കുളവാഴയെ തിരികെ കയറ്റിവിട്ടു; നേടിയത് രണ്ടുകോടിയിലേറെ രൂപയുടെ ബിസിനസ്

kulavazha
ജാർഖണ്ഡിൽ കുളവാഴ ശേഖരിക്കുന്നവർ
SHARE

വിദേശത്തുനിന്നു നമ്മുടെ ജലാശയത്തിലെത്തി ആധിപത്യം സ്ഥാപിച്ച കുളവാഴയെ തിരികെ കയറ്റിവിട്ടു നേടിയത് രണ്ടു കോടിയിലേറെ രൂപയുടെ ബിസിനസ്, ആയിരക്കണക്കിന് ആളുകൾക്കു തൊഴിൽ.ജാർഖണ്ഡിൽ മലയാളിയുടെ വേറിട്ട വിജയ കഥ...

കേരളത്തിൽ എല്ലാ വർഷവും അരങ്ങേറുന്നൊരു കർഷക സമരത്തിന്റെ മുദ്രാവാക്യമാണ് ജലാശയങ്ങളിലെ കുളവാഴ മാറ്റ്... എന്നത്. നമ്മുടെ സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി കുളവാഴ നീക്കം ചെയ്യാൻ ചെലവഴിക്കുന്നത് കോടികളാണ്. മാറ്റ് കുളവാഴ എന്ന മുദ്രാവാക്യത്തെ കുളവാഴ ‘മാറ്റ്’ എന്നു തിരിച്ചിട്ടപ്പോൾ ഉണ്ടായത് ആയിരക്കണക്കിനാളുകൾക്കു ജോലി നൽകുന്ന കോടികളുടെ ബിസിനസ്.

കുളവാഴ കൊണ്ടുണ്ടാക്കിയ ടേബിൾമാറ്റുകൾ വരുമാനമായി മാറ്റുന്ന ജാർഖണ്ഡിലെ കച്ചവടമാണിത്. പിന്നിലുള്ളത് മലയാളി. ഇസാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള സെഡാർ (കമ്യൂണിറ്റി എന്റർപ്രൈസ് ഡവലപ്മെന്റ് ആൻഡ് റിസോഴ്സ്) എന്ന കമ്പനി; അതിന്റെ എംഡി അലോക് തോമസ് പോളും സംഘവും. ഇസാഫ് ബാങ്ക് എം.ഡി കെ. പോൾ തോമസിന്റെ മകൻ.

ജാർഖണ്ഡ് ബന്ധം

ഇസാഫ് ഫൗണ്ടേഷന്റെ (NGO) പ്രവർത്തനങ്ങൾ ജാർഖണ്ഡ് അടക്കമുള്ള പിന്നാക്ക സംസ്ഥാനങ്ങളിൽ പച്ചപിടിക്കുന്ന സമയം. 2006ൽ അവിടെ ആദിവാസി മേഖലയിൽ നിന്നു കുറച്ചു പേരെ കൊണ്ടുവന്ന് മുളയിൽ  കരകൗശല വസ്തുക്കൾ നിർമിക്കാൻ പരിശീലനം നൽകി. പ്രോഡക്ട് ഡിസൈനർ അജിത് സെന്നിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.

നൂറുശതമാനം പ്രകൃതിദത്തമായ ഉൽപന്നങ്ങൾക്കായി ലോകമെമ്പാടുമുള്ള ഫർണിച്ചർ സ്റ്റോർ ആയ ഐക്കിയ (IKEA) എത്തിയ സമയത്താണ് ജാർഖണ്ഡിൽ ഇതിനുള്ള സാധ്യത തിരിച്ചറിയുന്നത്. ഈറ്റയുടെ ലഭ്യത കുറവാണെന്നു കണ്ടപ്പോഴാണ് ജാർഖണ്ഡിലെ ജലാശയങ്ങളെല്ലാം കീഴടക്കിയ കുളവാഴ കണ്ണിൽപ്പെട്ടത്. കുളവാഴയിൽ നിന്ന് ഉൽപന്നങ്ങളുണ്ടാക്കി കോടികൾ കൊയ്യുന്ന വിയറ്റ്നാമിന്റെ കഥയറിഞ്ഞ സെഡാർ കമ്പനിയുടെ സാരഥികൾ ഈ കുളവാഴ ശേഖരിച്ച് ഉണക്കി കേടാകാത്ത വിധം പ്രോസസ് ചെയ്ത് ഉൽപന്നങ്ങളാക്കിയാൽ ഗ്രാമീണ ജനതയ്ക്കു വരുമാനമുണ്ടാക്കിക്കൊടുക്കാമെന്നു കണ്ടെത്തി.

ഫാക്ടറി ഫാക്ട്സ്

2018 അവസാനത്തോടെ ജാർഖണ്ഡിൽ ഫാക്ടറി തുടങ്ങാനായി നീക്കം. ഉപേക്ഷിക്കപ്പെട്ടു കിടന്ന സർക്കാർ കെട്ടിടം ലീസിനെടുത്തു. ഫാക്ടറി നിർമിച്ചു. 2018–19 വർഷങ്ങളിൽ ഗ്രാമീണ മേഖലയിൽ നിന്നുള്ള ആദിവാസി കലാകാരന്മാരെ ഉപയോഗിച്ചു കുളവാഴയിൽ നിന്ന് ഉൽപന്നങ്ങൾ നിർമിച്ചു തുടങ്ങി. വിയറ്റ്നാമിൽ നിന്നു കുളവാഴ കൊണ്ടുള്ള ഉൽപന്നങ്ങൾ ലോകം മുഴുവൻ എത്തിക്കുന്ന ഐക്കിയയുമായി ബന്ധപ്പെട്ടു. കോവിഡ് കാലത്ത് വീടുകളിൽ ഒരു ചെറിയ വരുമാനത്തിനായി ഉൽപന്നങ്ങൾ നിർമിച്ചു ശേഖരിച്ചു കയറ്റുമതി ചെയ്യുന്ന സംവിധാനമായി.

mat-alok-thomas
സെഡാർ എംഡി അലോക് തോമസ് പോൾ മാറ്റുമായി.

കുളവാഴയുടെ പരിണാമം

ഗ്രാമങ്ങളിലുള്ളവർ ജലാശയങ്ങളിൽ നിന്നു ശേഖരിക്കുന്ന കുളവാഴ ഉണങ്ങിയ ശേഷം കൊണ്ടുവരും. ഇതു സ്വാശ്രയസംഘങ്ങളിലൂടെ ശേഖരിക്കും. അസം, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലായി സെഡാറിനു കുളവാഴ ശേഖരണ കേന്ദ്രങ്ങളുണ്ട്. ഇവിടെ നിന്ന ശേഖരിച്ചു ജാർഖണ്ഡിലെത്തിക്കും. വീടുകളിൽ എത്തിച്ച് കലാകാരന്മാരെക്കൊണ്ട് ഉൽപന്നങ്ങളാക്കും. തിരികെ ശേഖരിച്ച് ഐക്കിയയ്ക്കു കയറ്റുമതി ചെയ്യും. തുന്നുന്ന എഴുന്നൂറോളം സ്ത്രീകളും കുളവാഴ ശേഖരിക്കുന്ന ആയിരത്തോളം പുരുഷന്മാരുമായി അത്രയേറെ കുടുംബങ്ങൾക്കു വരുമാനമെത്തിക്കുന്ന പദ്ധതിയായി വളർന്നു. ഇസാഫ് ഫൗണ്ടേഷന്റെ ലെഹാന്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൾട്ടിപ്പിൾ സ്കിൽസ് എന്ന ഏജൻസി വഴിയാണു പരിശീലനം (ലിംസ്) – (ജാർഖണ്ഡിലെ ആദിവാസി ഭാഷയായ സന്താളിയിൽ ലെഹാന്തി എന്നാൽ വികസനം എന്നർഥം).

മാസവരുമാനം 17,000 വരെ

ജാർഖണ്ഡിൽ മാസവരുമാനം 2000 രൂപയിൽ താഴെ ആയിരുന്ന പല സ്ത്രീകളും ഇപ്പോൾ 17,000 രൂപ വരെ ഈ ജോലിയിലൂടെ നേടുന്നുണ്ട്. ഈ ജോലി ചെയ്തു പഠിച്ച് ബിരുദാനന്തര ബിരുദം നേടി മറ്റു ജോലികളിലേക്കു പോയവരും സൂപ്പർവൈസർമാരായവരുമുണ്ട്. ഗ്രാമീണ മേഖലയിൽ ഈ പദ്ധതിയുണ്ടാക്കിയ മാറ്റം നേരിൽ കണ്ട സർക്കാർ, ബൈസ എന്ന സ്ഥലത്ത് മുൻപ് ആശുപത്രിക്കു വേണ്ടി പണിത കെട്ടിടം സെഡാറിനു ദീർഘകാലത്തേക്ക് ഉപയോഗിക്കുന്നതിനു നൽകി.

പദ്ധതിയുടെ വികസനത്തിനായി രണ്ടിടത്ത് ഭൂമിയും ലഭ്യമാക്കി.

മാറ്റ് മുതൽ ചെടിച്ചട്ടി വരെ

കുളവാഴ കൊണ്ട് മാറ്റ് മാത്രമല്ല, ചെറിയ ചെടിച്ചട്ടി, ഹാങ്ങിങ് ബാസ്കറ്റ്, ഫോൾഡബിൾ ബാസ്കറ്റ് ഇവയൊക്കെ നിർമിക്കുന്നു. 16 രാജ്യങ്ങളിലേക്ക് ഐക്കിയ ഇവയെത്തിക്കുന്നു.

ഈർപ്പം 15ശതമാനത്തിൽ താഴെ ആക്കിയ ശേഷം ഇൻഡസ്ട്രിയൽ അവനിൽ ഉണക്കിയശേഷം ഫുഡ് ബേസ്ഡ് ലാക്കർ കോട്ടിങ് ചെയ്തിട്ടാണ് ഉൽപന്നം കയറ്റുമതി ചെയ്യുന്നത്. കുളവാഴ ശേഖരിച്ച് ഉണക്കിയെടുത്ത് എത്തിക്കുന്നതിലാണ് ഗ്രാമീണരുടെ ശ്രദ്ധ ആവശ്യം. ബ്രഹ്മപുത്ര, ഗംഗയുടെ കൈവഴികൾ, കുളങ്ങൾ എന്നിവയൊക്കെ ഇപ്പോൾ കുളവാഴയിലൂടെ ഗ്രാമങ്ങൾക്കു വരുമാനം നൽകുന്നു.

എന്തുകൊണ്ട് കേരളത്തിൽ ഇല്ല?

തമിഴ്നാട് തൂത്തുക്കുടിയിൽ 1300 കുളങ്ങളും താമരഭരണി നദിയുമൊക്കെ കുളവാഴയുടെ പിടിയിലാണ്. കനിമൊഴി എംപിയുടെ നിർദേശപ്രകാരം ഇവിടെയും തൂത്തുക്കുടിയിലും സർക്കാർ പദ്ധതി സെഡാറുമായി ചേർന്നു രൂപപ്പെടുത്തുന്നുണ്ട്. തമിഴ്നാട് സർക്കാർ ജാർഖണ്ഡിൽ പ്രതിനിധികളെ അയച്ച് പദ്ധതിയെക്കുറിച്ചു പഠിച്ചിരുന്നു. ഇവിടെ അധികം വൈകാതെ പദ്ധതി ആരംഭിക്കാമെന്ന പ്രതീക്ഷയിലാണു സെഡാറെന്ന് അലോക് തോമസ് പറയുന്നു. കേരളത്തിൽ കുറെ നാളുകളായി ആലപ്പുഴ എസ്ഡി കോളജ് പ്രഫസർ നാഗേന്ദ്രപ്രഭു വഴിയും മറ്റും ചർച്ചകൾ നടക്കുന്നുണ്ട്. കേരളത്തിൽ ഉൽപന്നമുണ്ടാക്കുമ്പോൾ വരുന്ന വലിയ ചെലവാണ് തടസ്സം. ജാർഖണ്ഡിൽ കുറഞ്ഞ കൂലി 350 രൂപയാണെങ്കിൽ കേരളത്തിൽ ഇരട്ടിയിലേറെ നൽകേണ്ടി വരും. കട്ടിങ്, ക്വാളിറ്റി പരിശോധന, ലാക്കർ കോട്ടിങ് ഇവയൊക്കെ ഫാക്ടറിയിൽ ചെയ്യുന്ന ചെലവു കൂടി വരുമ്പോൾ വിയറ്റ്നാമുമായി വിലയിൽ മത്സരിക്കാൻ കഴിയാതെ വരുമെന്നതാണു തടസ്സം. കേരളത്തിൽ കുളവാഴ നീക്കാൻ ചെലവഴിക്കുന്ന കോടികൾ കൂടി ഉൾപ്പെടുത്തി പദ്ധതി രൂപീകരിച്ചാൽ ഫലപ്രദമാകുമെന്നു വിലയിരുത്തലുണ്ട്. മാത്രമല്ല, 45സെന്റീമീറ്റർ വരെ നീളമുള്ള ജാർഖണ്ഡിലെ കുളവാഴയല്ല കേരളത്തിലുള്ളത്. ഇതിനു നീളം കുറവാണ്. പൾപ്പ് ആക്കി പ്ലേറ്റ് അടക്കമുള്ള മറ്റ് ഉൽപന്നങ്ങളിലേക്കു ശ്രമങ്ങൾ നടത്താനാകും.

2.5 ലക്ഷം മാറ്റ്

ഐക്കിയയ്ക്കു ജാർഖണ്ഡിൽ നിന്നു സെഡാർ നിർമിച്ചു വിറ്റ കുളവാഴ മാറ്റുകളുടെ എണ്ണം 2.5 ലക്ഷമാണ്. കഴിഞ്ഞ വർഷം ജാർഖണ്ഡിൽ നിന്നു മാത്രമായി 2.3 കോടിയോളം രൂപയുടെ രാജ്യാന്തര കച്ചവടമാണ് ഇതിൽ നിന്നുണ്ടായതെന്നറിയുമ്പോഴാണ് ഓരോ വർഷവും ‘ശല്യ’മെന്നു നാം ശപിക്കുന്ന കുളവാഴയുടെ വില മനസ്സിലാവുക. മഴ തുടങ്ങിക്കഴിഞ്ഞാൽ വെള്ളപ്പൊക്കത്തിൽ കുളവാഴ ഒഴുകിപ്പോകും. ജൂൺ മുതൽ ഓഗസ്റ്റ് വരെ കുളവാഴ കിട്ടാത്തതിനാൽ കുളവാഴ ശേഖരിക്കുകയും മറ്റും ചെയ്യുന്നവർ ഈ മേഖലയിൽ നിന്നുമാറിപ്പോകും. ഈ കാലത്തു മഴയില്ലാത്ത തമിഴ്നാട്ടിൽ നിന്ന് കുളവാഴ കണ്ടെത്താനുള്ള ആലോചനയും സെഡാറിനുണ്ട്. മുളയിൽ നിന്നുള്ള വ്യവസായിക ഉൽപന്നങ്ങളിലേക്ക് ശ്രദ്ധയൂന്നുന്നുമുണ്ട് സെഡാർ. എഫ്എസ്‌സി (ഫോറസ്റ്റ് സ്റ്റുവാർഡ്ഷിപ് കൗൺസിൽ) സർട്ടിഫിക്കേഷൻ ഇന്ത്യയിൽ ആദ്യമായി മുള ഉൽപന്നങ്ങളിൽ ലഭിച്ചിട്ടുള്ളത് സെഡാറിനാണ്.

English Summary: Water hyacinth gets a makeover as mats

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}