സ്വയംകൃതാനർഥങ്ങൾ

sreekumaran-movie
SHARE

നൂറു കോടി രൂപയുടെ ടിക്കറ്റ് വിറ്റാൽ അതിൽ നിന്ന് നിർമാതാവിന് കിട്ടുന്ന വിഹിതം മുപ്പത്തിയെട്ട് കോടിയിലും താഴെയാകാനേ സാധ്യതയുള്ളൂ

അംബരീഷ് എന്ന അമർനാഥിനെ എനിക്ക് ഒരിക്കലും മറക്കാൻ സാധ്യമല്ല. എല്ലാ സുഹൃത്തുക്കളും അദ്ദേഹത്തെ അംബി എന്നാണു വിളിച്ചിരുന്നത്. ഞാനും അങ്ങനെ വിളിച്ചാൽ മതിയെന്ന് അദ്ദേഹം തന്നെ എന്നോടു പറഞ്ഞു. ഗാനം എന്ന സിനിമ സാമ്പത്തികവിജയം നേടിയില്ല എന്നറിഞ്ഞപ്പോൾ അദ്ദേഹത്തിനു വിഷമമായി. ഒരു ദിവസം എന്നെ ഫോണിൽ വിളിച്ച് അദ്ദേഹം ദീർഘനേരം സംസാരിച്ചു. ബെംഗളൂരു മലയാളികളുടെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ വുഡ്‌ലാൻഡ് ഹോട്ടലിൽ ഞങ്ങൾ പരസ്പരം കാണുകയും ചെയ്‌തു. ‘എന്നെ നായകനാക്കിയതു കൊണ്ടായിരിക്കും ചിത്രം പ്രതീക്ഷിച്ച വിജയം നേടാതിരുന്നത്.’– അംബി പറഞ്ഞു. ഞാൻ അതിനോടു യോജിച്ചില്ല. ‘അംബി നന്നായി അഭിനയിച്ചു, സംവിധായകൻ എന്ന നിലയിൽ ഞാൻ സംതൃപ്തനാണ്’ ഞാൻ പറഞ്ഞു. ‘ഞാൻ നിമിത്തം സാറിനു നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ ആ നഷ്ടം നികത്താൻ എന്നാൽ കഴിയുന്നതെന്തും ഞാൻ ചെയ്യാം. എനിക്ക് എന്റെ ഭാഷയിൽ ഇപ്പോൾ നല്ല അംഗീകാരമുണ്ട്. സാർ കന്നഡഭാഷയിൽ എന്നെ നായകനാക്കി ഒരു പടം ചെയ്‌താൽ ഞാൻ കോൾഷീറ്റ് തരാം. ഞാൻ ഇപ്പോൾ വാങ്ങുന്ന പ്രതിഫലത്തിന്റെ പകുതി തന്നാൽ മതി. ഒന്നും തന്നില്ലെങ്കിലും ഞാൻ അഭിനയിക്കും.’ അംബി പറഞ്ഞു. ആ സ്നേഹത്തിനു നന്ദി പറഞ്ഞ് ഞാൻ എന്റെ മലയാള ഭാഷയിൽ ചിത്രങ്ങൾ തുടർന്നു നിർമിച്ചു. മോഹൻലാലിനു പ്രാധാന്യം നൽകി നിർമിച്ച ‘എനിക്കും ഒരു ദിവസ’വും ‘ആധിപത്യ’വും പ്രതീക്ഷിച്ച വിജയം നേടാതാവുകയും ഞാനും എന്റെ ചിത്രങ്ങളുടെ സ്ഥിരം വിതരണക്കാരായ സെൻട്രൽ പിക്‌ചേഴ്‌സും ഞങ്ങളുടെ ദീർഘകാലബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തപ്പോൾ അംബിയുടെ നിർദേശം എന്റെ ഓർമയിൽ തിളങ്ങി. അങ്ങനെ ഞാൻ ബെംഗളൂരുവിൽ പോയി അംബിയെ കണ്ടു. അംബിക്ക് യാതൊരു മാറ്റവുമില്ല. ‘സാർ ഒരു കന്നഡ പടത്തിനു പറ്റിയ കഥ പറയൂ. പക്ഷേ ചിത്രം ഗാനം പോലെയാകരുത്. ഞാൻ കന്നഡത്തിലെ ആക്‌ഷൻ ഹീറോ ആണ്. ഇവിടെ ഗിരീഷ് കർണാടും, ബി.വി.കാരന്തും, ജി.വി. അയ്യരും മറ്റും ചെയ്യുന്ന അവാർഡ് ചിത്രങ്ങൾ സാധാരണ പ്രേക്ഷകർ കാണുന്നില്ല. തമ്പിസാറിന് ഇപ്പോൾ വേണ്ടത് അവാർഡല്ല, പണമാണ്. അതുകൊണ്ട് എനിക്ക് ആക്‌ഷൻ ചെയ്യാൻ പറ്റിയ ഒരു കഥയെഴുതൂ. തുടങ്ങിയാൽ അവസാനം വരെ ആക്‌ഷൻ വേണമെന്നില്ല. താങ്കൾ കൂടുതലും കുടുംബ കഥകളാണ് സിനിമയാക്കിയിട്ടുള്ളതെന്ന് ലക്ഷ്മി എന്നോട് പറഞ്ഞിട്ടുണ്ട്. ഇതും കുടുംബ ചിത്രമാകാം. അതിൽ മൂന്നോ നാലോ സംഘട്ടനങ്ങൾക്ക് അവസരം വേണം. അത്രമാത്രം.

ബെംഗളൂരുവിലെ വുഡ്‌ലാൻഡ് ഹോട്ടലിലാണ് അംബി സ്ഥിരമായി താമസിക്കുന്നത്. ഞാനും അവിടെയൊരു മുറിയെടുത്തു. ആ സമയത്ത് അംബരീഷ് നായകനായി അഭിനയിച്ച ചക്രവ്യൂഹ എന്ന സിനിമ ബെംഗളൂരുവിലെ മൂന്നു തിയറ്ററുകളിൽ ആഴ്ചകൾ പിന്നിട്ടിട്ടും പ്രദർശനം തുടരുകയായിരുന്നു. അംബരീഷ് അഭിനയിച്ച ചിത്രങ്ങൾ വിലയ്‌ക്കെടുക്കാൻ വിതരണക്കാർ തയാറായി മുന്നോട്ടുവരുന്നു. ഒരു നിർമാതാവ് പടമെടുത്തു കഴിഞ്ഞാൽ മുടക്കുമുതലിനെക്കാൾ ഒരു ലക്ഷം രൂപ കൂടുതൽ തുകയ്ക്കു വിൽക്കാൻ കഴിഞ്ഞാൽ നിർമാതാവിന് ചിത്രം റിലീസ് ചെയ്യുന്ന സമയത്തു തന്നെ ലാഭമായി ഒരു ലക്ഷം രൂപ കയ്യിൽ വരും. എന്നാൽ അങ്ങനെയൊരു പതിവ് മലയാളസിനിമയിൽ ഇല്ല. ഇവിടെ നഷ്ടം സഹിക്കേണ്ടതു നിർമാതാവ് മാത്രമാണ്. ഒരു നിർമാതാവ് എത്ര മികച്ച ചിത്രമെടുത്താലും അതു വാങ്ങാൻ ആരും തയാറാകില്ല. നടീനടന്മാർക്കും സാങ്കേതിക വിദഗ്ധർക്കും ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ മുഴുവൻ പ്രതിഫലവും നൽകിയിരിക്കണം. ഏതെങ്കിലും ഒരാൾക്ക് പ്രതിഫലത്തിൽ ഒരു പങ്കു ബാക്കി നിൽക്കുന്നു എന്നറിഞ്ഞാൽ ചിത്രത്തിന്റെ റിലീസ് തടയാൻ സംഘടനകൾ ഉണ്ട്. തിയറ്ററിൽ വിൽക്കുന്ന ടിക്കറ്റുകളിൽ നിന്നു കിട്ടുന്ന മൊത്തം തുകയാണ് ഗ്രോസ് കലക്‌ഷൻ. ഇതിൽ ഒരു പങ്ക് വിനോദ നികുതിയിനത്തിൽ സർക്കാരിലേക്കു പോകും. അവശേഷിക്കുന്ന തുകയാണ് നെറ്റ് കലക്‌ഷൻ. ഇതിൽ പകുതിയോളം (കുറഞ്ഞത് നാൽപത്തഞ്ചു ശതമാനം) തിയറ്ററിനുള്ള വിഹിതമാണ്. അവശേഷിക്കുന്ന തുകയിൽ നിന്നു വിതരണക്കാർ അവരുടെ വിഹിതമെടുക്കും. എല്ലാം കഴിഞ്ഞു മിച്ചം വരുന്നതാണ് കടം വാങ്ങിയും വീട് വിറ്റും യൗവനം മുഴുവൻ വിദേശത്തും നാട്ടിലും കഷ്ടപ്പെട്ട് സമ്പാദിച്ച പണം മുടക്കിയും സിനിമയെടുക്കുന്ന നിർമാതാവിന് കിട്ടുക. ഒരു സിനിമ നൂറുകോടി ക്ലബ്ബിൽ കടന്നു എന്നും മറ്റും വാർത്തകൾ വരാറുണ്ട്. ഇതു കേൾക്കുമ്പോൾ നൂറുകോടിയും നിർമാതാവിന് കിട്ടി എന്നു വിശ്വസിക്കുന്ന മാധ്യമപ്രവർത്തകർ പോലുമുണ്ട്. നൂറു കോടി ക്ലബ്ബിൽ കടക്കുന്ന സിനിമയ്ക്ക് ഗ്രോസ് കലക്‌ഷൻ നൂറു കോടി കിട്ടി എന്നേ അർഥമുള്ളു. ഗ്രോസ് നൂറു കോടി കിട്ടിയാൽ അതിൽ നിന്ന് ഏകദേശം മുപ്പത്തിയെട്ടു കോടി രൂപ മാത്രമേ നിർമാതാവിന് കിട്ടൂ.

ഞാൻ സിനിമയെടുത്തിരുന്ന കാലത്ത് 33 ശതമാനമായിരുന്നു വിനോദ നികുതി. അന്ന് ജിഎസ്ടി. ഉണ്ടായിരുന്നില്ല എന്നറിയാമല്ലോ. ഇപ്പോൾ വിനോദ നികുതി അഞ്ചു ശതമാനവും ജിഎസ്ടി 18 ശതമാനവും. അങ്ങനെ ആകെ 23 ശതമാനമാണ് നികുതി. ഞങ്ങളുടെ കാലത്തു കൊടുത്തുവന്ന നികുതിയിൽ നിന്ന് ഏകദേശം 10 ശതമാനം കുറവ്. നൂറു രൂപ വരെയുള്ള ടിക്കറ്റിനാണ്‌ വിനോദനികുതി അ​​​ഞ്ച് ശതമാനം. ടിക്കറ്റിന്റെ വില നൂറു രൂപയിൽ കൂടിയാൽ അത് എട്ടര ശതമാനമായി ഉയരും. അതുകൊണ്ടാണ് നൂറുകോടിയിൽ നിന്ന് ഏകദേശം മുപ്പത്തെട്ട് കോടി നിർമാതാവിന് കിട്ടിയേക്കാം എന്നു ഞാൻ കണക്കാക്കിയത്. ഈ കണക്കു കൃത്യമല്ല എന്നോർക്കുക. കൃത്യമായി കണക്കു കൂട്ടിയാൽ നൂറു കോടി രൂപയുടെ ടിക്കറ്റ് വിറ്റാൽ അതിൽ നിന്ന് നിർമാതാവിന് കിട്ടുന്ന വിഹിതം മുപ്പത്തിയെട്ടു കോടിയിലും താഴെയാകാനേ സാധ്യതയുള്ളൂ. ഈ പശ്ചാത്തലത്തിൽ ഒരു സിനിമയെടുത്ത് അതു ചെറിയ ലാഭത്തിലെങ്കിലും വിൽക്കാൻ കഴിഞ്ഞാൽ പിന്നെ വിതരണക്കാർ തരുന്ന കണക്കും നോക്കി മുടക്കുമുതൽ തിരിച്ചുകിട്ടാൻ മാസങ്ങളോളം കാത്തിരിക്കേണ്ട കാര്യമില്ല. വർഷം 1984. സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഭരണസമിതിയംഗം എന്ന നിലയിൽ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിലെ പല നിർമാതാക്കളും എന്റെ സ്നേഹിതരോ പരിചയക്കാരോ ആയിരുന്നു. അതുകൊണ്ടു കന്ന‍‌‍‍ഡസിനിമയുടെ കമ്പോളനിലവാരം മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല. അംബരീഷിനെ നായകനാക്കി അംഗീകാരമുള്ള ഒരു നായികാ നടിയെയും സ്വഭാവ നടന്മാരെയും സ്വഭാവ നടികളെയും ഉൾപ്പെടുത്തി ഒരു സിനിമ നിർമിക്കാൻ അന്ന് ഇരുപത്തഞ്ചു ലക്ഷം രൂപയാകും. അപ്പോഴത്തെ അംബരീഷിന്റെ താരമൂല്യം അനുസരിച്ച് ചിത്രത്തിന് ഏറ്റവും കുറഞ്ഞത് 30 കിട്ടും. ധാരാളം സിനിമകൾ നിർമിച്ച പരിചയമുള്ളതുകൊണ്ട് എനിക്ക് ചിത്രത്തിന്റെ നിർമാണച്ചെലവ് രണ്ടുമൂന്നു ലക്ഷമെങ്കിലും കുറയ്ക്കാൻ സാധിക്കും. രണ്ടോ മൂന്നോ ലക്ഷം ലാഭം കിട്ടിയാലും ഞാൻ സംതൃപ്തനാണ്. വിതരണക്കാർ അയയ്ക്കുന്ന കണക്കുകൾ നോക്കി മുതൽമുടക്കിൽ ഒരംശമെങ്കിലും തിരിച്ചുകിട്ടുമോ എന്നറിയാൻ കണ്ണിലെണ്ണയുമൊഴിച്ചു കാത്തിരിക്കേണ്ടതില്ലല്ലോ.

Sreekumaran Thampi
ശ്രീകുമാരൻ തമ്പി

മലയാളത്തിലെ അംബിക അന്നു തമിഴിലും തെലുങ്കിലും കന്നഡത്തിലും അഭിനയിക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ട് എന്റെ ചിത്രത്തിൽ അംബികയെ നായികയാക്കാൻ തീരുമാനിച്ചു. ഒരു വലിയ വ്യവസായിക്ക് രണ്ടു ഭാര്യമാരിൽ ജനിച്ച രണ്ടു പുത്രന്മാർ. രണ്ടുപേരും ബദ്ധശത്രുക്കൾ. രണ്ടു വേഷങ്ങളും അംബരീഷ് തന്നെ അഭിനയിച്ചു. ജന്റിൽമാൻ എന്ന തമിഴ്ചിത്രത്തിലൂടെ വലിയ താരമായി മാറിയ അർജുൻ എന്ന നടന്റെ അച്ഛൻ ശക്തിപ്രസാദ്‌ ആണ് എന്റെ കന്നഡ ചിത്രത്തിൽ നായികയുടെ പിതാവായി അഭിനയിച്ചത്. അംബരീഷ് അവതരിപ്പിക്കുന്ന രണ്ടു സഹോദരന്മാരുടെയും പിതാവായി സുന്ദരകൃഷ്ണ അറസ് എന്ന പ്രശസ്ത സ്വഭാവനടൻ അഭിനയിച്ചു (തെക്കേഇന്ത്യയിലെ പ്രശസ്ത ഫിലിം എഡിറ്റർമാരിൽ ഒരാളായ സുരേഷ് അറസ് ഈ നടന്റെ അനുജനാണ്), അദ്ദേഹത്തിന്റെ ആദ്യഭാര്യയായി പ്രശസ്ത നടി പണ്ടരീഭായി വേഷമിട്ടു. മുഖ്യമന്ത്രി ചന്ദ്രുവും സുന്ദരരാജും ആയിരുന്നു വില്ലൻ വേഷങ്ങളിൽ. ഉപനായികയായ നർത്തകിയുടെ വേഷത്തിൽ മലയാളികൾക്കും പരിചിതയായ അനുരാധ അഭിനയിച്ചു. കഥയും തിരക്കഥയും ഞാൻ എഴുതി, കന്നഡസിനിമയിലെ ഏറ്റവും വലിയ എഴുത്തുകാരൻ സി.എച്ച്. ഉദയശങ്കർ സംഭാഷണവും പാട്ടുകളും എഴുതി. പ്രശസ്തരായ രാജൻ-നാഗേന്ദ്ര സഹോദരന്മാർ സംഗീതസംവിധാനം നിർവഹിച്ചു. രാജൻ -നാഗേന്ദ്ര സഹോദരന്മാരെ എനിക്കു നേരത്തെ അറിയാം. അവർ സംഗീതം ചെയ്ത ചില കന്നഡ സിനിമകൾ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയപ്പോൾ ഞാൻ പാട്ടുകൾ എഴുതിയിട്ടുണ്ട്. എസ്.പി. ബാലസുബ്രഹ്മണ്യവും എസ്.ജാനകിയും ആണു പിന്നണിഗാനങ്ങൾ പാടിയത്. അന്ന് തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തരായ സ്റ്റണ്ട് ഡയറക്ടർമാരിൽ ഒരാൾ വിജയ് ആയിരുന്നു. തെലുങ്ക് സിനിമയിലാണ് വിജയ് അന്ന് കൂടുതൽ ജോലി ചെയ്തിരുന്നത്. അംബരീഷിന്റെ നിർദേശപ്രകാരം വിജയ് സ്റ്റുഡിയോയിൽ വന്നപ്പോഴാണ് അദ്ദേഹം മലയാളിയാണെന്നും നേരത്തെ എനിക്ക് പരിചിതനാണെന്നും മനസ്സിലായത്. ശത്രുതയിൽ കഴിയുന്ന സഹോദരന്മാരുടെ വേഷങ്ങളിൽ അഭിനയിക്കുന്ന അംബരീഷും അംബരീഷും തമ്മിലുള്ള ഒരു ഫൈറ്റ് ഒന്തേ രക്ത (ഒരേ രക്തം) എന്ന ചിത്രത്തിലെ ഏറ്റവും വലിയ ആകർഷണമായിരുന്നു. നായകൻ ഡബിൾ റോളിൽ വരുന്ന ചിത്രങ്ങളിൽ ഇതുപോലെയുള്ള ഷോട്ടുകൾ എടുക്കുന്ന ലാൽ എന്ന തെലുങ്കിലെ ക്യാമറാമാൻ ആണ് സ്‌പെഷൽ ഇഫക്ട് രംഗങ്ങൾ എടുത്തത്. അന്ന് സിനിമയിൽ കംപ്യൂട്ടർ ഗ്രാഫിക്സ് ഒന്നും പ്രയോഗിച്ചു തുടങ്ങിയിട്ടില്ല. ജീവിതം ഒരു ഗാനം, ആക്രമണം തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച വി. കരുണാകരൻ സാധാരണ രംഗങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. കന്നഡഭാഷയിൽ നല്ല അറിവുള്ള ബാംഗ്ലൂർ നാഗേഷ് ആണ് പ്രധാനമായും എന്നെ സംവിധാനത്തിൽ സഹായിച്ചത്. സംഭാഷണം പൂർണമായും അയാൾ ശ്രദ്ധിച്ചു. അന്നു കന്നഡ ഫിലിം ചേംബർ കൊമേഴ്‌സിന്റെ ഭാരവാഹികളിൽ ഒരാളായിരുന്ന കെ.സി.എൻ. ചന്ദ്രുവും അദ്ദേഹത്തിന്റെ അനുജൻ കെ.സി. എൻ. മോഹനും അംബരീഷ് വഴി എന്റെ സുഹൃത്തുക്കൾ ആയി. അവർ തുടക്കത്തിൽ തന്നെ എന്റെ സിനിമയുടെ വിതരണം ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ചു. എന്നെപ്പോലെ തന്നെ തുടർച്ചയായി സിനിമകൾ നിർമിക്കുന്ന സഹോദരന്മാർ ആയിരുന്നു അവർ. എന്നാൽ അവർ വിതരണാടിസ്ഥാനത്തിൽ മാത്രമേ ചിത്രം എടുക്കാൻ തയാറാകൂ. മലയാളത്തിൽ ഉണ്ടായ അനുഭവം കന്നഡയിലും ആവർത്തിക്കാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് ചിത്രം വിലയ്ക്കു വാങ്ങാൻ വരുന്ന വിതരണക്കാർക്കായി ഞാൻ കാത്തിരുന്നു. ആറു മാസംകൊണ്ടു ചിത്രം പൂർത്തിയായി. കണ്ടവരെല്ലാം ചിത്രത്തെക്കുറിച്ചു മികച്ച അഭിപ്രായം പറഞ്ഞു. അംബരീഷിനും ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു. എന്നാൽ എന്റെ നിർഭാഗ്യമെന്നു പറയട്ടെ അനേകം മാസങ്ങൾ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ചക്രവ്യൂഹ എന്ന ചിത്രത്തിനു ശേഷം റിലീസായ അംബരീഷിന്റെ മൂന്നു സിനിമകൾ തുടർച്ചയായി ബോക്സ് ഓഫിസിൽ പരാജയപ്പെട്ടു. അതോടുകൂടി എന്റെ ഒന്തേ രക്ത വിലയ്ക്കു വാങ്ങാൻ വന്ന ഫിലിം വിതരണക്കാർ ഓരോരുത്തരായി പിൻവാങ്ങി. ചെറുകിട വിതരണക്കാരനും ഫിലിം ബ്രോക്കറുമായ ഒരു മലയാളി തുടക്കം മുതലേ ഒരു കുറുനരിയെപ്പോലെ എന്റെ പിന്നാലെ നടക്കുന്നുണ്ടായിരുന്നു. ‘പടം നല്ല ലാഭത്തിൽ ഞാൻ വിറ്റു തരാം. ലാഭത്തിന്റെ ഒരു പങ്ക് എനിക്ക് തന്നാൽ മതി ’എന്നയാൾ പറഞ്ഞുകൊണ്ടിരുന്നു. ആ മനുഷ്യനെ ഒന്ന് രണ്ടു പ്രാവശ്യം ഷൂട്ടിങ് ലൊക്കേഷനിൽ കണ്ടപ്പോൾ അംബരീഷ് എനിക്കു മുന്നറിയിപ്പ് നൽകി. നർമബോധമുള്ള അംബി പറഞ്ഞതിങ്ങനെയാണ്. ‘അയാളെ കൂടുതൽ അടുപ്പിക്കേണ്ട. അയാൾ നമ്മുടെ പടം വിഴുങ്ങും. കൂട്ടത്തിൽ ശ്രീകുമാരൻ തമ്പിയെയും’. 25 ലക്ഷം പ്രൊഡക്‌ഷൻ കോസ്റ്റ് വരുമെന്ന് പ്രതീക്ഷിച്ച ചിത്രം എന്റെ പരിചയം കൊണ്ടും വളരെ സൂക്ഷ്മമായ കരുതൽ കൊണ്ടും ഞാൻ ഇരുപതു ലക്ഷത്തിൽ പൂർത്തിയാക്കി. ചുറ്റുപാടുകൾ അനുകൂലമല്ലെന്നു കണ്ടപ്പോൾ ഇരുപത്തൊന്നു ലക്ഷത്തിനു പോലും പടം വിൽക്കാൻ ഞാൻ തയാറായി. എന്നാൽ ഈ സമയത്ത് കന്നഡക്കാരുടെ ഭാഷാസ്നേഹം ഉണർന്നു, ‘നമ്മുടെ പണം എന്തിന് ഒരു മലയാളിക്ക് കൊടുക്കണം ? ’എന്ന ചോദ്യം അവർക്കിടയിൽ ഉയർന്നു. അങ്ങനെയൊരു ചോദ്യം ഒരിക്കലും മലയാളികൾക്കിടയിൽ ഉയരില്ല. തമിഴർക്ക് തമിഴിനോടുള്ള സ്നേഹത്തെക്കാൾ ശക്തമാണ് കർണാടകത്തിലുള്ളവർക്കു കന്നഡ ഭാഷയോടുള്ള സ്നേഹം. മറ്റൊരു ഭാഷാചിത്രവും കന്നഡ ഭാഷയിലേക്കു മൊഴിമാറ്റം നടത്താൻ അവർ അനുവദിക്കില്ല. അതേ സമയം കന്നഡഭാഷാചിത്രങ്ങൾ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം (ഡബ്ബിങ്) നടത്തുകയും ചെയ്യും. 

കന്നഡ ഭാഷയിലെടുത്ത കെജിഎഫ് എന്ന സിനിമ മൊഴിമാറ്റം നടത്തി അടുത്തകാലത്ത് കേരളത്തിൽ പ്രദർശിപ്പിച്ചു. അതു വലിയ ഹിറ്റ് ആയിമാറി. കൂടെ മത്സരിച്ച മലയാളസിനിമകൾക്കൊന്നും ആ കലക്‌ഷൻ നേടാൻ കഴിഞ്ഞില്ല. ഇങ്ങനെയൊരു സംഭവം കർണാടക സംസ്ഥാനത്ത് നടക്കില്ല. ഒരു മലയാളസിനിമ കന്നഡത്തിലേക്കു ഡബ്ബ് ചെയ്‌ത്‌ അവരുടെ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അവർ അനുവദിക്കുകയില്ല. കന്നഡ ഭാഷയിലെടുക്കുന്ന സിനിമകൾക്ക് വിനോദനികുതിയില്ല. മറ്റുഭാഷാചിത്രങ്ങൾ കർണാടകയിൽ പ്രദർശിപ്പിക്കണമെങ്കിൽ വിനോദനികുതി കൊടുക്കുകയും വേണം. അംബരീഷ് നായകനായ എന്റെ ‘ഗാനം’ എന്ന സിനിമ പോലും അംബരീഷന്റെ ഭാഷയായ കന്നഡത്തിലേക്കു മൊഴിമാറ്റം നടത്താൻ എനിക്ക് അനുവാദം കിട്ടിയില്ല. ആ ചിത്രം പുറത്തുവന്നത് 1982ൽ ആണന്ന് ഓർക്കുക. അതായത് 40 വർഷങ്ങൾക്ക് മുൻപുതന്നെ സ്വന്തം ഭാഷയെയും ആ ഭാഷയിൽ വരുന്ന ചിത്രങ്ങളെയും സംരക്ഷിക്കാൻ കഴിയുന്നതെല്ലാം കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സും കർണാടക സർക്കാരുംചെയ്തുകഴിഞ്ഞിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും ഔദ്യോഗിക ഭാഷ കന്നഡയാണ്. സർക്കാരുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷാഫോമുകളും കന്നഡഭാഷയിലാണ് അച്ചടിച്ചിട്ടുള്ളത്. സർക്കാർ അപേക്ഷാ ഫോറങ്ങളിൽ ഒരു ഇംഗ്ലിഷ് അക്ഷരം പോലും കാണില്ല. കേരളത്തിലെ സിനിമാക്കാരുടെ വാണിജ്യ സംഘടനയായ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് എന്ന സംഘടനയോ നമ്മുടെ ഗവൺമെന്റോ ഈ വക കാര്യങ്ങൾ അറിയുന്നുണ്ടോ എന്നു സംശയമാണ്. ഏതായാലും മാസങ്ങളോളം എന്റെ സിനിമ വിൽക്കാൻ കഴിയാതായപ്പോൾ കിട്ടുന്ന വിലയ്ക്കു പടം വിറ്റു ബെംഗളൂരൂവിൽ നിന്നു രക്ഷപ്പെടുക എന്നതായി എന്റെ ലക്ഷ്യം. ഇരുപതു ലക്ഷം രൂപ മുടക്കി നിർമിച്ച ഒന്തേ രക്ത എന്ന കന്ന‍‍ഡസിനിമ പതിനാറു ലക്ഷത്തിനു വിറ്റിട്ട് ഞാൻ ഒരു ദീർഘ നിശ്വാസമെടുത്തു. കൂട്ടത്തിൽ പറയട്ടെ, കുറുനരിയെപ്പോലെ എന്നെ പിന്തുടർന്നിരുന്ന മലയാളിയായ ബ്രോക്കറാണു ചിത്രത്തിന്റെ വില കുറയ്ക്കാൻ പിന്നിൽനിന്നു പ്രവർത്തിച്ചത്. ചിത്രം റിലീസായി. മംഗലാപുരത്തെ പ്ലാറ്റിനം തിയറ്ററിൽ ചിത്രം പ്രദർശിപ്പിക്കുന്നു. ഒരു കാഴ്ചക്കാരനായി കന്നഡക്കാർക്കിടയിൽ ഞാനിരുന്നു. അംബരീഷും അംബരീഷും തമ്മിലുള്ള സംഘട്ടനം നിറഞ്ഞ ഹർഷാരവങ്ങളോടെയാണു പ്രേക്ഷകർ സ്വീകരിച്ചത്. അംബരീഷിന്റെ പല സംഭാഷണങ്ങൾക്കും പാട്ടുകൾക്കും നിറഞ്ഞ കയ്യടി ലഭിച്ചു. ദക്ഷിണകർണാ‍‍ടകയിലെ വിതരണാവകാശം ഒരു ലക്ഷത്തിമുപ്പതിനായിരം രൂപയ്ക്കാണ് ഞാൻ വിറ്റത്. മംഗലാപുരം റിലീസ് തിയറ്ററിൽ നിന്നു മാത്രം കിട്ടിയ ഷെയർ ഒരു ലക്ഷത്തിലധികം. അപ്പോൾ വിതരണക്കാർക്ക് കിട്ടിയ ലാഭം എത്രയായിരിക്കും? എന്റെ ആദ്യചിത്രമായ ചന്ദ്രകാന്തത്തിന്റെ റിക്കോർഡിങ് നടക്കുമ്പോൾ മഹാകവി കണ്ണദാസൻ പറഞ്ഞ വാക്കുകൾ ഒരിക്കൽകൂടി എന്റെ കാതുകളിൽ പ്രതിധ്വനിച്ചു. ‘നിന്റെ കൂടെ സരസ്വതിയുണ്ട്. ആ കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല. അതുകൊണ്ട് ലക്ഷ്മി വരില്ല. നീ പണം മുടക്കി സിനിമ നിർമിച്ചാൽ അത് നഷ്ടപ്പെടും. നീ കടക്കാരനായി മാറും. അതുകൊണ്ട് ഈയൊരൊറ്റ പടത്തോടെ പ്രൊഡക്ഷ‌ൻ നിർത്തിക്കോ’. മദ്രാസിൽ തിരിച്ചു വന്ന് അധികം വൈകാതെ ഞാൻ മമ്മൂട്ടിയെ നായകനാക്കി വിളിച്ചു;വിളികേട്ടു എന്ന ചിത്രം തുടങ്ങി. ആ ചിത്രത്തിനു തോപ്പിൽ ഭാസിയാണു തിരക്കഥയും സംഭാഷണവും എഴുതിയത്. ഞാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മറ്റൊരാൾ തിരക്കഥ രചിക്കുന്നത് ആദ്യമായിട്ടാണ്. അതിന്റെ പിന്നിൽ ഒരു ലക്ഷ്യമുണ്ടായിരുന്നു. ആ സമയത്ത് ഭാസിച്ചേട്ടൻ ആരോഗ്യപരമായും സാമ്പത്തികമായും ബുദ്ധിമുട്ടിൽ ആയിരുന്നു. പ്രമേഹം വർധിച്ച് ഒരു കാൽ മുട്ടിനു താഴെ മുറിച്ചു മാറ്റിയ സമയം. അദ്ദേഹത്തെ സഹായിക്കാനെന്ന ഭാവത്തിൽ കുറച്ചു പണം കൊടുത്താൽ അഭിമാനിയായ ആ കമ്മ്യൂണിസ്റ്റുകാരൻ അത് എന്റെ മുഖത്തേക്കു വലിച്ചെറിഞ്ഞെന്നിരിക്കും. തിരക്കഥയെഴുതിയതിനു പ്രതിഫലമായി നൽകിയാൽ ആ പ്രശ്നമില്ലല്ലോ. പക്ഷേ ബുദ്ധിമാനായ ഭാസിച്ചേട്ടൻ എന്റെ മനസ്സു വായിച്ചു, സ്ക്രിപ്റ്റ് കയ്യിൽ വാങ്ങി ഫൈനൽ പേയ്‌മെന്റിനു ചെക്ക് നൽകിയപ്പോൾ അദ്ദേഹം അതു സൂചിപ്പിക്കുകയും ചെയ്‌തു. മമ്മൂട്ടി അഭിനയിച്ച വിളിച്ചു; വിളി കേട്ടു എന്ന ചിത്രം ഞാൻ രണ്ടു വിതരണക്കമ്പനികൾക്കായി വീതിച്ചു നൽകുകയായിരുന്നു. തിരുവിതാംകൂർ പ്രദേശത്തിന്റെ വിതരണം കോട്ടയത്തുള്ള രാജു ഫിലിംസിനും കൊച്ചി-മലബാർ പ്രദേശം ജയാ മൂവീസിനും. വിളിച്ചു വിളികേട്ടു എന്ന ചിത്രവും സാമ്പത്തികമായി രക്ഷപ്രാപിച്ചില്ല. വിതരണക്കാർ രണ്ടുപേരും നൽകിയ അഡ്വാൻസിൽ ബാക്കിയുള്ള പണം യുവജനോത്സവം ഹിറ്റ് ആയപ്പോൾ ഞാൻ തിരിച്ചു കൊടുത്തു.

മോഹൻലാൽ നായകനായ യുവജനോത്സവം സൂപ്പർഹിറ്റ് ആയിട്ടും എന്തുകൊണ്ട് ഞാൻ തുടർന്ന് ചിത്രങ്ങൾ നിർമിക്കാൻ വൈകി.? മദ്രാസിലെ അണ്ണാനഗറിന്റെ ഹൃദയഭാഗത്ത് ആറ്റു നോറ്റ് ഞാൻ നിർമിച്ചുകൊണ്ടിരുന്ന വീട് എന്തുകൊണ്ട് തുച്ഛമായ വിലയ്ക്കു വിറ്റു? ഇതിനുള്ള മറുപടി ഞാൻ തന്നെ എഴുതിയ ഒരു പാട്ടിൽ നിങ്ങൾ പണ്ടു തന്നെ കേട്ടിട്ടുണ്ട്.

തുടക്കവും ഒടുക്കവും സത്യങ്ങൾ, ഇടയ്ക്കുള്ളതൊക്കെയും കടങ്കഥകൾ, കളിപ്പിച്ചാൽ കളിക്കുന്ന കുരങ്ങുപോലെ, വിധിക്കൊത്തു വിളയാടും മനുഷ്യരൂപം!, സ്വപ്നമാം നിഴൽ തേടിയോടുന്ന പാന്ഥന് സ്വർഗവും നരകവും ഭൂമി തന്നെ, മാദകമധുമയ മാധവമാവതും, മരുഭൂമിയാവതും മനസ്സ് തന്നെ!

English Summary: Karuppum veluppum mayavarnangalum

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.