ADVERTISEMENT

ലോക്‌‌‍ഡൗൺ കാലത്തെ മാനസിക പിരിമുറുക്കം ഒരു ഫൊട്ടോഗ്രഫർ മറികടന്ന വഴിയാണിത്. നിളാതീരത്തേക്ക് ദിവസവും ചെല്ലുക. പുഴയുടെ പല ഭാവങ്ങൾ പകർത്തുക. മുഹമ്മദ് സഫി എന്ന ഫ്രീലാൻസ് ഫൊട്ടോഗ്രഫർ പുഴയ്ക്ക് അരികിലൂടെ ഒഴുകിനടന്നു ചിത്രം പകർത്തിയ കഥ.

ലോക്ഡൗൺ കാലം ജീവിതത്തിന്റെ പച്ചപ്പ് നഷ്ടപ്പെടുത്തുന്നു എന്നു തിരിച്ചറിഞ്ഞപ്പോൾ മുഹമ്മദ് സഫി എന്ന ഫ്രീലാൻസ് ഫൊട്ടോഗ്രഫർ യാത്ര ചെയ്തത് നിളാതീരത്തേക്കാണ്. വീട്ടിൽ നിന്നു 18 കിലോമീറ്റർ അകലെയാണു കുറ്റിപ്പുറം പാലം. വേനലിന്റെ കാഠിന്യത്തിൽ നിള (ഭാരതപ്പുഴ) മെലിഞ്ഞുവെങ്കിലും അവളൊരുക്കിയ കാഴ്ചകൾ സഫിയുടെ മനസ്സിൽ പച്ചപ്പു വരച്ചു. ക്യാമറക്കണ്ണിലൂടെ പുഴയെ പകർത്തി അയാൾ തീരത്തിലൂടെ നടന്നു. 

ലോക്ഡൗണിലെ 10 മാസം.. മാറി മാറി വരുന്ന ഋതുക്കൾ.. മെലിഞ്ഞുണങ്ങിയ നദി മദിച്ചൊഴുകിയ നാളുകൾ... എല്ലാം സഫി പകർത്തി. പതിനായിരക്കണക്കിനു ചിത്രങ്ങൾ. അതിൽനിന്നു തിരഞ്ഞെടുത്ത ഏറ്റവും മികച്ച ചിത്രങ്ങൾ ചേർത്ത് ഏഴു പുസ്തകങ്ങൾ. അവയെല്ലാം ചേർത്ത് ‘സ്കെച്ചസ് ഓഫ് നേച്ചർ, കുറ്റിപ്പുറം പാലവും പരിസരവും’ എന്ന ഫോട്ടോ പുസ്തകസമാഹാരം. കോവിഡ് എന്ന മാഹാവ്യാധിയുണ്ടാക്കിയ മാനസിക പിരിമുറുക്കത്തെ ഒരു കലാകാരൻ അതിജീവിച്ചതിന്റെ സാക്ഷ്യപത്രമാണീ സമാഹാരം.

തൃശൂർ വളർത്തിയ ഫൊട്ടോഗ്രഫർ

മലപ്പുറം പൊന്നാനി മൂക്കുതല നരണിപ്പുഴ പരേതനായ കുഞ്ഞിമൊയ്തു–ഫാത്തിമ ദമ്പതികളുടെ മകനായ മുഹമ്മദ് സഫിയെ തൃശൂർ നഗരമാണു ഫൊട്ടോഗ്രഫറാക്കിയത്. അവിടെ ഒരു സ്റ്റുഡിയോയിൽ ജോലി ചെയ്യുമ്പോൾ രാവിലെ ക്യാമറയുമായി ഇറങ്ങും. തിരക്കില്ലാത്ത തൃശൂർ നഗരം അവിസ്മരണീയമായ ഒട്ടേറെ അപൂർവദൃശ്യങ്ങൾ സഫിക്കു സമ്മാനിച്ചു. 2009 നവംബർ ഒന്നിനു മലയാള മനോരമ നടത്തിയ ‘എന്റെ കേരളം’ ഫൊട്ടോഗ്രഫി മത്സരത്തിൽ സഫിയെ ഒന്നാമനാക്കിയതു തൃശൂരിൽ നിന്നു ലഭിച്ച ഒരു ചിത്രമായിരുന്നു. നടൻ മോഹൻലാൽ ആയിരുന്നു വിധികർത്താവ്. തൃശൂരിലെ ഫൊട്ടോഗ്രഫി സുഹൃത്തുക്കളായ രാജൻ കുറ്റൂർ, രാജേഷ് നാട്ടിക, പ്രദീപ് കുന്നമ്പത്ത്, അരവിന്ദൻ മണലി എന്നിവരുമായി ചേർന്ന് ഈ  സമയത്താണ് ‘ആവിഷ്കാർ’ എന്നൊരു കൂട്ടായ്മ തുടങ്ങിയത്. അ‍ഞ്ചുപേരും തൃശൂർ ലളിതകലാ അക്കാദമിയിൽ എല്ലാവർഷവും ‘ആവിഷ്കാർ ഫൊട്ടോഗ്രഫി’ പ്രദർശനം നടത്തി, കോവിഡ് കാലം വരെ. 

nila-2
വെയിലിൽ നിള

രണ്ടു പുഴകളാണു സഫിയുടെ ജീവിതത്തിലൂടെ ഒഴുകിയത്. സ്വന്തം നാട്ടിലെ നരണിപ്പുഴയും ഭാരതപ്പുഴയും. ഫൊട്ടോഗ്രഫി ജീവിതോപാധിയായി സ്വീകരിച്ച സഫി തിരക്കില്ലാത്ത സമയത്തൊക്കെ ക്യാമറയുമായി ഭാരതപ്പുഴയോരത്തുവരും. കാമറക്കണ്ണിലൂടെ പുഴയെ നോക്കിയിരിക്കുകയായിരുന്നു ഇഷ്ടവിനോദം. അന്നേരം ചില അപൂർവ ദൃശ്യങ്ങൾ ക്യാമറയിൽ പതിയും.

2020 മാർച്ചിലെ ലോക്ഡൗൺ. എല്ലാവരെയും പോലെ സഫിയും വീടിനുള്ളിൽ ഒതുങ്ങി. വിവാഹച്ചടങ്ങുകളെല്ലാം നിലച്ചതോടെ ജോലി പ്രതിസന്ധിയിലായി. വീട്ടിൽ നിന്നു പുറത്തിറങ്ങാൻ പറ്റാതായതോടെ മാനസികമായി വല്ലാത്ത പിരിമുറുക്കം. അങ്ങനെ ഒരു ദിവസം സഫി ക്യാമറയുമായി ഇറങ്ങി. 

18 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ച് സഫി കുറ്റിപ്പുറം പാലത്തിനു ചുവട്ടിലെത്തി. അതുവരെ കാണാത്തൊരു ശാന്തപ്രകൃതമായിരുന്നു പുഴയ്ക്കും. മണൽപരപ്പിനു നടുവിലൂടെയുള്ള കണ്ണീർച്ചാൽ പോലെയുള്ള ഒഴുക്കിനരികിലൂടെ സഫി നടന്ന് നൂറിലേറെ ചിത്രങ്ങൾ പകർത്തി. പിന്നെയതൊരു ദിനചര്യയായി. ക്യാമറയുമായി നിളാതീരത്തേക്കുള്ള യാത്ര. ഒരു വർഷം പൂർത്തിയായപ്പോൾ താനെടുത്ത ചിത്രങ്ങളൊക്കെ സഫി പരിശോധിച്ചുനോക്കി. 

ലോക്ഡൗൺ കാലത്തെ ഇരുണ്ട ദിനങ്ങളെ മറികടന്നതിനുള്ള തെളിവുകളായി ആയിരത്തിലേറെയുള്ള ആ ചിത്രങ്ങൾ. മാറിയ ഋതുക്കൾ പുഴയെ ഏതെല്ലാം വിധം മാറ്റിയെന്നതിനുള്ള തെളിവുകൂടിയായിരുന്നു അത്. ആ ചിത്രങ്ങളിൽ നിന്നു തിരഞ്ഞെടുത്തവ ഉപയോഗിച്ച് ഒരു പുസ്തകമാക്കിയാലോ എന്നായി സഫിയുടെ ചിന്ത. ലോകത്തെ കീഴടക്കിയ മഹാമാരിക്കാലം ഒരു ഫൊട്ടോഗ്രഫർ അതിജീവിച്ചതെങ്ങനെ എന്നുള്ളതിന്റെ തെളിവ് പുസ്തകത്തിലൂടെ മറ്റുള്ളവരെ അറിയിക്കണം എന്നുതന്നെ സഫി തീരുമാനിച്ചു. കഥയിലൂടെയും കവിതയിലൂടെയും എഴുത്തുകാർ മഹാമാരിക്കാലത്തെക്കുറിച്ച് അടയാളപ്പെടുത്താൻ തുടങ്ങിയിരുന്നു. അങ്ങനെയൊരു കടമ ഫൊട്ടോഗ്രഫർക്കും ഉണ്ടെന്നു സഫിക്കു ബോധ്യമായി. ഏഴു ഭാഗങ്ങളായി തിരിച്ചാണു സ്കെച്ചസ് ഓഫ് നേച്ചർ–കുറ്റിപ്പുറം പാലവും പരിസരവും എന്ന പുസ്തകം തയാറാക്കിയത്. പാലം, വാനം, മണൽ, വെയിൽ, വെള്ളം, തളിര്, കതിര് എന്നിങ്ങനെ ചിത്രങ്ങളുടെ സ്വഭാവമനുസരിച്ചാണു സപ്തവർണം പോലെ തിരിച്ചത്. കുറ്റിപ്പുറം പാലത്തിനാണു പാലം എന്ന വിഭാഗത്തിൽ പ്രാധാന്യം. ഈ വിഭാഗത്തിനു മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കുറ്റിപ്പുറം പുഴയിൽ പുതിയ വലിയ പാലം വരികയാണ്. നിലവിലുള്ള പാലം ഇനി ചരിത്രത്തിന്റെ ഭാഗമാകും. അപ്പോൾ പുതിയ തലമുറയ്ക്കു കാണിച്ചുകൊടുക്കാൻ പറ്റും ഇതായിരുന്നു മുൻപത്തെ പാലമെന്ന്.

പുഴയോരത്തിന് ഓരോയിടത്തും ഓരോ സ്വഭാവമാണ്. ആ വ്യത്യാസങ്ങളാണു മണൽ എന്ന ഭാഗത്ത്. വെളിച്ചം പുഴയെ എത്രത്തോളം സുന്ദരിയാക്കുന്നു എന്നതാണു മൂന്നാമത്തെ വിഭാഗത്തിൽ. അതുപോലെ വെള്ളത്തിന്റെ സ്വഭാവമാറ്റമാണു നാലാമത്തെ വിഭാഗത്തിൽ. വെള്ളത്തിലെ പ്രതിബിംബങ്ങളിലൂടെയാണ് ഈ വിഭാഗത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇരുകരകളിലുള്ള ചെടികളാണു തളിരിലും കതിരിലുമുള്ളത്. ആകാശക്കാഴ്ചകളാണ് വാനത്തിൽ. 

nila-3
കുറ്റിപ്പുറം പാലം.

സംവിധായകൻ ലാൽജോസും കവി റഫീക്ക് അഹമ്മദും ചേർന്നാണു പുസ്തകം പ്രകാശനം ചെയ്തത്. 600 ചിത്രങ്ങളുള്ള പുസ്തകം പ്രസിദ്ധീകരിച്ചതു സഫി സ്വന്തം ചെലവിലാണ്.  ഈ സമയത്താണു സഫിക്കു കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരം ലഭിച്ചത്. റോഡിൽ വാഹനമിടിച്ചു ചത്ത ഒരു നായ്ക്കുട്ടിയുടെ ചിത്രമാണ് പുരസ്കാരത്തിനർഹനാക്കിയത്.   കേരളത്തിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന നിളയെ ഒരു കലാകാരൻ മഹാമാരിക്കാലത്ത് പകർത്തിയ ചിത്രങ്ങൾ ഫൊട്ടോഗ്രഫി ഇഷ്ടപ്പെടുന്നവരുടെ കൈവശമെങ്കിലും എത്തണമെന്നാണു സഫിയുടെ ആഗ്രഹം; ഇന്നു ലോക നദീദിനം ആയതിനാൽ വിശേഷിച്ചും.

English Summary: World river day special story about Photographer Muhammed safi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com