നാടകപ്പാടത്ത് വീണ്ടും വെള്ളരി വെളിച്ചം

vellari-nadakam
ഡോ.ടി.പി.സുകുമാരൻ രചിച്ച ‘ആയഞ്ചേരി വല്ല്യശ്മാൻ’ എന്ന വെള്ളരി നാടകത്തിൽ ആദ്യകാലത്ത് അഭിനയിച്ചവർ (ഫയൽ ചിത്രം)
SHARE

ഒരു കാലത്ത് കേരളത്തിന്റെ നാടൻ കലാവേദികളെ ഉണർത്തിയ വെള്ളരി നാടകമെന്ന ജനപ്രിയകലാരൂപം വീണ്ടും പുനർജനിക്കുകയാണ്. കാണികളെയും കഥയുടെ ഭാഗമാക്കുന്ന നാട്ടഴകുള്ള നാടകരൂപം. 

രാജവേഷധാരിയായ നടൻ വേദിയിൽ നിന്ന് ഇറങ്ങിയോടി... പിന്നാലെ കാണികളും. 300 മീറ്റർ കഴിഞ്ഞപ്പോൾ പെട്ടെന്നൊരിടത്ത് വെളിച്ചം തെളി‍ഞ്ഞു. അവിടെയും ഒരു വേദി! ബാക്കി നാടകം അവിടെ തകർത്തു. നടൻ വീണ്ടും ഇറങ്ങിയോടി ചെന്നു നിന്നത് ഒരു മരച്ചുവട്ടിൽ. അവിടെയും വെളിച്ചം തെളിഞ്ഞു. പിന്നീടുള്ള നടനം അവിടെയായി...

ഇതു വെള്ളരിനാടകം. നടന്മാർക്കൊപ്പം കാണികളെയും കൂട്ടി കളിക്കുന്ന കലാരൂപം. വിളവെടുപ്പ് കഴിഞ്ഞ വെള്ളരിപ്പാടങ്ങളിൽ കളിച്ചിരുന്ന ഇത്തരം നാടകങ്ങൾ ഒരുകാലത്ത് ഉത്തരകേരളത്തിലെ പ്രധാന സാംസ്കാരിക പരിപാടിയായിരുന്നു. പിന്നീട് പ്രഫഷനൽ സ്വഭാവത്തോടെ കേരളത്തിൽ അങ്ങോളമിങ്ങോളം കളിച്ചിരുന്നെങ്കിലും പൊടുന്നനെ അപ്രത്യക്ഷമായ ഇവ ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. 150 വേദികളിൽ കളിച്ച ‘ആയഞ്ചേരി വല്യശ്മാൻ’ എന്ന വെള്ളരിനാടകം 16 വർഷത്തെ ഇടവേളയ്ക്കു ശേഷം നാളെ വീണ്ടും അരങ്ങിലെത്തുന്നു. പ്രമുഖ നാടകകൃത്ത് ഡോ. ടി.പി.സുകുമാരൻ രചിച്ച ഈ നാടകം നാളെ വൈകിട്ട് ആറിന് കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിലാണ് അവതരിപ്പിക്കുന്നത്. അന്നത്തെ താരങ്ങളിൽ പകുതിയിലേറെ പേരെ ഉൾപ്പെടുത്തി അതേ സംവിധായകൻ തന്നെയാണു രണ്ടാം വരവിലും നാടകം ചിട്ടപ്പെടുത്തിയത് എന്നതാണു പ്രത്യേകത. 

t pavithran
ആയഞ്ചേരി വല്ല്യശ്മാൻ നാടകത്തിന്റെ സംവിധായകൻ ടി.പവിത്രൻ

ഭാഗവതരുടെ മരണം

1980 കളുടെ അവസാനത്തിൽ വേറിട്ട നാടകങ്ങൾ തേടി നടക്കുന്ന സമയത്താണു ഡോ.ടി.പി.സുകുമാരൻ എഴുതിയ ഈ നാടകം ശ്രദ്ധയിൽപ്പെട്ടതെന്നു സംവിധായകൻ ടി.പവിത്രൻ പറയുന്നു. ഒരു വർഷത്തോളം അദ്ദേഹവുമായി ചർച്ച നടത്തിയ ശേഷമാണ് വേദിയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചത്. 1990ൽ കണ്ണൂർ റെഡ്സ്റ്റാറിന്റെ നേതൃത്വത്തിലാണ് ആദ്യമായി അരങ്ങിലെത്തിച്ചത്. പിന്നീട് കണ്ണൂർ നെഗറ്റീവ്സ് ഏറ്റെടുത്തു. കെപിഎസിയുടെ ക്ഷണിക്കപ്പെട്ട സദസുകളിലും ഈ നാടകം അവതരിപ്പിച്ചിരുന്നു. 

എന്നാൽ ഭാഗവതരുടെ വേഷം അവതരിപ്പിച്ചിരുന്ന നടന്റെ മരണത്തോടെയാണു നാടകം നിർത്തിവയ്ക്കേണ്ടി വന്നത്. ഹാർമോണിയം വായിച്ച് പാടുകയും അഭിനയിക്കുകയും ചെയ്യുന്ന മറ്റൊരാളെ കിട്ടാത്തതു കൊണ്ടാണ് അന്നങ്ങനെ സംഭവിച്ചത്. ഇപ്പോൾ പുതിയൊരാളെ കിട്ടി. സിപിഐയുടെ സാംസ്കാരിക വേദിയായ യുവകലാസാഹിതിയുടെ ജില്ലാ കമ്മിറ്റി മുൻകയ്യെടുത്താണ് വീണ്ടും അരങ്ങിലെത്തിക്കുന്നതെന്നും പവിത്രൻ പറഞ്ഞു.

അന്നു സംഘത്തിലുണ്ടായിരുന്ന ഏഴു നടൻമാരാണ് വീണ്ടും എത്തുന്നത്. മരിച്ചുപോയവരടക്കമുള്ളവർക്ക് പകരമായി 6 പുതിയ പേരെയും ചേർത്തിട്ടുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ആവേശത്തോടെ കണ്ട സാധാരണക്കാരുടെയും എന്നാൽ അതിഷ്ടപ്പെടാത്ത അന്നത്തെ യജമാനന്മാരുടെയും കഥയാണു പ്രമേയം. 

വെള്ളരിക്കു കാവൽ നിന്നവർ രൂപപ്പെടുത്തിയ നാടകം

വെള്ളരിപ്പാടങ്ങൾക്കു രാത്രി കാവൽ നിൽക്കുന്ന കുട്ടികളും യുവാക്കളും സമയം കൊല്ലാനായി രൂപപ്പെടുത്തിയതു കൊണ്ടാണ് ഇവയെ വെള്ളരിനാടകങ്ങൾ എന്നു വിശേഷിപ്പിക്കുന്നത്. വെള്ളരി പാകമാകും വരെ പരിശീലനം. വിളവെടുപ്പ് കഴിയുമ്പോൾ അതിന്റെ സന്തോഷത്തിനു നാട്ടുകാരെയെല്ലാം വിളിച്ചുകൂട്ടി നാടകം അവതരിപ്പിക്കും. നിയന്ത്രണങ്ങളില്ലാത്ത ‘വെള്ളരിക്കാപ്പട്ടണം’ പോലെ ചട്ടക്കൂടുകളില്ലാത്ത നാടകങ്ങളായിരുന്നു ഇവ. കാണികൾ ആവശ്യപ്പെട്ട രംഗങ്ങൾ വീണ്ടും അവതരിപ്പിക്കും. അവർ ആവശ്യപ്പെട്ടാൽ നിർത്തിവയ്ക്കും. സിനിമയിലെ ‘ജൂനിയർ ആർട്ടിസ്റ്റു’മാരുടേതിനു സമാനമായ കൊച്ചുകൊച്ചു വേഷങ്ങൾ അവതരിപ്പിക്കാനും കാണികൾക്ക് അവസരം ലഭിക്കും എന്ന പ്രത്യേകതയുമുണ്ട്.  

നൂറ്റാണ്ടിലേറെ പഴക്കമുള്ള കേരളത്തിലെ ഈ നാടകരൂപം രാജ്യാന്തര നാടകാചാര്യൻ പീറ്റർ ബ്രൂക്ക് പരുഷനാടക വേദികളുടെ (റഫ് തിയറ്റർ) കൂട്ടത്തിൽ എണ്ണുന്നതാണ്. 1940കളിലാണു വെള്ളരിനാടകം ഒരു പ്രസ്ഥാനമായി കേരളത്തിൽ രൂപപ്പെട്ടത്. 80കളിലാണ് പ്രഫഷനൽ സ്വഭാവത്തോടെ പാടങ്ങൾ വിട്ട് മൈതാനത്തേക്കു മാറിയത്. പിന്നീടു പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്തു. 

ചെറുകാടിന്റെ ‘മുത്തശ്ശി’ എന്ന നോവലിലും വെള്ളരിനാടകത്തെക്കുറിച്ച് പരാമർശമുണ്ട്. കഴിഞ്ഞ ദിവസം അന്തരിച്ച ടി.പി.രാജീവന്റെ നോവലിനെ ആസ്പദമാക്കി നിർമിച്ച ‘പാലേരി മാണിക്യം, ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമായ മാണിക്യം കൊല്ലപ്പെടുന്നത് മറ്റുള്ളവർ വെള്ളരിനാടകം കാണാൻ പോയപ്പോഴാണെന്നു പറയുന്നതിലൂടെ സമീപകാലത്തും മലയാളിക്ക് ഈ സങ്കേതം പരിചിതമായി.

81 വർഷത്തിനു ശേഷമെത്തി ‘വിത്തും കൈക്കോട്ടും’

81 വർഷം മുൻപ് കളിച്ചൊരു നാടകം കണ്ടെത്തി ഇപ്പോൾ വേദികളിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സംഘമുണ്ട് മലപ്പുറത്ത്. കീഴുപറമ്പ് ‘വെള്ളരിപ്പാടം തിയറ്റേഴ്സ്’ എന്ന ഈ സംഘം അവതരിപ്പിക്കുന്നത് ‘വിത്തും കൈക്കോട്ടും’ എന്ന നാടകമാണ്. 1936ൽ മണ്ണിൽത്തൊടി കാരാട്ട് കുഞ്ഞിപ്പോക്കറാണ് ഈ നാടകം രചിച്ചത്. അന്നു കീഴുപറമ്പിൽ ആദ്യമായി അവതരിപ്പിച്ച ഈ നാടകം പിന്നീടു വെളിച്ചം കണ്ടില്ല.

vellari-nadakam-2
കീഴുപറമ്പിലെ വെള്ളരിപ്പാടം തിയറ്റേഴ്സ് അവതരിപ്പിച്ച ‘വിത്തും കൈക്കോട്ടും’ എന്ന വെള്ളരിനാടകത്തിൽ നിന്ന്

കുഞ്ഞിപ്പോക്കറുടെ സഹോദരപുത്രനും നാടകപ്രവർത്തകനും കൂടിയായ പാറമ്മൽ അഹമ്മദ് കുട്ടിക്ക് വർഷങ്ങൾക്കു ശേഷം ഈ വെള്ളരിനാടകത്തിന്റെ കയ്യെഴുത്തു പ്രതിയുടെ ചില ഭാഗങ്ങൾ കിട്ടി. ഇതു പൂർണരൂപത്തിലാക്കി സഹപ്രവർത്തകരായ സൈനുൽ ആബിദ് (പുല്ലൻ ബിച്ചാപ്പു), എം.ടി.നാസർ, വേണു ജി.നായർ, ശ്രീഹരി തുടങ്ങിയ സുഹൃത്തുക്കൾ ചേർന്നാണ് വെള്ളരിപ്പാടം തിയറ്റേഴ്സ് രൂപീകരിച്ചത്. തുടർന്ന് 2017ൽ കീഴുപറമ്പ് ഗവ. എച്ച്എസ്എസിന്റെ അൻപതാം വാർഷികത്തിനാണു വീണ്ടും ഇത് അരങ്ങിലെത്തിച്ചത്. 2018 ഫെബ്രുവരിയിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച ദേശീയ നാടോടി കലാസംഗത്തിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലടക്കം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സംസ്ഥാനത്തെ 20 വേദികളിൽ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്. 

മന്ത്രി നൽകിയ ഉറപ്പ്

കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയുടെ കാലത്ത് 2019ൽ അന്നത്തെ കൃഷി മന്ത്രി വി.എസ്.സുനിൽകുമാറുമായി ചർച്ച നടത്തിയപ്പോൾ കൃഷിയുമായി ബന്ധപ്പെടുത്തി സംസ്ഥാന തലത്തിൽ വെള്ളരിനാടകങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതിക്ക് ഉറപ്പുലഭിച്ചിരുന്നതായി നാടകപ്രവർത്തകർ പറയുന്നു. കൃഷിയുടെ പ്രചാരണത്തിനായി കൃഷി സ്ഥലങ്ങളിൽ തന്നെ അവതരിപ്പിക്കുന്ന വിധത്തിലായിരുന്നു ആലോചന. എന്നാൽ കോവിഡ് എത്തിയതോടെ ആ പദ്ധതി നടക്കാതെ പോയി. പിന്നീടു തുടർപ്രവർത്തനങ്ങളുണ്ടായില്ല.

കാർഷിക സർവകലാശാലയിലെ കലാമേളകളിൽ മത്സരയിനമായി വെള്ളരിനാടകം ഉൾപ്പെടുത്തുന്ന കാര്യവും അധികൃതരുമായി ചർച്ച നടത്തിയിരുന്നു. അതും നടന്നില്ല. ഇപ്പോൾ ഔദ്യോഗിക തലത്തിൽ വെള്ളരിനാടകത്തിനു കൂടുതൽ പ്രാധാന്യം നേടിയെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

English Summary: Vellari Nadakam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS