ADVERTISEMENT

രണ്ടുകളിയിലും പരാജയപ്പെട്ടു സങ്കടപ്പെട്ടിരിക്കുന്ന പെൺകുട്ടികളുടെ അടുത്തേക്കു ചിരിച്ചുകൊണ്ടാണു ദീപിക ചെന്നത്. അഹമ്മദാബാദ് ദേശീയ ഗെയിംസിൽ ഖോഖൊ ജൂനിയർ വിഭാഗം പെൺകുട്ടികൾ ആദ്യ രണ്ടു തോൽവിയോടെ മാനസികമായി തകർന്നിരുന്നു. അപ്പോഴാണ് സ്പോർട്സ് സൈക്കോളജിസ്റ്റായ ദീപിക അവർക്കിടയിലേക്കു വരുന്നത്. കുറഞ്ഞ സമയംകൊണ്ടുതന്നെ ദീപികയ്ക്ക് ആ ടീമിന്റെ പ്രശ്നം മനസ്സിലായി. ദീപികയുടെ വാക്കുകൾ അവർക്ക് ഊർജമായി. പിന്നീടു കണ്ടത് ഉയിർത്തെഴുന്നേറ്റവരുടെ പ്രകടനമായിരുന്നു. കളിക്കളത്തിൽ സ്റ്റാർ ആയി വിലസുകയായിരുന്ന ഡൽഹിയെ അടുത്ത കളിയിൽ കേരളത്തിന്റെ പെൺകുട്ടികൾ തറപറ്റിച്ചു. കുട്ടികൾക്കിടയിൽ കൂട്ടായ്മയുടെ കരുത്തു നേടിയെടുക്കാൻ ദീപികയ്ക്കു സാധിച്ചതായിരുന്നു ആ ജയത്തിന്റെ ആണിക്കല്ല്.

സ്പോർട്സ് സൈക്കോളജിസ്റ്റ്... അധികമൊന്നും കേൾക്കാത്ത ജോലിയാണ്. ദേശീയ ഗെയിംസിൽ കേരളത്തിന്റെ ഏക സ്പോർട്സ് സൈക്കോളജിസ്റ്റായിരുന്നു മലപ്പുറം കൊല്ലംചിന മണ്ണാൻമലയിൽ കെ.ദീപിക. സ്കൂൾ, കോളജ് കായികമേളകളിൽ ത്രോ ഇനങ്ങളിൽ ജേതാവായിരുന്ന ദീപികയ്ക്ക് വലിയ കായിക താരമാകണം എന്ന ആഗ്രഹം സഫലമാക്കാനായില്ല. സ്പോട്സിനോടുള്ള ഇഷ്ടം കൊണ്ട് സ്പോട്സ് സൈക്കോളജിസ്റ്റാവുകയായിരുന്നു. മണ്ണാൻമലയിൽ വേലായുധൻ–തങ്കമണി ദമ്പതികളുടെ മകളാണു ദീപിക.

കാലിക്കറ്റ് സർവകലാശാലയിലെ എംഎസ്‌സി സൈക്കോളജി പഠന സമയത്താണ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) യുടെ സീനിയർ അത്‌ലറ്റിക് കോച്ചായ എം.എം.സതീശൻ മാത്യുവിനെ പരിചയപ്പെടുന്നത്. പഠനം കഴിഞ്ഞ ഉടൻ ബെംഗളൂരു സായിയിൽ ഇന്റേൺഷിപ് ചെയ്യാൻ സതീശൻ മാത്യു അവസരമൊരുക്കിക്കൊടുത്തു. തിരിച്ചെത്തിയപ്പോൾ കാലിക്കറ്റ്, എംജി സർവകലാശാലകളുടെ പല ടീമുകളുടെ സ്പോർട്സ് സൈക്കോളജിസ്റ്റായി സേവനം ചെയ്തു.

 

സ്പോർട്സ് സൈക്കോളജിസ്റ്റ്

 

ശാരീരിക ക്ഷമതയ്ക്കൊപ്പം തന്നെ പ്രാധാന്യമുണ്ട് മാനസിക ബലത്തിന്. കായികതാരങ്ങളെ മാനസികമായി ഫിറ്റ് ആക്കുകയാണ് സ്പോർട്സ് സൈക്കോളജിസ്റ്റിന്റെ ജോലി. ടീം സ്പിരിറ്റ് വളർത്തിയെടുക്കുക, അതിനുള്ള സൈക്കോ തെറപ്പി നൽകുക, അനാവശ്യ ചിന്തകളെ വേരോടെ പിഴുതെടുത്ത് കളി ജയിക്കാൻ പ്രാപ്തരാക്കുക ഇതാണ് സ്പോർട്സ് സൈക്കോളജിസ്റ്റ് ചെയ്യുന്നത്. ദേശീയ ഗെയിംസിനു ശേഷം കേരളത്തിനു പുറത്തുള്ള പല സർവകലാശാലകളും സൈക്കോളജിസ്റ്റായി ദീപികയെ ക്ഷണിച്ചിരുന്നു. എന്നാൽ സംസ്ഥാന പട്ടിക വർഗ വകുപ്പു മേധാവിയുടെ ക്ഷണമാണ് ദീപിക സ്വീകരിച്ചത്. സംസ്ഥാന പട്ടികവർഗ കായികമേളയുടെ സ്പോർട്സ് സൈക്കോളജിസ്റ്റായിട്ടാണ് നിയമനം. മേളയിൽ നിന്നു മികച്ച കായികതാരങ്ങളെ കണ്ടെത്താനാണ് ദീപികയോട് വകുപ്പു മേധാവിയായ അനുപമ ആവശ്യപ്പെട്ടിരിക്കുന്നത്. വകുപ്പിന്റെ കോഴിക്കോട് ഓഫിസിലാണ് ഇപ്പോൾ ദീപിക ജോലി ചെയ്യുന്നത്.

 

English Summary: Sports Psychologist, Deepika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com