മറക്കില്ലൊരിക്കലും കൈവിട്ടുപോയ വിലപ്പെട്ട ബാഗ്!

mm-creative
SHARE

2010ലാണ്. വെയിൽസ് യൂണിവേഴ്സിറ്റിയിൽ എംബിഎയ്ക്ക് പഠിച്ചുകൊണ്ടിരുന്ന മകനെയും അടുത്ത ചില ബന്ധുക്കളെയും സന്ദർശിക്കാൻ ഞാൻ ഭാര്യയ്ക്കും മകൾക്കുമൊപ്പം ലണ്ടനിലെത്തി. ബ്രിട്ടിഷ് പൗരത്വമുള്ള അടുത്ത ബന്ധു ലിൻസിക്കും സണ്ണിക്കും ഒപ്പം സട്ടൺ ടൗണിലുള്ള അവരുടെ വീട്ടിലായിരുന്നു ആദ്യത്തെ ആഴ്ച ഞങ്ങൾ താമസിച്ചിരുന്നത്. ലണ്ടനിലെ പ്രധാനപ്പെട്ട എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സണ്ണി ഞങ്ങളെ കൊണ്ടുപോയി. ലണ്ടനിൽനിന്ന് ഏതാണ്ട് 175 കിലോമീറ്റർ അകലെ സ്റ്റേറ്റ്ഫഡിൽ വിശ്വപ്രസിദ്ധ സാഹിത്യകാരൻ വില്ല്യം ഷേക്സ്പിയറുടെ ജന്മസ്ഥലം കാണുക എന്ന ചിരകാലാഭിലാഷവും സാക്ഷാത്കരിച്ചു. അദ്ദേഹത്തിന്റെ ഭവനം ദിവസവും ആയിരക്കണക്കിന് ആരാധകർ സന്ദർശിച്ചുകൊണ്ടിരിക്കുന്ന സ്മാരകമാണ്. ഒരാഴ്ച കഴിഞ്ഞപ്പോൾ, തന്റെ കോളജിനടുത്തുള്ള താമസസ്ഥലത്തേക്കു ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ മകൻ ശിൽപി എത്തി.

സട്ടൺ റയിൽവേ സ്റ്റേഷനിൽനിന്നു ഞങ്ങൾ മൂന്നുപേരും മകനോടൊപ്പം ട്രെയിനിൽ കയറി. സട്ടണിൽനിന്നു മൂന്നു സ്റ്റേഷൻ കഴിഞ്ഞുള്ള വാട്ട്ഫഡ് ഇന്റർ ചെയിഞ്ച് സ്റ്റേഷനിലിറങ്ങി ട്രെയിൻ മാറിക്കയറി വേണം ബെഡ്ഫഡിലുള്ള അവന്റെ താമസസ്ഥലത്ത് എത്തുവാൻ. അൽപം നീണ്ടയാത്രയാണ്. ഓഫിസ് സമയമായിരുന്തിനാൽ ട്രെയിനിൽ നല്ല തിരക്കുമുണ്ടായിരുന്നു. ഭൂരിഭാഗവും ഭൂമിക്കടിയിലൂടെയുള്ള ട്യൂബ് ലൈനിലൂടെ സഞ്ചരിക്കുകയും ഇടയ്ക്കിടെ വെളിയിൽ വന്ന് തല കാണിച്ചശേഷം വീണ്ടും ഭൂമിക്കടിയിലൂടെയുള്ള തുരങ്കങ്ങളിലേക്കു കടക്കുകയും ചെയ്യുന്ന ട്രെയിൻ.

ട്രെയിൻ കയറും മുൻപ് എന്റെ കൈവശമുണ്ടായിരുന്ന ഭാരമുള്ള ലഗേജ് മകൻ വാങ്ങിയശേഷം, അവന്റെ ലാപ്ടോപ്പും മറ്റു പഠനസാമഗ്രികളും മറ്റും കുത്തിനിറച്ച ഭാരം കുറഞ്ഞ ചെറിയ ബാഗ് എന്നെ ഏൽപിച്ചിരുന്നു.‘സൂക്ഷിച്ചോളണേ’ എന്ന് അവൻ പ്രത്യേകം പറയുകയും ചെയ്തു. അങ്ങനെ മുന്നറിയിപ്പു തരാൻ കാരണമുണ്ടായിരുന്നു. അവന്റെ ഒന്നരവർഷത്തെ എംബിഎ പഠനനോട്ടുകളും പ്രോജക്ടുകളും ഇന്റേൺഷിപ് സർട്ടിഫിക്കറ്റുകളും അടങ്ങുന്ന ലാപ്ടോപ്പും, കൂടാതെ അവയെല്ലാം പകർത്തിവച്ചിരിക്കുന്ന സിഡികളുമെല്ലാം ആ ബാഗിൽ ഉണ്ടായിരുന്നു.

ഞങ്ങൾ നാലുപേർക്കും അടുത്താണെങ്കിലും വെവ്വേറെ സീറ്റുകളാണ് കിട്ടിയത്. വിഡിയോ ക്യാമറയും മറ്റും അടങ്ങുന്ന ചെറിയ ബാഗ് മടിയിൽ വച്ചശേഷം, ലാപ്ടോപ്പും മറ്റും അടങ്ങുന്ന കനമുള്ള ബാഗ് നിലത്തു വച്ചു.ഇറങ്ങേണ്ട സ്റ്റേഷൻ അടുത്തപ്പോൾ മകൻ എണീറ്റ് ആംഗ്യം കാണിച്ചു. നിമിഷങ്ങൾ മാത്രമേ സ്റ്റോപ്പുള്ളൂ. വാട്ട്ഫഡ് പ്രധാനപ്പെട്ട ഇന്റർ ചെയിഞ്ച് സ്റ്റേഷൻ ആയിരുന്നതിനാൽ, ധാരാളം പേർ ഇറങ്ങാനുണ്ടായിരുന്നു. ട്രെയിൻ നിന്നതോടെ,  മടിയിലിരുന്ന ബാഗും കയ്യിലെടുത്ത് ഞാൻ പുറത്തിറങ്ങി. ബെഡ്ഫോഡിലേക്കുള്ള ട്രെയിൻ കയറാനായി അടുത്ത പ്ലാറ്റ്ഫോമിലെത്തിയപ്പോഴാണ് മകൻ അതു ശ്രദ്ധിച്ചത്, ‘‘ലാപ്ടോപ്പ് ബാഗെവിടെ ഡാഡി?’’ ആ ചോദ്യം കേട്ടതും ഞാൻ ഞെട്ടി. ഇടിവെട്ടേറ്റതുപോലെ, തൊണ്ടയിലെ വെള്ളംവറ്റി സ്തംഭിച്ചു നിന്നു. ഇറങ്ങുന്ന തിരക്കിനിടയിൽ, മടിയിൽ വച്ച ചെറിയ ബാഗ് മാത്രം എടുത്തു. നിലത്തുവച്ച ലാപ്ടോപ് ബാഗ് മറന്നു.

ഒന്നൊന്നര വർഷത്തെ അവന്റെ കഠിനാധ്വാനം മുഴുവൻ വെള്ളത്തിലായോ? പരീക്ഷ വൈകാതെയുണ്ട്. പഠിച്ചതു മുഴുവൻ ആ കംപ്യൂട്ടറിലാണ്! അതു നഷ്ടപ്പെട്ടാൽ ലക്ഷങ്ങൾ ചെലവഴിച്ചതും കഷ്ടപ്പെട്ടു പഠിച്ചതുമെല്ലാം പാഴാകും എന്റെ അശ്രദ്ധ വരുത്തിവച്ചതിന്റെ വലിയപിഴ!!

ഇനിയെന്തു ചെയ്യും? ഞാൻ നിന്നു വിയർക്കുകയാണ്. കാരണം, എന്റെ അശ്രദ്ധ മൂലമാണല്ലോ ഈ വിപത്തു സംഭവിച്ചിരിക്കുന്നത്! നാനാരാജ്യങ്ങളിൽ നിന്നെത്തിയ ജനങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്ന ഈ മഹാനഗരത്തിൽ ലാപ്ടോപ് പോലെ വിലപ്പെട്ട ഒരു സാധനം നഷ്ടപ്പെട്ടാൽ എങ്ങനെ തിരിച്ചുകിട്ടാനാണ്! പ്രതീക്ഷിച്ചിട്ടുപോലും കാര്യമില്ല.

അൽപസമയം എന്തോ ആലോചിച്ചുനിന്നശേഷം ശിൽപി ഞങ്ങളെ അടുത്ത പ്ലാറ്റ്ഫോമിലെ ഒരു ബെഞ്ചിൽകൊണ്ടിരുത്തി. പിന്നീടു ഞങ്ങൾ വന്നിറങ്ങിയ പ്ലാറ്റ്ഫോമിലേക്ക് അവൻ അതിവേഗമോടി. രണ്ടു മിനിറ്റിനുള്ളിൽ പിന്നാലെ എത്തിയ മറ്റൊരു ട്രെയിനിൽ അവൻ ചാടിക്കയറി. പിന്നീടു ഞങ്ങൾക്ക്, എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർഥിച്ച് ആകാംക്ഷയുടെ മുൾമുനയിൽ കരളുരുകിയുള്ള കാത്തിരിപ്പായിരുന്നു.

സട്ടണിൽനിന്നു ഞങ്ങൾ കയറിയ ട്രെയിൻ ഞങ്ങളിറങ്ങിയ സ്ഥലത്തുനിന്നു മൂന്നാമത്തെ സ്റ്റേഷനായ മിൽട്ടൺ കെയ്നസ് സെൻട്രൽ വരെ മാത്രമേ ഉള്ളൂവെന്ന് അവൻ മനസ്സിലാക്കി. അവിടേക്കായിരുന്നു അവൻ പോയത്. അവൻ അവിടെച്ചെന്നിറങ്ങി സ്റ്റേഷന്റെ ചുമതലയുള്ള ഓഫിസറെ അന്വേഷിച്ചു നടക്കുന്നതിനിടയിൽ, സ്റ്റേഷനിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാർ ഒരിടത്ത് ജാഗ്രതയോടെ വട്ടംകൂടി നിൽക്കുന്നതു കണ്ടു. ആരേയും അങ്ങോട്ട് അടുപ്പിക്കുന്നില്ല. ഉടമസ്ഥനില്ലാതെ ട്രെയിനിൽനിന്നു കിട്ടിയ ഒരു ലഗേജ് ബോംബ് സ്ക്വാഡ് പരിശോധിക്കുകയാണ്!

അവൻ ഓടിയെത്തി അവരുടെ ഓഫിസറെ കണ്ട് ബാഗ് തന്റേതാണെന്നും എങ്ങനെയാണ് മറന്നുവച്ചതെന്നും വിശദീകരിച്ചു. അങ്ങനെ സംഭവിച്ചതിൽ പലതവണ ക്ഷമ പറഞ്ഞു. ബാഗ് അവന്റേതാണെന്ന് ഉറപ്പിക്കുവാൻ അവർ തെളിവുകൾ ആവശ്യപ്പെട്ടു. അവൻ കൃത്യമായ വിവരങ്ങൾ നൽകി. അവർ പരിശോധിച്ചപ്പോൾ എല്ലാം കിറുകൃത്യം. ചെറിയ ഒരു താക്കീതു നൽകിയശേഷം അവർ ബാഗ് തിരിച്ചു നൽകി. ശ്വാസംപിടിച്ചുനിന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഒരു ചെറുചിരിയോടെ പിരിഞ്ഞുപോയി. ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ ബാഗും തൂക്കി അവൻ ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾക്കും ശ്വാസം നേരേവീണു. 

English Summary: Story of a missing bag

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA