എല്ലാം കാലം തീരുമാനിക്കുന്നു

Sreekumaran Thampi, Mohanlal
ശ്രീകുമാരൻ തമ്പിയും മോഹൻലാലും
SHARE

സിനിമയുടെ മായാവർണങ്ങളിൽ ആകൃഷ്ടനായി ഇരുപത്തിയാറാം വയസ്സിൽ ആ വിസ്മയലോകത്തു പ്രവേശിച്ച ഞാൻ ഈ വാർധക്യകാലത്ത് തിരിഞ്ഞുനോക്കുമ്പോൾ എത്രയെത്ര മുഖങ്ങളാണ് എന്റെ ചിന്തകളിൽ തെളിഞ്ഞുമറയുന്നത്!. എന്റെ നോവൽ സിനിമയാക്കാൻ ആലോചിക്കുകയും എന്നെ തിരുവനന്തപുരത്തു വരുത്തി പ്രേംനസീറിനോടൊപ്പം താമസിപ്പിക്കുകയും, അദ്ദേഹം പറഞ്ഞ മാറ്റങ്ങൾ കഥയിൽ വരുത്താൻ തയാറല്ല എന്നു നിഷേധസ്വരം പുറപ്പെടുവിച്ചിട്ടും എന്റെ ലക്ഷ്യബോധം തിരിച്ചറിഞ്ഞ് എന്നെ ഗാനരചയിതാവായി സിനിമയിൽ അവതരിപ്പിക്കുകയും ചെയ്ത പി.സുബ്രഹ്മണ്യം എന്ന വലിയ മനുഷ്യന്റെ മുഖം.അതു കഴിഞ്ഞാൽ ഓർമയിൽ തെളിയുന്നത് പ്രേംനസീർ എന്ന നടന്റെ മുഖമാണ്.

പതിനാറുകാരനായ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാർഥിയുടെ കത്തിനു കൃത്യമായ മറുപടിയയച്ച നന്മയുള്ള മനസ്സിന്റെ ഉടമയായ നടൻ. ആദ്യമായി തിരക്കഥാരചനയ്ക്കു ശ്രമിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം താമസിക്കാനും കഥ അദ്ദേഹവുമായി ചർച്ച ചെയ്യാനും കാലം അവസരമൊരുക്കി. നവാഗതനായ ഒരു എഴുത്തുകാരനെ കൂടെ താമസിപ്പിക്കാൻ തയാറായ ആ വലിയ കലാകാരന്റെ മനസ്സ് എത്രയോ ഉന്നതം!. പിന്നീടദ്ദേഹം ഞാനെഴുതിയ എത്രയോ വരികൾ പാടി അഭിനയിച്ചു!. ഞാൻ എഴുതിയ എത്രയോ സംഭാഷണശകലങ്ങൾ ഏറ്റു പറഞ്ഞു, ഞാൻ സംവിധാനം ചെയ്ത പല സിനിമകളിൽ അഭിനയിച്ചു. ഞാൻ സ്വന്തമായി നിർമിച്ച ചിത്രങ്ങളിൽ നായകനായി. ആദ്യമായി ഒരു ഫോട്ടോ ആവശ്യപ്പെട്ട് കത്തെഴുതുന്ന സമയത്ത് ഭാവിയിൽ അദ്ദേഹത്തിന് പ്രതിഫലം നൽകി സിനിമ നിർമിക്കുന്ന നിർമാതാവായി മാറുന്ന ഒരു കാലമുണ്ടാവുമെന്നു സ്വപ്നം കാണാൻപോലും എനിക്കു കഴിയുമായിരുന്നോ...? കേവലം വ്യർഥം എന്നുറപ്പിച്ചുകൊണ്ട് എന്നും സിനിമയെക്കുറിച്ച് ഒട്ടേറെ ദിവാസ്വപ്നങ്ങൾ കണ്ടിരുന്നു എന്നതു സത്യമാണെങ്കിലും..

പ്രേംനസീർ അത്ര നല്ല നടനല്ല എന്ന അഭിപ്രായമൊന്നും എനിക്കില്ല. ഇരുട്ടിന്റെ ആത്മാവിലും പടയോട്ടം എന്ന സിനിമയിലും അദ്ദേഹം മികച്ച അഭിനയം കാഴ്ചവച്ചു എന്നു തന്നെയാണ് എന്റെ അഭിപ്രായം. തീർച്ചയായും ആ രണ്ടുചിത്രങ്ങളിലെയും പ്രകടനം ഒരു ദേശീയ അവാർഡ് അർഹിക്കുന്നതായിരുന്നു. എന്നാൽ കേരളസംസ്ഥാന ജൂറി പോലും ആ വർഷങ്ങളിലെ പുരസ്‌കാരത്തിന് അദ്ദേഹത്തെ പരിഗണിച്ചില്ല. ബുദ്ധിജീവികളുടെ മുൻവിധിയാണ് ഇതിനു കാരണം. ഞാൻ സംവിധാനം ചെയ്ത സിനിമകളിൽ ഞാൻ ആഗ്രഹിച്ചതുപോലെ അദ്ദേഹം എന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നു തന്നെയാണു ഞാൻ വിശ്വസിക്കുന്നത്.

എഴുപതുകളുടെ അവസാനകാലത്താണെന്നു തോന്നുന്നു, ഒരു ദിവസം ഞാനും പ്രശസ്ത നിർമാതാവായ കെ.പി.കൊട്ടാരക്കരയും പാട്ടുകളുടെ റിക്കോർഡിങ് കഴിഞ്ഞ് ഒരു കാറിൽ മടങ്ങുകയായിരുന്നു. സ്റ്റുഡിയോയിൽ നിന്നിറങ്ങി ആർക്കോട്ട് റോഡിലൂടെ (എൻ.എസ്.കൃഷ്ണൻ ശാല) മുമ്പോട്ടു നീങ്ങുമ്പോൾ തൊട്ടുമുന്നിലായി നസീർസാറിന്റെ കാർ പോകുന്നതു കണ്ടു. അദ്ദേഹം പ്രസാദ് സ്റ്റുഡിയോയിൽ നിന്നോ അരുണാചലം സ്റ്റുഡിയോയിൽ നിന്നോ ഷൂട്ട് കഴിഞ്ഞു മടങ്ങുകയായിരിക്കും. പെട്ടെന്ന് കെ.പി.കൊട്ടാരക്കര പറഞ്ഞു. ‘അതാ നമ്മുടെ തൊട്ടു മുമ്പേ പോകുന്നു ,ഒരു ഗന്ധർവൻ.’ ‘അത് നസീർസാറിന്റെ വണ്ടിയല്ലേ?’ ഞാൻ ചോദിച്ചു.‘ അതെ തമ്പി. അതുകൊണ്ടു തന്നെയാ ഞാൻ ഗന്ധർവൻ പോകുന്നു എന്നു പറഞ്ഞത്. നസീർ മനുഷ്യനല്ല. ഒരു മനുഷ്യന് ഒരിക്കലും ഇങ്ങനെ നന്മയുള്ള ജീവിതം ജീവിക്കാൻ സാധ്യമല്ല; പ്രത്യേകിച്ചും കള്ളവും ചതിയും കുതികാൽവെട്ടും മാത്രം നിലനിൽക്കുന്ന ഒരുമേഖലയിൽ!’.

സിനിമയിൽ എന്നെ പ്രവേശിപ്പിച്ചത് സുബ്രഹ്‍മണ്യം മുതലാളിയാണെങ്കിലും തുടർന്ന് ഒരു രക്ഷകർത്താവിനെപ്പോലെ എന്നെ സ്നേഹിച്ചും ഉപദേശിച്ചും അപൂർവമായെങ്കിലും ശകാരിച്ചും നേർവഴി കാണിച്ചുതന്ന വ്യക്തി ഞാൻ വാസുസാർ എന്നു വിളിക്കുന്ന ടി.ഇ.വാസുദേവൻ എന്ന പ്രശസ്ത നിർമാതാവാണ്. ‘ശ്രീകുമാരൻ തമ്പി എനിക്ക് പുത്രനെപ്പോലെയാണ്’ എന്ന്‌ മഴവിൽ മനോരമയ്ക്കു നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. എന്റെ സൂപ്പർഹിറ്റ് ഗാനങ്ങളിൽ ഒരു വലിയപങ്ക് അദ്ദേഹം നിർമിച്ച സിനിമകളിലാണ്. അൻപതിലധികം സിനിമകൾ നിർമിക്കുകയും വിവിധ ഭാഷകളിലുള്ള ആയിരത്തിലധികം സിനിമകൾ കേരളത്തിൽ വിതരണം നടത്തുകയും ചെയ്ത വാസുസാർ ഒരിക്കലും ധനവാനാകാൻ ആഗ്രഹിച്ചില്ല. അദ്ദേഹം ആകെ സമ്പാദിച്ചത് എറണാകുളം പനമ്പള്ളി അവന്യുവിലുള്ള ഒരു വീട് മാത്രം. ‘ഒരിക്കലും പണത്തിന്റെ പിന്നാലെ ഓടരുത്. ഒടുവിൽ ദുഃഖിക്കേണ്ടി വരും’ എന്നദ്ദേഹം എന്നെ ഓർമിപ്പിച്ചുകൊണ്ടിരുന്നു.

തന്റെ പിന്നാലെവന്ന പാട്ടെഴുത്തുകാരന്റെ രചനകളെ പരസ്യമായി പുകഴ്ത്തുകയും ആ യുവാവ് എഴുതിയ നോവൽ സിനിമയാക്കുകയും തുടർന്ന് ആ എഴുത്തുകാരനെ താൻ സംവിധാനം ചെയ്ത എട്ടുചിത്രങ്ങളുടെ തിരക്കഥാകൃത്ത് ആക്കുകയും ചെയ്ത പി.ഭാസ്കരൻ എന്ന അതികായനെ ഞാൻ എങ്ങനെ ഓർമിക്കാതിരിക്കും?. ഞാൻ ഭാസ്കരൻ മാസ്റ്ററുടെ ശിഷ്യനാണ് എന്ന്‌ അഭിമാനപൂർവം പറയുമ്പോൾ ‘എന്റെ ശിഷ്യനാകാൻ ഞാൻ തമ്പിയെ ഒന്നും തന്നെ അഭ്യസിപ്പിച്ചിട്ടില്ല.; തമ്പിയുടെ കഴിവുകളെല്ലാം സ്വയം ആർജിതമാണ്’ എന്നായിരുന്നു ആ പ്രതിഭാധനന്റെ മറുപടി. സുബ്രഹ്‍മണ്യം മുതലാളിയും വാസുസാറും ഭാസ്കരൻ മാസ്റ്ററും ഇഹലോകവാസം വെടിഞ്ഞപ്പോൾ   അവിടങ്ങളിലേക്ക് ഓടിയെത്താനും അന്ത്യകർമങ്ങളിൽ പങ്കെടുക്കാനും ആ മൃതദേഹങ്ങളിൽ പൂവിട്ടു നമസ്കരിക്കാനും എനിക്കു സാധിച്ചു.

ഗാനരചയിതാവ് എന്ന നിലയിൽ എന്റെ ശരിയായ മുന്നേറ്റം തുടങ്ങിയത് ഞാൻ തന്നെ തിരക്കഥയും സംഭാഷണവും രചിച്ച അപസ്വരങ്ങൾ (ചിത്രമേള) എന്ന സിനിമയിലെ എട്ടു പാട്ടുകളിലൂടെയാണ്. ദേവരാജൻ മാസ്റ്റർ ഈണം പകർന്ന് യേശുദാസ് പാടിയ പാട്ടുകൾ. എന്റെ തിരക്കഥയും പാട്ടുകളും കേട്ടു സിനിമയിൽ എനിക്കൊരു നല്ല ഭാവിയുണ്ടെന്നു ദീർഘദർശനം നടത്തിയ പ്രശസ്ത സ്വഭാവനടനായ ടി.എസ്. മുത്തയ്യയുടെ മുഖവും വിസ്മരിക്കാനാവില്ല. രക്തസമ്മർദം വർധിച്ചതിനാൽ ഡോക്ടറുടെ നിർദേശമനുസരിച്ച് അഭിനയം മതിയാക്കുന്നതുവരെ മുത്തയ്യസാർ ഞാൻ നിർമിച്ച എല്ലാ സിനിമകളിലും അഭിനയിച്ചു. മുത്തയ്യ സാർ അഭിനയം നിർത്തിയതിനു ശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ സംരക്ഷിച്ചിരുന്നത് പ്രേംനസീർ ആണ്.

ഞാൻ സിനിമയ്ക്കു വേണ്ടി എഴുതിയ ആദ്യഗാനങ്ങൾക്ക് ഈണം പകർന്ന എം.എസ്. ബാബുരാജിനെ ഞാൻ സ്വന്തമായി നിർമിച്ച ഒരു ചിത്രത്തിലും സഹകരിപ്പിക്കാൻ സാധിച്ചില്ല. ആ കുറ്റബോധം ഇപ്പോഴും എന്നെ പിന്തുടരുന്നുണ്ട്. ഒരു ഗസൽഗായകന്റെ കഥ സിനിമയാക്കണമെന്നും അതിന്റെ സംഗീതസംവിധായകൻ ബാബുക്കയായിരിക്കണമെന്നും ഞാൻ തീരുമാനിച്ചിരുന്നു. എന്നാൽ അതിനു സമയമായപ്പോഴേക്കും ബാബുക്ക രോഗിയായിക്കഴിഞ്ഞിരുന്നു. പിന്നീട് ആ ശ്രമം ഞാൻ ഉപേക്ഷിച്ചു. എങ്കിലും ഏതു ഹിന്ദി ഗസലിനോടും അടുത്തു നിൽക്കുന്ന ഒരു ഗസൽ മലയാളത്തിൽ സൃഷ്ടിക്കണമെന്ന മോഹം എന്റെ പ്രിയസുഹൃത്ത് അർജുനനിലൂടെ ഞാൻ സഫലമാക്കുകയും ചെയ്തു. തബലിസ്റ്റ് കൂടിയായ രഘുകുമാർ എന്ന നിർമാതാവിന്റെ സഹകരണവും ഈ കാര്യത്തിൽ സഹായകമായി. അങ്ങനെയാണ് ‘ചെമ്പകത്തൈകൾ പൂത്ത മാനത്തു പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങി...’എന്ന ഗാനം പിറവിയെടുത്തത്.

പ്രശസ്ത നടനായ മധു പരിചയപ്പെട്ട കാലം മുതൽ എനിക്കു മധുച്ചേട്ടനാണ്. ഞാൻ സംവിധാനം ചെയ്ത 29 സിനിമകളിൽ പത്തു ചിത്രങ്ങളിലെ നായകനാണു മധുച്ചേട്ടൻ. സ്വന്തമായി മദ്രാസിൽ ഒരു സ്റ്റുഡിയോ തുടങ്ങാൻ പദ്ധതിയിട്ടപ്പോൾ അതിന്റെ ബിൽഡർ ആയി അദ്ദേഹം എന്നെയാണു കണ്ടെത്തിയത്. പിന്നീട് വിവിധകാരണങ്ങളാൽ അദ്ദേഹം സ്റുഡിയോ നിർമാണം തിരുവനന്തപുരത്തേക്കു മാറ്റുകയും എനിക്ക് ആ പ്രോജക്ടിൽ നിന്നു പിന്മാറേണ്ടിവരികയും ചെയ്തു. ഞാൻ തൃശൂർ സർക്കാർ എൻജിനീയറിങ് കോളജിൽ പഠിക്കുമ്പോഴാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘കടൽമുത്ത് ’ എന്ന നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത്. 11 അധ്യായങ്ങളുള്ള ഒരു ചെറിയ നോവൽ ഓരോ അധ്യായവും വായിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. വായിച്ചതിനു ശേഷം ബി ഹോസ്റ്റലിലെ മുപ്പത്തിയേഴാം നമ്പർ മുറിയിൽ അതിലെ രംഗങ്ങൾ വിഷ്വലൈസ് ചെയ്ത് ഉറക്കം വരാതെ കിടക്കും.

മരിച്ചുപോയ അമ്മ തന്റെ ഏഴും നാലും വയസ്സുള്ള കുഞ്ഞുങ്ങളുടെ മുൻപിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നു. മക്കൾ പറയുന്നത് അവരുടെ അച്ഛൻ ആദ്യം വിശ്വസിക്കുന്നില്ല. എന്നാൽ അധികം വൈകാതെ വിരഹവേദനയിൽ നീറുന്ന ഭർത്താവിന്റെ മുൻപിലും മരിച്ചുപോയ ഭാര്യ പ്രത്യക്ഷപ്പെടുന്നു. എന്നാൽ അവൾ പ്രേതമല്ല. നായകന്റെ സുഹൃത്തുക്കളോ അവരുടെ ഭാര്യമാരോ ഇത് വിശ്വസിക്കുന്നില്ല. അച്ഛനും മക്കളും പറയുന്ന അനുഭവത്തെ ഭൂരിപക്ഷം ആളുകളും തള്ളിക്കളയുന്നു. എല്ലാം വെറും തോന്നലാണെന്നും മനസ്സിന്റെ വിഭ്രമം മാത്രമാണെന്നും മനഃശാസ്ത്രജ്ഞർ തീർപ്പു കൽപ്പിക്കുന്നു. എന്നാൽ മരിച്ചവരോടു സംസാരിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നവരുണ്ട്. (അന്തരിച്ച ഭാര്യയുമായി താൻ ആശയവിനിമയം നടത്താറുണ്ടെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് മലയാളമനോരമയിൽ ഈ വിഷയത്തിൽ ഒരു ഫീച്ചർ വരികയുണ്ടായി, അതിൽ ജസ്റ്റിസ് വി. ആർ.കൃഷ്ണയ്യരും തന്റെ അനുഭവം എഴുതിയിരുന്നു).

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ഈ നോവൽ പ്രസിദ്ധീകരിക്കുമ്പോൾ എൻ.വി. കൃഷ്ണവാര്യരും എം.ടി.വാസുദേവൻ നായരും ആയിരുന്നു അതിന്റെ പത്രാധിപന്മാർ. നോവൽ രചിച്ച പ്രൊഫ.കെ.സി. പീറ്റർ കോളജ് പ്രിൻസിപ്പൽ ആയിരുന്നു. അദ്ദേഹം അതിനു മുൻപ് നോവലുകൾ എഴുതിയിട്ടില്ല. സാമ്പത്തികശാസ്ത്രം ആയിരുന്നു അദ്ദേഹത്തിന്റെ വിഷയം. ഞാൻ സിനിമാരംഗത്ത് സജീവമായതിനു ശേഷം ഒരിക്കൽ ഈ നോവലിന്റെ കാര്യം സൂചിപ്പിച്ചപ്പോൾ എം.ടി. വാസുദേവൻ നായർ പറഞ്ഞു. ‘അത് ഒറിജിനൽ വർക്ക് അല്ല. പണ്ട് ഒരു ഫ്രഞ്ച് സിനിമയിൽ വന്ന കഥയാണ്’. ശരിയായിരിക്കാം, മലയാളത്തിൽ വികാരതീവ്രതയോടെ അത് ഒരു ലഘുനോവൽ ആക്കിയത് പ്രഫ കെ.സി. പീറ്റർ ആണല്ലോ.

ഞാൻ രണ്ടുമൂന്നു സിനിമകൾ നിർമിച്ചുകഴിഞ്ഞപ്പോൾ എന്നെങ്കിലും കടൽമുത്ത് സിനിമയാക്കണമെന്നു തീരുമാനിച്ചു. അന്ന് പ്രഫ. കെ.സി.പീറ്റർ തൃപ്പൂണിത്തുറയിൽ സ്വന്തമായി ഒരു പാരലൽ കോളേജ് നടത്തുകയായിരുന്നു. ഞാൻ പോയി അദ്ദേഹത്തെ കണ്ടു. അദ്ദേഹം ആവശ്യപ്പെട്ട തുകനൽകി കടൽമുത്ത് എന്ന അദ്ദേഹത്തിന്റെ നോവൽ സിനിമയാക്കാനുള്ള അവകാശം വാങ്ങി. മമ്മൂട്ടിയോടും മോഹൻലാലിനോടും ഞാൻ ഈ കഥപറഞ്ഞു. രണ്ടുപേർക്കും കഥ ഇഷ്ടപ്പെട്ടു. രണ്ടുപേരും ആ കഥയിൽ നായകനാകാൻ തയാറായി. സ്വന്തമായി വിതരണക്കമ്പനി ഇല്ലാത്ത ഒരു നിർമാതാവിന് മലയാളസിനിമയിൽ വിജയിക്കുക പ്രയാസമാണ്.

വിതരണക്കമ്പനിയിൽ നിന്ന് അഡ്വാൻസ് വാങ്ങാതെ സിനിമ പൂർത്തിയാക്കണമെങ്കിൽ മുഴുവൻ ചെലവും നിർമ്മാതാവ് തന്നെ വഹിക്കണം. ഫിനാൻസ് മാർക്കറ്റിൽ അപ്പോഴും എനിക്കു ചെറിയ കടം വീട്ടാനുണ്ടായിരുന്നു. ഞാൻ മോഹൻലാലുമായി ഈ വിഷയം സംസാരിച്ചു. ലാൽ പറഞ്ഞു. ‘സാറിന് ആറ് മാസത്തിൽ ഞാൻ ഒരു പടം ചെയ്തുതന്നാൽ പോരേ?‘ ‘ഒരു കൊല്ലത്തിൽ രണ്ടു പടം’. ‘ധാരാളം മതി’ ഞാൻ പറഞ്ഞു. അന്നു കേരളത്തിലെ തിയറ്ററുടമകൾ, മ്മൂട്ടിയുടെയും മോഹൻലാലിന്റെയും പടങ്ങൾ മതി എന്നു പറയാൻ തുടങ്ങിയിരുന്നു.

ഞാൻ മദ്രാസിലെ അണ്ണാനഗറിൽ കെട്ടിക്കൊണ്ടിയുന്ന എന്റെ സ്വപ്നസൗധം കിട്ടിയ വിലയ്ക്കു വിറ്റു. എല്ലാ കടങ്ങളും വീട്ടി. സമാധാനമായി ഉറങ്ങി. യുവജനോത്സവം ഹിറ്റ് ആയപ്പോൾ ആറുമാസത്തിൽ തമ്പിസാറിന് ഒരു പടം എന്ന വാഗ്ദാനം മോഹൻലാൽ മറന്നു. യുവജനോത്സവം റിലീസിനോടൊപ്പം ഞാൻ വിതരണക്കമ്പനി ഓഫിസുകൾ തുറന്നുകഴിഞ്ഞു. ആ ഓഫിസുകൾ നിലനിർത്തണമെങ്കിൽ മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ കോൾഷീറ്റുകൾ വേണം. രണ്ടും എനിക്ക് ആ സമയത്ത് അപ്രാപ്യമായിക്കഴിഞ്ഞിരുന്നു.

എൺപതുകളുടെ തുടക്കത്തിൽ എന്റെ ഭവാനിരാജേശ്വരി ആർട്സ് ഗൾഫിലേക്കു മലയാളസിനിമകൾ എക്സ്പോർട് ചെയ്തിരുന്നു. ഞാൻ വിലകൊടുത്ത് ഗൾഫിലേക്ക് എക്സ്പോർട് ചെയ്യാനായി വാങ്ങിയ ചില ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിന് മുൻപുതന്നെ ആ പടങ്ങളുടെ വിഡിയോ കാസറ്റുകൾ (വിഎച്ച്എസ്) ഗൾഫിലെ എല്ലാ രാജ്യങ്ങളിലും പുറത്തിറങ്ങി. അതു വിഡിയോ പൈറസി ശക്തമായി നിലനിന്ന സമയമായിരുന്നു. അതൊരു കാരണമാക്കി ചിത്രങ്ങൾ ഇറക്കുമതി ചെയ്യുന്ന വ്യക്തി പിൻവാങ്ങി. മലയാള ചലച്ചിത്രഗാനങ്ങളുടെ ഓഡിയോ കാസറ്റുകളും മലയാളസിനിമയുടെ വിഡിയോകാസറ്റുകളും നിർമാതാക്കളുടെ അനുവാദം കൂടാതെ പുറത്തിറക്കി ലക്ഷപ്രഭുക്കളായി മാറിയ ചില ഗൾഫ് മലയാളികളുണ്ട്. വളരെ കാലം കഴിഞ്ഞാണ് ഗൾഫ് രാജ്യങ്ങളിൽ പൈറസി കർശനമായി നിരോധിക്കപ്പെട്ടത്‌. അപ്പോഴേക്കും നഷ്ടത്തിൽ മുങ്ങിനിൽക്കുന്ന മലയാള ചലച്ചിത്രനിർമാതാക്കളെ വഞ്ചിച്ചു നേടിയ പണം കൊണ്ട് അവർ പുതിയ ബിസിനസുകൾ തുടങ്ങി മാന്യന്മാരായി കഴിഞ്ഞിരുന്നു.

നാഷനൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷന്റെ (NFDC) എക്സ്പോർട് കൺസൾട്ടേറ്റിവ് കമ്മിറ്റിയിൽ ദീർഘകാലം ഞാൻ അംഗമായിരുന്നു. എൻഎഫ്ഡിസിക്കു വിതരണാവകാശമുള്ള ചില ഇംഗ്ലിഷ് പടങ്ങളുടെ കേരളത്തിലെ വിതരണാവകാശം ഞാൻ വിലയ്ക്കു വാങ്ങി, തിരുവനന്തപുരം ശ്രീകുമാർ, കോഴിക്കോട് ക്രൗൺ തുടങ്ങിയ തിയറ്ററുകളിൽ റിലീസ് ചെയ്തു. താഴെയുള്ള തിയറ്ററുകളിലേക്കു ചെന്നപ്പോൾ അവർക്കു നിലവാരമുള്ള ഇംഗ്ലിഷ് സിനിമകൾ വേണ്ട. ബിറ്റുകൾ ഉള്ള പടങ്ങൾ മതി. ഞാൻ വാങ്ങിയതെല്ലാം നിലവാരമുള്ള പടങ്ങളായിരുന്നു. അങ്ങനെ ഇംഗ്ലിഷ് ചിത്രങ്ങളുടെ വിതരണവും നഷ്ടത്തിൽ അവസാനിച്ചു. വർഷങ്ങൾക്കു ശേഷം ഒരു വിമാനയാത്രക്കിടയിൽ ഞാനും മോഹൻലാലും തമ്മിൽ കണ്ടു.

വിമാനത്തിൽ ഞാനിരുന്ന സീറ്റിന്റെ തൊട്ടടുത്ത സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. മോഹൻലാൽ ആ സീറ്റിൽ വന്നിരുന്നു. ‘സാർ എന്നെ തെറ്റിധരിക്കരുത്, ഞാൻ മനപ്പൂർവം സാറിനു ഡേറ്റ് തരാത്തതല്ല, അങ്ങനെ സംഭവിച്ചുപോയി. സാർ തയാറാണെങ്കിൽ ഞാൻ ഉടനെ കോൾഷീറ്റ് തരാം, നമുക്ക് സാർ അന്നു പറഞ്ഞ കടൽമുത്ത് എടുക്കാം. ’ ഞാൻ തികഞ്ഞ അത്ഭുതത്തോടെ ലാലിനെ നോക്കി. ഇപ്പോഴും ഞാൻ പറഞ്ഞ കടൽമുത്ത് എന്ന പേരും ആ കഥയും മോഹൻലാൽ ഓർക്കുന്നുണ്ടല്ലോ. ഞാൻ അടുത്തയാഴ്ച തന്നെ കൊല്ലൂരിൽ പോയി അവിടെയുള്ള ഹോട്ടൽ ഭാഗീരഥിയിൽ താമസിച്ച് ദിവസവും മൂന്നു പ്രാവശ്യവും സാക്ഷാൽ സരസ്വതിയായ മൂകാംബികയെ തൊഴുതു പ്രാർഥിച്ച് കടൽമുത്ത് എന്ന നോവലിന് തിരക്കഥയും സംഭാഷണവും തയാറാക്കി. മദ്രാസിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ എന്റെ ഭാര്യ രാജി പറഞ്ഞു. ‘ചേട്ടൻ വെറുതേ കടുംപിടിത്തമൊന്നും പിടിക്കരുത്. വീട്ടിലിരുന്നു ഫോൺ ചെയ്‌താൽ കോൾഷീറ്റ് തരുന്ന നസീർസാറിന്റെ കാലം കഴിഞ്ഞു. ഇപ്പോഴത്തെ താരങ്ങൾ സ്ക്രിപ്റ്റ് വായിച്ച് ഇഷ്ടപ്പെട്ടാലേ ‍ഡേറ്റ് തരൂ.

ചേട്ടൻ ലാലിനെ സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിക്കണം.’ എന്നെക്കാൾ കൃത്യം ഇരുപതുവയസ്സു കുറവുള്ള മോഹൻലാലിന്റെ മുന്നിൽ വിനീതവിധേയനായി മാറാൻ ഞാൻ തീരുമാനിച്ചു. അപ്പോൾ മോഹൻലാൽ സിബിമലയിൽ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ അഭിനയിക്കാൻ കോഴിക്കോട്ട് ഹോട്ടൽ മഹാറാണിയിൽ താമസിക്കുകയായിരുന്നു. ഞാൻ ലാലിനെ ഫോൺ ചെയ്തു. ‘ഞാൻ സ്ക്രിപ്റ്റ് എഴുതിത്തീർത്തു. മടക്കത്തിൽ ഞാൻ കോഴിക്കോട്ടു വരാം. ലാലിനെ വായിച്ചു കേൾപ്പിക്കാം’. മോഹൻലാലിന് സന്തോഷമായി. ഞാൻ സാധാരണയായി കോഴിക്കോട്ടു വന്നാൽ ഹോട്ടൽ അളകാപുരിയിലാണു താമസിക്കുക. മോഹൻലാൽ മഹാറാണിയിലാണ്. അളകാപുരിയിൽ കോട്ടേജ് ബുക്ക് ചെയ്തിട്ടാണ് ഞാൻ കൊല്ലൂരിൽ നിന്നു പുറപ്പെട്ടത്. കോട്ടേജിലെത്തിക്കഴിഞ്ഞ് ഞാൻ ലാലിന് ഫോൺ ചെയ്തു.‘ഉച്ചയ്ക്ക് ബ്രേക്ക് സമയത്തു കാണാം, സാർ ഇങ്ങോട്ടു വരണ്ട, ഞാൻ അളകാപുരിയിലേക്കുവരാം. ഉച്ചയ്ക്ക് നമുക്ക് ഒരുമിച്ച് ആഹാരം കഴിക്കാം’ ലാൽ പറഞ്ഞു.

ഞാൻ കാത്തിരുന്നു. മോഹൻലാൽ കൃത്യം ഒന്നരയ്ക്ക് കോട്ടേജിൽ വന്നു. ഞങ്ങൾ രണ്ടുപേരും ഭക്ഷണം കഴിച്ചു. ഞാൻ സ്ക്രിപ്റ്റ് വായിക്കാൻ തുടങ്ങി. ലാൽ സശ്രദ്ധം കേട്ടിരുന്നു. വായിച്ചുതീർന്നപ്പോൾ മോഹൻലാൽ അത്യാഹ്ലാദത്തോടെ പറഞ്ഞു. ‘മനോഹരമായിക്കുന്നു സാർ. ഈ സിനിമ വളരെ വലിയ ഒരു മാറ്റമായിക്കും. ഈ പടം കൊണ്ട് നമുക്ക് രണ്ടുപേർക്കും പ്രയോജനമുണ്ടാകും.’ എന്റെ മനസ്സിൽ സംതൃപ്തി നിറഞ്ഞു. നിർമാതാവെന്ന നിലയിൽ എന്റെ മുമ്പിലുണ്ടായിരുന്ന വിഘ്നങ്ങൾ അകലുകയാണ്. ബ്രേക്ക് കഴിഞ്ഞ് സമയം ഏറെയായിട്ടും ഹീറോയെ കാണാത്തതുകൊണ്ട് സിബിമലയിൽ മോഹൻലാലിനെ അന്വേഷിച്ച് അളകാപുരിയിലെ എന്റെ കോട്ടേജിൽ വന്നു. നിറഞ്ഞ ആഹ്ലാദത്തോടെ മോഹൻലാൽ സിബിയോട് പറഞ്ഞു. ‘സിബി, തമ്പിസാർ അതിമനോഹരമായ ഒരു സ്ക്രിപ്റ്റ് എഴുതി. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.’ അപ്പോൾ സിബിപറഞ്ഞു. ‘അല്ലെങ്കിലും സാറിന്റെ മോഹിനിയാട്ടവും മറ്റും വളരെ നല്ല പടങ്ങളല്ലേ’? ഷൂട്ടിങ് തീയതികൾ നിശ്ചയിച്ച് നായികയായി ഭാനുപ്രിയയെയും തീരുമാനിച്ചതിനു ശേഷം മോഹൻലാൽ സിബിമലയിലിനോടൊപ്പം ഷൂട്ടിങ് സ്ഥലത്തേക്കു പോയി.

രാത്രിയിലുള്ള മദ്രാസ് മെയിലിൽ എനിക്കു മടങ്ങണം ഞാൻ ഹോട്ടൽബില്ല് വാങ്ങി പണമടയ്ക്കാനായി ഹോട്ടലിലെ റിസപ്ഷനിൽ എത്തിയപ്പോൾ സെവൻ ആർട്സ് ഉടമസ്ഥനായ വിജയകുമാർ കൗണ്ടറിൽ നിൽക്കുന്നു. അദ്ദേഹം പറഞ്ഞു.‘ സാർ, സാറിന്റെ ഹോട്ടൽ ബില്ല് ഞാൻ അടയ്ക്കാം.’ ‘എന്തിന് ? ഞാൻ താമസിച്ചതിന്റെ ചിലവ് വിജയകുമാർ എന്തിനു വഹിക്കണം.’ അപ്പോൾ അധികാരസ്വരത്തിൽ വിജയകുമാർ പറഞ്ഞു. ‘എനിക്കാണ് ഈ പടത്തിന്റെ ഡിസ്ട്രിബ്യൂഷൻ.’ ‘അതെങ്ങനെ? ഞാൻ നിർമിക്കുന്ന പടത്തിന്റെ വിതരണം ആരു നടത്തുമെന്ന് ഞാനല്ലേ തീരുമാനിക്കേണ്ടത്. ? ’ അപ്പോൾ വീണ്ടും വിജയകുമാർ പറഞ്ഞു. ‘ജൂലിയസ് സീസർ എന്ന എന്റെ പടത്തിനായി ലാൽ മാറ്റി വച്ച കേൾഷീറ്റ് ആണ് ഇപ്പോൾ  സാറിനു തന്നിരിക്കുന്നത്. എംടിയാണ് ജൂലിയസ് സീസർ എഴുതുന്നത്. സ്ക്രിപ്റ്റ് എഴുതിത്തീർന്നില്ല’. ഞാൻ പിന്നെ വിജയകുമാറുമായി തർക്കിക്കാൻ പോയില്ല. ഹോട്ടൽബില്ല് ഞാൻ തന്നെ കൊടുത്തു. ഞാൻ മദ്രാസിലെത്തി എന്റെ ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു. അവൾ പറഞ്ഞു. ‘ഈയൊരു പടത്തിന്റെ വിതരണം മോഹൻലാൽ പറയുന്ന ആൾക്കു കൊടുക്ക്. വെറുതേ വഴക്കിനു നിൽക്കേണ്ട.’

അടുത്ത ദിവസം രാവിലെ മോഹൻലാലിന്റെ ഓഡിറ്റർ ആയി ജോലി നോക്കുന്ന സുകുമാരൻ എന്നയാൾ എന്നെ കാണാൻ വന്നു. സുകുമാരൻ പണ്ട് ഞാൻ ചന്ദ്രകാന്തം നിർമിക്കുന്ന സമയത്തു തന്നെ അക്കൗണ്ടന്റിന്റെ ജോലി തേടി എന്റെ വീട്ടിൽ വന്നിട്ടുണ്ട്. പക്ഷേ ആ സമയത്ത് എനിക്ക് തമ്പീസ് കൺസ്ട്രക്ഷൻസ് എന്ന കെട്ടിടനിർമാണക്കമ്പനിയുള്ളതുകൊണ്ട് അതിസമർഥനായ ഒരു അക്കൗണ്ടന്റ് ഉണ്ടായിരുന്നു– എം.ബി.പിഷാരടി. അദ്ദേഹം നോവലിസ്റ്റും നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന സിനിമയുടെ സംവിധായകനുമായ എൻ.എൻ.പിഷാരടിയുടെ അനന്തരവനാണ്. എം.ബി.പിഷാരടിയാണ് പി.എൻ.മേനോന്റെ സംവിധാനത്തിൽ എം.ടി. വാസുദേവൻ നായർ എഴുതിയ കുട്ട്യേടത്തി എന്ന സിനിമ നിർമിച്ചത്.

എന്റെ അക്കൗണ്ടന്റ് നിർമിച്ചതുകൊണ്ടാണ് എനിക്ക് ആ സിനിമയിൽ ഗാനങ്ങൾ എഴുതാൻ സാധിച്ചത്. സുകുമാരനും ഇപ്പോൾ എന്നോട് അധികാരസ്വരത്തിലാണ് സംസാരിക്കുന്നത്‌. ഇപ്പോൾ അദ്ദേഹം ജോലി തേടി നടക്കുന്ന അക്കൗണ്ടന്റ് അല്ലല്ലോ. മോഹൻലാലിന്റെ ഓഡിറ്റർ അല്ലേ..? സുകുമാരൻ പറഞ്ഞു. ‘തമ്പിസാർ, എനിക്ക് കടൽമുത്തിന്റെ സ്ക്രിപ്റ്റ് വേണം.’ ‘എന്തിന് ?’ ‘വായിക്കാനാണ്’ ‘ഞാൻ നിർമിക്കാൻ പോകുന്ന സിനിമയുടെ സ്ക്രിപ്റ്റ് മോഹൻലാലിന്റെ ഓഡിറ്റർ എന്തിനു വായിക്കണം? നിങ്ങൾ മോഹൻലാലിന്റെ കണക്കുകൾ നോക്കൂ. ഇൻകംടാക്സ് കുറയ്ക്കാനുള്ള വഴികൾ എന്തൊക്കെയാണെന്ന് കണ്ടുപിടിക്ക്.’ഞാൻ പറഞ്ഞു. സുകുമാരൻ പോയിക്കഴിഞ്ഞ് വിജയകുമാർ വന്നു. അദ്ദേഹം മോഹൻലാൽ നിർദേശിച്ച ഡിസ്ട്രിബ്യുട്ടർ ആണല്ലോ. അതുകൊണ്ട് സ്ക്രിപ്റ്റ് കൊടുത്തു. പിന്നെ ഞാൻ മോഹൻലാലിനെ വിളിച്ചു. ഒരു കൊച്ചുകുട്ടിയുടെ നിഷ്ക്കളങ്കതയോടെ ലാൽ പറഞ്ഞു. ‘സാർ, സ്ക്രിപ്റ്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പക്ഷേ പടം ഓടത്തില്ലെന്നു പ്രിയദർശനും മറ്റും പറയുന്നു. പടം ഓടിയില്ലെങ്കിൽ സാർ വിഷമത്തിലാവില്ലേ...?’

മോഹൻലാൽ ആറുമാസം കൂടുമ്പോൾ ഒരു സിനിമയ്ക്കു കോൾഷീറ്റ് തരും എന്ന് എന്നോടു പറഞ്ഞു, ആ വാക്കു വിശ്വസിച്ചാണ് ഞാൻ എന്റെ വീടു വിറ്റത് എന്നു ഞാൻ പറഞ്ഞില്ല. മോഹൻലാൽ അതിൽ കുറ്റക്കാരനല്ല. മോഹൻലാലിനെ വിശ്വസിച്ച് വിഡ്ഢിയെപ്പോലെ അവിവേകം കാണിച്ച ഞാൻ തന്നെയാണു കുറ്റക്കാരൻ. പിന്നീട് പലവട്ടം ഞാൻ ഫോൺ ചെയ്തിട്ടും ലാൽ എടുത്തില്ല. പക്ഷേ എനിക്കു ലാലിനെ കണ്ടേ മതിയാകൂ. ഐ.വി. ശശി അദ്ദേഹത്തിന്റെ വീടിന്റെ തൊട്ടടുത്തുള്ള വീടും വിലയ്ക്ക് വാങ്ങിയ സമയം. അത് ഇപ്പോൾ ഓഫിസാണ്. മോഹൻലാൽ അവിടെയുണ്ടെന്നറിഞ്ഞ് ഞാൻ നേരേ അങ്ങോട്ടു പോയി.

ലാലിനെ കണ്ടു. അദ്ദേഹത്തിന്റെ മുഖം വിവർണമായിരുന്നു.‘ എന്താ ലാലേ സംഭവിക്കുന്നത് ? സ്ക്രിപ്റ്റ് വളരെ ഇഷ്ടപ്പെട്ടു എന്നല്ലേ ലാൽ എന്നോട് പറഞ്ഞത് ?’ അപ്പോൾ മോഹൻലാൽ പറഞ്ഞു. ‘എനിക്ക് ഇഷ്ടപ്പെട്ടാൽ മാത്രം പോരല്ലോ സാർ. ഈ സബ്ജക്ട് തൽക്കാലം മാറ്റി വയ്ക്കാം. സാർ യുവജനോത്സവം പോലെ പെട്ടെന്ന് വേറൊരു സ്ക്രിപ്റ്റ് എഴുതൂ. കോൾഷീറ്റിനൊന്നും ഒരു മാറ്റവുമില്ല.’ ഞാൻ എഴുന്നേറ്റു. ‘ലാലേ, യുവജനോത്സവം എനിക്ക് ഒരിക്കലേ എടുക്കാൻ പറ്റൂ. ഇനി നമുക്ക് ഒരുമിച്ചൊരു സിനിമ ചെയ്യാൻ വിധിയില്ല എന്നു സമാധാനിക്കാം.’ അങ്ങനെ ഞാൻ മോഹൻലാലിനോട് യാത്ര പറഞ്ഞു. പിന്നീട് ഒരിക്കലും ഞങ്ങൾ തമ്മിൽ കോൾഷീറ്റിന്റെ കാര്യം സംസാരിച്ചിട്ടില്ല. ജയറാമിനെയും മുകേഷിനെയും നായകന്മാരാക്കിയും നായകന്മാരെക്കാൾ പ്രാധാന്യം സ്വഭാവനടന്മാരായ തിലകനും നരേന്ദ്രപ്രസാദിനും നൽകിയും ഞാൻ ‘ബന്ധുക്കൾ ശത്രുക്കൾ ’ എന്ന ചിത്രം നിർമിച്ചു. അതു വിജയിച്ചു. 

കടൽമുത്ത് എന്ന എന്റെ സ്വപ്നം ഇതുവരെയും സഫലമായില്ല. ‘കാണുന്ന സ്വപ്‌നങ്ങൾ എല്ലാം ഫലിച്ചാൽ കാലത്തിൻ കൽപ്പനയ്‌ക്കെന്തു മൂല്യം...? ’

അവസാനിക്കുന്നു

English Summary: Karuppum Veluppum Mayavarnangalum

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}