ADVERTISEMENT

തകഴിയുടെ നോവൽ ചെമ്മീനിന്റെ ഇംഗ്ലിഷ് പരിഭാഷയുടെ 60ാം വാർഷികമാണ് 2022. മലയാള കൃതി 1956ലാണ് പ്രസിദ്ധീകൃതമായതെങ്കിലും വി.കെ.നാരായണ മേനോന്റെ ഇംഗ്ലിഷ് വിവർത്തനം വെളിച്ചം കണ്ടത് ആറു വർഷങ്ങൾക്കുശേഷമാണ്. അവിശ്വസനീയമായ ഒരു സ്വീകരണമാണ് ചെമ്മീനിന് ഇംഗ്ലണ്ടിലും അമേരിക്കയിലും ലഭിച്ചത്. ഇംഗ്ലണ്ടിൽ Victor Gollancz ഉം അമേരിക്കയിൽ Harper & Rowയും പുസ്തകം പുറത്തിറക്കി. ലണ്ടനിലെ W.H. Smith-ന്റെ 60 ബുക്‌ഷോപ്പുകളിൽ പലതിലും കണ്ണാടിച്ചില്ലിന്റെ പിന്നിൽ ചെമ്മീനിന്റെ ഇംഗ്ലിഷ് പതിപ്പ് നിരത്തിവച്ചിരിക്കുന്നത് കാണാമായിരുന്നു. അക്കാലത്ത് ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ചെമ്മീൻ ആഴ്ചകളോളം നിലനിന്നു. ഇംഗ്ലിഷ് പതിപ്പിന്റെ കവറിൽ Thakazhi S. Pilla' എന്ന് അച്ചടിച്ചിരുന്നത് അൽപം അസ്വാഭാവികമായി തോന്നി. തകഴിയെ കേരളത്തിലാരും അങ്ങനെ വിശേഷിപ്പിക്കാറില്ലല്ലോ. 

1956 ൽ മലയാള കൃതി പുറത്തിറങ്ങിയപ്പോൾ തിരുവനന്തപുരത്തെ നാഷനൽ ബുക്സ്റ്റാളിന്റെ മുന്നിൽ ഒരു നീണ്ട വരിയുണ്ടായിരുന്നു, പുസ്തകം വാങ്ങാൻ. ആ വരിയിൽ താനുമുണ്ടായിരുന്നെന്ന് കഥാകൃത്ത് സക്കറിയ ഈയിടെ ഒരഭിമുഖത്തിൽ പറഞ്ഞു. 

ലണ്ടനിൽ 1962 ൽ പുസ്തകത്തെക്കുറിച്ചുള്ള ഒരു സാഹിത്യച്ചർച്ചയിൽ സർദാർ കെ.എം. പണിക്കരായിരുന്നു അധ്യക്ഷൻ. അന്നു ലണ്ടൻ ഒബ്സർവറിൽ കാർട്ടൂണിസ്റ്റായിരുന്ന അബു ഏബ്രഹാമായിരുന്നു മറ്റൊരു പ്രാസംഗികൻ. വലിയൊരു ക്രിയാത്മക നിമിഷത്തിലാണ് മലയാള സാഹിത്യം അപ്പോൾ നിൽക്കുന്നതെന്നും ലോകം അറിയേണ്ട മറ്റ് ആറേഴ് സാഹിത്യകാരന്മാർ കൂടി കേരളത്തിലുണ്ടെന്നും അവരുടെ കൃതികൾ കൂടി ഇംഗ്ലിഷിൽ പ്രസിദ്ധീകരിക്കാൻ പ്രസാധകർ മുന്നോട്ടുവരണമെന്നും പണിക്കർ തന്റെ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. 

അബു ഏബ്രഹാം നർമമധുരമായ പ്രസംഗത്തിൽ, വിഗ്രഹഭഞ്ജനമാണു മലയാളിയുടെ അടിസ്ഥാന സ്വഭാവമെന്നും അതുകൊണ്ടുതന്നെയാവണം, ഇന്ത്യയിലെ മിക്ക കാർട്ടൂണിസ്റ്റുകളും മലയാളികളായതെന്നും പറഞ്ഞു. 

അന്നത്തെ സദസിൽ ലണ്ടനിലെ പ്രശസ്ത മലയാളികളായ ചന്ദ്രൻ തരൂരും (ശശി തരൂരിന്റെ അച്ഛൻ) Wound of Spring എന്ന നോവലിന്റെ കർത്താവായ മേനോൻ മാരാത്തും ഉണ്ടായിരുന്നു. 

English Summary: English translation of Chemmeen Novel by Thakazhi Sivasankara Pillai, 60 th anniversary

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com