ADVERTISEMENT

എന്റെ ഗുരുനാഥൻ പി.സുബ്രഹ്മണ്യം മുതലാളി ശയ്യാവലംബിയാവുകയും ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് അസാധ്യമാണെന്നു തിരിച്ചറിയുകയും ചെയ്തപ്പോൾ ഞാൻ തിരുവനന്തപുരത്തു വന്നു. തമ്പി എന്നോടൊപ്പം കുറച്ചു ദിവസം താമസിക്കണം എന്നദ്ദേഹം ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം മെറിലാൻഡ് സ്റ്റുഡിയോ കാംപസിലുള്ള പുതിയ വീട്ടിലാണു താമസം. ഞാൻ സ്റ്റുഡിയോയിൽ തന്നെയുള്ള ആർട്ടിസ്റ്റ് ക്വാർട്ടേഴ്സിൽ ഒരു മുറിയിൽ താമസിച്ചു. സന്തോഷിപ്പിക്കുന്ന വിഷയങ്ങളും സങ്കടപ്പെടുത്തുന്ന വിഷയങ്ങളും അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. വളരെ ചെറിയൊരു തുകയായിരുന്നു ഈ കാണുന്ന വ്യവസായസാമ്രാജ്യത്തിന്റെ മുടക്കുമുതൽ എന്ന് അഭിമാനത്തോടെ അദ്ദേഹം തുറന്നു പറയുമായിരുന്നു. എല്ലാം കഠിനപ്രയത്നം കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടും നേടിയതാണ്. രണ്ടു വട്ടം തിരുവനന്തപുരം നഗരത്തിന്റെ മേയറായി നഗരത്തിൽ പല മാറ്റങ്ങളും കൊണ്ടുവന്നു. വഞ്ചി പൂവർ ഫണ്ടിന്റെ നേതൃത്വം വഹിച്ചു. ഏറ്റവും മികച്ച തിയറ്ററുകൾ സ്ഥാപിച്ചു. സ്വന്തമായി സിനിമാസ്റ്റുഡിയോ തുടങ്ങി. ചലച്ചിത്രങ്ങളുടെ നിർമാണം ആരംഭിച്ചു. മലയാളസിനിമയുടെ പ്രഥമസാരഥികളിൽ ഒരാളായി. എന്നെപ്പോലെ അനവധിയാളുകൾക്കു സിനിമയിൽ അവസരം നൽകി. ‘പി.സുബ്രഹ്‍മണ്യം: മലയാളസിനിമയിലെ ഭീഷ്മാചാര്യർ’ എന്ന ഗ്രന്ഥം എഴുതാൻ എനിക്കു കഴിഞ്ഞത് അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ടാണ്. പി.സുബ്രഹ്മണ്യം നിർമിക്കുന്ന ചിത്രങ്ങൾ വിതരണം ചെയ്തിരുന്നത് അദ്ദേഹത്തിന്റെ മൂത്ത മകന്റെ ഉടമസ്ഥതയിലുള്ള കുമാരസ്വാമി ആൻഡ് കമ്പനി ആയിരുന്നു, പിതാവിന്റെ രോഗവും വിയോഗവും മൂലം സ്വന്തം വിതരണക്കമ്പനി നിലനിർത്തുന്നതിന് സ്വന്തമായി ചിത്രങ്ങൾ നിർമിക്കാൻ സുബ്രഹ്മണ്യം കുമാരസ്വാമി എന്ന എസ്.കുമാർ നിർബന്ധിതനായി. അദ്ദേഹത്തിന്റെ നിർദേശമനുസരിച്ചു ചിത്രങ്ങൾ സംവിധാനം ചെയ്യാമെന്ന് ഞാൻ സമ്മതിച്ചു. കേരളത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ പ്രാദേശികാന്തരീക്ഷവുമായി ഇണങ്ങുന്ന കഥകൾ സിനിമയാക്കാനാണ് എനിക്കിഷ്ടം. എന്നാൽ മറ്റു ഭാഷകളിൽ ഹിറ്റുകളായ ചിത്രങ്ങളുടെ കഥകൾ വിലയ്ക്കുവാങ്ങി അവയ്ക്കു മലയാളത്തിന്റെ ഗന്ധം നൽകി സിനിമയാക്കിയാൽ അവ സാമ്പത്തികമായി വിജയിക്കും എന്നാണു കുമാർസാർ വിശ്വസിച്ചിരുന്നത്. ഈ വിഷയത്തിൽ മലയാളിയായ തമിഴ്‌നടനും നിർമാതാവുമായ കെ. ബാലാജി ആയിരുന്നു കുമാർസാറിന്റെ മാതൃക. കെ. ബാലാജി നിർമിച്ച മിക്കവാറും ചിത്രങ്ങൾ റീമേക്കുകൾ ആയിരുന്നു. നിർമിച്ച സിനിമകളിൽ ഒന്നുപോലും സാമ്പത്തികമായി പരാജയപ്പെടാത്ത തെന്നിന്ത്യയിലെ അപൂർവം നിർമാതാക്കളിൽ ഒരാളാണു കെ.ബാലാജി. കുമാർ സാറിന്റെ ശാസ്താ പ്രൊഡക്‌ഷൻസിനു വേണ്ടി മൂന്നു ചിത്രങ്ങൾ ഞാൻ തിരക്കഥയും സംഭാഷണവും ഗാനങ്ങളുമെഴുതി സംവിധാനം ചെയ്തു. ഈ മൂന്നു സിനിമകളും നല്ല സാമ്പത്തികവിജയം നേടി. വേനലിൽ ഒരു മഴ, പുതിയ വെളിച്ചം, അമ്പലവിളക്ക് എന്നീ സിനിമകളിൽ ആദ്യത്തെ രണ്ടു സിനിമകൾ തമിഴ് കഥകളുടെ റീമേക്കുകളും മൂന്നാമത്തെ ചിത്രമായ അമ്പലവിളക്ക് ഞാൻ തന്നെ എഴുതിയ കഥയുടെ ആവിഷ്കരണവുമായിരുന്നു. ഈ മൂന്നു ചിത്രങ്ങളിലും ഹിറ്റ് ഗാനങ്ങളുണ്ടായിരുന്നു. വേനലിൽ ഒരു മഴയുടെ സംഗീതസംവിധായകൻ എം.എസ്.വിശ്വനാഥനും. പുതിയവെളിച്ചത്തിന്റെ സംഗീതസംവിധായകൻ സലിൽ ചൗധരിയും അമ്പലവിളക്കിന്റെ സംഗീതസംവിധായകൻ വി. ദക്ഷിണാമൂർത്തിയും ആയിരുന്നു. പൂജയ്ക്കൊരുങ്ങി നിൽക്കും പൊന്നമ്പലമേട്, എന്റെ രാജകൊട്ടാരത്തിനു മതിലുകളില്ല, ഏതു പന്തൽ കണ്ടാലും അതു കല്യാണപ്പന്തൽ...അയല പൊരിച്ചതുണ്ട് കരിമീൻ വറുത്തതുണ്ട് തുടങ്ങിയ പാട്ടുകൾ വേനലിൽ ഒരു മഴയെയും, ആറാട്ടുകടവിൽ അന്നുരാവിൽ, ജിൽജിൽജിൽ ചിലമ്പനങ്ങി ചിരിയിൽ, മനസ്സേ നിൻ പൊന്നമ്പലം, ചുവന്ന പട്ടും തെറ്റിപ്പൂവും.... തുടങ്ങിയ പാട്ടുകൾ പുതിയ വെളിച്ചത്തെയും, പകൽസ്വപ്നത്തിന് പവനുരുക്കും പ്രണയരാജശിൽപീ, മഞ്ഞപ്പട്ടു ഞൊറിഞ്ഞു മാനം നീലവാനം, വരുമോ വീണ്ടും തൃക്കാർത്തികകൾ വഴിയമ്പലത്തിലെ കൽവിളക്കേ... തുടങ്ങിയ പാട്ടുകൾ അമ്പലവിളക്കിനെയും സംഗീതസമ്പന്നമാക്കി. മൂന്നു സിനിമകളിൽ നിന്നു കിട്ടിയ ലാഭം പ്രയോജനപ്പെടുത്തി കുമാർസാർ തിരുവനന്തപുരം വിളപ്പിൽശാലയ്ക്കടുത്ത്‌ മുളയറയിൽ കുറച്ചു സ്ഥലം വാങ്ങി ശാസ്താ ഫിലിം സിറ്റി എന്നപേരിൽ സ്വന്തം സിനിമാസ്റ്റുഡിയോ സ്ഥാപിച്ചു.

പ്രശസ്ത കലാസംവിധായകൻ ഗംഗയുടെ മേൽനോട്ടത്തിൽ ഈ സ്ഥലത്തു ചില സെറ്റുകളും തയാറാക്കി. പി.സുബ്രഹ്‍മണ്യം സംവിധാനം നിർവഹിച്ച കുമാരസംഭവം, ദേവികന്യാകുമാരി, സ്വാമി അയ്യപ്പൻ, ശ്രീമുരുകൻ തുടങ്ങിയ പുരാണസിനിമകളുടെ കാലാസംവിധായകനും ഗംഗയായിരുന്നു. ഗംഗയുടെ സംവിധാനത്തിൽ ഭക്തഹനുമാൻ എന്ന പുരാണചിത്രവും അദ്ദേഹം നിർമിച്ചു. ഞാൻ എഴുതി ദക്ഷിണാമൂർത്തി ഈണം പകർന്ന രാമരാമരാമ ലോകാഭിരാമ....,ആനന്ദനടനം തുടങ്ങാം, ഇലവംഗപ്പൂവുകൾ മിഴി തുറന്നു തുടങ്ങിയ ഗാനങ്ങൾ ഈ സിനിമയിലുണ്ടായിരുന്നു. നാലാമതായി ഒരു സിനിമ കൂടി സംവിധാനം ചെയ്യാൻ കുമാർസാർ എന്നോടാവശ്യപ്പെട്ടപ്പോൾ പുതുമയുള്ള ഒരു കഥ തയാറാക്കാം എന്നു ഞാൻ പറഞ്ഞെങ്കിലും അദ്ദേഹം റീമേക്ക് എന്ന ആശയത്തിൽ ഉറച്ചുനിന്നു. ഗത്യന്തരമില്ലാതെ മഹർഷി എന്ന തമിഴ് എഴുത്തുകാരന്റെ ഭുവന-ഒരു കേൾവിക്കുറി ( ഭുവന-ഒരു ചോദ്യ ചിഹ്‌നം) എന്ന കഥ സിനിമയാക്കാമെന്ന തീരുമാനത്തോട് എനിക്കും യോജിക്കേണ്ടി വന്നു. പുതുമയുള്ള ഒരു കഥയാണതെന്ന് എനിക്കും തോന്നി. അസ്തിത്വവാദത്തിന്റെ പ്രണേതാക്കളിൽ ഒരാളായ ഴാങ് പാൾ സാർത്ര് എഴുതിയ ‘ഏജ് ഓഫ് റീസൺ’ (യുക്തിയുടെ യുഗം) എന്ന കൃതിയിൽ നിന്നു പ്രചോദനം കൊണ്ടിട്ടാണോ ഈ കഥ എഴുതിയതെന്നു സംശയം തോന്നാം. തമിഴിൽ മഹർഷിയുടെ നോവലിനു തിരക്കഥയും സംഭാഷണവും എഴുതിയത് അന്നക്കിളി എന്ന സിനിമയിലൂടെ ഇളയരാജായെ സംഗീതസംവിധായകനായി അവതരിപ്പിച്ച എഴുത്തുകാരനും നിർമാതാവുമായ പഞ്ചു അരുണാചലമാണ്. ഭാരതീരാജായുടെ ‘പതിനാറു വായതിനിലെ’ എന്ന ചിത്രം മുതൽ ‘ഭൈരവി ’ എന്ന സിനിമ വരെ അധികവും ക്രൂര കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ച രജനീകാന്ത് ആദ്യമായി സൗമ്യനും ത്യാഗസമ്പന്നനുമായ ഒരു കഥാപാത്രവുമായി പ്രത്യക്ഷപ്പെട്ട ചിത്രം എന്ന പ്രത്യേകതയും ‘ഭുവന-ഒരു കേൾവിക്കുറി’ എന്ന ചിത്രത്തിനുണ്ട്. ഇരുപത്തഞ്ചു വയസ്സിൽ താഴെ മാത്രമുള്ള രണ്ടു യുവാക്കളുടെ കഥയാണിത്. ഒരാൾ എന്തു തെറ്റു ചെയ്തും ഉയരങ്ങളിൽ എത്തണം എന്ന് ആഗ്രഹിക്കുന്നവൻ. രണ്ടാമനാകട്ടെ നന്മയിലൂടെ മാത്രം സഞ്ചരിക്കുന്ന സ്വപ്നജീവി. താരമൂല്യത്തിൽ മാത്രം വിശ്വസിക്കുന്ന കുമാർസാർ പറഞ്ഞു. ‘ നമുക്ക് ഈ രണ്ടു കഥാപാത്രങ്ങളായി മധുവിനെയും എം.ജി.സോമനെയും അവതരിപ്പിക്കാം.’എനിക്കതിനോടു യോജിക്കാൻ കഴിഞ്ഞില്ല. ഇതു രണ്ടു ചെറുപ്പക്കാരുടെ കഥയാണ്. റോഡിൽ ബനിയനും ലുങ്കിയും മറ്റും വിറ്റുനടക്കുന്ന ഇരുപത്തഞ്ചുകാരായി ഈ രണ്ടു നടന്മാരെയും സങ്കൽപ്പിക്കാൻ എനിക്കു കഴിഞ്ഞില്ല. എന്നോടു സംസാരിക്കുന്നതിനു മുൻപുതന്നെ കുമാർസാർ മധുച്ചേട്ടനെ വിളിച്ചു പുതിയ ചിത്രത്തിനു കോൾഷീറ്റ് വേണമെന്നു പറയുകയും ചെയ്തു. ഞാൻ മധുച്ചേട്ടനെക്കണ്ടു പറഞ്ഞു. ഞാൻ കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിനു കാര്യം മനസ്സിലായി. അദ്ദേഹം സംവിധായകൻ കൂടിയാണല്ലോ. ‘പുതിയ തലമുറയിൽപെട്ട രണ്ടു നടന്മാരാണു നമുക്ക് വേണ്ടത്.’ ഞാൻ പറഞ്ഞു. ‘സുകുമാരന് സോമന്റെ പ്രായമില്ലല്ലോ, ഒരു കഥാപാത്രമായി നമുക്കു സുകുമാരനെ ആലോചിച്ചാലോ?’ എന്ന് കുമാർസാർ. ഞാൻ സുകുമാരനോടു ചോദിക്കാം എന്നു ഞാൻ പറഞ്ഞു. ജയനെ നായകനാക്കി ഞാൻ നിർമിച്ച ഇടിമുഴക്കം എന്ന സിനിമയിൽ ജന്മിയുടെ ക്രൂരതയ്ക്കെതിരെ പൊരുതുന്ന അഞ്ചു യുവാക്കളിൽ ഒരാളായി രതീഷ് അഭിനയിച്ചിരുന്നു. തികച്ചും ആകസ്മികമായി ജയൻ വിട പറഞ്ഞ സമയം. ജയൻ അഭിനയിക്കേണ്ടിയിരുന്ന തുഷാരം എന്ന സിനിമയിൽ ഐ.വി. ശശി രതീഷിനെ നായകനാക്കിയതോടെ അയാളെ നിർമാതാക്കൾ ശ്രദ്ധിക്കാൻ തുടങ്ങി. മദ്രാസിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ വച്ച് ഞാൻ സുകുമാരനെ കണ്ടു. ഈ ചിത്രത്തെക്കുറിച്ചു പറഞ്ഞു. രണ്ടു കഥാപാത്രങ്ങളെക്കുറിച്ചും സംസാരിച്ചു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ സുകുമാരൻ പറഞ്ഞു. ‘ഞാൻ എന്റെ പ്രതിഫലം കൂട്ടി. ജയൻ പോയില്ലേ...? ഇനി ഞാനല്ലാതെ മറ്റാരുണ്ട് ? അതുകൊണ്ട് ഇനി കുറഞ്ഞ പ്രതിഫലത്തിൽ അഭിനയിക്കുന്ന പ്രശ്നമില്ല.’ ‘ സുകുമാരൻ തന്നെ അഭിനയിക്കണമെന്ന് എനിക്കൊരു നിർബന്ധവുമില്ല. സുകുമാരൻ പ്രതിഫലം കൂട്ടുന്നതിലും എനിക്ക് എതിർപ്പില്ല. ഇതു ഞാൻ നിർമിക്കുന്ന ചിത്രവുമല്ല. സത്യത്തിൽ സുകുമാരനെക്കാൾ അൽപം കൂടി പ്രായം കുറഞ്ഞ ആളിനെ കിട്ടുമോ എന്നാ ഞാൻ ആലോചിക്കുന്നത്’. പെട്ടെന്ന് സുകുമാരൻ അദ്ദേഹം വായിച്ചുകൊണ്ടിരുന്ന നാന ഫിലിം വാരിക തുറന്നു. സുന്ദരനായ ഒരു ചെറുപ്പക്കാരന്റെ ചിത്രം എന്നെ കാണിച്ചുകൊണ്ട് പറഞ്ഞു. ‘സാർ, ഈ ചെറുപ്പക്കാരൻ കൊള്ളാം. സുന്ദരനാണ്. തരക്കേടില്ലാതെ അഭിനയിക്കുകയും ചെയ്യും സ്ഫോടനം എന്ന പടത്തിൽ ജയനും ഞാനും കഴിഞ്ഞാൽ ഇയാൾക്കായിരുന്നു പ്രാധാന്യം. ആൾ അഡ്വക്കറ്റാണ്. സാർ എൻജിനീയറും. അതുകൊണ്ട് ഇടപഴകാൻ പ്രയാസം കാണില്ല.’ ഞാൻ വാരിക കയ്യിൽ വാങ്ങി ചിത്രം കണ്ടു. അതിനോടൊപ്പം കൊടുത്തിരുന്ന വിവരണം വായിച്ചു. പി.ഐ. മുഹമ്മദ് കുട്ടി എന്നാണു പേര്. മമ്മൂട്ടി എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. സ്‌ഫോടനം എന്ന ചിത്രത്തിൽ മമ്മൂട്ടി എന്ന പേര് മാറ്റി സജിൻ എന്ന പേരാണ് ഇട്ടിരിക്കുന്നത്. എനിക്ക് ആ പുതിയ മുഖം ഇഷ്ടപ്പെട്ടു. നല്ല ഉയരമുണ്ട്. ശരീരവും കൊള്ളാം. ചുവരുണ്ടെങ്കിലല്ലേ ചിത്രമെഴുതാൻ പറ്റൂ. വൈക്കത്തിനടുത്തുള്ള ചെമ്പ് ആണ് സ്വദേശം. നേരത്തെ ആ സ്ഥലത്തെപ്പറ്റി കേട്ടിട്ടുള്ളത് മനോരമ ആഴ്ചപ്പതിപ്പിൽ നീണ്ടകഥകൾ എഴുതുന്ന ചെമ്പിൽ ജോണിലൂടെയാണ്. ജയ് മാരുതിയുടെ ഓഫിസിൽ വച്ച് ഞാൻ ആ എഴുത്തുകാരനെ പരിചയപ്പെട്ടിട്ടുണ്ട്. ന്യൂ തിയറ്ററിൽ എത്തി കുമാർസാറിന്റെ റൂമിലിരുന്നു ഞാൻ പറഞ്ഞു. ‘ഭുവന ഒരു കേൾവിക്കുറിയിൽ രജനീകാന്ത് അഭിനയിച്ച വേഷം മലയാളത്തിൽ അഭിനയിക്കാൻ പറ്റിയ നടനെ ഞാൻ കണ്ടുപിടിച്ചു. സ്‌ഫോടനം എന്ന പടത്തിൽ ജയന്റെയും സുകുമാരന്റെയും കൂടെ അഭിനയിച്ച നടനാണ്, സുകുമാരനാണ് അയാളുടെ ഫോട്ടോ കാണിച്ചുതന്നത്. സുകുമാരന് അയാളെക്കുറിച്ച് നല്ല അഭിപ്രായമാണ്. സുകുമാരനെ വിശ്വസിക്കാം.’ ‘എന്താ അയാളുടെ പേര്’ അദ്‌ഭുതത്തോടെ കുമാർസാർ ചോദിച്ചു. ‘മമ്മൂട്ടി’. "മമ്മൂട്ടിയോ? ‘അതൊരു കോമഡിപേരാണല്ലോ’ ‘പേരിലെന്തിരിക്കുന്നു? അയാൾ കൊമീഡിയനല്ല. നമ്മുടെ പുതിയ പടത്തിലൂടെ അയാൾ നായകനാകും’ ‘തമ്പിയെന്താ ഈ പറയുന്നെ? മമ്മൂട്ടി എന്ന പേരുള്ള ഒരാൾക്ക് നായകനാകാൻ പറ്റുമോ...? ’ ഞാൻ ചിരിച്ചു. ‘കാലം മാറിക്കൊണ്ടിരിക്കുവല്ലേ സാർ’ എന്നു തിരിച്ചു ചോദിച്ചു. കുമാർസാറിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മലയാള സിനിമ പിച്ചവെച്ചുതുടങ്ങിയ കാലത്തു തിരുവനന്തപുരത്തു മെറിലാൻഡ് സ്റ്റുഡിയോയ്ക്കു സ്ഥലം കണ്ടെത്തുന്ന കാലം മുതൽ പിതാവിന്റെ സഹായിയായി മലയാളസിനിമ വളരുന്നതിനോടൊപ്പം കൂടെ വളർന്നയാളാണ് സുബ്രഹ്‍മണ്യം കുമാർ. ചിറയിൻകീഴ് അബ്ദുൽഖാദർ പ്രേംനസീർ ആകുന്നതും അബ്ദുൽ വഹാബ് പ്രേംനവാസ് ആകുന്നതും കുഞ്ഞാലി ബഹദൂർ ആകുന്നതും എൻ.വി. ജോൺ ശശികുമാർ ആകുന്നതുമൊക്കെ കണ്ടയാളാണ് അദ്ദേഹം.! ‘ മമ്മൂട്ടി സജിൻ എന്ന് പേര് മാറ്റിയിട്ടുണ്ട്. പക്ഷേ നമ്മുടെ പടത്തിൽ അഭിനയിച്ചാൽ ഞാൻ മമ്മൂട്ടി എന്ന പേരുതന്നെ ടൈറ്റിലിൽ കൊടുക്കും’ ഞാൻ പറഞ്ഞു. ‘തമിഴിൽ ശിവകുമാർ അഭിനയിച്ച വേഷം രതീഷിനും രജനീകാന്ത് അഭിനയിച്ച വേഷം മമ്മൂട്ടിക്കും കൊടുക്കാം’ ഞാൻ പറഞ്ഞു കുമാർസാറിന്റെ മുഖത്ത് അപ്പോഴും തെളിച്ചമുണ്ടായില്ല. അദ്ദേഹം പറഞ്ഞു. ‘എന്തായാലും തമ്പി ചെയ്യുന്നത്‌ വലിയ റിസ്‌ക്കാണ്. മധുവും സോമനുമാണ് അഭിനയിക്കുന്നതെന്നു പറഞ്ഞാൽ തിയറ്ററുകളുടെ സപ്പോർട്ട് കിട്ടിയേനെ...’ അപ്പോൾ ഞാൻ പറഞ്ഞു. ‘ ഒരു കാര്യം ചെയ്യാം. ഈ കഥയുടെ അവകാശം എനിക്കു വിട്ടുതരൂ. പടം ഞാൻ പ്രൊഡ്യൂസ് ചെയ്യാം. റിസ്ക് ഞാനെടുക്കാം. മധുച്ചേട്ടനു പറ്റിയ ഒരു കഥ സാർ കണ്ടുപിടിക്കൂ. എന്നിട്ട് ആ പടം സാർ പ്രൊഡ്യൂസ് ചെയ്യൂ.’ ‘അതു വേണ്ട. ഇത്രയുമൊക്കെയായില്ലേ. പടം ഞാൻ തന്നെയെടുക്കാം. പടത്തിന്റെ കോസ്റ്റ് നാലുലക്ഷത്തിൽ കൂടാതെ നോക്കണം’. അതു നിർമാതാവിന്റെ മനക്കണക്ക്. ഞാൻ തല കുലുക്കി. വർഷം 1981. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നു മലയാളസിനിമ പൂർണമായും കളറിലേക്കു മാറിയകാലം. ഒരു കളർ ചിത്രം നാലുലക്ഷം രൂപ ചെലവിൽ നിർമിക്കുക... ഇന്ന് ഉയരങ്ങളിൽ നിൽക്കുന്ന യുവ ചലച്ചിത്ര പ്രതിഭകൾ ഇതു വായിക്കുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നെനിക്കു വ്യക്തമായി ഊഹിക്കാൻ കഴിയും. കുമാർസാർ അദ്ദേഹത്തിന്റെ എറണാകുളം ഓഫിസിലേക്ക് വിളിച്ചു. ബ്രാഞ്ച് മാനേജരുമായി സംസാരിച്ചു.‘ അടുത്തകാലത്ത് സിനിമയിൽ വന്ന ഒരു നടൻ, പേര് മമ്മൂട്ടി. മുഴുവൻ പേര് പി.ഐ. മുഹമ്മദ്‌കുട്ടി. അഡ്വക്കേറ്റാണ്. ഇപ്പോൾ മട്ടാഞ്ചേരിയിൽ ഭാര്യവീട്ടിലാണു താമസം. ഉടനെ അയാളെ പോയി കാണണം എന്നിട്ട് എനിക്കു ഫോൺ ചെയ്യണം.’രണ്ടു മണിക്കൂറുകൾക്കുള്ളിൽ മമ്മൂട്ടി ടെലിഫോൺ ലൈനിൽ വന്നു. കുമാർസാറും ഞാനും മമ്മൂട്ടിയുമായി സംസാരിച്ചു. മമ്മൂട്ടി വളരെ സന്തോഷത്തോടെയാണു സംസാരിച്ചത്. മമ്മൂട്ടി എന്നോടു പറഞ്ഞു.

‘സാർ, എനിക്ക് ഒരു മകൾ ജനിച്ച സന്തോഷത്തിലാണു ഞാൻ. അപ്പോഴാണ് സാറിന്റെ ഈ വിളി വരുന്നത്. വളരെ സന്തോഷം’. അധികം വൈകാതെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. പ്രണയം കാട്ടി വശീകരിച്ച് ഗർഭിണിയാക്കിയതിനു ശേഷം കൂടുതൽ പണമുള്ള പെണ്ണിനെ കെട്ടാൻ വേണ്ടി കാമുകിയെ നിഷ്കരുണം ഉപേക്ഷിക്കുകയും വേണ്ടിവന്നാൽ കൊല്ലാൻ പോലും തയാറാവുകയും എന്നാൽ പുറമേ നല്ലവനായി ഭാവിക്കുകയും ചെയ്യുന്ന ചന്ദ്രൻ എന്ന കഥാപാത്രമായാണ് രതീഷ് അഭിനയിച്ചത്. സുഹൃത്തിനെ ഒരു കൊലപാതകിയാക്കാതിരിക്കാൻ വേണ്ടി സുഹൃത്ത് ഗർഭിണിയാക്കി ഉപേക്ഷിച്ച യുവതിയെ ഭാര്യയായി സ്വീകരിച്ച് ആ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കാൻ തയാറാകുന്ന രാജപ്പൻ എന്ന കഥാപാത്രത്തെയാണു മമ്മൂട്ടി അവതരിപ്പിച്ചത്. ആദ്യം രതീഷ് ഇതിൽ വൈമുഖ്യം കാട്ടി. ‘ഞാൻ തുഷാരത്തിൽ അഭിനയിച്ചുകഴിഞ്ഞില്ലേ സാർ. ഇനിയും ഈ വില്ലന്റെ റോൾ അഭിനയിച്ചാൽ ശരിയാകുമോ?’ രതീഷ് എന്നോട് ചോദിച്ചു. ഞാൻ സ്വന്തമായി നിർമിക്കുന്ന ‘അമ്മയ്ക്കൊരുമ്മ’ എന്ന പുതിയ ചിത്രത്തിൽ രതീഷ് നായകനും സറീനാ വഹാബ് നായികയുമാകും’ എന്ന് ഞാൻ രതീഷിന് ഉറപ്പു നൽകി. ആ ഉറപ്പു ഞാൻ കൊടുത്തതുകൊണ്ട് മമ്മൂട്ടി ആഗ്രഹിച്ചിട്ടും ‘അമ്മയ്ക്കൊരുമ്മ’യിൽ മമ്മൂട്ടിയെ നായകനാക്കാൻ എനിക്കു സാധിച്ചില്ല. കുമാർസാറിന്റെ പുതിയ സ്റ്റുഡിയോ ആയ ശാസ്തയിലും പരിസരങ്ങളിലും കല്ലാർ, തൃപ്പരപ്പ്‌, ചാലക്കമ്പോളം എന്നിവിടങ്ങളിലുമായാണു ഷൂട്ടിങ് നടന്നത്. മമ്മൂട്ടി ആദ്യമായി അഭിനയിച്ചത് കല്ലാറിൽ ഒരു ഗാനരംഗത്തിലാണ്. മമ്മൂട്ടിയും നടി ജലജയും പങ്കെടുത്ത ‘വളകിലുക്കം ഒരു വളകിലുക്കം ; പൂമുഖവാതിലിലൊരു പൂമണം, പൂമണം ’ എന്ന ഗാനത്തിന്റെ ചിത്രീകരണമാണു നടന്നത്. തരംഗിണി സ്റുഡിയോയിൽ യേശുദാസിന്റെ ഗാനങ്ങൾക്കു ട്രാക്ക് പാടിയിരുന്ന ഉണ്ണി മേനോൻ എന്ന ഗായകന്റെ ശബ്ദം ഈ സിനിമയിലൂടെയാണ് ആദ്യമായി പ്രേക്ഷകർ കേട്ടത്. പ്രശസ്ത ഗായികയായ വാണിജയറാം ആണ് ഉണ്ണിമേനോനോടൊപ്പം പാടിയത്. ശ്യാം ആണു ഞാനെഴുതിയ ഗാനത്തിന് ഈണം പകർന്നത്. ജയനെ നായകനാക്കി ഹേംനാഗ് ഫിലിംസിനുവേണ്ടി ഞാൻ സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തിന്റെ ക്യാമറാമാൻ ആയിരുന്ന സി. രാമചന്ദ്രമേനോന്റെ സഹായിയായിരുന്ന ധനഞ്ജയനെ ഞാൻ സ്വതന്ത്ര ഛായാഗ്രാഹകനാക്കിയതും ഈ ചിത്രത്തിലൂടെയായിരുന്നു. മേനോൻ ചേട്ടന്റെ മഹാമനസ്കതയായിരുന്നു അതിന്റെ പിന്നിൽ. ‘അടുത്ത പടം എന്റെ അസിസ്റ്റന്റായ ധനഞ്ജയനു നൽകി അയാളെയൊന്നു മുന്നോട്ടു കൊണ്ടുവരൂ’ എന്നദ്ദേഹം പറഞ്ഞു. ഞാൻ അനുസരിച്ചു. ന്യൂ തിയറ്ററിനടുത്തുള്ള ഒരു ചെറിയ ഹോട്ടലിലാണു ഞാൻ താമസിച്ചിരുന്നത്. എഴുത്തുകാരനും സംവിധായകനും എന്ന നിലയിൽ ഏറ്റവും തിരക്കുള്ള സമയത്തും എനിക്കു ഫൈവ്സ്റ്റാർ ഹോട്ടലിൽ മുറി വേണമെന്നു ഞാൻ ഒരു നിർമാതാവിനോടും പറഞ്ഞിട്ടില്ല. നിർമാണവും സംവിധാനവും ഒരുമിച്ചു തുടങ്ങിയതുകൊണ്ട് നിർമാതാവിന്റെ പ്രശ്നങ്ങൾ നന്നായി ഉൾക്കൊള്ളാൻ എനിക്കു കഴിയുമായിരുന്നു. താമസിക്കുന്ന ഹോട്ടലിൽ തന്നെ രതീഷിനും മമ്മൂട്ടിക്കും മുറി നൽകണമെന്ന് ഞാൻ നിർബന്ധിച്ചിട്ടും കുമാർ സാർ അവരെ ഫർണിഷ് ചെയ്ത ഒരു വീട്ടിലാണു താമസിപ്പിച്ചത്. അതിൽ അവർ സന്തുഷ്ടരായിരുന്നില്ല. പക്ഷേ ഞാൻ നിസ്സഹായനായിരുന്നു. മേനകയും സുമലതയുമായിരുന്നു ചിത്രത്തിലെ നായികമാർ. മമ്മൂട്ടിയുടെ നായിക ജലജയായിരുന്നു. ഫ്ലാഷ്ബാക്കിൽ മാത്രം വരുന്ന കഥാപാത്രം. സിനിമയുടെ ചിത്രീകരണം തീരാറായപ്പോഴാണു നിർമാതാവിന്റെ അനുമതിയോടെ ഞാൻ സിനിമയ്ക്കു ‘മുന്നേറ്റം’ എന്ന് പേരു നൽകിയത്. ഷൂട്ടിങ് തീരുന്ന ദിവസം ഞാൻ മമ്മൂട്ടിയോടു പറഞ്ഞു.‘ഇതു ശരിക്കും മമ്മൂട്ടിയുടെ മുന്നേറ്റമാണ്’ എസ്.പി. ബാലസുബ്രഹ്‍മണ്യം പാടിയ ‘ചിരി കൊണ്ടു പൊതിയും മൗനദുഃഖങ്ങൾ ചിലരുടെ സമ്പാദ്യം’ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിൽ മമ്മൂട്ടി പക്വതയോടെ അഭിനയിച്ചു. ചിത്രത്തിന്റെ ഡബ്ബിങ് മദ്രാസിലായിരുന്നു. തിരുവനന്തപുരത്തു നിന്നു മദ്രാസ് ഫ്ലൈറ്റിൽ ഞാനും മമ്മൂട്ടിയും ഒരുമിച്ചാണു യാത്ര ചെയ്തത്. അതേ വിമാനത്തിൽ നടൻ ശ്രീശാന്തും ഉണ്ടായിരുന്നു, അക്കാലത്ത് ശ്രീശാന്ത് തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. മൂന്നു സീറ്റുകളുള്ള റോയിൽ എന്റെയും മമ്മൂട്ടിയുടേയും മധ്യത്തിലാണ് ശ്രീശാന്ത് ഇരുന്നത്. എയർഹോസ്റ്റസ് കോഫി വിളമ്പി. ശ്രീശാന്തിന്റെ കപ്പിൽ നിന്നു കോഫി എന്റെ ഷർട്ടിൽ വീണു. അപ്പോൾ തമാശയായി മമ്മൂട്ടി പറഞ്ഞു. ‘ഇനി തമ്പിസാറിന്റെ പടത്തിൽ ശ്രീശാന്തിനു ചാൻസില്ല.’ അകാലത്തിൽ നമ്മെ വിട്ടുപോയ ശ്രീശാന്തിനെ ഓർമിക്കുമ്പോഴെല്ലാം ഈ രംഗം എന്റെ ഓർമയിൽ വരും. ഓരോ ദിവസവും ഷൂട്ടിങ് കഴിഞ്ഞാൽ മമ്മൂട്ടി എന്നോടൊപ്പം ഞാൻ താമസിക്കുന്ന ഹോട്ടൽ മുറിയിൽ വരും ഞങ്ങൾ ഏറെ നേരം സംസാരിച്ചിരിക്കും. വിവിധ വിഷയങ്ങളിൽ മമ്മൂട്ടിക്കുള്ള താൽപര്യം ഞാൻ മനസ്സിലാക്കിയതും ഈ സംഭാഷണങ്ങളിലൂടെയാണ്. പോകുമ്പോൾ മമ്മൂട്ടി പറയും ‘ സാറിന്റെ അടുത്ത പടത്തിൽ എനിക്കു റോൾ തന്നില്ലെങ്കിൽ ഞാൻ ഷൂട്ട് നടക്കുമ്പോൾ സാറിന്റെ ക്യാമറയുടെ മുന്നിലൂടെ ഓടും.’അപ്പോൾ ഞാൻ പറയും. ‘ മമ്മൂട്ടി സുന്ദരനാണ്, അധികം വൈകാതെ ധാരാളം അവസരങ്ങൾ മമ്മൂട്ടിക്ക് കിട്ടും ഉറപ്പ് ’.

ശ്രീകുമാരൻ തമ്പി (ഫയൽ ചിത്രം)
ശ്രീകുമാരൻ തമ്പി

മമ്മൂട്ടി ചിരിച്ചുകൊണ്ടു പറയും ‘ഇങ്ങനെ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു കഴിഞ്ഞാൽ മതി. ഇല്ലെങ്കിൽ വീണ്ടും കോടതിയിൽ പ്രാക്ടീസ് തുടരും.’ സത്യം പറയാമല്ലോ. അഡ്വക്കേറ്റ് ആയി പ്രാക്ടീസ് ചെയ്തിരുന്നെങ്കിൽ മമ്മൂട്ടി കേരളത്തിലെ ഏറ്റവും വലിയ ക്രിമിനൽ ലോയർ ആയേനെ.

മുന്നേറ്റത്തിന്റെ ഷൂട്ടിങ് പാക്കപ്പ് ആയ ദിവസം എന്റെ ചിത്രങ്ങൾ വിതരണം ചെയ്യുന്ന കോട്ടയം സെൻട്രൽ പിക്ചേഴ്സ് ഉടമസ്ഥനായ ജോർജ്‌കുട്ടിയെ കാണാൻ എനിക്കു കോട്ടയത്തേക്കു പോകണമായിരുന്നു. മമ്മൂട്ടി എന്നോടു ചോദിച്ചു.‘ സാർ, സാർ എറണാകുളം വഴി കോട്ടയത്തേക്കു പോകുമോ. സാറിന് എന്റെ വീട്ടിൽ കയറാം. എന്റെ കുഞ്ഞിനെ കണ്ടിട്ട‌ു പോകാം.’ ‘എനിക്ക് ആലപ്പുഴയിൽ എന്റെ കൊച്ചാട്ടന്റെ വീട്ടിലും കയറണം. അഡ്വ.പി.ജി.തമ്പി.’ ‘എനിക്കും അദ്ദേഹത്തെ കാണണം. വലിയ അഡ്വക്കേറ്റ് അല്ലേ.’ ഞങ്ങൾ ആലപ്പുഴയിലെത്തി. മമ്മൂട്ടിയും കൊച്ചാട്ടനും പല കാര്യങ്ങളും സംസാരിച്ചിരുന്നു, രാത്രിയിലാണ് ഞങ്ങൾ മട്ടാഞ്ചേരിയിൽ മമ്മൂട്ടി താമസിക്കുന്ന വീട്ടിലെത്തിയത്. മമ്മൂട്ടി കഷ്ടിച്ച് ഇരുപത്തെട്ടോ മുപ്പതോ ദിവസം മാത്രം പ്രായമായ പൊടിക്കുഞ്ഞിനെ (സുറുമിയെ) എന്റെ മടിയിൽ കൊണ്ടുവന്നു വച്ചു. കുഞ്ഞിനെയും മമ്മൂട്ടിയെയും മാറിമാറി നോക്കി ഞാൻ പറഞ്ഞു :‘ ഇവൾ മമ്മൂട്ടിയുടെ ഭാഗ്യമാണ്. ഇനി മമ്മൂട്ടിയുടെ മുന്നേറ്റം തുടങ്ങും’. 1981 ഓഗസ്റ്റ് ഏഴാം തീയതി മുന്നേറ്റം തിയറ്ററുകളിൽ എത്തി. കോട്ടയം ആനന്ദ് തിയറ്ററിലെ മാനേജർ എന്നെ ഫോണിൽ വിളിച്ചു.‘വളരെ നല്ല പടം. കാണുന്നവർക്കെല്ലാം നല്ല അഭിപ്രായം. പക്ഷേ എന്തു ചെയ്യാം സാർ, ഒരു ഷോയും ഫുൾ ആകുന്നില്ല’. നാലു വർഷത്തിനു ശേഷം ഞാൻ എന്റെ സ്വന്തം ചിത്രത്തിൽ മമ്മൂട്ടിയെ നായകനാക്കി. ‘വിളിച്ചു; വിളി കേട്ടു’ എന്ന ചിത്രം. ആതിരപ്പള്ളി വെള്ളച്ചാട്ടം, വാഴച്ചാൽ, ചാലക്കുടി എന്നീ സ്ഥലങ്ങളിലായിരുന്നുചിത്രീകരണം. ചിത്രം പൂർത്തിയായിക്കഴിഞ്ഞ് അഡ്വാൻസ് കഴിച്ചുള്ള പ്രതിഫലം നൽകാൻ ഞാൻ മമ്മൂട്ടി താമസിച്ചിരുന്ന മദ്രാസിലെ ന്യൂ വുഡ്‌ലാൻഡ് ഹോട്ടലിലെ മുറിയിൽ പോയി. ഞാൻ കൊടുത്ത പണം എണ്ണിനോക്കിയിട്ട് മമ്മൂട്ടി പറഞ്ഞു.‘ സാറ് ഈ ജന്മം നന്നാകാൻ പോകുന്നില്ല.’ ‘എന്തുപറ്റി ?’ ഞാൻ ചോദിച്ചു. ‘ എന്തിനാ സാർ എനിക്കിത്രയും പണം തന്നത് ? ഇതിന്റെ പകുതി പോലും ഞാൻ സാറിൽ നിന്നു പ്രതീക്ഷിച്ചിരുന്നില്ല. ഇങ്ങനെ എല്ലാവർക്കും വാരിക്കോരി കൊടുത്താൽ സാറിന്‌ എങ്ങനെ ലാഭം കിട്ടും? ഏതായാലും കയ്യിൽ കിട്ടിയത് ഞാൻ തിരിച്ചുതരില്ല.’ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. ‘ അധികമുള്ള പണം അടുത്ത പടത്തിനുള്ള അഡ്വാൻസ് ആയി കരുതിക്കോളൂ’. ഇപ്പോൾ മുപ്പത്തേഴു വർഷം കഴിഞ്ഞിരിക്കുന്നു. ഞാനും മമ്മൂട്ടിയും ചേരുന്ന അടുത്ത പടം ഇനിയും ജനിച്ചിട്ടില്ല. ഇനി ജനിക്കുകയുമില്ല. കാലം ഒരു മഹാമാന്ത്രികനല്ലേ...?

Content Highlights: Karuppum veluppum Mayavarnangalum, Mammootty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com