ഓർമകളിലേക്കു തുഴയെറിഞ്ഞ് ‘ഡോ.ബി’

dr-kumar
ഡോ. കുമാർ
SHARE

കേരളത്തിലെ ആദ്യ ന്യൂറോ സർജൻ ഡോ.കുമാർ ബാഹുലേയൻ ജീവിതം പറയുമ്പോൾ

1949 ജൂലൈ ആറിന് ‘മലയാള മനോരമ’യിൽ പ്രസിദ്ധീകരിച്ച ഒരു വാർത്ത ഇങ്ങനെ– കെ. വേണുഗോപാലൻ നായർ, വി. മോഹനദാസ്, കെ. ബാഹുലേയൻ, കെ.പി. ജോർജ് എന്നിവർക്കു മദ്രാസ് മെഡിക്കൽ കോളജിലും കെ.പി. ലൂയിസ്, പി.എൻ. ദാമോദര ചാക്യാർ എന്നിവർക്ക് കൽക്കട്ട ആർജി കാർ മെഡിക്കൽ കോളജിലും മിസ് എം.എ. കമലാക്ഷി, മിസ് അന്ന ചെറിയാൻ എന്നിവർക്ക് ന്യൂഡൽഹി ലേഡി ഹാർഡിൻജ് മെഡിക്കൽ കോളജിലും പ്രവേശനം ലഭിച്ചിരിക്കുന്നു.

കേരളത്തിൽ മെഡിക്കൽ കോളജ് ഇല്ലാതിരുന്ന കാലമായിരുന്നു അത്. ന്യൂഡൽഹി, കൽക്കട്ട, മദ്രാസ് മെഡിക്കൽ കോളജുകളിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് തിരുക്കൊച്ചിക്ക് ക്വോട്ട അനുവദിച്ചിരുന്നു (അന്ന് കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിരുന്നില്ല). ഈ ക്വോട്ടയിലേക്കു വിദ്യാർഥികളെ തിരുക്കൊച്ചി സർക്കാർ തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെയാണ് 1949ൽ ഈ എട്ടു പേർക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചത്. അവരിൽ കെ. ബാഹുലേയൻ എന്ന കുമാർ ബാഹുലേയൻ പിന്നീട് കേരളത്തിലെ ആദ്യത്തെ ന്യൂറോസർജനായി. പിന്നീട് യുഎസിലെ ബഫലോയിലെത്തിയ അദ്ദേഹം യുഎസിലെ പ്രമുഖ ന്യൂറോസർജന്മാരിലൊരാളായി. പിറന്ന നാട്ടിലെ ജനങ്ങളുടെ ക്ഷേമം മുന്നിൽ കണ്ട് തന്റെ സമ്പാദ്യമെല്ലാം ചെലവഴിച്ച് വൈക്കത്തെ ചെമ്മനാകരിയിൽ അദ്ദേഹം സ്ഥാപിച്ച ഇന്തോ അമേരിക്കൻ ഹോസ്പിറ്റൽ രാജ്യാന്തര നിലവാരത്തിൽ തലയെടുപ്പോടെ നിൽക്കുന്നു.

95 വയസ്സു പിന്നിട്ട അദ്ദേഹത്തിന്റെ ഓർമകളിൽ വിഷമങ്ങളുടെ ബാല്യകാലം നിറയുന്നു. 1927 മാർച്ച് അഞ്ചിന് അദ്ദേഹം ജനിച്ചത് കഷ്ടങ്ങളുടെ നടുവിലേക്കായിരുന്നു. ചെമ്മനാകരി പ്രദേശത്ത് കുടിക്കാൻ നല്ല വെള്ളം പോലും കിട്ടാത്ത അവസ്ഥ. റോഡും നല്ല വിദ്യാഭ്യാസ സൗകര്യങ്ങളുമെല്ലാം സ്വപ്നം മാത്രം. കുമാരന്റെയും ജാനകിയുടെയും അഞ്ചു മക്കളിൽ മൂത്തയാളായ ബാഹുലേയന് ഇത്തരം ജീവിതസാഹചര്യങ്ങളിൽ നിന്നു കരകയറണമെന്ന അദമ്യമായ ആഗ്രഹമായിരുന്നു. അമ്മ രോഗിണിയായിരുന്നു. ബാഹുലേയന്റെ മൂന്നു സഹോദരങ്ങൾ കുട്ടിക്കാലത്തേ അസുഖം വന്നു മരിച്ചു.  തന്നാൽ കഴിയുന്ന വിധം നാടിനു മാറ്റം വരുത്തണമെന്ന ആഗ്രഹം അക്കാലത്തേ വേരുറച്ചു.

ഓർമകൾക്കു സമരച്ചൂട്

സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് വൈക്കം ഗവ. ഹൈസ്കൂളിൽ പഠിക്കുമ്പോൾ കുമാർ ബാഹുലേയൻ കോൺഗ്രസ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. തുടർന്ന് സ്കൂളിൽ സ്റ്റുഡന്റ്സ് യൂണിയനുണ്ടാക്കി. ഇതു സംബന്ധിച്ച് നോട്ടിസും അടിച്ചിറക്കി. ഹെഡ്മാസ്റ്റർ ഇതു കണ്ടതോടെ ദേഷ്യപ്പെട്ടു. ‘ഇതൊന്നും സ്കൂളിൽ അനുവദിച്ചിട്ടില്ല, നിങ്ങളെ സസ്പെൻഡ് ചെയ്തിരിക്കുന്നു’. അച്ഛനെ വിളിച്ചുകൊണ്ടുവരാൻ നിർദേശവും. അച്ഛനാണെന്നു പറഞ്ഞ് മറ്റൊരാളെ കൊണ്ടുവന്ന് ആ വിദ്യാർഥി ഒരുവിധത്തിൽ രക്ഷപ്പെട്ടു. സസ്പെൻഷൻ പിൻവലിച്ചു. നല്ല മാർക്കോടെ പത്താം ക്ലാസ് വിജയിക്കുകയും ചെയ്തു.

തുടർന്ന് ആലുവ യുസി കോളജിൽ 1947ൽ ഇന്റർമീഡിയറ്റിനു ചേർന്നപ്പോഴും രാഷ്ട്രീയം മനസ്സിൽനിന്നു വിട്ടൊഴിഞ്ഞില്ല. അപ്പോഴേക്കും അദ്ദേഹം കമ്യൂണിസ്റ്റ് ചിന്താഗതിക്കാരനായി. കോളജിലെ നേതാവാകുമ്പോഴും പഠനത്തിൽ അതീവശ്രദ്ധ പൂലർത്തി. ഇന്റർമീഡിയറ്റിന്റെ പൊതുപരീക്ഷ ആരൊക്കെ എഴുതണമെന്നു നിശ്ചയിക്കാൻ കോളജുകാർ പരീക്ഷ നടത്തുന്ന രീതി അന്നുണ്ടായിരുന്നു. ഈ പരീക്ഷ വിജയിക്കുന്നവർക്കേ പൊതുപരീക്ഷയെഴുതാൻ അനുവാദം നൽകിയിരുന്നുള്ളൂ. ഇതിനെതിരെ കുമാർ ബാഹുലേയന്റെ നേതൃത്വത്തിൽ സമരം തുടങ്ങി. അവിടെയും കിട്ടി സസ്പെൻഷൻ. അച്ഛന്റെ പേരിൽ ടെലിഗ്രാം അടിക്കുകയാണ് കോളജ് പ്രിൻസിപ്പൽ ചെയ്തത്. അച്ഛൻ വന്നു പ്രിൻസിപ്പലിനോട് അപേക്ഷിച്ചതിനെത്തുടർന്നാണ് സസ്പെൻഷൻ പിൻവലിച്ചത്. ഫൈനൽ പരീക്ഷയെഴുതാൻ അനുവാദം കിട്ടി. പരീക്ഷയടുത്തപ്പോഴേക്കും കുമാർ ബാഹുലേയന് ടൈഫോയ്ഡ് ബാധിച്ചു. 102 ഡിഗ്രി പനിയുമായി പോയി പരീക്ഷയെഴുതി. നേരെ ആലുവ ഗവ. ആശുപത്രിയിൽ അഡ്മിറ്റായി. 60 ദിവസം ആശുപത്രിയിൽ കഴിയേണ്ടിവന്നു. അക്കാലത്ത് ഇന്റർമീഡിയറ്റ് പരീക്ഷ കഴിഞ്ഞാൽ രണ്ടു മാസം കഴിഞ്ഞാണു ഫലം വരിക. ആശുപത്രിയിൽ നിന്ന് കുമാർ ബാഹുലേയനെ ഡിസ്ചാർജ് ചെയ്ത ദിവസമാണ് പരീക്ഷയുടെ ഫലം വന്നത്.

ആലുവയിൽ നിന്ന് വള്ളത്തിലാണ് ചെമ്മനാകരിയിലേക്കു പോയത്. പൂച്ചാക്കൽ എത്തിയപ്പോൾ വള്ളം കരയ്ക്കടുപ്പിച്ച് അച്ഛൻ അന്നത്തെ പത്രം വാങ്ങി. പത്രം കണ്ട് മുഖം മങ്ങിയാണ് അച്ഛന്റെ വരവ്. ‘‘നിന്റെ പേരില്ല. നീ തോറ്റുപോയി’’– അച്ഛൻ പറഞ്ഞു. തോറ്റെന്നറിഞ്ഞപ്പോൾ ആ വിദ്യാർഥി വള്ളത്തിലിരുന്നു കരഞ്ഞു. വീട്ടിലെത്തിയ ശേഷം ഒന്നും മിണ്ടാതെ കിടന്നുറങ്ങി. രാത്രി വൈകിയപ്പോൾ വാതിലിൽ മുട്ടുകേട്ടു. വൈക്കത്തു പോയ ഒരു ബന്ധു പത്രവും വാങ്ങി തിരിച്ചെത്തിയതാണ്. ‘‘ഇവൻ ഫസ്റ്റ്ക്ലാസിൽ ജയിച്ചു, ദേ പത്രത്തിലുണ്ട്’’– അദ്ദേഹം പറഞ്ഞു. അച്ഛൻ നേരത്തേ നോക്കിയത് പാസായവരുടെ ലിസ്റ്റ് ആയിരുന്നു. ഫസ്റ്റ് ക്ലാസ് കിട്ടിയവരുടെ പേരുകൾ അതിനു മുകളിൽ കൊടുത്തിട്ടുണ്ടായിരുന്നു. അത് അച്ഛന്റെ ശ്രദ്ധയിൽ പെട്ടില്ല. തിരുവിതാംകൂർ–കൊച്ചി സംസ്ഥാനത്ത് രണ്ടാം റാങ്കിലായിരുന്നു ആ വിജയം.

ആ വാദം തുണച്ചു

തിരുക്കൊച്ചിക്കുള്ള മെഡിക്കൽ വിദ്യാഭ്യാസ ക്വോട്ട ഓരോ സമുദായത്തിനുമായി വീതിക്കുന്ന രീതിയായിരുന്നു അന്നുണ്ടായിരുന്നത്. കുമാർ ബാഹുലേയന്റെ ഈഴവ സമുദായത്തിന് ഒരു സീറ്റാണ് ഉണ്ടായിരുന്നത്. ഒന്നാം റാങ്കിൽ വിജയിച്ച വി. മോഹനദാസ് അതേ സമുദായത്തിൽ നിന്നുള്ളയാളായിരുന്നതിനാൽ അദ്ദേഹത്തിനാണ് സീറ്റ് ലഭിച്ചത്. പറവൂരിൽ നിന്നുള്ള നിയമസഭാംഗവും മന്ത്രിയുമായിരുന്ന ഡോ. മാധവൻ നിയമസഭയിൽ കുമാർ ബാഹുലേയനുവേണ്ടി വാദിച്ചു. കഴിഞ്ഞ വർഷങ്ങളിൽ പലപ്പോഴും ഈഴവ വിഭാഗത്തിന്റെ ക്വോട്ട ആർക്കും കൊടുത്തിട്ടില്ലെന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു. മുൻ വർഷത്തെ ക്വോട്ടയിൽ പെടുത്തി കുമാർ ബാഹുലേയന് സീറ്റ് നൽകണമെന്ന് അദ്ദേഹം വാദിച്ചു. അതനുസരിച്ചാണ് കുമാർ ബാഹുലേയന് മദ്രാസ് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചത്.

ബഫലോയിലെ ‘ഡോ. ബി’

യുകെയിലും യുഎസിലും ഉപരിപഠനം നടത്തിയ അദ്ദേഹം 1973ൽ യുഎസിലെ ബഫലോ നഗരത്തിൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ആശുപത്രിയിൽ ന്യൂറോ സർജനായെത്തി. അവിടത്തെ പ്രശസ്ത ന്യൂറോ സർജൻ ഡോ. സോളിന്റെ കീഴിൽ ജോലി ചെയ്തായിരുന്നു തുടക്കം. പിന്നീട് യുഎസിലെ വിദൂര സ്ഥലങ്ങളിൽ നിന്നു പോലും ഡോ. കുമാർ ബാഹുലേയനെത്തേടി രോഗികളെത്തി. മൈക്രോന്യൂറോസർജറിയിൽ ഡോ. കുമാർ ബാഹുലേയനുള്ള പ്രാവീണ്യം വിജയത്തിലേക്കുള്ള വാതിൽ തുറന്നു. ബഫലോയിൽ അദ്ദേഹം ‘ഡോ. ബി’ എന്ന പേരിൽ അറിയപ്പെട്ടു.

ശസ്ത്രക്രിയ നടത്തി;പിന്നീട് ജീവിതസഖിയായി

1979ൽ ബഫലോയിൽ ഡോ. കുമാർ ബാഹുലേയനെ കാണാൻ ഡോ. ഇന്ദിര കർത്താ എന്ന മലയാളി സ്ത്രീ ഭർത്താവിനെയും അമ്മയെയും കൂട്ടി വന്നു. അവരുടെ ഭർത്താവ് ഡോ. ഗോപിനാഥ് കർത്താ പ്രശസ്ത ശാസ്ത്രജ്ഞനായിരുന്നു. സെർവിക്കൽ സ്പോണ്ടിലോസിസ് ചികിത്സയ്ക്ക് എത്തിയതായിരുന്നു ഡോ. ഇന്ദിര കർത്താ. ഡോ. കുമാർ ബാഹുലേയൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ട്യൂട്ടറായിരുന്ന കാലത്ത് അവിടെ പഠിച്ചിരുന്ന വിദ്യാർഥിനിയായിരുന്നു ഇന്ദിര. സഹിക്കാൻ വയ്യാത്ത വേദനയോടെയാണ് വരവ്. ശസ്ത്രക്രിയയുടെ അപകടസാധ്യതകൾ അദ്ദേഹം പറഞ്ഞു മനസ്സിലാക്കി. മരിച്ചാലും കുഴപ്പമില്ല, ഇങ്ങനെ വേദനിക്കാൻ കഴിയില്ല എന്നായിരുന്നു പ്രതികരണം. ഡോക്ടർ നടത്തിയ ശസ്ത്രക്രിയ വിജയമായിരുന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം ഡോ. ഗോപിനാഥ് കർത്താ മരിച്ചു. പിന്നീട് ഡോ. ഇന്ദിര കർത്താ ഡോ. കുമാർ ബാഹുലേയന്റെ ജീവിതസഖിയായി. അദ്ദേഹം ആദ്യ ഭാര്യ തങ്കമ്മയുമായി നേരത്തേ വേർപിരിഞ്ഞിരുന്നു. ഓർമകളുടെ ചെപ്പ് തുറന്ന് ഡോ. കുമാർ ബാഹുലേയൻ ആത്മകഥ തയാറാക്കുകയാണ്. ജീവിതവഴികളിലെ അനുഭവസാക്ഷ്യങ്ങളുമായി ‘ഡോ.ബി’ എന്ന ആത്മകഥ ദിവസങ്ങൾക്കുള്ളിൽ പുറത്തിറങ്ങും; സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ച കഥകളുമായി.

English Summary: Life of Kerala's first neurosurgeon, Dr. Kumar Bahuleyan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}