ADVERTISEMENT

കലക്കാത്ത സന്തന മേറാ...’ സ്പീക്കറിൽ നിന്നു നാഞ്ചിയമ്മയുടെ പാട്ട് ഒഴുകിയിറങ്ങുന്നു. ഊരുവാസികളുടെ തലകൾ വാതിൽപ്പുറത്തേക്കു നീണ്ടു.

‘വായ്...വായ്...വയ് യോ.. നാമൊരു നാടകം നടിക്കാൻ വന്തിരിക്കാമോ വായോ...’ ഇരുള ഭാഷയിൽ അനൗൺസ്മെന്റ്. ഊരിലെ കുടികൾക്കുള്ളിൽ നിന്നു ചിലരെങ്കിലും പുറത്തെത്തി. മറ്റു ചിലർ നോട്ടം മാത്രം പുറത്തേക്കയച്ചു കതകിനു പിന്നിൽ മറഞ്ഞു നിന്നു. ‘ലാലേലെ ലാലലാലെ...’ പാട്ടിനൊപ്പിച്ചു പറയും ദെവിലും ജാലറയും കൊട്ടി നൃത്തം തുടങ്ങിയതോടെ കതകിനു പിന്നിലൊളിച്ചവരും പുറത്തെത്തി.

അട്ടപ്പാടി വെച്ച്പ്പതി ഊരിലെ തെരുവിൽ‍ ‘നമ്ത്ത് കനവ്’ നാടകം ആരംഭിക്കുകയാണ്. ഇരുള ഭാഷയിൽ നമ്ത്ത് കനവെന്നാൽ നമ്മുടെ സ്വപ്നമെന്നർഥം.

അതെ, അരങ്ങിന് ആദിവാസികളിലേക്കു പകരേണ്ടതു കാമ്പുള്ളൊരു സ്വപ്നമാണ്, ‘ശിശുമരണങ്ങളില്ലാത്ത അട്ടപ്പാടിയെന്ന, ഊരുകളുടെ അതിജീവനച്ചൂടുള്ള സ്വപ്നം.’

നിലയ്ക്കാത്ത മാതൃവിലാപങ്ങൾ

അട്ടപ്പാടിക്ക് എന്നും നീറ്റലാണ്, അമ്മയുടെ പേറ്റുനോവാറും മുൻപു ജീവന്റെ തുടിപ്പ് അറ്റുപോകുന്ന പിഞ്ചുകുഞ്ഞുങ്ങൾ. ശിശുമരണങ്ങൾ അപൂർവതയല്ലാത്ത ഊരുകളിലെ, പുതുമണ്ണു കോരിയിട്ട കുഞ്ഞു മൺകൂനകൾ മലദൈവങ്ങളെപ്പോലും മാതൃശാപത്താൽ പൊള്ളിക്കും. ആചാരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാന സൗകര്യക്കുറവിനെയും അധികൃതരുടെ അനാസ്ഥയെയുമെല്ലാം പ്രതിസ്ഥാനത്തു നിരത്താമെങ്കിലും ആവർത്തിക്കുന്ന ശിശുമരണങ്ങൾ ഊരുകളുടെ നെഞ്ചകം തകർക്കുന്നു. കനിവറ്റ ഈ കാലത്തും അട്ടപ്പാടി പുതിയൊരു കനവു കണ്ടു തുടങ്ങുകയാണ്.

revathy
ബി.ഉദയകുമാറും ഭാര്യ രേവതിയും.

ഓടിച്ചാടി നടക്കുന്ന ആരോഗ്യമുള്ള കുഞ്ഞുങ്ങളെ, അവരുടെ പുഞ്ചിരിയെ, കുട്ടിക്കുറുമ്പുകളെ. സെന്റർ ഫോർ ട്രൈബൽ എജ്യുക്കേഷനൽ ആൻഡ് റിസർച്ചും (തമ്പ്) യുണിസെഫും കൈകോർത്താണു ഊരുകളുടെ മനസ്സിൽ പുതുസ്വപ്നങ്ങളുടെ വിത്തിടുന്നത്. ആദിവാസി മനസ്സറിഞ്ഞൊരു നാടകത്തിലൂടെ.

നമ്ത്ത് കനവ്

2013 മുതലാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങൾ പുറംലോകമറിഞ്ഞത്. ദേശീയ മാധ്യമങ്ങളിൽ വരെ വലിയ വാർത്തയായതോടെ ആദിവാസികൾക്കായി കോടികൾ ഒഴുകി. ഒരു പതിറ്റാണ്ടിനിടെ വികസനത്തിനായി ലഭിച്ചത് 490 കോടി രൂപ. എന്നാൽ, ഈ വർഷം ഇതുവരെ മരിച്ചതാകട്ടെ 8 കുഞ്ഞുങ്ങൾ.

ശിശുമരണം ഇല്ലാതാക്കാൻ പദ്ധതികൾകൊണ്ടു കഴിയുന്നില്ലെന്ന തിരിച്ചറിവിലാണു തമ്പും യുണിസെഫും ചേർന്നു പുതിയൊരു പരീക്ഷണത്തിനു മുതിർന്നത്. ഗോത്രഭാഷ സംസാരിക്കുന്ന നാടകത്തിലൂടെ ബോധവൽക്കരണം. കാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളെയും മിത്തുകളെയും കൂട്ടുപിടിച്ചാണ് ഒ.എൽ.എച്ച്. രതീഷ് ‘നമ്ത്ത് കനവ്’ നാടകം രചിച്ചത്. അട്ടപ്പാടിയിൽ നിന്ന് ആദ്യമായി സ്കൂൾ ഓഫ് ഡ്രാമ പഠനം പൂർത്തിയാക്കിയ നാടക, സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന കുപ്പുസ്വാമിയാണു സംവിധായകൻ.

പിറന്നു വീണയുടൻ കൈവിട്ടുപോയ കുഞ്ഞിന്റെ ഓർമകൾ ഇന്നും പിന്തുടരുന്ന ദമ്പതികളാണു പ്രധാന അഭിനേതാക്കൾ. പൊട്ടക്കല്ല് ഊരിലെ മുഡുക ഗോത്രത്തിൽ നിന്നുള്ള ബി.ഉദയകുമാറും ഭാര്യ രേവതിയും.

‘നിത് പെണ്ടെക് രത്ത കമ്മിയ അരിക്കുത്’

‘നിങ്ങളുടെ ഭാര്യയ്ക്കു രക്തം കുറവാണ്’, ഗർഭിണിയുമായി ആശുപത്രിയിൽ എത്തുന്നവർ കേൾക്കുന്ന ആദ്യവാചകം. എട്ടു വർഷം മുൻപ് ഇതേ വാചകം കോട്ടത്തറ ട്രൈബൽ സ്പെഷ്യൽ‌റ്റി ആശുപത്രിയിൽ നിന്നു കേട്ടപ്പോൾ ഉദയകുമാറും ഭാര്യ രേവതിയും തളർന്നിരുന്നു.

രേവതി ഗർഭിണിയാണെന്നു തിരിച്ചറിയാൻ വൈകിയിരുന്നു. ഡോക്ടറുടെ സേവനം തേടാനും. ഒടുവിൽ, എട്ടാം മാസം കോയമ്പത്തൂരിലെ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തനിയെ ശ്വസിക്കാൻ കുഞ്ഞിനു കഴിയുന്നുണ്ടായിരുന്നില്ല. തെളിഞ്ഞ ആകാശത്തേക്കു പൊടുന്നനെ കാർമേഘം ഇരച്ചുകയറി പെയ്തു തകർക്കുന്ന അട്ടപ്പാടിയുടെ കാലാവസ്ഥ പോലെ കുഞ്ഞിന്റെ ശരീരത്തിന്റെ നിറം മാറി മാറി വന്നു. ഇടിവെട്ടി മഴ പെയ്ത ആ കാളരാത്രിയിൽ കാട്ടിലെ ഭൂതഗണങ്ങൾ മലയിറങ്ങി വന്നു തന്റെ കുഞ്ഞിനെ തട്ടിയെടുക്കുന്നതു സ്വപ്നം കണ്ടു രേവതി പല തവണ ഞെട്ടിയുണർന്നു. നേരം പുലരും മുൻപ് ആ ദുഃസ്വപ്നങ്ങളിൽ നേരിന്റെ ഉപ്പു കനച്ചു. രാമഴയും മരവും പെയ്തു തോരുമ്പോഴും രേവതിയുടെ കണ്ണീർപ്പെയ്ത്തു തുടരുകയായിരുന്നു.

മനസ്സ് കൈവിട്ട രേവതിയെ കൗൺസലിങ്ങും സ്നേഹവും നൽകി ഉദയകുമാർ ചേർത്തുപിടിച്ചു. പഴങ്ങളും പച്ചക്കറികളും മീനും ഇറച്ചിയും നൽകി ആരോഗ്യവതിയാക്കി. കളിചിരികൾ മാഞ്ഞ രേവതിയുടെ മുഖത്തു സന്തോഷം വരണമെങ്കിൽ ഒരു കുഞ്ഞു വേണമെന്ന് ഉദയകുമാർ തിരിച്ചറഞ്ഞു. രണ്ടു വർഷത്തിനു ശേഷം രേവതി വീണ്ടും ഗർഭം ധരിച്ചു. ഇക്കുറി ഗർഭധാരണത്തെക്കുറിച്ച് ഇരുവർക്കും കൃത്യമായ ബോധവൽക്കരണം ലഭിച്ചിരുന്നു. അങ്ങനെ, ആരോഗ്യത്തോടെ അവൻ പിറന്നു, ‘ചെല്ലൻ.’

ചെല്ലന്റെ കളിചിരിയിൽ പലതും മറന്നെങ്കിലും നഷ്ടമായ കുഞ്ഞിന്റെ ഓർമകൾ വിങ്ങലായി ഉള്ളിൽത്തന്നെ കിടന്നു. അട്ടപ്പാടിയുടെ മണ്ണിൽ കുഞ്ഞു ശവക്കുഴികൾ ഉണ്ടാകരുതെന്ന ദൃഢനിശ്ചയത്തിലേക്കാണ് ഇരുവരുമെത്തിയത്. അട്ടപ്പാടിയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന തമ്പിലെ സജീവ പ്രവർത്തകരായതും അങ്ങനെ. ‘നമ്ത്ത് കനവ്’ തയാറായപ്പോൾ ഇരുവരും സ്വജീവിതാനുഭവങ്ങളുമായി അരങ്ങിലെത്താൻ തീരുമാനിച്ചതിനു പിന്നിലും ഇനിയൊരു ശിശുമരണം കൂടി അട്ടപ്പാടിയെ പൊള്ളിക്കരുതെന്ന ആഗ്രഹം തന്നെ. ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത രംഗങ്ങളാണെങ്കിൽക്കൂടിയും.

വേറ് ബെല്ലാതാക്ത്? വേറ് ഇറുക്വ

വയറു വീർത്തിട്ടുണ്ടെങ്കിൽ ഗർഭമുണ്ട് എന്നർഥം. ഗർഭിണിയാണെന്ന് ഊരിലെ പെണ്ണുങ്ങൾ അറിയുന്നതു വയറു വീർത്തു വരുമ്പോഴാണ്. അപ്പോഴേക്കും അഞ്ചോ ആറോ മാസം കഴിഞ്ഞിരിക്കും. ഗർഭിണിയാണെന്നറിഞ്ഞാലും ആ വിവരം ആരോടും പറയാൻ പാടില്ല. അങ്ങനെ പറഞ്ഞാൽ കുഞ്ഞിനെ കാട്ടിലെ ഭൂതഗണങ്ങൾ കൊണ്ടുപോകുമെന്നാണു വിശ്വാസം. ഇതുകൊണ്ടുതന്നെ വിവരം ഭർത്താവും കുടുംബാംഗങ്ങളും പോലും അറിയാൻ വൈകും. കുട്ടിക്കാലം മുതൽ അനീമിയ ഉള്ളതിനാൽ ഊരിലെ സ്ത്രീകളിൽ മിക്കവർക്കും ആർത്തവം കൃത്യമായി വരില്ല. ഇതും ഗർഭിണിയാണെന്ന തിരിച്ചറിവു വൈകിക്കും. ഇനി ഭർത്താവും വീട്ടുകാരും തിരിച്ചറിഞ്ഞാലും വണ്ടിക്കൂലിക്കു കാശില്ലാത്തത് അകലെയുള്ള ആശുപത്രിയിലേക്കുള്ള യാത്ര നീളാൻ കാരണമാകും.

ഇരുള, മുഡുഗ, കുറമ്പ ഗോത്രവിഭാഗങ്ങളാണ് അട്ടപ്പാടിയിലുള്ളത്. മൂന്നു ഗോത്രങ്ങൾക്കും വ്യത്യസ്ത ഭാഷകൾ. ഊരിൽ ഗർഭിണിയുള്ള വീടുകളിലേക്കു ചട്ടപ്പടിയുള്ള സർക്കാർ സഹായങ്ങളുടെ ഒഴുക്കാണ്. ഒരു കിലോ റാഗി, അവൽ, ഉഴുന്ന്, പൊട്ടുകടല, നെയ്യ്, ശർക്കര എന്നിവയാണു വീട്ടിലെത്തിക്കുന്നത്. റാഗിപ്പുട്ട് ഉണ്ടാക്കി കുടുംബത്തിൽ ഉള്ളവർ എല്ലാവരും കൂടി കഴിക്കും. നാലു ദിവസത്തിനുള്ളിൽത്തന്നെ പോഷക കിറ്റ് തീരും പിന്നെ ഗർഭിണിക്കു കിട്ടുക റേഷനരിച്ചോറും രസവും മാത്രം. അല്ലെങ്കിൽ കമ്യൂണിറ്റി കിച്ചൻ പദ്ധതിയിലൂടെ രാവിലെയും രാത്രിയിലും എത്തുന്ന പൊതിച്ചോറും. രക്തക്കുറവും പോഷകക്കുറവും കാരണം മിക്കവരും എട്ടാം മാസത്തിൽത്തന്നെ പ്രസവിക്കും. ആരോഗ്യമില്ലാതെ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളിൽ ചിലർക്ക് 5,6 ദിവസം മാത്രമായിരിക്കും ആയുസ്സ്. കുഞ്ഞു മരിക്കുമ്പോൾ അധികൃതർ പതിവു പല്ലവിയോടെ കൈ കഴുകും.

‘എത്തിക്കേണ്ടതെല്ലാം എത്തിച്ചിരുന്നു, ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു’. അട്ടപ്പാടിയിൽ നടക്കുന്ന ഓരോ ആദിവാസി ശിശുമരണത്തിനു ശേഷവും ഈ കഥ പതിവ്.

നടിപ്പിലെ പാഠം

മരണാനന്തര ചടങ്ങുകളോടനുബന്ധിച്ച് അവതരിപ്പിക്കപ്പെടുന്ന തനതു കലാരൂപം, ഹരിചന്ദ്ര കൂത്തിലെ കോമാളിയുടെ സ്വപ്നമാണു ‘നമ്ത്ത് കനവ്’. ഗോത്ര ഭാഷയിൽ തന്നെ ആയതിനാൽ കാണികളും നാടകത്തിനൊപ്പം കൂടുന്നു. നാടകത്തിനിടയിൽത്തന്നെ ഊരുകൂട്ടം കൂടി ഗുരുവനോടു പ്രശ്നങ്ങൾ പറയുന്നു. ഗുരുവന്റെ വാക്കുകൾ അനുസരിക്കണമെന്നതാണു ഗോത്ര നിയമം. ‘കലികാലം പോയി നല്ലകാലം വരപോകുത്’, ഗുരുവചനങ്ങൾ. കാലത്തിനൊപ്പം ആചാരങ്ങളും മാറണമെന്ന് ഗുരുവൻ ഓർമിപ്പിക്കുന്നു. നല്ല ശീലങ്ങൾ പിന്തുടരാൻ ഊരു കൂട്ടം തീരുമാനമെടുത്തു. ഗർഭം ഒളിച്ചു വയ്ക്കരുതെന്നും ഗർഭിണിയാണെന്നു തിരിച്ചറിഞ്ഞാൽ ആദ്യം ആശാവർക്കറോടു പറയണമെന്നും ഊരുകൂട്ടം നിർദേശിക്കും. പോഷക സമൃദ്ധമായ ആഹാരത്തിനായി നഷ്ടമായ കൃഷി വീണ്ടും ആരംഭിക്കണമെന്ന ആഹ്വാനത്തോടെ ഊരുകൂട്ടം പിരിയുന്നു.

തമ്പിന്റെ സജീവ പ്രവർത്തകരായ മരുതൻ, കെ.എൻ.രമേഷ്, വിനോദ്, മതിവർണൻ, ലക്ഷ്മി ഉണ്ണിക്കൃഷ്ണൻ, രാധകുലുക്കൂർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മുരുകൻ സാമ്പാർകോടിന്റെ ഗാനങ്ങളും ആദി തേജസിന്റെ കലാ സംവിധാനവും നാടകത്തിനു മികവു പകരും. 150 ഊരുകളിൽ നാടകം അവതരിപ്പിക്കും. 40 ദിവസം നാടകവണ്ടി വിവിധ ഊരുകളിൽ എത്തുമെന്നും തമ്പിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചാണ് ഈ ആശയത്തിലേക്ക് എത്തിയതെന്നും പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പറയുന്നു.

English Summary: Attappadi tribal story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com