ADVERTISEMENT

ഊട്ടിയിലായിരുന്ന ഞാൻ അവിചാരിതമായി ഒരിക്കൽ കോവളം ബീച്ചിലെ സൂര്യാസ്തമയ ചിത്രങ്ങൾ എടുക്കാനിടയായി; 2011ൽ. 400 എം എം ടെലിലെൻസ് ഉപയോഗിച്ച് അസ്തമയസൂര്യന്റെ ചില ചിത്രങ്ങൾ എടുത്തു. അടുത്ത ദിവസം ഞാൻ ഈ ഫോട്ടോകൾ കംപ്യൂട്ടറിൽ കാണുമ്പോൾ സൂര്യന്റെ എല്ലാ ചിത്രങ്ങളിലും ഒരേ ഭാഗത്ത് ചില അടയാളങ്ങൾ ശ്രദ്ധയിൽപ്പെട്ടു. 

പിന്നീട് ഇത് സൺ സ്പോട്ട് (സുര്യകളങ്കം) എന്ന പ്രതിഭാസമാണെന്നു മനസ്സിലായി. സൂര്യനിൽ നടക്കുന്ന സ്ഫോടനങ്ങളുടെ ഭാഗമായുണ്ടാകുന്ന ഒരു പ്രതിഭാസമാണ് ഇതെന്നും ചിലപ്പോൾ ആഴ്ചകൾ നീണ്ടു നിൽക്കുമെന്നും അതിനുശേഷം പാടുകൾ ക്രമേണ ഇല്ലാതായിത്തീരുമെന്നും അറിഞ്ഞു. സാധാരണയായി നഗ്നനേത്രങ്ങൾ കൊണ്ട് ഇത് കാണാനോ ടെലിസ്കോപിക് ക്യാമറയിലൂടെ അല്ലാതെ ഇവ പകർത്താനോ കഴിയില്ല. എന്നാൽ എന്റെ സാധാരണ ക്യാമറയിൽ അതു പകർത്താനായി എന്നതു വലിയ അത്‌ഭുതമായി തോന്നി. അങ്ങനെ ദീർഘകാലം ആ ചിത്രം പുറംലോകം കാണാതെ എന്റെ ആൽബത്തിൽ വിശ്രമിച്ചു. 

ഞാൻ ഈ മേയിൽ  കൊല്ലം താന്നി കടപ്പുറത്ത് പോയപ്പോൾ അസ്തമയസൂര്യന്റെ ഒരു ചെറിയ വിഡിയോ ക്ലിപ്പിങ്ങും സൂര്യന്റെ ഫോട്ടോകളും എടുത്തിരുന്നു. വീട്ടിലെത്തി അടുത്തദിവസം ചിത്രം കണ്ടപ്പോഴാണു വീണ്ടും പഴയതുപോലെ തന്നെ സൂര്യനിൽ അത്തരം പാടുകൾ ഉള്ളതായി കണ്ടത്. അതു ‘സൺ സ്പോട്ട് ’ ആണെന്നും തിരിച്ചറിഞ്ഞു. 

അംഗീകൃത സോളർ ഫിൽറ്ററുകൾ ഘടിപ്പിച്ച ടെലിസ്‌കോപ് ഉപയോഗിച്ചു മാത്രമേ ഇവയെ നിരീക്ഷിക്കാവൂ. ഈ പ്രതിഭാസം ചിലപ്പോൾ ആഴ്ചകൾ നീണ്ടു നിന്നെന്നും വരാം. സൗരോപരിതലത്തിൽ തൊട്ടടുത്ത സ്ഥലത്തെക്കാൾ ചൂടും പ്രകാശവും കുറഞ്ഞ ഭാഗങ്ങളാണ് ഇങ്ങനെ കാണപ്പെടുന്നതെന്നു കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ഡോ എം.ജി. മനോജ് പറഞ്ഞു. ഇതിൽ കാണപ്പെടുന്ന പാടുകൾ ക്രമേണ ക്ഷയിച്ച് ഇല്ലാതാകും. 

ഇപ്പോൾ ദൃശ്യമായ സൂര്യകളങ്കത്തിന് ‘എംആർ 2936’ എന്നാണു പേരിട്ടിരിക്കുന്നതെന്നാണ് അമച്വർ വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞത്. 

English Summary: Dathan punalur shares experience about capturing sunset images

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com