ADVERTISEMENT

ഒരു മനുഷ്യൻ സദാ സംതൃപ്തനും, സന്തുഷ്ടചിത്തനുമായി കാണപ്പെട്ടിരുന്നു. അയാൾ ഏതെങ്കിലും മതനേതാവോ, ആത്മീയസിദ്ധി അവകാശപ്പെടുന്ന ആളോ ആയിരുന്നില്ല. പല തരത്തിലുള്ള ബുദ്ധിമുട്ടുകളും പരിമിതികളും ഉണ്ടായിരുന്നുവെങ്കിലും ആ മനുഷ്യൻ ഒരിക്കലും സമചിത്തത വെടിഞ്ഞില്ല. ആരെയും ആകർഷിക്കുന്ന മാതൃകാപരമായ ഒരു ജീവിതം നയിച്ചുപോന്നു.

സംതൃപ്തിയും സമാധാനവും നിറഞ്ഞുതുളുമ്പുന്ന അദ്ദേഹത്തിന്റെ ജീവിതരഹസ്യമെന്താണെന്നറിവാൻ പലരും ജിജ്ഞാസുക്കളായി. അവരിൽ ചിലർ അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു: ‘സുഹൃത്തേ, താങ്കൾ എപ്പോഴും പ്രസന്നവദനനായിട്ടും സംതൃപ്തമാനസനായിട്ടും കാണപ്പെടുന്നല്ലോ. എന്താണ് അതിന്റെ രഹസ്യം?’

സാധാരണക്കാരനായ ആ മനുഷ്യൻ ഇങ്ങനെ പറഞ്ഞു: ‘ഞാൻ എന്റെ നോട്ടം ശരിയായിരിക്കുവാൻ ശ്രദ്ധിക്കുന്നു. അതാണ് എന്റെ സംതൃപ്തിക്കടിസ്ഥാനം. ഒന്നാമതു സ്വർഗത്തിലേക്കു നോക്കുന്നു. ഉന്നതങ്ങളിലുള്ള അവിടുത്തെ വസതിയാണ് എന്റെ ശാശ്വത സങ്കേതം. അവിടെ എത്തുവാൻ വേണ്ടരീതിയിൽ ഞാൻ ഈ ലോകത്തു ജീവിക്കാൻ ശ്രമിക്കുന്നു. അതിൽ ഞാൻ അലസതയോ, അശ്രദ്ധയോ വരുത്താറില്ല’.

രണ്ടാമതായി ഞാൻ നോക്കുന്നതു ഭൂമിയിലാണ്. ഈ ഭൂമിയിൽ എനിക്ക് ആറടിമണ്ണു വേണം. മരിക്കുമ്പോൾ അതുമാത്രമായിരിക്കും എനിക്കു മറ്റുള്ളവർ തരുന്നത്. ഏറ്റം പ്രിയപ്പെട്ടവർക്കുമെല്ലാം അതേ സാധിക്കുകള്ളൂ. മരണത്തിനുള്ള തയാറെടുപ്പ് എന്റെ ഓരോ നീക്കത്തിലും, കാൽ വയ്പിലും ഉണ്ടാകും.

അവസാനമായി, എന്റെ സഹജീവികളായ എണ്ണമറ്റ മനുഷ്യരെ ‍ഞാൻ നോക്കുന്നു. പലപ്പോഴും എന്നേക്കും വേദനിക്കുന്നവരും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും ആണ്. എന്റെ അയൽക്കാരും അടുപ്പക്കാരുമാണ് ആ സഹോദരങ്ങൾ. ആ ചിന്തമൂലം എന്നാൽ കഴിവുള്ള എല്ലാ സഹായങ്ങളും അവർക്കു ചെയ്യാൻ ശ്രമിക്കുന്നു. എന്റെ ഉത്സാഹവും താൽപര്യവും അവരിൽ വളരെ ആശ്വാസവും, പ്രത്യാശയും ഉളവാക്കുന്നു. അത് എന്റെ മനസ്സിൽ സന്തോഷവും സംതൃപ്തിയും ഉളവാക്കുന്നു.

അങ്ങനെ സ്വർഗം, ഭൂമി, സഹോദരങ്ങൾ ഈ മൂന്നു കാര്യങ്ങളിൽ ‍ഞാൻ പുലർത്തുന്ന കാഴ്ചപ്പാടും സമീപനവും എനിക്കു സന്തോഷവും അതിരറ്റ സംതൃപ്തിയും നൽകുന്നു. ഇതുമാത്രമാണ് എന്റെ ജീവിതരഹസ്യം.’

ജീവിതം മധുരതരവും സന്തോഷപ്രദവുമാക്കുന്നതു നാം പുലർത്തുന്നതും പിൻപറ്റുന്നതുമായ തത്വശാസ്ത്രമാണ്. തികച്ചും നിഷേധാത്മകമായ ജീവിതദർശനം പുലർത്തുന്നയാളിനു ജീവിതമെന്നും എപ്പോഴും ദുരന്തമായിരിക്കും.

ദുരന്തപൂരിതമായ ഈ ലോകത്തിലെ കൂരിരുളിൽ വെള്ളിവെളിച്ചം വിതറുവാൻ ഉന്നതമായ ദർശനങ്ങൾക്കേ കഴിയൂ. സ്നേഹം, സാഹോദര്യം, സഹായം, കാരുണ്യം, സഹിഷ്ണുത തുടങ്ങിയ വിശിഷ്ടഗുണങ്ങൾ ജീവിതത്തിൽ ആർജിച്ചുകൊണ്ട് ജീവിതം സമ്പന്നവും സമ്പുഷ്ടവും സഹജീവികൾക്കു പ്രയോജനപ്രദവുമാക്കി മാറ്റുവാൻ സങ്കുചിതമോ, നിഷേധാത്മകമോ ആയ ദർശനം പുലർത്തുന്നവർക്കു സാധ്യമല്ല.

ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും സർഗാത്മകവും ആരോഗ്യകരവുമായ ഒരു വീക്ഷണം, തെളിമയുള്ള ഒരു കാഴ്ചപ്പാട് പുലർത്തുവാൻ നമുക്കു കഴിയുന്നെങ്കിൽ, നന്മയുടെ പാതയിൽ പകുതി ദൂരം നാം സഞ്ചരിച്ചു കഴിഞ്ഞു. എന്നാൽ സങ്കുചിതവും ഈശ്വരനിരപേക്ഷവും മാനുഷികമൂല്യങ്ങളെ മാനിക്കാത്തതുമായ ഒരു വീക്ഷണമാണു നമ്മുടേതെങ്കിൽ ആർക്കും നന്മയുണ്ടാകുവാൻ നമ്മുടെ ജീവിതം ഉപകരിക്കില്ല.

ടിജെജെ 

Content Highlights: Innathe Chintha vishayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com