അഞ്ചാം വയസ്സിലെ മിസ്സിങ് കേസ്

missing
Creative: Manorama
SHARE

കബനിയിൽ പോയി ചേരുന്ന പുഴ. അതിനടുത്തായിരുന്നു വയനാട് കോട്ടത്തറയിൽ പുല്ലുമേഞ്ഞ എന്റെ കുഞ്ഞുവീട്. രണ്ടു ദിവസം നിർത്താതെ മഴ പെയ്താൽ മതി, മലയിൽ നിന്നു വെള്ളം കുത്തിയൊഴുകി പുഴയിലേക്കു വരും. പുഴ കവിഞ്ഞു പുറത്തേക്കൊഴുകും. മൂഴി എന്നാണു ഞങ്ങളുടെ നാട്ടിൽ പറയുക. ശക്തമായി മഴ പെയ്താൽ ഒരുപാടു സ്ഥലങ്ങൾ വെള്ളത്തിനടിയിലാകും. കൃഷി നശിക്കും. അങ്ങനെ ഒരു മൂഴി കയറിയ സമയം. രാവിലെ വലിയ മഴയില്ല. വീടിന്റെ പടിവരെ വെള്ളം കയറിയിട്ടുണ്ട്. മുന്നിലൂടെ ഒരു വഞ്ചി പോകുന്നതു കണ്ടു. അച്ഛന്റെ കൂട്ടുകാരൻ തങ്കച്ചൻ ചേട്ടനാണ് തുഴയുന്നത്. ചേട്ടന്റ അനിയനും വഞ്ചിയിലുണ്ട്. ഞാൻ കൈ വീശിക്കാണിച്ചു. ‘അമ്മുക്കുട്ടീ.. ഞങ്ങൾ കപ്പ പറിക്കാൻ പോവുകയാ.. നീ വരുന്നോ’– തങ്കച്ചൻ ചേട്ടൻ വിളിച്ചു ചോദിച്ചു. വാഴത്തടിപാണ്ടിയിൽ മാത്രം കയറുന്ന എനിക്ക് വഞ്ചി കണ്ടപ്പോൾ കയറാൻ കൊതി. ഞാനും വരുന്നേന്നു വിളിച്ചു പറഞ്ഞു. വീടിന്റെ പിന്നിൽ വിറക് അടുക്കി വയ്ക്കുന്ന അമ്മയോട് പറയാൻ മറന്നു.. വേഗം പോയി വഞ്ചിയിൽ കയറി. വീടിന്റെ കാഴ്ച്ചയിൽ നിന്നു മാറി ഒരു മലയുടെ അപ്പുറത്താണു കപ്പ നട്ടിരുന്നത്. അവിടെ പോയപ്പോൾ മൂന്നുനാലാളുകൾ കപ്പ പറിക്കുന്നുണ്ട്. പറിച്ചെടുത്ത കപ്പയെല്ലാം തോണിയിൽ അടുക്കി, അവിടെനിന്നു തിരിക്കുമ്പോഴേക്കും നാലു മണിക്കൂറെങ്കിലും കഴിഞ്ഞിരുന്നു. ദൂരെ നിന്നും വീട് കാണാവുന്ന ഭാഗത്തു തോണി എത്തിയപ്പോൾതന്നെ തങ്കച്ചൻ ചേട്ടൻ പറഞ്ഞു. ആരോ വെള്ളത്തിൽ പോയിട്ടുണ്ടെടാ.. ഒന്ന് പെട്ടെന്ന് തുഴയ് എന്ന്, ചേട്ടനും അനിയനും കൂടി തോണി ആഞ്ഞു തുഴഞ്ഞു. കരയിൽ നിറയെ നാട്ടുകാർ. ആരുടെയൊക്കെയോ ആർത്തലച്ച നിലവിളികൾ. മുന്നിൽ കടൽ പോലെ പരന്നുകിടക്കുന്ന വെള്ളത്തിൽ മുങ്ങിത്തിരയുന്ന ആളുകൾ. ആരാണെന്ന് അറിയാതെ വെപ്രാളപ്പെട്ട് തങ്കച്ചൻ ചേട്ടൻ ഉറക്കെ വിളിച്ചു ചോദിച്ചു ആരാടാ പോയത്.?

ജയേട്ടന്റെ മോൾ അമ്മുക്കുട്ടി ആണെടാ...ആരോ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ, അത് ഞാനല്ലേ എന്നോർത്തു ഞാൻ ഇരുന്നിടത്തു നിന്ന് എഴുന്നറ്റു. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ തുഴച്ചിൽ പോലും മറന്നു തങ്കച്ചൻ ചേട്ടൻ എന്നെ ദയനീയമായി നോക്കുന്നു. അപ്പോഴേക്കും ആരൊക്കെയോ വഞ്ചിയിലുള്ള എന്നെ കണ്ടുപിടിച്ചു. തോണിയിൽ കൊച്ചുണ്ട് എന്നുറക്കെ വിളിച്ചു പറയുന്നുണ്ട്. തോണി കരയ്ക്കടുത്ത്‌ എന്റെ അച്ഛൻപെങ്ങൾ ഭാമ മൂത്തമ്മ എന്നെ തോണിയിൽ നിന്നു കൈപിടിച്ച് ഇറക്കിയത് മാത്രമേ എനിക്ക് ഓർമയുള്ളൂ. വള്ളിച്ചൂരൽ തുടയിൽ എത്ര തവണ പതിഞ്ഞു എന്നും ഓർമയില്ല. അച്ഛൻപെങ്ങൾ ആദ്യമായും അവസാനമായും എന്നെ അറഞ്ചം പുറഞ്ചം തല്ലി. അതുകൊണ്ടും അരിശം തീരാതെ എന്നെ വിട്ട് തങ്കച്ചൻ ചേട്ടന്റെ നേരെ തിരിഞ്ഞു. നാട്ടുകാരുടെ വഴക്ക് മുഴുവൻ കേട്ട് തലകുനിഞ്ഞു നിൽക്കുന്ന തങ്കച്ചൻ ചേട്ടനോട്, ആരോട് ചോദിച്ചിട്ടാണെടാ കുഞ്ഞിനെ കൊണ്ടുപോയതെന്നും ചോദിച്ച് അച്ഛൻപെങ്ങൾ ഉറഞ്ഞുതുള്ളി. ആ വടി കൊണ്ട് ആളെ തല്ലുമോ എന്നുപോലും ഞാൻ പേടിച്ചു. എങ്ങനെ തല്ലാതിരിക്കും. ഞാൻ തോണിയിൽ കയറിപ്പോയതിനു ശേഷം അമ്മ വരാന്തയിൽ വന്നു നോക്കിയപ്പോൾ എന്നെ കാണാനില്ല. എന്റെ വള്ളിച്ചെരിപ്പുകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു. മുന്നിൽ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വെള്ളം മാത്രം. എന്റെ ചെരിപ്പ് വെള്ളത്തിൽ കണ്ടതോടെ അമ്മ ബോധംകെട്ടു വീണു.

ആ നാലുമണിക്കൂർ വീട്ടുകാർ അനുഭവിച്ച വേദനയെപ്പറ്റി ഓർക്കുമ്പോൾ എന്റെ ഉള്ള് ഇന്നും നീറും. 

English Summary: Marakkillorikalum column

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.