ADVERTISEMENT

ഇന്ത്യ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ പടക്കപ്പൽ കൊച്ചിയിൽ പൂർത്തിയായി. വിമാനവാഹിനി നിർമിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാലയെന്ന നേട്ടത്തിൽ കൊച്ചിയുടെ സ്വന്തം ഷിപ്‌യാഡും. 

ബിൽഡിങ് ദ് നേഷൻസ് ഡ്രീം ഹിയർ...’ കൊച്ചിൻ ഷിപ്‌യാഡിലെ നാവികസേനയുടെ വാർഷിപ് ഓവർസീയിങ് ടീമിന്റെ ഓഫിസിനു മുന്നിലെ ബോർഡിൽ ഈ വാക്കുകളുണ്ട്. അതെ, ആറു പതിറ്റാണ്ടു മുൻപു രാജ്യം കണ്ടൊരു കനവിന്റെ നിർമാണത്തിലായിരുന്നു കൊച്ചിൻ ഷിപ്‌യാഡും നാവികസേനയും.  ഇന്ന് അതു യാഥാർഥ്യമായിരിക്കുന്നു. ഷിപ്‌യാഡിനോടു ചേർന്ന് ഓളപ്പരപ്പിൽ അറബിക്കടലിന്റെ റാണിക്ക് അലങ്കാരമായി തലയെടുപ്പോടെ നങ്കൂരമിട്ടു കിടക്കുന്ന ആ സ്വപ്നത്തിന്റെ പേര്, ഐഎൻഎസ് വിക്രാന്ത്. രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി. ഇന്ത്യ ഇന്നോളം നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പടക്കപ്പൽ. വിക്രാന്ത വീര്യം ഭാരതത്തിന്റെ സമുദ്രാതിർത്തികൾക്കു കവചമാകാൻ, ഇന്ത്യൻ നാവികക്കരുത്തിന്റെ വിളംബരമാകാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം. ഷിപ്‌യാഡിൽ നിർമാണം പൂർത്തിയായ വിക്രാന്ത് കഴിഞ്ഞ ദിവസം നാവികസേനയ്ക്കു കൈമാറിക്കഴിഞ്ഞു. ഓഗസ്റ്റിൽ രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തിനു തൊട്ടുള്ള ഏതെങ്കിലും ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിക്കുന്നതോടെ നാവികസേനയുടെ രേഖകളിൽ ഐഎസി–1(ഇൻ‍ഡിജ്നസ് എയർ ക്രാഫ്റ്റ് കാരിയർ–1) എന്നറിയപ്പെട്ടിരുന്ന വിമാനവാഹിനി ഔദ്യോഗികമായി ഐഎൻഎസ് വിക്രാന്ത് ആകും. ഇതോടെ തദ്ദേശീയമായി വിമാന വാഹിനി രൂപകൽപന ചെയ്തു നിർമിക്കാൻ ശേഷിയുള്ള, ലോകത്തെ ആറാമത്തെ രാജ്യം എന്ന അഭിമാന നേട്ടത്തിലേക്ക് ഇന്ത്യയെത്തും. വിമാനവാഹിനി നിർമിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാലയെന്ന നേട്ടത്തിലേക്കു കൊച്ചിയുടെ സ്വന്തം ഷിപ്‌യാഡും. 

നിർമാണം പൂർത്തിയായ ശേഷം വിക്രാന്തിനുള്ളിൽ പ്രവേശിക്കാനും സുപ്രധാന വിവരങ്ങളും ചിത്രങ്ങളും വായനക്കാർക്കെത്തിക്കാനും നാവികസേനയുടെ പ്രത്യേക അനുമതി ലഭിച്ച രാജ്യത്തെ ആദ്യ മാധ്യമമാണു മലയാള മനോരമ. ഐഎൻഎസ് വിക്രാന്തിനുള്ളിലെത്തിയ മനോരമ സംഘം കണ്ട വിസ്മയങ്ങളിലേക്ക്.     

തിരക്കേറിയ ‘നഗരം’

‘ഉള്ളിൽ നല്ല തിരക്കാണ്’, കടുത്ത സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി വിക്രാന്തിലേക്കുള്ള ഉരുക്കു പടവുകൾ കയറുമ്പോൾ ഡിഫൻസ് പിആർഒ കമാൻഡർ അതുൽ പിള്ളയുടെ വാക്കുകൾ. വിമാനവാഹിനിക്കുള്ളിൽ അവസാനവട്ട മിനുക്കുപണികൾ തകൃതിയായി നടക്കുന്നു. ഒരേ സമയം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത് ഏതാണ്ടു രണ്ടായിരത്തോളം പേർ. കപ്പലിലെ ഇടുങ്ങിയ വഴികളിലൂടെ തൊഴിലാളികളുടെ നിലയ്ക്കാത്ത ഒഴുക്ക്. 24 മണിക്കൂറിൽ പതിനയ്യായിരത്തോളം പാദപതനങ്ങൾ(ഫുട്ഫാൾസ്) വിമാനവാഹിനിക്കുള്ളിൽ ഉണ്ടാകുന്നുവെന്ന് നാവികസേനയുടെ ഏകദേശ കണക്ക്. വിവിധ ഡെക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ പിരിയൻ ഗോവണികൾ ഉപയോഗിക്കണമെങ്കിൽ അൽപനേരം കാത്തുനിന്നേ മതിയാകൂ. ഗോവണികളുടെ കൈവരിയിൽ തൊടരുത്, പെയിന്റ് പുരളുമെന്നു തൊഴിലാളികളുടെ മുന്നറിയിപ്പ്. പെയിന്റിങ്, ഫ്ലോറിങ് ജോലികൾ ശരവേഗത്തിൽ പൂർത്തിയാകുകയാണ്. കേബിൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയുടെയും മുൻപു പൂർത്തിയായ ജോലികളുടെയും പരിശോധനയും ചെറിയ അറ്റകുറ്റപ്പണികളും സജീവം. വിവിധ ഷിഫ്റ്റുകളിലായി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണു ജോലി. ജനത്തിരക്കിന്റെയും യന്ത്രങ്ങളുടെയും ഇരമ്പമുള്ള, രാവിലും ഉറങ്ങാത്ത നഗരം, അക്ഷരാർഥത്തിൽ അതാണിപ്പോൾ ഐഎൻഎസ് വിക്രാന്ത്.

വെളിച്ചമേകാം, ചെറു പട്ടണത്തിന്

സ്വിച്ച് ബോർഡ് റൂമിലേക്കു കടക്കുമ്പോൾ വിമാനവാഹിനിയിലെ മെയിൻ ബ്രോഡ്കാസ്റ്റിങ് സിസ്റ്റത്തിലൂടെ നാവിക ഉദ്യോഗസ്ഥർക്കുള്ള അറിയിപ്പുകൾ മുഴങ്ങുന്നു. യാത്രാവേളകളിലും നങ്കൂരമിട്ടിരിക്കുമ്പോഴും ക്യാപ്റ്റനും മറ്റു പ്രധാന ഉദ്യോഗസ്ഥർക്കും കപ്പലിലെ നാവികർക്കു നിർദേശങ്ങൾ കൈമാറാനുള്ള അനൗൺസ്മെന്റ് സംവിധാനമാണിതെന്നു സ്വിച്ച് ബോർഡിന്റെ ചുമതലയുള്ള ലഫ്റ്റനന്റ് കമാൻഡർ റോബിൻ കുമാർ സിങ് സൂചിപ്പിച്ചു. കപ്പലിന്റെ ഇലക്ട്രിക് പവർ സ്റ്റേഷൻ എന്നു വിശേഷിപ്പിക്കാം സ്വിച്ച് ബോർഡ് റൂമിനെ. ഇത്തരത്തിൽ നാല് സ്വിച്ച് ബോർഡുകളുണ്ടു കപ്പലിൽ. തദ്ദേശീയ രൂപകൽപനയും നിർമാണവും എൽ ആൻഡ് ടിയുടേത്. 3 മെഗാവാട്ടിന്റെ 8 ഡീസൽ ജനറേറ്ററുകളാണു വൈദ്യുതോൽപാദനത്തിനായി ഉപയോഗിക്കുന്നത്. പ്രതിദിന ഉത്പാദനം 24 മെഗാവാട്ട് വൈദ്യുതി. അതായത്, ചെറിയൊരു പട്ടണത്തിനു പ്രതിദിന ഉപയോഗത്തിനു വേണ്ടതിലേറെ വൈദ്യുതി. കപ്പലിലെ വൈദ്യുതോപയോഗം കുറയ്ക്കാൻ എൽഇഡി ലൈറ്റുകൾ മാത്രമാണ് ഉപയോഗിക്കുന്നത്. കപ്പലിനുള്ളിൽ ഉപയോഗിച്ചിട്ടുള്ള ഇലക്ട്രിക് കേബിളുകളുടെ നീളം 3000 കിലോമീറ്ററോളം വരും. ഏതാണ്ട് കൊച്ചിയിൽ നിന്നു ന്യൂഡൽഹി വരെയുള്ള ദൈർഘ്യത്തിനു തുല്യം.  

എസ്‌സിസി, കപ്പലിന്റെ തലച്ചോറ്

കപ്പലുകളെ കടലിലൂടെ സുഗമമായി മുന്നോട്ടു നയിക്കുകയാണു എസ്‌സിസി അഥവാ ഷിപ്സ് കൺട്രോൾ സെന്ററിന്റെ കർത്തവ്യം. ഫോർവേഡ് ത്രോട്ടിൽ കൺട്രോൾ റൂം എന്നും ഇതിനെ അറിയപ്പെടുന്നു. കപ്പലിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന യന്ത്രങ്ങളുടെയെല്ലാം പ്രവർത്തനം ഏകോപിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും ഇവിടെ നിന്നാണ്. യാത്രാവേളകളിൽ കപ്പലിൽ ഉണ്ടാകുന്ന രണ്ടായിരത്തോളം വരുന്ന ക്രൂ,  പ്രധാന എൻജിൻ, പവർ ജനറേറ്റർ, എസി, ശുദ്ധജല ഉത്പാദന സംവിധാനം, അഗ്നിശമന സംവിധാനങ്ങൾ, ഡാമേജ് കൺട്രോൾ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ 40 മെഗാടൺ കേവുഭാരമുള്ള കപ്പലിനെ നിയന്ത്രിക്കാൻ തദ്ദേശ നിർമിത കേന്ദ്രീകൃത നിയന്ത്രണ സംവിധാനമാണു(ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റം) കപ്പലിനുള്ളത്. പൊതുമേഖലാ സ്ഥാപനമായ ഭെൽ തയാറാക്കിയ സോഫ്റ്റ്‌വെയറാണ് ഇതിന്റെ നട്ടെല്ല്. അത്യന്തം സങ്കീർണമാണു ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റം. ഇതിലെ വിവിധ യന്ത്രസംവിധാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കൽ കേബിളുകളെ കൂട്ടിയിണക്കിയാൽ ഭൂമധ്യരേഖയിലൂടെ ഭൂഗോളത്തെ വളഞ്ഞുചുറ്റാം. 120 ഫോർമുല വൺ കാറുകളുടെ ശക്തിയാണു കപ്പലിന്റെ പ്രധാന എൻജിനുകൾക്കുള്ളത്. 40,000 ലീറ്റർ ശുദ്ധജലം പ്രതിദിനം ഉത്പാദിപ്പിക്കാനുള്ള ശേഷി ജലശുദ്ധീകരണ സംവിധാനത്തിനുണ്ട്.

ആക്രമണത്തിന്റെ നാഡീ കേന്ദ്രം

അരണ്ട നീല വെളിച്ചമാണു വിക്രാന്തിന്റെ ഓപ്സ് റൂമിൽ. ഉള്ളിലേക്കു കടക്കുമ്പോൾ ചുമതലയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു, ‘ഫൊട്ടോഗ്രഫിക്കു വിലക്കുണ്ട്. മുറിയിലെ ചില ഉപകരണങ്ങളും ചില ഭാഗങ്ങളും പകർത്തരുത്.’ യുദ്ധവേളകളിൽ കപ്പലിന്റെ തന്ത്രപ്രധാന നാഡീകേന്ദ്രമാണ് ഓപ്പറേഷൻസ് റൂം. കപ്പലിനു ചുറ്റും സ്ഥാപിച്ചിട്ടുള്ള അത്യാധുനിക സെൻസറുകളും ഇതുമായി ബന്ധിപ്പിച്ചിട്ടുള്ള നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഉപകരണങ്ങളുമാണ് ഓപ്സ് റൂമിന്റെ കണ്ണും കാതും. പുറം കാഴ്ച സാധ്യമല്ലെങ്കിലും വിമാനവാഹിനിയെ ലക്ഷ്യമിട്ടുള്ള ഏതൊരു ആക്രമണവും ഇവിടെയിരുന്നാൽ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താം. ഞൊടിയിടയിൽ അവയെ എതിർത്തു നിർവീര്യമാക്കാനുള്ള ആയുധപ്രയോഗം നടത്താനുമാവും. ബാഹ്യമായ ആക്രമണങ്ങൾ പെട്ടെന്ന് എത്തിപ്പെടാത്ത വിധം സുരക്ഷിതമായ ഭാഗം കൂടിയാണിത്. തന്ത്രപ്രധാനമായ തീരുമാനങ്ങൾ എല്ലാം ഇവിടെ നിന്നാണുണ്ടാവുകയെന്നതിനാൽ കപ്പലിന്റെ ക്യാപ്റ്റൻ കൂടിയായ കമാൻഡിങ് ഓഫിസർ യുദ്ധസമയത്ത് ഇവിടെയാണുണ്ടാവുക. വിവിധ യുദ്ധമുറകളിൽ പ്രാഗൽഭ്യമുള്ള സ്പെഷലിസ്റ്റ് ഓഫിസർമാരും അദ്ദേഹത്തിനു വേണ്ട സഹായങ്ങളുമായി ഒപ്പമുണ്ടാകും.

രുചികളുടെ ഗാലി 

‘ആൻ ആർമി മാർച്ചസ് ഓൺ ഇറ്റ്സ് സ്റ്റൊമക്’.. നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഈ വാക്കുകളുടെ അർഥമറിഞ്ഞുള്ള അടുക്കളയാണു വിക്രാന്തിലേത്. ഗാലി അല്ലെങ്കിൽ കുക് ഹൗസ് എന്നറിയപ്പെടുന്ന അടുക്കളയിൽ പാചകം ചെയ്യാനാകാത്തതൊന്നുമില്ല. രാവിലെ 3ന് അടുക്കള ഉണരും. പിന്നെ 20 മണിക്കൂറോളം തുടർച്ചയായ പ്രവർത്തനം. ആരോഗ്യകരവും രുചികരവുമായ ഭക്ഷണം എല്ലായ്പോഴും എന്നതാണു നയം. രാജ്യത്തെ ഏതു സംസ്ഥാനത്തെയും വിദേശരാജ്യങ്ങളിലെയും പ്രധാന വിഭവങ്ങളെല്ലാം ഉണ്ടാക്കാൻ പ്രാഗൽഭ്യമുള്ള ഷെഫുമാരാണ് വിക്രാന്തിലുള്ളത്. പൂർണമായും യന്ത്രവൽകൃതമാണ് അടുക്കള. ഓട്ടമേറ്റഡ് ചപ്പാത്തി മേക്കറിൽ ഒരു നേരത്തെ ഭക്ഷണത്തിനായി 6000 ചപ്പാത്തികൾ നിർമിക്കാം. 50 കിലോഗ്രാം മാവ് കുഴച്ചെടുത്തു മുറിച്ചു കഷണങ്ങളാക്കാൻ മിനിറ്റുകൾ മതി. 400 കിലോഗ്രാമോളം പച്ചക്കറികളോ അരിയോ പരിപ്പോ വലിയ ബോയിലറുകളിൽ ഒരു നേരം വേവിച്ചെടുക്കാം. പച്ചക്കറികൾ അരിയുന്നതും പാത്രം കഴുകുന്നതുമുൾപ്പെടെ യന്ത്രസഹായത്താലാണ്. കോംബി സ്റ്റീമറുകൾ, ദോശ മേക്കിങ് മെഷിൻ, അവ്ൻ എന്നിവയുമുണ്ട്. ദോശയും ചമ്മന്തിയും മുതൽ ബ്രെഡ്, കുക്കീസ്, കേക്ക് ഉൾപ്പെടെയുള്ള ബേക്കറി പലഹാരങ്ങളും ഫ്രഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കൻ വരെയുള്ള വിഭവങ്ങളും ഞൊടിയിടയിൽ തയാറാക്കാൻ തങ്ങൾക്കു കഴിയുമെന്നു ജൂനിയർ സെയിലേഴ്സ് ഗാലിയുടെ ചുമതലക്കാരനായ ഗോവിന്ദ് കുമാർ ഝാ വിശദീകരിച്ചു. 

vikrant-hanger-sreekumar-pic
വിക്രാന്തിന്റെ ഹാംഗർ ചിത്രം: ഇ.വി .ശ്രീകുമാർ∙മനോരമ

വിമാനങ്ങളുടെ വർക്‌ഷോപ്

ഹാംഗറിലേക്കു കടക്കുമ്പോൾ ആദ്യം കണ്ണിൽ പതിഞ്ഞത് ഒരു കാമോവ് കെഎ 31 ഹെലികോപ്റ്ററും മിഗ് 29 കെ യുദ്ധവിമാനവും. വിമാനങ്ങൾ കപ്പലിലേക്കു പറന്നിറങ്ങാനുള്ള സംവിധാനം പ്രവർത്തനക്ഷമമാകാത്തതിനാൽ മറ്റു രീതിയിൽ എത്തിച്ച ശേഷം ക്രെയിൻ ഉപയോഗിച്ച് ഉള്ളിലെത്തിച്ചതാണ്.  ഭാരപരിശോധനയും മറ്റുമാണു ലക്ഷ്യം. വിമാനവാഹിനിയിലെത്തുന്ന യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും സൂക്ഷിക്കാനും അറ്റകുറ്റപ്പണികൾക്കുമുള്ള സൗകര്യം ഹാംഗറിലാണ്. ഹാംഗറിനെ ഫയർ ബാരിയർ കർട്ടൺ ഉപയോഗിച്ചു രണ്ടായി തിരിച്ചിരിക്കുന്നു. ഒരു ഭാഗത്തു തീപിടിത്തമുണ്ടായാൽ മറ്റേ ഭാഗത്തുള്ള വിമാനങ്ങളിലേക്കു തീ പടരുന്നില്ല എന്നുറപ്പാക്കാനുള്ള സംവിധാനം. വിമാനങ്ങൾ ഉപയോഗിക്കുന്ന ഏവിയേഷൻ കാറ്റഗറി ഇന്ധനത്തിനു പെട്ടെന്നു തീ പിടിക്കും എന്നതാണ് ഈ മുൻകരുതലിനു പിന്നിൽ. ഫ്ലൈറ്റ് ഡെക്കിൽ ഇറങ്ങുന്ന വിമാനങ്ങൾ 2 വലിയ പ്ലാറ്റ്ഫോം ലിഫ്റ്റുകൾ ഉപയോഗിച്ചാണു ഹാംഗറിലേക്കെത്തിക്കുക. ഹാംഗറിൽ റോൾസ് റോയ്സിന്റെ സാങ്കേതിക വിദ്യയിൽ സ്ഥാപിച്ച 360 ഡിഗ്രി തിരിക്കാനാകുന്ന ടേൺ ടേബിൾ എന്ന സംവിധാനം ഉപയോഗിച്ചു വിമാനങ്ങൾ ഏതു ദിശയിലേക്കും അനായാസം തിരിക്കാനും യന്ത്രസഹായത്തോടെ വലിച്ചു കൊണ്ടു പോയി പാർക്ക് ചെയ്യാനും കഴിയും.  118 മീറ്റർ നീളമാണ് ഹാംഗറിന്. അതായതു 2 ഒളിംപിക് സ്വിമ്മിങ് പൂളുകളുടെ വലുപ്പം. 34 എയർക്രാഫ്റ്റുകൾ നിർത്തിയിടാനുള്ള സൗകര്യം ഹാംഗറിലുണ്ട്.

കടലിലെ സൂപ്പർ സ്പെഷൽറ്റി ആശുപത്രി

ചെറിയൊരു സൂപ്പർ സ്പെഷൽറ്റി ആശുപത്രിയാണു വിക്രാന്തിന്റെ മെഡിക്കൽ കോംപ്ലക്സ്. സിടി സ്കാൻ സൗകര്യമുള്ള, രാജ്യത്തിന്റെ ആദ്യ നാവികക്കപ്പലാണു വിക്രാന്ത്. മെഡിക്കൽ ജനറൽ വാർഡ്, ഐസൊലേഷൻ വാർഡ്, ഫീമെയിൽ വാർഡ്, കാഷ്വൽറ്റി, ഐസിയു, മോർച്ചറി എന്നിവയെല്ലാമുണ്ട് കോംപ്ലക്സിൽ. അടിയന്തര ജീവൻ രക്ഷാ ഉപകരണങ്ങളും രണ്ടു വെന്റിലേറ്ററുകളുമുൾപ്പെടെ സുസജ്ജമാണ് ഐസിയു. മെഡിക്കൽ ലാബ്, എക്സ്റേ, അൾട്രാ സൗണ്ട് സ്കാൻ എന്നിവയുമുണ്ട്. ദന്തരോഗത്തിനായി പ്രത്യേക വിഭാഗവും പ്രവർത്തിക്കുന്നു. 

വിശാല കാഴ്ചകളുടെ ക്യാപ്റ്റൻസ് ബ്രിഡ്ജ്

കപ്പലിന്റെ പ്രധാന കൺട്രോൾ സെന്ററായ ബ്രിഡ്ജിലേക്കു കടന്നപ്പോൾ സ്വീകരിച്ചത് വിക്രാന്തിന്റെ ക്യാപ്റ്റനും കമാൻഡിങ് ഓഫിസറുമായ കമ്മഡോർ വിദ്യാധർ ഹാർകെ. ‘വെൽകം ഓൺ ബോർഡ് ജെന്റിൽമെൻ’ എന്നു പരമ്പരാഗത ശൈലിയിലുള്ള സ്വാഗതത്തിൽ സംസാരത്തിനു തുടക്കം. സമുദ്രപരീക്ഷണങ്ങളുടെ വിജയത്തിലുള്ള സംതൃപ്തിയും നിർമാണം പൂർത്തീകരിക്കപ്പെടുന്നതിന്റെ ആഹ്ലാദവും ഹാർകെയുടെ വാക്കുകളിൽ. കപ്പലിനു പുറത്തേക്കു 180 ഡിഗ്രിയിൽ കാഴ്ച ലഭിക്കുന്ന വിശാലമായ ബ്രിഡ്ജ് ആണ് വിക്രാന്തിന്റേത്. കപ്പലിന്റെ യാത്രാപഥവും(കോഴ്സ്) ദിശയും നിർണയിക്കുന്നതും കപ്പലിനെ നിയന്ത്രിച്ചു മുന്നോട്ടു കൊണ്ടു പോകുന്നതും ബ്രിഡ്ജിൽ നിന്നാണ്. കമാൻഡിങ് ഓഫിസർ, എക്സിക്യൂട്ടിവ് ഓഫിസർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇവിടെയാണുണ്ടാവുക. റഡറുകൾ, കടലിലെ യാത്രപഥം നിർണയിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ചാർട് ഡിസ്പ്ലേ ആൻഡ് ഇൻഫർമേഷൻ സിസ്റ്റം(ഇക്ഡിസ്), ഗതിനിർണയത്തിനുള്ള ജിറോ കോംപസ് ഘടിപ്പിച്ചിട്ടുള്ള സെന്റർ പെലോറസ് എന്നിവയുടെ സഹായത്തോടെയാണു കപ്പൽ നിയന്ത്രിക്കുക. ഈ ഉപകരണങ്ങളിൽ നിന്നുള്ള സുപ്രധാന വിവരങ്ങളെല്ലാം ക്യാപ്റ്റന്റെ സീറ്റിനോടു ചേർന്നു ഘടിപ്പിച്ചിട്ടുള്ള മോണിറ്ററിലും തെളിയും. ബ്രിഡ്ജിന്റെ ഇടതുവശത്തായാണു കപ്പലിലേക്കുള്ള ആകാശയാനങ്ങളുടെ ഇറക്കവും കയറ്റവും അവയുടെ യാത്രയും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന ഫ്ലെയിങ് കൺട്രോൾ പൊസിഷൻ അഥവാ ഫ്ലൈകോ. കപ്പലിനു 10 നോട്ടിക്കൽ മൈൽ ചുറ്റളവിൽ ആകാശത്തുള്ള എല്ലാ യുദ്ധവിമാനങ്ങളുടെയും നിയന്ത്രണം ഫ്ലൈകോയ്ക്കാണ്. പറക്കലിന് അനുയോജ്യമായ കാലാവസ്ഥയാണോ എന്നതുൾപ്പെടെ അറിയാൻ ഓട്ടമേറ്റഡ് വെതർ ഒബ്സർവേഷൻ സിസ്റ്റവുമുണ്ട്. ക്യാപ്റ്റൻ എയർ അഥവാ വിങ്സ് എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് ഇവിടെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. ഫ്ലൈകോയ്ക്കു സമാന്തരമായി രണ്ടു ഡെക്ക് താഴെയാണു ഫ്ലൈറ്റ് ഡെക്ക്. ഫ്ലൈകോയിലെ ഓഫിസർമാർക്കു ഫ്ലൈറ്റ് ഡെക്കിലെ റൺവേകളുടെയും റൺവേയിലേക്കു പറന്നെത്തുന്ന വിമാനങ്ങളുടെയും മറയില്ലാത്ത കാഴ്ച ലഭിക്കും. വിമാനങ്ങളുടെ ഗതിവിഗതികൾ നിയന്ത്രിക്കാനുള്ള അത്യാധുനിക നാവിഗേഷൻ ഉപകരണങ്ങളെല്ലാം ഫ്ലൈകോയിലുണ്ട്.

വിസ്മയങ്ങളുടെ ഫ്ലൈറ്റ് ഡെക്ക്       

യുദ്ധ വിമാനങ്ങൾക്ക് ടേക്ക് ഓഫ് വേളയിൽ 14 ഡിഗ്രിയിൽ സ്കീ ജംപിനുതകുന്ന നീണ്ടു വളഞ്ഞ മൂക്കാണു വിക്രാന്തിന്റെ ഫ്ലൈറ്റ് ഡെക്കിന്റെ പ്രധാന ആകർഷണം. പറന്നുയരാൻ വിമാനങ്ങൾക്ക് ആവശ്യമായ വായുമർദം വളരെ പെട്ടെന്നു ലഭിക്കാനാണ് ഇത്തരത്തിലുള്ള നിർമാണം. ഡെക്കിൽ മൂന്നു റൺവേകളാണുള്ളത്.  പറന്നുയരാൻ ഫ്ലൈറ്റ് ഡെക്കിൽ 203 മീറ്ററിന്റെയും 141 മീറ്ററിന്റെയും രണ്ടു റൺവേകൾ. ഇറങ്ങുന്നതിന് 190 മീറ്ററിന്റെ മൂന്നാമത്തെ റൺവേ. റെസ്ട്രെയിനിങ് ഗിയർ എന്ന യന്ത്രത്തടകളുടെ സഹായത്തോടെയാണു ടേക്ക് ഓഫ്. പൂർണശക്തിയും വേഗവും ആർജിക്കും വരെ റൺവേയിൽ തന്നെ വിമാനങ്ങളെ പിടിച്ചു നിർത്താനും പൊടുന്നനെ തുറന്നുവിടാനുമുള്ള ഉപകരണമാണു റെസ്ട്രെയിനിങ് ഗിയർ. ഇത്തരത്തിൽ രണ്ടെണ്ണമാണു വിമാനവാഹിനിയിലുള്ളത്. കരയിലുള്ളതിനെ അപേക്ഷിച്ചു ദൈർഘ്യം കുറവായ കപ്പലിലെ റൺവേയിൽ വിമാനങ്ങൾക്കു മികച്ച കുതിപ്പു കിട്ടാൻ ഈ സംവിധാനം സഹായിക്കുന്നു. 240 കിലോമീറ്റർ വേഗത്തിൽ പറന്നിറങ്ങുന്ന വിമാനങ്ങളെ പിടിച്ചു നിർത്തുന്നത് 3 അറസ്റ്റിങ് വയറുകളുടെ സഹായത്തോടെയാണ്. കപ്പലിലേക്കിറങ്ങുന്ന വിമാനങ്ങളെ റൺവേയിലേക്കു വഴികാട്ടാൻ അത്യാധുനിക ലൂണ സിഗ്നൽ സംവിധാനമുണ്ട്. വിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനും പറ്റുന്ന അവസ്ഥയിലേക്കു വിക്രാന്തിന്റെ ഫ്ലൈറ്റ് ഡെക്ക് എത്താൻ സർഫസ് ടെസ്റ്റു കൂടി പൂർത്തിയാകണം. കമ്മിഷനിങ്ങിനു ശേഷമാകും വിമാനങ്ങൾ ഇറക്കിയുള്ള പരിശോധനകൾ നടത്തുക. 

നിർമാണത്തിന്റെ നാൾവഴികൾ

2005 ഏപ്രിൽ –പ്ലേറ്റ് കട്ടിങ്

2006നവംബർ – ഫാബ്രിക്കേഷൻ

2009 ഫെബ്രുവരി– കീലിട്ടു

2013 ഓഗസ്റ്റ്– നീറ്റിലിറക്കി

2020 നവംബർ– ബേസിൻ ട്രയൽ ആരംഭിച്ചു

2021 ഓഗസ്റ്റ് – സമുദ്ര പരീക്ഷണം ആരംഭിച്ചു

2022 ജൂലൈ–അവസാന സമുദ്രപരീക്ഷണം

2022 ജൂലൈ–നാവികസേനയ്ക്കു കൈമാറി

2022 ഓഗസ്റ്റ്– പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും

വിക്രാന്ത വിസ്മയങ്ങൾ

∙ കപ്പലിനുള്ളിൽ 8 കിലോമീറ്ററോളം ദൂരം നടക്കണം വിക്രാന്തിനെ ഒന്നു കണ്ടറിയാൻ

∙ ഉള്ളിൽ 684 ഏണികൾ, ശരാശരി പതിനായിരത്തോളം പടവുകൾ.

∙ ഓക്സിജൻ, നൈട്രജൻ പ്ലാന്റുകൾ

∙ വിക്രാന്ത് മലിനജലം പുറന്തള്ളുന്നില്ല, മനുഷ്യ വിസർജ്യമുൾപ്പെടെ ശുദ്ധജലമാക്കി പുനരുപയോഗിക്കാനുള്ള അത്യാധുനിക ട്രീറ്റ്മെന്റ് പ്ലാന്റ് കപ്പലിലുണ്ട്.

∙ കപ്പിലിനുള്ളിൽ ബോട്ടുകൾ ഓടിക്കാനും പരിശീലനം നടത്താനുമുള്ള സംവിധാനം

∙ 333 നീലത്തിമിംഗലങ്ങളുടെ വലുപ്പം, 45,000 ടൺ കേവുഭാരം.  

∙ മിലിട്ടറി ഉപഗ്രഹങ്ങളും സാറ്റലൈറ്റ് ഫോണുകളും മുഖേന ലോകത്തെവിടെയുള്ളവരുമായും അനായാസം ആശയവിനിമയം നടത്താം

∙ ഋഗ്വേദത്തിൽ നിന്നു കടംകൊണ്ട ‘ജയേമാ സം യുധി സ്പ്രധാ’ എന്നതാണ്  വിക്രാന്തിന്റെ ആപ്തവാക്യം. എന്നോടു യുദ്ധം ചെയ്യുന്നവരെ ഞാൻ പരാജയപ്പെടുത്തും എന്നർഥം. 1997ൽ ഡീ കമ്മിഷൻ ചെയ്ത ഇന്ത്യയുടെ ആദ്യ വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിന്റെ ആപ്തവാക്യവും ഇതു തന്നെയായിരുന്നു. 

vidhyadar
വിക്രാന്തിന്റെ ബ്രിജിൽ കമ്മഡോർ വിദ്യാധർ ഹാർകെ

വമ്പനിൽ മുമ്പൻ വിക്രാന്ത്

∙ നാവിക സേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ രൂപകൽപന ചെയ്ത ആദ്യ വിമാന വാഹിനി

∙ രാജ്യത്തു നിർമിക്കപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ കപ്പൽ

∙ കപ്പൽ നിർമാണത്തിനാവശ്യമായ എക്സ്ട്രാ ഹൈ ടെൻസൈൽ സ്റ്റീൽ ചരിത്രത്തിലാദ്യമായി തദ്ദേശീയമായി നിർമിച്ച് ആദ്യമായി ഉപയോഗിച്ച കപ്പൽ

∙ കൊച്ചിൻ ഷിപ്‌യാഡിൽ നിർമിച്ച ആദ്യ പടക്കപ്പൽ

∙ മൂന്നു ഘട്ട കരാർ വ്യവസ്ഥ പ്രകാരം നിർമിക്കപ്പെട്ട ആദ്യ കപ്പൽ

∙ 3 മെഗാവാട്ട് ശേഷിയുള്ള 8 ഡീസൽ ഓൾട്ടർനേറ്ററുകളിൽ നിന്നായി 24 മെഗാവാട്ട് പ്രതിദിന വൈദ്യുതി ഉത്പാദനമുള്ള രാജ്യത്തെ ആദ്യത്തെ കപ്പൽ. ∙ 3ഡി മോഡലിങ് സംവിധാനം ഉപയോഗപ്പെടുത്തി രൂപകൽപന ചെയ്ത രാജ്യത്തെ ആദ്യ വിമാന വാഹിനി

ഏതു പ്രതിസന്ധിയെയും അതിജീവിക്കും 

ഏതു പ്രതിസന്ധി ഘട്ടത്തെയും അതിജീവിക്കാനുള്ള ഐഎൻഎസ് വിക്രാന്തിന്റെ ശേഷി പരീക്ഷണങ്ങളിലൂടെ ഉറപ്പു വരുത്തിയിട്ടുണ്ട്. സമുദ്ര പരീക്ഷണങ്ങളെല്ലാം തൃപ്തികരമായിരുന്നു. കപ്പലിൽ ഇനി മിനുക്കു പണികൾ മാത്രമാണു ശേഷിക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെ കടലിലേക്കു പോകാനാകുമെന്നാണു കരുതുന്നത്. കടലിലും തീരത്തുമുള്ള പരിശോധനകൾ പൂർത്തിയാക്കി. ഹെലികോപ്റ്ററുകളുടെ ടേക്ക് ഓഫും ലാൻഡിങ്ങും ഇതിനകം നടത്തി. സുരക്ഷാ സംവിധാനങ്ങളെല്ലാം സജ്ജമാണ്. വിമാനങ്ങൾ ഇറക്കിയുള്ള പരിശോധനകൾ  വൈകാതെ നടക്കും.– കമ്മഡോർ വിദ്യാധർ ഹാർകെ, ക്യാപ്റ്റൻ ആൻഡ് കമാൻഡിങ് ഓഫിസർ, ഐഎൻഎസ് വിക്രാന്ത്

madhu-s-nair
മധു എസ്.നായർ

കപ്പൽ നിർമാണ മേഖലയ്ക്ക് അഭിമാനം

കൊച്ചിൻ ഷിപ്‌യാഡിൽ നിന്നുള്ള രണ്ടായിരത്തിലേറെ പേരും അനുബന്ധ വ്യവസായങ്ങളിൽ നിന്നായി പുറമേ നിന്നുള്ള 12,000 പേരും കഴിഞ്ഞ ഏതാനും വർഷങ്ങളായി വിമാനവാഹിനിയുടെ നിർമാണത്തിനായി കഠിനപ്രയത്നമാണു കാഴ്ചവച്ചത്. പദ്ധതിയിലുടനീളം അകമഴിഞ്ഞ പിന്തുണയാണു ഇന്ത്യൻ നേവി കൊച്ചിൻ ഷിപ്‌യാഡിനു നൽകിയത്. തദ്ദേശീയമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചും രൂപകൽപനയിലുൾപ്പെടെ ഇവ പ്രയോജനപ്പെടുത്തിയുമാണു കൊച്ചിൻ ഷിപ്‌യാഡും നാവികസേനയും മുന്നോട്ടു പോയത്. വിവിധ രാജ്യങ്ങളിലെ മുൻനിര കമ്പനികളെയും ഇന്ത്യയിലെ വലിയ കമ്പനികളെയും ഒരു കുടക്കീഴിലെത്തിക്കാനായതും വലിയ നേട്ടമായി കരുതുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറോളം ചെറുകിട വ്യവസായ സംരംഭങ്ങളുൾപ്പെടെ സിഎസ്എല്ലിൽ റജിസ്റ്റർ ചെയ്ത 550 സ്ഥാപനങ്ങളെ പദ്ധതിയോടു ചേർത്തുനിർത്താനായി. ഇത്രയേറെ പേരെ ഒരു പദ്ധതിക്കായി ഏകോപിപ്പിച്ച് അണിനിരത്താൻ സാധിച്ചതും വലിയ നേട്ടമാണ്. രാജ്യത്തെ കപ്പൽ നിർമാണ മേഖലയ്ക്കു വലിയ പ്രചോദനവും അഭിമാനവുമാണ് ഈ നേട്ടം. 

– മധു എസ്.നായർ സിഎംഡി, കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡ്

English Summary: First Made-in-India aircraft carrier ‘INS Vikrant’ ready to commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com