നെഞ്ചുവിരിച്ചെത്തി അപൂർവ തുമ്പി!

dragonfly
തുമ്പിയുടെ മുട്ട വെള്ളപ്പാറ്റയായ നിംഫായും തുടർന്നു തുമ്പികളായും പുറത്തുവരുന്നതിന്റെ വിവിധ ഘട്ടങ്ങൾ.
SHARE

തുമ്പികൾ കണ്ണിൽ പെടാനും ക്യാമറയിൽ ഒതുങ്ങാനും പ്രയാസമാണ്. എന്നിട്ടും ഡിഎൻഎ പരിശോധനയിലൂടെ അപൂർവയിനം തുമ്പിയെ കണ്ടെത്തിയതിന്റെ ആഹ്ലാദത്തിലാണു ഗീത പോൾ എന്ന ഗവേഷക. വെള്ളത്തിൽ കഴിയുന്ന പാറ്റപോലെയൊരു ജീവിയിൽ നിന്നാണു (നിംഫ്) തുമ്പികൾ പിറവിയെടുക്കുന്നത്.

നിംഫ് എന്നാൽ ഒരിഞ്ചോളം വലുപ്പമുള്ള ഒരുതരം പാറ്റയാണ്. ഇതിന്റെ പിൻനെഞ്ച് പിളർന്നാണു തുമ്പികൾ വിരിഞ്ഞിറങ്ങുന്നത്. തുമ്പി പറന്നുയരുന്നതോടെ നിംഫ് വെറും തോട് മാത്രമാകും. കോതമംഗലം തട്ടേക്കാട് വനത്തിനടുത്തു നിന്നു കുറച്ചു മാസം മുൻപാണു ഗീതയ്ക്ക് ഏതാനും നിംഫുകളെ കിട്ടിയത്.  വംശനാശം വന്നുകൊണ്ടിരിക്കുന്ന എപ്പോഫ്ത്താൽമിയ എലഗൻസ് എന്ന തുമ്പിയുടെ നിംഫാണ് ഇതെന്നു  തിരുവല്ല തെള്ളിയൂർ ആസ്ഥാനമായ ഐറിസ് 4– ഡി എന്ന ഗവേഷണ സ്ഥാപനത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. ഐറിസിന്റെ  ഡയറക്ടർമാരിൽ ഒരാളാണ് ഗീത.  2017ൽ ജപ്പാനിലും മറ്റും രേഖപ്പെടുത്തിയ ശേഷം ഇന്ത്യയിൽ കണ്ടെത്തുന്നത് ആദ്യമായാണെന്ന് യുഎസിലെ ഗവേഷണ സ്ഥാപനം സാക്ഷ്യപ്പെടുത്തിയതോടെ ഗീതയുടെ കണ്ടെത്തലിനു പുതുമാനം കൈവന്നു. വളരെ ഉയരത്തിൽ അതിവേഗം പറക്കുന്ന ഇവ ഗവേഷകരുടെ ശ്രദ്ധയിൽ അധികം പതിഞ്ഞിട്ടില്ല. 

Geetha-Paul
ഗീത പോൾ

തട്ടേക്കാട്ടു വനത്തിൽ നിന്ന് നെറ്റിട്ടു പിടികൂടിയ രണ്ട് നിംഫുകളെ കണ്ടപ്പോൾത്തന്നെ അവ വ്യത്യസ്തരാണ് എന്നു ഗീതയ്ക്കു മനസിലായിരുന്നു. തിരുവല്ല തെള്ളിയൂരിൽ കൊണ്ടുവന്ന് പ്രത്യേക രീതിയിൽ അവയെ വളർത്തിയെടുത്തു. ഏകദേശം ആറുമാസംകഴിഞ്ഞപ്പോൾ അവയിൽ ഒന്ന് പുറംചട്ട ഉപേക്ഷിച്ച് പറന്നുപോയി.  അതിനൊപ്പം കിട്ടിയ നിംഫ് ആഴ്ചകൾക്കുള്ളിൽ പുറംചട്ടപൊളിച്ചു പുറത്തുവരുവാൻ കഴിയാതെ ചത്തുപോയി. പിന്നെ ഒരുമാർഗമേയുണ്ടായിരുന്നുള്ളു; ഡിഎൻഎ പഠനത്തിന് അയയ്ക്കുക. അങ്ങനെയാണു തനിക്കു കിട്ടിയത് അത്യപൂർവമായ തുമ്പിയിനമാണ് എന്നു മനസ്സിലായത്. യുഎസിലെ നാഷനൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ ഈ കണ്ടെത്തലിനെ അംഗീകരിച്ചു: അവരുടെ ജീവീഗണ പട്ടികയിൽ SUB12135407 എപോഫ്ത്താൽമിയ എലഗൻസ് OP601930 എന്ന നമ്പർ നൽകി ഈ തുമ്പിയുടെ ഇന്ത്യയിലെ സാന്നിധ്യം സ്ഥിരീകരിച്ചു. തുമ്പി കോശങ്ങളിലെ മൈറ്റോകോൺട്രിയയിൽ നിന്നുള്ള ജീനുകൾ മൂന്നു ലാബുകളിൽ അയച്ചു പഠിച്ചാണു നിഗമനത്തിലെത്തിയത്. 

ഭാവിയിൽ ഓരോ ജീവിയെയും അതിന്റെ ഡിഎൻഎ ഘടനയനുസരിച്ച് തിരിച്ചറിയാവുന്ന രീതിയിലേക്കു ശാസ്ത്രം മാറുകയാണെന്ന് ഗീതാ പോൾ പറയുന്നു. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, പുണെ നാഷനൽ സെന്റർ ഫോർ സെൽ സയൻസ് എന്നിവിടങ്ങളിലെല്ലാം ചെലവുകുറഞ്ഞ  ഡിഎൻഎ ശ്രേണീകരണ (സീക്വൻസിങ്)  സംവിധാനമുണ്ട്. 

തുമ്പികൾ പരിസ്ഥിതിയുടെ ആരോഗ്യസൂചകങ്ങൾ

തുമ്പികൾ മുട്ടയിടുന്നത് വെള്ളത്തിലോ സമീപ ചെടികളിലോ ആണ്. ഇതാണ് നിംഫായും പിന്നീടു തുമ്പിയായും പുറത്തു വരുന്നത്. തുമ്പികളെ കണ്ടെത്തിയാൽ അവിടത്തെ മണ്ണിന്റെയും വെള്ളത്തിന്റെയും ഗുണനിലവാരം അറിയാം. കണ്ടാമിനേറ്റ (ചങ്ങാതിത്തുമ്പി) എന്ന ഇനം തുമ്പി നമ്മുടെ കുട്ടനാടൻ ചതുപ്പുനിലങ്ങളിൽ വ്യാപകമാണ്; പേരുപോലെതന്നെ അഴുകിയ വസ്‌തുക്കളിലും അഴുക്കുചാലുകളിലും മാത്രം കാണപ്പെടുന്ന ഇനം.

ശുദ്ധനീരുറവകളിലും പർവതനിരകളിലെ കുത്തൊഴുക്കിലും വിവിധതരം തുമ്പിയിനങ്ങളുണ്ട്. സൊസൈറ്റി ഫോർ ഒഡോണേട്ടാ സ്റ്റഡീസ് (SoS) എന്ന തുമ്പിനിരീക്ഷക സംഘടനയ്ക്കു തുമ്പികളുടെ ഒരു വലിയ വിവരശേഖരം (ഡേറ്റാബേസ്) തന്നെ ഉണ്ട്. കോതമംഗലം മാർ അത്തനേഷ്യസ് കോളജ് മുൻ പ്രഫസർ മേലേത്ത്   എം.എ.പൗലോസിന്റെയും എൻജിനീയറിങ് കോളജ് ലൈബ്രേറിയൻ ജൈനമ്മയുടെയും മകളാണ്‌ ഗീത പോൾ. തിരുവല്ല കുരിശുംമൂട്ടിൽ ബിജു ജേക്കബാണു ഭർത്താവ്.

Content Highlight: Rare Species of Dragonfly spotted in Thattekad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS