വർഷം 1985. ചേർത്തല എസ്എൻ കോളജിലെ പഠനത്തിനുശേഷം ഉപരിപഠനാർഥം കോട്ടയത്തെ ഒരു പ്രശസ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനത്തിലേക്കു പോകുകയാണ്.
ആലപ്പുഴയിലെ മുഹമ്മയിൽ നിന്നു ബോട്ടിൽ കുമരകത്തെത്തി. അവിടെ കിടന്ന കുമരകം ജെട്ടി–കോട്ടയം ബസിൽ കയറി. എന്റെ മച്ചുനനും കൂട്ടുകാരനുമായ ബാബുവുമുണ്ട് കൂടെ. ബാബുവിന്റെ ജ്യേഷ്ഠൻ അപ്പു പാലാ പ്രവിത്താനത്തുണ്ട്. പ്രോസ്പെക്ടസും അപേക്ഷാഫോമും വാങ്ങി, നേരെ അപ്പുവിന്റെയടുത്തും പോകണം. ഉച്ചയൂണ് അവിടെയാണ്.
ഞങ്ങൾ കൃത്യം പത്തരയ്ക്കു കോട്ടയം ബസ് സ്റ്റാൻഡിലെത്തി. അപ്പോൾ കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് ഒരു ട്രെയിൻ വരുന്നതിന്റെ ചൂളംവിളി കേട്ടു.
അന്നു ചേർത്തലയിൽ തീരദേശ റെയിൽവേ വന്നിട്ടില്ല. എറണാകുളം വരെ മാത്രമേയുള്ളൂ. ഞാൻ ട്രെയിൻ കണ്ടിട്ടുപോലുമില്ല. എനിക്ക് ട്രെയിന‍് കാണണമെന്ന് ഒരാഗ്രഹം. പോയി വന്നിട്ടാകാം എന്നു ബാബു പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. ട്രെയിൻ കാണാൻ വേണ്ടി ഞാൻ ഓടി; പിറകെ അവനും.
സ്റ്റേഷനിലേക്കു വന്നുകൊണ്ടിരുന്ന ട്രെയിനിനൊപ്പം ഞങ്ങൾ പാളത്തിനരികിലൂടെ ഓടി പ്ലാറ്റ്ഫോമിൽ കയറി. വീണ്ടും ട്രെയിൻ നിൽക്കുന്നതുവരെ അതിന്റെ എൻജിനു സമീപം വരെ ഓടി.
അപ്പോൾ പരിചയമില്ലാത്ത രണ്ടു സുഹൃത്തുക്കൾ വന്ന് ഞങ്ങളുടെ തോളിൽ പിടിച്ചു.
‘‘നിങ്ങളാരാ... മനസ്സിലായില്ലല്ലോ?’’ ഞാൻ അവരോടു ചോദിച്ചു.
‘‘വാന്നേ... പറഞ്ഞുതരാം...!’’
‘‘ഹോ... കോട്ടയംകാർ ഇത്ര സ്നേഹമുള്ളവരോ...?’’ ഞാൻ മനസ്സിലോർത്തു.
അവർ ഞങ്ങളെ കൊണ്ടുപോയി സ്റ്റേഷൻ മാസ്റ്ററുടെ അടുത്തുള്ള ഒരു മുറിയിലാക്കി; ഗ്രില്ലിട്ടു പൂട്ടി.
‘‘കാറ്റും കൊണ്ട് അവിടെയിരുന്നോ. ടിവിയും കാണാം.’’
എത്ര സ്നേഹമുള്ള മനുഷ്യർ....! ആ മുറിയിൽ വേറെയും ചേട്ടന്മാരുണ്ട്...!
‘‘നമ്മളൊക്കെ എന്താ ഇവിടെ?’’ എന്നു ഞാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞു:
‘‘ഇനി വാടക കൊടുക്കാതെ സർക്കാരിന്റെ ചെലവിൽ നമുക്കിവിടെ കഴിയാം...!’’
കാര്യം എനിക്കു പിടികിട്ടിയില്ല. ഒരാൾ വന്ന് ഞങ്ങളോടു വിവരങ്ങൾ പറഞ്ഞു, പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ലാതെ ഇവിടെക്കിടന്ന് ഓടിയതിന് ഞങ്ങളെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന്...!
പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കണമെന്നുള്ളത് എനിക്കു പുതിയ അറിവായിരുന്നു...!
‘‘ഇനി എന്തു ചെയ്യും?’’
‘‘ഒന്നും ചെയ്യാനില്ല. ഒരാൾക്ക് ഇരുന്നൂറ്റൻപതു രൂപ പിഴ വരും. രണ്ടു പേർക്കും കൂടി അഞ്ഞൂറു രൂപ. കാശുണ്ടേൽ പിഴയടച്ചു രക്ഷപ്പെടാം. ഇല്ലെങ്കിൽ ഇതിനെക്കാൾ വലിയ ഒരു മുറിയിൽ പതിന്നാലു ദിവസം കിടക്കാം.
അന്നു മൊബൈൽ ഫോൺ വന്നിട്ടില്ല. ഈ വിവരം കോട്ടയത്തുള്ള ആന്റിയെ എങ്ങനെ അറിയിക്കും? അവർക്കു ലാൻഡ് ഫോൺ പോലുമില്ല. പാലായിലെ അപ്പുവിന്റെ നമ്പർ അറിയില്ല. കയ്യിലാണെങ്കിൽ പാലാ വരെ എത്താനുള്ള വണ്ടിക്കൂലിയേയുള്ളൂ.
എന്തു ചെയ്യണമെന്നറിയില്ല. രാവിലെ പത്തരയ്ക്ക് ഇതിനകത്തു കയറിയതാണ്. സമയം മൂന്നു മണിയാകുന്നു. ഇതുവരെ ഒന്നും കഴിച്ചിട്ടില്ല. വിശപ്പും ദാഹവും കൊണ്ടു ഞങ്ങൾക്കു പൊറുതിമുട്ടി.
അവസാനം ഒരാളെക്കൂടി പിടിച്ചുകൊണ്ടു വന്നു. ഷർട്ടൊക്കെ ഇൻ ചെയ്തു ടിപ്ടോപ്പിൽ സുമുഖനായ ഒരു ചെറുപ്പക്കാരൻ. അയാൾ ചിരിച്ചുകൊണ്ടാണ് അകത്തു കയറിവന്നത്!
ട്രാക്കിലൂടെ ബൈക്ക് ഓടിച്ച് പ്ലാറ്റ്ഫോമിൽ കയറ്റിയതിനാണ് അങ്ങേര് അകത്തായത്. ഞങ്ങളോടു വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ അങ്ങേർക്കു ഞങ്ങളുടെ നിസ്സഹായാവസ്ഥ ബോധ്യപ്പെട്ടു.
‘‘േപടിക്കണ്ട പിള്ളാരെ... നിങ്ങളുടെ പൈസ കൂടി ഞാൻ അടച്ചോളാം.’’
ദാഹിച്ചു വരണ്ട വേഴാമ്പലിന്റെ ചുണ്ടിലേക്ക് അമൃതമഴ വർഷിച്ചതു പോലെയായിരുന്നു ഞങ്ങൾക്ക് അദ്ദേഹത്തിന്റെ വാക്കുകൾ!
കൃത്യം മൂന്നരയോടെ ഞങ്ങളെല്ലാവരും മോചിതരായി. ഞങ്ങൾക്കു സന്തോഷമായി. അദ്ദേഹം ഞങ്ങൾക്കു ചായ വാങ്ങിത്തന്നു.
‘‘സാർ... സാറിന്റെ അഡ്രസ് തരൂ. ഞങ്ങൾ ഈ പൈസ വീട്ടിൽ ചെന്നിട്ടു മണിയോർഡർ അയയ്ക്കാം.’’ ഞാൻ പറഞ്ഞു തീർന്നതും അയാൾ ഞങ്ങളെ തടഞ്ഞു കൊണ്ടു പറഞ്ഞു.
‘‘വേണ്ട മക്കളേ... ഇതിലും വലിയ ഒരു തുകയായിരുന്നു അടയ്ക്കേണ്ടിയിരുന്നതെങ്കിലോ? അങ്ങനെയങ്ങു കൂട്ടിയാൽ മതി.’’
എത്ര നിർബന്ധിച്ചിട്ടും അദ്ദേഹം അഡ്രസ് തന്നില്ല. ഇനി എന്നെങ്കിലും എവിടെയെങ്കിലും വച്ചു കാണാം എന്നുമാത്രം പറഞ്ഞു പിരിഞ്ഞു.
ഞങ്ങൾ വൈകിട്ട് അഞ്ചു മണിയോടു കൂടി പാലായിലെത്തി. പിന്നീടൊരിക്കലും ഞങ്ങളെ സഹായിച്ച ആ നല്ല മനുഷ്യനെ കണ്ടിട്ടില്ല.
Content Highlights: Marakkillorikalum