ഇതിഹാസ വീഴ്ചകൾ

vinod-kambli-1248
വിനോദ് കാംബ്ലി
SHARE

കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ തനിക്കൊരു ജോലി വേണം എന്ന വെളിപ്പെടുത്തലുമായി മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി കൂപ്പുകൈകളോടെ രംഗത്തെത്തിയത് കായികപ്രേമികളെ ഞെട്ടിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ സമകാലികനും കളിക്കൂട്ടുകാരനുമായ കാംബ്ലിയുടെ കരിയറിന്റെ ആയുസ്സ് കുറവായിരുന്നു എന്നതുമാത്രമല്ല സാമ്പത്തിക തകർച്ചയ്ക്കു വഴിവച്ചത്. അമിതമായ മദ്യപാന ശീലവും സ്ഥിരവരുമാനമില്ലായ്മയും വിവാദങ്ങൾ പിന്തുടർന്നതും കാംബ്ലിയുടെ ജീവിതവും കരിയറും തകർത്തുകളഞ്ഞു. 

കളിക്കളത്തോടു വിടപറഞ്ഞ ശേഷം അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതവും മദ്യത്തിനും ലഹരിമരുന്നിനും അടിപ്പെട്ടതും മൂലം തകർച്ച നേരിട്ട ലോകോത്തര കായികതാരങ്ങൾ വേറെയുമുണ്ട്. 

ഇന്ത്യയുടെ ആദ്യ കീപ്പർ

1932ൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ ലോഡ്സ് മൈതാനത്ത് അരങ്ങേറ്റം കുറിച്ചപ്പോൾ ആദ്യ പന്ത് നേരിട്ടത്  ജനാർദൻ നാവ്‌ലെ എന്ന പുണെക്കാരനാണ്. ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പർ എന്ന ബഹുമതിയും അദ്ദേഹത്തിനു സ്വന്തമാണ്. 65 ഫസ്റ്റ് ക്ലാസ് മൽസരങ്ങളുടെ പിൻബലമുണ്ടായിരുന്നെങ്കിലും തന്റെ രണ്ടാം ടെസ്റ്റോടെ പുറത്തേക്കുള്ള വാതിൽ തുറക്കപ്പെട്ടു. മറ്റൊരു താരത്തിനുവേണ്ടിയാണ് മുപ്പത്തിയൊന്നുകാരനായിരുന്ന നാവ്‌ലെയെ പുറത്താക്കിയത്. ഇതോടെ ജീവിതം വഴിമുട്ടി. പുണെയിലെ ഒരു പഞ്ചസാര ഫാക്ടറിയിൽ കാവൽക്കാരനായി പണിയെടുക്കേണ്ടിവന്ന നാവ്‌ലെയ്ക്ക് തെരുവിൽ ഭിക്ഷ യാചിക്കേണ്ട അവസ്ഥപോലുമുണ്ടായി. 

ന്യൂസീലൻഡിന്റെ ഇതിഹാസതാരം ക്രിസ് കെയ്ൻസ് 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും കളിച്ച്, ക്രിക്കറ്റിനോടു വിടപറഞ്ഞശേഷം ട്രക്ക് ഓടിച്ചും ബസ് ഷെൽട്ടറുകൾ കഴുകി വൃത്തിയാക്കിയുമാണ് ജീവിതമർഗം കണ്ടെത്തിയത്. വാതുവയ്പുമായി ബന്ധപ്പെട്ട് തന്റെ പേര് ഉയർന്നതോടെ കേസുകളിൽപ്പെട്ട ന്യൂസീലൻഡിന്റെ ഹീറോ പെട്ടെന്നാണു സീറോ ആയി മാറിയത്. പാക്കിസ്ഥാൻ ഓഫ് സ്പിന്നർ അർഷദ് ഖാൻ സിഡ്നിയിലേക്കു കുടിയേറിയെങ്കിലും ടാക്സി ഓടിച്ചാണു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിച്ചത്. പിന്നീട് പാക്ക് വനിതാ ടീമിന്റെ ബോളിങ് കോച്ചായി നിയമിക്കപ്പെട്ടു. 

janardan-navle
ജനാർദനൻ നാവ്ലെ

മുൻ ഇംഗ്ലണ്ട് നായകൻ ആദം ഹോളിയോക്ക് 2007ൽ വിരമിച്ചശേഷം ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുക എന്ന മോഹവുമായി പറന്നത് ഓസ്ട്രേലിയയിലേക്കാണ്. 2008ലെ ആഗോള സാമ്പത്തികത്തകർച്ചയോടെ അദ്ദേഹത്തിന്റെ സ്ഥാപനം കടത്തിലേക്കു കൂപ്പുകുത്തി. 2011ൽ അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചു. ജീവിക്കാനായി പിന്നീട് ആയോധനകലയിലേക്കു തിരിയുകയായിരുന്നു. 2018ൽ അഫ്ഗാനിസ്ഥാന്റെ പരിശീലകനായി. വെസ്റ്റിൻഡീസ് താരം റിച്ചഡ് ഓസ്റ്റിൻ അവസാന കാലങ്ങൾ ജമൈക്കയിലെ തെരുവുകളിലാണു കഴിച്ചുകൂട്ടിയത്. വിമത ക്രിക്കറ്റ് പരമ്പരകളോടു സഹകരിച്ചതിനു വിലക്കു നേരിട്ടതോടെ മാനസികമായി തളർന്ന ഓസ്റ്റിൻ മദ്യത്തിൽ അഭയം പ്രാപിക്കുകയും ചെയ്തു. നിരോധനമുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയിലേക്കു പോയ വെസ്റ്റിൻഡീസ് ടീമിലെ താരമായിരുന്നു ഓസ്റ്റിൻ. ഈ ടീമിന്റെ നായകൻ ലോറൻസ് റോവ് അവസാന കാലത്ത് സാമ്പത്തികമായി ഏറെ ക്ലേശിച്ചു. അരങ്ങേറ്റ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചറി നേടിയ ആദ്യ താരമാണ് റോവ്. 

കടക്കാരായ ടെന്നിസ് ഇതിഹാസങ്ങൾ

ലോക ഒന്നാം നമ്പർ താരമായിരുന്ന ജർമനിയുടെ ബോറിസ് ബെക്കർ 16 വർഷത്തിനിടയ്ക്കു നേടിയത് ആറ് ഗ്രാൻ‌ഡ്സ്‌ലാം അടക്കം 49 കിരീടങ്ങളാണ്. 1985 ൽ 17–ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ വിമ്പിൾഡൻ ചാംപ്യനായിരുന്ന ആൾ 2017ൽ  50–ാം വയസ്സിൽ സാമ്പത്തികമായി ഒന്നുമില്ലാത്തവനായി. 2019 ജൂണിൽ ട്രോഫികൾ ലേലത്തിനു വച്ചതോടെയാണു ബെക്കറുടെ കഥ ലോകമറിഞ്ഞത്. നൈജീരിയൻ എണ്ണക്കമ്പനികളിലെ നിക്ഷേപം പാളിയതും നികുതിവെട്ടിപ്പു കേസുകളിൽ കുടുങ്ങിയതും വിവാഹമോചനക്കേസിൽ വൻതുക നഷ്ടപരിഹാരം നൽകേണ്ടി വന്നതുമാണ് ബെക്കറെ കടക്കെണിയിലാക്കിയത്. 45 കോടിയോളം രൂപയുടെ സ്വത്ത് മറച്ചുവച്ചുവെന്നും കടം വീട്ടാൻ ട്രോഫികളും മെഡലുകളും കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നും കാട്ടി ബ്രിട്ടിഷ് കോടതി ഈ വർഷം ഏപ്രിലിൽ രണ്ടര വർഷം തടവും വിധിച്ചു.  

boris-becker
ബോറിസ് ബെക്കർ

വിമ്പിൾഡൻ പുൽത്തകിടിയിൽ വിജയ കാഹളം മുഴക്കി ശീലിച്ച ബ്യോൺ ബോർഗ് (തുടർച്ചയായി അഞ്ച് സിംഗിൾസ് കിരീടങ്ങൾ) 1983ൽ, തന്റെ 26–ാം വയസ്സിൽ റിട്ടയർമെന്റ് പ്രഖ്യാപിച്ചു. കളിക്കളത്തിൽനിന്നും പരസ്യ വരുമാനത്തിൽനിന്നും നേരത്തേതന്നെ കോടികൾ കൊയ്‌ത ബോർഗ് പിന്നീട് ബിസിനസിലേക്ക് എത്തി. എന്നാൽ ആ പണിക്കു താൻ ഒട്ടും ചേരില്ലെന്നു മനസ്സിലാക്കാൻ കാലം ഏറെയെടുത്തില്ല. ഇതിനിടയിൽ വിവാഹമോചനം രണ്ടു തവണ. കടം കുമിഞ്ഞുകൂടി. ബോർഗിനെ തളർത്താൻ ഇതൊക്കെ ധാരാളമായിരുന്നു. വീണ്ടും കളിക്കളത്തിലേക്കു തിരിച്ചെത്തിയെങ്കിലും മുപ്പത്തിനാലു വയസ്സിലെത്തിയ ബോർഗിനെ ഏറെ പ്രശസ്‌തരല്ലാത്തവർ പോലും വീഴ്‌ത്തി. വ്യക്‌തി ജീവിതം പരാജയപ്പെട്ടതുപോലെ കളിക്കളവും അദ്ദേഹത്തിനു നോവുന്ന ഓർമയായി. ബോർഗ് രണ്ടാംവട്ടവും കളം വിട്ടു. 

bjorn-borg
ബ്യോൺ ബോർഗ്

ഇടിക്കൂട്ടിൽനിന്ന് ടൈസൻ താഴേക്ക്

ലോക ഹെവിവെയ്‌റ്റ് ബോക്‌സിങ് അതികായൻ മൈക്ക് ടൈസൻ ബോക്സിങ് റിങ്ങിനകത്തും പുറത്തും സൃഷ്ടിച്ച വിവാദങ്ങൾക്ക് കണക്കില്ല. ഇല്ലായ്മയിൽനിന്നു സമ്പന്നമായ ജീവിതം കെട്ടിയുർത്തിയ ടൈസൻ നേട്ടങ്ങളുടെ പരമ്പര തന്നെ സൃഷ്ടിച്ചു. ഫോം നഷ്‌ടപ്പെട്ടെങ്കിലും ദീർഘകാലം രംഗത്ത് തുടർന്നു. ഒരു മൽസരത്തിനുപോലും കോടികൾ വാങ്ങിയ കാലമുണ്ടായിരുന്നു ടൈസന്. എന്നാൽ വിവാദങ്ങളും ആർഭാടജീവിതവും അദ്ദേഹത്തെ കടക്കാരനാക്കി. 2003ൽ കോടതി പാപ്പരായി പ്രഖ്യാപിച്ചു. ടെലിവിഷൻ ഷോയിലൂടെയും പ്രദർശനമൽസരങ്ങളിലൂടെയും അദ്ദേഹം ജീവിതം തിരിച്ചുപിടിക്കുകയായിരുന്നു. 

mike-tyson
മൈക്ക് ടൈസൻ

ട്രാക്കിൽ നിന്ന് അകന്നവർ

അത്‌ലറ്റിക് ഇതിഹാസങ്ങളായ ജെസി ഓവൻസിന്റെയും ജിം തോർപ്പിന്റെയും വിധിയും മറ്റൊന്നായിരുന്നില്ല. 1936 ബർലിൻ ഒളിംപിക്സിൽ ഹിറ്റ്ലറെപ്പോലും തല താഴ്ത്തിച്ച അമേരിക്കയുടെ ജെസി ഓവൻസ് നേടിയത് നാല് സ്വർണപ്പതക്കങ്ങൾ. അത്‌ലറ്റിക് ട്രാക്കിൽ ഓവൻസ് സ്വന്തമാക്കിയ പെരുമയ്ക്ക് ഇന്നും പകരക്കാരില്ല. എന്നാൽ  കായികരംഗത്തുനിന്നു വിരമിച്ച ഓവൻസിന്റെ  ജീവിതം അത്ര തിളക്കമുള്ളതായിരുന്നില്ല. വർണവിവേചനത്തിന്റെ തിക്തഫലം അനുഭവിച്ച ഓവൻസിനെ അമേരിക്ക പലപ്പോഴും മറന്നു. വേണ്ടത്ര പരിഗണനയോ സഹായങ്ങളോ നൽകാൻ അമേരിക്ക തുനിഞ്ഞില്ല. അമച്വർ പദവി വലിച്ചെറിഞ്ഞ ഓവൻസ് പിന്നീട് കുതിരകൾ, കാറുകൾ എന്നിവയുമായി ഓടി പ്രദർശനങ്ങൾ നടത്തി. കടുത്ത പുകവലിക്ക് അടിമയായി മാറിയ ഓവൻസ് ശ്വാസകോശത്തിലെ അർബുദബാധയെത്തുടർന്ന് 1980 മാർച്ച് 31ന്  അന്തരിച്ചു.

jessy-ovens
ജെസ് ഓവൻസ്

ജിം തോർപ്പ്

1912ലെ സ്റ്റോക്കോം ഒളിംപിക്സിൽ ട്രാക്കിൽനിന്ന് രണ്ടു സ്വർണം നേടി ചരിത്രത്തിന്റെ ഭാഗമായ താരമാണു അമേരിക്കയുടെ ജിം തോർപ്പ്. നേരത്തെ  പ്രഫഷനൽ ബേസ്ബോൾ കളിച്ചു എന്നൊരു പത്രറിപ്പോർട്ട് വിവാദമായതിനെത്തുടർന്ന് എതിർപ്പുയർന്നു. പ്രഫഷനൽ താരങ്ങൾ ഒളിംപിക്സിൽ പങ്കെടുക്കാൻ പാടില്ല എന്ന അന്നത്തെ നിയമം പാവം തോർപ്പിന് അറിയില്ലായിരുന്നു. പിന്നീട് പ്രഫഷനൽ സ്പോർട്സിനോട് വിടചൊല്ലി. അപ്പോൾ പ്രായം 41. ഇതോടെ പല ജോലികൾ ചെയ്തു ജീവിതം മുന്നോട്ടു നീക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട അവസാന കാലങ്ങളിൽ മദ്യത്തിന് അടിമയായി. തുടർന്ന് ആരോഗ്യം മോശമായി. ഇതിനിടയ്‌ക്ക് കാൻസറും പിടിപെട്ടു. 1953ൽ കലിഫോർണിയയിലെ ലോമിറ്റയിൽ തോർപ്പ് എന്ന ഇതിഹാസം അന്തരിച്ചു. 

jim-thorp
ജിം തോർപ്പ്

ഗോദ വിട്ട് കടം കയറി

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ  വ്യക്തിഗത ഒളിംപിക് മെഡൽ ജേതാവായിരുന്നിട്ടും ജീവിതത്തിലും ഓർമകളിലും അവഗണനമാത്രം നേരിട്ട കായികതാരമാണ്കെ.ഡി. ജാദവ്. 1952 ഹെൽസിങ്കി ഒളിംപിക്‌സിൽ ഫ്രീസ്‌റ്റൈൽ ബാന്റംവെയ്റ്റ് ഗുസ്‌തിയിൽ (57 കിലോഗ്രാം വിഭാഗം) വെങ്കല മെഡൽ കഴുത്തിലണിഞ്ഞ ജാദവ് മഹാരാഷ്‌ട്രയിലെ കാരാഡ് ഗ്രാമത്തിലെ നിർധന കുടുംബത്തിലാണു പിറന്നത്. ബിരുദധാരിയായ ജാദവിന് 1955ലാണു ജോലി ലഭിക്കുന്നത്. 1983ൽ അസിസ്‌റ്റന്റ് കമ്മിഷണറായി വിരമിച്ച ജാദവ് പെൻഷനുവേണ്ടി ഏറെ അലഞ്ഞു. ജീവിതാന്ത്യം പട്ടിണിയിലായിരുന്നു.  

k-d-javed
കെ.ഡി.ജാവേദ്

തൊട്ടടുത്ത വർഷമുണ്ടായ ട്രക്ക് അപകടത്തിലാണ് മരണം. ആജീവനാന്ത സംഭാവന വിഭാഗത്തിലുള്ള അർജുന പുരസ്കാരം 2001ൽ മാത്രമാണ് അദ്ദേഹത്തെ തേടിയെത്തിയത്. 2017ൽ കെ.ഡി. ജാദവിന്റെ ഒളിംപിക് വെങ്കലം കുടുംബാംഗങ്ങൾ ലേലം ചെയ്യാൻ  ഒരുങ്ങിയതും വാർത്തയായിരുന്നു. 

ഗുസ്തി അക്കാദമി തുടങ്ങാൻ മഹാരാഷ്ട്ര സർക്കാർ പണം അനുവദിച്ചെങ്കിലും നടപടി  ആകാത്തതിനെത്തുടർന്നാണ് മെഡൽ ലേലം ചെയ്യാൻ തയാറായത്.  

ഫുട്ബോൾ ആരവമില്ലാതെ ഗാരിഞ്ചയും ബെസ്റ്റും

പെലെയുടെ സമകാലികനായ മാന്വൽ ദോസ് സാന്റോസ് ഫ്രാൻസിസ്‌കോ എന്ന ഗാരിഞ്ച (1933–83)  ബ്രസീലിനെ രണ്ടു ലോകകിരീടങ്ങൾ (1958, 62)  ചൂടിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഗാരിഞ്ച പെലെയൊടൊപ്പം ചേർന്നപ്പോഴെല്ലാം ബ്രസീൽ ലോകഫുട്ബോളിന്റെ നെറുകയിലായിരുന്നു. ഗാരിഞ്ചയ്ക്കു കുട്ടിക്കാലത്ത് പോളിയോയൊടൊപ്പം പോരാടേണ്ടിവന്നതു കടുത്ത ദാരിദ്ര്യത്തോടുമാണ്. പിതാവിന്റെ അമിത ലഹരി ഉപയോഗം കുടുംബത്തെ കണ്ണീരിലാഴ്ത്തി. ആ സാഹചര്യങ്ങളെ മറികടന്നായിരുന്നു ഗാരിഞ്ചയുടെ വിജയങ്ങൾ. എന്നാൽ കളത്തിനുപുറത്തു ഗാരിഞ്ചയും മോശമായിരുന്നില്ല. കടുത്ത മദ്യപാനി,  ലഹരിക്ക് അടിപ്പെട്ട് ഉണ്ടായ നിരവധി റോഡപകടങ്ങൾ. വിവിധ ബന്ധങ്ങളിൽനിന്നായി ആകെ 14 കുട്ടികൾ.  മാനസികമായും സാമ്പത്തികമായും തകർന്ന ഗാരിഞ്ച കരൾ രോഗത്തെത്തുടർന്ന് മരിച്ചു.

garinja
ഗാരിഞ്ച

ജോർജ് ബെസ്‌റ്റ്  പെലെയും മറഡോണയും കഴിഞ്ഞാൽ തങ്കലിപികളിൽ എഴുതപ്പെടേണ്ട പേരാണ്.. ഫുട്‌ബോളിലെ ‘മുടിയനായ പുത്രൻ’ എന്ന പേരു ചാർത്തിക്കിട്ടിയ ബെസ്‌റ്റ് പക്ഷേ ഫുട്‌ബോളിൽ എന്നും ‘ബെസ്‌റ്റ്’ തന്നെയായിരുന്നു. 1970കളിൽ ഫുട്‌ബോൾ ഗാലറികളെ ആവേശംകൊള്ളിച്ച ഈ താരം പക്ഷേ കളത്തിനു പുറത്ത് നല്ല പേരുകേൾപ്പിച്ചില്ല. മദ്യപാനവും ചൂതാട്ടവും അടക്കം സ്വകാര്യജീവിതത്തിലെ പാകപ്പിഴകൊണ്ടു പലതവണ വാർത്തകളിൽ നിറഞ്ഞ ബെസ്‌റ്റ്, ധൂർത്തുകൊണ്ടും ലഹരി ഉപയോഗംമൂലവും സാമ്പത്തികമായി തകർന്നു. എങ്ങനെ കടക്കാരനായി എന്ന ചോദ്യത്തിന് മദ്യം, വേഗക്കാറുകൾ, മറ്റ് ‘ഇഷ്ടങ്ങൾ’ എന്നിവയ്ക്കായി പണം ഏറെ ചെലവഴിച്ചു എന്നായിരുന്നു മറുപടി.   2005 നവംബർ 25നാണ് ബെസ്‌റ്റ് മരിച്ചത്.

English Summary: Story of the players who lost their lives due to various reasons after saying goodbye to the playing field

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}