാൻ എന്നെ വിളിച്ചു. അവളും നഗരവും എന്ന സിനിമയുടെ പ്രതിഫലം അഡ്വാൻസായി കിട്ടിയാൽ സഹായകരമായിരിക്കും എന്നു സലിൽദാ എന്നെ അറിയിച്ചു. അടുത്ത ദിവസം തന്നെ ഞാൻ ഒരു തുകയ്ക്ക് എന്റെ ചെക്ക് അയച്ചുകൊടുത്തു. ക്രമേണ ഞാൻ സാമ്പത്തികമായി തകർച്ചയിലേക്കു നീങ്ങി. ചലച്ചിത്രനിർമാണം നിലച്ചു. ഒരു ദിവസം കൊൽക്കത്തയിൽ നിന്നു സലിൽദാ എന്നെ വിളിച്ചു. ‘തമ്പി തന്ന അഡ്വാൻസ് എന്റെ കയ്യിലിരിക്കുന്നു.ആ സിനിമ എടുക്കുന്നില്ലേ? ഈ പണം ഞാൻ എന്തു ചെയ്യണം ? ’ അപ്പോൾ ഞാൻ ഇങ്ങനെ മറുപടി പറഞ്ഞു. ‘ഒരിക്കൽ സലിൽദാ പറഞ്ഞു, ഞാൻ സലിൽദായുടെ അനുജനാണെന്ന്. ആ പണം ഞാൻ എന്റെ ജ്യേഷ്ഠന്റെ മകൾക്കു നൽകിയ സമ്മാനമാണ് .അതൊരിക്കലും തിരിച്ചു തരരുത്.." അൽപനേരത്തെ മൗനത്തിനു ശേഷം സലിൽദാ പറഞ്ഞു. ‘താങ്ക് യു ബ്രദർ’

വിയോജനക്കുറിപ്പിനു മറുപടി

 

എന്റെ സുഹൃത്ത് ഹരിഹരൻ എഴുതിയ വിയോജനക്കുറിപ്പ് വായിച്ചു. അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ച് ഞാൻ മോശമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. ശരപഞ്ജരം കണ്ട് ജയന്റെ അമ്മയ്ക്ക് ദുഃഖം ഉണ്ടായി എന്നും പറഞ്ഞിട്ടില്ല .തുടർച്ചയായി വരുന്ന ചിത്രങ്ങളിലെല്ലാം മകൻ ദുഷ്ടകഥാപാത്രങ്ങളെ മാത്രം അവതരിപ്പിക്കുന്നതു കണ്ടപ്പോൾ ജയന്റെ അമ്മയ്ക്ക് വിഷമമുണ്ടായി എന്നാണു ഞാൻ പറഞ്ഞത്. ജയനെ നായകനാക്കി എന്ന അഹങ്കാരമൊന്നും എനിക്കില്ല. നന്മ ചെയ്യുന്ന കഥാപാത്രമായി അഭിനയിക്കണം എന്ന ആഗ്രഹമാണ് ജയൻ എന്നോടു പറഞ്ഞത്. ജയൻ അഭിനയിച്ച ഹരിഹരന്റെ പഞ്ചമിയും ശരപഞ്ജരവും മികച്ച ചിത്രങ്ങൾ തന്നെയാണ്. ഏതോ ഒരു സ്വപ്നത്തിനു ശേഷം ഞാൻ സംവിധാനം ചെയ്ത നാല് ചിത്രങ്ങളിൽ കൂടി ജയൻ അഭിനയിച്ചു. ഐ.വി.ശശിയുടെ അങ്ങാടി എന്ന ചിത്രമാണു ജയനെ ഉയരങ്ങളിൽ എത്തിച്ചത്. ഏതായാലും ഹരിഹരനു വിഷമമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ പരമ്പര പുസ്തകമാക്കുമ്പോൾ ഹരിഹരനു വിഷമമുണ്ടാക്കിയ ഭാഗം നീക്കം ചെയ്യുന്നതായിരിക്കും.

English Summary: Karuppum veluppum mayavarnangalum-Sreekumaran Thampi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com