60 വർഷം...ഒരേയൊരു ഷീല

actress sheela
നടി ഷീല
SHARE

ഷീലയുടെ മലയാള സിനിമാഭിനയത്തിന് 60 വർഷം. ദക്ഷിണേന്ത്യയിൽ ഒരു സിനിമയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ ഒറ്റയ്ക്ക് നിർവഹിച്ച ആദ്യ വനിത. കയറ്റങ്ങളും ഇറക്കങ്ങളും ഒറ്റയ്ക്കു പിന്നിട്ട ഷീല മനസ്സു തുറക്കുന്നു.

ഭാഗ്യജാതകത്തിൽ ഷീല അഭിനയിച്ചത് 1962ൽ. അറുപതു വർഷമായി. ഇന്നും ഷീലയ്ക്കു സമശീർഷയായി മലയാള സിനിമയിൽ ഷീല മാത്രം. വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലായി അഞ്ഞൂറോളം സിനിമകൾ. മലയാളത്തിൽ മാത്രം മുന്നൂറോളം വേഷങ്ങൾ. അക്കാലത്തു നായകനെക്കാൾ പ്രതിഫലം വാങ്ങിയ ഒരേ ഒരു നായിക. ദക്ഷിണേന്ത്യയിൽ ഒരു സിനിമയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ ഒറ്റയ്ക്കു നിർവഹിച്ച ആദ്യ സ്ത്രീ ഷീലയാണ്. മലയാളത്തിൽ രണ്ടു സിനിമകൾ അവർ സംവിധാനം ചെയ്തു. മൂന്നു സിനിമകൾക്കു കഥയെഴുതി. മുപ്പതോളം ചെറുകഥകളും രണ്ടു നോവലും പ്രസിദ്ധീകരിച്ചു. ചിത്രകാരിയാണ്. ഇരുപത്തിരണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം അഭിനയരംഗത്തു മടങ്ങിവന്നു മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടി. ചെന്നൈയിലെ മൈലപ്പൂരിൽ ‘ഷീല കാസിൽ’ എന്ന അതിവിശാലമായ വീട്ടിൽ മകൻ ജോർജ് ആന്റണിക്കും മരുമകൾ സ്മിതയ്ക്കും പേരക്കുട്ടികൾ അഥീനയ്ക്കും അഡ്രീയയ്ക്കുമൊപ്പം താരപ്രൗഢിയോടെ ഷീല ജീവിക്കുന്നു. 

സിനിമാപ്രവർത്തകർക്ക് എന്നും അവർ ഷീലാമ്മയാണ്. എങ്കിലും, ഷീലയ്ക്കു കേരളം എന്താണു തിരിച്ചു കൊടുത്തത് ? 2018ൽ വളരെ വൈകിയ ഒരു ജെ.സി.ഡാനിയേൽ പുരസ്കാരം മാത്രം.  ലോകത്ത് ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച പ്രണയജോടിയാണു പ്രേംനസീർ-ഷീല. പ്രേംനസീറിനെ നാൽപതു വർഷം മുൻപേ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. പക്ഷേ, ആ ഗിന്നസ് റെക്കോർഡിന്റെ അവകാശിയായ ഷീലാമ്മയ്ക്ക് ഇന്നും ഒരു പത്മശ്രീ പുരസ്കാരം പോലും നൽകിയിട്ടില്ല. എങ്കിലും, പത്മശ്രീയും പത്മഭൂഷണും കിട്ടിയവരെക്കാൾ ഓർമിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു, ഈ നിത്യഹരിത നായിക. ഈ അഭിമുഖത്തിനായി കാണുമ്പോൾ അവരുടെ തൊട്ടിളയ സഹോദരൻ ജോർജ് രോഗക്കിടക്കയിലാണ്. രണ്ടു ദിവസത്തിനുശേഷം ഷീലാമ്മ മരണവാർത്ത അറിയിച്ചു. അവർ പറഞ്ഞു, ‘ജോർജിന്റെ മരണം വലിയ ആഘാതമായിരുന്നു. അവൻ ഇത്രവേഗം പോകുമെന്നു കരുതിയില്ല. ഏതായാലും ഞാൻ ഒരു വിൽപത്രം വർഷങ്ങൾക്കു മുൻപേ എഴുതി വച്ചിട്ടുണ്ട്. എന്റെ മരണശേഷം വൈദ്യുതശ്മശാനത്തിൽ സംസ്കരിക്കണം.  ചിതാഭസ്മം ഭാരതപ്പുഴയിൽ വിതറണം.’

 

ഷീലയുമായുള്ള സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ :

ആദ്യസ്റ്റുഡിയോയും സ്റ്റുഡിയോ അനുഭവങ്ങളും

ആദ്യ സിനിമ ‘പാശ’ത്തിന്റെ ഷൂട്ടിങ് മദ്രാസിലെ വാഹിനി സ്റ്റുഡിയോയിലായിരുന്നു. അഞ്ചോ ആറോ ഏക്കർ കാണും. അന്നൊരു വലിയ സ്ഥലം എന്നല്ലാതെ വേറെ വിവരമില്ല. ഇപ്പോൾ ഓർക്കുമ്പോൾ അതിശയം തോന്നും. ഇത്രയും സ്ഥലമൊക്കെ മെയിന്റയിൻ ചെയ്യുക എന്നൊക്കെ പറഞ്ഞാൽ...പത്തു പതിനഞ്ച് ഫ്ലോർ. ഒരേ സമയത്തു വിവിധ ഭാഷകളിലായി പത്ത് ഷൂട്ടിങ് ഒക്കെ നടക്കും. അന്നു ഞങ്ങൾക്കു കാരവൻ എന്നു പറഞ്ഞാൽ മരങ്ങളാണ്. മരത്തിന്റെ അടിയിലാണ് ഞങ്ങളൊക്കെ ഇരിക്കുന്നത്. ഇപ്പോൾ വാഹിനി സ്റ്റുഡിയോ ഇല്ല, ഉദയാ സ്റ്റുഡിയോ ഇല്ല. ആ സ്ഥലങ്ങളൊക്കെ കാണുമ്പോൾ ഭയങ്കര സങ്കടമാണ്. എന്റെ ഭാഗ്യസ്റ്റുഡിയോ ജെമിനി ആയിരുന്നു. ‘ചെമ്മീനി’ന്റെ ഇൻഡോർ ഷൂട്ടിങ് അവിടെയായിരുന്നു.  അവസാനം ഞാനും മധുവും കെട്ടിപ്പിടിക്കുന്ന സീനില്ലേ, ഞങ്ങളുടെ വാടകവീടിന്റെ ടെറസിലായിരുന്നു അതിന്റെ ഷൂട്ടിങ്. ആ വീടിന്റെ പിറകിൽ കുറെ മാവുകളുണ്ട്. ടെറസിൽ ശിഖരങ്ങളൊക്കെ ഉണ്ടായിരുന്നു. അവിടെ വച്ചാണ് ആ  സീൻ എടുത്തത്. 

ഊട്ടിയിൽ താമസിക്കുന്ന കാലത്തു പിതാവ് മരിച്ചു, അമ്മയും ഏഴു സഹോദരങ്ങളും ജീവിക്കാൻ പ്രയാസപ്പെട്ടു. കുടുംബം പുലർത്താൻ പതിമൂന്നു വയസ്സുകാരിയായ രണ്ടാമത്തെ മകൾ നാടകത്തിൽ അഭിനയിക്കാൻ കരാർ ഒപ്പുവച്ചു - അങ്ങനെയാണല്ലോ ഷീലാമ്മയുടെ അഭിനയജീവിതം ആരംഭിച്ചത്. ?

sheela
നടി ഷീല

അക്കാലത്തെ വലിയ അഭിനേതാക്കളായിരുന്നു എസ്.എസ്. രാജേന്ദ്രനും അദ്ദേഹത്തിന്റെ ഭാര്യ വിജയകുമാരിയും. അവരുടെ നാടകം ഊട്ടിയിൽ നടക്കുന്നു. ഞങ്ങൾ നാടകം കാണാൻ പോയി. എസ്.എസ്.രാജേന്ദ്രന്റെ ആദ്യ ഭാര്യ പങ്കജം മലയാളിയാണ്.  അമ്മ അവരോട് ഞങ്ങളുടെ കഷ്ടപ്പാടുകൾ പറഞ്ഞു. അവർ എന്നെ നോക്കി ചോദിച്ചു: ‘ഇവൾ നാടകത്തിൽ അഭിനയിക്കുമോ?’  അമ്മ പറഞ്ഞു: ‘ഓ അഭിനയിക്കും.’ ‘എങ്കിൽ ചെന്നൈയിൽ പോയിട്ടു കത്തെഴുതാം.’ അവർ പറഞ്ഞു. അതു കേട്ട് എനിക്കു ദേഷ്യം വന്നു. തിരിച്ചു വന്നു ഞാൻ അമ്മയോടു കയർത്തു. ‘അമ്മ എന്തിനാ ഞാൻ അഭിനയിക്കും എന്നു പറഞ്ഞത്? എനിക്ക് അഭിനയിക്കാൻ അറിയില്ല, ഇഷ്ടവുമല്ല.’ ‘പിന്നെ നമ്മൾ എങ്ങനെയാ ഈ കുടുംബം പുലർത്തുന്നത് എന്നു നീ പറ?’ അമ്മ തിരിച്ചു ചോദിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ അവരുടെ കത്തും ടിക്കറ്റിനുള്ള പൈസയും വന്നു. ഞാനും അമ്മയും കൂടി ചെന്നൈയിൽ പോയി. അങ്ങനെ എസ്എസ്ആറിന്റെ നാടകക്കമ്പനിയിൽ ചേർന്നു. 

ആദ്യ നാടകത്തെക്കുറിച്ചുള്ള ഓർമകൾ ?

‘രാജാ അണ്ണാമലൈ മൻട്രം’ എന്നായിരുന്നു നാടകത്തിന്റെ പേര്. ഒരു ശിൽപിയുടെ മകളാണു കഥാപാത്രം. അധികം സംഭാഷണങ്ങളൊന്നും ഇല്ല. ഒരു രാജാവ് വന്നു ശിൽപങ്ങൾ നോക്കുന്നതിനിടെ എന്നെക്കണ്ട് ‘ഈ ശിൽപം നല്ലതാണല്ലോ’ എന്നു പറയും. അപ്പോൾ ശിൽപി പറയും, അതു ശിൽപമല്ല എന്റെ മകളാണെന്ന്. ചെന്നൈയിലെ പാരിസിനടുത്തായിരുന്നു നാടകത്തിന്റെ ആദ്യ ഷോ. അതു കാണാൻ എംജിആറും സംവിധായകൻ ടി.ആർ. രാമണ്ണയും വന്നിരുന്നു. എന്നെ കണ്ടപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടു. അവർ സംസാരിച്ചു. രാമണ്ണ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിലേക്ക് ആ സ്റ്റേജിൽ വച്ചുതന്നെ എന്നെ ഉറപ്പിച്ചു. പതിമൂന്നു വയസ്സ് കഴിഞ്ഞേയുള്ളൂ.  അരങ്ങേറ്റ ദിവസംതന്നെ എന്റെ നാടകാഭിനയം അവസാനിച്ചു.

sheela-2
പ്രേം നസീറിനും മധുവിനുമൊപ്പം ഷീല

ക്യാമറയ്ക്കു മുന്നിലെ ആദ്യദിവസങ്ങൾ ?

പാശം തെലുങ്കിലും തമിഴിലും ഒരേ സമയം ഷൂട്ട് ചെയ്യുകയായിരുന്നു. ആദ്യത്തെ ഷോട്ടിൽ എൻടിആറും ശാരദയും അഭിനയിക്കുന്ന തെലുങ്ക്. അടുത്ത ഷോട്ടിൽ അതേ ലൈറ്റപ്പിൽ ഞാനും എംജിആറും അഭിനയിക്കുന്ന തമിഴ്. ശാരദയെ നോക്കി അഭിനയിക്കാൻ എന്നോടു പറയും. എംജിആർ സെറ്റിൽ എന്നോടു സംസാരിക്കാറില്ലായിരുന്നു. പക്ഷേ, അമ്മയോടു സംസാരിക്കും. അദ്ദേഹം പറഞ്ഞു: ‘ഷീല എന്ന പേരു വേണ്ട കേട്ടോ. അതു വളരെ ചെറുതാണ്. എന്റെ കസിൻ സിസ്റ്ററുണ്ട്- സുഭദ്രാ ദേവി. ആ പേരു വയ്ക്കാം’. അപ്പോൾ അമ്മ പറഞ്ഞു, ‘ഞങ്ങൾ നാട്ടിൽനിന്ന് എല്ലാവരെയും എതിർത്തിട്ടാണ് ഇവിടെ അഭിനയിക്കാൻ വന്നത്. പേരു മാറ്റിയാൽ അവർക്കാർക്കും മനസ്സിലാകില്ല ഷീലയാണ് അഭിനയിച്ചത് എന്ന്.’ ‘എങ്കിൽ ഷീലാ ദേവി എന്നു വയ്ക്കാം’ എന്നായി അദ്ദേഹം.      അങ്ങനെ ആ സിനിമയിൽ ഷീലാ ദേവി എന്നായിരുന്നു എന്റെ പേര്. ഷീല സെലിൻ എന്നായിരുന്നു മുഴുവൻ പേര്. സെലിൻ എന്റെ അച്ഛന്റെ അമ്മയാണ്. അച്ഛന്റെയും അമ്മയുടെയും രണ്ടാമത്തെ കുട്ടിയാണു ഞാൻ. ചേച്ചി ശരണ്യയും ഞാനും തമ്മിൽ പത്തു വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു. രണ്ടു സഹോദരൻമാരും എട്ടു സഹോദരിമാരുമാരുമുണ്ട്. മൂന്നു പേർ വളരെ ചെറുപ്പത്തിലേ മരിച്ചു. എന്റെ അനിയത്തിമാർ അനിത, ശോഭ, ലത. ആങ്ങളമാർ ജോർജും പീറ്ററും. 

മുഖ്യമന്ത്രിമാരായ എംജിആർ, എൻടിആർ, പിൽക്കാലത്തു ജയലളിത- എന്നിവരുടെ കൂടെ അഭിനയിച്ചു. 

അന്നെനിക്ക് എംജിആറിനെയും എൻടിആറിനെയും അറിയില്ലായിരുന്നു. ഞാൻ അവരുടെ സിനിമയൊന്നും കണ്ടിട്ടില്ല. വാർത്തകളും വായിച്ചിട്ടില്ല. അതുകൊണ്ട് എനിക്കു പേടിയൊന്നുമില്ലായിരുന്നു. ‘പാശ’ത്തിനുശേഷം എംജിആറിന്റെ ‘പുതിയ ഭൂമി’. അതു കഴിഞ്ഞു ‘പണത്തോട്ടം’. അതിൽ രണ്ടുമൂന്നു സീനേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് എനിക്കു മലയാളത്തിലും ഒരുപാട് സിനിമകൾ ഉണ്ട്. എംജിആറിന്റെ കോൾഷീറ്റ് പ്രകാരമാണ് ഷൂട്ടിങ്. അതു കിട്ടുംവരെ മറ്റൊരു സിനിമയ്ക്കും പോകാൻ പാടില്ലെന്നു പ്രൊഡക്‌ഷൻകാർ. പക്ഷേ, ഔട്ട്ഡോർ ഷൂട്ടിങ്ങിനുവേണ്ടി സത്യൻ മാഷും മലയാളത്തിലെ മറ്റ് വലിയ ആർട്ടിസ്റ്റുകളുമൊക്കെ ലൊക്കേഷനിൽ കാത്തിരിക്കുന്നതുകൊണ്ടു ഞാൻ കേരളത്തിലേക്കു പോയി. 

എംജിആറിനു വലിയ ദേഷ്യമായി. ആകെ രണ്ടു സീനിലാണ് ആ പടത്തിൽ അഭിനയിച്ചത്. ആ കഥാപാത്രത്തെ വെട്ടിമാറ്റി. അതോടെ എന്നോട് എംജിആറിനു കുറച്ചു പ്രയാസം ഉണ്ടായി. 

എങ്കിലും, ഒരിക്കൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ എംജിആർ എന്റെ വീട്ടിൽ വന്നു. അപ്പോൾ ജയലളിത വീട്ടിലുണ്ടായിരുന്നു. കുറച്ചുനേരം സംസാരിച്ചിട്ട് അദ്ദേഹം പോയി. വീട്ടിൽ വന്ന സമയത്ത് എന്റെ ഡ്രൈവർ അദ്ദേഹത്തോട് പറഞ്ഞു: 

‘എന്റെ മകളുടെ കല്യാണമാണു സാർ...’ എംജിആറിന്റെ കൂടെ എപ്പോഴും മാധവൻ എന്ന  ഒരാളുണ്ടാകും. ഉടനെ അയാളോടു പറഞ്ഞു, ‘അഡ്രസ് വാങ്ങിക്കോ’എന്ന്. ആ ഡ്രൈവറുടെ മകളുടെ കല്യാണത്തിനുള്ള മുഴുവൻ ആഭരണങ്ങളും നൽകി കല്യാണം നടത്തിക്കൊടുത്തത് എംജിആറാണ്. 

‘പാശ’ത്തിലാണ് ആദ്യം അഭിനയിച്ചതെങ്കിലും.  റിലീസ് ചെയ്തതു ‘ഭാഗ്യജാതക’മാണ്. ആദ്യ നായകനെ എങ്ങനെ ഓർക്കുന്നു?

അഭിനയിക്കാനുള്ള  ആത്മവിശ്വാസം തന്നതു സത്യൻ മാഷാണ്. മറക്കാൻ പറ്റാത്ത ഒരു ഓർമകളിലൊന്ന്, ‘ചെമ്മീൻ’ കഴിഞ്ഞ സമയം  സത്യൻ മാഷുമായി ഒരു മീറ്റിങ്ങിനു പോയതാണ്. തൃശൂരിൽ കടപ്പുറത്തിന്റെ അടുത്ത്. ഒരു വലിയ ജനക്കൂട്ടം. ആ സമയത്ത് ഒരാൾ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. മുറുക്കെപ്പിടിച്ചിരിക്കുകയാണ്. സത്യൻ പെട്ടെന്നു വന്ന് അയാളെ തള്ളി താഴെയിട്ടു നെഞ്ചത്ത് നാലഞ്ചു ചവിട്ട്. അന്നാണു ഞാൻ ഇൻസ്പെക്ടർ സത്യനെ കാണുന്നത്. അതുവരെ എനിക്ക് അറിയാവുന്നയാൾ ശബ്ദമുയർത്തി സംസാരിക്കുക പോലും ചെയ്യാത്ത ഒരാൾ. 

സിനിമ അവസാനിപ്പിച്ച തീരുമാനം?

എനിക്കു സിനിമ മതിയായിട്ടാണു നിർത്തിയത്. അത്രത്തോളം എനിക്കു മടുത്തിരുന്നു. ഈ ലോകമല്ലാതെ മറ്റൊരു ലോകം കാണണമെന്ന് എനിക്കാഗ്രഹം തോന്നി. മോനെ പ്രസവിച്ച് ഒരു മാസത്തിനകം ‘ചുക്ക്’ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഗർഭിണിയായിരിക്കെ എട്ടാം മാസം വരെ ഞാൻ ‘കന്യക’ എന്ന പടത്തിൽ അഭിനയിച്ചു. സിനിമാ അഭിനയം നിർത്താൻ  തീരുമാനിച്ച ദിവസം ഞാൻ നേരെ പോയി അരക്കിലോ മൈസൂർ പാക്ക് വാങ്ങിച്ചു. തടി വയ്ക്കുമെന്നു കരുതി അതുവരെ അതൊന്നും കഴിക്കില്ലായിരുന്നു. ഇന്നും മധുരമില്ലാതെ എനിക്കു ജീവിതമില്ല. 

ചേച്ചിയും അനിയത്തിമാരും ഇപ്പോൾ എവിടെയാണ്?

ചേച്ചി ശരണ്യയാണ് എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. ചേച്ചിയെ സേലത്തു  കല്യാണം കഴിച്ചു കൊടുത്തു. കുട്ടിയുണ്ടാകാൻ കുറെക്കാലമായി ചികിത്സയിലായിരുന്നു. പെട്ടെന്നൊരു ദിവസം അവൾക്കു വയറുവേദന വന്നു. ഡോക്ടറുടെ അടുത്തു ചെല്ലുമ്പോൾത്തന്നെ ആള് മരിച്ചു. ട്യൂബുലർ പ്രഗ്‌നൻസി ആയിരുന്നു. ഈ വീട്ടിലേക്കാണു ശരീരം കൊണ്ടുവന്നത്. എന്റെ തിരക്കിട്ട അഭിനയത്തിനൊപ്പം വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കേണ്ടതു പിന്നെ ഞാനായി. അന്നു ജയലളിത എന്നോടു ചോദിക്കും: ‘നീ എങ്ങനെയാ ഇതെല്ലാം ഒരുമിച്ച് നോക്കുന്നത്?’ എന്ന്. പിൽക്കാലത്ത് ഞാൻ അവരോടു തിരിച്ചു ചോദിച്ചിട്ടുണ്ട്, അന്നങ്ങനെ ചോദിച്ച ആൾ ഇപ്പോൾ ഈ നാടു മുഴുവൻ നോക്കുന്നില്ലേ എന്ന്. 

ഇനിയെനിക്ക് ഒരു ജൻമമില്ല, അമ്മയായിട്ടും സഹോദരിയായിട്ടും ഭാര്യയായിട്ടും ഞാൻ എല്ലാം അനുഭവിച്ചു. എന്റെ മോന്റെ അച്ഛനെപ്പറ്റി ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. രവിചന്ദ്രനെപ്പറ്റി. ഇപ്പോൾ പറയാം. സൂപ്പർ ഹിറ്റ് പടങ്ങളിൽ അഭിനയിച്ച ആളായിരുന്നു രവിചന്ദ്രൻ. 250 ദിവസം ഓടിയ പടങ്ങൾ. പക്ഷേ, മദ്യപാനമാണു രവിചന്ദ്രന്റെ അഭിനയജീവിതം തകർത്തത്. തമിഴിൽ മാർക്കറ്റ് കുറഞ്ഞപ്പോഴാണു മലയാളത്തിൽ അഭിനയിക്കാൻ വന്നത്. അദ്ദേഹം ഭാര്യയുമായി പിണങ്ങി വിവാഹമോചനം നേടി. ആ ബന്ധത്തിൽ മൂന്നു മക്കൾ ഉണ്ടായിരുന്നു. ജെ.ഡി.തോട്ടാൻ സംവിധാനം ചെയ്ത ‘ഓമന’ എന്ന സിനിമയിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചു. സംസാരിച്ച കൂട്ടത്തിൽ അനിയത്തിമാരുടെ കല്യാണം കഴിഞ്ഞെന്നു ഞാൻ പറഞ്ഞു. അമ്മയാണെങ്കിൽ അന്നു കിടപ്പാണ്. ജെ.ഡി. തോട്ടാനും രവിചന്ദ്രനും അടുത്ത കൂട്ടുകാരായിരുന്നു. തോട്ടാൻ ചോദിച്ചു, ‘നിങ്ങളുടെ ഭാര്യ പോയി, ഷീലാമ്മയും തനിച്ചാണ്,  നിങ്ങൾക്കു കല്യാണം കഴിച്ചുകൂടെ?’ പിന്നെ സേതുമാധവനും എം.ഒ.ജോസഫും നിർബന്ധിച്ചു. അങ്ങനെയാണ് ആ കല്യാണം കഴിഞ്ഞത്. എന്റെ മകൻ ജനിച്ചതു മുതൽ രവിചന്ദ്രൻ ഒപ്പം താമസിച്ചിരുന്നില്ല. മറ്റൊരു വീടുണ്ട്. അങ്ങോട്ടു പോകും. ഞാൻ അവിടെച്ചെന്നു താമസിക്കാൻ സമ്മതിക്കുകയുമില്ല. ഇവിടെ താമസിക്കാം എന്നു പറയും. പക്ഷേ, ഇവിടെ വന്നു രണ്ടു ദിവസം കഴിഞ്ഞ് അങ്ങോട്ടു പോകും. അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ടി നഗറിൽ ഉണ്ടായിരുന്നു. രവിചന്ദ്രനു മറ്റൊരു കുടുംബം കൂടിയുണ്ടെന്ന് പിന്നീടാണു ഞാൻ അറിഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു, ഇനി ഞാൻ നിങ്ങളുടെ കൂടെ ജീവിക്കില്ല. രണ്ടരക്കൊല്ലത്തിനുശേഷം ഞങ്ങൾ പിരിഞ്ഞു. ഞാനെത്രയോ പേരുടെ കല്യാണം നടത്തി. പക്ഷേ, എന്റെ വിവാഹജീവിതം മാത്രം ശരിയായില്ല. അതൊഴിച്ചാൽ ജീവിതത്തെക്കുറിച്ചു സന്തോഷമേയുള്ളൂ.

English Summary: Actress sheela, 60 years in Film industry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.