ADVERTISEMENT

ഗാനം എന്ന എന്റെ സിനിമ സാമ്പത്തികവിജയമാവുകയാണെങ്കിൽ തുടർന്നു സംഗീതചിത്രങ്ങൾ മാത്രമേ നിർമിക്കൂ എന്നു ഞാൻ തീരുമാനിച്ചിരുന്നു. ആ വഴിയിലെ അടുത്ത നാഴികക്കല്ലാകാൻ യോഗ്യതയുള്ള ഒരു വിഷയവും ഞാൻ മനസ്സിൽ സൂക്ഷിച്ചു. ഷട്കാല ഗോവിന്ദമാരാർ, ത്യാഗരാജസ്വാമികൾ, സ്വാതിതിരുനാൾ എന്നീ മൂന്നു മഹാന്മാരും ആ കഥയിൽ കഥാപാത്രങ്ങളാണ്. ത്യാഗരാജസ്വാമികൾ അദ്ദേഹത്തിന്റെ പഞ്ചരത്ന കൃതികളിൽ ഒന്നായ ശ്രീരാഗത്തിലുള്ള ‘എന്തരോ മഹാനുഭാവുലു ...’ എന്ന ഗാനം രചിച്ചത് നമ്മുടെ ഗോവിന്ദമാരാർ ആറാം കാലത്തിൽ ആനന്ദഭൈരവി രാഗം പാടുന്നതു കേട്ടതിനു ശേഷമാണ് എന്നൊരു കഥയുണ്ട്. ഇതു സത്യമാണെന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. (ദേവരാജൻമാസ്റ്ററെ പോലെയുള്ള സംഗീതജ്ഞർക്ക് ആറാം കാലത്തിൽ പാടുക എന്ന പ്രക്രിയയെക്കുറിച്ചു തന്നെ അഭിപ്രായഭിന്നതകൾ ഉണ്ട്) സമാനതകളില്ലാത്ത പ്രതിഭാശാലികളുടെ യഥാർഥ ജീവിതകഥകളോടൊപ്പം കെട്ടുകഥകളും പ്രചരിക്കും. ഏതായാലും യുവത്വത്തിൽതന്നെ ജീവിതസംഗീതം മതിയാക്കിയ സ്വാതിതിരുനാൾ മഹാരാജാവിന് ത്യാഗരാജകൃതികളോട് ആരാധന തോന്നിയിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട .ആ നൂറ്റാണ്ടിൽ നിലനിന്നിരുന്ന രാജനീതിയനുസരിച്ചു മഹാരാജാവിന് ത്യാഗരാജസ്വാമികളെ കാണാൻ തിരുവയ്യാറിലേക്കു പോവുക സാധ്യമല്ല. ത്യാഗരാജസ്വാമികൾ സ്വാതി തിരുനാളിനെ കാണാൻ ഇങ്ങോട്ടും വരികയില്ല. മധുര ഭരിച്ചിരുന്ന രാജാവ് സംഗീതജ്ഞനായ ത്യാഗരാജനെ തന്റെ സദസ്സിലേക്കു കൂട്ടിക്കൊണ്ടുവരാൻ ദൂതരെ അയച്ചപ്പോൾ ‘എനിക്ക് ഒരു രാജാവേയുള്ളൂ. ആ രാജാവിന്റെ പേര് ശ്രീരാമൻ എന്നാണ്, അദ്ദേഹം എപ്പോഴും എന്റെ മുന്നിൽത്തന്നെയുണ്ട് ’ എന്നു പറഞ്ഞ് അവരെ മടക്കിയയച്ചയാളാണ് ത്യാഗയ്യ എന്നു നാട്ടുകാർ വിളിച്ചിരുന്ന ത്യാഗരാജൻ.

ആകാശം പാടി; ഭൂമി ഏറ്റുപാടി എന്ന പേരിൽ സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യമുള്ള ഒരു കഥയും ഞാൻ തയാറാക്കിയിരുന്നു. ഗാനം എന്ന സിനിമയുടെ സാമ്പത്തികപരാജയം എന്റെ പുതിയസ്വപ്നങ്ങളെല്ലാം ശിഥിലമാക്കി. മുടക്കുമുതൽ തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലാത്ത സിനിമകൾ മറ്റു നിർമാതാക്കളുടെ തലയിൽ വച്ചുകൊടുത്തിട്ട് കൈ കഴുകുന്ന സംവിധായകനല്ല ഞാൻ. ഭൂഗോളം തിരിയുന്നു, മോഹിനിയാട്ടം, ഏതോ ഒരു സ്വപ്നം, മാളിക പണിയുന്നവർ, ഗാനം തുടങ്ങിയ സിനിമകളൊക്കെ ഞാൻ എന്റെ പണം കൊണ്ടാണു നിർമിച്ചത്. മറ്റുള്ള നിർമാതാക്കൾക്കു വേണ്ടി പടങ്ങൾ സംവിധാനം ചെയ്യുമ്പോൾ ഞാൻ ഒരു തരത്തിലും പരീക്ഷണം നടത്തിയിട്ടില്ല. വേനലിൽ ഒരു മഴ, പുതിയ വെളിച്ചം. ജീവിതം ഒരു ഗാനം, അമ്പലവിളക്ക്, നായാട്ട് , തുടങ്ങിയ ഹിറ്റ് ചിത്രങ്ങളൊക്കെ ഞാൻ മറ്റു നിർമാതാക്കൾക്ക് വേണ്ടി സംവിധാനം ചെയ്തവയാണ്. നിർമാതാവ് എന്ന നിലയിൽ എനിക്കു മുന്നോട്ടുപോയേ മതിയാകൂ. ചലച്ചിത്രനിർമാണം തുടരാൻ വേണ്ടിയാണല്ലോ ഞാൻ എന്റെ കെട്ടിടനിർമാണക്കമ്പനി പൂട്ടിയത്. ജീവിതത്തിൽ തോറ്റോടാൻ ഞാൻ എന്തായാലും തയാറല്ല. ഉടനെ ഒരു സിനിമയുടെ നിർമാണം തുടങ്ങിയേ മതിയാകൂ. അങ്ങനെയാണ് ഞാൻ എനിക്കും ഒരു ദിവസം എന്ന കഥയെഴുതി അടുത്ത സിനിമയിലേക്കു പ്രവേശിച്ചത്.

  മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ കണ്ടപ്പോൾ തന്നെ നരേന്ദ്രൻ എന്ന പ്രതിനായകനായി വന്ന ചെറുപ്പക്കാരന്റെ അഭിനയം എന്നെ ആകർഷിച്ചു. എറണാകുളം ഷേണായ്‌സ് തിയറ്ററിൽ ആ ചിത്രം റിലീസ് ആയ ദിവസത്തെ മാറ്റിനിഷോ തന്നെ കണ്ടു. 1980ലെ ക്രിസ്മസ് ദിനം. ഉയർന്ന താരപദവിയിലേക്ക് അനുദിനം വളർന്നുകൊണ്ടിരുന്ന ജയൻ എന്ന നടൻ അപകടത്തിൽ മരിച്ചിട്ട് ഒരു മാസവും ഏതാനും ദിവസങ്ങളും കഴിഞ്ഞിട്ടേയുള്ളു. ഞാനും രാജിയും കുട്ടികളും ഒരുമിച്ചാണു സിനിമ കണ്ടത്. ഞങ്ങൾ മദ്രാസിൽ നിന്ന് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എറണാകുളത്തു വന്നതായിരുന്നു. നരേന്ദ്രൻ ആയി അഭിനയിച്ച പയ്യനെ എനിക്കറിയാമെന്നു രാജി പറഞ്ഞു. മോഹൻലാൽ എന്നാണ് പേര്. അമ്മയുടെ വീട് ഇലന്തൂരിലാണ്. എന്റെ അമ്മയ്ക്ക് അവരെ നല്ലതുപോലെ അറിയാം. അച്ഛൻ സെക്രട്ടേറിയറ്റിലെ വലിയ ഉദ്യോഗസ്ഥനാണ്, ഈ പയ്യന്റെ കുട്ടിക്കാലത്ത് ബാലഭവനിലെ വെക്കേഷൻ ക്ലാസിൽ വരുമായിരുന്നു. അച്ഛനാണ് കുട്ടികളെ അവിടെ അഭിനയം പഠിപ്പിച്ചിരുന്നത്. പ്രശസ്ത കവിയും പരിസ്ഥിതിപ്രവർത്തകയുമായ സുഗതകുമാരി അക്കാലത്ത് തിരുവനന്തപുരത്തുള്ള നെഹ്‌റു ബാലഭവന്റെ നേതൃത്വം വഹിച്ചിരുന്നു. സുഗതച്ചേച്ചിയുടെ പത്രാധിപത്യത്തിൽ കുട്ടികൾക്ക് വേണ്ടി തളിര് എന്നൊരു മാസികയും നടത്തിയിരുന്നു. എന്റെ ഭാര്യാപിതാവായ ഗായകനടൻ വൈക്കം മണി എന്ന മാനാശ്ശേരിൽ ശങ്കരനാരായണക്കുറുപ്പ് വൈക്കം സ്വദേശിയാണെങ്കിലും എന്റെ ഭാര്യ രാജി ജനിച്ചതും വളർന്നതും അമ്മയുടെ സ്ഥലമായ കൈപ്പട്ടൂരിലാണ്. കൈപ്പട്ടൂരും ഇലന്തൂരും അടുത്തടുത്ത സ്ഥലങ്ങളാണ്. രാജിയുടെ അച്ഛന്റെയും അമ്മയുടെയും വീടുകൾക്ക് ഒരേ പേരാണ്. വൈക്കം മാനാശ്ശേരിൽ അച്ഛന്റെ കുടുംബം. കൈപ്പട്ടൂർ മാനാശ്ശേരിൽ അമ്മയുടെ കുടുംബം .തികച്ചും യാദൃച്ഛികം ! ആദ്യസിനിമയിൽ തന്നെ ഒരു വലിയ നടന്റെ പിറവി നരേന്ദ്രൻ എന്ന കഥാപാത്രത്തിലൂടെ എനിക്കു കാണാൻ കഴിഞ്ഞു എന്നതു സത്യമാണ്. ആദ്യമായി തമ്മിൽ കണ്ടപ്പോൾ ഞാൻ ലാലിനോട് ഇത് പറയുകയും ചെയ്തു.

രാജിയുടെ സംസാരത്തിൽ നിന്ന് മോഹൻലാൽ നമുക്ക് വേണ്ടപ്പെട്ട പയ്യനാണ് എന്ന തോന്നൽ എനിക്കുണ്ടാവുകയും ഞാൻ അതിൽ അഭിമാനിക്കുകയും ചെയ്തു. കൈപ്പട്ടൂരിൽ രാജിയുടെ

അമ്മയ്ക്കുണ്ടായിരുന്ന വസ്തുവകകൾ വിറ്റ് അവർ തിരുവനന്തപുരത്തു വീടുവാങ്ങി താമസം തുടങ്ങിയതിനു ശേഷമാണ് എന്റെ കവിതകളുടെ ആരാധികയായ രാജിയും ഞാനും തമ്മിൽ പരിചയപ്പെട്ടത്. രാജിയുടെ അച്ഛനു കലാനിലയം സ്ഥിരം നാടകവേദിയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കാൻ വേണ്ടിയായിരുന്നു കൈപ്പട്ടൂരിൽ നിന്ന് തിരുവന്തപുരത്തേക്കുള്ള ഈ മാറ്റം. താജ്മഹലിലെ ഷാജഹാൻ, രാമായണത്തിലെ ശ്രീരാമൻ, കായംകുളം കൊച്ചുണ്ണിയിലെ തഹസിൽദാർ തുടങ്ങിയ അനേകം കഥാപാത്രങ്ങളിലൂടെ അദ്ദേഹം സ്ഥിരംനാടകവേദിയിൽ തിളങ്ങി. ആദ്യകാല തമിഴ് സിനിമകളായ ദാനശൂര കർണ്ണ, കൃഷ്ണപിടാരൻ, ധർമവീരൻ എന്നിവയിലും നല്ലതങ്ക, സ്ത്രീ, ശശിധരൻ തുടങ്ങിയ മലയാള സിനിമകളിലും നായകനായും ഉപനായകനായും അഭിനയിച്ചതിനു ശേഷമാണ് നാടകമാണ് തന്റെ തട്ടകം എന്നദ്ദേഹം തീരുമാനിച്ചത്. ഈ ചിത്രങ്ങളിൽ അദ്ദേഹം പാടിയിട്ടുമുണ്ട്. ശശിധരൻ എന്ന സിനിമയിലെ നായകനായ പി.കെ. വിക്രമൻ നായർക്കുവേണ്ടി പിന്നണിയിൽ പാടിയതും വൈക്കം മണിയാണ്. അടുത്തകാലത്ത് മഞ്ജുവാര്യർ ‘ജാക് ആൻഡ് ജിൽ’ എന്ന ചിത്രത്തിൽ പാടിയ ‘കാന്താ തൂകുന്നു തൂമണം ഇതെങ്ങു നിന്ന്...കിം കിം കിം കിം കിം കിം കിം മേ മേ മേ മേ മേ മേ മേ...’ എന്ന വിചിത്രമായ പാട്ട് ‘പാരിജാതപുഷ്‌പാപഹരണം’ എന്ന നാടകത്തിൽ വൈക്കം മണി പാടിയതാണ്. ഒരു ദിവസം ഞാൻ മദ്രാസിലേക്കു പോകാൻ തിരുവനന്തപുരം എയർപോർട്ടിലെ ലൗഞ്ചിൽ ഇരിക്കുമ്പോൾ ഒരു സഹയാത്രക്കാരൻ മുന്നോട്ടുവന്നു സ്വയം പരിചയപ്പെടുത്തി. ‘എന്റെ പേര് വിശ്വനാഥൻ നായർ, സെക്രട്ടേറിയറ്റിലാണു ജോലി. സാറിന് എന്നെ പരിചയമില്ല. പക്ഷേ, സാറിന്റെ ഫാദർ ഇൻ ലോയെ എനിക്ക് നന്നായി അറിയാം, ഞാൻ മോഹൻലാലിന്റെ അച്ഛനാണ്’. അദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞതിൽ ഞാനും സന്തോഷിച്ചു. ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നു. തന്റെ മൂത്ത മകൻ പ്യാരേലാലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അച്ഛന്റെ അനുവാദമില്ലാതെയാണ് മോഹൻലാൽ സിനിമയിൽ വന്നതെന്ന് പലരും പറഞ്ഞുകേട്ടിരുന്നു. എന്നാൽ മോഹൻലാലിന്റെ അച്ഛൻ എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത് ഗാനം എന്ന ചിത്രം തുടങ്ങുമ്പോൾ നായകന്റെ മകനായ ആധുനിക ഗായകന്റെ വേഷം മോഹൻലാലിനു കൊടുക്കുന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചു. എന്നാൽ വിതരണക്കാരും അടുത്ത സുഹൃത്തുക്കളും അതിനോട് അനുകൂലിച്ചില്ല, നായകനായ അംബരീഷിനെത്തന്നെ മലയാളികൾ അംഗീകരിക്കുമെന്ന് ഉറപ്പില്ല. പിന്നെ ക്രൂരനായ വില്ലന്റെ വേഷത്തിൽ അഭിനയിച്ച പയ്യന് മകന്റെ റോൾ കൂടി കൊടുക്കുന്നത് വളരെ വലിയ റിസ്ക് ആയിരിക്കും എന്നായിരുന്നു അവരുടെയെല്ലാം അഭിപ്രായം. ഒരു ചെറിയ അകൽച്ചയ്ക്കു ശേഷം ഞാൻ പ്രേംനസീറുമായി വീണ്ടും അടുത്ത സമയമായിരുന്നു അത്. നസീർ സാറിന് അനുയോജ്യമായ ഒരു വേഷവും ഗാനം എന്ന സിനിമയിൽ ഇല്ല. അതുകൊണ്ട് നസീർസാറുമായി സംസാരിച്ചതിനു ശേഷം അംബരീഷിന്റെയും പൂർണിമാജയറാമിന്റെയും മകനായി ഷാനവാസിനെ നിശ്ചയിച്ചു. എങ്കിലും ഒരു കാര്യം അപ്പോൾത്തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഗാനത്തിന് ശേഷം ഞാൻ നിർമിക്കുന്ന സിനിമയിൽ തീർച്ചയായും മോഹൻലാൽ ഉണ്ടായിരിക്കും അതു വില്ലൻ വേഷത്തിലല്ല, കുറഞ്ഞത് ഉപനായകന്റെ വേഷത്തിലെങ്കിലും. വില്ലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ട പല നടന്മാരും പിന്നീട് നായകന്മാരായും സൂപ്പർതാരങ്ങളായും ഉയർന്നിട്ടുണ്ട്. തമിഴിൽ രജനീകാന്ത്, ഹിന്ദിയിൽ ശത്രുഘ്നൻ സിൻഹ, മലയാളത്തിൽ ജയൻ എന്നിവർ മികച്ച ഉദാഹരണങ്ങൾ. എന്തിന് ? ഭാരതിരാജയുടെ ശിവപ്പു റോജാക്കൾ എന്ന ഹിറ്റ് സിനിമയിൽ കമൽഹാസൻ വില്ലൻവേഷമാണ് ചെയ്തത്. കൊലയാളിയുടെ വേഷം!. പിന്നീടല്ലേ അദ്ദേഹം ഉലകനായകനായി വളർന്നത്.

ശ്രീകുമാരൻ തമ്പി (ഫയൽ ചിത്രം)
ശ്രീകുമാരൻ തമ്പി

ഗാനം പുറത്തു വന്നു കഴിഞ്ഞപ്പോൾ നിർമാണം മതിയാക്കി എഴുത്തുകാരനും സംവിധായകനുമായി മാത്രം സിനിമയിൽ തുടരാൻ അനുഭവസമ്പന്നരായ പലരും എന്നെ ഉപദേശിച്ചു. മധുച്ചേട്ടൻ (നടൻ മധു) മലയാളത്തിൽ തുടർച്ചയായി പടങ്ങൾ നിർമിക്കുന്ന, വിതരണക്കമ്പനി സ്വന്തമായുള്ള' ഒരു നിർമാതാവിനു വേണ്ടി സിനിമ സംവിധാനം ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു. മധുച്ചേട്ടൻ എന്റെ വല്യേട്ടനെക്കാൾ ഒരു വയസ്സ് കൂടുതലുള്ള വ്യക്തിയാണ്. പരിചയപ്പെട്ട നാൾ മുതൽ ഞാൻ അദ്ദേഹത്തെ എന്റെ ജ്യേഷ്ഠനായി തന്നെയാണ് കരുതുന്നതും. എങ്കിലും ഞാൻ ഈ കാര്യത്തിൽ അദ്ദേഹത്തെ അനുസരിച്ചില്ല. അതു തെറ്റായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നുണ്ട്. ആയിടയ്ക്ക് ആ നിർമാതാവ് ഒരു നായകനടന്റെ കരണത്തടിച്ചു എന്നൊരു വാർത്ത പ്രചരിച്ചിരുന്നു. നിർമാതാവ് പണം കൊടുക്കന്നയാളും നടീനടന്മാരും സാങ്കേതികവിദഗ്ധരും പണം കൈനീട്ടി വാങ്ങുന്നവരുമാണ്. എങ്കിലും ഇരു കൂട്ടരും പരസ്പരം ബഹുമാനിക്കണം എന്നു തന്നെയാണ് എന്റെ അഭിപ്രായം

നിർമാണം മതിയാക്കി രചനയിലും സംവിധാനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ ഉപദേശിച്ച മറ്റൊരു പരിചയസമ്പന്നൻ എവർഷൈൻ പ്രൊഡക്‌ഷൻസിന്റെ ഉടമസ്ഥനായ എസ്.എസ്. തിരുപ്പതി ചെട്ടിയാർ ആണ്. അദ്ദേഹം പറഞ്ഞു ‘ ഗാനം എന്ന പടവും നായാട്ട് എന്ന പടവും ഒരു ഡയറക്ടർ ചെയ്തതാണെന്നു വിശ്വസിക്കാൻ പ്രയാസം. തമ്പീ, നാളെ എന്റെ ഓഫിസിൽ വരണം. നമുക്ക് ഒരു പടം പ്ലാൻ ചെയ്യാം’ ഞാൻ അദ്ദേഹത്തിന്റെ ഓഫീസിൽ പോയില്ല. എനിക്ക് സ്വന്തം പടം ഉടനെ തുടങ്ങിയേ മതിയാകൂ. തുടക്കത്തിൽത്തന്നെ സിനിമ നിർമിക്കരുതെന്ന് നസീർസാർ എന്നെ ഉപദേശിച്ചതാണ്. ചന്ദ്രകാന്തം എന്ന സിനിമ കഴിഞ്ഞാൽ പിന്നെ നിർമാണം ഒഴിവാക്കണം എന്ന്‌ മഹാകവി കണ്ണദാസനും ഉപദേശിച്ചു. ഇവരെ ആരെയും ഞാൻ അനുസരിച്ചില്ല.

മമ്മൂട്ടി നായകനായ ‘മുന്നേറ്റം’ തീർന്നതിനു ശേഷമാണ് ഞാൻ ‘ഗാന’ത്തിന്റെ ജോലികൾ തുടങ്ങിയത്. മുന്നേറ്റത്തിന്റെ ഷൂട്ടിങ് തീരാറായപ്പോൾ ഊട്ടിയിൽ തൃഷ്ണ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ആയിരുന്ന ഐ.വി.ശശി എന്നെ ഫോണിൽ വിളിച്ചു. ‘തമ്പിസാറിന്റെ പടത്തിലെ നായകൻ എങ്ങനെയുണ്ട്..?’ എന്ന് ചോദിച്ചു, അപ്പോൾ തൃഷ്ണയിൽ ഒരു പുതിയ നടനെ ഐ.വി.ശശി. നായകനായി തീരുമാനിച്ച് ഷൂട്ടിങ് തുടങ്ങിയിരുന്നു. ‘ മമ്മൂട്ടിയെ ധൈര്യമായി നായകനാക്കാം. ശശിക്ക് തീർച്ചയായും ഇഷ്ടപ്പെടും’ എന്നു ഞാൻ പറഞ്ഞു ‘ എനിക്ക് ഇപ്പോൾ അഭിനയിക്കുന്ന നടനെ മാറ്റിയേ പറ്റൂ. എന്റെ കഥാപാത്രത്തിന് അയാൾ തീരെ ശരിയാവുന്നില്ല.’ ശശി പറഞ്ഞു. പ്രശസ്ത ഛായാഗ്രാഹകൻ ശിവൻ സംവിധാനം ചെയ്ത് അവാർഡ് നേടിയ യാഗം എന്ന സിനിമയിലെ നായകനെയാണ് ശശി ‘തൃഷ്ണയ്’യിൽ ആദ്യം നായകനാക്കിയത്. എൻ. മോഹനൻ എഴുതിയ ‘എന്റെ കഥ (നിന്റെയും ’ എന്ന പ്രശസ്ത ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു യാഗം. ‘എന്താണ് നിങ്ങളുടെ നായകന്റെ കുഴപ്പം? ’ ഞാൻ ശശിയോടു ചോദിച്ചു. അപ്പോൾ ശശി പറഞ്ഞു.‘ അയാൾ ഒരു സ്ലോ ആക്ടർ ആണ്. സംസാരത്തിൽ നമ്പൂതിരി സ്ലാങ് വളരെ കൂടുതൽ. അഭിനയം മോശമൊന്നുമല്ല. എന്റെ കഥാപാത്രത്തിനു യോജിക്കില്ലെന്നു മാത്രം.’ ശശി പറഞ്ഞു. അപ്പോൾ സംസാരത്തിൽ നമ്പുതിരി സ്ലാങ് അത്യാവശ്യമായ ഒരു സ്ലോ ആക്ടറെ ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കയായിരുന്നു. എന്റെ ഗാനത്തിലെ സംഗീതഗുരുവായ നാരായണൻ നമ്പൂതിരിയുടെ വേഷം അഭിനയിക്കാൻ. ശശിയെപോലെ സമർഥനായ ഒരു ടെക്‌നിഷ്യൻ മലയാളത്തിൽ വേറെയുണ്ടായിട്ടില്ലെന്നാണ് എന്റെ വിശ്വാസം. എനിക്ക് ശശിയുടെ പ്രതിഭയോട് എല്ലായ്പ്പോഴും ബഹുമാനം തോന്നിയിരുന്നു. എന്റെ പാട്ടുകളും തിരക്കഥകളും ശശിയും ഇഷ്ടപ്പെട്ടിരുന്നു. അയൽക്കാരി, അഭിനന്ദനം, അഭിനിവേശം, ഇതാ ഒരു മനുഷ്യൻ, അപാരത, അക്കരപ്പച്ച തുടങ്ങി പല ഐ.വി.ശശി ചിത്രങ്ങളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ‘ഇതാ ഒരു മനുഷ്യൻ’ ആണ് ഞാൻ ശശിക്കുവേണ്ടി എഴുതിയ ആദ്യത്തെ തിരക്കഥ. എഴുതിത്തുടങ്ങുന്നതിനു മുമ്പ് ‘നമ്മൾ എപ്പോഴാണ് ഡിസ്കഷന് ഇരിക്കുക ?’ എന്ന് ഞാൻ ശശിയോടു ചോദിച്ചു. അപ്പോൾ ശശി പറഞ്ഞ ഉത്തരം ഇതായിരുന്നു. !എന്ത് ഡിസ്കഷൻ ? നിങ്ങൾ ഡയറക്ട് ചെയ്യുമ്പോൾ സ്ക്രിപ്റ്റ് എങ്ങനെ എഴുതുമോ, അതുപോലെ എഴുതുക. എന്റെ ഇഷ്ടത്തിന് ഞാൻ ഷോട്ടുകളെടുക്കും. അത്രമാത്രം.’ ഈ പരസ്പരബഹുമാനമാണ് ഞങ്ങളുടെ സൗഹൃദം നിലനിർത്തിയത്.

അങ്ങനെ ശശി തന്റെ പുതിയ നായകനെ ഒഴിവാക്കി. പകരം മമ്മൂട്ടിയെ തൃഷ്ണയിലെ നായകനാക്കി. ശശി ഒഴിവാക്കിയ നായകന് ഞാൻ എന്റെ ഗാനത്തിലെ സംഗീതഗുരുവിന്റെ വേഷം നൽകി. ആ നടന്റെ പേരാണ് ബാബു നമ്പുതിരി. എന്റെ ‘ഗാനം’ എന്ന ചിത്രത്തിലെ രണ്ടാമത്തെ നായിക സീമയായിരുന്നു. സീമ ഗർഭിണിയായതുകൊണ്ടാണ് അവരെ മാറ്റി ഞാൻ പൂർണിമാജയറാമിനെ ആ കഥാപാത്രമാക്കിയത് എന്നും മുൻപ് സൂചിപ്പിച്ചിരുന്നു. ഗാനത്തിൽ അഭിനയിക്കുന്നതിന് സീമയ്ക്കു നൽകിയ അഡ്വാൻസ് ശശിയും സീമയും ഏറെ നിർബന്ധിച്ചിട്ടും ഞാൻ തിരിച്ചു വാങ്ങിയില്ല. പ്രസവം കഴിഞ്ഞും സീമ അഭിനയം തുടരുകയാണെങ്കിൽ സീമ തന്നെയായിരിക്കും എന്റെ അടുത്ത ചിത്രത്തിലെ നായിക എന്ന് അന്നേ ഞാൻ നിശ്ചയിച്ചിരുന്നു. അങ്ങനെ സീമയ്ക്കു നായികയാകാൻ പറ്റിയ ഒരു കഥാപാത്രത്തെ ഞാൻ സൃഷ്ടിച്ചു. കുടുംബം പോറ്റാൻ വേണ്ടി അഹോരാത്രം ജോലി ചെയ്യുന്ന ഒരു ബാലേ നർത്തകി .ആ നർത്തകിയെ ഏകപക്ഷീയമായും അന്ധമായും പ്രണയിക്കുന്ന ഒരു യുവാവ്. അയാൾക്കു പ്രത്യേകിച്ച് ജോലിയൊന്നുമില്ല. ഗൾഫിൽ നിന്നു വരുന്ന സാധാരണക്കാരിൽ നിന്നു സാരികൾ, ലുങ്കികൾ,പെർഫ്യൂമുകൾ .വിദേശ നിർമിതമായ സോപ്പും പൗഡറും തുടങ്ങിയവ ചെറിയ വില കൊടുത്തു വാങ്ങി സ്ത്രീകൾ താമസിക്കുന്ന ഹോസ്റ്റലുകളിലും പൊതുവിടങ്ങളിലും വിൽപന നടത്തുന്ന തന്ത്രശാലിയായ ഒരു ചെറുപ്പക്കാരൻ.

വർഷം 1982. അപ്പോൾ മോഹൻലാലിന്  ഇരുപത്തിരണ്ടു വയസ്സ്. നെടുമുടി വേണുവായിരുന്നു ചിത്രത്തിലെ നായകൻ. ഒരു മുസ്ലിം സ്ത്രീയുടെ വളർത്തുമകനായ ഹിന്ദു യുവാവാണ് നെടുമുടിവേണു. നക്സലിസം എന്തെന്നറിയാതെ മനസ്സിൽ വിപ്ലവം തിളയ്ക്കുന്ന തൊഴിലാളി യുവാവ്. മദ്രാസിൽ പോരൂർ എന്ന സ്ഥലത്തിനടുത്ത് പ്രശസ്ത നടിയായ കെ.ആർ. വിജയയ്‌ക്ക്‌ സ്വന്തമായി ഒരു തോട്ടമുണ്ടായിരുന്നു. ആ തോട്ടത്തിൽ ഒരു ഭംഗിയുള്ള കെട്ടിടവും തെങ്ങിൻതോപ്പും വയലും എല്ലാമുണ്ട്. സാക്ഷാൽ കേരളം തന്നെ. അവിടെ വച്ചായിരുന്നു മോഹൻലാലും സീമയും നെടുമുടി വേണുവും പങ്കെടുക്കുന്ന ആദ്യരംഗം ഞാൻ ചിത്രീകരിച്ചത്. സി.രാമചന്ദ്രമേനോനാണു ക്യാമറാമാൻ. ഷോട്ട് റെഡിയായി. സീമയ്ക്കും മോഹൻലാലിനും ഞാൻ സംഭാഷണം പറഞ്ഞുകൊടുത്തു. റീഹേഴ്‌സൽ നോക്കുന്നതിനു മുമ്പായി ലാൽ എന്റെയടുത്ത് വന്നു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ‘സാർ. ഇവരൊക്കെ വലിയ ആർട്ടിസ്റ്റ് അല്ലേ? കൂടെ എങ്ങനെ അഭിനയിക്കും? ’ സീമയെ ഉദ്ദേശിച്ചാണ് ലാൽ അങ്ങനെ പറഞ്ഞത്. ലാലിന്റെ ആ വിനയം എനിക്ക് ഇഷ്ടമായി. ഞാൻ പറഞ്ഞു. ‘ലാലും ഒരുകാലത്ത് വളരെ വലിയ ആർട്ടിസ്റ്റാകും. ധൈര്യമായി അഭിനയിക്ക്. ഒരുപാട് നടീനടന്മാരെ കണ്ട കണ്ണുകളാണ് എന്റേത്.’ ആ ഷോട്ടിൽ മോഹൻലാൽ അതിമനോഹരമായി അഭിനയിച്ചു. സത്യത്തിൽ ആ ഇരുപത്തിരണ്ടുകാരന്റെ ഇരുത്തം വന്ന പ്രകടനം കണ്ടു ഞാൻ ശരിക്കും അതിശയിച്ചു പോയി. ലാലിന്റെ പുറത്തുതട്ടി ഞാൻ അഭിനന്ദിച്ചു. ക്യാമറാമാൻ രാമചന്ദ്രമേനോന്റെ ശുപാർശപ്രകാരം ശിവജി എന്ന പുതുമുഖനടനും ‘എനിക്കും ഒരു ദിവസം’ എന്ന ചിത്രത്തിൽ ഞാനൊരു ചെറിയ വേഷം നൽകിയിരുന്നു. മോഹൻലാലും ശിവജിയും ചേർന്ന് മ്യൂസിക് ക്ലബ്ബിൽ പാടുന്ന ഒരു ഖവാലി ഗാനമുണ്ട്. ശ്യാം ഈണം പകർന്ന ആ ഗാനം യേശുദാസും എസ്.പി. ബാലസുബ്രഹ്‌മണ്യവും ചേർന്നാണു പാടിയിരിക്കുന്നത്. റൂഹിന്റെ കാര്യം മുസീബത്ത്, ആരറിഞ്ഞുള്ളിൻ ഹഖീഖത്ത് എന്നാരംഭിക്കുന്ന ഈ പാട്ട് അരുണാചലം സ്റ്റുഡിയോയിൽ സെറ്റിട്ടാണ് ഞാൻ ചിത്രീകരിച്ചത്. ഷൂട്ടിങ്ങിനു സമയമായി. പ്ലേ ബാക്ക് എന്ന ഉപകരണത്തിൽ പാട്ടിന്റെ 35 എം.എം. ടേപ്പ് ഓടിത്തുടങ്ങി. രണ്ടു വലിയ സംഗീതജ്ഞർ ചേർന്നു പാടിയ ആ ഗാനം മോഹൻലാൽ ശ്രദ്ധിച്ചു കേട്ടു. ‘പാട്ട് ഇഷ്ടപ്പെട്ടില്ലേ ? ’ ഞാൻ ലാലിനോട് ചോദിച്ചു. ‘ഒരുപാട് ഇഷ്ടമായി സാർ. പക്ഷേ എനിക്ക് സാറിനോടൊരു കാര്യം സംസാരിക്കാനുണ്ട് ’ ‘എന്താ കാര്യം? പറയൂ.’ ‘ നമുക്ക് അങ്ങോട്ട് മാറി നിന്നു സംസാരിക്കാം.’. സെറ്റിനു പിന്നിൽ വെളിച്ചം കുറവുള്ള സ്ഥലത്തേക്കു മാറി ഞങ്ങൾ സംസാരിച്ചു. വളരെ വിനീതനായി മോഹൻലാൽ പറഞ്ഞു. ‘സാർ ഞാൻ ഈ പാട്ട് പാടണോ ? ഇപ്പോൾ എല്ലാ പടങ്ങളിലും ഞാൻ വില്ലനായിട്ടാ അഭിനയിക്കുന്നത്. അരോമ ഫിലിംസ് എടുക്കുന്ന കുയിലിനെ തേടി എന്ന പടത്തിൽ മാസ്റ്റർ രഘുവാണ് ഹീറോ. അയാൾ സ്നേഹിക്കുന്ന പെണ്ണിനെ ബലാത്സംഗം ചെയ്യുന്ന വില്ലനാണു ഞാൻ. ഞാൻ പാട്ട്പാടുന്ന രംഗം കണ്ട് ഒരുപക്ഷേ ആളുകൾ കൂവിയാലോ...?’ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘ ലാൽ ധൈര്യമായി പാട്. ഞാൻ ഈ പടത്തിന്റെ ഡയറക്ടർ മാത്രമല്ല, പ്രൊഡ്യൂസറുമാണ്. ഇനിയെങ്കിലും ലാൽ ഞാൻ പറയുന്നത് വിശ്വസിക്കു. ഒരുകാലത്ത് മോഹൻലാൽ മലയാളത്തിലെ ഏറ്റവും വലിയ നടനായി വളരും. ചിലപ്പോൾ എനിക്കുപോലും ലാലിന്റെ കോൾഷീറ്റ് കിട്ടാത്ത അവസ്ഥയുണ്ടായെന്നിരിക്കും.’ മോഹൻലാൽ അദ്ദേഹത്തിന്റെ ആരാധകർക്ക് ഇഷ്ടപ്പെട്ട ആ ചമ്മൽ ചിരി ചിരിച്ചു.. പിന്നെ മേക്കപ്പ് ചെയ്തു ഷോട്ടെടുക്കാൻ തയാറായി വന്നു. അങ്ങനെ ലാലും ശിവജിയും ചേർന്ന്‌ ആ പാട്ട് പാടുന്ന രംഗം ഷൂട്ട് ചെയ്തു. പാടാൻ കഴിവുള്ള അന്നത്തെ ആ ഇരുപത്തിരണ്ടുകാരൻ എത്ര അനായാസമായിട്ടാണ് ആ രംഗത്ത് അഭിനയിച്ചത്! ഹിസ് ഹൈനസ് അബ്ദുള്ള , ഭരതം, കമലദളം, വാനപ്രസ്ഥം തുടങ്ങിയ സിനിമകളിൽ അഭിനയിച്ച മോഹൻലാൽ ഒരിക്കൽ ഞാൻ പാടാണോ ? എന്നു ചോദിച്ചു എന്നുപറഞ്ഞാൽ അദ്ദേഹത്തിന്റെ ലക്ഷോപലക്ഷം ആരാധകർ വിശ്വസിക്കുമോ? സംശയമാണ്. ഏതായാലും. എന്റെ വാക്കുകൾക്ക് അറം പറ്റി. എനിക്കുപോലും കോൾഷീറ്റ് തരാൻ കഴിയാത്ത ഉയരങ്ങളിലേക്കു സ്വന്തം ജന്മസിദ്ധികൊണ്ടും കൃത്യനിഷ്ഠയും കഠിനപ്രയത്നവും കൊണ്ടും മോഹൻലാൽ വളർന്നു. ‘എനിക്കും ഒരു ദിവസം’ എന്ന സിനിമ വിജയിച്ചില്ല. ചിത്രത്തിലെ പ്രധാനകഥാപാത്രമായ നെടുമുടി വേണു അവസാനം പരാജയം സമ്മതിക്കുന്നതു കാണികൾ ഇഷ്ടപ്പെട്ടില്ല. ക്ലൈമാക്സ് മാറ്റിയിരുന്നെങ്കിൽ ആ ചിത്രം വിജയിക്കുമായിരുന്നു.

എന്റെ അടുത്ത ചിത്രമായ ആധിപത്യത്തിൽ മൂന്നു നായകന്മാർ ഉണ്ടായിരുന്നു. പ്രേംനസീർ, മധു, മോഹൻലാൽ. എന്റെ ചിത്രങ്ങളുടെ വിതരണക്കാരായ സെൻട്രൽ പിക്‌ചേഴ്‌സിന്റെ എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് ഞാൻ മോഹൻലാലിന് ആ പ്രധാനവേഷം നൽകിയത്. ആധിപത്യത്തിൽ ഒരു വലിയ ബിസിനസ് മാഗ്നെറ്റിന് ജോലിക്കാരിയിൽ ജനിച്ച മകനായിട്ടാണ് മോഹൻലാൽ അഭിനയിച്ചത്. ആ കഥാപാത്രത്തിന് ഞാൻ മോഹൻ എന്നു തന്നെ പേര് നൽകി. മോഹന്റെ പിതാവായ വ്യവസായിയായി ബാലൻ കെ.നായർ അഭിനയിച്ചു. ആ വ്യവസായിയുടെ സ്വന്തം മകളായ വിലാസിനി എന്ന കഥാപാത്രത്തെ ലക്ഷ്മി അവതരിപ്പിച്ചു.. അവിഹിതബന്ധത്തിൽ ജനിച്ച ഈ മകനെ അച്ഛൻ അംഗീകരിക്കുന്നില്ല. അച്ഛനും മകനും തമ്മിൽ കണ്ടുമുട്ടുന്ന രംഗങ്ങളിലെല്ലാം മോഹൻ എന്ന കഥാപാത്രം നിറഞ്ഞ കയ്യടി നേടി. തന്നെ ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത പിതാവിനെ ചതിച്ചുകൊന്ന ദുഷ്ടനെ ഒടുവിൽ മോഹൻ എന്ന മോഹൻലാൽ വെടിവച്ചു കൊല്ലുന്നു. ക്ലൈമാക്‌സിൽ മോഹൻലാൽ നായകനായി ഉയരുന്നു. പ്രേംനസീറും മധുവും അതു കണ്ടുനിൽക്കുന്നു. ആധിപത്യം എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടാതെ വന്നപ്പോൾ ഞാൻ അതുവരെ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത സിനിമകളിൽ പതിനാല് ചിത്രങ്ങൾ തുടർച്ചയായി വിതരണം നടത്തിയ സെൻട്രൽ പിക്ചേഴ്സ് എന്നിൽ നിന്ന് അകന്നു.

    എന്റെ അടുത്ത സിനിമ ഞാൻ നേരിട്ടാണ് വിതരണം ചെയ്തത് എന്റെ ‘യുവജനോത്സവ’ ത്തിൽ വില്ലനെപ്പോലെ പ്രത്യക്ഷപ്പെട്ട് ത്യാഗസമ്പന്നനായ നായകനായി വളരുന്ന ഡാഡി എന്ന കഥാപാത്രമായി മോഹൻലാൽ വീണ്ടും വന്നു. യുവജനോത്സവം സൂപ്പർഹിറ്റ് ആയി. യഥാർഥത്തിൽ മോഹൻലാലിനെ സൂപ്പർതാരപദവിയിലേക്കുയർത്തിയ രണ്ടു സിനിമകൾ യുവജനോത്സവവും തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകനും ആണ്. ഞാൻ എഴുതി നിർമിച്ച ജയിക്കാനായ് ജനിച്ചവൻ എന്ന ചിത്രത്തിൽ ശശികുമാറിന്റെ സഹായിയായി വന്നുചേർന്ന യുവാവായ തമ്പികണ്ണന്താനത്തിന്റെ മുഖം ഇപ്പോഴും എന്റെ ഓർമയിലുണ്ട്. യുവജനോത്സവം വൻ വിജയമായിട്ടും മോഹൻലാലിനെ നായകനാക്കി വീണ്ടും ഒരു സിനിമ ചെയ്യാൻ ഇതുവരെ എനിക്ക് കഴിഞ്ഞില്ല. അങ്ങനെ മോഹൻലാലുമായി മലയാളസിനിമയിൽ ആഘോഷിക്കാമെന്നു ഞാൻ മോഹിച്ച ഉത്സവം കൊടിയേറ്റത്തോടുകൂടി അവസാനിച്ചു.

English Summary: Karuppum veluppum mayavarnangalum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com