‘നവംബറിന്റെ നേട്ടം; ഈ കുരുന്നുകൾക്കായി ഉപേക്ഷിച്ചത് 45 വർഷത്തെ മാജിക് ജീവിതം’

gopinath-muthukad-2
ആർട്സ് സെന്ററിലെ കുട്ടികൾക്കൊപ്പം ഗോപിനാഥ് മുതുകാട്. ചിത്രം:ആർ.എസ്.ഗോപൻ∙മനോരമ
SHARE

45 വർഷം നീണ്ടുനിന്ന മാജിക് ജീവിതം ഉപേക്ഷിച്ച ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്സ് സെന്ററിന് (ഡിഎസി) സമാന മാതൃകകളില്ല. രാജ്യാന്തര നിലവാരത്തിലുള്ള യൂണിവേഴ്സൽ എംപവർ സെന്റർ സജ്ജമാകുന്നതോടെ ഭിന്നശേഷി വിദ്യാഭ്യാസത്തിനും പരിപാലനത്തിനുമുള്ള മികച്ച കേന്ദ്രമായി ഇതു മാറും.

‘ഗോപീ.. ഈ നവംബർ നിന്റെ നഷ്ടങ്ങളുടെ തുടക്കമായിരിക്കും. ഈ തീരുമാനത്തിന്റെ പേരിൽ നിനക്കു പിന്നീടു ദുഃഖിക്കേണ്ടി വരും.’

2021 നവംബറിൽ ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മജിഷ്യൻ ഗോപിനാഥ് മുതുകാടിനോടു പറഞ്ഞ വാക്കുകളാണിത്. മാജിക് എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നുവെന്ന മുതുകാടിന്റെ തീരുമാനമറിഞ്ഞപ്പോഴായിരുന്നു ഇത്.

കൃത്യം ഒരു വർഷത്തിനു ശേഷമുള്ള ഈ നവംബറിൽ ഗോപിനാഥ് മുതുകാട് പറയുന്നു: ‘എനിക്ക് ദുഃഖിക്കേണ്ടി വന്നില്ല. ഒന്നും നഷ്ടപ്പെട്ടതുമില്ല. മനസ്സു നിറയെ തൃപ്തിയാണ്. സ്റ്റേജിൽ നിന്നു കിട്ടിയിരുന്ന കൈയടിയെക്കാൾ വലിയ ആത്മസംതൃപ്തി!’

2016ൽ ഭിന്നശേഷിക്കുട്ടികളുടെ ഉന്നമനത്തിനായി കാസർകോട്ട് മലയാള മനോരമയും  ആരോഗ്യവകുപ്പും ചേർന്നു സംഘടിപ്പിച്ച ‘ആർദ്രകേരളം’ പരിപാടിയിലാണു മുതുകാട് ദുരിത ജീവിതവുമായി ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഒരു കൂട്ടം ഭിന്നശേഷിക്കുട്ടികളെ അടുത്തറിഞ്ഞത്.

പരിധിയില്ലാതെ സ്വപ്നങ്ങൾ കാണുകയും നീലാകാശം മോഹങ്ങളുടെ അതിരാക്കുകയും ഉറ്റവരുടെ കരുതലിൽ അതിലേക്കു തുഴയുകയും ചെയ്യുന്ന സാധാരണ കുട്ടികളെപ്പോലെയായിരുന്നില്ല ഈ പാവം കുരുന്നുകൾ.

ഓട്ടിസവും സെറിബ്രൽ പാൾസിയും ഡൗൺ സിൻഡ്രോമും മറ്റു ബൗദ്ധിക വെല്ലുവിളികളും ന്യൂറോ രോഗങ്ങളും പഠനവൈകല്യവും പിടിപെട്ട ഒട്ടേറെ കുട്ടികൾ. എല്ലാ പ്രതീക്ഷകളും നഷ്ടമായ അവരുടെ മാതാപിതാക്കൾ. മറ്റുള്ളവർക്കു മുന്നിൽ തങ്ങളുടെ കുഞ്ഞുങ്ങളെ കാണിക്കാൻ മടിക്കുന്ന അമ്മമാർ. അവർ തങ്ങളുടെ സങ്കടകഥകൾ മുതുകാടിനോടു പങ്കുവച്ചു.

ഒരമ്മ പറഞ്ഞു: ‌‘പലരും കല്യാണം ക്ഷണിക്കാൻ വരും. പോകാൻ നേരം പറയും. ഒന്നും തോന്നരുത്, നിങ്ങൾ വന്നുകൊള്ളൂ, പക്ഷേ മകനെ കൊണ്ടു വരരുത് കേട്ടോ’ഭിന്നശേഷിക്കാരായ കുട്ടികളെ വിവാഹം പോലെയുള്ള ശുഭകരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുപ്പിക്കുന്നതിനു സമൂഹത്തിന് ഇന്നും വിമുഖതയാണ്.

ഭിന്നശേഷിക്കാരിയായ ഏകമകളെ ചേർത്തുപിടിച്ചുകൊണ്ട് പ്രായം ചെന്ന മറ്റൊരമ്മ പറഞ്ഞതിങ്ങനെ: ‘ഇവൾക്കു ഞാൻ മാത്രമേയുള്ളൂ. ബന്ധുക്കൾക്കു ഞങ്ങളെ വേണ്ട. ഞാൻ മരിച്ചാൽ സ്വന്തം കാര്യങ്ങൾ നോക്കാൻ പോലും ആവതില്ലാത്ത ഇവൾ എന്തു െചയ്യും? അതുകൊണ്ട് എനിക്കു മുൻപേ ഇവളുടെ കാലം കഴിയണമെന്നാണ്....’ സങ്കടക്കണ്ണീരിൽ അവർക്കു വാക്കുകൾ പൂർത്തിയാക്കാനായില്ല.ആ അമ്മമാർക്കൊപ്പം മുതുകാടിന്റെ കണ്ണുകളും നനഞ്ഞു.

രണ്ടു കാര്യങ്ങളെപ്പറ്റിയാണ് അപ്പോൾ ചിന്തിച്ചത്. ഒന്ന് : ഈ കാഴ്ച കണ്ട് അവരെ ആശ്വസിപ്പിച്ച സഹതപിച്ചു മടങ്ങാം.

രണ്ട്: മാജിക് ഉപേക്ഷിച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി ജീവിതം മാറ്റിവയ്ക്കാം.

രണ്ടാമത്തെ വഴി തന്നെ തിരഞ്ഞെടുത്തു. ഏറെ ചിന്തിച്ചായിരുന്നു തീരുമാനം. ഒരിക്കൽപോലും മനസ്സ് വേണ്ടെന്നു പറഞ്ഞില്ല. അതിനുവേണ്ടിയുള്ള തയാറെടുപ്പുകൾക്കായി 2021 വരെ കാത്തിരിക്കേണ്ടിവന്നു. ഗവേഷണവും പരിശ്രമവും വേണ്ടിവന്നു. പക്ഷേ അതിനിടയിൽ തന്നെ പ്രാരംഭമായി 2017ൽ 23 കുട്ടികളെ ഏറ്റെടുത്തു. 2019ൽ 100 പേരെത്തി. ലക്ഷ്യത്തിലേക്കുള്ള തടസ്സങ്ങൾ ഒന്നൊന്നായി നീങ്ങിയതോടെ 2021 നവംബർ 17ന് മാജിക് പൂർണമായും അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിക്കുകയായിരുന്നു.

‘പ്രഫഷനൽ ഷോകളും പ്രതിഫലം പറ്റിയുള്ള പരിപാടികളും വേണ്ട എന്നതു വളരെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. 45 വർഷം കൊണ്ട് മാജിക്കിൽ നിന്നു നേടിയതെല്ലാം ഈ കുട്ടികൾക്കായി നിക്ഷേപിക്കുകയായിരുന്നു’ – മുതുകാട് പറയുന്നു.

gopinath-muthukad
ആർട്സ് സെന്ററിനെ ചുറ്റി സഞ്ചരിക്കുന്ന ഹാപ്പിനസ് ട്രെയിനു മുന്നിൽ മുതുകാടിനൊപ്പം കുട്ടികൾ

കഴക്കൂട്ടത്തെ കിൻഫ്ര പാർക്കിൽ 10 വർഷം മുൻപ് ആരംഭിച്ച ഏഷ്യയിലെ ആദ്യത്തെ മാജിക് തീം മ്യൂസിയമായ ‘മാജിക് പ്ലാനറ്റ്’ ഡിഫറന്റ് ആർട്സ് സെന്ററായി മാറി. കൂടെയുണ്ടായിരുന്ന മജിഷ്യന്മാരെയും ജീവനക്കാരെയും തീരുമാനം ഞെട്ടിച്ചു. തങ്ങളെ പെരുവഴിയിലാക്കുകയാണോ എന്നവർ ചോദിച്ചു. ലക്ഷ്യത്തെപ്പറ്റി പറഞ്ഞപ്പോൾ പലരും ഒപ്പം നിന്നു. ചിലർ വിട്ടുപോയി. ഷോയ്ക്കു വേണ്ടി വാങ്ങിയ വിലയേറിയ പ്രോപ്പർട്ടിയെല്ലാം ഇപ്പോൾ പൊടിപിടിച്ചു കിടക്കുകയാണ്.

‘ഏഴാം വയസ്സിൽ മാജിക് തുടങ്ങിയ ആളാണു ഞാൻ. കലയ്ക്കു കിട്ടിയ കൈയടിയും സാമ്പത്തിക സുസ്ഥിരതയും തുടർന്നു വേണ്ടെന്ന കഠിനമായ തീരുമാനത്തിനൊപ്പം കുടുംബവും നിന്നു. ഭിന്നശേഷിക്കുട്ടികളുടെ അമ്മമാർ ദിവസം മുഴുവനും സങ്കടപ്പെട്ട് ഇരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ചിലർ ഒന്നും പറയാതെ ദൂരേക്കു നോക്കിയിരിക്കും. അവരുടെ ജീവിതത്തിൽ ചിരിയില്ല, സന്തോഷമില്ല. ഇങ്ങനെയൊരു മകളോ മകനോ ജനിച്ചതിന്റെ പേരിൽ എത്രയോ കാലമാണ് അവരിങ്ങനെ ജീവനില്ലാതെ ജീവിക്കുന്നത്. വയ്യാതായ മക്കളെക്കുറിച്ചുള്ള വേദന പങ്കുവച്ച അമ്മമാർക്ക് അൽപമെങ്കിലും ആശ്വാസമെത്തിക്കുകയായിരുന്നു സ്വപ്നം. അതിനു ശാസ്ത്രീയതയും പ്രഫഷനലിസവും ചേർന്ന സംവിധാനമാണു വേണ്ടിയിരുന്നത്. മുന്നിൽ മാതൃകകളൊന്നുമില്ല. സ്വന്തമായൊരു വഴി കണ്ടെത്തേണ്ടിയിരുന്നു. എനിക്കുള്ളതെല്ലാം ഇതിനായി നീക്കിവയ്ക്കേണ്ടിവന്നു.’

ആർദ്രകേരളത്തിൽ പങ്കെടുത്തതിനു പിന്നാലെ സാമൂഹിക സുരക്ഷാ മിഷൻ വഴിയാണ് 23 കുട്ടികളെ ഏറ്റെടുത്തത്. ആദ്യനാളുകളിൽ കാര്യങ്ങൾ കൈവിട്ടുപോയി. അവരെ എങ്ങനെ പഠിപ്പിക്കണം എന്നറിയില്ല. പറയുന്ന കാര്യങ്ങൾ കുട്ടികൾക്കു മനസ്സിലാകുന്നില്ല. മാജിക് ആണ് എനിക്കറിയാവുന്ന കാര്യം. ലളിതമായൊരു മാജിക് അവരെ പഠിപ്പിച്ചു. ആ ശ്രമം വിജയിച്ചു. അതവർക്കു പ്രചോദമായി. അവരുടെ അമ്മമാരിൽ വലിയ ആത്മവിശ്വാസമുണ്ടാക്കി. ഭിന്നശേഷിക്കുട്ടികളിൽ ഒട്ടേറെ പേരും ഏതെങ്കിലുമൊരു കാര്യത്തിൽ കൃത്യമായ ഫോക്കസ് ഉള്ളവരാണ്. അതുകണ്ടെത്തി പരിശീലിപ്പിച്ചെടുക്കുകയാണ് വേണ്ടത്. അവരെ ആ നിലയിൽ ഉയർത്തിക്കൊണ്ടുവന്നു.

തങ്ങളുടെ കുട്ടികൾക്ക് ഒന്നിനും കഴിവില്ലെന്നു വിശ്വസിച്ചിരുന്ന അമ്മമാരാണ് ആ മാറ്റത്തിൽ ഏറ്റവും സന്തുഷ്ടരായത്. കുട്ടികളെ ഓരോ സ്റ്റേജിലേക്കും ഉയർത്തിക്കൊണ്ടുവരാൻ അവരുടെ പിന്തുണ ഏറെയായിരുന്നു. സോഷ്യൽ സെക്യൂരിറ്റി മിഷനും അമേരിക്കൻ മലയാളിസംഘടനയായ ഫൊക്കാനയുമൊക്കെ ഡിഎസിയുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചു. പിന്നീട് കരിക്കുലം ചിട്ടപ്പെടുത്തി.

രാവിലെ 10ന് കുട്ടികൾ എത്തിയാൽ പ്രാർഥനയും പ്രതിജ്ഞയും. ഒരു മണിക്കൂർ വ്യായാമവും യോഗയും. 11 നു ടീ ബ്രേക്കിനു ശേഷം കുട്ടികളെ ക്ലാസുകളിലേക്കയയ്ക്കും. പാട്ടിലും ഡാൻസിലും ചിത്രംവരയിലുമുള്ള അഭിരുചി കണ്ടെത്തി പ്രത്യേക ക്ലാസുകളാണ് ആദ്യം നൽകുന്നത്. അക്ഷരങ്ങളും രൂപങ്ങളും പഠിപ്പിക്കാൻ പരിശീലനം സിദ്ധിച്ച അധ്യാപകരുണ്ട്. സിനിമ കാണിക്കാൻ സ്ക്രീനുകളും പഠിപ്പിക്കാൻ കാമിലോ കാസ്കേഡ് എന്ന സംവിധാനവുമുണ്ട്. സന്ദർശകർക്കും രക്ഷിതാക്കൾക്കുമായി ഡിഫറന്റ് തോട്ട് സെന്റർ പ്രവർത്തിക്കുന്നു. ഇവിടെ ഭിന്നശേഷി കുട്ടികളുടെ ജനനം, പരിപാലനം, സമൂഹവുമായുള്ള ഇടപെടൽ തുടങ്ങിയ കാര്യങ്ങളിൽ അവബോധവും പരിശീലനവും നൽകുന്നു.

‘കുറഞ്ഞ കാലംകൊണ്ട് അത്ഭുതകരമായ മാറ്റമാണുണ്ടായത്. പ്രാഥമിക കൃത്യങ്ങൾ തനിയെ ചെയ്യാൻ ചിലർക്കായി. കൈകളും കാലുകളും അനായാസം ചലിപ്പിക്കാനായി. പാട്ടു കേൾക്കുന്നവർ വിരലുകൾ കൊണ്ടു താളം പിടിക്കുന്നു. വാദ്യോപകരണങ്ങൾ നൽകി. മട്ടന്നൂർ ശങ്കരൻകുട്ടി മാഷിനെപ്പോലുള്ള കലാകാരന്മാരെ കൊണ്ടു വന്നു പരിശീലിപ്പിച്ചു. അതുവരെ സംസാരിക്കാതിരുന്ന ഒരു കുട്ടി അവന്റെ അമ്മയെ നോക്കി ‘അമ്മേ’യെന്നു വിളിച്ചു. അന്നത്തെ സന്തോഷം ചില്ലറയായിരുന്നില്ല. ആ അമ്മയ്ക്കു മാത്രമല്ല സെന്ററിലെ മുഴുവൻ അമ്മമാരിലും അതു സന്തോഷമുണ്ടാക്കി. കുട്ടികളിലെ ഐക്യു ലെവൽ ഉയർന്നതായി ചൈൽഡ് ലൈൻ പഠനത്തിൽ കണ്ടെത്തി. പെരുമാറ്റ വൈകല്യങ്ങളുടെ തോതും കുറഞ്ഞു. ഒന്നിനും ശേഷിയില്ലെന്ന് സമൂഹം വിധിച്ച കുഞ്ഞുങ്ങളിലെ പരാധീനതകൾ 50 ശതമാനം കണ്ടു കുറയ്ക്കാനായി. കുട്ടികളുടെ എണ്ണം 200 ആയി വർധിച്ചു.

ഡിഎസിയിലെ കുട്ടികളുടെ അമ്മമാർക്ക് ‘കരിസ്മ’ എന്ന തൊഴിൽ സംരംഭമുണ്ട്. കലയും പഠനവും  പാഠ്യേതര പ്രവർത്തനങ്ങളുമായി കുട്ടികൾ അവരുടെ ലോകങ്ങളിൽ കഴിയുമ്പോൾ അമ്മമാർ ഇവിടെ വിവിധ തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടുന്നു. ‌ബാഗ്, െമഴുകുതിരി, കേക്ക്, ബ്രെഡ്, കൗതുകവസ്തുക്കൾ, ആഭരണങ്ങൾ എന്നിങ്ങനെ ഒട്ടേറെ നിർമാണയൂണിറ്റുകളുണ്ട്. തയ്യൽ കേന്ദ്രവുമുണ്ട്. സൊസൈറ്റി രൂപീകരിച്ചാണ് പ്രവർത്തനം. ലാഭം എല്ലാവർക്കുമായി പങ്കിടുന്നു.

‘18 വയസ്സ് പിന്നിട്ട ഭിന്നശേഷി കുട്ടികളുടെ ഭാവി എന്തായിരിക്കണമെന്ന് നമ്മുടെ നാട്ടിൽ നിർദേശിക്കപ്പെട്ടിട്ടില്ല. സ്വാഭാവികമായും ഇവർ സ്കൂളുകളിൽ നിന്ന് വീടുകളിലേക്കു മടങ്ങുന്നു. അതേറെ അപകടം ചെയ്യും. ഏകാന്തതയും വിരസതയും കുട്ടികളെ വീണ്ടും തളർത്തും. മാതാപിതാക്കളും പ്രതിസന്ധിയിലാകും. അതിനു മാറ്റം വേണമെങ്കിൽ അവരെ ഏതെങ്കിലുമൊരു സംരഭവുമായി കൂട്ടിയിണക്കണം. കുട്ടിക്കും അമ്മയ്ക്കും ജീവിത സുരക്ഷ ഉറപ്പാക്കി മുന്നോട്ടു പോകാൻ സഹായിക്കുന്ന കേന്ദ്രമായിരിക്കും യൂണിവേഴ്സൽ എംപവർ സെന്റർ. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർ മക്കളെയും കൂട്ടി സ്വന്തം കാർ ഓടിച്ച് ഇവിടെയെത്തുന്നതാണ് എന്റെ സ്വപ്നം.

മാജിക്കും ഡിഎസിയും ഒന്നിച്ചു കൊണ്ടുപോകാൻ സാധിക്കില്ലേ എന്നു ചോദിച്ചവരുണ്ട്. പ്രഫഷൻ ഉപേക്ഷിച്ച് ഒരു വർഷം പിന്നിടുമ്പോൾ ഞാൻ മനസ്സിലാക്കുന്ന സത്യം ഇതാണ്: എന്റെ മാജിക് ഒന്നുമായിരുന്നില്ല. ഈ കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്നതിൽപ്പരം വലിയ മാജിക് ഇല്ല.’

യൂണിവേഴ്സൽ എംപവർ സെന്റർ സജ്ജമാകുന്നു

ഭിന്നശേഷി കുട്ടികൾക്കായി ആധുനിക സംവിധാനങ്ങളോടെ വിഭാവനം ചെയ്തിരിക്കുന്ന യൂണിവേഴ്സൽ എംപവർ സെന്റർ എന്ന അക്കാദമിയിലേക്കാണ് അടുത്ത ചുവടുവയ്പ്. ആർട് തിയറ്ററുകൾ, വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകുന്ന 8 തെറപ്പി സെന്ററുകൾ, ആർട്ട് മ്യൂസിയം, ശാസ്ത്രാഭിരുചി വളർത്തുന്ന സയൻസ്യ കോംപ്ളക്സ്, സംഗീതപഠനത്തിനുള്ള സിംഫോണിയ, ഐക്യു വർധിപ്പിക്കുന്ന വിർച്വൽ റിയാലിറ്റി തിയറ്റർ, കാർഷിക സർവകലാശാലയുമായി ചേർന്നുള്ള ഹോർട്ടികൾചർ സെന്റർ എന്നിവയാണ് പ്രത്യേകതകൾ. ഈ വർഷം ഉദ്ഘാടനം ചെയ്യും.

കുട്ടികളെ കലാമേഖലയിൽ പര്യാപ്തരാക്കി അവർക്ക് കലാ അവതരണത്തിന് ഇടം നൽകുന്നു. െസന്ററിനെ ചുറ്റി സഞ്ചരിക്കുന്ന ഹാപ്പിനസ് ട്രെയിനും 7 സ്റ്റേഷനുകളും ഉണ്ട്. വിവിധ കാലാവസ്ഥകളിലൂടെയാണ് ഇതിന്റെ സ‍ഞ്ചാരം. ഇതുവഴി പ്രകൃതിയെ അറിയാനും അവസരം ലഭിക്കുന്നു.കലാ അവതരണങ്ങൾക്കു കുട്ടികൾക്കു പ്രതിഫലം ലഭിക്കും.ഭിന്നശേഷി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കായുള്ള ഡിഎസി ഗ്ലോബൽ ഡിജിറ്റൽ ചാനലും പ്രവർത്തിക്കുന്നു.

കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികൾക്കു വേണ്ടിയും ഡിഎസി പദ്ധതികൾ ലക്ഷ്യമിടുന്നുണ്ട്.

പ്രവേശനം ജനുവരിയിൽ

2023 ജനുവരിയിൽ ആരംഭിക്കുന്ന ഡിഎസിയിലെ മൂന്നാമത് ബാച്ചിലേക്കുള്ള പ്രവേശന നടപടികൾ ഡിസംബറിൽ തുടങ്ങും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണു മുൻഗണന. പ്രത്യേക ജൂറി ടാലന്റ് ഹണ്ടിലൂടെയാണ് 14 മുതൽ 24 വയസ്സുവരെ പ്രായമുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നത്. കലാപരമായ ശേഷിയുള്ളവർക്കു മുൻഗണന. തിരഞ്ഞെക്കപ്പെടുന്നവർക്ക് സൗജന്യ താമസവും ഭക്ഷണവും സ്റ്റൈപൻഡും ലഭിക്കും.

English Summary: Universal empower centre, Gopinath Muthukad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS