ADVERTISEMENT

1400 മൈൽ അകലെ രണ്ടു ജയിലുകളിലായി കഴിഞ്ഞ ഒരു തടവുകാരനും തടവുകാരിയും ഹൃദയങ്ങൾ കൈമാറി. ദക്ഷിണാഫ്രിക്കയിൽ യുഗപ്രഭാവനായ മണ്ടേലയുടെ ആത്മസുഹൃത്തുക്കൾ ആയിരുന്ന അഹമ്മദ് കത്രാട എന്ന ഇന്ത്യൻ വംശജനും ബാർബറ ഹൊഗൻ എന്ന ബ്രിട്ടിഷ് വംശജയും.

ബാർബറ, നീ എവിടെയാണ്? നിന്റെ കാൽപനികഭാവം അറിയുന്നവർ പറയും. ‘സാഗര സംഗീതം ആസ്വദിച്ച് നീ കടൽത്തീരത്തു സ്വപ്നാടകയെപ്പോലെ നടക്കുന്നുണ്ടാകാം’.

നീണ്ട പത്തുവർഷം നീ രാഷ്ട്രീയ തടവുകാരിയായി ഇരുണ്ട ജയിൽ മുറിയിൽ കിടന്നപ്പോഴും തീവ്രദുഃഖവും ദുരന്തവും നീ മധുരമാക്കി മാറ്റി. 

കറുത്തവരുടെ ഉയിർത്തെഴുനേൽപ്പു സ്വപ്നം കണ്ട മനുഷ്യസ്നേഹി. കത്രാടയെന്ന പോരാളിയെ നേരിൽ കാണാതെ പ്രണയിച്ചു.! വെള്ളക്കാരുടെ കോടതിയിൽ കറുത്ത വർഗക്കാർക്കു വേണ്ടി ബാർബറയുടെ വാദം വായിച്ചാണ് കത്രാടയുടെ മനസ്സിൽ പ്രണയം മൊട്ടിട്ടത്. ഒരു പക്ഷേ ആ വാദമായിരുന്നു അവരുടെ ആദ്യ പ്രേമലേഖനം.

അത്യപൂർവമായ ഭാഗ്യമാണു ബാർബറയ്ക്കു ലഭിച്ചത്. യുഗപ്രഭാവനായ നെൽസൺ മണ്ടേലയോടൊപ്പം രാഷ്ട്രീയത്തിൽ തുടർന്നു പ്രവർത്തിക്കാൻ കഴിഞ്ഞു. ബാർബറ ആനി ഹൊഗൻ എന്നു മുഴുവൻ പേര്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച ബ്രിട്ടിഷ് വംശജ. 

വിദ്യാർഥി ആയിരുന്നപ്പോൾതന്നെ ബ്രിട്ടിഷ് കോളനി ഭരണകൂടത്തെ അലോസരപ്പെടുത്തി. കറുത്തവരെ അകറ്റിനിർത്തിയ വർണവിവേചനത്തിന് എതിരെ നാട്ടുകാരായ കറുത്തവർ നടത്തിയ പോരാട്ടങ്ങളിൽ വെള്ളക്കാരിയുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 1977ൽ ബാർബറ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിൽ ചേർന്ന് ഒളിവിൽ കഴിഞ്ഞുകൊണ്ട് പാർട്ടിയെ പിന്തുണച്ചു. 1960 മുതൽ 1990 വരെ പാർട്ടി നിരോധിക്കപ്പെട്ടിരുന്നു. 1980 മുതൽ അവർ പ്രിറ്റോറിയ ജയിലിലായി. ദക്ഷിണാഫ്രിക്കയിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ എത്തിയ ആദ്യത്തെ വെള്ളക്കാരിയാണു ബാർബറ. 

മണ്ടേലയോടൊപ്പം

ബാർബറയെക്കുറിച്ച് സുഹൃത്ത് അഹമ്മദ് കത്രാട പറഞ്ഞ് മണ്ടേലയും കേട്ടിരുന്നു. ഇന്ത്യൻ വംശജനായ കത്രാട ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ മുൻനിര നേതാവായിരുന്നു. ജൊഹാനസ്ബർഗിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 1962ൽ ഒളിവിൽ കഴിയവേ മണ്ടേലയോടൊപ്പമാണ് അദ്ദേഹത്തെ  അറസ്റ്റ് ചെയ്തത്. ഇരുവരും കുപ്രസിദ്ധമായ റോബൻ ദ്വീപ് ജയിലിലായിരുന്നു എകാന്ത തടവിൽ കഴിഞ്ഞിരുന്നത്.

ആദ്യകാലങ്ങളിൽ വെള്ളക്കാരായ ജയിൽ വാർഡർമാർ മണ്ടേലയെയും മറ്റു നേതാക്കളെയും മർദിച്ച് ആത്മസംതൃപ്തി നേടി. ‘കറുത്തവരെ അടിച്ചമർത്തുക’ – അതായിരുന്നു  അവർക്കു ലഭിച്ച നിർദേശം. അറ്റ്ലാന്റിക് സമുദ്രത്തിലെ റോബൻ ദ്വീപ് ജയിൽ അങ്ങനെ കുപ്രസിദ്ധി നേടി. 

ദക്ഷിണാഫ്രിക്കയിൽ ജനാധിപത്യം സ്ഥാപിച്ച് കറുത്തവനായ ആദ്യത്തെ ഭരണാധികാരി മണ്ടേല സ്ഥാനമേറ്റതിനു ശേഷമാണു ജയിലിലെ ഭീകരാവസ്ഥ വെളിച്ചത്തു വന്നത്. ഇന്നു ജയിൽ ചരിത്ര മ്യൂസിയമാണ്. 

ജയിൽ മോചിതനായ ശേഷം ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ ജൊഹാനസ്ബർഗിലുള്ള ഓഫിസിൽവച്ചാണ് ബാർബറ ആദ്യമായി നെൽസൺ മണ്ടേലയെ കാണുന്നത്. അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം അവരെ ആഴത്തിൽ സ്വാധീനിച്ചു. ബാർബറയ്ക്കു പാർട്ടി ഓഫിസിൽ ചില പ്രധാന ചുമതലകൾ നൽകി. ക്രമേണ പാർട്ടിയിൽ ഉന്നത സ്ഥാനങ്ങൾ ലഭിച്ചു. വർണ വിവേചനത്തിനെതിരെ അവർ സന്ധിയില്ലാ സമരം നടത്തി. 

മണ്ടേലയുടെ ആത്മസുഹൃത്തും ഇന്ത്യൻ വംശജനുമായ കത്രാടയെ ബാർബറ വിവാഹം കഴിച്ചു. ഇരുവരും ജയിൽ മോചിതരായി നാലു വർഷങ്ങൾക്കു ശേഷമായിരുന്നു വിവാഹം. അപ്പോൾ കത്രാടയ്ക്കു വയസ്സ് 64. ബാർബറയ്ക്കു 42. തടവറയിൽ മൊട്ടിട്ട അനുരാഗത്തിന്റെ കാൽപനിക കഥയാണത്. 

കോടതിയിലെ പ്രകമ്പനം

1980ൽ പ്രിറ്റോറിയയിലെ വെള്ളക്കാരൻ ജഡ്ജിയാണു ബാർബറയെ  തടവിനു ശിക്ഷിച്ചത്. ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടിഷ് കോളനി വാഴ്ച അട്ടിമറിക്കാൻ മറ്റുള്ള പ്രവർത്തകരുമായി കൂടിയാലോചന നടത്തിയതായിരുന്നു കുറ്റം.   കോടതിയിൽ വിചാരണ നടക്കുകയാണ്.   വിധി പറയും മുൻപ് ജഡ്ജി കോടതി മുറിയിൽ ഇരുന്ന് ബാർബറയോടു ചോദിച്ചു. ‘എന്തെങ്കിലും പറയാനുണ്ടോ?’ പ്രതിക്കൂട്ടിൽ നിന്നുകൊണ്ട് ബാർബറ പറഞ്ഞു.

‘കറുത്തവരായ നാട്ടുകാർക്കു സ്വാതന്ത്ര്യം നേടിക്കൊടുക്കാനും ജനാധിപത്യം സ്ഥാപിക്കാനും ഞാൻ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിൽ ചേർന്നു പ്രവർത്തിച്ചു. ഞാൻ ഇനിയും പോരാടും. കോടതി ശിക്ഷിച്ചതുകൊണ്ട് എന്റെ സമരവീര്യം ഉന്മൂലനം ചെയ്യാൻ കഴിയില്ല. ശിക്ഷ ഞാൻ അവഗണിക്കുന്നു.’

വെള്ളക്കാരിയായ യുവതി, വെള്ളക്കാരുടെ ഭരണത്തിന് എതിരെ മുഴക്കിയ ശബ്ദം കോടതിയുടെ നാലു ചുവരുകൾക്കുള്ളിൽ തട്ടി പ്രതിധ്വനിച്ചു. അതു ലണ്ടനിലെ ഭരണാധികാരികളെ രോഷം കൊള്ളിച്ചു. 

kathrada-mandela
നെൽസൺ മണ്ടേല, കത്രാട

ആ ശബ്ദം ചരിത്രത്തിന്റെ ഭാഗമായി. ജഡ്ജി വിധി എഴുതി: ബാർബറയ്ക്കു പത്തുവർഷം തടവ്. 

1400 മൈലുകൾ താണ്ടിയ പ്രണയലേഖനം

ബാർബറ പ്രിറ്റോറിയ ജയിലിലായിരുന്നു. അവിടെനിന്ന് 1400 മൈലുകൾ അകലെയായി റോബൻ ദ്വീപ് ജയിലിലായിരുന്നു കത്രാട. മണ്ടേലയുടെ അടുത്ത മുറി.

ജയിലിൽ എത്തിയ ശേഷം അവർ സുഹൃത്തുക്കൾവഴി പരസ്പരം അറിഞ്ഞു. അതാണു തടവറയിൽ കിടന്നുള്ള അനുരാഗത്തിനു വഴിയൊരുക്കിയത്. ജയിൽ മോചിതരായ ശേഷമാണ് അവർ ആദ്യമായി നേരിൽ കാണുന്നതും സംസാരിക്കുന്നതും. 

അഭിനന്ദനം മാത്രം

ബാർബറയെക്കുറിച്ചും അവരുടെ ജയിലിൽ ഉൾപ്പെടെയുള്ള ചെറുത്തു നിൽപ്പിനെക്കുറിച്ചും 1982 ഓടെയാണ് കത്രാട ആദ്യമായി കേട്ടത്. തന്റെ സുഹൃത്തായ ഒരു അഭിഭാഷകൻ കത്രാടയെ ജയിലിൽ സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം ആദ്യമായി അറിഞ്ഞത്. വളരെ വിസ്മയത്തോടെ കത്രാട അതു കേട്ടു.

‘ആരാണ് ഈ കരുത്തുള്ള യുവതി? എന്റെ അഭിനന്ദനം അറിയിക്കുക’ അദ്ദേഹം സൂഹൃത്തിനോടു പറഞ്ഞു. അഭിഭാഷകനു പരിചയമുള്ള വാർഡർമാർ പ്രിറ്റോറിയ ജയിലിൽ ഉണ്ടായിരുന്നു. അവർ വഴി കത്രാടയുടെ അഭിനന്ദനം ബാർബറയെ അറിയിച്ചു.തനിക്കു ജയിലിൽ കിട്ടിയ അഭിനന്ദനം ബാർബറയെ ത്രസിപ്പിച്ചു. കറുത്തവരെ അനുകൂലിച്ച് ബാർബറ കോടതിയിൽ നൽകിയ പ്രതികരണം ജഡ്ജി രേഖപ്പെടുത്തിയതിന്റെ പകർപ്പ് കത്രാടയുടെ അഭിഭാഷകൻ നൽകി. അതു പലതവണ കത്രാട വായിച്ചു. ബാർബറയുടെ ധീരമായ നിലപാട് അദ്ദേഹത്തെ വിസ്മയിപ്പിച്ചു. ഒരു യുവ വാർഡൻ സ്ഥലംമാറി പ്രിറ്റോറിയ ജയിലിലേക്കു പോയപ്പോൾ തന്റെ സന്ദേശം ബാർബറയെ അറിയിക്കാൻ കത്രാട ചുമതലപ്പെടുത്തി.  രണ്ടു വിദൂര ജയിലുകളിൽ കിടന്നവർ അങ്ങനെ ഹൃദയങ്ങൾ കൈമാറി. ക്രമേണ അതു തീവ്ര അനുരാഗമായി. കാണാൻ കഴിഞ്ഞിരുന്നില്ലെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ഹൃദയബന്ധത്തിന്റെ ആഴം കൂടി.

മോചനത്തിനു ശേഷം

1990ൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ നിരോധനം പിൻവലിച്ചിട്ടും പാർട്ടി പ്രവർത്തകരെ പൊലീസ് അനാവശ്യമായി ശല്യപ്പെടുത്തി. പാർട്ടി ഓഫിസുകൾ റെയ്ഡു ചെയ്തു. അപ്പോഴെല്ലാം പൊലീസിന്റെ നിയമവിരുദ്ധ നടപടികളെ ധീരമായി ബാർബറ നേരിട്ടു. ക്രമേണ പൊലീസിനു പിൻമാറേണ്ടി വന്നു.

മണ്ടേലയും ബാർബറയും മോചിതരാകുന്നതിന് ഒരു വർഷം മുമ്പുതന്നെ കത്രാടയെ മോചിപ്പിച്ചിരുന്നു. ബാർബറയുടെ മോചനം നടക്കുന്നുവെന്നതു കത്രാട അറിഞ്ഞു. ആ ദിവസത്തിനായി അദ്ദേഹം ആകാംക്ഷയോടെ കാത്തിരുന്നു. 1990 ഫെബ്രുവരി എട്ടിനു ബാർബറ മോചിതയായി. മൂന്നു ദിവസത്തിനു ശേഷം കത്രാടയും ബാർബറയും ആദ്യമായി നേരിൽക്കണ്ടു. അവർ കൈകോർത്തു നിന്നു സംസാരിച്ചു.ജൊഹാനസ് ബർഗിൽ സൗത്ത് ആഫ്രിക്കൻ ബ്രോ‍ഡ്കാസ്റ്റിങ് കോർപറേഷന്റെ ഓഫിസ് ആയിരുന്നു വേദി. 

തിരക്കിട്ട പ്രണയം

ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ ഓഫിസിൽ മണ്ടേലയോടൊപ്പം തിരക്കിട്ട ജോലികളിൽ ഇരുവരും പങ്കാളികളായി. ഈ അവസരത്തിൽ പ്രണയം തീവ്രമായി. ഒരുമാസം കഴിഞ്ഞപ്പോൾ മണ്ടേല ലണ്ടൻ പര്യടനത്തിനു പോയി. അതിൽ കത്രാടയെയും ബാർബറയെയും ഉൾപ്പെടുത്തി.  ഈ യാത്രയോടെ അവർ ഒരുമിക്കാൻ തീരുമാനമെടുത്തു. ലണ്ടനിൽ പലയിടങ്ങളിലും മണ്ടേലയ്ക്ക് ഉജ്വല സ്വീകരണങ്ങൾ ലഭിച്ചു. ലണ്ടൻ 

യൂണിവേഴ്സിറ്റിയിൽ നിന്നുകൂടി നിയമ ബിരുദം നേടിയിട്ടുള്ള മണ്ടേലയെ കാണാൻ യൂണിവേഴ്സിറ്റി വിദ്യാർഥികളും കൂട്ടമായി എത്തിയിരുന്നു. റോബൻ ദ്വീപ് ജയിലിൽ കിടന്നാണു മണ്ടേല പോസ്റ്റൽ ട്യൂഷൻ വഴി നിയമ ബിരുദമെടുത്തത്.പിന്നീട് ബാർബറ പാർട്ടിയുടെ ജൊഹാനസ്ബർഗ് പ്രാദേശിക സെക്രട്ടറിയായി ചുമതലയേറ്റു.1994 ൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ മണ്ടേലയും കത്രാടയും എംപിമാരായി. ബാർബറയും പിന്നീടു തിരഞ്ഞെടുപ്പിൽ മത്സരിച്ചു. 2008 മുതൽ 2010 വരെ അവർ മന്ത്രിയായി.1994 ൽ കത്രാടയും ബാർബറയും തമ്മിലുള്ള വിവാഹം നടന്നു. 2017 മാർച്ചിലാണു കത്രാട അന്തരിക്കുന്നത്. 

ബാർബറ– കത്രാട പ്രണയ പോരാട്ട കഥ പൂരിപ്പിക്കുവാനായി ബാർബറയെ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചു. കിട്ടിയ ഫോൺ നമ്പറുകളിലോ മെയിലിലോ പ്രതികരിച്ചില്ല. എവിടെയാണെന്നു പോലും അറിയാൻ കഴിഞ്ഞില്ല.  ഒരിക്കൽ പോലും കാണാതെ രണ്ടു ജയിലുകളിൽ ഇരുന്നു പ്രണയിച്ചു എന്നും വിവാഹിതരായി എന്നും മാത്രമേ നമുക്കറിയൂ. സിനിമയെ വെല്ലുന്ന പ്രണയ കഥയുടെ ഏടുകൾ ആ അപൂർവ വ്യക്തികൾ ലോകത്തോട് വിളിച്ചു പറയാൻ ആഗ്രഹിക്കുന്നുണ്ടാവില്ല. ബാർബറ നീ എവിടെ എന്ന് ചോദിക്കാനേ നമുക്കിപ്പോൾ കഴിയൂ.

English Summary: Love story of Ahmed Kathrada and Barbara Hogan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com