ADVERTISEMENT

‘ഒളിംപിക് ’ഗോളടിച്ചു താരമായ ഡാനിഷിന്റെ സിനിമ ‘ആനപ്പറമ്പിലെ വേൾഡ്കപ്പ്’ വരുമ്പോൾ ജീവിതത്തിലും ട്വിസ്റ്റ്

ഫുട്ബോൾ ലോകകപ്പിനു വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം. അങ്ങു ഖത്തറിലാണു പന്തുരുളുന്നതെങ്കിലും മലയാളികളുടെ ഇടനെഞ്ചിലാണ് കേളികൊട്ടുണരുന്നത്. ഖത്തറിലെ ലോകകപ്പിനുമുൻപ് മലയാളക്കരയിൽ മറ്റൊരു ലോകകപ്പിന് വിസിൽ മുഴങ്ങുകയാണ്. മലയാളികളുടെ ഫുട്ബോൾ ആവേശത്തിന്റെ കഥയുമായി വരികയാണ് ‘ആനപ്പറമ്പിലെ വേൾഡ്കപ്പ്’ എന്ന സിനിമ.

യുവതാരം ആന്റണി വർഗീസ് നായകനായെത്തുന്ന സിനിമയിൽ ബാലു വർഗീസും ലുക്മാൻ അവറാനുമടക്കമുള്ള യുവതാരനിരയാണ് അണിനിരക്കുന്നത്. ഒരു കൊച്ചുതാരമാണ് ആന്റണിവർഗീസിനൊപ്പം പ്രധാനകഥാപാത്രമായെത്തുന്നത്. കോഴിക്കോട് ചേവായൂർ സ്വദേശിയായ പി.കെ.ഡാനിഷാണ് ആ കുഞ്ഞുതാരം. 

നിഖിൽ പ്രേംരാജ് എഴുതി സംവിധാനം ചെയ്യുന്നു. സിനിമയുടെ തിരക്കഥയും സ്വന്തം ജീവിതകഥയും ഒരുപോലെയായി മാറുകയെന്ന അപൂർവതയും ഡാനിഷിനു സ്വന്തം.

സിനിമയിലേക്ക്

മെസിയുടെ കടുത്ത ആരാധകനായ കുഞ്ഞുഡാനി ആറാംവയസ്സിലാണു കെഎഫ്ടിസിയുടെ ക്യാംപിലെത്തിയത്. കോഴിക്കോട് ദേവഗിരി കോളജ് ഗ്രൗണ്ടിലും മെഡിക്കൽകോളജ് ഗ്രൗണ്ടിലും ഫുട്ബോൾ പരിശീലനത്തിനു പോവാറുണ്ട്. ചേവായൂർ ജംക്‌ഷനിൽ പൊൻവില്ലക്കണ്ടി അബുഹാഷിമിന്റെയും മൊക്കത്ത് നോവിയയുടെയും  മകനാണ് ഡാനിഷ്. ഓഡിഷനു വന്ന രണ്ടായിരത്തിലധികം കുട്ടികളിൽ നിന്നാണ് പ്രധാനകഥാപാത്രമായി ഡാനിയെ തിരഞ്ഞെടുക്കുന്നത്.

സിനിമ പോലെ ജീവിതം

ഡാനിയുടെ കഥാപാത്രം അടിക്കുന്ന കോർണർ കിക്ക് നേരെ വലയ്ക്കകത്തേക്കു കയറി ഒളിംപിക് ഗോളാകുന്ന രംഗം തിരക്കഥയിലുണ്ട്. ഇതിനായി ഡാനിക്ക് കോർണർകിക്കിൽ പരിശീലനം നൽകിയിരുന്നു. പക്ഷേ സിനിമയുടെ ചിത്രീകരണ സമയത്ത് ഈ രംഗം ഒഴിവാക്കപ്പെട്ടു. പിന്നീട് വയനാട്ടിൽ നടന്ന സംസ്ഥാനതല കിഡ്സ് ഫുട്ബോൾ ടൂർണമെന്റിൽ ഡാനിയുടെ ടീം മത്സരിക്കുന്നുണ്ടായിരുന്നു.

വയനാട്ടിലെ മീനങ്ങാടിയിൽ നടന്ന ആ മത്സരത്തിൽ ഡാനി ഷൂട്ടിങ് ലൊക്കേഷനിൽ പരിശീലിച്ച കോർണർകിക്ക് അവസരം കിട്ടിയപ്പോൾ പരീക്ഷിച്ചുനോക്കി. ആ കിക്ക് ഗോൾവലയിലേക്ക് വളഞ്ഞുകയറി. ഒളിംപിക്ഗോൾ നേടിയ ഡാനിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി. ദേശീയതലത്തിലുള്ള മാധ്യമങ്ങളും വിദേശമാധ്യമങ്ങളും ഡാനിയെത്തേടി ചേവായൂരിലെ വീട്ടിലെത്തി. അങ്ങനെ സിനിമയ്ക്കായി പഠിച്ച കോർണർ കിക്ക് ഡാനിയുടെ ജീവിതം മാറ്റിമറിച്ചു.

ട്വിസ്റ്റ്

സിനിമയുടെ തിരക്കഥയെ വെല്ലുന്ന സംഭവങ്ങളാണ് പിന്നെ ഡാനിയെ കാത്തിരുന്നത്. കൊപ്പത്തെ എഐഎഫ്എ ഫുട്ബോൾ അക്കാദമിയിൽ പ്രവേശനം ലഭിച്ചു. ഇതിനിടെയാണു മുംബൈയിലെ റിലയൻസ് ഫൗണ്ടേഷന്റെ സ്കോളർഷിപ് ഡാനിക്കു ലഭിച്ചത്. രാജ്യാന്തരതലത്തിൽ ഏറ്റവും മികച്ച റസിഡൻഷ്യൽ ഫുട്ബോൾ പരിശീലനമാണ് റിലയൻസ് ഫൗണ്ടേഷൻ യങ് ചാംപ്സ് സ്കോളർഷിപ് പ്രോഗ്രാമിലൂടെ നൽകുന്നത്. അങ്ങനെ ഫുട്ബോളും പഠനവുമായി രാജ്യത്തിന്റെ ഭാവിതാരമാവാനുള്ള ഒരുക്കത്തിലാണ് ഡാനിഷ് ഇപ്പോൾ. ഇതിനിടെയാണ് ദീപാവലി ദിവസം ആനപ്പറമ്പിലെ വേൾഡ്കപ്പ് തിയറ്ററുകളിലേക്കെത്തുന്നത്.

വിജയൻ മുതൽ അഞ്ചേരി വരെ

മലയാളികളുടെ പ്രിയപ്പെട്ട ഫുട്ബോൾ താരങ്ങളുടെ ഒരു നിരയെത്തന്നെ സംവിധായകൻ നിഖിൽ പ്രേംരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ‘ശാന്തം’ എന്ന സിനിമയ്ക്കുശേഷം മുഴുനീള കഥാപാത്രമായി ഐ.എം. വിജയൻ ആനപ്പറമ്പിലെത്തുന്നുണ്ട്. വിജയനൊപ്പം അദ്ദേഹത്തിന്റെ മകൻ ആരോമലും അഭിനയിക്കാനെത്തുന്നുണ്ട്. ആസിഫ് സഹീർ, ജോപോൾ അഞ്ചേരി തുടങ്ങിയ മലയാളി ഫുട്ബോൾ താരങ്ങളും ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുകയാണ്.

English Summary: About Aanaparambile World Cup Movie star Danish 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com