ADVERTISEMENT

1951ലെ ഒരു പകൽ. വിഭജനം കഴിഞ്ഞു 4–ാം വർഷം. പഞ്ചാബിലെ വാഗാ അതിർത്തിയിൽ വികാരനിർഭരമായ ഒരു കൂടിക്കാഴ്ച നടക്കുകയാണ്. ഇന്ത്യയുടെ വാനമ്പാടിയായി മാറിയ ലതാ മങ്കേഷ്കറും ഇതിഹാസ ഗായിക നൂർജഹാനും തമ്മിലുള്ള കണ്ടുമുട്ടൽ. 1953ൽ പുറത്തിറങ്ങിയ ജൻജർ എന്ന സിനിമയുമായി ബന്ധപ്പെട്ടു പഞ്ചാബിലെത്തിയതായിരുന്നു ലതാ മങ്കേഷ്കർ. 

‘അതിർത്തിയിൽ കണ്ടമാത്രയിൽ ഇരുവരും ഓടിയെത്തി, കെട്ടിപ്പിടിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ടുനിന്നവർക്കും കരച്ചിൽ അടക്കാനായില്ല. അതിർത്തിയിൽ സുരക്ഷയ്ക്കുണ്ടായിരുന്ന ജവാൻമാരും വികാരം നിയന്ത്രിക്കാൻ പാടുപെട്ടു. ദീർഘനേരം സംസാരം. ഒരുമിച്ചു ഭക്ഷണം കഴിച്ചു. ലഹോറിൽ നിന്നു കൊണ്ടുവന്ന മധുരം നൂർജഹാനും പഞ്ചാബിൽ നിന്നു കൊണ്ടുവന്ന മധുരം ലതാ മങ്കേഷ്കറും പങ്കുവച്ചു. ജീവിതത്തിൽ ഒരിക്കലും ആ രംഗം മറക്കില്ല. സംഗീതത്തിന് അതിർത്തികൾ ഇല്ലാതാക്കാനാകുമെന്നതിന്റെ നേർസാക്ഷ്യം’ കൂടിക്കാഴ്ചയ്ക്കു സാക്ഷ്യം വഹിച്ച സംഗീത സംവിധായകൻ സി. രാമചന്ദ്ര, 1977ൽ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥ ‘എന്റെ ജീവിതത്തിന്റെ സിംഫണി’(ദ് സിംഫണി ഓഫ് മൈ ലൈഫ്) എന്ന പുസ്തകത്തിൽ വിവരിക്കുന്നത് ഇങ്ങനെയാണ്. 

വിഭജനം കലയുടെ ലോകത്ത് പലതരത്തിൽ മുറിവേൽപ്പിച്ചു എന്നതാണു ചരിത്രം. ഒരു തലമുറയുടെ ലഹരിയായിരുന്നു നൂർജഹാൻ. പാക്കിസ്ഥാനിലെ ലഹോറിനടുത്തുള്ള കസൂർ ഗ്രാമത്തിലാണു നൂർജഹാന്റെ ജനനം. അവിഭക്ത പഞ്ചാബിൽ നിന്നു ബോളിവുഡിലേക്കു കുടിയേറിയ ഇവർ ഹിന്ദി സിനിമയിലെ അക്കാലത്തെ എല്ലാ പ്രശസ്ത നടൻമാരുടെയും കൂടെ അഭിനയിച്ചു, പാടി. ‘അൻമോൽ ഘടി’യിലും ‘ലാൽ ഹാവേലി’യിലും സുരേന്ദർ, ‘മിർസാ സാഹിബാ’നിൽ ത്രിലോക് കപൂർ, ‘നൗക്കറി’ൽ യാക്കൂബ്, ‘ദോസ്തി’ൽ മോത്തിലാൽ, ‘സീനത്തി’ലും ഭായ് ജാനിലും കരൻ ദിവാൻ, ജുഗ്നുവിൽ ദിലീപ് കുമാർ തുടങ്ങിയവരെല്ലാം ഇവരുടെ നായകൻമാരായി. രാജ്യം ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിക്കപ്പെട്ടപ്പോൾ ജന്മദേശമായ ലഹോറിലേക്കു പോകാനായിരുന്നു നൂർജഹാന്റെ തീരുമാനം. 

എന്നാൽ നൂർജഹാന്റെ സമകാലികയായിരുന്ന സ്വരൻ ലത പാക്കിസ്ഥാനിലേക്കു പോയത് ജൻമദേശം അവിടെയായിരുന്നതു കൊണ്ടല്ല. വിഭജന സമയത്ത് അവരുടെ ഭർത്താവായിരുന്ന, അക്കാലത്തെ പ്രശസ്ത സംവിധായകനും നടനുമായ നാസിർ അഹമ്മദ് പാക്കിസ്ഥാനിലേക്കു പോകാൻ തീരുമാനിച്ചതുകൊണ്ടാണ്. രത്തൻ ഉൾപ്പെടെയുള്ള സിനിമകളിലൂടെ തരംഗമായിരുന്ന സ്വരൻ ലതയും അദ്ദേഹത്തെ അനുഗമിച്ചു. അന്നു സിനിമാലോകത്തെ മുതിർന്ന താരങ്ങളായ ഗുലാം അഹമ്മദ്, എം. ഇസ്മായിൽ, ഷാമിം തുടങ്ങി പലരുണ്ട് പാക്കിസ്ഥാനിലേക്കു പോയവരിൽ. അതേസമയം ബോംബെ സിനിമാ ലോകത്തിന്റെ വളർച്ചയും ഭാവിയും മുൻകൂട്ടിക്കണ്ട പലരും ഇവിടെത്തന്നെ തുടരാൻ തീരുമാനിക്കുകയും ചെയ്തു. മുംബൈയും ബംഗാളുമായിരുന്നു അക്കാലത്ത് സിനിമയുടെ പ്രധാന കേന്ദ്രങ്ങൾ. മുംബൈയെ വിഭജനം കാര്യമായി ബാധിച്ചില്ലെങ്കിലും ബംഗാൾ സിനിമാലോകത്ത് അതിന്റെ ആഘാതം തീവ്രമായിരുന്നു. 

ലഹോർ മാത്രമായിരുന്നു അക്കാലത്തു പാക്കിസ്ഥാനിലെ പ്രധാന സിനിമാ വ്യവസായകേന്ദ്രം. 1947ലെ വർഗീയ ലഹള ഏറ്റവുമധികം രൂക്ഷമായ പ്രദേശങ്ങളിലൊന്നും ലഹോറായിരുന്നു. പഞ്ചോലി ആർട്ട് പിക്ചേഴ്സ്, ഷോരെ പിക്ചേഴ്സ് എന്നിവരുടെ കീഴിൽ ലഹോറിലുണ്ടായിരുന്ന രണ്ടു പ്രധാന സ്റ്റുഡിയോകൾ ലഹളയിൽ കത്തിച്ചാമ്പലായി. പാക്കിസ്ഥാനിലെ സിനിമാ വ്യവസായം തിരിച്ചുവരാൻ പിന്നെ വർഷങ്ങളെടുത്തു. 

ഇടവേളയ്ക്കു ശേഷം പാക്കിസ്ഥാനിൽ നിർമിച്ച ഒരു സിനിമ റിലീസ് ചെയ്യുന്നത് 1948 ഓഗസ്റ്റ് 7നാണ്. ദിലീപ് കുമാറിന്റെ സഹോദരൻ നാസിർ ഖാൻ നിർമിച്ച, ദാവൂദ് ചന്ദ് സംവിധാനം ചെയ്ത തേരി യാദ് പക്ഷേ, ബോക്സ് ഓഫിസിൽ തകർന്നടിഞ്ഞു. അക്കാലത്തും മുംബൈയിൽ നി‍ർമിച്ച ചിത്രങ്ങൾ പാക്കിസ്ഥാനിൽ ഹിറ്റായി. 1950കളിലാണു പാക് സിനിമാരംഗം തിരിച്ചുവരവു നടത്തുന്നത്. നാസിർ അഹമ്മദ്, അൻവർ കമാൽ പാഷ, ഡബ്യൂ.സെഡ്. അഹമ്മദ് തുടങ്ങിയവരുടെ സംഭാവനകൾ ഇതിനു കരുത്തായി. സന്തോഷ് കുമാർ, സുധീർ കുമാർ തുടങ്ങിയ പുതുനിര താരങ്ങൾ ഉദയം ചെയ്തു. ഇന്ത്യയിൽ നിന്നെത്തുന്ന സിനിമകൾ പ്രദർശിപ്പിക്കാതിരിക്കാനും വിലക്കാനും വിതരണക്കാരുടെ ഇടയിൽ ശക്തമായ ശ്രമങ്ങളും അണിയറയിൽ നടന്നുവെന്നു ചരിത്രം. ഇപ്പോൾ പാക്കിസ്ഥാനിൽപ്പെട്ട പെഷാവറിൽ ജനിച്ച യൂസുഫ് ഖാൻ പിന്നീട് ദിലീപ് കുമാറായി ഇന്ത്യൻ സിനിമാ ലോകത്തെ വിഖ്യാതനായി മാറിയതു മറ്റൊരു ചരിത്രം. 

നൂർജഹാൻ അഭിനയിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സൂപ്പർ ഹിറ്റായി മാറിയ 1945ലെ സിനിമ ‘ഗാവോൻ കി ഗോരി’യുടെ(ഗ്രാമത്തിലെ പെൺകുട്ടി) പഞ്ചാബി റീമേക്ക് ‘ഫെരെ’ 1949ലാണു പാക്കിസ്ഥാനിൽ റിലീസ് ചെയ്യുന്നത്. രണ്ടു സിനിമയിലും നായകൻ നാസിർ അഹമ്മദ് തന്നെ. ഫെരെയിൽ നായിക സ്വരൻ ലതയും. 6 ആഴ്ച കൊണ്ട് 65,000 രൂപ മുതൽമുടക്കിലാണു നാസി‍ർ ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ 7 ഗാനങ്ങൾ ഒറ്റ ദിവസം കൊണ്ട് റെക്കോർഡ് ചെയ്തു ഗുലാം അഹമ്മദ് ചിഷ്ടിയും തീർത്തു മറ്റൊരു റെക്കോർഡ്. 

ജുഗ്നുവിൽ മുഹമ്മദ് റാഫിയോടൊപ്പം നൂർജഹാൻ പാടിയ ‘യഹാ ബദലാ വഫാ കാ ബെഫാവ കെ സിവാ ക്യാ ഹെ’ എന്ന ഗാനം ഒരുകാലത്തു ജനകോടികളുടെ ചുണ്ടുകളിൽ നിറഞ്ഞു നിന്നിരുന്നു. പാക്കിസ്ഥാനിലേക്കു ചേക്കേറിയ ശേഷം നൂർജഹാൻ സിനിമയിൽ വീണ്ടും സജീവമാകാൻ സമയമെടുത്തു. 

വിഭജനം അടിസ്ഥാനമാക്കി ഇന്ത്യയിൽ ആദ്യം റിലീസ് ചെയ്ത സിനിമ 1949ൽ പുറത്തെത്തിയ ലഹോറാണ്. എം.എൽ. ആനന്ദ് സംവിധാനം ചെയ്ത്, നർഗീസും കരൺ ദിവാനും അഭിനയിച്ച സിനിമ. പാക്കിസ്ഥാനിൽ നിന്നെത്തിയതാകട്ടെ മസൗദ് പർവേശ് സംവിധാനം ചെയ്ത് 1950ൽ റിലീസ് ചെയ്ത ബേലി എന്ന സിനിമയും. പിന്നീട് പല സിനിമകളും വിഭജനം കേന്ദ്രവിഷയമാക്കിബോളിവുഡിലുൾപ്പെടെയെത്തി. 

സംഗീത ലോകത്തെയും വിഭജനം പല തരത്തിൽ മാറ്റിമറിച്ചു. ‘എല്ലാ വീടുകളിലും ഒരു കുട്ടിയെങ്കിലും സംഗീതം പഠിച്ചിരുന്നെങ്കിൽ , ഇന്ത്യ ഒരിക്കലും വിഭജിക്കപ്പെടുമായിരുന്നില്ല’ 20–ാം നൂറ്റാണ്ടിൽ പഞ്ചാബിലെ ഏറ്റവും പ്രശസ്തനായ ക്ലാസിക്കൽ സംഗീതജ്ഞൻ ഉസ്താദ് ബഡേ ഗുലാം അലി ഖാൻ വിഭജനത്തെക്കുറിച്ചു പറഞ്ഞതിങ്ങനെയാണ്. 

അവിഭക്ത പഞ്ചാബിൽ താമസിച്ചിരുന്ന ഒട്ടേറെ സംഗീതജ്ഞരാണു വിഭജനത്തിനു പിന്നാലെ പാക്കിസ്ഥാനിലേക്ക്, പ്രത്യേകിച്ച് ലഹോറിലേക്കു കുടിയേറിയത്. അമാനത്ത് അലി ഫത്തേ ഖാൻ, സലാമത് അലി, നസാകത്ത് അലി എന്നിവരെല്ലാം ഉദാഹരണം. പട്യാല ഖരാനയുടെ പിന്തുടർച്ചക്കാരനായിരുന്നു അമാനത്ത്. ഷാം ചൗരസി ഖരാന തലമുറയിലെ അംഗമായിരുന്നു സലാമത്ത് അലിയും നസാകത്ത് അലിയും. 

വിഭജനകാലത്തു പാക്കിസ്ഥാനിലേക്കു പോയ ഉസ്താദ് ബഡേ ഗുലാം അലി ഖാൻ 1957ൽ ഇന്ത്യയിലേക്കു മടങ്ങിയെത്തിയതു മറ്റൊരു ചരിത്രം. ഇന്ത്യൻ പൗരത്വം നേടിയ അദ്ദേഹം മുംബൈയിൽ സ്ഥിരതാമസമാക്കുകയും സംഗീതലോകത്ത് ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. പക്ഷേ, തന്റെ കുടുംബാംഗങ്ങൾ പാക്കിസ്ഥാനിലായതിന്റെ വേദന അദ്ദേഹം ജീവിതാവസാനം വരെ കൊണ്ടുനടന്നു. പാക്കിസ്ഥാനിലും ഇന്ത്യയിലും അതതു രാജ്യത്തെ പൗരനായി 10 വർഷം വീതം താമസിച്ച ശേഷം 1968ലായിരുന്നു അദ്ദേഹത്തിന്റെ മരണം. 

1947ന്റെ തുടക്കത്തിലെ ഒരു രാത്രി. ഡൽഹിയിൽ ഒരു സംഗീത സദസ്സ് നടക്കുന്നു. പ്രശസ്ത സാംരഗി വിദ്വാൻ ഉസ്താദ് ബുൻധു ഖാൻ ‘രാഗ് ദീപക്’ വായിക്കുകയാണ്. ഡൽഹി ഖരാനയുടെ ഭാഗമായ ഹിന്ദുസ്ഥാനി സംഗീതജ്ഞനും ബുൻധു ഖാന്റെ ബന്ധുവുമായ ഉസ്താദ് ചാന്ദ് ഖാൻ ഈ രാഗം അവതരിപ്പിക്കുന്നതിനെ എതിർത്തിരുന്നു. കാരണമുണ്ട്; തീ ജ്വലിപ്പിക്കാൻ ശേഷിയുള്ളതെന്നു വിശേഷിപ്പിക്കപ്പെടുന്നതാണ് ദീപക് രാഗം. മാസങ്ങൾക്കു ശേഷം ലഹള അതിരൂക്ഷമായി. വിഭജനം അനിവാര്യമായി. ചാന്ദ് ഖാൻ സഹോദരനെ പഴിച്ചു ‘ഞാൻ അന്നേ പറഞ്ഞതല്ലേ, ആ അപകടകരമായ രാഗം വായിക്കരുതെന്ന്’. വിഭജനം ഈ കുടുംബത്തെയും വേർപിരിച്ചു. ചാന്ദ് ഖാൻ ഡൽഹിയിൽ തുടർന്നു. ബുൻധു ഖാൻ മക്കൾക്കൊപ്പം പാക്കിസ്ഥാനിലേക്കു കുടിയേറി. 

English Summary: How India-Pakistan partition effect art

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com