ADVERTISEMENT

1994 ജൂലൈ 14. സ്ഥലം ഉത്തർപ്രദേശിലെ മീററ്റ്. ഞാൻ അന്നവിടെ ആർമിയുടെ ഒരു ബ്രിഗേഡിന്റെ വാർത്താവിനിമയ വകുപ്പിന്റെ ചുമതലയിലാണ്. നിർത്താതെ പെയ്തിരുന്ന മഴയിൽ യുപിയുടെ പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല ഉണ്ടായിരുന്ന ഞാൻ, ഒരു ദുരിതാശ്വാസ സംഘത്തെ കാണാനായി ബൈക്കിൽ യാത്ര തിരിക്കേണ്ടി വന്നു. ജീപ്പ് ഉണ്ടായിരുന്നെങ്കിലും അതു സ്റ്റാ‍ർട്ട് ആയില്ല. ആ ടീമിനെ കണ്ടു വേണ്ട നിർദേശം നൽകി മടങ്ങുമ്പോൾ വൈകിട്ട് 7 മണിയായിക്കാണും. ഘോരമഴ തുടരുകയാണ്. കൂരിരുട്ട്. റോഡിൽ വാഹനങ്ങൾ തീരെ കുറവ്. എതിർവശത്തു നിന്നു ബൈക്ക് വരുന്നതു കണ്ടു. നിമിഷനേരം കൊണ്ട് ആ ബൈക്ക് ഇടതുവശത്തെ ഹെഡ്‌ലൈറ്റ് മാത്രം പ്രകാശിച്ചിരുന്ന വലിയ ഒരു ട്രക്ക് ആയി എന്റെ തൊട്ടുമുന്നിൽ. പിന്നെയൊന്നും ഓർമയില്ല.

ഇടിയുടെ ആഘാതത്തിൽ ഞാനും ബൈക്കും റോഡരികിലെ ഒരു ചെളിക്കുഴിയിൽ. ട്രക്ക് നിർത്താതെ പോയി. ഓടിക്കൂടിയ കുറച്ചുപേർ എന്നെ പുറത്തെടുത്തു. അവർ കൈ കാണിച്ച പല വാഹനങ്ങളും നിർത്തിയില്ല. ഒടുവിൽ ഓട്ടം നിർത്തി വീട്ടിലേക്കു മടങ്ങുകയായിരുന്ന സൈക്കിൾ റിക്ഷക്കാരനെ നിർബന്ധിച്ചു പിടിച്ചു നിർത്തി എന്നെ അതിൽ കയറ്റി. ശരീരത്തിൽ നിന്ന് അപ്പോഴും വാർന്നൊഴുകിയിരുന്നത് ചോരയോ ചെളിവെള്ളമോ മഴവെള്ളമോ? നാലു കിലോമീറ്റർ അകലെയുള്ള ഗവൺമെന്റ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു.

പെട്ടെന്നാണ് ഒരു വെള്ള ഓംനി വാൻ റിക്ഷയുടെ മുന്നിൽ വന്നു നിന്നത്. മഴയത്തു കുട പോലും ഇല്ലാതെ ഒരു മനുഷ്യൻ ചാടി ഇറങ്ങി ചോരയിൽ മുങ്ങിക്കിടന്നിരുന്ന എന്റെ അടുത്തേക്കു വന്നു. ജീവനുണ്ടെന്ന് മനസ്സിലായപ്പോൾ അദ്ദേഹം റിക്ഷക്കാരനോട് എങ്ങോട്ടാണു കൊണ്ടുപോകുന്നതെന്നു ചോദിച്ചു. ഗവണ്മെന്റ് ആശുപത്രിയിലേക്ക് എന്നു കേട്ടപ്പോൾ അദ്ദേഹം ക്ഷോഭത്തോടെ പറഞ്ഞു: ‘ഒരു കിലോമീറ്റർ അകലെ പൊതുശ്‌മശാനം ഉണ്ട്. റിക്ഷയിൽ അവിടം വരെ എത്തുമ്പോഴേക്കും ഇയാൾ മരിച്ചോളും.’

    പിന്നെ അദ്ദേഹം വാനിൽ ഉണ്ടായിരുന്ന ഭാര്യയെയും മകളെയും ഇറക്കി അടുത്തുണ്ടായിരുന്ന ഒരു കടയിൽ ഇരുത്തി വാൻ റിക്ഷയുടെ അരികിലേക്കു കൊണ്ടുവന്ന് എന്നെ വാനിലേക്ക് കയറ്റി. ഞാൻ ആരാണെന്ന് അദ്ദേഹത്തിന് അറിയില്ല. പക്ഷേ അദ്ദേഹം എന്നെ മൂന്നു കിലോമീറ്റർ അകലെയുള്ള മിലിറ്ററി ആശുപത്രിയിലേക്കാണു കൊണ്ടുപോയത്. ഇത്തരം കേസുകൾ ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ ആർമി ഡോക്ടർമാർക്കുള്ള കഴിവ് അദ്ദേഹത്തിന് അറിയാമായിരുന്നിരിക്കണം.!

        കാഷ്വൽറ്റിയിൽ പാന്റ്സ് മുറിച്ചു മാറ്റുമ്പോൾ പോക്കറ്റിൽ നിന്നു കിട്ടിയ ഒരു കത്തിൽ നിന്നുമാണ് ഞാൻ ക്യാപ്റ്റൻ പത്മനാഭൻ ആണെന്നും എൻജിനീയർ ബ്രിഗേഡിൽ ആണെന്നും അദ്ദേഹം മനസ്സിലാക്കിയത്. ജൂനിയർ ഡോക്ടർ ഉണ്ടായിരുന്നിട്ടും പ്രധാന സർജൻ എത്തുന്നതു വരെ അദ്ദേഹം കൂടെയുണ്ടായിരുന്നു. 7 ദിവസങ്ങൾക്കു ശേഷം എന്നെ ഡൽഹിയിലെ ആർമി ആശുപത്രിയിലേക്കു മാറ്റുന്നത് വരെയും അദ്ദേഹം എന്നും വന്നു കാര്യങ്ങൾ അന്വേഷിച്ചിരുന്നു. അദ്ദേഹം ഡോ. ആർ.തുക്കറാൾ ആയിരുന്നെന്ന് മാസങ്ങൾക്കു ശേഷമാണ് ഞാൻ അറിയുന്നത്. ഡിസ്ചാർജ് ആയതിനു ശേഷം അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്ന് അവരുടെ കൂടെ ഭക്ഷണം കഴിച്ചിട്ടുണ്ട്. ഒരിക്കൽ അദ്ദേഹം തന്നെ അന്നത്തെ അതേ വാനിൽ എന്നെയും ഇരുത്തി അപകടം നടന്ന സ്ഥലത്ത് കൊണ്ടുപോയി അന്നു നടന്ന സംഭവങ്ങൾ വിവരിച്ചു തന്നപ്പോഴാണു മുഴുവൻ കാര്യങ്ങളും ഞാൻ അറിഞ്ഞത്.

അന്ന് ആശുപത്രിയിൽ എത്തിയ ഉടനെ രക്തം പരിശോധിച്ചപ്പോൾ എന്റെ ഹീമോഗ്ലോബിൻ കൗണ്ട് 2.9 മാത്രമായിരുന്നത്രെ. എന്നെ ആശുപത്രിയിൽ എത്തിക്കുന്നത് ഏതാനും മിനിറ്റുകൾ കൂടി വൈകിയിരുന്നെങ്കിൽ...

   1997-ൽ ഞാൻ മീററ്റിൽ നിന്നു സ്ഥലം മാറിയപ്പോൾ യാത്ര അയയ്ക്കാൻ ഡോ. തുക്കറാൾ വന്നിരുന്നു. സ്വന്തം കുടുംബത്തെ ഘോരമഴയത്ത് വഴിയിലിറക്കി എന്നെ മിലിറ്ററി ആശുപത്രിയിൽ തന്നെ എത്തിച്ച, എന്റെ രക്ഷകനോട് എന്റെ ജീവിതം കടപ്പെട്ടിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com