രക്ത നക്ഷത്രം വഹിക്കുന്ന കഴുകൻ

HIGHLIGHTS
  • യുഎസ് രഹസ്യാന്വേഷണ സംഘടന സിഐഎ സ്ഥാപിതമായിട്ട് 75 വർഷം
central-agency-us
Logo
SHARE

ജാഗരൂകനായി ഇരിക്കുന്ന ഒരു കഴുകൻ, അതിനു താഴെ അനേകം ബിന്ദുക്കളിലേക്കു വിടർന്ന രക്തവർണമുള്ള ഒരു നക്ഷത്രം. ഈ മുദ്ര അത്ര പരിചിതമായിരിക്കില്ലെങ്കിലും ഇതടയാളപ്പെടുത്തുന്ന സ്ഥാപനത്തെ അറിയാത്തവർ ലോകത്തു ചുരുക്കം. ആ സ്ഥാപനമാണു സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അഥവാ സിഐഎ. പ്രസിദ്ധിയും കുപ്രസിദ്ധിയും സങ്കീർണതകളുമൊത്തുചേർന്ന അമേരിക്കയുടെ രഹസ്യാന്വേഷണസംഘടന. മുദ്രയിലെ ചുവന്ന നക്ഷത്രം ലോകത്ത് പലസ്രോതസ്സുകളിൽ നിന്നു വിവരം ശേഖരിച്ചു ക്രോഡീകരിക്കുന്ന, സിഐഎയുടെ അടിസ്ഥാനധർമത്തിന്റെ സൂചകമാണെന്ന് വിദഗ്ധർ പറയുന്നു. സംഘടന രൂപീകരിച്ചിട്ട് ഇന്ന് 75 വർഷം തികയുകയാണ്.

പേൾ ഹാർബർ നൽകിയ പിറവി

രണ്ടാം ലോകയുദ്ധകാലമാണു സിഐഎയുടെ പിറവിക്കു വഴിവച്ചത്, ശീതയുദ്ധകാലം സംഘടനയെ വളർത്തി. 1941ൽ യുഎസ് നാവികത്താവളമായ പേൾ ഹാർബറിൽ ജപ്പാൻ  നടത്തിയ ആക്രമണം മുൻകൂട്ടിയറിയുന്നതിൽ അമേരിക്കൻ പ്രതിരോധമേഖല പരാജയപ്പെട്ടതാണു സ്വന്തമായി മികവുറ്റ രഹസ്യാന്വേഷണ സംഘടന വേണമെന്ന ചിന്തയിലേക്ക് രാജ്യത്തെ നയിച്ചത്. അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ് ഇതിനായി യുദ്ധവീരൻ ജനറൽ വില്യം ഡൊണോവനെ ചുമതലപ്പെടുത്തി.

ഓഫിസ് ഓഫ് സ്ട്രാറ്റജിക് സർവീസസ് (ഒഎസ്എസ്) എന്നായിരുന്നു അപ്രകാരം രൂപീകരിച്ച സംഘടനയുടെ പേര്. ലോകയുദ്ധം കഴിഞ്ഞ ശേഷം ആവശ്യമില്ലെന്നു പറഞ്ഞ് പ്രസിഡന്റ് ഹാരി ട്രൂമാൻ ആ സംഘടന പിരിച്ചുവിട്ടു. എന്നാൽ താമസിയാതെ സോവിയറ്റ് യൂണിയനുമായി ശീതയുദ്ധം തുടങ്ങിയതോടെ ‌രഹസ്യ സംഘം പുനരാരംഭിക്കാനുള്ള നടപടി തുടങ്ങി.1947ൽ ഒഎസ്എസിന്റെ പിൻഗാമിയായി സിഐഎ സ്ഥാപിതമായി.

afghan
അഫ്ഗാനിസ്ഥാൻ വിട്ടുപോകുന്ന സോവിയറ്റ് സൈന്യം( 1989)

സാഹസിക വിജയങ്ങൾ

75 വർഷം നീണ്ട പ്രവർത്തനകാലയളവിൽ അതിസാഹസികവും ലോകത്തെ ഞെട്ടിച്ചതുമായ ദൗത്യങ്ങൾ സിഐഎ ഏറ്റെടുത്തിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രശസ്തമാണ് പ്രോജക്ട് അസോറിയൻ. 1968ൽ ഹവായിക്കു സമീപം അണുവായുധശേഷിയുള്ള കെ–129 എന്ന സോവിയറ്റ് മുങ്ങിക്കപ്പൽ മുങ്ങി. ഈ കപ്പൽ വീണ്ടെടുക്കാൻ സോവിയറ്റ് യൂണിയൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. 16,500 അടിയി താഴെയായിരുന്നു കപ്പൽ.

കപ്പൽ വീണ്ടെടുത്താൽ നൂതന സോവിയറ്റ് നാവിക സാങ്കേതികവിദ്യകൾ പഠിക്കാൻ തങ്ങൾക്കു സാധിക്കുമെന്ന് സിഐഎ വിലയിരുത്തി. സമുദ്രഗവേഷകരെന്ന വ്യാജേന മേഖലയിൽ നിലയുറപ്പിച്ച സിഐഎ സംഘം നാലുവർഷം നീണ്ട അധ്വാനത്തിനൊടുവിൽ കപ്പൽ പൊക്കിയെടുത്തു.

ഇറാനിൽ 1953ൽ പ്രധാനമന്ത്രി മുഹമ്മദ് മുസാദിഖിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ സർക്കാരിനെ പുറത്താക്കുന്നതിലും സിഐഎ വിജയിച്ചു. ഓപ്പറേഷൻ അജാക്സ് എന്നാണ് ഈ ദൗത്യം അറിയപ്പെടുന്നത്.  തൊട്ടടുത്ത വർഷം, ലാറ്റിൻ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ പ്രസിഡന്റ് ജാക്കോബോ അർബെൻസിനെ പുറത്താക്കി കാർലോസ് അർമാസിന്റെ ഏകാധിപത്യ വാഴ്ചയ്ക്കു തുടക്കമിട്ട സൈനിക അട്ടിമറിക്കു പിന്നിലും സിഐഎ ആയിരുന്നു.

1973ൽ ചിലെയിലും അട്ടിമറിക്കു സിഐഎ പിന്തുണ നൽകി. എൺപതുകളിൽ സോവിയറ്റ് യൂണിയനെതിരെ അഫ്ഗാനിസ്ഥാനിൽ നടന്ന  പ്രക്ഷോഭങ്ങളിൽ സിഐഎയുടെ സഹായം വലിയൊരു ഘടകമായിരുന്നു. സമ്മർദമേറിയതോടെ സോവിയറ്റ് യൂണിയന് അഫ്ഗാൻ വിട്ടു പോകേണ്ടിവന്നു

അൽഖായിദ തലവൻ ബിൻ ലാദനെ വധിച്ചത് നേവി സീൽസാണെങ്കിലും വിവരശേഖരണവും പദ്ധതി തയാറാക്കലും നടത്തിയത് സിഐഎ ആയിരുന്നു.

പാളിച്ചകൾ

ഇതേ സമയം തന്നെ സിഐഎ അമ്പേ പരാജയപ്പെട്ട ദൗത്യങ്ങളുമുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് 1961ലെ ബേ ഓഫ് പിഗ്സ് മുന്നേറ്റം. ക്യൂബയിലെ ഫിദൽ കാസ്ട്രോ സർക്കാരിനെ അട്ടിമറിക്കാൻ വിമതരെ ഉപയോഗിച്ച് നടത്തിയ ഈ നീക്കം പൊളിഞ്ഞു.ഫിദൽ കാസ്ട്രോ സിഐഎയ്ക്ക് എന്നുമൊരു ബാലികേറാമലയായി നിന്നു. പല തവണ  വധിക്കാൻ പദ്ധതിയൊരുക്കിയെങ്കിലും എല്ലാറ്റിൽ നിന്നും അദ്ഭുതകരമായി കാസ്ട്രോ രക്ഷപ്പെട്ടു. സിഗാറിൽ വിഷം വച്ചുകൊല്ലാനും പ്രതിച്ഛായ ഇടിക്കാൻ താടി കൊഴിയ‌ു‌‌‌‌‌‌ന്ന മരുന്ന് കാസ്ട്രോയ്ക്കു നൽകാനുമൊക്കെ സിഐഎ തുനിഞ്ഞെങ്കിലും എല്ലാം പാളി.

cia
വേൾഡ് ട്രേഡ് സെന്റർ ആക്രമണം (2001)

1999ൽ സിഐഎ കൊടുത്ത ഇന്റലിജൻസ് വിവരങ്ങൾ പാളിയതിനെത്തുടർന്ന് യൂഗോസ്ലാവിയയിലെ ചൈനീസ് എംബസി നാറ്റോ അബദ്ധത്തിൽ ബോംബിട്ടു തകർത്തത് സംഘടനയ്ക്ക് നാണക്കേടുണ്ടാക്കി.

2001 സെപ്‌റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിൽ പങ്കാളികളായ 3 വിമാനറാഞ്ചികളെപ്പറ്റി 20 മാസംമുമ്പേ സിഐഎയ്‌ക്കു വിവരം ലഭിച്ചെങ്കിലും അതു മറ്റു രഹസ്യാന്വേഷണ ഏജൻസികൾക്കു കൈമാറാഞ്ഞതിനാൽ ഗൂഢാലോചന തകർക്കാൻ കഴിഞ്ഞില്ലെന്നതും വലിയ പാളിച്ചയായി മാറി.

വിമർശനങ്ങൾ

മറ്റു രാജ്യങ്ങളിലെ നിയമങ്ങൾ കാറ്റിൽ പറത്തി ആളുകളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുക, ശാരീരിക മാനസിക പീഡനങ്ങൾ ഏൽപിക്കുക, മനുഷ്യാവകാശ ധ്വംസനവും ചൂഷണവും നടത്തുന്ന സംഘങ്ങളെ സ്വന്തം താൽപര്യങ്ങൾക്കായി പിന്തുണയ്ക്കുക തുടങ്ങി പല ആരോപണങ്ങളും സിഐഎയ്ക്കെതിരെ പലകാലങ്ങളിൽ ഉയർന്നിട്ടുണ്ട്.ഭീകരരെ ചോദ്യം ചെയ്യുന്നതിനിടെ സിഐഎ മർദനമുറകൾ സ്വീകരിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് 2007ൽ നിരോധിച്ചു.

അമേരിക്കൻ ചരിത്രത്തിലെ ഞെട്ടിക്കുന്ന ഏടായ ജോൺ എഫ്. കെന്നഡി വധത്തിൽ സിഐഎ ആരോപണവിധേയരായിരുന്നു. ക്യൂബൻ വിമതരെ ഉപയോഗിച്ചാണു കെന്നഡിയെ കൊന്നതെന്ന് ക്യൂബൻ ജനറൽ ഫാബിയോ എസ്‌കലാന്റെ 1995ൽ ആരോപിച്ചിരുന്നു.

2012ൽ സിഐഎ തലവൻ ഡേവിഡ് പെട്രയസ് ലൈംഗികാപവാദക്കേസിൽ രാജിവച്ചത് സംഘടനയെ വല്ലാതെ ഉലച്ചു. യുഎസിലെ ഏറ്റവും വലിയ തന്ത്രജ്ഞൻമാരിലൊരാളായിരുന്നു പെട്രയസ്. 

English Summary: How intelligent is Central Intelligence Agency? CIA’s spotty record of 75 years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}