വൈദികന്റെ കയ്യൊപ്പ്!

HIGHLIGHTS
  • മുഡുകരുടെ ജീവിതം പറയുന്ന സിനിമ സിഗ്നേച്ചറിന്റെ തിരക്കഥയെഴുതുന്നത് ഒരു വൈദികൻ
Fr-Babu-Thattil
SHARE

കാട്ടുവള്ളികൾപോലെ ഇഴപിരിക്കാനാവാത്തവണ്ണം ആദിവാസികളുടെ ഉള്ളിൽ ചേർന്നു കിടപ്പുണ്ട് സംഗീതം. ‘കലക്കാത്ത സന്തന മേറാ’ എന്ന ഇരുള ഭാഷയിലെ നഞ്ചിയമ്മയുടെ പാട്ട് ജനഹൃദയത്തിൽ തൊട്ടതും അതുകൊണ്ടു തന്നെ. അയ്യപ്പനും കോശിക്കും ശേഷം അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ വീണ്ടും ഒരു സിനിമ. അട്ടപ്പാടിയുടെ സൗന്ദര്യം മാത്രമല്ല, ഗോത്രവർഗത്തിന്റെ ജീവിതവും പാട്ടുകളും കോർത്തിണക്കിയാണു ‘സിഗ്നേച്ചർ’ ഒരുക്കിയിരിക്കുന്നത്. മുഡുക ഭാഷയിലുള്ള മനോഹര ഗാനങ്ങളാണു ചിത്രത്തിന്റെ പ്രത്യേകത. മുഡുകരുടെ ജീവിതവും ചരിത്രവും പഠിക്കാനാണു ഫാ.ബാബു തട്ടിൽ അട്ടപ്പാടിയിൽ എത്തിയത്. അട്ടപ്പാടിയിലെ ജനങ്ങൾ പകർന്നു നൽകിയ ഊർജം അദ്ദേഹത്തെ തിരക്കഥാകൃത്താക്കി. നഞ്ചിയമ്മയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ടിനി ടോം നായകനായി എത്തുന്ന സിനിമ നവംബർ 11ന് തിയറ്ററുകളിലെത്തും. 

സിനിമ എന്ന ആഗ്രഹം മനസ്സിലെത്തിയത്?

ഈ സിനിമയുടെ സംവിധായകനായ മനോജ് പാലോടന്റെ പ്രേരണയിലാണു തിരക്കഥ എഴുതിയത്. ആദ്യ നോവൽ ‘ഞാൻ അപരാജിത’ വായിച്ച മനോജാണു തിരക്കഥ എഴുതാൻ നിർബന്ധിച്ചത്. നയൻ താരയെ നായികയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ബജറ്റ് കൂടുതലായതിനാൽ നിർമാതാക്കളെ ലഭിച്ചില്ല. ആ തിരക്കഥ ഭദ്രമായി പെട്ടിയിലുണ്ട്. വീണ്ടും തിരക്കഥ എഴുതാനുള്ള ഊർജവും മനോജ് തന്നെയാണു പകർന്നു നൽകിയത്.

മനുഷ്യരുടെ മനസ്സിൽ പ്രണയവും പ്രതികാരവും ഒരേ സമയം തോന്നും. പല മാനസികാവസ്ഥകളിലൂടെയാണു മനുഷ്യ മനസ്സ് കടന്നു പോകുന്നത്. സിഗ്നേച്ചറിന്റെ കഥ പല യഥാർഥ സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. റിയലിസ്റ്റിക് കഥകളാണ് ഇഷ്ടം. അട്ടപ്പാടിയിൽ ഉണ്ടായിരുന്ന കാലത്തു പലരിൽ നിന്ന് അറിഞ്ഞ ചില സംഭവങ്ങൾ സിനിമയിൽ ചേർത്തിട്ടുണ്ട്. ക്രൈം ത്രില്ലറാണ് സിനിമ.

മുഡുക ഗോത്രത്തിന്റെ ജീവിതമാണ് പശ്ചാത്തലം. 30 ഗോത്ര വിഭാഗക്കാർ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മുഡുക ഭാഷയിലുള്ള പാട്ടുകളാണു മറ്റൊരു പ്രത്യേകത. നഞ്ചിയമ്മയെ കൂടാതെ കട്ടേക്കാട് ഊരിലെ മൂപ്പനായ തങ്കരാജ് മുഡുക ഗാനം പാടിയിട്ടുണ്ട്. ഇതിന്റെ രചനയും അദ്ദേഹം തന്നെ നിർവഹിച്ചതാണ്. കാസ്റ്റിങ്ങിനായി പ്രത്യേക ക്യാംപ് നടത്തി ഗോത്ര വിഭാഗക്കാർക്കു പരിശീലനം നൽകി. പൊട്ടിയമ്മ എന്ന കഥാപാത്രത്തെയാണു നഞ്ചിയമ്മ അവതരിപ്പിക്കുന്നത്. 

 ആദ്യസിനിമ നിർമാതാക്കളെ കിട്ടാത്തതിനാലാണ് നടക്കാതെ പോയത്. ഈ സിനിമയ്ക്ക് ആ പ്രതിസന്ധിയുണ്ടാവരുതെന്നു കരുതി ആദ്യം തന്നെ അതു പരിഹരിച്ചു. ബന്ധുക്കൾ തന്നെയാണ് നിർമാതാക്കളായത്. സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്, അരുൺ വർഗീസ് എന്നിവർ ചേർന്നാണു സിനിമ നിർമിച്ചത്. ഇവരുടെയും ആദ്യ സംരംഭമാണ്. തിരക്കഥ എന്ന ഉത്തരവാദിത്തതിനു പുറമേ സിനിമയുടെ എല്ലാ പ്രൊഡക്‌ഷൻ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികളിലും ഇടപെടേണ്ടി വന്നു.

സഭയിൽ നിന്നുള്ള പിന്തുണ?

നന്മയുടെ ആശയങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനു സഭ എന്നും പിന്തുണയ്ക്കും. സഭാ ശുശ്രൂഷയ്ക്കു പുറമേ പ്രിൻസിപ്പലായും എഴുത്തുകാരനുമായും പ്രവർത്തിച്ചിരുന്നു. സിനിമയിലേക്ക് എത്തിയപ്പോഴും പൂർണ പിന്തുണ സഭയും വൈദികരും നൽകുന്നുണ്ട്. മധുര ദീപഹം സിഎംഐ സെന്ററിന്റെ ഡയറക്ടറായും ചാവറ ഇടവകയുടെ വികാരിയുമായി പ്രവർത്തിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS