മോദിയും ബിജെപിയും: ഒരു പുതുവായന

modi
നരേന്ദ്രമോദി
SHARE

ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള പുതിയ പുസ്തകമാണ് മുതിർന്ന മാധ്യമപ്രവർത്തകനും ഇപ്പോൾ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ പ്രസ് സെക്രട്ടറിയുമായ അജയ് സിങ്ങിന്റെ ‘ദി ആർക്കിടെക്ട് ഓഫ് ദ് ന്യൂ ബിജെപി – ഹൗ നരേന്ദ്ര മോദി ട്രാൻസ്ഫോംഡ് ദ് ന്യൂ പാർട്ടി’. എങ്ങനെ ബിജെപിയെ വലിയ വിജയങ്ങൾ നേടുന്ന പാ‍ർട്ടിയാക്കി മോദി മാറ്റിയെന്ന് അജയ് സിങ് പുസ്തകത്തിൽ വിശദീകരിക്കുന്നു.

മോദിയുടെ തന്ത്രങ്ങളും അവയുടെ വിജയങ്ങളും മാത്രമല്ല, അദ്ദേഹം നേരിട്ട പല വെല്ലുവിളികളും പുസ്തകത്തിൽ പറയുന്നുണ്ട്. അപാരമായ വഴക്കവും വരട്ടുവാദമില്ലാത്ത സമീപനവും പ്രയോഗിച്ച് സംഘടനയെ വളർത്തുന്നതിൽ മോദി വിജയിച്ചു. ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നതിൽ ഇപ്പോഴത്തെ സർക്കാർ പിന്നോട്ടില്ലെന്നാണ് പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെയുള്ള സുപ്രധാന നടപടികളിലൂടെ വ്യക്തമാക്കുന്നതെന്നും അജയ് സിങ് എഴുതുന്നു.

ഗുജറാത്ത് കലാപത്തിനുശേഷം മോദിയുടെ രാജി ആവശ്യപ്പെടാൻ പാർട്ടി ആലോചിച്ചതിനെക്കുറിച്ചു പുസ്തകത്തിൽ പറയുന്നു: ‘മതനിരപേക്ഷ വിമർശനം വളർന്നപ്പോൾ മോദിയെ മാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് പാർട്ടി നേതൃത്വംതന്നെ അനിശ്ചിതത്വം സൃഷ്ടിച്ചു. മോദിയെ രാജിവയ്പിക്കാൻ വാജ്പേയി, അരുൺ ജയ്റ്റ്ലിയെ ഗാന്ധിനഗറിലേക്ക് അയയ്ക്കുപോലും ചെയ്തു – തീരുമാനം 2002 ഏപ്രിലിൽ ഗോവയിൽ പാർട്ടിയുടെ ദേശീയ നിർവാഹക സമിതിയിൽ പ്രഖ്യാപിക്കാനുള്ളതായിരുന്നു. എന്നാൽ, മോദിയെ പുറത്താക്കുന്നത് പാർട്ടിയുടെ പ്രത്യയശാസ്ത്രവുമായി ഒത്തുപോകില്ലെന്ന് ഗോവയിലെ സമ്മേളനത്തിൽ പ്രമോദ് മഹാജന്റെയും ജയ്റ്റ്ലിയുടെയും നേതൃത്വത്തിലുള്ള ചെറുപ്പക്കാരുടെ തലമുറ, പഴമുറക്കാർക്ക് ശക്തമായ സൂചനകൾ നൽകി. താമസിയാതെ, വാജ്പേയി ആ വിഷയം ഉപേക്ഷിച്ചു.’

ajay singh
അജയ് സിങ്

തുടർന്ന്, നിയമസഭാ തിരഞ്ഞെടുപ്പായപ്പോൾ: ‘പ്രചാരണം തുടങ്ങാൻ പ്രതിപക്ഷം ആലോചിക്കുമ്പോഴേക്കും, ഗൗരവ് യാത്രയുടെ രൂപത്തിൽ മോദി വിശാലമായൊരു പ്രചാരണ പരിപാടി പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. ഇത് അദ്ദേഹത്തിന്റെ അവകാശബോധത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഉദാഹരണങ്ങളിലൊന്നായി കരുതാം: കേന്ദ്ര നേതാക്കളെ അമ്പരപിപ്പിച്ചുകൊണ്ട്, ആരൊയൊക്കെ സ്ഥാനാർഥികളാക്കണമെന്ന തീരുമാനം തനിക്കു വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിയെ പിളർത്തിയതും പല തവണ ഭരണമാറ്റത്തിനു വഴിവച്ചതുമായ വഗേല കലാപം കണക്കിലെടുക്കുമ്പോൾ‍ ഇതൊരു ആവശ്യകതയാണെന്ന് അദ്ദേഹം കരുതി.

അഡ്വാനിയും മറ്റുള്ളവരും ഈ ആവശ്യം അംഗീകരിക്കാൻ തയാറായെങ്കിലും, ഹരേൻ പാണ്ഡ്യയുടേതുൾപ്പെടെ ചില പേരുകളുടെ കാര്യത്തിൽ നിർബന്ധം പിടിച്ച മോദി വഴങ്ങാൻ തയാറായില്ല. പറ്റില്ലെന്ന നിലപാട് അംഗീകരിക്കാൻ കേന്ദ്ര നേതാക്കൾ തയാറാകാതെ വന്നപ്പോൾ മോദി നെഞ്ചുവേദനയെന്ന കാരണത്താൽ സിവിൽ ആശുപത്രിയിൽ അഡ്മിറ്റായി; വഴങ്ങാൻ നേതാക്കൾ നിർബന്ധിതരായി. അപൂർവമായി മാത്രം ദേശീയ വാർത്തയാകുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ്, ഇത്തവണ രാജ്യാന്തര വാർത്തയായി. അവസരത്തിനൊത്തുയർന്ന മോദി, താൻ അതുവരെ കണ്ട മതനിരപേക്ഷതയുടെ പ്രയോഗരീതിയെ വിമർശിക്കാൻ ആ അവസരം ഉപയോഗിച്ചു. അദ്ദേഹത്തിന് സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കളെ ഉന്നംവയ്ക്കാമായിരുന്നു – തന്റെ സുഹൃത്തായിരുന്നിട്ട് ശത്രുവായി മാറിയ വഗേലയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ – എന്നാൽ, അദ്ദേഹം ഉന്നതങ്ങളിൽ‍ ലക്ഷ്യം വച്ചു, ദേശീയ നേതാക്കളെ ലക്ഷ്യമാക്കി. പ്രത്യേകിച്ചും, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും പാക്കിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷാറഫിനെയും.’

പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ തന്റെ നേട്ടമാക്കിയെടുക്കാനെന്നോണം മോദി നടത്തുന്ന പൊരുത്തപ്പെടലുകൾ ശ്രദ്ധേയമാണെന്ന് 2017ൽ ബിഹാറിൽ നിതീഷ് കുമാറിനെ മഹാസഖ്യത്തിൽനിന്നു പുറത്തുകൊണ്ടുവന്നത് ഉദാഹരണമാക്കി അജയ് സിങ് വിശദീകരിക്കുന്നു.

സംഘടനയെ വളർത്തുന്നതിലെ മിടുക്കാണു മോദിയുടെ വിജയത്തിന്റെ യഥാർഥ കാരണം. അത് അദ്ദേഹം സംഘപരിവാർ നേതാക്കളിൽനിന്നു പഠിച്ചതും ദശകങ്ങളായി പ്രയോഗിക്കുന്നതുമാണ്. സർക്കാരിന്റെ രാഷ്ട്രീയ ഉപകരണമല്ല സംഘടനയെന്ന് അദ്ദേഹം ഉറപ്പാക്കുന്നു, സർക്കാരും സംഘടനയുമായി നേരത്തേ ഉണ്ടായിട്ടില്ലാത്തതും സവിശേഷവുമായ പൊരുത്തം അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ഓരോ കാലവും അതിനൊത്ത ബിംബങ്ങളെ സൃഷ്ടിക്കുംവിധം കരുത്തുറ്റ രാഷ്ട്രീയ ഘടനയാണ് മോദി അവശേഷിപ്പിക്കുന്നത് എന്ന വാദത്തോടെയാണു പുസ്തകം അവസാനിക്കുന്നത്. പ്രസാധകർ: പെൻഗ്വിൻ.

Content Highlights: The architect of the New BJP

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.