ADVERTISEMENT

1974ലാണ് സംഭവം. ഞാൻ അജ്മാൻ നാഷനൽ സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്യുന്നു. അജ്മാനിലെ നയാസനായി എന്ന സ്ഥലത്തുനിന്നു പുഴ കടന്നുവേണം ഫാക്ടറിയിലെത്താൻ. എനിക്കു സാധാരണ നൈറ്റ് ഷിഫ്റ്റാണ്.

കനത്ത മഴ, പുഴ കരകവിഞ്ഞൊഴുകുന്നു. മഴ കാരണം അക്കരയ്ക്കു പോകാനുള്ള ബോട്ടുകളൊന്നും കടവിലില്ല. ഒരാൾ കൊതുമ്പുപോലെയുള്ള ഒരു തോണിയുമായി യാത്രക്കാരെ കാത്തിരിക്കുന്നു. ഞാൻ കൂടാതെ വേറെയും രണ്ടുപേർ. ഭയത്തോടെ തോണിയിൽ കയറി. വെള്ളത്തിന്റെ വലിവു കാരണം തോണി വളരെ പ്രയാസപ്പെട്ടാണു മുന്നോട്ടു പോകുന്നത്. അതോടൊപ്പം ശക്തമായ കാറ്റും. നടുപുഴയിലെത്തിയ തോണി ഉലഞ്ഞാടിത്തുടങ്ങി. ഞങ്ങൾ ഭയന്നു വിറച്ചു.

ഇടിമിന്നലോടു കൂടിയ കാറ്റ് കൂടുതൽ ശക്തിയായി. തുഴക്കാരനു നിയന്ത്രണം വിടുന്നു. പെട്ടെന്നു തോണി ചെരിഞ്ഞു കമഴ്ന്നു... ഞാൻ വെള്ളത്തിൽ താഴുകയാണ്. വെള്ളം കുടിക്കുന്നുമുണ്ട്. ‘‘പടച്ചറബ്ബേ രക്ഷിക്കണേ’’ മനസ്സിൽ ഈ പ്രാർഥന മാത്രം. ഏതോ കടൽജീവി വിഴുങ്ങുകയാണെന്നു തോന്നി.

കണ്ണു തുറന്നപ്പോൾ ഒരു വീട്ടിൽ ഞാൻ കിടക്കുകയാണ്. സമീപത്തായി ഒരറബിയും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും. പുറത്തടിച്ചും മറ്റും ഞാൻ കുടിച്ച വെള്ളമത്രയും പുറത്തു കളയുകയാണവർ. ഒന്നും മനസ്സിലാകാതെ ഞാൻ ദയനീയമായി അവരുടെ മുഖത്തേക്കു നോക്കി. പുഴയിൽ മുങ്ങിത്താഴുന്ന എന്നെ രക്ഷപ്പെടുത്തിയത് കരയിൽ മൽസ്യം പിടിക്കുകയായിരുന്ന അദ്ദേഹമാണെന്നു മനസ്സിലായി.

ഞാൻ പതുക്കെ എഴുന്നേറ്റു പുറപ്പെടാൻ തുനിഞ്ഞപ്പോൾ അവർ സമ്മതിച്ചില്ല. അവരുടെ സ്നേഹമസൃണവും ശ്രദ്ധാപൂർവവുമായ ശുശ്രൂഷയിൽ ഒരുദിവസം ഞാൻ ആ വീട്ടിൽ താമസിച്ചു. പിറ്റേദിവസം അദ്ദേഹം സ്വന്തം വാഹനത്തിൽ ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ കൊണ്ടുപോയി മാനേജരോടു കാര്യങ്ങളെല്ലാം വിശദീകരിച്ചു പറഞ്ഞു. അദ്ദേഹം തന്ന പുതിയ ഉടുപ്പ് ധരിച്ചാണ് ഞാൻ അന്നു കമ്പനിയിൽ പോയത്.

തിരിച്ചു പോകുമ്പോൾ അദ്ദേഹം എന്നെ ആശ്ലേഷിച്ചു പറഞ്ഞു: ‘വല്ല ആവശ്യവും ഉണ്ടെങ്കിൽ വരണം. അജ്മാൻ നയാസനായിൽ വന്ന് അബ്ദുല്ല സാലിം എന്നു പറഞ്ഞാൽ മതി.’

ഞാൻ കരയുകയായിരുന്നു. എന്നെ മരണത്തിന്റെ കരങ്ങളിൽനിന്നു മോചിപ്പിച്ച അദ്ദേഹത്തെ ഞാൻ പലതവണ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. അജ്മാനിൽ പോകുമ്പോഴെല്ലാം അദ്ദേഹത്തെ അന്വേഷിക്കും. കണ്ടെത്തുമെന്ന പ്രതീക്ഷയോടെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ആ സ്നേഹനിധിയുടെ ചിത്രം മനസ്സിലേറ്റിക്കൊണ്ട്. 

English Summary: Marakkillorikalum- Sunday special story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com