അതൊരു ചാര‌സംവിധാനമോ?

felix
Creative: Manorama
SHARE

വെള്ളിനക്ഷത്രം സിനിമ  സംവിധാനം ചെയ്ത ഫെലിക്സ് ജെ. എച്ച്. ബെയ്സ് ഒരു ജർമൻ ചാരനായിരുന്നോ? ആലപ്പി വിൻസന്റ് അങ്ങനെ പറയാൻ എന്തായിരുന്നു കാരണം? സിനിമ തീർന്ന ശേഷം ക്യാമറപോലും ഉപേക്ഷിച്ച് ഫെലിക്സ് പോയതെങ്ങോട്ടാണ്? ഇന്നും ചുരുളഴിയാത്ത രഹസ്യം

നല്ല ലക്ഷണമൊത്ത ചാരൻ ആരാണ്? ലക്ഷണങ്ങൾ തന്ത്രപൂർവം ഒളിപ്പിക്കാൻ കഴിയുന്ന ഒരാളല്ലേ നല്ല ചാരൻ? ചാരനെന്നു തോന്നിക്കുന്ന ഒരാൾ ചാരനാകണമെന്നുണ്ടോ, മറിച്ചും സംഭവിക്കാമല്ലോ... ഇങ്ങനെ നൂറായിരം ചോദ്യങ്ങളും സംശയങ്ങളുമായി വിൻസന്റ് അയാളെ പിൻതുടർന്നു. ആ തിരോധാനം വരെ.

പഴയ മദിരാശി പട്ടണത്തിൽ വിൻസന്റ് അയാളെ ആദ്യം കണ്ടുമുട്ടുമ്പോൾ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല. കടപ്പുറത്തു ഡബ്രി ക്യാമറ സ്ഥാപിച്ചു ദൃശ്യങ്ങൾ പകർത്തുന്ന ജർമൻകാരൻ, പേര് അന്നു ചോദിച്ചില്ല. വിൻസന്റിന്റെ മനസ്സും കണ്ണും ഉടക്കിയത് അയാളുടെ ജർമൻ നിർമിത ക്യാമറയിലായിരുന്നു.

രാജ്യം സ്വതന്ത്രമാവുന്നതിനു 10 വർഷം മുൻപ്. 1937 ഓഗസ്റ്റ് 16നാണു മലയാള സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാറിന്റെ ജനനം– ആലപ്പി വിൻസന്റ്.

സ്ക്രീനിൽ നടീനടന്മാർ ആദ്യമായി മലയാളം സംസാരിച്ച ‘ബാലൻ’ സിനിമയുടെ ഷൂട്ടിങ് തമിഴ്നാട്ടിലെ മോഡേൺ തിയറ്ററിൽ തുടങ്ങിയത് അന്നാണ്.

felix
ആദ്യമായി കേരളത്തിൽ പൂർണമായി നിർമിച്ച മലയാള സിനിമ വെള്ളിനക്ഷത്രത്തിന്റെ ഷൂട്ടിങ്ങിനിടെ, ജർമൻ പൗരനായ സിനിമാ സംവിധായകൻ ഫെലിക്സ് ജെ.എച്ച്. ബെയ്സ് (ക്യാമറയുടെ പിന്നിൽ തൊപ്പിവച്ചു താഴെയിരിക്കുന്നയാൾ). പിന്നിൽ ഇടതു നിന്നു നാലാമതു നിൽക്കുന്നത് ടി.എൻ. കൃഷ്ണൻകുട്ടി. ക്യാമറയിൽ പിടിച്ചു നിൽക്കുന്ന ജൂബയിട്ടയാളാണ് ആലപ്പി വിൻസന്റ്.

ആദ്യ രംഗം ഷൂട്ട് ചെയ്യാനായി വിൻസന്റ് ക്യാമറയ്ക്കു മുന്നിൽ ബിയർ ഗ്ലാസ് ഉയർത്തി, മലയാള സിനിമയുടെ ആദ്യ ഡയലോഗ് ഇംഗ്ലിഷിലായിരുന്നു– ‘ഗുഡ് ലക്ക് ടു എവരിബഡി’.

ബാലൻ പൂർത്തിയാക്കി, ചരിത്രമായി, തിയറ്ററിലും വിജയിച്ചു. മലയാളത്തിലും തമിഴിലും വിൻസന്റ് സജീവമായി.

പത്തു വർഷത്തിനു ശേഷം– 1947 ഒക്ടോബറിൽ വീണ്ടും മദിരാശി യാത്ര.

മലയാള സിനിമയെ തമിഴ്നാട്ടിൽ നിന്നു പറിച്ചെടുത്തു കേരളത്തിൽ നട്ടുനനച്ചു വളർത്താനുള്ള ദൗത്യം ഏറ്റെടുത്താണ് അന്നു വിൻസന്റ് പുറപ്പെട്ടത്.

ആലപ്പുഴയിൽ ഉദയാ സ്റ്റുഡിയോ തുടങ്ങാനുള്ള ചർച്ച സജീവം. കേരളത്തിൽ പൂർണമായി നിർമിക്കാൻ പോകുന്ന ആദ്യ സിനിമ ‘വെള്ളിനക്ഷത്രം’. സ്റ്റുഡിയോ ഒരുക്കണം. ചിത്രീകരണവും സംവിധാനവും നിർവഹിക്കണം. അതിനായി ഒരു സാങ്കേതിക വിദഗ്ധന്റെ സഹായം വേണം.

ബ്രിട്ടിഷ് ഇന്ത്യയിലേക്ക് ഒന്നാംതരം ക്യാമറയും തൂക്കി ജർമൻകാരായ പലരും കപ്പലിറങ്ങിയിരുന്ന കാലമായിരുന്നു അത്. ബ്രിട്ടിഷുകാർ പോയിട്ടും ജർമൻകാർ പലരും ഇന്ത്യയിൽ തുടർന്നു. അക്കൂട്ടത്തിൽ ഒരാളെ മദിരാശി കടപ്പുറത്തു 10 വർഷം മുൻപു കണ്ട ഓർമയിലാണ് ഇത്തവണ വിൻസന്റിന്റെ വരവ്. കണ്ടുപിടിക്കാൻ കഴിഞ്ഞാൽ മാസം 1000 രൂപ ശമ്പളം വാഗ്ദാനം ചെയ്തു ക്യാമറ സഹിതം പുള്ളിക്കാരനെ ആലപ്പുഴയിലെത്തിക്കാൻ ഉദയാ സ്റ്റുഡിയോയുടെ നിയുക്ത ഭാരവാഹികൾ വിൻസന്റിനെ ചട്ടംകെട്ടിയിരുന്നു.

ആഴ്ചകൾ പിന്നിട്ടു. അന്വേഷിച്ച ആളെ മാത്രം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഒരുച്ച നേരം. എഗ്‌മൂറിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വിൻസന്റ് കയറി. കഴുകിയ കൈ കുടഞ്ഞപ്പോൾ പിന്നിൽ നിന്നയാളുടെ ദേഹത്തേക്കു വെള്ളം തെറിച്ചു. വിൻസന്റ് ക്ഷമ പറയാൻ മുഖം ഉയർത്തി. വിശ്വസിക്കാൻ കഴിഞ്ഞില്ല– അതേ ജർമൻകാരൻ.

മലയാള സിനിമയിലെ ആദ്യ ഡയലോഗ് പറഞ്ഞ ബ്രിട്ടിഷ് ഇംഗ്ലിഷിൽത്തന്നെ വിൻസന്റ് ക്ഷമ ചോദിച്ചു. അന്നവർ ഒരേ തീൻമേശയിലിരുന്നു ഭക്ഷണം കഴിച്ചു. സംസാരിച്ചു. അയാൾ സ്വയം പരിചയപ്പെടുത്തി– ഫെലിക്സ് ജെ.എച്ച്. ബെയ്സ്. പിന്നീടങ്ങോട്ടു മലയാള സിനിമയുടെ ജാതകം പോലെ സംഭവിച്ചു. ഫെലിക്സിനെ ക്യാമറയടക്കം പൊക്കി വിൻസന്റ് ആലപ്പുഴയിൽ വണ്ടിയിറങ്ങി.

ഉദയാ സ്റ്റുഡിയോ ഒരുക്കി. വെള്ളിനക്ഷത്രത്തിന്റെ സംവിധായകനാക്കി. അപ്പോഴേക്കും വിൻസന്റിനെ ഒരു സംശയം പിടികൂടിയിരുന്നു. ഈ ജർമൻകാരന് എങ്ങനെ ബ്രീട്ടിഷുകാരന്റെ പേരുകിട്ടി?

vellinakshatram

ഫെലിക്സ്? ബെയ്സ്? പിന്നീടു സംഭവിച്ചതു കേൾക്കുമ്പോൾ നമുക്കും ഒരു സംശയം തോന്നും. ബെയ്സായിരുന്നോ വിൻസന്റിനെ കണ്ടെത്തിയത്. എഗ്‌മൂറിലെ ഹോട്ടലിൽ അവരുടെ കൂടിക്കാഴ്ച, ബെയ്സ് ഒരുക്കിയ നാടകമായിരുന്നോ? മദ്രാസിൽ നിന്നു മാറിനിൽക്കാൻ ബെയ്സ് ആഗ്രഹിച്ചിരുന്നോ? പുതിയൊരു പേരിൽ പുതിയൊരു നാട്ടിൽ. ഉദയയുടെ ശമ്പളക്കാരനായി ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം കുറച്ചു കാലം കേരളത്തിൽ ജീവിക്കാനുള്ള തീരുമാനത്തിനു പിന്നിൽ ബെയ്സിനു മറ്റെന്തെങ്കിലും ദൗത്യമുണ്ടായിരുന്നോ?

വെള്ളിനക്ഷത്രം സിനിമ റിലീസ് ചെയ്ത ശേഷം ബെയ്സിനോട് ഇക്കാര്യങ്ങൾ നേരിട്ടു ചോദിക്കാൻ വിൻസന്റ് ഉറപ്പിച്ചിരുന്നു.

സിനിമയുടെ നിർമാണം പൂർത്തിയാക്കി പ്രതിഫലം വാങ്ങിയ ബെയ്സിനെ പിന്നീടാരും കണ്ടിട്ടില്ല. എന്തെങ്കിലും അത്യാവശ്യത്തിനു മദിരാശിയിലേക്കു മടങ്ങിയെന്നു കരുതി. ഒരാഴ്ച പിന്നിട്ടതോടെ ഭാര്യയും മക്കളും തിരിച്ചുപോയി. പിന്നീട് അവരെയും വിൻസന്റ് കണ്ടിട്ടില്ല. ബ്രിട്ടിഷ് ഇന്ത്യയിലേക്കു ഹിറ്റ്ലർ നിയോഗിച്ച ചാരന്മാരിൽ ഒരാളാണു ഫെലിക്സ് ജെ.എച്ച്. ബെയ്സെന്നു വിൻസന്റ് വിശ്വസിച്ചു.

ഇക്കാര്യം രണ്ടു പേരോടാണ് ആലപ്പി വിൻസന്റ് വെളിപ്പെടുത്തിയത്. പത്രപ്രവർത്തകനും ചരിത്രമെഴുത്തുകാരുമായ ചേലങ്ങാട്ട് ഗോപാലകൃഷ്ണനോടും ഡോ. സെബാസ്റ്റ്യൻ പോളിനോടും. ഗോപാലകൃഷ്ണൻ വിൻസന്റിനു സുഹൃത്തും പങ്കാളിയുമാണ്. സെബാസ്റ്റ്യൻ പോൾ സഹോദരതുല്യനും.

മലയാള സിനിമ സംവിധാനം ചെയ്ത ഫെലിക്സ് ജെ.എച്ച്. ബെയ്സ് ജർമൻ ചാരനാണെന്നു വെളിപ്പെടുത്തി ലേഖനം എഴുതാൻ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ ഒരുങ്ങിയപ്പോൾ വിൻസന്റ് വിലക്കി. അതു ഞാൻ മരിച്ചിട്ടു മതിയെന്നു തറപ്പിച്ചു പറഞ്ഞു. 1992 ജൂലൈ 12ന് ആലപ്പി വിൻസന്റ് മരിച്ചു. 1996 ൽ ചേലങ്ങാട്ട് ബെയ്സിന്റെ കഥ ആദ്യമായി സിനിമാ മംഗളത്തിൽ എഴുതി. ഈ ലേഖനങ്ങൾ 2013ൽ പുസ്തകമാക്കി. മലയാള സിനിമയുടെ തലവര മാറ്റി ഷൂട്ട് ചെയ്യാൻ ബെയ്സിനെ കേരളത്തിലേക്കു കൊണ്ടുവന്ന ആലപ്പി വിൻസന്റിന്റെ അത്ഭുതകഥ ഡോ.സെബാസ്റ്റ്യൻ പോൾ 1995ൽ ‘മലയാള സിനിമയുടെ സ്നാപകൻ’ എന്നപേരിൽ പുസ്തകമാക്കി. ഫെലിക്സ് ജെ.എച്ച്. ബെയ്സ് ജർമൻ ചാരനാണെന്നു വിശ്വസിക്കാൻ ആലപ്പി വിൻസന്റിന് ആറു കാരണങ്ങളുണ്ട്.

ബെയ്സ് ഒരു ചാരനല്ല എന്നു വിശ്വസിക്കാൻ കൃഷ്ണൻകുട്ടിക്കും ഒരു കാരണമുണ്ട് ‘അദ്ദേഹം നല്ലൊരു മനുഷ്യനാണെന്ന് എനിക്കു നേരിട്ട് അറിയാം, അടുത്തറിയാം...’

alappy
ആലപ്പി വിൻസന്റ്, ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ, ടി.എൻ. കൃഷ്ണൻകുട്ടി

വെള്ളിനക്ഷത്രം സിനിമയിൽ ബെയ്സിന്റെ ക്യാമറ അസിസ്റ്റന്റായിരുന്ന ടി.എൻ.കൃഷ്ണൻകുട്ടി ഇപ്പോൾ ആലപ്പുഴ പൂന്തോപ്പിലുണ്ട്. ബെയ്സിന്റെ പഴയ ചിത്രവും അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. ബെയ്സിനൊപ്പം രണ്ടുമാസം ഉദയാ സ്റ്റുഡിയോയിൽ ചെലവഴിച്ച കാലം തൊണ്ണൂറ്റിരണ്ടാം വയസിലും കൃഷ്ണൻകുട്ടി ഓർത്തെടുത്തു:

‘ബെയ്സ് സാറാണ് എന്നെ ഛായാഗ്രാഹകനാക്കിയത്. അദ്ദേഹത്തിന്റെ ഡബ്രി ക്യാമറ പ്രവർത്തിപ്പിക്കാൻ പതിനെട്ടുകാരനായിരുന്ന എന്നെ അന്നദ്ദേഹം അനുവദിച്ചു. ശിവറാംസിങ്ങിന്റെ ശിഷ്യനായാണു ഞാൻ ഉദയയിലെത്തുന്നത്. അന്നു ബെയ്സിനു 40ന് അടുത്തുപ്രായം കാണും. വലിയ ഉയരമില്ല. കഷണ്ടി കയറിയ തലയിൽ വെള്ളിത്തലമുടി. സ്റ്റുഡിയോയുടെ ഉള്ളിൽ പ്രവർത്തിപ്പിച്ചിരുന്ന ജർമൻ ഡബ്രി ക്യാമറ ഉപയോഗിച്ച് ഔട്ട്ഡോറിലും ഷൂട്ട് ചെയ്യാൻ അദ്ദേഹം പഠിപ്പിച്ചു. ക്യാമറ വള്ളപ്പടിയിൽ കെട്ടിവച്ചു വേമ്പനാട്ടു കായലിൽ പോലും സിനിമാരംഗങ്ങൾ ഷൂട്ട് ചെയ്തു. ജർമനും ഇംഗ്ലിഷും അദ്ദേഹം സംസാരിക്കും. ഇംഗ്ലിഷ് അറിയാവുന്ന ആലപ്പി വിൻസന്റിന്റെ സഹായത്തോടെയാണു ഞങ്ങളോട് ആശയവിനിമയം നടത്തിയത്. അവർ തമ്മിൽ വലിയ കൂട്ടായിരുന്നു. സിനിമയുടെ തിരക്കഥയും സംഭാഷണവും വിൻസന്റ് ഇംഗ്ലിഷിൽ വിവരിച്ചു. അതു കേട്ടാണു വെള്ളിനക്ഷത്രം ബെയ്സ് ഷൂട്ട് ചെയ്തത്. അദ്ദേഹം ജർമൻ ചാരനാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. ചാരന്റെ ഒരു ലക്ഷണവും ഇല്ലായിരുന്നു. ബെയ്സിൽ നിന്ന് ആധുനിക സിനിമാ ഷൂട്ടിങ് പഠിച്ച ഞാൻ പിന്നീട് 91 സിനിമകളുടെ ഛായാഗ്രാഹകനായി. സത്യൻ, നസീർ, കെ.പി. ഉമ്മർ, ശങ്കരാടി, മമ്മൂട്ടി എന്നിവരുടെ ആദ്യ സിനിമാരംഗം ഷൂട്ട് ചെയ്യാനുള്ള അവസരം എനിക്കു ലഭിച്ചു. പക്ഷേ വെള്ളിനക്ഷത്രത്തിന്റെ പാക്ക് അപ്പ് കഴി‍ഞ്ഞ ശേഷം ബെയ്സിനെ നേരിൽ കാണാനുള്ള ഭാഗ്യമുണ്ടായില്ല.’

 

ഫെലിക്സ് ജെ. എച്ച്. ബെയ്സ് ജർമൻ ചാരനാണെന്നു വിശ്വസിക്കാൻ ആലപ്പി വിൻസെന്റിനുണ്ടായിരുന്ന 6 കാരണങ്ങൾ:

∙ മദിരാശി പട്ടണത്തിൽ പണ്ടു മുതലേ ജർമൻ ചാരസാന്നിധ്യമുണ്ടെന്ന വായിച്ചറിവ്. ഒന്നാംലോക യുദ്ധകാലത്തു ബ്രിട്ടിഷ് ഇന്ത്യയിൽ ജർമനി ആക്രമിച്ച ഏക പട്ടണവും മദിരാശിയാണ്. 1914 സെപ്റ്റംബർ 22നാണു ജർമൻ യുദ്ധക്കപ്പലായ എസ്എംഎസ് എംഡൺ ( മലയാളത്തിലും തമിഴിലും ഈ കപ്പൽ പിന്നീട് ‘യമണ്ടൻ’ എന്നറിയപ്പെട്ടു. ഭീകരൻ, ഭയങ്കരൻ എന്ന അർഥത്തിൽ യമണ്ടൻ, എമണ്ടൻ എന്നീ വാക്കുകൾ വാമൊഴിയായി പ്രചരിച്ചു.) ബ്രിട്ടിഷ് കപ്പലുകൾക്കും വാഹനങ്ങൾക്കും നിറയ്ക്കാനുള്ള ഇന്ധനം തുറമുഖത്ത് ശേഖരിച്ച 4 എണ്ണ ടാങ്കുകൾ എംഡന്റെ ഷെല്ലാക്രമണത്തിൽ തകർന്നു. സെപ്റ്റംബർ 18 വരെ ഈ ടാങ്കുകളിൽ പലതും കാലിയായിരുന്നു. ഈ ദിവസങ്ങളിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പതുങ്ങിയ എംഡൻ മദ്രാസിനെ ആക്രമിച്ചില്ല. സെപ്റ്റംബർ 20നാണ് എണ്ണടാങ്കുകളിൽ ഇന്ധനം നിറയ്ക്കുന്നത്. 22നായിരുന്നു ഷെല്ലാക്രമണം. ടാങ്കുകളിൽ ഇന്ധനം നിറച്ച വിവരം ജർമനിക്കു ലഭിച്ചതു മദ്രാസിലെ ചാര സാന്നിധ്യത്തിനു തെളിവായി. അന്നു ബ്രിട്ടിഷ് കപ്പലുകൾക്കു 4 പുകക്കുഴലുകളുണ്ടായിരുന്നു. എംഡൻ അടക്കമുള്ള ജർമൻ പടക്കപ്പലുകൾക്കു മൂന്നും. മദ്രാസ് തീരത്തെത്തിയ എംഡൻ നാലൊമതൊരു പുകക്കുഴൽ വ്യാജമായി സ്ഥാപിച്ചാണു ബ്രിട്ടിഷ് കപ്പലെന്നു തെറ്റിദ്ധരിപ്പിച്ചത്. ‌

∙ ബെയ്സ് ക്യാമറയുമായി മദിരാശിയിൽ ചുറ്റിക്കറങ്ങിയ പ്രധാന സ്ഥലങ്ങൾ പോർട്ട് ട്രസ്റ്റ്, ബോട്ട് ഹൗസ്, മദ്രാസ് സെയ്‌ലേഴ്സ് ക്ലബ്, നാഷനൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളാണ്. ഈ സ്ഥലങ്ങളുടെ ഒട്ടേറെ ചിത്രങ്ങൾ ബെയ്സിന്റെ പക്കൽ കണ്ടു. എംഡ‍ൻ കപ്പലിൽ നിന്നുള്ള ഷെല്ലാക്രമണത്തിൽ പണ്ടു തകർന്നതും ഇതേ സ്ഥലങ്ങളാണ്. ആലപ്പുഴയിൽ തങ്ങിയ 6 മാസക്കാലം അദ്ദേഹം കേരളതീരവും ആലപ്പുഴ തുറമുഖവും ക്യാമറയിൽ പകർത്താൻ പ്രത്യേക താൽപര്യം കാണിച്ചു. സൗകര്യത്തിനു വേണ്ടി ആലപ്പുഴ ബീച്ചിലെ അതിഥി മന്ദിരത്തിലേക്കു താമസം മാറ്റി.

∙നാത്‌സി പോരാളികളായ ഗസ്റ്റപ്പോകൾക്കു വേണ്ടി അന്നു ലോകത്തിലെ ഏറ്റവും മികച്ച ക്യാമറകൾ ജർമനി നിർമിച്ചു നൽകിയിരുന്നു. ബെയ്സിനു മുൻപേ രണ്ടു ജർമൻകാർ ഇന്ത്യൻ ഭാഷാസിനിമകളുമായി സഹകരിച്ചിട്ടുണ്ട്. 1930 ൽ ഹിന്ദിയിലെ ഒഴിച്ചുകൂടാൻ കഴിയാത്ത സാന്നിധ്യമായിരുന്ന ജോസഫ് വിർഷിങ്, മലയാളത്തിലെ ആദ്യ സംഭാഷണ ചിത്രമായ ബാലന്റെ ഛായാഗ്രഹണം 1937 ൽ നിർവഹിച്ച ബോഡോ ഗുഷ്‌വാക്കർ. ബാലന്റെ ഷൂട്ടിങ്ങിനിടയിൽ ആലപ്പി വിൻസന്റ് ഗുഷ്‌വാക്കറുമായി അടുപ്പം സ്ഥാപിച്ചിരുന്നെങ്കിലും അദ്ദേഹം ജർമനിയിലേക്കു മടങ്ങിയതിനാലാണു ബെയ്സിനെ കണ്ടെത്താൻ വിൻസന്റ് 1947 അവസാനം മദ്രാസിലെത്തിയത്. ആദ്യ രണ്ടുപേരും അവരുടെ ജർമൻ വംശീയത തെളിയിക്കുന്ന പേരുകളിൽ തന്നെ അറിയപ്പെട്ടു. എന്നാൽ ഫെലിക്സ് ജെ.എച്ച്. ബെയ്സ് പേരിൽ ഒരു ബ്രിട്ടിഷ് വംശീയത കൊണ്ടുവന്നു.

‌∙ രണ്ടാംലോക യുദ്ധത്തിൽ ജർമനിയും സഖ്യരാജ്യങ്ങളും പരാജയപ്പെട്ടതോടെ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട നാത്‌സി പടനായകരെ വിചാരണ ചെയ്യാൻ ജർമനിയിലെ ന്യൂറംബർഗിലാണു രാജ്യാന്തര വിചാരണക്കോടതി സ്ഥാപിച്ചത്. റഷ്യ, അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണു ജഡ്ജിമാരെ ന്യൂറംബർഗ് വിചാരണയ്ക്കു വേണ്ടി നിയോഗിച്ചത്.

1945 നവംബർ 20നു തുടങ്ങിയ വിചാരണ 1946 ഒക്‌ടോബർ ഒന്നിന് അവസാനിച്ചു. 218 ദിവസം നീണ്ട വിചാരണയിൽ 360 സാക്ഷികളെ വിസ്‌തരിച്ചു. കുറ്റക്കാരുടെ വധശിക്ഷ 1947 മുതലാണു നടപ്പാക്കിയത്. വെള്ളിനക്ഷത്രം സിനിമയുടെ ഷൂട്ടിങ് ആലപ്പുഴ ഉദയ സ്റ്റുഡിയോയിൽ നടക്കുന്ന കാലത്തു ന്യൂറംബർഗ് വധശിക്ഷകൾ നടന്നിരുന്നു. അതിന്റെ വാർത്തകൾ അറിഞ്ഞ ബെയ്സ് പലപ്പോഴും വിഷാദിയായി. ഷൂട്ടിങ്ങിന്റെ ഉത്തരവാദിത്തം വിൻസന്റിനെ ഏൽപിച്ചു സ്വന്തം മുറിയിൽക്കയറി വാതിൽ അടച്ചു.

∙ ആരും പഠിപ്പിക്കാതെ തന്നെ രണ്ടുമാസം കൊണ്ടു ബെയ്സ് നല്ല രീതിയിൽ മലയാളം സംസാരിക്കാൻ തുടങ്ങി. സാധാരണക്കാരന് അതൊട്ടും എളുപ്പമല്ല. സിനിമയ്ക്ക് ആവശ്യമില്ലാത്ത ദൃശ്യങ്ങളും അദ്ദേഹം പകർത്തി.

∙ ആലപ്പി വിൻസന്റുമായി ആവശ്യത്തിലധികം അടുപ്പമുണ്ടായിരുന്ന ബെയ്സ് ഷൂട്ടിങ്ങിന്റെ അവസാന ദിവസങ്ങളിൽ ബോധപൂർവം അകലംപാലിച്ചു. 

sebastian-paul
ഡോ. സെബാസ്റ്റ്യൻ പോൾ

ഷൂട്ടിങ് പൂർത്തിയാക്കിയ ഉടനെ വിൻസന്റിനോടു പോലും യാത്ര പറയാതെ ക്യാമറയടക്കം ഉപേക്ഷിച്ച് അപ്രത്യക്ഷനായി. ബെയ്സിന്റെ ക്യാമറ കൈവശപ്പെടുത്തിയത് ആരെന്നറിയില്ല.

ഫെലിക്സ് ജെ.എച്ച്.ബെയ്സ് ജർമൻ ചാരനാണെന്നു സ്വകാര്യ സംഭാഷണത്തിൽ ആലപ്പി വിൻസന്റ് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ബെയ്സുമായുള്ള അടുപ്പവും ആശയവിനിമയവും അദ്ദേഹത്തിന്റേതായ നിഗമനങ്ങൾക്കു കാരണമായിട്ടുണ്ടാവാം. വിൻസന്റിന്റെ മരണശേഷം ജീവചരിത്രത്തിൽ ഉൾപ്പെടുത്താനായി വിൻസന്റ് നോട്ട് കുറിച്ചിരുന്ന പുസ്തകങ്ങൾ വിശദമായി പരിശോധിച്ചിരുന്നു. അപ്പോഴൊന്നും ബെയ്സിനെക്കുറിച്ചുള്ള പരാമർശങ്ങൾ ബുക്കിൽ കണ്ടില്ല. അതുകൊണ്ടാണു ബെയ്സിനെ പറ്റിയുള്ള വിൻസന്റിന്റെ നിഗമനങ്ങൾ ജീവചരിത്രത്തിൽ ഞാൻ ഉൾപ്പെടുത്താതിരുന്നത്. ബ്രിട്ടിഷ് ഇന്ത്യയിലെ ജർമൻ ചാരസാന്നിധ്യം ചരിത്ര വസ്തുതയാണ്. അന്നത്തെ കാലത്തെ ബിഎക്കാരനും നിയമവിദ്യാർഥിയുമായിരുന്ന വിൻസന്റ് രാഷ്ട്രീയക്കാരനുമായിരുന്നു. അദ്ദേഹത്തിന്റെ ഭാഷാപരിഞ്ജാനവും ലോകപരിചയവും വായനയും വിപുലമായിരുന്നു. ബെയ്സ് ജർമൻ ചാരനാണെന്നു വിശ്വസിക്കാൻ വിൻസന്റിന് അദ്ദേഹത്തിന്റേതായ ബോധ്യങ്ങൾ ഉണ്ടായിരുന്നിരിക്കണം.

ഡോ. സെബാസ്റ്റ്യൻ പോൾ

English Summary: Was Felix J. H. Bayis a German spy?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.